വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോ​വ​യു​ടെ ചിന്തകൾ നിങ്ങൾ സ്വന്തമാ​ക്കു​ന്നു​ണ്ടോ?

യഹോ​വ​യു​ടെ ചിന്തകൾ നിങ്ങൾ സ്വന്തമാ​ക്കു​ന്നു​ണ്ടോ?

“മനസ്സു പുതുക്കി രൂപാ​ന്ത​ര​പ്പെ​ടുക.”—റോമ. 12:2.

ഗീതങ്ങൾ: 56, 123

1, 2. ആത്മീയ​മാ​യി വളരു​മ്പോൾ നമ്മൾ എന്തു ചെയ്യാൻ പഠിക്കും? ഒരു ഉദാഹ​രണം പറയുക.

ഒരു കൊച്ചു​കു​ട്ടിക്ക്‌ ഒരു സമ്മാനം കിട്ടുന്നു. “മോനേ, താങ്ക്‌സ്‌ പറഞ്ഞേ” എന്നു മാതാ​പി​താ​ക്കൾ അവനോ​ടു പറയും. യാന്ത്രി​ക​മാ​യിട്ട്‌ അവൻ അത്‌ അനുസ​രി​ക്കും. എന്നാൽ, മറ്റുള്ള​വ​രോ​ടു നന്ദിയു​ള്ള​വ​നാ​യി​രി​ക്കാൻ മാതാ​പി​താ​ക്കൾ തന്നോട്‌ ആവശ്യ​പ്പെ​ടു​ന്ന​തി​ന്റെ കാരണം വളർന്നു​വ​രു​മ്പോൾ അവനു മനസ്സി​ലാ​കും. മറ്റുള്ള​വ​രു​ടെ ദയാ​പ്ര​വൃ​ത്തി​ക​ളോ​ടുള്ള വിലമ​തി​പ്പും വർധി​ക്കും. അപ്പോൾ ഹൃദയ​ത്തിൽനിന്ന്‌ നന്ദി പറയാൻ അവൻ പ്രേരി​ത​നാ​കും. എന്തു​കൊണ്ട്‌? കാരണം, നന്ദി പറയു​ന്ന​തി​നെ​ക്കു​റിച്ച്‌ അവൻ എപ്പോ​ഴും ചിന്തി​ക്കും, അത്‌ അവന്റെ ചിന്തയു​ടെ ഭാഗമാ​യി​ത്തീർന്നി​രി​ക്കും.

2 സമാന​മാ​യി, യഹോവ വെച്ചി​രി​ക്കുന്ന അടിസ്ഥാ​ന​നി​ബ​ന്ധ​നകൾ അനുസ​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം സത്യം പഠിച്ച​പ്പോൾ നമ്മൾ മനസ്സി​ലാ​ക്കി. എന്നാൽ ആത്മീയ​മാ​യി വളരു​മ്പോൾ യഹോ​വ​യു​ടെ ചിന്തക​ളെ​ക്കു​റിച്ച്‌ നമ്മൾ കൂടുതൽ പഠിക്കും. അതായത്‌, യഹോ​വ​യ്‌ക്ക്‌ ഇഷ്ടമുള്ള കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌, ഇഷ്ടമി​ല്ലാത്ത കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌, യഹോവ ഓരോ കാര്യ​ങ്ങ​ളും എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌ എന്നൊക്കെ. ഇങ്ങനെ ചിന്തി​ക്കാൻ പഠിക്കു​ക​യും ആ ചിന്തകൾ നമ്മുടെ പ്രവർത്ത​ന​ങ്ങ​ളെ​യും തീരു​മാ​ന​ങ്ങ​ളെ​യും സ്വാധീ​നി​ക്കു​ക​യും ചെയ്യു​മ്പോൾ നമ്മൾ യഹോ​വ​യു​ടെ ചിന്തകൾ സ്വന്തമാ​ക്കു​ക​യാണ്‌ എന്നു പറയാം.

3. യഹോ​വ​യു​ടെ ചിന്തകൾ നമ്മുടെ സ്വന്തമാ​ക്കു​ന്നത്‌ എപ്പോ​ഴും എളുപ്പ​മ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

3 യഹോ​വ​യെ​പ്പോ​ലെ ചിന്തി​ക്കാൻ പഠിക്കു​ന്നതു സന്തോഷം തരുന്ന കാര്യ​മാ​ണെ​ങ്കി​ലും പറയു​ന്ന​തു​പോ​ലെ അത്‌ അത്ര എളുപ്പ​മാ​യി​രി​ക്ക​ണ​മെ​ന്നില്ല. അപൂർണ​മായ നമ്മുടെ സ്വന്തം ചിന്തകൾ ചില​പ്പോൾ അതിനു തടസ്സമാ​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ധാർമി​ക​ശു​ദ്ധി, ഭൗതികത, പ്രസം​ഗ​പ്ര​വർത്തനം, രക്തത്തിന്റെ ഉപയോ​ഗം തുടങ്ങിയ കാര്യ​ങ്ങ​ളിൽ യഹോ​വ​യു​ടെ കാഴ്‌ച​പ്പാ​ടു മനസ്സി​ലാ​ക്കാൻ നമുക്കു ബുദ്ധി​മു​ട്ടു തോന്നി​യെ​ന്നു​വ​രാം. ഇക്കാര്യ​ത്തിൽ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും? ദൈവ​ത്തി​ന്റെ ചിന്തകൾ നമ്മുടെ സ്വന്തമാ​ക്കു​ന്ന​തിൽ തുടരാ​നും പുരോ​ഗതി വരുത്താ​നും എങ്ങനെ കഴിയും? അങ്ങനെ ചെയ്യു​ന്നത്‌ ഇപ്പോ​ഴ​ത്തെ​യും ഭാവി​യി​ലെ​യും നമ്മുടെ പ്രവർത്ത​ന​ങ്ങളെ എങ്ങനെ സ്വാധീ​നി​ക്കും?

ദൈവ​ത്തി​ന്റെ ചിന്തകൾ നമ്മുടെ സ്വന്തമാ​ക്കു​ക

4. “മനസ്സു പുതുക്കി രൂപാ​ന്ത​ര​പ്പെ​ടുക” എന്ന പൗലോ​സി​ന്റെ ഉപദേശം അനുസ​രി​ക്കു​ന്ന​തിൽ എന്തെല്ലാം ഉൾപ്പെ​ടു​ന്നു?

4 റോമർ 12:2 വായി​ക്കുക. യഹോ​വ​യെ​പ്പോ​ലെ ചിന്തി​ക്കാൻ പഠിക്കു​ന്ന​തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെന്നു പൗലോസ്‌ അപ്പോ​സ്‌തലൻ ഈ വാക്യ​ത്തിൽ വിവരി​ച്ചി​ട്ടുണ്ട്‌. ‘ഈ വ്യവസ്ഥി​തി നമ്മളെ അതിന്റെ അച്ചിൽ വാർത്തെ​ടു​ക്കാ​തി​രി​ക്ക​ണ​മെ​ങ്കിൽ’ ഈ ലോക​ത്തി​ന്റെ കാഴ്‌ച​പ്പാ​ടു​ക​ളെ​യും മനോ​ഭാ​വ​ങ്ങ​ളെ​യും കുറിച്ച്‌ നമ്മൾ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്ക​രു​തെന്നു കഴിഞ്ഞ ലേഖനം വിശദീ​ക​രി​ച്ചു. എന്നാൽ അതു മാത്രമല്ല, ‘മനസ്സു പുതുക്കി രൂപാ​ന്ത​ര​പ്പെ​ടേ​ണ്ട​തി​ന്റെ’ ആവശ്യ​വും പൗലോസ്‌ ചൂണ്ടി​ക്കാ​ണി​ച്ചി​ട്ടുണ്ട്‌. ദൈവ​ത്തി​ന്റെ ചിന്തകൾ മനസ്സി​ലാ​ക്കുക എന്ന ലക്ഷ്യത്തിൽ ദൈവ​വ​ചനം പഠിക്കു​ന്ന​തും ധ്യാനി​ക്കു​ന്ന​തും അതു കൂടാതെ നമ്മുടെ ചിന്തകൾ ദൈവ​ത്തി​ന്റെ ചിന്തക​ളോ​ടു ചേർച്ച​യിൽ കൊണ്ടു​വ​രു​ന്ന​തും ഇതിൽ ഉൾപ്പെ​ടു​ന്നു.

5. വെറുതേ ഓടി​ച്ചു​വാ​യി​ക്കു​ന്ന​തും പഠിക്കു​ന്ന​തും തമ്മിലുള്ള വ്യത്യാ​സം വിശദീ​ക​രി​ക്കുക.

5 പഠനം എന്നു പറഞ്ഞാൽ കുറെ ഭാഗങ്ങൾ വായി​ച്ചു​തീർക്കു​ന്ന​തോ ഉത്തരങ്ങ​ളു​ടെ അടിയിൽ വെറുതേ വരയ്‌ക്കു​ന്ന​തോ അല്ല എന്നു നമുക്ക്‌ അറിയാം. പഠിക്കു​മ്പോൾ, വായി​ക്കുന്ന ഭാഗം യഹോ​വ​യെ​യും യഹോ​വ​യു​ടെ വഴിക​ളെ​യും ചിന്തക​ളെ​യും കുറിച്ച്‌ എന്തെല്ലാം വെളി​പ്പെ​ടു​ത്തു​ന്നു എന്നു നമ്മൾ ചിന്തി​ക്കു​ന്നു. യഹോവ എന്തു​കൊ​ണ്ടാണ്‌ ചില കാര്യങ്ങൾ ചെയ്യാൻ കല്‌പി​ക്കു​ന്ന​തെ​ന്നും അതേസ​മയം മറ്റു ചിലതു വിലക്കു​ന്ന​തെ​ന്നും മനസ്സി​ലാ​ക്കാൻ നമ്മൾ ശ്രമി​ക്കു​ന്നു. അതു​പോ​ലെ നമ്മുടെ ജീവി​ത​ത്തി​ലും ചിന്താ​രീ​തി​യി​ലും എന്തൊക്കെ മാറ്റങ്ങൾ വരുത്ത​ണ​മെ​ന്നും നമ്മൾ ചിന്തി​ക്കു​ന്നു. ഓരോ തവണ പഠിക്കു​മ്പോ​ഴും ഈ കാര്യ​ങ്ങ​ളെ​ല്ലാം പരി​ശോ​ധി​ക്കാൻ കഴി​ഞ്ഞെ​ന്നു​വ​രില്ല. എങ്കിലും വായി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കാൻ സമയ​മെ​ടു​ക്കു​ന്നത്‌, ഒരുപക്ഷേ പഠനസ​മ​യ​ത്തി​ന്റെ പകുതി അതിനാ​യി നീക്കി​വെ​ക്കു​ന്നത്‌, നമുക്കു പ്രയോ​ജനം ചെയ്യും.—സങ്കീ. 119:97; 1 തിമൊ. 4:15.

6. യഹോ​വ​യു​ടെ ചിന്തക​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​മ്പോൾ എന്തു സംഭവി​ക്കും?

6 ദൈവ​വ​ചനം പതിവാ​യി ധ്യാനി​ക്കു​മ്പോൾ, തികച്ചും അസാധാ​ര​ണ​മായ ഒന്നു സംഭവി​ക്കും. കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ ചിന്താ​രീ​തി തികവു​റ്റ​താ​ണെന്നു നമുക്കു സ്വയം ബോധ്യ​പ്പെ​ടും. യഹോ​വ​യു​ടെ വീക്ഷണ​കോ​ണിൽനിന്ന്‌ നമ്മൾ കാര്യങ്ങൾ കണ്ടുതു​ട​ങ്ങും. അതാണു ശരി​യെന്നു നമ്മൾ സമ്മതി​ക്കും. അങ്ങനെ നമ്മൾ മനസ്സു പുതു​ക്കു​ക​യാണ്‌. ഒരു പുതിയ രീതി​യിൽ നമ്മൾ ചിന്തി​ച്ചു​തു​ട​ങ്ങും. പതി​യെ​പ്പ​തി​യെ നമ്മൾ യഹോ​വ​യു​ടെ ചിന്തകൾ നമ്മുടെ സ്വന്തമാ​ക്കും.

ചിന്തകൾ പ്രവൃ​ത്തി​കളെ സ്വാധീ​നി​ക്കും

7, 8. (എ) വസ്‌തു​വ​ക​ക​ളോ​ടുള്ള ബന്ധത്തിൽ യഹോ​വ​യു​ടെ വീക്ഷണം എന്താണ്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രങ്ങൾ കാണുക.) (ബി) യഹോ​വ​’’യു​ടെ കാഴ്‌ച​പ്പാ​ടു സ്വീക​രി​ക്കു​ക​യാ​ണെ​ങ്കിൽ നമ്മൾ എന്തിനാ​യി​രി​ക്കും എല്ലായ്‌പോ​ഴും മുൻഗണന കൊടു​ക്കു​ന്നത്‌?

7 ചിന്തി​ക്കു​ന്നതു മനസ്സിൽ നടക്കുന്ന ഒരു കാര്യം മാത്ര​മാ​ണെന്നു നമ്മൾ നിഗമനം ചെയ്യരുത്‌. അത്‌ അവിടം​കൊണ്ട്‌ തീരു​ന്നില്ല. ചിന്തയും പ്രവൃ​ത്തി​യും പരസ്‌പരം കൈ​കോർത്ത്‌ പോകു​ന്ന​വ​യാണ്‌. (മർക്കോ. 7:21-23; യാക്കോ. 2:17) ചില ഉദാഹ​ര​ണങ്ങൾ നോക്കി​യാൽ നമുക്ക്‌ ഇതു മെച്ചമാ​യി മനസ്സി​ലാ​ക്കാം. സുവി​ശേ​ഷങ്ങൾ പരി​ശോ​ധി​ക്കു​ക​യാ​ണെ​ങ്കിൽ, വസ്‌തു​വ​ക​ക​ളെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വീക്ഷണം എന്താ​ണെന്നു വ്യക്തമായ സൂചനകൾ ലഭിക്കും. തന്റെ മകനെ വളർത്തു​ന്ന​തിന്‌, സാമ്പത്തി​ക​മാ​യി അധിക​മൊ​ന്നു​മി​ല്ലാത്ത ഒരു ദമ്പതി​ക​ളെ​യാ​ണു ദൈവം തിര​ഞ്ഞെ​ടു​ത്തത്‌. (ലേവ്യ 12:8; ലൂക്കോ. 2:24) യേശു പിറന്ന​പ്പോൾ, മറിയ കുഞ്ഞിനെ “ഒരു പുൽത്തൊ​ട്ടി​യിൽ കിടത്തി. കാരണം സത്രത്തിൽ അവർക്കു സ്ഥലം കിട്ടി​യില്ല.” (ലൂക്കോ. 2:7) യഹോവ ഒന്നു മനസ്സു വെച്ചി​രു​ന്നെ​ങ്കിൽ തന്റെ മകനു ജനിക്കാൻ ഏറെ മെച്ചമായ സൗകര്യ​മൊ​രു​ക്കു​ന്ന​തിന്‌ ഒരു ബുദ്ധി​മു​ട്ടു​മി​ല്ലാ​യി​രു​ന്നു. എന്നാൽ യേശു വളർന്നു​വ​രേണ്ട ആത്മീയ​ചു​റ്റു​പാ​ടി​നാണ്‌ യഹോവ പ്രാധാ​ന്യം കൊടു​ത്തത്‌.

8 യേശു​വി​ന്റെ ജനന​ത്തെ​ക്കു​റി​ച്ചുള്ള ഈ ബൈബിൾവി​വ​ര​ണ​ത്തിൽനിന്ന്‌ വസ്‌തു​വ​ക​ക​ളു​ടെ കാര്യ​ത്തിൽ യഹോ​വ​യു​ടെ വീക്ഷണം നമുക്കു മനസ്സി​ലാ​ക്കാൻ കഴിയും. മക്കളുടെ ഭാവി ഭദ്രമാ​കു​ന്ന​തി​നു​വേണ്ടി അവർ സാമ്പത്തി​ക​മാ​യി നല്ല നിലയി​ലെ​ത്താൻ ചില മാതാ​പി​താ​ക്കൾ ശ്രമി​ക്കു​ന്നു. അതിനു​വേണ്ടി ആത്മീയ​കാ​ര്യ​ങ്ങൾ ബലിക​ഴി​ച്ചാ​ലും വേണ്ടില്ല എന്നാണ്‌ അവർ കരുതു​ന്നത്‌. എന്നാൽ യഹോവ ആത്മീയ​കാ​ര്യ​ങ്ങൾക്കാണ്‌ ഏറ്റവു​മ​ധി​കം പ്രാധാ​ന്യം കൊടു​ക്കു​ന്ന​തെന്നു വ്യക്തമല്ലേ? നിങ്ങൾ യഹോ​വ​യു​ടെ വീക്ഷണ​മു​ള്ള​വ​രാ​ണോ? നിങ്ങളു​ടെ പ്രവർത്ത​നങ്ങൾ എന്താണു വെളി​പ്പെ​ടു​ത്തു​ന്നത്‌?—എബ്രായർ 13:5 വായി​ക്കുക.

9, 10. മറ്റുള്ളവർ ഇടറി​വീ​ഴാൻ ഇടയാ​ക്കു​ന്ന​തി​നെ യഹോവ എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌, നമുക്കും അതേ വീക്ഷണ​മാ​ണു​ള്ള​തെന്ന്‌ എങ്ങനെ തെളി​യി​ക്കാം?

9 അടുത്ത​താ​യി, മറ്റുള്ളവർ ഇടറി​വീ​ഴാൻ നമ്മൾ ഇടയാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വീക്ഷണം നോക്കാം. യേശു പറഞ്ഞു: “വിശ്വാ​സ​മുള്ള ഈ ചെറി​യ​വ​രിൽ ഒരാൾ ഇടറി​വീ​ഴാൻ ആരെങ്കി​ലും ഇടയാ​ക്കി​യാൽ, കഴുത തിരി​ക്കു​ന്ന​തു​പോ​ലുള്ള ഒരു തിരി​കല്ലു കഴുത്തിൽ കെട്ടി അയാളെ കടലിൽ എറിയു​ന്ന​താണ്‌ അയാൾക്കു കൂടുതൽ നല്ലത്‌.” (മർക്കോ. 9:42, അടിക്കു​റിപ്പ്‌) എത്ര ശക്തമായ വാക്കുകൾ! പിതാ​വി​ന്റെ വ്യക്തി​ത്വം പൂർണ​മാ​യി പ്രതി​ഫ​ലി​പ്പിച്ച വ്യക്തി​യാ​ണു യേശു. അതു​കൊണ്ട്‌ ആരു​ടെ​യെ​ങ്കി​ലും ചിന്തയി​ല്ലാത്ത പ്രവൃ​ത്തി​ക​ളു​ടെ ഫലമായി യേശു​വി​ന്റെ അനുഗാ​മി​ക​ളിൽ ഒരാൾ ഇടറി​വീ​ണാൽ യഹോവ അതു വളരെ ഗൗരവ​മാ​യി​ട്ടാ​യി​രി​ക്കും കാണു​ന്ന​തെന്നു നമുക്കു മനസ്സി​ലാ​ക്കാം.—യോഹ. 14:9.

10 ഇക്കാര്യ​ത്തിൽ നമ്മൾ യഹോ​വ​യു​ടെ​യും യേശു​വി​ന്റെ​യും വീക്ഷണം സ്വന്തമാ​ക്കി​യി​ട്ടു​ണ്ടോ? നമ്മുടെ പ്രവൃ​ത്തി​കൾ എന്താണു വെളി​പ്പെ​ടു​ത്തു​ന്നത്‌? ഉദാഹ​ര​ണ​ത്തിന്‌, നമുക്ക്‌ ഏതെങ്കി​ലും ഒരു വസ്‌ത്രം ഇഷ്ടപ്പെ​ട്ടെ​ന്നി​രി​ക്കട്ടെ. അല്ലെങ്കിൽ ഏതെങ്കി​ലും പ്രത്യേ​ക​രീ​തി​യിൽ ഒരുങ്ങു​ന്നതു നമുക്ക്‌ ഇഷ്ടമാ​ണെ​ന്നി​രി​ക്കട്ടെ. എന്നാൽ അതു സഭയിൽ ആരെ​യെ​ങ്കി​ലും ഇടറി​ക്കാ​നോ മറ്റുള്ള​വ​രിൽ മോശ​മായ വികാ​രങ്ങൾ ഉണർത്താ​നോ സാധ്യ​ത​യു​ണ്ടെ​ങ്കിൽ നമ്മൾ എന്തു ചെയ്യും? നമുക്ക്‌ ഇഷ്ടപ്പെട്ട ഒരു ഫാഷൻ ഒഴിവാ​ക്കാൻ സഹോ​ദ​ര​ങ്ങ​ളോ​ടുള്ള സ്‌നേഹം നമ്മളെ പ്രേരി​പ്പി​ക്കു​മോ?—1 തിമൊ. 2:9, 10.

11, 12. തിന്മ സംബന്ധിച്ച്‌ യഹോ​വ​യു​ടെ വീക്ഷണം നട്ടുവ​ളർത്തു​ന്ന​തും ഒപ്പം ആത്മനി​യ​ന്ത്രണം ഉണ്ടായി​രി​ക്കു​ന്ന​തും തെറ്റു ചെയ്യു​ന്ന​തിൽനിന്ന്‌ നമ്മളെ എങ്ങനെ സംരക്ഷി​ക്കും?

11 ഇനി മറ്റൊരു ഉദാഹ​രണം നോക്കാം. യഹോവ അനീതി, അതായത്‌ തെറ്റായ പ്രവൃത്തി, വെറു​ക്കു​ന്നു. (യശ. 61:8) അവകാ​ശ​പ്പെ​ടു​ത്തിയ അപൂർണ​ത​യു​ടെ ഫലമായി നമുക്കു ചില തെറ്റായ ചായ്‌വു​ക​ളു​ണ്ടെന്നു ദൈവ​ത്തിന്‌ അറിയാം. എങ്കിലും തിന്മയെ താൻ വെറു​ക്കു​ന്ന​തു​പോ​ലെ നമ്മളും വെറു​ക്കാൻ ദൈവം നമ്മളോട്‌ ആവശ്യ​പ്പെ​ടു​ന്നു. (സങ്കീർത്തനം 97:10 വായി​ക്കുക.) യഹോവ എന്തു​കൊ​ണ്ടാ​ണു തിന്മയെ വെറു​ക്കു​ന്നത്‌ എന്നതി​നെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നത്‌, യഹോ​വ​യു​ടെ ചിന്ത സ്വന്തമാ​ക്കാൻ നമ്മളെ സഹായി​ക്കും, തെറ്റിനെ ചെറു​ത്തു​നിൽക്കാ​നുള്ള ശക്തി അതു തരും.

12 അനീതി സംബന്ധിച്ച്‌ യഹോ​വ​യു​ടെ വീക്ഷണം വളർത്തി​യെ​ടു​ക്കു​ന്നത്‌, ദൈവ​വ​ചനം പേരെ​ടുത്ത്‌ പറഞ്ഞി​ട്ടി​ല്ലാത്ത ചില കാര്യങ്ങൾ തെറ്റാ​ണെന്നു തിരി​ച്ച​റി​യാൻ നമ്മളെ സഹായി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, ലോകത്ത്‌ ഇന്നു കൂടു​തൽക്കൂ​ടു​തൽ പ്രചാരം നേടി​ക്കൊ​ണ്ടി​രി​ക്കുന്ന ഒന്നാണു ധാർമി​ക​ത​യു​ടെ അതിർവ​ര​മ്പു​കൾ ലംഘി​ക്കുന്ന, മടിയിൽ ഇരുന്നുള്ള ഒരു തരം നൃത്തം. പച്ചയായ ലൈം​ഗി​കത ഉൾപ്പെ​ടു​ന്നി​ല്ലെന്നു ന്യായ​വാ​ദം ചെയ്‌തു​കൊണ്ട്‌ ഇത്തരം പ്രവർത്ത​ന​ങ്ങളെ ചിലർ ന്യായീ​ക​രി​ച്ചേ​ക്കാം. * എന്നാൽ എല്ലാ തരം തിന്മ​യെ​യും വെറു​ക്കുന്ന ദൈവ​ത്തി​ന്റെ ചിന്ത​യോ​ടു ചേരു​ന്ന​താ​ണോ ഇത്തരം പ്രവർത്ത​നങ്ങൾ? ആത്മനി​യ​ന്ത്രണം നട്ടുവ​ളർത്തി​ക്കൊ​ണ്ടും യഹോവ വെറു​ക്കുന്ന കാര്യ​ങ്ങളെ വെറു​ത്തു​കൊ​ണ്ടും തെറ്റായ കാര്യ​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ അകന്നു​നിൽക്കാം.—റോമ. 12:9.

ഭാവി​തീ​രു​മാ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ മുന്നമേ ചിന്തി​ക്കു​ക

13. നമ്മുടെ ഭാവി​തീ​രു​മാ​ന​ങ്ങളെ യഹോ​വ​യു​ടെ വീക്ഷണം എങ്ങനെ ബാധി​ക്കു​മെന്നു നമ്മൾ മുന്നമേ ചിന്തി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

13 ഭാവി​യിൽ നേരി​ട്ടേ​ക്കാ​വുന്ന സാഹച​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ യഹോ​വ​യു​ടെ ചിന്ത എന്താ​ണെന്നു വിശക​ലനം ചെയ്യു​ന്ന​തും നമ്മുടെ പഠനത്തി​ന്റെ ഭാഗമാ​യി​രി​ക്കണം. അപ്പോൾ, പെട്ടെന്ന്‌ തീരു​മാ​ന​മെ​ടു​ക്കേണ്ട ഒരു സാഹച​ര്യം വന്നാൽ, എന്തു ചെയ്യണ​മെ​ന്ന​റി​യാ​തെ പകച്ച്‌ നിൽക്കേ​ണ്ടി​വ​രില്ല. (സുഭാ. 22:3) ചില ബൈബിൾ ഉദാഹ​ര​ണങ്ങൾ നോക്കാം.

14. പോത്തി​ഫ​റി​ന്റെ ഭാര്യ വശീക​രി​ക്കാൻ ശ്രമി​ച്ച​പ്പോൾ യോ​സേഫ്‌ അതു നിരസി​ച്ച​തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

14 പോത്തി​ഫ​റി​ന്റെ ഭാര്യ വശീക​രി​ക്കാൻ ശ്രമി​ച്ച​പ്പോൾ, രണ്ടാമ​തൊന്ന്‌ ആലോ​ചി​ക്കാൻ നിൽക്കാ​തെ യോ​സേഫ്‌ അതു തള്ളിക്ക​ളഞ്ഞു. ദമ്പതി​കൾക്കി​ട​യി​ലെ വിശ്വ​സ്‌ത​ത​യെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വീക്ഷണ​ത്തെ​പ്പറ്റി യോ​സേഫ്‌ മുന്ന​മേ​തന്നെ ചിന്തി​ച്ചി​രു​ന്നു എന്നാണ്‌ ഇതു കാണി​ക്കു​ന്നത്‌. (ഉൽപത്തി 39:8, 9 വായി​ക്കുക.) പോത്തി​ഫ​റി​ന്റെ ഭാര്യ​യോ​ടു യോ​സേഫ്‌ എന്താണു പറഞ്ഞ​തെന്ന്‌ ഓർക്കുക: “ഇത്ര വലി​യൊ​രു തെറ്റു ചെയ്‌ത്‌ ഞാൻ ദൈവ​ത്തോ​ടു പാപം ചെയ്യു​ന്നത്‌ എങ്ങനെ?” ദൈവ​ത്തി​ന്റെ ചിന്തകൾ യോ​സേഫ്‌ സ്വന്തമാ​ക്കി​യെ​ന്നല്ലേ ഇതു കാണി​ക്കു​ന്നത്‌? നമ്മുടെ കാര്യ​മോ? കൂടെ ജോലി ചെയ്യുന്ന ഒരാൾ ശൃംഗ​രി​ക്കാൻ വന്നെന്നി​രി​ക്കട്ടെ. അല്ലെങ്കിൽ ആരെങ്കി​ലും നമ്മുടെ മൊ​ബൈൽ ഫോണി​ലേക്കു ലൈം​ഗി​ക​ച്ചു​വ​യുള്ള ഒരു സന്ദേശ​മോ ചിത്ര​മോ അയയ്‌ക്കു​ന്നെ​ന്നി​രി​ക്കട്ടെ. * ഇങ്ങനെ​യുള്ള സാഹച​ര്യ​ങ്ങൾ നമുക്ക്‌ എങ്ങനെ നന്നായി കൈകാ​ര്യം ചെയ്യാൻ സാധി​ക്കും? ഇത്തരം കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വീക്ഷണം നേര​ത്തേ​തന്നെ മനസ്സി​ലാ​ക്കണം, ആ ചിന്തകൾ നമ്മുടെ സ്വന്തമാ​ക്കണം, ഒരു സാഹച​ര്യ​മു​ണ്ടാ​യാൽ എന്തു ചെയ്യണ​മെന്നു മുൻകൂ​ട്ടി തീരു​മാ​നി​ക്കണം.

15. യഹോ​വ​യോ​ടുള്ള വിശ്വ​സ്‌ത​ത​യിൽ വിട്ടു​വീഴ്‌ച ചെയ്യാൻ സമ്മർദ​മു​ണ്ടാ​കു​മ്പോൾ ആ മൂന്ന്‌ എബ്രാ​യ​രെ​പ്പോ​ലെ നമുക്ക്‌ എങ്ങനെ പിടി​ച്ചു​നിൽക്കാം?

15 അടുത്ത​താ​യി, നെബൂ​ഖ​ദ്‌നേസർ രാജാ​വി​ന്റെ കാലത്തെ മൂന്ന്‌ എബ്രാ​യ​രു​ടെ ദൃഷ്ടാന്തം നോക്കാം. ശദ്രക്ക്‌, മേശക്ക്‌, അബേദ്‌-നെഗൊ എന്നിങ്ങ​നെ​യാണ്‌ അവരെ വിളി​ച്ചി​രു​ന്നത്‌. രാജാവ്‌ സ്ഥാപിച്ച സ്വർണ​ബിം​ബത്തെ ആരാധി​ക്കാൻ വിസമ്മ​തി​ച്ച​തും രാജാ​വി​നോ​ടുള്ള അവരുടെ ഉറച്ച മറുപ​ടി​യും കാണി​ക്കു​ന്നത്‌, യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്ന​തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അവർ നേര​ത്തേ​തന്നെ നന്നായി ചിന്തി​ച്ചി​രു​ന്നു എന്നാണ്‌. (പുറ. 20:4, 5; ദാനി. 3:4-6, 12, 16-18) വ്യാജ​മ​ത​ത്തോ​ടു ബന്ധപ്പെട്ട ഏതെങ്കി​ലും വിശേ​ഷ​ദി​വസം ആഘോ​ഷി​ക്കു​ന്ന​തി​നു തൊഴി​ലു​ടമ നിങ്ങ​ളോ​ടു പിരിവ്‌ ആവശ്യ​പ്പെ​ടു​ന്നെ​ങ്കിൽ നിങ്ങൾ എന്തു ചെയ്യും? അത്തരം സാഹച​ര്യ​ങ്ങ​ളു​ണ്ടാ​കു​ന്ന​തു​വരെ കാത്തി​രി​ക്കാ​തെ യഹോ​വ​യു​ടെ ചിന്ത എന്താ​ണെന്ന്‌ അറിയാൻ നിങ്ങൾക്ക്‌ ഇപ്പോൾത്തന്നെ ശ്രമി​ച്ചു​കൂ​ടേ? അങ്ങനെ​യാ​ണെ​ങ്കിൽ ആ മൂന്ന്‌ എബ്രാ​യ​രെ​പ്പോ​ലെ, ഇത്തരത്തി​ലുള്ള ഏതെങ്കി​ലും സാഹച​ര്യ​മു​ണ്ടാ​യാൽ ശരിയാ​യതു ചെയ്യാൻ നിങ്ങൾക്ക്‌ എളുപ്പ​മാ​യി​രി​ക്കും.

ഗവേഷണം ചെയ്‌ത്‌, ചികി​ത്സ​യോ​ടു ബന്ധപ്പെട്ട നിയമ​പ​ര​മായ രേഖ തയ്യാറാക്കുകയും ഡോക്ടറോടു സംസാ​രി​ക്കു​ക​യും ചെയ്‌തി​ട്ടു​ണ്ടോ? (16-ാം ഖണ്ഡിക കാണുക)

16. അടിയ​ന്തിര വൈദ്യ​ചി​കിത്സ വേണ്ടി​വ​രുന്ന സാഹച​ര്യ​ങ്ങൾ നേരി​ടാൻ യഹോ​വ​യു​ടെ ചിന്ത​യെ​ക്കു​റി​ച്ചുള്ള വ്യക്തമായ അറിവ്‌ എങ്ങനെ സഹായി​ക്കും?

16 യഹോ​വ​യു​ടെ ചിന്തക​ളെ​ക്കു​റിച്ച്‌ മുന്നമേ ധ്യാനി​ക്കു​ന്നത്‌, അടിയ​ന്തി​ര​ചി​കിത്സ ആവശ്യ​മാ​യി​വ​രുന്ന സാഹച​ര്യ​ങ്ങ​ളിൽ വിശ്വ​സ്‌ത​രാ​യി നിൽക്കാൻ നമ്മളെ സഹായി​ക്കും. രക്തമോ രക്തത്തിന്റെ നാലു പ്രധാ​ന​ഘ​ട​ക​ങ്ങ​ളിൽ ഏതെങ്കി​ലു​മോ സ്വീക​രി​ക്കി​ല്ലെന്നു നമ്മളെ​ല്ലാം ഉറച്ച തീരു​മാ​നം എടുത്തി​ട്ടുണ്ട്‌. എങ്കിലും ബൈബിൾത​ത്ത്വ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ യഹോ​വ​യു​ടെ ചിന്ത മനസ്സി​ലാ​ക്കി ചെയ്യേണ്ട ചില വൈദ്യ​ന​ട​പ​ടി​ക​ളു​ടെ കാര്യ​ത്തി​ലോ? നമ്മൾ വ്യക്തി​പ​ര​മാ​യി തീരു​മാ​നം എടുക്കണം. (പ്രവൃ. 15:28, 29) ഇതിനുള്ള ഏറ്റവും നല്ല സമയം ഏതാണ്‌? നമ്മൾ ആശുപ​ത്രി​യി​ലാ​യി​രി​ക്കു​മ്പോഴാ​ണോ? അല്ല, ആ സമയത്ത്‌ നമ്മൾ ചില​പ്പോൾ കടുത്ത വേദന അനുഭ​വി​ക്കു​ക​യാ​യി​രി​ക്കും, പെട്ടെന്ന്‌ ഒരു തീരു​മാ​നം എടുക്കാ​നുള്ള സമ്മർദ​ത്തി​ലു​മാ​യി​രി​ക്കും. കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നന്നായി പഠിച്ച്‌ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും ആ തീരു​മാ​നങ്ങൾ വ്യക്തമാ​ക്കുന്ന നിയമ​പ​ര​മായ രേഖ തയ്യാറാ​ക്കാ​നും നിങ്ങളു​ടെ ഡോക്ട​റോ​ടു സംസാ​രി​ക്കാ​നും ഉള്ള സമയം ഇപ്പോ​ഴാണ്‌. *

17-19. ഓരോ കാര്യ​ത്തെ​ക്കു​റി​ച്ചും യഹോ​വ​യു​ടെ ചിന്ത എന്താ​ണെന്ന്‌ ഇപ്പോൾത്തന്നെ പഠി​ക്കേ​ണ്ടതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? നമ്മൾ തയ്യാറാ​യി​രി​ക്കേണ്ട ഒരു സാഹച​ര്യ​ത്തിന്‌ ഉദാഹ​രണം പറയുക.

17 അവസാ​ന​മാ​യി, യേശു​വി​ന്റെ ദൃഷ്ടാന്തം നോക്കാം. “കർത്താവേ, അങ്ങനെ പറയരുത്‌. അങ്ങയ്‌ക്ക്‌ ഒരിക്ക​ലും അങ്ങനെ​യൊ​ന്നും സംഭവി​ക്കില്ല” എന്ന പത്രോ​സി​ന്റെ വഴി​തെ​റ്റി​ക്കുന്ന ഉപദേ​ശ​ത്തി​നു യേശു പെട്ടെന്ന്‌ മറുപടി കൊടു​ത്തു. വ്യക്തമാ​യും, തന്നെക്കു​റി​ച്ചുള്ള ദൈ​വേ​ഷ്ട​ത്തെ​ക്കു​റിച്ച്‌ യേശു മുന്നമേ ചിന്തി​ച്ചി​രു​ന്നു. ഭൂമി​യി​ലെ തന്റെ ജീവി​ത​ത്തെ​യും മരണ​ത്തെ​യും പറ്റി പറയുന്ന തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റി​ച്ചും യേശു ധ്യാനി​ച്ചി​രു​ന്നു. ഈ അറിവ്‌ വിശ്വ​സ്‌ത​നാ​യി തുടരാ​നും ആത്മത്യാ​ഗം ചെയ്യാ​നും ഉള്ള യേശു​വി​ന്റെ തീരു​മാ​നം ശക്തമാക്കി.—മത്തായി 16:21-23 വായി​ക്കുക.

18 നമ്മൾ ദൈവ​വു​മാ​യി ഒരു സുഹൃ​ദ്‌ബ​ന്ധ​ത്തി​ലേക്കു വരാനും ദൈവ​സേ​വ​ന​ത്തിൽ കഴിയു​ന്നി​ട​ത്തോ​ളം ചെയ്യാ​നും ആണ്‌ ദൈവം ആഗ്രഹി​ക്കു​ന്നത്‌. (മത്താ. 6:33; 28:19, 20; യാക്കോ. 4:8) എന്നാൽ യേശു​വി​ന്റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ, നല്ല ഉദ്ദേശ്യ​ത്തോ​ടെ ചിലർ നമ്മളെ ആ പാതയിൽനിന്ന്‌ വ്യതി​ച​ലി​പ്പി​ക്കാൻ ശ്രമി​ച്ചേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, തൊഴി​ലു​ടമ നിങ്ങൾക്കു ഒരു ജോലി​ക്ക​യറ്റം വാഗ്‌ദാ​നം ചെയ്‌തെ​ന്നി​രി​ക്കട്ടെ. ശമ്പളത്തിൽ നല്ല വർധന​യു​ണ്ടാ​കും. പക്ഷേ അതു നിങ്ങളു​ടെ ആത്മീയ​പ്ര​വർത്ത​ന​ങ്ങൾക്കു തടസ്സമാ​കുന്ന ഒന്നാ​ണെ​ങ്കി​ലോ? വേറൊ​രു സാഹച​ര്യം: നിങ്ങൾ ഒരു വിദ്യാർഥി​യാണ്‌. വീട്ടിൽനിന്ന്‌ മാറി​നിന്ന്‌ പഠിക്കാൻ നിങ്ങൾക്ക്‌ അവസരം കിട്ടുന്നു. ആ സമയത്ത്‌ പ്രാർഥ​നാ​പൂർവം ഗവേഷണം ചെയ്യു​ക​യും കുടും​ബാം​ഗ​ങ്ങ​ളും മൂപ്പന്മാ​രും ആയി ആലോ​ചി​ക്കു​ക​യും പിന്നെ ഒരു തീരു​മാ​നം എടുക്കു​ക​യും ചെയ്യേ​ണ്ടി​വ​രു​മോ? അതിനു പകരം, അത്തരം വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ യഹോ​വ​യു​ടെ ചിന്ത എന്താ​ണെന്ന്‌ ഇപ്പോൾത്തന്നെ പഠിച്ചു​കൂ​ടേ? അങ്ങനെ​യെ​ങ്കിൽ, എപ്പോ​ഴെ​ങ്കി​ലും അത്തര​മൊ​രു വാഗ്‌ദാ​നം കിട്ടി​യാൽ അത്‌ ഒരു പ്രലോ​ഭ​ന​മാ​യി​പ്പോ​ലും നിങ്ങൾക്കു തോന്നില്ല. കാരണം, നിങ്ങൾ ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെച്ചി​ട്ടുണ്ട്‌, ഇളകാത്ത ഒരു തീരു​മാ​നം എടുത്തി​ട്ടുണ്ട്‌. ഇനി, നിങ്ങളു​ടെ ആ തീരു​മാ​നം നടപ്പി​ലാ​ക്കുക എന്നതു മാത്രമേ ശേഷി​ക്കു​ന്നു​ള്ളൂ.

19 അപ്രതീ​ക്ഷി​ത​മാ​യി നേരി​ട്ടേ​ക്കാ​വുന്ന മറ്റു സാഹച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും നിങ്ങൾക്കു ചിന്തി​ക്കാ​വു​ന്ന​താണ്‌. എല്ലാ സാഹച​ര്യ​ങ്ങൾക്കു​മാ​യി നമുക്കു മുന്നമേ ഒരുങ്ങാ​നാ​കില്ല എന്നതു ശരിയാണ്‌. എങ്കിലും വ്യക്തി​പ​ര​മായ പഠനത്തി​ന്റെ സമയത്ത്‌ യഹോ​വ​യു​ടെ ചിന്ത​യെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നെ​ങ്കിൽ, പഠിച്ച കാര്യ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ ശരിയായ തീരു​മാ​ന​മെ​ടു​ക്കാൻ നമുക്കു സാധി​ച്ചേ​ക്കും. അതു​കൊണ്ട്‌ ഓരോ കാര്യ​ത്തെ​ക്കു​റി​ച്ചും യഹോ​വ​യു​ടെ വീക്ഷണം എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക, ആ ചിന്തകൾ നമ്മുടെ സ്വന്തമാ​ക്കുക, യഹോ​വ​യു​ടെ ചിന്തകൾ നമ്മുടെ ഇപ്പോ​ഴ​ത്തെ​യും ഭാവി​യി​ലെ​യും പ്രവർത്ത​ന​ങ്ങളെ എങ്ങനെ സ്വാധീ​നി​ക്കു​മെന്നു ഭാവന​യിൽ കണ്ടു​നോ​ക്കുക.

യഹോ​വ​യു​ടെ ചിന്തക​ളും നിങ്ങളു​ടെ ഭാവി​യും

20, 21. (എ) പുതിയ ലോക​ത്തിൽ നമുക്കുള്ള സ്വാത​ന്ത്ര്യം നമ്മൾ ആസ്വദി​ക്കു​മെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ആ സന്തോഷം ഒരു അളവു​വരെ നമുക്ക്‌ ഇപ്പോഴേ എങ്ങനെ ആസ്വദി​ക്കാം?

20 പുതിയ ലോക​ത്തി​നാ​യി നമ്മൾ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ക​യാണ്‌. നമ്മളിൽ മിക്കവ​രും ഒരു പറുദീ​സാ​ഭൂ​മി​യി​ലെ അനന്തമായ ജീവി​ത​ത്തി​നാ​യി​ട്ടാ​ണു നോക്കി​യി​രി​ക്കു​ന്നത്‌. രാജ്യ​ഭ​ര​ണ​ത്തിൻകീ​ഴിൽ, ഈ വ്യവസ്ഥി​തി​യിൽ അനുഭ​വി​ക്കുന്ന വേദന​ക​ളിൽനി​ന്നും വ്യഥക​ളിൽനി​ന്നും എല്ലാം നമ്മൾ സ്വത​ന്ത്ര​രാ​കും. എന്നാൽ ആളുകൾക്ക്‌ അപ്പോ​ഴും സ്വന്തമാ​യി തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യ​മു​ണ്ടാ​യി​രി​ക്കും. തങ്ങളുടെ അഭിരു​ചി​കൾക്കും താത്‌പ​ര്യ​ങ്ങൾക്കും ചേർച്ച​യിൽ ഓരോ​രു​ത്ത​രും തീരു​മാ​ന​ങ്ങ​ളെ​ടു​ക്കും.

21 ഒരുവന്‌ എന്തും ചെയ്യാ​നുള്ള സ്വാത​ന്ത്ര്യം ലഭിക്കും എന്നല്ല ഇതിന്‌ അർഥം. ശരിയും തെറ്റും സംബന്ധിച്ച കാര്യ​ങ്ങ​ളിൽ യഹോ​വ​യു​ടെ നിയമ​ങ്ങ​ളും ചിന്തക​ളും സൗമ്യരെ വഴിന​യി​ക്കും. അതു​കൊണ്ട്‌, ദേശ​ത്തെ​ങ്ങും സന്തോ​ഷ​വും അളവി​ല്ലാത്ത സമാധാ​ന​വും കളിയാ​ടും. (സങ്കീ. 37:11) യഹോ​വ​യു​ടെ ചിന്തകൾ നമ്മൾ ഇപ്പോൾത്തന്നെ സ്വന്തമാ​ക്കു​ക​യാ​ണെ​ങ്കിൽ, ഒരു അളവു​വരെ ആ സന്തോഷം നമുക്ക്‌ ഇപ്പോഴേ അനുഭ​വി​ക്കാൻ സാധി​ക്കും.

^ ഖ. 12 ഈ നൃത്തത്തി​നാ​യി ചെല്ലുന്ന വ്യക്തി​യു​ടെ മടിയിൽ ഇരുന്ന്‌ ക്ലബ്ബിലോ ഹോട്ട​ലി​ലോ ഉള്ള ഒരാൾ തന്റെ അർധന​ഗ്ന​ശ​രീ​രം വൃത്താ​കൃ​തി​യിൽ ചലിപ്പി​ക്കുന്ന ഒരു തരം ഡാൻസാണ്‌ (lap dancing) ഇത്‌. ഓരോ സാഹച​ര്യ​ത്തി​ലെ​യും വസ്‌തു​ത​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ ഇതു നീതി​ന്യാ​യ​ന​ട​പടി വേണ്ടി​വ​രുന്ന ലൈം​ഗിക അധാർമി​ക​ത​യു​ടെ ഗണത്തിൽപ്പെ​ട്ടേ​ക്കാം. ഇത്തരം കാര്യ​ത്തിൽ ഉൾപ്പെട്ട ഒരാൾ മൂപ്പന്മാ​രു​ടെ സഹായം തേടണം.—യാക്കോ. 5:14, 15.

^ ഖ. 14 മൊബൈൽഫോണിലൂടെ അശ്ലീലം കലർന്ന സന്ദേശങ്ങൾ, ഫോ​ട്ടോ​കൾ, വീഡി​യോ​കൾ എന്നിവ മറ്റുള്ള​വർക്ക്‌ അയച്ചു​കൊ​ടു​ക്കു​ന്ന​തി​നെ​യാ​ണു സെക്‌സ്റ്റിങ്ങ്‌ എന്നു പറയു​ന്നത്‌. ഇത്തരം സംഭവ​ങ്ങ​ളിൽ ചില​പ്പോൾ നീതി​ന്യാ​യ​ന​ട​പടി ആവശ്യ​മാ​യി​വ​ന്നേ​ക്കാം. ചില കേസു​ക​ളിൽ, സെക്‌സ്റ്റി​ങ്ങിൽ ഉൾപ്പെ​ട്ടി​ട്ടുള്ള പ്രായ​പൂർത്തി​യാ​കാ​ത്ത​വരെ കോട​തി​കൾ ലൈം​ഗിക അതി​ക്ര​മ​ത്തി​ന്റെ പേരിൽ വിചാരണ ചെയ്‌തി​ട്ടുണ്ട്‌. കൂടുതൽ വിവര​ങ്ങൾക്ക്‌ jw.org വെബ്‌​സൈ​റ്റി​ലെ “സെക്‌സ്‌ മെസേ​ജു​ക​ളെ​ക്കു​റിച്ച്‌ എന്തെല്ലാം അറിഞ്ഞി​രി​ക്കണം?” എന്ന ഓൺലൈൻ ലേഖനം വായി​ക്കുക. (ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ എന്ന ഭാഗത്ത്‌ കൗമാ​ര​ക്കാർ എന്നതിനു കീഴിൽ നോക്കുക.) അല്ലെങ്കിൽ 2014 ജനുവരി-മാർച്ച്‌ ലക്കം ഉണരുക!-യുടെ 4, 5 പേജു​ക​ളി​ലെ “സെക്‌സ്റ്റിങ്‌—മക്കളോട്‌ എങ്ങനെ സംസാ​രി​ക്കാം?” എന്ന ലേഖനം കാണുക.

^ ഖ. 16 ബന്ധപ്പെട്ട ബൈബിൾത​ത്ത്വ​ങ്ങൾ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, എന്നും ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കുക” എന്ന പുസ്‌ത​ക​ത്തി​ന്റെ 246-249 പേജുകൾ കാണുക.