വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

മരണത്തിനു മുമ്പുള്ള രാത്രി​യിൽ യേശു പറഞ്ഞ സാമൂ​ഹ്യ​സേ​വകർ ആരാണ്‌, എന്തു​കൊ​ണ്ടാണ്‌ അവർക്ക്‌ അങ്ങനെ​യൊ​രു സ്ഥാന​പ്പേര്‌ കൊടു​ത്തത്‌?

സഹവി​ശ്വാ​സി​കൾക്കി​ട​യിൽ പ്രമു​ഖ​മായ സ്ഥാനങ്ങൾ നേടാൻ ശ്രമി​ക്ക​രു​തെന്നു മരണത്തി​നു മുമ്പുള്ള രാത്രി​യിൽ യേശു ശിഷ്യ​ന്മാ​രെ ഉപദേ​ശി​ച്ചു. യേശു പറഞ്ഞു: “ജനതക​ളു​ടെ മേൽ അവരുടെ രാജാ​ക്ക​ന്മാർ ആധിപ​ത്യം നടത്തുന്നു. അവരുടെ മേൽ അധികാ​രം പ്രയോ​ഗി​ക്കു​ന്നവർ സാമൂ​ഹ്യ​സേ​വകർ എന്നു പേരെ​ടു​ക്കു​ന്നു. നിങ്ങളോ അങ്ങനെ​യാ​യി​രി​ക്ക​രുത്‌.”—ലൂക്കോ. 22:25, 26.

യേശു പറഞ്ഞ സാമൂ​ഹ്യ​സേ​വകർ ആരാണ്‌? ഗ്രീക്ക്‌, റോമൻ സമൂഹ​ങ്ങ​ളിൽ പ്രശസ്‌ത​രായ വ്യക്തി​ക​ളെ​യും ഭരണാ​ധി​കാ​രി​ക​ളെ​യും യൂയെർജെ​റ്റിസ്‌ അഥവാ സാമൂ​ഹ്യ​സേ​വകൻ എന്ന സ്ഥാന​പ്പേര്‌ നൽകി ആദരി​ച്ചി​രു​ന്നെന്ന്‌ ആലേഖ​ന​ങ്ങ​ളും നാണയ​ങ്ങ​ളും എഴുത്തു​ക​ളും വെളി​പ്പെ​ടു​ത്തു​ന്നു. ശ്രദ്ധേ​യ​മായ രീതി​യിൽ സാമൂ​ഹി​ക​സേ​വനം ചെയ്‌ത​തി​ന്റെ പേരി​ലാ​ണു വ്യക്തി​കൾക്ക്‌ ഈ ബഹുമതി കൊടു​ത്തി​രു​ന്നത്‌.

പല രാജാ​ക്ക​ന്മാർക്കും സാമൂ​ഹ്യ​സേ​വകൻ എന്ന സ്ഥാന​പ്പേ​രു​ണ്ടാ​യി​രു​ന്നു. ഈജി​പ്‌തി​ലെ ഭരണാ​ധി​കാ​രി​ക​ളാ​യി​രുന്ന ടോളമി മൂന്നാമൻ (ഏകദേശം ബി.സി. 247-222), ടോളമി എട്ടാമൻ (ഏകദേശം ബി.സി. 147-117) അവരിൽ ചിലരാ​യി​രു​ന്നു. റോമൻ ഭരണാ​ധി​കാ​രി​ക​ളായ ജൂലി​യസ്‌ സീസറും (ബി.സി. 48-44) അഗസ്റ്റസും (ബി.സി. 31-എ.ഡി. 14) ഈ സ്ഥാന​പ്പേര്‌ വഹിച്ചി​രു​ന്നു. സമാന​മാ​യി, യഹൂദ്യ​യി​ലെ രാജാ​വാ​യി​രുന്ന മഹാനായ ഹെരോ​ദും ഈ സ്ഥാന​പ്പേ​രിന്‌ ഉടമയാ​യി​രു​ന്നു. ഒരു ക്ഷാമകാ​ലത്ത്‌ ജനങ്ങൾക്കു ഗോതമ്പു ഇറക്കു​മതി ചെയ്‌തു​കൊ​ടു​ത്ത​തി​നും ആവശ്യ​മു​ള്ള​വർക്കു വസ്‌ത്രങ്ങൾ എത്തിച്ച​തി​നും ആയിരി​ക്കാം ഹെരോ​ദിന്‌ ഈ ബഹുമതി കിട്ടി​യത്‌.

സാമൂ​ഹ്യ​സേ​വ​കൻ എന്ന സ്ഥാന​പ്പേര്‌ പരക്കെ ഉപയോഗിച്ചിരുന്നതായി ജർമൻ ബൈബിൾപണ്ഡിതനായ അഡോൾഫ്‌ ഡിസ്‌മാൻ പറയുന്നു. അദ്ദേഹം എഴുതി: “ആലേഖ​ന​ങ്ങ​ളിൽ ഈ സ്ഥാന​പ്പേര്‌ നൂറു​ക​ണ​ക്കി​നു സ്ഥലങ്ങളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു കണ്ടെത്താൻ ചുരു​ങ്ങിയ സമയം മതി.”

അങ്ങനെ​യെ​ങ്കിൽ, “നിങ്ങളോ അങ്ങനെ​യാ​യി​രി​ക്ക​രുത്‌” എന്നു പറഞ്ഞ​പ്പോൾ യേശു എന്താണ്‌ അർഥമാ​ക്കി​യത്‌? സമൂഹ​ത്തോ​ടു യാതൊ​രു പ്രതി​ബ​ദ്ധ​ത​യും വേണ്ടെ​ന്നാ​ണോ? ചുറ്റു​മു​ള്ള​വ​രു​ടെ ക്ഷേമ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കേണ്ട എന്നാണോ? ഒരിക്ക​ലു​മല്ല. ഉദാരത കാണി​ക്കു​ന്ന​തി​ന്റെ പിന്നിലെ ആന്തരമാ​യി​രി​ക്കാം യേശു ഉദ്ദേശി​ച്ചത്‌.

യേശു​വി​ന്റെ കാലത്ത്‌ സമ്പന്നരായ ആളുകൾ കീർത്തി സമ്പാദി​ക്കാൻ സ്റ്റേഡി​യ​ങ്ങ​ളിൽ കലാപ​രി​പാ​ടി​ക​ളും കായി​ക​വി​നോ​ദ​ങ്ങ​ളും സംഘടി​പ്പി​ക്കു​ക​യും പാർക്കു​ക​ളും ദേവാ​ല​യ​ങ്ങ​ളും പണിയു​ക​യും ഇത്തരത്തി​ലുള്ള പ്രവർത്ത​ന​ങ്ങളെ പിന്തു​ണ​യ്‌ക്കു​ക​യും ചെയ്‌തി​രു​ന്നു. എന്നാൽ ഇങ്ങനെ​യൊ​ക്കെ അവർ ചെയ്‌ത​തി​ന്റെ ഉദ്ദേശ്യം മറ്റുള്ള​വ​രു​ടെ കൈയടി നേടാ​നും ശ്രദ്ധാ​കേ​ന്ദ്ര​ങ്ങ​ളാ​കാ​നും വോട്ടു​കൾ കിട്ടാ​നും ആയിരു​ന്നു. ഒരു പുസ്‌തകം പറയുന്നു: “കൊടു​ക്കു​ന്നവർ ഉദാര​ത​യു​ടെ നല്ല മാതൃ​ക​ക​ളാ​യി​രു​ന്നു എന്നതു ശരിയാണ്‌. പക്ഷേ അതിന്‌ അവരെ പ്രേരി​പ്പിച്ച സംഗതി സ്വന്തം രാഷ്‌ട്രീയ ഉന്നമന​മാ​യി​രു​ന്നു.” അധികാ​ര​മോ​ഹ​ത്തി​ന്റെ​യും സ്വാർഥ​താ​ത്‌പ​ര്യ​ത്തി​ന്റെ​യും അത്തരം മനോ​ഭാ​വം ഒഴിവാ​ക്കാ​നാ​ണു യേശു അനുഗാ​മി​ക​ളോ​ടു പറഞ്ഞത്‌.

ഏതാനും വർഷങ്ങൾക്കു ശേഷം, ശരിയായ മനോ​ഭാ​വ​ത്തോ​ടെ കൊടു​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ പൗലോസ്‌ അപ്പോ​സ്‌തലൻ ഊന്നി​പ്പ​റഞ്ഞു. കൊരി​ന്തി​ലെ സഹവി​ശ്വാ​സി​കൾക്ക്‌ അദ്ദേഹം ഇങ്ങനെ എഴുതി: “ഓരോ​രു​ത്ത​രും ഹൃദയ​ത്തിൽ നിശ്ചയി​ച്ച​തു​പോ​ലെ ചെയ്യട്ടെ. മനസ്സി​ല്ലാ​മ​ന​സ്സോ​ടെ​യോ നിർബ​ന്ധ​ത്താ​ലോ അരുത്‌. സന്തോ​ഷ​ത്തോ​ടെ കൊടു​ക്കു​ന്ന​വ​രെ​യാ​ണു ദൈവം സ്‌നേ​ഹി​ക്കു​ന്നത്‌.”—2 കൊരി. 9:7.