വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“സത്യം വാങ്ങുക, അത്‌ ഒരിക്ക​ലും വിറ്റു​ക​ള​യ​രുത്‌”

“സത്യം വാങ്ങുക, അത്‌ ഒരിക്ക​ലും വിറ്റു​ക​ള​യ​രുത്‌”

“സത്യം വാങ്ങുക, അത്‌ ഒരിക്ക​ലും വിറ്റു​ക​ള​യ​രുത്‌. ജ്ഞാനവും ശിക്ഷണവും ഗ്രാഹ്യവും വാങ്ങുക.”—സുഭാ. 23:23.

ഗീതങ്ങൾ: 94, 96

1, 2. (എ) നമ്മുടെ ഏറ്റവും മൂല്യ​വ​ത്തായ സ്വത്ത്‌ ഏതാണ്‌? (ബി) ഏതു സത്യങ്ങൾ നമ്മൾ മൂല്യ​വ​ത്താ​യി കാണുന്നു, എന്തു​കൊണ്ട്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രങ്ങൾ കാണുക.)

നിങ്ങളു​ടെ ഏറ്റവും മൂല്യ​വ​ത്തായ സ്വത്ത്‌ ഏതാണ്‌? അതിലും വില കുറഞ്ഞ എന്തെങ്കി​ലും കാര്യ​ത്തി​നു നിങ്ങൾ അതു വെച്ചു​മാ​റു​മോ? യഹോ​വ​യു​ടെ സമർപ്പി​ത​രായ ആരാധ​കർക്ക്‌ ആ ചോദ്യ​ങ്ങ​ളു​ടെ ഉത്തരം ലളിത​മാണ്‌. നമ്മുടെ ഏറ്റവും മൂല്യ​വ​ത്തായ സ്വത്ത്‌ യഹോ​വ​യു​മാ​യി നമുക്കുള്ള ബന്ധമാണ്‌. അതിനു പകരം എന്തൊക്കെ കിട്ടു​മെന്നു പറഞ്ഞാ​ലും നമ്മൾ അതു നഷ്ടപ്പെ​ടു​ത്തില്ല. ബൈബിൾസ​ത്യ​ത്തെ​യും നമ്മൾ നിധി​പോ​ലെ കരുതു​ന്നു. നമ്മുടെ സ്വർഗീ​യ​പി​താ​വു​മാ​യി ഒരു അടുത്ത ബന്ധം വളർത്തി​യെ​ടു​ക്കാൻ നമ്മളെ സഹായി​ച്ചത്‌ ആ സത്യമാണ്‌.—കൊലോ. 1:9, 10.

2 തന്റെ വചനമായ ബൈബി​ളി​ലൂ​ടെ മഹാനായ നമ്മുടെ ഉപദേ​ഷ്ടാവ്‌ എന്തെല്ലാ​മാ​ണു പഠിപ്പി​ക്കു​ന്ന​തെന്നു ചിന്തി​ക്കുക! അർഥപൂർണ​മായ തന്റെ പേരി​നെ​ക്കു​റി​ച്ചും ആകർഷ​ക​മായ തന്റെ ഗുണങ്ങ​ളെ​ക്കു​റി​ച്ചും ഉള്ള സത്യം യഹോവ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. സ്വന്തം മകനായ യേശു​വി​ലൂ​ടെ സ്‌നേ​ഹ​പൂർവം തന്നിരി​ക്കുന്ന മോച​ന​വില എന്ന അതുല്യ​മായ സമ്മാന​ത്തെ​ക്കു​റി​ച്ചും നമ്മളെ അറിയി​ച്ചി​രി​ക്കു​ന്നു. കൂടാതെ, മിശി​ഹൈ​ക​രാ​ജ്യ​ത്തെ​ക്കു​റി​ച്ചും യഹോവ നമ്മളെ പഠിപ്പി​ച്ചി​ട്ടുണ്ട്‌. അഭിഷി​ക്തർക്കു സ്വർഗീ​യ​പ്ര​ത്യാ​ശ​യും ‘വേറെ ആടുകൾക്കു’ ഭൂമി​യിൽ ജീവി​ക്കാ​നുള്ള പ്രത്യാ​ശ​യും യഹോവ വെച്ചു​നീ​ട്ടു​ന്നു. (യോഹ. 10:16) അതു​പോ​ലെ, നമ്മൾ എങ്ങനെ ജീവി​ക്ക​ണ​മെ​ന്നും യഹോവ പഠിപ്പി​ക്കു​ന്നു. ഈ സത്യങ്ങ​ളെ​ല്ലാം നമ്മൾ മൂല്യ​വ​ത്താ​യി കാണുന്നു. കാരണം സ്രഷ്ടാ​വു​മാ​യി കൂടുതൽ അടുക്കാൻ അവ സഹായി​ക്കു​ക​യും നമ്മുടെ ജീവി​ത​ത്തിന്‌ അർഥം പകരു​ക​യും ചെയ്യുന്നു.

3. സത്യം വാങ്ങുക എന്നു പറഞ്ഞാൽ എന്ത്‌ അർഥമാ​ക്കു​ന്നില്ല?

3 യഹോവ ഉദാര​നായ ദൈവ​മാണ്‌. സത്യം അന്വേ​ഷി​ക്കു​ന്ന​വ​രിൽനിന്ന്‌ യഹോവ നല്ലതൊ​ന്നും പിടി​ച്ചു​വെ​ക്കില്ല. എന്തിന്‌, തന്റെ പ്രിയ​പു​ത്രന്റെ ജീവൻപോ​ലും ഒരു സമ്മാന​മാ​യി​ട്ടാ​ണു തന്നത്‌. തീർച്ച​യാ​യും, ദൈവം ഒരിക്ക​ലും സത്യത്തി​നു വിലയാ​യി നമ്മളോ​ടു പണം ആവശ്യ​പ്പെ​ടില്ല. ഒരിക്കൽ ശിമോൻ എന്ന ഒരാൾ, പരിശു​ദ്ധാ​ത്മാ​വി​നെ മറ്റുള്ള​വർക്കു കൊടു​ക്കാ​നുള്ള അധികാ​രം പണം കൊടുത്ത്‌ കരസ്ഥമാ​ക്കാൻ ശ്രമി​ച്ച​പ്പോൾ പത്രോസ്‌ ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ അയാളെ ശാസിച്ചു: “ദൈവം സൗജന്യ​മാ​യി കൊടു​ക്കുന്ന സമ്മാനം പണം കൊടുത്ത്‌ വാങ്ങാ​മെന്നു വ്യാ​മോ​ഹി​ച്ച​തു​കൊണ്ട്‌ നിന്റെ വെള്ളി​പ്പണം നിന്റെ​കൂ​ടെ നശിക്കട്ടെ.” (പ്രവൃ. 8:18-20) അങ്ങനെ​യെ​ങ്കിൽ “സത്യം വാങ്ങുക” എന്ന ദൈവ​പ്ര​ചോ​ദി​ത​മായ വാക്കു​ക​ളു​ടെ അർഥം എന്താണ്‌?

സത്യം “വാങ്ങുക” എന്നാൽ എന്താണ്‌ അർഥം?

4. ഈ ലേഖന​ത്തിൽ സത്യ​ത്തെ​ക്കു​റിച്ച്‌ എന്താണു പഠിക്കാൻപോ​കു​ന്നത്‌?

4 സുഭാ​ഷി​തങ്ങൾ 23:23 വായി​ക്കുക. യാതൊ​രു ശ്രമവും​കൂ​ടാ​തെ ദൈവ​വ​ച​ന​ത്തി​ലെ സത്യം കണ്ടെത്താൻ നമുക്കു കഴിയില്ല. അതു നേടി​യെ​ടു​ക്കാൻ എന്തെല്ലാം ത്യാഗങ്ങൾ ആവശ്യ​മാ​ണോ അതെല്ലാം ചെയ്യാൻ നമ്മൾ മനസ്സു കാണി​ക്കണം. സുഭാ​ഷി​ത​ങ്ങ​ളു​ടെ എഴുത്തു​കാ​രൻ പറയു​ന്ന​തു​പോ​ലെ, ഒരിക്കൽ “സത്യം” ‘വാങ്ങി​യാൽ’ അഥവാ സമ്പാദി​ച്ചാൽ അതു ‘വിറ്റു​ക​ള​യാ​തി​രി​ക്കാൻ’ അല്ലെങ്കിൽ നഷ്ടപ്പെ​ടു​ത്താ​തി​രി​ക്കാൻ നമ്മൾ ശ്രദ്ധി​ക്കണം. അതു​കൊണ്ട്‌ സത്യം “വാങ്ങുക” എന്നാൽ അതിന്റെ അർഥം എന്താ​ണെ​ന്നും അതിനു കൊടു​ക്കേ​ണ്ടി​വ​ന്നേ​ക്കാ​വുന്ന വില എന്താ​ണെ​ന്നും നമുക്ക്‌ ഇപ്പോൾ ചർച്ച ചെയ്യാം. അത്‌ സത്യ​ത്തോ​ടുള്ള നമ്മുടെ വിലമ​തിപ്പ്‌ ആഴമു​ള്ള​താ​ക്കാ​നും സത്യം ഒരിക്ക​ലും ‘വിറ്റു​ക​ള​യില്ല’ എന്ന തീരു​മാ​നം ശക്തി​പ്പെ​ടു​ത്താ​നും സഹായി​ക്കും. ഇനി കാണാൻപോ​കു​ന്ന​തു​പോ​ലെ, നമ്മൾ വാങ്ങുന്ന സത്യത്തി​നു നമ്മൾ കൊടു​ക്കുന്ന വിലയ്‌ക്കു തക്ക മൂല്യ​മുണ്ട്‌.

5, 6. (എ) പണം കൊടു​ക്കാ​തെ നമ്മൾ എങ്ങനെ​യാ​ണു സത്യം ‘വാങ്ങു​ന്നത്‌?’ ദൃഷ്ടാന്തം പറയുക. (ബി) സത്യം നമുക്ക്‌ എങ്ങനെ​യാ​ണു പ്രയോ​ജനം ചെയ്യു​ന്നത്‌?

5 ഒരു സാധനം സൗജന്യ​മാ​യി കിട്ടു​ന്ന​താ​ണെ​ങ്കി​ലും ഒരർഥ​ത്തിൽ അതിനു വില കൊടു​ക്കേ​ണ്ടി​വ​ന്നേ​ക്കാം. സുഭാ​ഷി​തങ്ങൾ 23:23-ലെ “വാങ്ങുക” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രാ​യ​പ​ദ​ത്തി​നു “സമ്പാദി​ക്കുക” എന്നും അർഥമാ​ക്കാൻ കഴിയും. മൂല്യ​വ​ത്തായ ഒരു സാധനം ലഭിക്കു​ന്ന​തി​നു​വേണ്ടി ചെയ്യുന്ന ശ്രമ​ത്തെ​യോ അതിനു​വേണ്ടി എന്തെങ്കി​ലും പകരം കൊടു​ക്കു​ന്ന​തി​നെ​യോ ആണ്‌ ഈ രണ്ടു വാക്കു​ക​ളും അർഥമാ​ക്കു​ന്നത്‌. സത്യം വാങ്ങുക എന്ന ആശയം മനസ്സി​ലാ​ക്കാൻ ഒരു ദൃഷ്ടാന്തം നോക്കാം. നിങ്ങൾ ഇങ്ങനെ ഒരു പരസ്യ​ത്തെ​ക്കു​റിച്ച്‌ അറിയു​ന്നു എന്നിരി​ക്കട്ടെ: “മാർക്ക​റ്റിൽ ഏത്തപ്പഴം സൗജന്യ​മാ​യി ലഭിക്കും.” കൈയും​കെ​ട്ടി​യി​രു​ന്നാൽ ഏത്തപ്പഴം തനിയെ നമ്മുടെ മേശപ്പു​റത്ത്‌ എത്തും എന്നാണോ അതിന്‌ അർഥം? അല്ല. കടയിൽ പോയി അതു വാങ്ങണം, അതിനു സമയം കണ്ടെത്തണം. ഏത്തപ്പഴം സൗജന്യ​മാ​ണോ എന്നു ചോദി​ച്ചാൽ അതെ. പക്ഷേ നമ്മുടെ ഭാഗത്ത്‌ ശ്രമം ആവശ്യ​മാണ്‌. സമാന​മാ​യി, സത്യം വാങ്ങു​ന്ന​തി​നു നമ്മൾ പണം കൊടു​ക്കേണ്ട ആവശ്യ​മില്ല. എന്നാൽ അതു ലഭിക്കു​ന്ന​തി​നു നമ്മുടെ ഭാഗത്ത്‌ ശ്രമം കൂടിയേ തീരൂ.

6 യശയ്യ 55:1-3 വായി​ക്കുക. സത്യം വാങ്ങുക എന്ന ആശയം കൂടു​ത​ലാ​യി മനസ്സി​ലാ​ക്കാൻ യശയ്യ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന വാക്കുകൾ നമ്മളെ സഹായി​ക്കും. ഈ ബൈബിൾഭാ​ഗത്ത്‌ യഹോവ തന്റെ വചനത്തെ വെള്ള​ത്തോ​ടും പാലി​നോ​ടും വീഞ്ഞി​നോ​ടും ഉപമി​ക്കു​ന്നു. ശുദ്ധമായ ഒരു ഗ്ലാസ്സ്‌ തണുത്ത വെള്ളം​പോ​ലെ നവോ​ന്മേഷം പകരു​ന്ന​താ​ണു ദൈവ​ത്തി​ന്റെ സത്യവ​ച​നങ്ങൾ. പാൽ നമുക്ക്‌ ഊർജം പകരു​ക​യും കുട്ടി​കളെ വളരാൻ സഹായി​ക്കു​ക​യും ചെയ്യു​ന്ന​തു​പോ​ലെ യഹോ​വ​യു​ടെ വാക്കുകൾ നമ്മുടെ ആത്മീയാ​രോ​ഗ്യം കാക്കും, ആത്മീയ​മാ​യി വളരാൻ സഹായി​ക്കു​ക​യും ചെയ്യും. യഹോ​വ​യു​ടെ വാക്കു​കളെ വീഞ്ഞി​നോ​ടും താരത​മ്യ​പ്പെ​ടു​ത്താം. എങ്ങനെ? ബൈബി​ളിൽ വീഞ്ഞിനെ സന്തോ​ഷ​വു​മാ​യി​ട്ടാ​ണു ബന്ധപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. (സങ്കീ. 104:15) അതു​കൊണ്ട്‌ ‘വീഞ്ഞു വാങ്ങി​ക്കൊ​ള്ളാൻ’ പറഞ്ഞതി​ലൂ​ടെ തന്റെ വാക്കു​കൾക്കു ചേർച്ച​യിൽ ജീവി​ക്കു​ന്നതു നമുക്കു സന്തോഷം തരും എന്ന ഉറപ്പാണ്‌ യഹോവ തരുന്നത്‌. (സങ്കീ. 19:8) ദൈവ​ത്തി​ന്റെ സത്യവ​ച​നങ്ങൾ പഠിക്കു​ക​യും അതനു​സ​രിച്ച്‌ ജീവി​ക്കു​ക​യും ചെയ്യു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ എത്ര മനോ​ഹ​ര​മാ​യി​ട്ടാണ്‌ ഇവിടെ വരച്ചു​കാ​ട്ടി​യി​രി​ക്കു​ന്നത്‌! അതിനു​വേണ്ടി ചെയ്യുന്ന ശ്രമങ്ങളെ നമ്മൾ കൊടു​ക്കുന്ന വില​യോ​ടു താരത​മ്യ​പ്പെ​ടു​ത്താ​നാ​കും. സത്യം വാങ്ങു​ന്ന​തി​നു​വേണ്ടി നമ്മൾ കൊടു​ക്കേ​ണ്ടി​വ​ന്നേ​ക്കാ​വുന്ന അഞ്ചു കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാം.

സത്യം വാങ്ങാൻ നിങ്ങൾ എന്തെല്ലാം ത്യജി​ച്ചി​രി​ക്കു​ന്നു?

7, 8. (എ) സത്യം വാങ്ങാൻ നമ്മൾ സമയം ചെലവ​ഴി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) ചെറു​പ്പ​ക്കാ​രി​യായ ഒരു വിദ്യാർഥി സത്യത്തി​നു​വേണ്ടി എത്ര സമയം കൊടു​ക്കാൻ തയ്യാറാ​യി​രു​ന്നു, അതിന്റെ ഫലം എന്തായി​രു​ന്നു?

7 സമയം. സത്യം വാങ്ങുന്ന എല്ലാവ​രും കൊടു​ക്കേണ്ട ഒരു വിലയാണ്‌ ഇത്‌. രാജ്യ​സ​ന്ദേശം ശ്രദ്ധി​ക്കാ​നും ബൈബി​ളും ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും വായി​ക്കാ​നും വ്യക്തി​പ​ര​മാ​യി ബൈബിൾ പഠിക്കാ​നും മീറ്റി​ങ്ങു​കൾക്കു തയ്യാറാ​കാ​നും ഹാജരാ​കാ​നും ഒക്കെ സമയം വേണം. ഇതിനു​വേണ്ടി, പ്രാധാ​ന്യം കുറഞ്ഞ കാര്യ​ങ്ങ​ളിൽനിന്ന്‌ നമ്മൾ ‘സമയം വിലയ്‌ക്കു വാങ്ങണം.’ (എഫെസ്യർ 5:15, 16-ഉം അടിക്കു​റി​പ്പും വായി​ക്കുക.) അടിസ്ഥാന ബൈബിൾപ​ഠി​പ്പി​ക്ക​ലു​ക​ളെ​ക്കു​റി​ച്ചുള്ള അറിവ്‌ നേടാൻ എത്ര സമയ​മെ​ടു​ക്കും? അതു നമ്മുടെ സാഹച​ര്യ​ങ്ങളെ ആശ്രയി​ച്ചി​രി​ക്കു​ന്നു. ഒരു കാര്യം ഓർത്തി​രി​ക്കാം: യഹോ​വ​യു​ടെ ജ്ഞാന​ത്തെ​യും വഴിക​ളെ​യും പ്രവൃ​ത്തി​ക​ളെ​യും കുറിച്ച്‌ നമുക്കു പഠിക്കാൻ കഴിയുന്ന കാര്യ​ങ്ങൾക്ക്‌ ഒരു പരിധി​യു​മില്ല. (റോമ. 11:33) വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ആദ്യലക്കം സത്യത്തെ ‘ഒരു ശാലീന ചെറു​പു​ഷ്‌പ​ത്തോ​ടാ​ണു’ താരത​മ്യം ചെയ്‌തത്‌. അതു തുടർന്ന്‌ ഇങ്ങനെ പറഞ്ഞു: “സത്യത്തി​ന്റെ ഒരു പുഷ്‌പം​കൊണ്ട്‌ തൃപ്‌തി​യ​ട​യ​രുത്‌. ഒരെണ്ണം മതിയാ​യി​രു​ന്നെ​ങ്കിൽ, കൂടുതൽ ഉണ്ടാകു​മാ​യി​രു​ന്നില്ല. പറിച്ചു​കൊ​ണ്ടി​രി​ക്കുക, കൂടു​ത​ലാ​യി അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കുക.” നമുക്കു നമ്മളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കാൻ കഴിയും: ‘എന്റെ സത്യത്തി​ന്റെ പൂച്ചെണ്ട്‌ എത്ര വലുതാണ്‌?’ യഹോ​വ​യെ​ക്കു​റിച്ച്‌ നമ്മൾ എത്ര പഠിച്ചാ​ലും തീരില്ല. നിത്യ​ത​യിൽ ഉടനീളം യഹോ​വ​യെ​ക്കു​റിച്ച്‌ നമുക്ക്‌ പഠിക്കാ​നു​ണ്ടാ​കും. ഇന്ന്‌, സമയം ജ്ഞാനപൂർവം ഉപയോ​ഗി​ച്ചു​കൊണ്ട്‌ നമ്മുടെ സാഹച​ര്യ​ങ്ങൾ അനുവ​ദി​ക്കു​ന്ന​ത​നു​സ​രിച്ച്‌ കഴിയു​ന്നി​ട​ത്തോ​ളം സത്യം വാങ്ങുക എന്നതാണു പ്രധാനം. സത്യത്തി​നാ​യി ദാഹിച്ച ഒരാളു​ടെ അനുഭവം നോക്കാം.

8 മരീക്കോ * എന്ന ഒരു ജാപ്പനീസ്‌ യുവതി വിദ്യാ​ഭ്യാ​സ​ത്തി​നാ​യി ഐക്യ​നാ​ടു​ക​ളി​ലെ ന്യൂ​യോർക്ക്‌ സിറ്റി​യി​ലേക്കു വന്നു. 1950-കളുടെ അവസാനം ജപ്പാനിൽ തുടങ്ങിയ ഒരു മതത്തിലെ അംഗമാ​യി​രു​ന്നു മരീക്കോ. മുൻനി​ര​സേ​വി​ക​യായ നമ്മുടെ ഒരു സഹോ​ദരി വീടു​തോ​റു​മുള്ള പ്രവർത്ത​ന​ത്തിൽ മരീ​ക്കോ​യെ കണ്ടുമു​ട്ടി. ബൈബിൾസ​ത്യം പഠിക്കാൻ തുടങ്ങി​യ​പ്പോൾ മരീ​ക്കോ​യ്‌ക്ക്‌ അങ്ങേയറ്റം സന്തോഷം തോന്നി. ആഴ്‌ച​യിൽ രണ്ടു പ്രാവ​ശ്യം ബൈബിൾ പഠിപ്പി​ക്കാൻ മരീക്കോ ആ സഹോ​ദ​രി​യോട്‌ ആവശ്യ​പ്പെട്ടു. വിദ്യാ​ഭ്യാ​സ​വും ഒരു അംശകാ​ല​ജോ​ലി​യും ഒക്കെയാ​യി തിരക്കി​ലാ​യി​രു​ന്നെ​ങ്കി​ലും മരീക്കോ പെട്ടെ​ന്നു​തന്നെ മീറ്റി​ങ്ങു​കൾക്കു ഹാജരാ​കാൻ തുടങ്ങി. മരീക്കോ കൂട്ടു​കാ​രു​മൊത്ത്‌ ചില കളിക​ളിൽ ഏർപ്പെ​ടാ​റു​ണ്ടാ​യി​രു​ന്നു. എന്നാൽ സത്യം പഠിക്കു​ന്ന​തി​നു​വേണ്ടി സമയം വിലയ്‌ക്കു വാങ്ങി. എങ്ങനെ? അത്തരം കളികൾ വേണ്ടെ​ന്നു​വെച്ചു. അത്‌ ഒരു ത്യാഗ​മാ​യി​രു​ന്നു. എന്നാൽ വളരെ പെട്ടെന്ന്‌ ആത്മീയ​പു​രോ​ഗതി വരുത്താൻ മരീ​ക്കോ​യ്‌ക്കു കഴിഞ്ഞു. ഒരു വർഷത്തി​നു​ള്ളിൽ മരീക്കോ സ്‌നാ​ന​പ്പെട്ടു, ആറു മാസം കഴിഞ്ഞ്‌ 2006-ൽ മുൻനി​ര​സേ​വനം തുടങ്ങി. ഇപ്പോ​ഴും ഒരു മുൻനി​ര​സേ​വി​ക​യാ​യി തുടരു​ന്നു.

9, 10. (എ) സത്യം വാങ്ങു​മ്പോൾ ഭൗതി​ക​വ​സ്‌തു​ക്ക​ളോ​ടുള്ള നമ്മുടെ വീക്ഷണ​ത്തിന്‌ എന്തു മാറ്റമു​ണ്ടാ​കും? (ബി) എന്തൊക്കെ അവസര​ങ്ങ​ളാ​ണു ഒരു യുവതി ഉപേക്ഷി​ച്ചത്‌, അതെക്കു​റിച്ച്‌ അവൾക്ക്‌ എന്താണ്‌ ഇപ്പോൾ തോന്നു​ന്നത്‌?

9 സാമ്പത്തി​ക​നേ​ട്ടങ്ങൾ. സത്യം വാങ്ങു​ന്ന​തി​നു ചില​പ്പോൾ നല്ല ശമ്പളമുള്ള ഒരു ജോലി ഉപേക്ഷി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. ‘മനുഷ്യ​രെ പിടി​ക്കു​ന്ന​വ​രാ​കാൻ’ യേശു ക്ഷണിച്ച​പ്പോൾ പത്രോ​സും അന്ത്ര​യോ​സും അവരുടെ ‘വലകൾ ഉപേക്ഷി​ച്ചു.’ (മത്താ. 4:18-20) ഇന്നു സത്യം പഠിക്കുന്ന ഒരു വ്യക്തി ജോലി ഉപേക്ഷി​ക്ക​ണ​മെന്ന്‌ അതിന്‌ അർഥമില്ല. കാരണം അദ്ദേഹ​ത്തി​നു തിരു​വെ​ഴു​ത്തു​പ​ര​മായ ഉത്തരവാ​ദി​ത്വ​ങ്ങ​ളു​ണ്ടാ​യി​രി​ക്കാം. (1 തിമൊ. 5:8) എങ്കിലും മിക്ക​പ്പോ​ഴും സത്യം പഠിക്കുന്ന ആളുകൾ പണത്തോ​ടും വസ്‌തു​വ​ക​ക​ളോ​ടും ഉള്ള തങ്ങളുടെ മനോ​ഭാ​വ​ത്തി​നു മാറ്റം വരു​ത്തേ​ണ്ടി​വ​രും. ജീവി​ത​ത്തിൽ ഏതിനാ​ണു പ്രാധാ​ന്യം കൊടു​ക്കേ​ണ്ട​തെന്ന്‌ അവർ തിരി​ച്ച​റി​യു​ക​യും വേണം. യേശു അതു വ്യക്തമാ​യി ഇങ്ങനെ പറഞ്ഞു: “ഈ ഭൂമി​യിൽ നിക്ഷേ​പങ്ങൾ സ്വരൂ​പി​ക്കു​ന്നതു മതിയാ​ക്കൂ. പകരം, . . . സ്വർഗ​ത്തിൽ നിക്ഷേ​പങ്ങൾ സ്വരൂ​പി​ക്കൂ.” (മത്താ. 6:19, 20) ഒരു യുവതി​യു​ടെ അനുഭവം നോക്കാം.

10 മരിയ സ്‌കൂ​ളിൽ പോകാൻ പ്രായ​മാ​കു​ന്ന​തി​നു മുമ്പു​തന്നെ ഗോൾഫ്‌ കളിച്ചു​തു​ടങ്ങി. ഹൈസ്‌കൂൾ വിദ്യാ​ഭ്യാ​സ​കാ​ലത്ത്‌ മരിയ ആ കളിയി​ലുള്ള കഴിവ്‌ വളർത്തി. നല്ല ഒരു കളിക്കാ​രി​യാ​യി​രു​ന്ന​തു​കൊണ്ട്‌ മരിയ​യ്‌ക്ക്‌ ഒരു സർവക​ലാ​ശാ​ല​യിൽ സ്‌കോ​ളർഷിപ്പ്‌ കിട്ടു​ക​യും ചെയ്‌തു. ഗോൾഫ്‌ ആയിരു​ന്നു മരിയ​യു​ടെ ജീവിതം. ഒരു മികച്ച ഗോൾഫ്‌ കളിക്കാ​രി​യാ​യി നേട്ടങ്ങൾ കൊയ്യുക എന്നതാ​യി​രു​ന്നു ലക്ഷ്യം. അപ്പോ​ഴാ​ണു മരിയ ബൈബിൾ പഠിക്കാൻ തുടങ്ങി​യത്‌. പഠിക്കുന്ന സത്യങ്ങളെ സ്‌നേ​ഹി​ച്ചു​തു​ട​ങ്ങിയ മരിയ​യ്‌ക്കു ജീവി​ത​ത്തിൽ നല്ല ചില മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞു. മരിയ പറയുന്നു: “ബൈബി​ളി​ന്റെ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ഞാൻ എന്റെ മനോ​ഭാ​വ​ത്തി​ലും ജീവി​ത​രീ​തി​യി​ലും എത്ര​ത്തോ​ളം മാറ്റം വരുത്തി​യോ അത്ര​ത്തോ​ളം എന്റെ സന്തോഷം വർധിച്ചു.” ഒരേ സമയം ആത്മീയ​സ​മ്പ​ത്തും ഭൗതി​ക​സ​മ്പ​ത്തും നേടാൻ ശ്രമി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​ണെന്നു മരിയ തിരി​ച്ച​റി​ഞ്ഞു. (മത്താ. 6:24) ഒരു ഗോൾഫ്‌ കളിക്കാ​രി​യാ​കുക എന്ന ജീവി​താ​ഭി​ലാ​ഷം മരിയ ഉപേക്ഷി​ച്ചു, ഒപ്പം അതിലൂ​ടെ കിട്ടു​മാ​യി​രുന്ന പണവും പ്രശസ്‌തി​യും എല്ലാം. അതായി​രു​ന്നു മരിയ സത്യത്തി​നു​വേണ്ടി കൊടുത്ത വില. എന്നാൽ സത്യം വാങ്ങി​യ​തു​കൊണ്ട്‌ മരിയ ഇപ്പോൾ ഒരു മുൻനി​ര​സേ​വി​ക​യാണ്‌. ഇപ്പോ​ഴത്തെ തന്റെ ജീവി​തത്തെ മരിയ എങ്ങനെ​യാ​ണു വർണി​ക്കു​ന്ന​തെ​ന്നോ: “കിട്ടാ​വു​ന്ന​തിൽവെച്ച്‌ ഏറ്റവും സന്തോ​ഷ​മുള്ള, അർഥവ​ത്തായ ഒരു ജീവിതം!”

11. സത്യം വാങ്ങു​മ്പോൾ നമ്മുടെ ചില വ്യക്തി​ബ​ന്ധ​ങ്ങൾക്ക്‌ എന്തു സംഭവി​ച്ചേ​ക്കാം?

11 വ്യക്തി​ബ​ന്ധങ്ങൾ. ബൈബിൾസ​ത്യ​ത്തി​നു ചേർച്ച​യിൽ നമ്മൾ ജീവി​ക്കാൻ തീരു​മാ​നി​ക്കു​മ്പോൾ ചില സുഹൃ​ത്തു​ക്കൾക്കും ബന്ധുക്കൾക്കും നമ്മളോ​ടുള്ള അടുപ്പം കുറ​ഞ്ഞേ​ക്കാം. എന്തു​കൊണ്ട്‌? തന്റെ അനുഗാ​മി​കൾക്കു​വേണ്ടി യേശു ഇങ്ങനെ പ്രാർഥി​ച്ചു: “സത്യത്താൽ അവരെ വിശു​ദ്ധീ​ക​രി​ക്കേ​ണമേ. അങ്ങയുടെ വചനം സത്യമാണ്‌.” (യോഹ. 17:17, അടിക്കു​റിപ്പ്‌) “വിശു​ദ്ധീ​ക​രി​ക്കേ​ണമേ” എന്നതിനു “വേർതി​രി​ക്കേ​ണമേ” എന്നും അർഥമാ​ക്കാൻ കഴിയും. സത്യം സ്വീക​രി​ക്കു​മ്പോൾ അതു നമ്മളെ ലോക​ത്തിൽനിന്ന്‌ വേർപെ​ടു​ത്തും. ബൈബിൾനി​ല​വാ​ര​ങ്ങൾക്കു ചേർച്ച​യി​ലാ​യി​രി​ക്കും നമ്മൾ പിന്നീടു ജീവി​ക്കു​ന്നത്‌. നമ്മുടെ മൂല്യ​ങ്ങൾക്കു മാറ്റം വന്നിരി​ക്കു​ന്ന​തു​കൊണ്ട്‌ ആളുകൾ നമ്മളെ വ്യത്യ​സ്‌ത​രാ​യി​ട്ടാ​യി​രി​ക്കും പിന്നെ കാണു​ന്നത്‌. ഒരു വേർതി​രിവ്‌ സൃഷ്ടി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നി​ല്ലെ​ങ്കി​ലും ചില സുഹൃ​ത്തു​ക്ക​ളും കുടും​ബാം​ഗ​ങ്ങ​ളും നമ്മളിൽനിന്ന്‌ അകന്നേ​ക്കാം, പുതിയ വിശ്വാ​സ​ത്തി​ന്റെ പേരിൽ എതിർക്കു​ക​പോ​ലും ചെയ്‌തേ​ക്കാം. അതു നമ്മളെ അതിശ​യി​പ്പി​ക്ക​രുത്‌. യേശു പറഞ്ഞു: “ഒരാളു​ടെ വീട്ടു​കാർതന്നെ അയാളു​ടെ ശത്രു​ക്ക​ളാ​കും.” (മത്താ. 10:36) സത്യം വാങ്ങു​ന്ന​തി​നു നമ്മൾ കൊടു​ക്കുന്ന വില എത്ര വലുതാ​ണെ​ങ്കി​ലും അതിന്റെ പ്രതി​ഫ​ല​ങ്ങ​ളു​മാ​യി താരത​മ്യം ചെയ്യു​മ്പോൾ അത്‌ ഒരു നഷ്ടവുമല്ല എന്നു യേശു ഉറപ്പു നൽകി.—മർക്കോസ്‌ 10:28-30 വായി​ക്കുക.

12. ജൂതനായ ഒരു വ്യക്തി സത്യം വാങ്ങു​ന്ന​തിന്‌ എന്തു വിലയാ​ണു കൊടു​ത്തത്‌?

12 ജൂതനായ ഒരു ബിസി​നെ​സ്സു​കാ​ര​നാ​യി​രു​ന്നു ആരോൺ. ദൈവ​ത്തി​ന്റെ പേര്‌ ഉച്ചരി​ക്കാൻ പാടില്ല എന്നു കുട്ടി​ക്കാ​ലം​മു​തലേ അദ്ദേഹത്തെ പഠിപ്പി​ച്ചി​രു​ന്നു. പക്ഷേ ആരോൺ ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യം അറിയാൻ അതിയാ​യി ആഗ്രഹി​ച്ചു. ഒരിക്കൽ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാൾ, എബ്രാ​യ​യി​ലുള്ള ദൈവ​നാ​മ​ത്തി​ന്റെ നാലു വ്യഞ്‌ജ​ന​ങ്ങ​ളോ​ടൊ​പ്പം സ്വരാ​ക്ഷ​ര​ങ്ങ​ളും ചേർത്താൽ “യഹോവ” എന്ന്‌ ഉച്ചരി​ക്കാ​മെന്നു കാണി​ച്ചു​കൊ​ടു​ത്തു. ആരോ​ണിന്‌ ആവേശ​മാ​യി. തനിക്കു പുതു​താ​യി കിട്ടിയ ഈ അറിവ്‌ റബ്ബിമാ​രോ​ടു പറയാൻ അദ്ദേഹം സിന​ഗോ​ഗി​ലേക്കു പോയി. പക്ഷേ അവരുടെ പ്രതി​ക​രണം ആരോ​ണി​നെ ഞെട്ടിച്ചു. ദൈവ​ത്തി​ന്റെ പേരി​നെ​ക്കു​റി​ച്ചുള്ള സത്യം പഠിച്ച ആരോ​ണി​ന്റെ സന്തോ​ഷ​ത്തിൽ പങ്കു ചേരു​ന്ന​തി​നു പകരം അവർ അദ്ദേഹ​ത്തി​ന്റെ മേൽ തുപ്പു​ക​യും പുറത്താ​ക്ക​പ്പെട്ട ഒരാ​ളോ​ടെ​ന്ന​പോ​ലെ ഇടപെ​ടു​ക​യും ചെയ്‌തു. അദ്ദേഹ​ത്തി​ന്റെ കുടും​ബ​ബ​ന്ധ​ങ്ങൾക്കു വിള്ളൽ വീണു. പക്ഷേ അതൊ​ന്നും ആരോൺ കാര്യ​മാ​യെ​ടു​ത്തില്ല. അദ്ദേഹം സത്യം വാങ്ങു​ന്ന​തിൽ തുടർന്നു. ശേഷിച്ച ജീവി​ത​കാ​ലത്ത്‌ ഉടനീളം യഹോ​വ​യു​ടെ ധീരനായ ഒരു സാക്ഷി​യാ​യി സേവിച്ചു. ആരോ​ണി​നെ​പ്പോ​ലെ, സത്യത്തിൽ നടക്കു​ന്ന​തി​നു സമൂഹ​ത്തിൽ നമുക്കുള്ള സ്ഥാനത്തി​ലോ കുടും​ബ​ബ​ന്ധ​ങ്ങ​ളി​ലോ വരുന്ന ഏതൊരു മാറ്റവും ഉൾക്കൊ​ള്ളാൻ നമ്മൾ തയ്യാറാ​കണം.

13, 14. സത്യം വാങ്ങു​ന്ന​തി​നു നമ്മുടെ ചിന്തയി​ലും പ്രവർത്ത​ന​ങ്ങ​ളി​ലും എന്തൊക്കെ മാറ്റങ്ങൾ വേണ്ടി​വ​ന്നേ​ക്കാം? ഒരു ഉദാഹ​രണം പറയുക.

13 ദൈവി​ക​മ​ല്ലാത്ത ചിന്തയും പ്രവർത്ത​ന​ങ്ങ​ളും. സത്യം സ്വീക​രി​ക്കാ​നും ബൈബി​ളി​ന്റെ ധാർമി​ക​നി​ല​വാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കാ​നും വേണ്ടി ചിന്തയി​ലും പ്രവർത്ത​ന​ങ്ങ​ളി​ലും മാറ്റങ്ങൾ വരുത്താൻ നമ്മൾ മനസ്സു​ള്ള​വ​രാ​യി​രി​ക്കണം. ഈ മാറ്റങ്ങ​ളെ​ക്കു​റിച്ച്‌ പത്രോസ്‌ എന്താണ്‌ എഴുതി​യ​തെന്നു നോക്കുക: “അനുസ​ര​ണ​മുള്ള മക്കളെന്ന നിലയിൽ, അറിവി​ല്ലാ​യ്‌മ​യു​ടെ കാലത്തു​ണ്ടാ​യി​രുന്ന മോഹ​ങ്ങൾക്കു വഴങ്ങി​ക്കൊ​ടു​ക്കു​ന്നതു നിറു​ത്തുക. പകരം . . . നിങ്ങളും എല്ലാ കാര്യ​ങ്ങ​ളി​ലും വിശു​ദ്ധ​രാ​യി​രി​ക്കുക.” (1 പത്രോ. 1:14, 15) ധാർമി​ക​മാ​യി അധഃപ​തിച്ച കൊരിന്ത്‌ നഗരത്തി​ലെ ആളുകൾക്ക്‌, സത്യം വാങ്ങു​ന്ന​തിന്‌ അവരുടെ ജീവി​ത​രീ​തി​യിൽ വളരെ​യ​ധി​കം മാറ്റങ്ങൾ വരു​ത്തേ​ണ്ടി​യി​രു​ന്നു. (1 കൊരി. 6:9-11) സമാന​മാ​യി ഇന്നും, സത്യം വാങ്ങു​ന്ന​തിന്‌ അനേകം ആളുകൾ അവരുടെ ദൈവി​ക​മ​ല്ലാത്ത പ്രവർത്ത​നങ്ങൾ വിട്ടു​ക​ള​ഞ്ഞി​രി​ക്കു​ന്നു. പത്രോസ്‌ അക്കാലത്തെ ക്രിസ്‌ത്യാ​നി​ക​ളോട്‌ ഇങ്ങനെ​യും പറഞ്ഞു: “കഴിഞ്ഞ കാലത്ത്‌ നിങ്ങൾ, ജനതക​ളിൽപ്പെ​ട്ടവർ ചെയ്യാൻ ഇഷ്ടപ്പെ​ടു​ന്ന​തു​പോ​ലെ ധിക്കാ​ര​ത്തോ​ടെ​യുള്ള പെരു​മാ​റ്റ​ത്തി​ലും അനിയ​ന്ത്രി​ത​മായ മോഹ​ങ്ങ​ളി​ലും അമിത​മായ മദ്യപാ​ന​ത്തി​ലും വന്യമായ ആഘോ​ഷ​ങ്ങ​ളി​ലും മത്സരി​ച്ചുള്ള കുടി​യി​ലും മ്ലേച്ഛമായ വിഗ്ര​ഹാ​രാ​ധ​ന​യി​ലും മുഴുകി വേണ്ടു​വോ​ളം ജീവിച്ചു.”—1 പത്രോ. 4:3.

14 അനേക​വർഷ​ങ്ങ​ളാ​യി ഡെവി​നും ജാസ്‌മി​നും മദ്യപാ​നി​ക​ളാ​യി​രു​ന്നു. ഡെവിൻ നല്ല കഴിവുള്ള ഒരു കണക്കെ​ഴു​ത്തു​കാ​രൻ ആയിരു​ന്നെ​ങ്കി​ലും മദ്യപാ​നം കാരണം കിട്ടുന്ന ജോലി​യെ​ല്ലാം നഷ്ടപ്പെ​ടു​മാ​യി​രു​ന്നു. ജാസ്‌മി​നാ​കട്ടെ, തന്റേടി​യും അക്രമാ​സ​ക്ത​യും ആയിരു​ന്നു. ഒരു ദിവസം ജാസ്‌മിൻ മദ്യപി​ച്ചിട്ട്‌ വഴിയി​ലൂ​ടെ നടക്കു​മ്പോൾ മിഷന​റി​മാ​രായ രണ്ടു സാക്ഷി​കളെ കണ്ടുമു​ട്ടി. ആ മിഷന​റി​മാർ ഒരു ബൈബിൾപ​ഠ​ന​ത്തി​നുള്ള ക്രമീ​ക​രണം ചെയ്‌തു. അടുത്ത ആഴ്‌ച ഡെവിന്റെ വീട്ടിൽ മിഷന​റി​മാർ എത്തിയ​പ്പോൾ ഡെവി​നും ജാസ്‌മി​നും കുടിച്ച്‌ ലക്കുകെട്ട അവസ്ഥയി​ലാ​യി​രു​ന്നു. ആ മിഷന​റി​മാർ അവരെ തേടി അവരുടെ വീട്ടിൽ ചെല്ലു​മെന്ന്‌ അവർ ഒട്ടും പ്രതീ​ക്ഷി​ച്ചില്ല. എന്നാൽ അടുത്ത പ്രാവ​ശ്യം മിഷന​റി​മാർ ചെന്ന​പ്പോൾമു​തൽ ഡെവി​നും ജാസ്‌മി​നും ഉത്സാഹ​ത്തോ​ടെ ബൈബിൾ പഠിക്കാൻ തുടങ്ങി. പഠിക്കുന്ന കാര്യങ്ങൾ ബാധക​മാ​ക്കു​ക​യും ചെയ്‌തു. മൂന്നു മാസത്തി​നു​ള്ളിൽ അവർ കുടി നിറുത്തി, പിന്നീട്‌ അവരുടെ വിവാഹം നിയമാ​നു​സൃ​ത​മാ​ക്കി. അവരുടെ ഈ മാറ്റം നാട്ടി​ലെ​ങ്ങും അറിയാൻ ഇടയായി. ആ ഗ്രാമ​ത്തി​ലെ അനേകം ആളുകൾ ബൈബിൾ പഠിക്കാൻ ഇതു കാരണ​മാ​യി.

15. സത്യം വാങ്ങു​ന്ന​തി​നു​വേണ്ടി നമ്മൾ കൊടു​ക്കേ​ണ്ടി​വ​ന്നേ​ക്കാ​വുന്ന മറ്റൊരു വില ഏതാണ്‌, അത്‌ ബുദ്ധി​മു​ട്ടാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

15 തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മായ ആചാര​ങ്ങ​ളും രീതി​ക​ളും. ചിലരെ സംബന്ധി​ച്ചി​ട​ത്തോ​ളം, തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മായ ആചാര​ങ്ങ​ളും രീതി​ക​ളും ഉപേക്ഷി​ക്കു​ന്ന​താ​യി​രി​ക്കാം സത്യത്തി​നു​വേണ്ടി കൊടു​ക്കേ​ണ്ടി​വ​രുന്ന ഏറ്റവും വലിയ വില. തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മായ ആചാരങ്ങൾ ഉപേക്ഷി​ക്കാൻ ചിലർക്ക്‌ എളുപ്പ​മാ​യി​രി​ക്കും. എന്നാൽ മറ്റു ചിലർക്കു കുടും​ബാം​ഗ​ങ്ങ​ളു​ടെ​യും സഹപ്ര​വർത്ത​ക​രു​ടെ​യും സുഹൃ​ത്തു​ക്ക​ളു​ടെ​യും എതിർപ്പു കാരണം ഈ വില കൊടുത്ത്‌ സത്യം വാങ്ങാൻ മടി തോന്നി​യേ​ക്കാം. പ്രത്യേ​കിച്ച്‌ മരണത്തിൽ നഷ്ടപ്പെട്ട കുടും​ബാം​ഗ​ങ്ങൾക്കു​വേണ്ടി നടത്തുന്ന ചടങ്ങു​ക​ളു​ടെ സമയത്ത്‌ അവർ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​ക്കി​യേ​ക്കാം. (ആവ. 14:1) എന്നാൽ ധൈര്യ​ത്തോ​ടെ പ്രവർത്തി​ച്ച​വ​രു​ടെ മാതൃക, ഇത്തരം ആചാരങ്ങൾ ഉപേക്ഷി​ക്കാൻ നമ്മളെ സഹായി​ക്കും. ഒന്നാം നൂറ്റാ​ണ്ടിൽ എഫെ​സൊ​സി​ലെ ആളുകൾ ധൈര്യ​ത്തോ​ടെ നിലപാ​ടെ​ടു​ത്ത​തി​നെ​ക്കു​റിച്ച്‌ നമുക്കു നോക്കാം.

16. എഫെ​സൊ​സി​ലുള്ള ചിലർ സത്യം വാങ്ങു​ന്ന​തി​നു​വേണ്ടി എന്തു ചെയ്‌തു?

16 മന്ത്ര​പ്ര​യോ​ഗ​ങ്ങൾക്കു പേരു​കേട്ട ഒരു നഗരമാ​യി​രു​ന്നു എഫെ​സൊസ്‌. അവിടെ, പുതു​താ​യി ക്രിസ്‌ത്യാ​നി​ക​ളാ​യവർ മന്ത്ര​പ്ര​യോ​ഗങ്ങൾ ഉപേക്ഷി​ക്കാ​നും സത്യം വാങ്ങാ​നും എന്താണു ചെയ്‌തത്‌? ബൈബിൾ പറയുന്നു: “മന്ത്ര​പ്ര​യോ​ഗങ്ങൾ നടത്തി​യി​രുന്ന ധാരാളം പേർ അവരുടെ പുസ്‌ത​ക​ങ്ങ​ളെ​ല്ലാം കൊണ്ടു​വന്ന്‌ എല്ലാവ​രു​ടെ​യും മുന്നിൽവെച്ച്‌ കത്തിച്ചു​ക​ളഞ്ഞു. അവർ അവയുടെ വില കണക്കു​കൂ​ട്ടി. അത്‌ 50,000 വെള്ളി​ക്കാ​ശു വരുമാ​യി​രു​ന്നു. ഇങ്ങനെ യഹോ​വ​യു​ടെ വചനം പ്രചരി​ക്കു​ക​യും ശക്തിയാർജി​ക്കു​ക​യും ചെയ്‌തു.” (പ്രവൃ. 19:19, 20) വൻ സാമ്പത്തി​ക​ന​ഷ്ട​മു​ണ്ടാ​യി​ട്ടും വിശ്വ​സ്‌ത​രായ ക്രിസ്‌ത്യാ​നി​കൾ ഇത്തരം ത്യാഗം ചെയ്യാൻ മടി കാണി​ച്ചില്ല, അവർ മഹത്തായ അനു​ഗ്ര​ഹങ്ങൾ നേടി.

17. (എ) സത്യം വാങ്ങു​ന്ന​തി​നു​വേണ്ടി നമ്മൾ എന്തൊക്കെ കാര്യങ്ങൾ വിലയാ​യി കൊടു​ക്കേ​ണ്ടി​വ​ന്നി​രി​ക്കാം? (ബി) അടുത്ത ലേഖന​ത്തിൽ നമ്മൾ ഏതൊക്കെ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തും?

17 സത്യം വാങ്ങു​ന്ന​തി​നു​വേണ്ടി നിങ്ങൾ എന്തു വിലയാ​ണു കൊടു​ത്തത്‌? സത്യത്തി​ന്റെ പുഷ്‌പങ്ങൾ പറി​ച്ചെ​ടു​ക്കു​ന്ന​തി​നു​വേണ്ടി നമ്മൾ എല്ലാവ​രും വളരെ​യ​ധി​കം സമയം ചെലവ​ഴി​ക്കു​ന്നു. ചിലർ സാമ്പത്തി​ക​നേ​ട്ടങ്ങൾ വേണ്ടെ​ന്നു​വെച്ചു. വേറെ ചിലർ വ്യക്തി​ബ​ന്ധ​ങ്ങ​ളിൽ ചില മാറ്റങ്ങൾ വരുത്തി. മറ്റു ചിലരാ​കട്ടെ, തങ്ങളുടെ ചിന്തയി​ലും പ്രവർത്ത​ന​ങ്ങ​ളി​ലും മാറ്റങ്ങൾ വരുത്തി. തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മായ ആചാര​ങ്ങ​ളും രീതി​ക​ളും ചിലർക്ക്‌ ഉപേക്ഷി​ക്കേ​ണ്ടി​വന്നു. എന്നാൽ നമുക്ക്‌ ഒന്നറി​യാം, എന്തൊക്കെ വില കൊടു​ക്കേ​ണ്ടി​വ​ന്നാ​ലും ബൈബിൾസ​ത്യ​മാണ്‌ അതി​നെ​ക്കാ​ളെ​ല്ലാം മൂല്യ​വ​ത്താ​യത്‌. അതിലൂ​ടെ നമുക്ക്‌ യഹോ​വ​യു​മാ​യി നല്ലൊരു ബന്ധത്തി​ലാ​കാൻ കഴിയു​ന്നു. അതാണു നമ്മുടെ ഏറ്റവും മൂല്യ​വ​ത്തായ സ്വത്ത്‌. സത്യം അറിഞ്ഞ​തി​ലൂ​ടെ ലഭിക്കുന്ന അനു​ഗ്ര​ഹങ്ങൾ അനുഭ​വി​ച്ച​റി​യു​മ്പോൾ ആരെങ്കി​ലും ഈ സത്യം വിൽക്കു​ന്ന​തി​നെ​പ്പറ്റി നമുക്കു ചിന്തി​ക്കാൻപോ​ലു​മാ​കില്ല. അങ്ങനെ ആരെങ്കി​ലും ചെയ്യു​മോ? ഗുരു​ത​ര​മായ അത്തരം ഒരു തെറ്റു പറ്റാതി​രി​ക്കാൻ നമുക്ക്‌ എന്തു ചെയ്യാം? അടുത്ത ലേഖന​ത്തിൽ അതിനുള്ള ഉത്തരം നോക്കാം.

^ ഖ. 8 ഈ ലേഖന​ത്തി​ലെ ചില പേരുകൾ യഥാർഥമല്ല.