വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരാണു നിങ്ങളു​ടെ ചിന്തകൾ രൂപ​പ്പെ​ടു​ത്തു​ന്നത്‌?

ആരാണു നിങ്ങളു​ടെ ചിന്തകൾ രൂപ​പ്പെ​ടു​ത്തു​ന്നത്‌?

“ഈ വ്യവസ്ഥി​തി നിങ്ങളെ അതിന്റെ അച്ചിൽ വാർത്തെടുക്കാൻ ഇനി സമ്മതി​ക്ക​രുത്‌.”—റോമ. 12:2.

ഗീതങ്ങൾ: 88, 45

1, 2. (എ) പത്രോ​സി​ന്റെ ഉപദേ​ശ​ത്തോ​ടു യേശു എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.) (ബി) യേശു എന്തു​കൊ​ണ്ടാണ്‌ ആ വിധത്തിൽ പ്രതി​ക​രി​ച്ചത്‌?

യേശു​വി​ന്റെ ശിഷ്യ​ന്മാർക്കു തങ്ങളുടെ കാതു​കളെ വിശ്വ​സി​ക്കാ​നാ​യില്ല. യേശു ഇസ്രാ​യേ​ലി​നു രാജ്യം പുനഃ​സ്ഥാ​പി​ച്ചു​കൊ​ടു​ക്കു​മെ​ന്നാണ്‌ അവർ പ്രതീ​ക്ഷി​ച്ചി​രു​ന്നത്‌. ആ യേശു പറയു​ക​യാണ്‌, താമസി​യാ​തെ താൻ കഷ്ടതകൾ സഹിച്ച്‌ മരിക്കു​മെന്ന്‌! പത്രോസ്‌ അപ്പോ​സ്‌ത​ലനു അതു കേട്ടു​നിൽക്കാ​നാ​യില്ല. അദ്ദേഹം പറഞ്ഞു: “കർത്താവേ, അങ്ങനെ പറയരുത്‌. അങ്ങയ്‌ക്ക്‌ ഒരിക്ക​ലും അങ്ങനെ​യൊ​ന്നും സംഭവി​ക്കില്ല.” എന്തായി​രു​ന്നു യേശു​വി​ന്റെ മറുപടി? “സാത്താനേ, എന്റെ മുന്നിൽനിന്ന്‌ മാറൂ! നീ എന്റെ വഴിയിൽ ഒരു തടസ്സമാണ്‌. നിന്റെ ചിന്തകൾ ദൈവ​ത്തി​ന്റെ ചിന്തകളല്ല, മനുഷ്യ​രു​ടേ​താണ്‌.”—മത്താ. 16:21-23; പ്രവൃ. 1:6.

2 ദൈവ​ത്തിൽനി​ന്നുള്ള ചിന്തക​ളും സാത്താന്റെ നിയ​ന്ത്ര​ണ​ത്തി​ലുള്ള ഈ ലോക​ത്തി​ന്റെ ചിന്തക​ളും തമ്മിൽ വ്യത്യാ​സ​മു​ണ്ടെന്നു യേശു ഈ വാക്കു​ക​ളി​ലൂ​ടെ വ്യക്തമാ​ക്കി. (1 യോഹ. 5:19) സ്വന്തം രക്ഷ മാത്രം നോക്കുന്ന ഈ ലോക​ത്തി​ലെ ആളുക​ളു​ടെ മനോ​ഭാ​വ​മാ​ണു പത്രോ​സി​ന്റെ വാക്കു​ക​ളിൽ മുഴങ്ങി​യത്‌. എന്നാൽ തന്റെ പിതാ​വി​ന്റെ ചിന്തകൾ വ്യത്യ​സ്‌ത​മാ​ണെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. തന്നെ കാത്തി​രി​ക്കുന്ന കഷ്ടപ്പാ​ടു​കൾക്കും മരണത്തി​നും താൻ ഒരുങ്ങി​യി​രി​ക്കാൻ ദൈവം പ്രതീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും യേശു​വിന്‌ ഉറപ്പാ​യി​രു​ന്നു. യഹോ​വ​യു​ടെ ചിന്തക​ളാ​ണു താൻ സ്വീക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ലോക​ത്തി​ന്റെ ചിന്തകൾ തള്ളിക്ക​ള​യു​ന്നെ​ന്നും പത്രോ​സി​നു കൊടുത്ത മറുപ​ടി​യി​ലൂ​ടെ യേശു തെളി​യി​ച്ചു.

3. ലോക​ത്തി​ന്റെ ചിന്തകൾ തള്ളിക്ക​ളഞ്ഞ്‌ യഹോ​വ​യു​ടെ ചിന്താ​രീ​തി സ്വീക​രി​ക്കു​ന്നതു എളുപ്പ​മ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

3 ഇക്കാര്യ​ത്തിൽ നമ്മൾ എങ്ങനെ​യാണ്‌? നമ്മൾ യഹോ​വ​യെ​പ്പോ​ലെ​യാ​ണോ ചിന്തി​ക്കു​ന്നത്‌ അതോ ഈ ലോക​ത്തി​ലെ ആളുക​ളെ​പ്പോ​ലെ​യാ​ണോ? ഒരുപക്ഷേ നമ്മുടെ പ്രവൃ​ത്തി​കൾ ദൈവ​ത്തി​ന്റെ ഇഷ്ടത്തിനു ചേർച്ച​യിൽ കൊണ്ടു​വ​ന്നി​ട്ടു​ണ്ടാ​കും. എന്നാൽ നമ്മുടെ ചിന്താ​രീ​തി​യോ? നമ്മുടെ ചിന്തക​ളും കാഴ്‌ച​പ്പാ​ടു​ക​ളും യഹോ​വ​യു​ടേ​തു​മാ​യി ചേർച്ച​യി​ലാ​ണോ? അങ്ങനെ ചെയ്യു​ന്ന​തി​നു നമ്മൾ ബോധ​പൂർവം ശ്രമം ചെയ്യണം. നേരേ മറിച്ച്‌ ലോക​ത്തി​ന്റെ ചിന്തകൾ ഒപ്പി​യെ​ടു​ക്കാൻ വളരെ കുറച്ച്‌ ശ്രമം മതി, അല്ലെങ്കിൽ ഒട്ടും​തന്നെ വേണ്ട. ലോക​ത്തി​ന്റെ ആത്മാവ്‌ നമുക്കു ചുറ്റു​മു​ള്ള​താണ്‌ ഇതിനു കാരണം. (എഫെ. 2:2) കൂടാതെ, സ്വന്തം ഇഷ്ടങ്ങൾ തൃപ്‌തി​പ്പെ​ടു​ത്താൻ ലോകം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​കൊണ്ട്‌ ലോക​ത്തി​ന്റെ ആ ചിന്താ​രീ​തി ആളുകളെ വശീക​രി​ച്ചേ​ക്കാം. സംശയ​മില്ല, യഹോവ ചിന്തി​ക്കു​ന്ന​തു​പോ​ലെ ചിന്തി​ക്കാൻ അത്ര എളുപ്പമല്ല, എന്നാൽ ലോകം ചിന്തി​ക്കു​ന്ന​തു​പോ​ലെ ചിന്തി​ക്കു​ന്നതു വളരെ എളുപ്പ​മാണ്‌.

4. (എ) ലോകം നമ്മുടെ ചിന്തകളെ രൂപ​പ്പെ​ടു​ത്താൻ അനുവ​ദി​ച്ചാൽ എന്തു സംഭവി​ക്കും? (ബി) ഈ ലേഖനം നമ്മളെ എങ്ങനെ സഹായി​ക്കും?

4 നമ്മുടെ ചിന്തകളെ രൂപ​പ്പെ​ടു​ത്താൻ ലോകത്തെ അനുവ​ദി​ച്ചാൽ നമ്മൾ സ്വാർഥ​രാ​യി​ത്തീർന്നേ​ക്കാം, അതു​പോ​ലെ ശരിയും തെറ്റും നമ്മൾതന്നെ തീരു​മാ​നി​ക്കാ​നും ആഗ്രഹി​ച്ചേ​ക്കാം. (മർക്കോ. 7:21, 22) അതു​കൊണ്ട്‌ ‘ദൈവ​ത്തി​ന്റെ ചിന്തക​ളാ​ണു’ നമ്മൾ വളർത്തി​യെ​ടു​ക്കേ​ണ്ടത്‌, അല്ലാതെ “മനുഷ്യ​രു​ടേതല്ല.” നമ്മുടെ ചിന്തകൾ യഹോ​വ​യു​ടെ ചിന്തക​ളു​മാ​യി യോജി​പ്പിൽ കൊണ്ടു​വ​രു​ന്നത്‌ നമ്മുടെ സ്വാത​ന്ത്ര്യ​ത്തി​നു കൂച്ചു​വി​ല​ങ്ങി​ടു​ന്നില്ല, മറിച്ച്‌ പ്രയോ​ജനം ചെയ്യും എന്നു കാണാൻ ഈ ലേഖനം നമ്മളെ സഹായി​ക്കും. ലോക​ത്തി​ന്റെ ചിന്തകൾ നമ്മളെ രൂപ​പ്പെ​ടു​ത്താ​തി​രി​ക്കാൻ എന്തു ചെയ്യാ​നാ​കു​മെ​ന്നും ഈ ലേഖനം കാണി​ച്ചു​ത​രും. ചില കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ യഹോവ എങ്ങനെ​യാ​ണു ചിന്തി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാ​നും അതേ രീതി​യിൽ നമുക്ക്‌ എങ്ങനെ ചിന്തി​ക്കാ​മെ​ന്നും അടുത്ത ലേഖനം ചർച്ച ചെയ്യും.

യഹോ​വ​യു​ടെ ചിന്താ​രീ​തി പ്രയോ​ജനം ചെയ്യും

5. മറ്റാരും തങ്ങളെ സ്വാധീ​നി​ക്കാൻ ചിലർ ആഗ്രഹി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌?

5 ആരെങ്കി​ലും തങ്ങളുടെ ചിന്തകളെ സ്വാധീ​നി​ക്കാ​നോ രൂപ​പ്പെ​ടു​ത്താ​നോ ചില ആളുകൾ ഇഷ്ടപ്പെ​ടു​ന്നില്ല. ‘എന്റെ കാര്യ​ത്തിൽ വേറാ​രും ഇടപെ​ടേണ്ട’ എന്നാണു അവരുടെ അഭി​പ്രാ​യം. തങ്ങൾ സ്വയം തീരു​മാ​ന​മെ​ടു​ത്തു​കൊ​ള്ളാ​മെ​ന്നും അങ്ങനെ ചെയ്യു​ന്ന​താണ്‌ ഉചിത​മെ​ന്നും ആയിരി​ക്കാം അവർ അർഥമാ​ക്കു​ന്നത്‌. ആരെങ്കി​ലും തങ്ങളെ നിയ​ന്ത്രി​ക്കു​ന്ന​തും മറ്റുള്ള​വ​രെ​പ്പോ​ലെ​യാ​കാൻ നിർബ​ന്ധി​ക്കു​ന്ന​തും അവർ ഇഷ്ടപ്പെ​ടു​ന്നില്ല. *

6. (എ) യഹോവ എത്ര​ത്തോ​ളം സ്വാത​ന്ത്ര്യം അനുവ​ദി​ച്ചു​ത​ന്നി​ട്ടുണ്ട്‌? (ബി) ആ സ്വാത​ന്ത്ര്യം പരിധി​ക​ളി​ല്ലാ​ത്ത​താ​ണോ?

6 യഹോ​വ​യു​ടെ ചിന്തക​ളു​മാ​യി നമ്മുടെ ചിന്തകളെ യോജി​പ്പിൽ കൊണ്ടു​വ​രുക എന്നു പറയു​മ്പോൾ നമുക്കു സ്വന്തമാ​യി ചിന്തി​ക്കാ​നോ അഭി​പ്രാ​യം പറയാ​നോ സ്വാത​ന്ത്ര്യ​മില്ല എന്നല്ല അർഥം. 2 കൊരി​ന്ത്യർ 3:17 പറയു​ന്ന​തു​പോ​ലെ, “യഹോ​വ​യു​ടെ ആത്മാവു​ള്ളി​ടത്ത്‌ സ്വാത​ന്ത്ര്യ​മുണ്ട്‌.” നമ്മു​ടേ​തായ വ്യക്തി​ത്വ​സ​വി​ശേ​ഷ​തകൾ വികസി​പ്പി​ക്കാ​നുള്ള സ്വാത​ന്ത്ര്യം നമുക്കുണ്ട്‌. നമ്മുടെ ഇഷ്ടത്തിനു ചേർച്ച​യിൽ പലതും ചെയ്യു​ന്ന​തി​നും നമുക്കു താത്‌പ​ര്യ​മുള്ള കാര്യ​ങ്ങ​ളിൽ ഏർപ്പെ​ടു​ന്ന​തി​നും സാധി​ക്കും. വാസ്‌ത​വ​ത്തിൽ, യഹോവ നമ്മളെ അങ്ങനെ​യാ​ണു രൂപകൽപ്പന ചെയ്‌തി​രി​ക്കു​ന്നത്‌. എന്നാൽ നമുക്കു നമ്മുടെ സ്വാത​ന്ത്ര്യം ഒരു പരിധി​യും കൂടാതെ ഉപയോ​ഗി​ക്കാൻ കഴിയില്ല. (1 പത്രോസ്‌ 2:16 വായി​ക്കുക.) ശരിയും തെറ്റും തീരു​മാ​നി​ക്കേണ്ട സാഹച​ര്യ​ങ്ങ​ളിൽ, ദൈവ​വ​ച​ന​ത്തിൽ വെളി​പ്പെ​ടു​ത്തി​യി​രി​ക്കുന്ന തന്റെ ചിന്തകൾ നമ്മളെ വഴിന​യി​ക്ക​ണ​മെ​ന്നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. ഇതു നമ്മുടെ സ്വാത​ന്ത്ര്യ​ത്തിന്‌ ഒരു വിലങ്ങു​ത​ടി​യാ​ണോ, അതോ അതു നമ്മുടെ പ്രയോ​ജ​ന​ത്തി​നു​വേ​ണ്ടി​യാ​ണോ?

7, 8. യഹോ​വ​യു​ടെ കാഴ്‌ച​പ്പാട്‌ വളർത്തി​യെ​ടു​ക്കു​ന്നത്‌ സ്വാത​ന്ത്ര്യം തടയു​ക​യ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? ഉദാഹ​രണം പറയുക.

7 ഒരു ഉദാഹ​രണം നോക്കാം. മാതാ​പി​താ​ക്കൾ മക്കളിൽ നല്ല ഗുണങ്ങൾ നട്ടുവ​ളർത്താൻ ശ്രമി​ക്കു​ന്നു. സത്യസ​ന്ധ​രും കഠിനാ​ധ്വാ​നി​ക​ളും പരിഗ​ണ​ന​യു​ള്ള​വ​രും ആയിരി​ക്കാൻ അവർ മക്കളെ പഠിപ്പി​ച്ചേ​ക്കാം. ഇവ അതിരു​ക​വിഞ്ഞ നിയ​ന്ത്ര​ണ​ങ്ങ​ളാ​യി പൊതു​വേ കാണാ​റില്ല. മറിച്ച്‌, മുതിർന്നു​വ​രു​മ്പോൾ സന്തോ​ഷ​മുള്ള ഒരു ജീവിതം നയിക്കു​ന്ന​തിന്‌ അത്‌ അവരെ ഒരുക്കും. കുട്ടികൾ വലുതാ​യി വേറെ താമസി​ക്കാൻ തുടങ്ങി​യാൽപ്പി​ന്നെ അവർക്ക്‌ അവരു​ടേ​തായ തിര​ഞ്ഞെ​ടു​പ്പു​കൾ നടത്താം. മാതാ​പി​താ​ക്ക​ളിൽനിന്ന്‌ പഠിച്ച മൂല്യ​ങ്ങ​ള​നു​സ​രിച്ച്‌ ജീവി​ക്കു​ന്നെ​ങ്കിൽ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ അവർക്കു കഴിയും. അങ്ങനെ, കുഴപ്പ​ങ്ങ​ളിൽ ചെന്നു​ചാ​ടാ​തി​രി​ക്കാ​നും അനാവ​ശ്യ​മായ ഉത്‌ക​ണ്‌ഠകൾ ഒഴിവാ​ക്കാ​നും അവർക്കു സാധി​ക്കും.

8 സ്‌നേ​ഹ​മുള്ള ഒരു പിതാ​വി​നെ​പ്പോ​ലെ, തന്റെ മക്കൾ ഏറ്റവും സംതൃ​പ്‌തി​ക​ര​മായ ജീവിതം ആസ്വദി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. (യശ. 48:17, 18) അതു​കൊണ്ട്‌ ധാർമി​ക​നി​ല​വാ​ര​ങ്ങ​ളു​ടെ കാര്യ​ത്തി​ലും മറ്റുള്ള​വ​രോ​ടുള്ള പെരു​മാ​റ്റ​ത്തി​ന്റെ കാര്യ​ത്തി​ലും യഹോവ ചില അടിസ്ഥാ​ന​ത​ത്ത്വ​ങ്ങൾ തന്നിട്ടുണ്ട്‌. ഇക്കാര്യ​ങ്ങ​ളിൽ താൻ ചിന്തി​ക്കു​ന്ന​തു​പോ​ലെ ചിന്തി​ക്കാ​നും തന്റെ മൂല്യങ്ങൾ പകർത്താ​നും യഹോവ നമ്മളെ ക്ഷണിക്കു​ന്നു. ഇത്‌ ഒരിക്ക​ലും നമ്മുടെ സ്വാത​ന്ത്ര്യ​ത്തി​നു തടയി​ടു​ന്നതല്ല, പകരം നമ്മുടെ ചിന്താ​ശേഷി മെച്ച​പ്പെ​ടു​ത്തു​ക​യും വിശാ​ല​മാ​യി ചിന്തി​ക്കാൻ നമ്മളെ സഹായി​ക്കു​ക​യും ചെയ്യുന്നു. നമ്മുടെ ചിന്തകൾ ദൈവി​ക​മായ ഒരു തലത്തി​ലേക്ക്‌ ഉയരു​ക​യും ചെയ്യും. (സങ്കീ. 92:5; സുഭാ. 2:1-5; യശ. 55:9) സ്വന്തമായ വ്യക്തി​ത്വം രൂപ​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം സന്തോ​ഷ​ത്തി​ലേക്കു നയിക്കുന്ന തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും അതു സഹായി​ക്കും. (സങ്കീ. 1:2, 3) അതെ, യഹോ​വ​യെ​പ്പോ​ലെ ചിന്തി​ക്കു​ന്ന​താ​ണു നമുക്കു നല്ലത്‌, പ്രയോ​ജ​ന​ക​ര​വും!

യഹോ​വ​യു​ടെ ചിന്താ​രീ​തി​യാ​ണു ശ്രേഷ്‌ഠ​മാ​യത്‌

9, 10. യഹോ​വ​യു​ടെ ചിന്തകൾ ലോക​ത്തി​ന്റേ​തി​നെ​ക്കാൾ ശ്രേഷ്‌ഠ​മാ​ണെന്നു തെളി​ഞ്ഞി​രി​ക്കു​ന്നത്‌ എങ്ങനെ?

9 സത്യാ​രാ​ധകർ യഹോവ ചിന്തി​ക്കു​ന്ന​തു​പോ​ലെ ചിന്തി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തി​ന്റെ മറ്റൊരു കാരണം, ദൈവ​ത്തി​ന്റെ ചിന്താ​രീ​തി ലോക​ത്തി​ന്റേ​തിൽനി​ന്നും ഏറെ ശ്രേഷ്‌ഠ​മാണ്‌ എന്നതാണ്‌. മറ്റുള്ള​വ​രോട്‌ എങ്ങനെ നല്ല രീതി​യിൽ പെരു​മാ​റാം, സന്തോ​ഷ​ക​ര​മായ കുടും​ബ​ജീ​വി​തം എങ്ങനെ നയിക്കാം, ജോലി​യിൽനിന്ന്‌ എങ്ങനെ സംതൃ​പ്‌തി നേടാം ഇങ്ങനെ പല കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ലോക​ത്തി​ലെ ആളുകൾ ഉപദേശം കൊടു​ക്കാ​റുണ്ട്‌. പക്ഷേ അവയിൽ മിക്കതും യഹോ​വ​യു​ടെ ചിന്താ​രീ​തി​യു​മാ​യി ചേരു​ന്നതല്ല. ഉദാഹ​ര​ണ​ത്തിന്‌, സ്വന്തം താത്‌പ​ര്യ​ങ്ങൾ മാത്രം പിൻപ​റ്റാ​നാ​ണു ലോകം പൊതു​വേ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. ലൈം​ഗിക അധാർമി​കത വെച്ചു​പൊ​റു​പ്പി​ക്കാൻ അതു തയ്യാറാണ്‌. കൂടുതൽ സന്തോഷം നേടാ​നുള്ള മാർഗ​മാ​യി നിസ്സാ​ര​കാ​ര​ണ​ങ്ങ​ളു​ടെ പേരിൽപ്പോ​ലും പലപ്പോ​ഴും വേർപി​രി​യ​ലും വിവാ​ഹ​മോ​ച​ന​വും ശുപാർശ ചെയ്യുന്നു. ഇത്തരം ഉപദേ​ശ​ങ്ങ​ളെ​ല്ലാം തിരു​വെ​ഴു​ത്തു​കൾക്കു കടകവി​രു​ദ്ധ​മാണ്‌. എന്നാലും അതിൽ ചിലതാ​ണു നമ്മുടെ ഈ കാലത്തി​നു പറ്റിയ​തെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ?

10 “ജ്ഞാനം അതിന്റെ പ്രവൃ​ത്തി​ക​ളാൽ നീതി​യു​ള്ള​തെന്നു തെളി​യും” എന്നു യേശു പറഞ്ഞു. (മത്താ. 11:19) സാങ്കേ​തി​ക​രം​ഗത്ത്‌ ലോകം വളരെ​യ​ധി​കം പുരോ​ഗതി നേടി​യി​ട്ടുണ്ട്‌. എന്നാൽ യുദ്ധം, വർഗീയത, കുറ്റകൃ​ത്യ​ങ്ങൾ എന്നിവ​പോ​ലെ സന്തോ​ഷ​ത്തി​നു വിലങ്ങു​ത​ടി​യാ​യി നിൽക്കുന്ന പ്രധാ​ന​പ്പെട്ട പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ അതിന്‌ ഇതേവരെ കഴിഞ്ഞി​ട്ടില്ല. ധാർമി​ക​ത​യോ​ടുള്ള ലോക​ത്തി​ന്റെ അയഞ്ഞ മനോ​ഭാ​വ​മോ? ഇതു കുടും​ബ​ത്ത​കർച്ച, രോഗങ്ങൾ, മറ്റു കുഴപ്പങ്ങൾ തുടങ്ങി​യ​വ​യ്‌ക്കു വഴി​തെ​ളി​ക്കു​ക​യാ​ണെന്ന്‌ അനേക​രും സമ്മതി​ക്കു​ന്നു. നേരേ മറിച്ച്‌, ദൈവ​ത്തി​ന്റെ കാഴ്‌ച​പ്പാട്‌ സ്വീക​രി​ക്കുന്ന ക്രിസ്‌ത്യാ​നി​കൾ മെച്ചപ്പെട്ട കുടും​ബ​ബ​ന്ധ​ങ്ങ​ളും ധാർമി​ക​ശു​ദ്ധി പാലി​ക്കു​ന്ന​തി​ന്റെ ആരോ​ഗ്യ​ക​ര​മായ പ്രയോ​ജ​ന​ങ്ങ​ളും ഭൂമി​യി​ലെ​ങ്ങു​മുള്ള സഹവി​ശ്വാ​സി​ക​ളു​മാ​യി സമാധാ​ന​വും ആസ്വദി​ക്കു​ന്നു. (യശ. 2:4; പ്രവൃ. 10:34, 35; 1 കൊരി. 6:9-11) യഹോ​വ​യു​ടെ ചിന്താ​രീ​തി ലോക​ത്തി​ന്റേ​തി​നെ​ക്കാൾ ശ്രേഷ്‌ഠ​മാ​ണെ​ന്നല്ലേ ഇതു കാണി​ക്കു​ന്നത്‌?

11. ആരുടെ ചിന്തക​ളാ​ണു മോശയെ വഴിന​യി​ച്ചത്‌, അതിന്റെ ഫലം എന്തായി​രു​ന്നു?

11 ബൈബിൾരേ​ഖ​ക​ളിൽ കാണുന്ന വിശ്വ​സ്‌ത​രായ ആരാധകർ യഹോ​വ​യു​ടെ ചിന്തക​ളു​ടെ ശ്രേഷ്‌ഠത തിരി​ച്ച​റി​ഞ്ഞ​വ​രാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, “മോശ​യ്‌ക്ക്‌ ഈജി​പ്‌തി​ലെ സകല ജ്ഞാനത്തി​ലും പരിശീ​ലനം” ലഭിച്ചി​രു​ന്നെ​ങ്കി​ലും അദ്ദേഹം “ജ്ഞാനമുള്ള ഒരു ഹൃദയം” നേടാ​നാ​യി യഹോ​വ​യി​ലേ​ക്കാ​ണു നോക്കി​യത്‌. (പ്രവൃ. 7:22; സങ്കീ. 90:12) അദ്ദേഹം യഹോ​വ​യോട്‌ ഇങ്ങനെ അപേക്ഷി​ച്ചു: “അങ്ങയുടെ വഴികൾ എന്നെ അറിയി​ക്കേ​ണമേ.” (പുറ. 33:13) യഹോ​വ​യു​ടെ ചിന്തക​ളാ​ണു മോശയെ വഴിന​യി​ച്ചത്‌. അതു​കൊണ്ട്‌ അദ്ദേഹ​ത്തിന്‌ യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​ടെ നിവൃ​ത്തി​യിൽ അർഥപൂർണ​മായ ഒരു പങ്കുണ്ടാ​യി​രു​ന്നു. തിരു​വെ​ഴു​ത്തു​കൾ മോശയെ അസാധാ​ര​ണ​വി​ശ്വാ​സ​മു​ണ്ടാ​യി​രുന്ന ഒരാളാ​യി പ്രശം​സി​ച്ചു​പ​റ​യു​ന്നു.—എബ്രാ. 11:24-27.

12. പൗലോസ്‌ അപ്പോ​സ്‌തലൻ എന്തിന്റെ അടിസ്ഥാ​ന​ത്തി​ലാ​ണു ചിന്തി​ച്ചത്‌?

12 അപ്പോസ്‌തലനായ പൗലോസ്‌ നല്ല അറിവും ബുദ്ധി​ശ​ക്തി​യും ഉള്ള ഒരാളാ​യി​രു​ന്നു, കുറഞ്ഞതു രണ്ടു ഭാഷക​ളെ​ങ്കി​ലും അദ്ദേഹ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു. (പ്രവൃ. 5:34; 21:37, 39; 22:2, 3) എന്നിട്ടും ധാർമികകാര്യങ്ങളിൽ അദ്ദേഹം ലോകത്തിന്റെ ജ്ഞാനം തള്ളിക്ക​ളഞ്ഞു. പകരം, തിരു​വെ​ഴു​ത്തു​ക​ളു​ടെ അടിസ്ഥാ​ന​ത്തി​ലാണ്‌ അദ്ദേഹം ചിന്തി​ച്ചത്‌. (പ്രവൃ​ത്തി​കൾ 17:2; 1 കൊരി​ന്ത്യർ 2:6, 7, 13 വായി​ക്കുക.) അതിന്റെ ഫലമായി, തന്റെ ശുശ്രൂഷ നന്നായി ആസ്വദി​ക്കാ​നും ഒരു നിത്യ​സ​മ്മാ​ന​ത്തി​നാ​യി നോക്കി​യി​രി​ക്കാ​നും അദ്ദേഹ​ത്തി​നു കഴിഞ്ഞു.—2 തിമൊ. 4:8.

13. നമ്മുടെ ചിന്തകൾ യഹോ​വ​യു​ടെ ചിന്തക​ളു​മാ​യി ചേർച്ച​യിൽ കൊണ്ടു​വ​രാ​നുള്ള ഉത്തരവാ​ദി​ത്വം ആർക്കാണ്‌?

13 ദൈവ​ത്തി​ന്റെ ചിന്താ​രീ​തി ലോക​ത്തി​ന്റേ​തി​നെ​ക്കാൾ ശ്രേഷ്‌ഠ​മാണ്‌ എന്നതിന്‌ ഒരു സംശയ​വു​മില്ല. ദൈവി​ക​ചി​ന്ത​കൾക്ക​നു​സ​രിച്ച്‌ ജീവി​ക്കു​ന്നതു നമുക്കു ജീവി​ത​വി​ജ​യ​വും വളരെ​യ​ധി​കം സന്തോ​ഷ​വും നേടി​ത്ത​രും. എന്നാൽ യഹോവ തന്റെ ചിന്തകൾ നമ്മു​ടെ​മേൽ അടി​ച്ചേൽപ്പി​ക്കു​ന്നില്ല. “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ” വ്യക്തി​ക​ളു​ടെ ചിന്തകളെ നിയ​ന്ത്രി​ക്കു​ന്നില്ല, മൂപ്പന്മാ​രും അങ്ങനെ ചെയ്യു​ന്നില്ല. (മത്താ. 24:45; 2 കൊരി. 1:24) തന്റെ ചിന്തകളെ ദൈവ​ത്തി​ന്റെ ചിന്തക​ളോ​ടു യോജി​പ്പിൽ കൊണ്ടു​വ​രുക എന്നത്‌ ഓരോ ക്രിസ്‌ത്യാ​നി​യു​ടെ​യും ഉത്തരവാ​ദി​ത്വ​മാണ്‌. നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

ഈ വ്യവസ്ഥി​തി നമ്മളെ രൂപ​പ്പെ​ടു​ത്താൻ അനുവ​ദി​ക്ക​രുത്‌

14, 15. (എ) യഹോവ ചിന്തി​ക്കു​ന്ന​തു​പോ​ലെ ചിന്തി​ക്ക​ണ​മെ​ങ്കിൽ എന്തി​നെ​ക്കു​റി​ച്ചാ​യി​രി​ക്കണം നമ്മൾ ധ്യാനി​ക്കേ​ണ്ടത്‌? (ബി) റോമർ 12:2-ന്റെ വെളി​ച്ച​ത്തിൽ നമ്മൾ ലോക​ത്തി​ന്റെ ആശയങ്ങൾ സ്വീക​രി​ക്കു​ന്നത്‌ ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? ഉദാഹ​രണം പറയുക.

14 റോമർ 12:2 നമുക്ക്‌ ഈ ഉപദേശം തരുന്നു: “ഈ വ്യവസ്ഥി​തി നിങ്ങളെ അതിന്റെ അച്ചിൽ വാർത്തെ​ടു​ക്കാൻ ഇനി സമ്മതി​ക്ക​രുത്‌. പകരം, മനസ്സു പുതുക്കി രൂപാ​ന്ത​ര​പ്പെ​ടുക. അങ്ങനെ, നല്ലതും സ്വീകാ​ര്യ​വും അത്യു​ത്ത​മ​വും ആയ ദൈ​വേഷ്ടം എന്താ​ണെന്നു പരി​ശോ​ധിച്ച്‌ ഉറപ്പു വരുത്താൻ നിങ്ങൾക്കു കഴിയും.” സത്യം പഠിക്കു​ന്ന​തി​നു മുമ്പ്‌ നമ്മുടെ ചിന്താ​രീ​തി രൂപ​പ്പെ​ടു​ത്തി​യത്‌ എന്തായാ​ലും ശരി, ദൈവ​ത്തി​ന്റെ ചിന്തക​ളു​മാ​യി നമ്മുടെ ചിന്തകളെ യോജി​പ്പിൽ കൊണ്ടു​വ​രാൻ കഴിയു​മെന്ന്‌ ഈ തിരു​വെ​ഴു​ത്തു കാണി​ച്ചു​ത​രു​ന്നു. പാരമ്പ​ര്യ​ഘ​ട​ക​ങ്ങ​ളും മുൻകാ​ലത്തെ അനുഭ​വ​ങ്ങ​ളും ഒരു അളവു​വരെ നമ്മുടെ ചിന്തയെ സ്വാധീ​നി​ച്ചി​ട്ടു​ണ്ടെ​ന്നതു ശരിയാണ്‌. പക്ഷേ എന്നുക​രു​തി, ഇനി നമ്മുടെ മനസ്സിനു മാറ്റം വരുത്താൻ കഴിയി​ല്ലെന്നല്ല, കാരണം അതിന്‌ ആ കഴിവുണ്ട്‌. എന്നാൽ അത്‌ ഏറെയും ആശ്രയി​ച്ചി​രി​ക്കു​ന്നത്‌ എന്തെല്ലാം കാര്യ​ങ്ങ​ളാ​ണു നമ്മൾ മനസ്സി​ലേക്കു കടത്തി​വി​ടു​ന്നത്‌, എന്തി​നെ​ക്കു​റി​ച്ചാണ്‌ അധിക​സ​മ​യ​വും ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ എന്നതി​നെ​യൊ​ക്കെ​യാണ്‌. യഹോ​വ​യു​ടെ ചിന്താ​രീ​തി​യെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​മ്പോൾ യഹോ​വ​യു​ടെ കാഴ്‌ച​പ്പാ​ടു​കൾ ശരിയാ​ണെന്നു നമുക്കു ബോധ്യം വരും. അപ്പോൾ നമ്മുടെ ചിന്തകളെ യഹോ​വ​യു​ടെ ചിന്തക​ളു​മാ​യി യോജി​പ്പിൽ കൊണ്ടു​വ​രാൻ നമുക്ക്‌ ആഗ്രഹം തോന്നും.

15 ‘ഈ വ്യവസ്ഥി​തി നമ്മളെ അതിന്റെ അച്ചിൽ വാർത്തെ​ടു​ക്കാൻ സമ്മതി​ക്കാ​തി​രു​ന്നാൽ’ മാത്രമേ മനസ്സു പുതുക്കി, യഹോവ ചിന്തി​ക്കുന്ന രീതി​യിൽ ചിന്തി​ക്കാൻ സാധി​ക്കു​ക​യു​ള്ളൂ. ഇതിനു നമ്മൾ ആദ്യം ചെയ്യേ​ണ്ടത്‌, ദൈവ​ത്തി​ന്റെ ചിന്തകൾക്കു വിരു​ദ്ധ​മായ ആശയങ്ങ​ളും കാഴ്‌ച​പ്പാ​ടു​ക​ളും തള്ളിക്ക​ള​യുക എന്നതാണ്‌. ഇതിന്റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കാൻ നമുക്ക്‌ ഒരു ദൃഷ്ടാന്തം നോക്കാം. പോഷ​ക​മൂ​ല്യ​മുള്ള ഭക്ഷണം കഴിച്ചു​കൊണ്ട്‌ ആരോ​ഗ്യം മെച്ച​പ്പെ​ടു​ത്താൻ ഒരു വ്യക്തി തീരു​മാ​നി​ക്കു​ന്നെ​ന്നി​രി​ക്കട്ടെ. പക്ഷേ അതി​ന്റെ​കൂ​ടെ അദ്ദേഹം സ്ഥിരമാ​യി മായം ചേർന്ന ഭക്ഷണവും കഴിക്കു​ന്നുണ്ട്‌. അങ്ങനെ ചെയ്‌താൽ പോഷ​ക​മൂ​ല്യ​മുള്ള ഭക്ഷണം കഴിക്കു​ന്ന​തു​കൊണ്ട്‌ എന്തെങ്കി​ലും പ്രയോ​ജനം കിട്ടു​മോ? സമാന​മാ​യി, ലോക​ത്തി​ന്റെ ആശയങ്ങൾകൊണ്ട്‌ നമ്മൾ മനസ്സു ദുഷി​പ്പി​ക്കു​ക​യാ​ണെ​ങ്കിൽ യഹോ​വ​യു​ടെ ചിന്തക​ളെ​ക്കു​റിച്ച്‌ പഠിക്കു​ന്ന​തു​കൊണ്ട്‌ വലിയ പ്രയോ​ജ​ന​മു​ണ്ടാ​കില്ല.

16. നമ്മൾ ഏതിൽനി​ന്നാ​ണു നമ്മളെ​ത്തന്നെ സംരക്ഷി​ക്കേ​ണ്ടത്‌?

16 ലോക​ത്തി​ന്റെ ചിന്താ​രീ​തി​യോ​ടുള്ള എല്ലാ സമ്പർക്ക​വും നമുക്ക്‌ ഒഴിവാ​ക്കാൻ കഴിയു​മോ? ഇല്ല. നമുക്ക്‌ അക്ഷരീ​യ​മാ​യി ഈ ലോകം വിട്ടു​പോ​കാൻ കഴിയില്ല. അതു​കൊണ്ട്‌ ലോക​ത്തി​ന്റെ ആശയങ്ങ​ളു​മാ​യി ഒരു അളവോ​ള​മുള്ള സമ്പർക്കം ഒഴിവാ​ക്കാ​നു​മാ​കില്ല. (1 കൊരി. 5:9, 10) പ്രസം​ഗ​പ്ര​വർത്തനം ചെയ്യു​മ്പോൾത്തന്നെ ആളുക​ളു​ടെ തെറ്റായ ആശയങ്ങ​ളും വിശ്വാ​സ​ങ്ങ​ളും നമ്മൾ അറിയാൻ ഇടയാ​കു​ന്നുണ്ട്‌. നമുക്കു ലോക​ത്തി​ന്റെ ഭക്തിവി​രു​ദ്ധ​മായ ആശയങ്ങൾ പൂർണ​മാ​യി ഒഴിവാ​ക്കാ​നാ​കില്ല എന്നതു സത്യമാ​ണെ​ങ്കി​ലും അതു സ്വീക​രി​ക്കു​ക​യോ അതിനെ മനസ്സി​ലി​ട്ടു താലോ​ലി​ക്കു​ക​യോ ചെയ്യേണ്ട ആവശ്യ​മില്ല. സാത്താന്റെ പദ്ധതി​ക​ളോ​ടു ബന്ധപ്പെട്ട ചിന്തകളെ യേശു ചെയ്‌ത​തു​പോ​ലെ നമുക്കു പെട്ടെ​ന്നു​തന്നെ തള്ളിക്ക​ള​യാം. കൂടാതെ, ലോക​ത്തി​ന്റെ ചിന്താ​രീ​തി​ക​ളോട്‌ ആവശ്യ​മി​ല്ലാ​തെ സമ്പർക്ക​ത്തിൽ വരാതി​രി​ക്കാൻ നോക്കാം. —സുഭാ​ഷി​തങ്ങൾ 4:23 വായി​ക്കുക.

17. ലോക​ത്തി​ന്റെ ചിന്തക​ളു​മാ​യി അനാവ​ശ്യ​സ​മ്പർക്ക​ത്തിൽ വരുന്നത്‌ ഒഴിവാ​ക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏവ?

17 ഉദാഹ​ര​ണ​ത്തിന്‌, ഉറ്റ സുഹൃ​ത്തു​ക്കളെ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ നമ്മൾ നല്ല ജാഗ്രത പുലർത്തണം. യഹോ​വയെ ആരാധി​ക്കാത്ത ആളുക​ളു​മാ​യി അടുത്ത്‌ ഇടപഴ​കി​യാൽ അവരുടെ ചിന്താ​രീ​തി നമ്മളെ സ്വാധീ​നി​ക്കു​മെന്നു ബൈബിൾ മുന്നറി​യി​പ്പു തരുന്നു. (സുഭാ. 13:20; 1 കൊരി. 15:12, 32, 33) വിനോ​ദങ്ങൾ തിര​ഞ്ഞെ​ടു​ക്കുന്ന കാര്യ​ത്തി​ലും നമ്മൾ ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കണം. പരിണാ​മ​സി​ദ്ധാ​ന്തത്തെ പിന്താ​ങ്ങു​ന്ന​തോ അക്രമ​വും അധാർമി​ക​ത​യും ഉൾപ്പെ​ട്ട​തോ ആയ വിനോ​ദങ്ങൾ നമ്മൾ ഒഴിവാ​ക്കണം. അങ്ങനെ ചെയ്‌തു​കൊണ്ട്‌ നമുക്കു “ദൈവ​പ​രി​ജ്ഞാ​ന​ത്തിന്‌ എതിരായ” ആശയങ്ങൾ നമ്മുടെ ചിന്തയിൽ വിഷം കലർത്തു​ന്നത്‌ ഒഴിവാ​ക്കാം.—2 കൊരി. 10:5.

ഹാനികരമായ വിനോ​ദങ്ങൾ വേണ്ടെന്നുവെക്കാൻ നമ്മൾ കുട്ടി​കളെ സഹായി​ക്കു​ന്നു​ണ്ടോ? (18, 19 ഖണ്ഡികകൾ കാണുക)

18, 19. (എ) ലോക​ത്തി​ന്റെ അത്ര പ്രകട​മ​ല്ലാത്ത കാഴ്‌ച​പ്പാ​ടു​കൾക്കെ​തി​രെ നമ്മൾ ജാഗ്രത പാലി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) നമ്മൾ ഏതെല്ലാം ചോദ്യ​ങ്ങൾ സ്വയം ചോദി​ക്കണം, എന്തു​കൊണ്ട്‌?

18 ലോക​ത്തി​ന്റെ ചിന്താ​രീ​തി അത്ര പ്രകട​മ​ല്ലാത്ത രീതി​യിൽ നമ്മുടെ മുന്നിൽ വരു​മ്പോ​ഴും നമുക്ക്‌ അതു തിരി​ച്ച​റി​യാൻ കഴിയണം, അതു തള്ളിക്ക​ള​യു​ക​യും വേണം. ഉദാഹ​ര​ണ​ത്തിന്‌, ഒരു പത്രവാർത്ത ഉന്നം വെക്കു​ന്നത്‌ ഒരുപക്ഷേ ഒരു പ്രത്യേക രാഷ്‌ട്രീയ പാർട്ടി​യു​ടെ അഭി​പ്രാ​യ​ങ്ങളെ പിന്താ​ങ്ങാ​നാ​യി​രി​ക്കാം. നേട്ടങ്ങൾ കൊയ്‌തെ​ടു​ക്കു​ന്ന​തി​നെ ഉന്നമി​പ്പി​ക്കു​ന്ന​താ​യി​രി​ക്കാം ജനശ്രദ്ധ പിടി​ച്ചു​പ​റ്റിയ ഒരു വാർത്ത. ചില ചലച്ചി​ത്ര​ങ്ങ​ളും പുസ്‌ത​ക​ങ്ങ​ളും, സ്വന്തം കാര്യ​വും കുടും​ബ​ത്തി​ന്റെ കാര്യ​വും മാത്രം നോക്കുക എന്ന ആശയം ഉന്നമി​പ്പി​ക്കു​ക​യും അതു ന്യായ​മാ​ണെ​ന്നും സ്വീകാ​ര്യ​മാ​ണെ​ന്നും, ശരിയാ​ണെ​ന്നു​പോ​ലും സ്ഥാപി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ അത്തരം കാഴ്‌ച​പ്പാ​ടു​കൾ പ്രധാ​ന​പ്പെട്ട ഒരു തിരു​വെ​ഴു​ത്താ​ശ​യ​ത്തി​നു നേരേ കണ്ണടയ്‌ക്കു​ക​യാണ്‌, അതായത്‌ യഹോ​വയെ സ്‌നേ​ഹി​ക്കു​മ്പോൾ നമ്മളും നമ്മുടെ കുടും​ബ​വും അഭിവൃ​ദ്ധി​പ്പെ​ടും എന്ന കാര്യ​ത്തി​നു നേരെ. (മത്താ. 22:36-39) കൂടാതെ കുട്ടി​കൾക്കുള്ള ചില കഥകളും പരിപാ​ടി​ക​ളും കുഴപ്പ​മൊ​ന്നു​മി​ല്ലാ​ത്ത​താ​ണെന്നു പ്രഥമ​ദൃ​ഷ്ട്യാ തോന്നി​യാ​ലും സദാചാ​ര​വി​രു​ദ്ധ​മായ കാര്യങ്ങൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​യി​രി​ക്കാം.

19 നല്ല വിനോ​ദങ്ങൾ ആസ്വദി​ക്കു​ന്നതു തെറ്റാ​ണെന്നല്ല ഈ പറഞ്ഞതിന്‌ അർഥം. എന്നാലും പിൻവ​രുന്ന ചോദ്യ​ങ്ങൾ നമ്മളോ​ടു​തന്നെ ചോദി​ക്കു​ന്നതു നല്ലതാ​യി​രി​ക്കും: ‘അത്ര പ്രകട​മ​ല്ലാത്ത രീതി​യി​ലുള്ള ലോക​ത്തി​ന്റെ പഠിപ്പി​ക്ക​ലു​കൾ നമ്മൾ തിരി​ച്ച​റി​യു​ന്നു​ണ്ടോ? ചില പരിപാ​ടി​കൾ കാണു​ന്ന​തി​നും ചില പ്രസി​ദ്ധീ​ക​ര​ണങ്ങൾ വായി​ക്കു​ന്ന​തി​നും കുട്ടി​കൾക്കും അതു​പോ​ലെ നമുക്കു​ത​ന്നെ​യും നമ്മൾ പരിധി​കൾ വെക്കു​ന്നു​ണ്ടോ? നമ്മുടെ കുട്ടികൾ കാണു​ക​യോ കേൾക്കു​ക​യോ ചെയ്യുന്ന ലോക​ത്തി​ന്റെ ആശയങ്ങൾ അവരെ സ്വാധീ​നി​ക്കാ​തി​രി​ക്കാൻ, യഹോവ കാര്യങ്ങൾ കാണുന്ന വിധം നമ്മൾ അവരെ പഠിപ്പി​ക്കു​ന്നു​ണ്ടോ?’ ദൈവ​ത്തി​ന്റെ ചിന്തക​ളും ലോക​ത്തി​ന്റെ ചിന്തക​ളും തമ്മിലുള്ള വ്യത്യാ​സം മനസ്സി​ലാ​ക്കു​ന്നെ​ങ്കിൽ ‘ഈ വ്യവസ്ഥി​തി നമ്മളെ അതിന്റെ അച്ചിൽ വാർത്തെ​ടു​ക്കു​ന്നതു’ നമുക്ക്‌ ഒഴിവാ​ക്കാൻ കഴിയും.

ആരാണു നിങ്ങളെ ഇപ്പോൾ രൂപ​പ്പെ​ടു​ത്തു​ന്നത്‌?

20. ദൈവ​ത്തി​ന്റെ ചിന്തയാ​ണോ ലോക​ത്തി​ന്റെ ചിന്തയാ​ണോ നമ്മളെ സ്വാധീ​നി​ക്കു​ന്ന​തെന്ന്‌ എന്താണു നിർണ​യി​ക്കു​ന്നത്‌?

20 ഓർക്കുക, അടിസ്ഥാ​ന​പ​ര​മാ​യി നമ്മുടെ മനസ്സി​ലേക്കു വിവരങ്ങൾ എത്തുന്ന രണ്ട്‌ ഉറവി​ട​ങ്ങ​ളാണ്‌ ഉള്ളത്‌, യഹോ​വ​യും സാത്താന്റെ നിയ​ന്ത്ര​ണ​ത്തി​ലുള്ള ലോക​വും. ഇതിൽ നിങ്ങളെ രൂപ​പ്പെ​ടു​ത്തു​ന്നത്‌ ആരാണ്‌, അല്ലെങ്കിൽ എന്താണ്‌? നമ്മൾ ഏത്‌ ഉറവി​ട​ത്തിൽനി​ന്നാ​ണോ വിവരങ്ങൾ ശേഖരി​ക്കു​ന്നത്‌, ആ ഉറവി​ട​മാ​ണു നമ്മളെ രൂപ​പ്പെ​ടു​ത്തു​ന്നത്‌. നമ്മൾ ലോക​ത്തി​ന്റെ ആശയങ്ങ​ളാ​ണു നമ്മുടെ മനസ്സി​ലേക്കു കടത്തി​വി​ടു​ന്ന​തെ​ങ്കിൽ അതായി​രി​ക്കും നമ്മുടെ ചിന്തകളെ രൂപ​പ്പെ​ടു​ത്തു​ന്നത്‌. അങ്ങനെ​യാ​യാൽ ജഡിക​മായ രീതി​യി​ലാ​യി​രി​ക്കും നമ്മൾ കാര്യ​ങ്ങളെ നോക്കി​ക്കാ​ണു​ന്ന​തും പ്രവർത്തി​ക്കു​ന്ന​തും. അതു​കൊണ്ട്‌ എന്തൊക്കെ കാര്യ​ങ്ങ​ളാ​ണു നമ്മൾ മനസ്സി​ലേക്കു കടത്തി​വി​ടു​ന്നത്‌, എന്തി​നെ​ക്കു​റി​ച്ചാ​ണു നമ്മൾ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ എന്നീ കാര്യ​ങ്ങൾക്കു നമ്മൾ ശ്രദ്ധ കൊടു​ക്കണം.

21. അടുത്ത ലേഖന​ത്തിൽ പ്രധാ​ന​പ്പെട്ട ഏതു കാര്യം നമ്മൾ ചർച്ച ചെയ്യും?

21 നേരത്തേ പറഞ്ഞതു​പോ​ലെ യഹോ​വ​യെ​പ്പോ​ലെ ചിന്തി​ക്ക​ണ​മെ​ങ്കിൽ, ദുഷി​പ്പി​ക്കുന്ന സ്വാധീ​ന​ങ്ങ​ളിൽനിന്ന്‌ നമ്മുടെ മനസ്സു​കളെ സ്വത​ന്ത്ര​മാ​ക്കി​നി​റു​ത്തി​യാൽ മാത്രം പോരാ. നമ്മുടെ മനസ്സു ദൈവ​ത്തി​ന്റെ ചിന്തക​ളിൽ വ്യാപ​രി​ക്കണം, അങ്ങനെ ദൈവ​ത്തി​ന്റെ ചിന്തകൾ നമ്മു​ടേ​താ​ക്കണം. അത്‌ എങ്ങനെ ചെയ്യാ​മെന്ന്‌ അടുത്ത ലേഖന​ത്തിൽ കൂടു​ത​ലാ​യി ചിന്തി​ക്കും.

^ ഖ. 5 അങ്ങേയറ്റം സ്വത​ന്ത്ര​മാ​യി ചിന്തി​ക്കുന്ന ഒരാൾക്കു​പോ​ലും മറ്റുള്ള​വ​രു​ടെ സ്വാധീ​ന​ത്തിൽനിന്ന്‌ തീർത്തും ഒഴിവാ​കാൻ പറ്റില്ല എന്നതാണു വസ്‌തുത. ജീവന്റെ ഉത്ഭവം​പോ​ലുള്ള ഗഹനമായ വിഷയ​ത്തെ​ക്കു​റി​ച്ചാ​യാ​ലും, ഏതു വസ്‌ത്ര​മാ​ണു ധരി​ക്കേ​ണ്ടത്‌ എന്നതു​പോ​ലുള്ള ചെറിയ കാര്യ​ത്തെ​ക്കു​റി​ച്ചാ​യാ​ലും ആളുക​ളു​ടെ ചിന്തകളെ മറ്റുള്ളവർ ഒരു അളവോ​ളം സ്വാധീ​നി​ക്കു​ന്നുണ്ട്‌. എന്നാൽ നമ്മളെ സ്വാധീ​നി​ക്കാൻ ആരെ അനുവ​ദി​ക്കണം എന്നു നമുക്കു തീരു​മാ​നി​ക്കാം.