വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യുവജ​ന​ങ്ങളേ, പിശാ​ചി​നെ എതിർത്തു​നിൽക്കുക

യുവജ​ന​ങ്ങളേ, പിശാ​ചി​നെ എതിർത്തു​നിൽക്കുക

“പിശാ​ചി​ന്റെ കുടി​ല​ത​ന്ത്ര​ങ്ങ​ളോട്‌ എതിർത്തു​നിൽക്കാൻ കഴി​യേ​ണ്ട​തി​നു ദൈവ​ത്തിൽനി​ന്നുള്ള സമ്പൂർണ​പ​ട​ക്കോ​പ്പു ധരിക്കുക.”—എഫെ. 6:11.

ഗീതങ്ങൾ: 79, 140

1, 2. (എ) ക്രിസ്‌തീ​യ​യു​വ​ജ​നങ്ങൾ ദുഷ്ടരായ ആത്മവ്യ​ക്തി​കൾക്കെ​തി​രെ പോരാ​ടി വിജയി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.) (ബി) നമ്മൾ എന്താണു പഠിക്കാൻപോ​കു​ന്നത്‌?

പൗലോസ്‌ അപ്പോ​സ്‌തലൻ ക്രിസ്‌ത്യാ​നി​ക​ളായ നമ്മളെ യുദ്ധത്തിൽ ഏർപ്പെ​ട്ടി​രി​ക്കുന്ന പടയാ​ളി​ക​ളോ​ടാ​ണു താരത​മ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. നമ്മുടെ യുദ്ധം ആത്മീയ​മാണ്‌, അക്ഷരീ​യമല്ല എന്നതു ശരിതന്നെ. പക്ഷേ നമ്മുടെ ശത്രുക്കൾ യഥാർഥ​മാണ്‌. സാത്താ​നും ഭൂതങ്ങ​ളും ആണ്‌ നമ്മുടെ ശത്രുക്കൾ. ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളു​ടെ അനുഭ​വ​പ​രി​ച​യ​മുള്ള, കഴിവുറ്റ യോദ്ധാ​ക്ക​ളാണ്‌ അവർ. ഒറ്റനോ​ട്ട​ത്തിൽ നമ്മുടെ സ്ഥിതി ആശയറ്റ​താ​ണെന്നു തോന്നി​യേ​ക്കാം, വിശേ​ഷി​ച്ചും യുവജ​ന​ങ്ങ​ളു​ടെ. അമാനുഷികശക്തിയുള്ള ആത്മമണ്ഡലത്തിലെ ഈ ദുഷ്ടർക്കെ​തി​രെ യുവജ​ന​ങ്ങൾക്കു പോരാ​ടി ജയിക്കാൻ കഴിയു​മോ? കഴിയും എന്നതാണു സത്യം. അവർ വിജയി​ക്കു​ന്നു​മുണ്ട്‌. അവർക്ക്‌ അതിന്‌ എങ്ങനെ​യാ​ണു സാധി​ക്കു​ന്നത്‌? ‘കർത്താ​വിൽനിന്ന്‌ ശക്തിയാർജി​ച്ചു​കൊണ്ട്‌.’ എന്നാൽ മറ്റൊരു കാര്യ​വും അവർ ചെയ്യു​ന്നുണ്ട്‌, നല്ല പരിശീ​ലനം കിട്ടിയ പടയാ​ളി​ക​ളെ​പ്പോ​ലെ അവർ ‘ദൈവ​ത്തിൽനി​ന്നുള്ള സമ്പൂർണ​പ​ട​ക്കോ​പ്പു ധരിക്കു​ന്നു.’—എഫെസ്യർ 6:10-12 വായി​ക്കുക.

2 ഈ ദൃഷ്ടാന്തം പറഞ്ഞ​പ്പോൾ പടക്കോ​പ്പു ധരിച്ച ഒരു റോമൻ പടയാ​ളി​യു​ടെ ചിത്ര​മാ​യി​രി​ക്കാം പൗലോ​സി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌. (പ്രവൃ. 28:16) അതു യോജിച്ച ഒരു ദൃഷ്ടാ​ന്ത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്നു നമുക്കു നോക്കാം. അതോ​ടൊ​പ്പം, സമ്പൂർണ​പ​ട​ക്കോ​പ്പി​ന്റെ ഓരോ ഭാഗവും ധരിക്കു​ന്ന​തി​ന്റെ ബുദ്ധി​മു​ട്ടു​ക​ളെ​യും പ്രയോ​ജ​ന​ങ്ങ​ളെ​യും കുറിച്ച്‌ ചില യുവജ​നങ്ങൾ പറയു​ന്ന​തും നമുക്കു ശ്രദ്ധി​ക്കാം.

നിങ്ങളുടെ പടക്കോ​പ്പു പൂർണ​മാ​ണോ?

‘സത്യം അരയ്‌ക്കു കെട്ടുക’

3, 4. ബൈബിൾസ​ത്യ​ത്തെ റോമൻ പടയാ​ളി​യു​ടെ അരപ്പട്ട​യോട്‌ ഉപമി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

3 എഫെസ്യർ 6:14 വായി​ക്കുക. റോമൻ പടയാ​ളി​ക​ളു​ടെ അരപ്പട്ട​യിൽ അരക്കെ​ട്ടി​നെ സംരക്ഷി​ക്കു​ന്ന​തി​നുള്ള ലോഹ​ത്ത​കി​ടു​കൾ ഉണ്ടായി​രു​ന്നു. ഈ അരപ്പട്ട മാറിൽ ധരിക്കുന്ന കവചത്തി​ന്റെ ഭാരം കുറയ്‌ക്കാൻ സഹായി​ച്ചി​രു​ന്നു. ചില അരപ്പട്ടകൾ വാളും കഠാര​യും തൂക്കി​യി​ടാ​നുള്ള കൊളു​ത്തു​കൾ സഹിത​മാണ്‌ ഉണ്ടാക്കി​യി​രു​ന്നത്‌. അതു മുറു​ക്കി​ക്കെ​ട്ടിയ ഒരു പടയാ​ളിക്ക്‌ ആത്മവി​ശ്വാ​സ​ത്തോ​ടെ യുദ്ധത്തിൽ ഏർപ്പെ​ടാൻ കഴിയു​മാ​യി​രു​ന്നു.

4 സമാന​മാ​യി, ദൈവ​വ​ച​ന​ത്തിൽനിന്ന്‌ പഠിക്കുന്ന സത്യം വ്യാജ​പ​ഠി​പ്പി​ക്ക​ലു​കൾ വരുത്തുന്ന ആത്മീയ​ഹാ​നി​യിൽനിന്ന്‌ നമ്മളെ സംരക്ഷി​ക്കും. (യോഹ. 8:31, 32; 1 യോഹ. 4:1) ബൈബിൾസ​ത്യ​ത്തെ എത്ര കൂടുതൽ സ്‌നേ​ഹി​ക്കു​ന്നോ, നമ്മുടെ “കവചം” ധരിക്കു​ന്നത്‌, അതായത്‌ ദൈവ​ത്തി​ന്റെ നീതി​നി​ഷ്‌ഠ​മായ നിലവാ​ര​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ക്കു​ന്നത്‌, അത്ര എളുപ്പ​മാ​യി​രി​ക്കും. (സങ്കീ. 111:7, 8; 1 യോഹ. 5:3) കൂടാതെ, ദൈവ​വ​ച​ന​ത്തി​ലെ സത്യ​ത്തെ​ക്കു​റിച്ച്‌ നമുക്കു വ്യക്തമായ ഗ്രാഹ്യ​മു​ണ്ടെ​ങ്കിൽ വിശ്വാ​സ​ത്തി​നു​വേണ്ടി ഉറച്ചു​നിൽക്കാ​നും എതിരാ​ളി​ക​ളു​ടെ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കൊടു​ക്കാ​നും കഴിയും.—1 പത്രോ. 3:15.

5. നമ്മൾ സത്യം സംസാ​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

5 ഒരു അരപ്പട്ട​പോ​ലെ ബൈബിൾസ​ത്യം ‘മുറു​ക്കി​ക്കെ​ട്ടു​ന്നെ​ങ്കിൽ’ അതിനു ചേർച്ച​യിൽ ജീവി​ക്കാ​നും എല്ലായ്‌പോ​ഴും സത്യം സംസാ​രി​ക്കാ​നും നമുക്കു പ്രചോ​ദനം തോന്നും. നുണ പറയു​ന്നതു നമ്മൾ ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം, സാത്താന്റെ പടക്കോ​പ്പി​ലെ ഫലപ്ര​ദ​മായ ഒരു ആയുധ​മാ​ണു നുണ. പറയു​ന്ന​വർക്കും വിശ്വ​സി​ക്കു​ന്ന​വർക്കും നുണ ദോഷം ചെയ്യും. (യോഹ. 8:44) നമ്മൾ പൂർണ​ര​ല്ലെ​ങ്കി​ലും ഒരിക്ക​ലും നുണ പറയാ​തി​രി​ക്കാൻ പരമാ​വധി ശ്രമി​ക്കണം. (എഫെ. 4:25) ചില​പ്പോൾ ഇത്‌ അൽപ്പം ബുദ്ധി​മു​ട്ടാ​യി​രി​ക്കാം. 18 വയസ്സുള്ള അബീഗ​യിൽ പറയുന്നു: “സത്യം പറയു​ന്ന​തു​കൊണ്ട്‌ എന്താണു പ്രയോ​ജ​ന​മെന്നു ചില​പ്പോൾ ചിന്തി​ച്ചേ​ക്കാം, പ്രത്യേ​കി​ച്ചും നുണ പറഞ്ഞ്‌ വിഷമം​പി​ടിച്ച ഒരു സാഹച​ര്യ​ത്തിൽനിന്ന്‌ രക്ഷപ്പെ​ടാ​മെ​ങ്കിൽ.” പക്ഷേ അബീഗ​യിൽ എപ്പോ​ഴും സത്യം പറയാൻ ശ്രമി​ക്കു​ന്നു. എന്തു​കൊണ്ട്‌? “സത്യം പറയു​ന്ന​തു​കൊണ്ട്‌ യഹോ​വ​യു​ടെ മുമ്പാകെ എനിക്കു ശുദ്ധമായ ഒരു മനസ്സാ​ക്ഷി​യുണ്ട്‌. വിശ്വ​സി​ക്കാൻ കൊള്ളാ​വുന്ന ഒരാളാ​യി​ട്ടാ​ണു മാതാ​പി​താ​ക്ക​ളും കൂട്ടു​കാ​രും എന്നെ കാണു​ന്നത്‌.” 23-കാരി​യായ വിക്‌ടോ​റിയ പറയുന്നു: “നിങ്ങൾ സത്യം പറയു​ക​യും നിങ്ങളു​ടെ വിശ്വാ​സ​ങ്ങൾക്കു​വേണ്ടി നില​കൊ​ള്ളു​ക​യും ചെയ്യു​മ്പോൾ മറ്റുള്ളവർ നിങ്ങളെ വല്ലാതെ വിഷമി​പ്പി​ച്ചേ​ക്കാം. പക്ഷേ അങ്ങനെ ചെയ്യു​ന്ന​തു​കൊണ്ട്‌ വലിയ പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌: നിങ്ങൾക്കു കൂടുതൽ ആത്മവി​ശ്വാ​സം തോന്നും, നിങ്ങൾ യഹോ​വ​യോ​ടു കൂടുതൽ അടുക്കും, നിങ്ങളെ സ്‌നേ​ഹി​ക്കു​ന്ന​വ​രു​ടെ ബഹുമാ​നം നേടാ​നും കഴിയും.” അതു​കൊണ്ട്‌ എപ്പോ​ഴും ‘സത്യം അരയ്‌ക്കു കെട്ടു​ന്ന​തി​നു’ വളരെ മൂല്യ​മുണ്ട്‌.

സത്യം എന്ന അരപ്പട്ട (3-5 ഖണ്ഡികകൾ കാണുക)

“നീതി എന്ന കവചം”

6, 7. നീതിയെ ഒരു കവച​ത്തോട്‌ ഉപമി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

6 ഒന്നാം നൂറ്റാ​ണ്ടി​ലെ റോമൻ പടയാ​ളി​കൾ ധരിച്ചി​രുന്ന ഒരുതരം കവചത്തിൽ ഇരുമ്പു​ത​കി​ടു​കൾ ശരീര​ത്തി​നു കുറുകെ ഒന്നൊ​ന്നാ​യി വരത്തക്ക​വി​ധം വളച്ചു​വെ​ച്ചി​രു​ന്നു. കൊളു​ത്തു​ക​ളും വളയങ്ങ​ളും ഉപയോ​ഗിച്ച്‌ ഇവ തോൽവാ​റു​ക​ളി​ലാ​ണു ഘടിപ്പി​ച്ചി​രു​ന്നത്‌. നെഞ്ചും വയറും മാത്രമല്ല, കഴുത്തു​വ​രെ​യുള്ള ഭാഗം മറയ്‌ക്കുന്ന തരത്തി​ലു​ള്ള​താ​യി​രു​ന്നു ഈ കവചം. നെഞ്ചിനു മുകളി​ലോ​ട്ടുള്ള ഭാഗം മറയ്‌ക്കു​ന്ന​തി​നും തുകലിൽ പിടി​പ്പിച്ച ഇരുമ്പു​ത​കി​ടു​കൾ ഉണ്ടായി​രു​ന്നു. ഈ കവചം ധരിച്ച്‌ നടക്കു​ന്നത്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. മാത്രമല്ല, ഈ തകിടു​കൾ അതതിന്റെ സ്ഥാനത്തു​ത​ന്നെ​യു​ണ്ടെന്നു പടയാളി പതിവാ​യി പരി​ശോ​ധിച്ച്‌ ഉറപ്പു വരുത്തണം. എന്നാൽ, വെട്ടു കൊള്ളാ​തി​രി​ക്കാ​നും അസ്‌ത്രം ഹൃദയ​ത്തി​ലോ മറ്റു പ്രധാ​ന​പ്പെട്ട അവയവ​ങ്ങ​ളി​ലോ തുളഞ്ഞു​ക​യ​റാ​തി​രി​ക്കാ​നും ഇത്‌ ഒരു സംരക്ഷ​ണ​മാ​യി​രു​ന്നു.

7 യഹോ​വ​യു​ടെ നീതി​നി​ഷ്‌ഠ​മായ നിലവാ​രങ്ങൾ നമ്മുടെ ആലങ്കാ​രി​ക​ഹൃ​ദ​യത്തെ എങ്ങനെ​യാ​ണു സംരക്ഷി​ക്കു​ന്ന​തെന്നു കാണി​ക്കുന്ന ഒരു നല്ല പ്രതീ​ക​മാണ്‌ ഇത്‌! (സുഭാ. 4:23) ഒരു പടയാളി ഒരിക്ക​ലും ഇരുമ്പു​കൊ​ണ്ടുള്ള കവചത്തി​നു പകരം താഴ്‌ന്ന തരം ലോഹം​കൊ​ണ്ടുള്ള കവചം ധരിക്കില്ല. അതു​പോ​ലെ നമ്മളും യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളു​ടെ സ്ഥാനത്ത്‌ നമുക്കു ശരി​യെന്നു തോന്നുന്ന കാര്യങ്ങൾ ഒരിക്ക​ലും വെക്കു​ക​യില്ല. ഹൃദയത്തെ സംരക്ഷി​ക്കാൻ ആവശ്യ​മായ ജ്ഞാന​മൊ​ന്നും അപൂർണ​രായ നമുക്കില്ല. (സുഭാ. 3:5, 6) അതു​കൊണ്ട്‌, യഹോവ നൽകി​യി​രി​ക്കുന്ന ‘ഇരുമ്പു തകിടു​കൾ’ ഹൃദയ​ത്തി​നു മീതെ ഉറപ്പി​ച്ചി​ട്ടു​ണ്ടെന്നു നമ്മൾ ക്രമമാ​യി പരി​ശോ​ധി​ക്കണം.

8. നമ്മൾ എന്തു​കൊ​ണ്ടാണ്‌ യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളോ​ടു പറ്റിനിൽക്കേ​ണ്ടത്‌?

8 യഹോ​വ​യു​ടെ നീതി​നി​ഷ്‌ഠ​മായ നിലവാ​രങ്ങൾ നിങ്ങളെ ഭാര​പ്പെ​ടു​ത്തു​ന്ന​താ​യോ നിങ്ങളു​ടെ സ്വാത​ന്ത്ര്യ​ത്തി​നു കൂച്ചു​വി​ല​ങ്ങി​ടു​ന്ന​താ​യോ ഇടയ്‌ക്കൊ​ക്കെ തോന്നാ​റു​ണ്ടോ? 21 വയസ്സുള്ള ഡാനി​യേൽ പറയുന്നു: “ബൈബിൾനി​ല​വാ​രങ്ങൾ അനുസ​രിച്ച്‌ ജീവി​ക്കു​ന്ന​തു​കൊണ്ട്‌ അധ്യാ​പ​ക​രും മറ്റു വിദ്യാർഥി​ക​ളും എന്നെ കളിയാ​ക്കു​മാ​യി​രു​ന്നു. ഇതു കാരണം എന്റെ ആത്മവി​ശ്വാ​സം ചോർന്നു​പോ​യി, ഞാൻ നിരാ​ശി​ത​നാ​യി.” എങ്ങനെ​യാ​ണു ഡാനി​യേൽ ഇതിൽനിന്ന്‌ കരകയ​റി​യത്‌? “യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ള​നു​സ​രിച്ച്‌ ജീവി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ ഞാൻ പതി​യെ​പ്പ​തി​യെ തിരി​ച്ച​റി​ഞ്ഞു. എന്റെ ചില ‘കൂട്ടു​കാർ’ മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ക്കാൻ തുടങ്ങി, ചിലർ സ്‌കൂൾപ​ഠനം ഉപേക്ഷിച്ച്‌ പോയി. അവരു​ടെ​യൊ​ക്കെ അവസ്ഥ കണ്ടപ്പോൾ സങ്കടം തോന്നി, യഹോവ നമ്മളെ ശരിക്കും സംരക്ഷി​ക്കു​ക​യാണ്‌.” 15-കാരി​യായ മാഡി​സെൻ പറയുന്നു: “കൂട്ടു​കാർ രസമെ​ന്നും തമാശ​യെ​ന്നും പറയുന്ന കാര്യ​ങ്ങ​ളു​ടെ പുറകേ പോകാ​തെ യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളോ​ടു പറ്റിനിൽക്കു​ന്ന​തി​നു ശരിക്കും ഒരു പോരാ​ട്ടം​തന്നെ വേണം.” മാഡി​സെൻ എങ്ങനെ​യാ​ണു പിടി​ച്ചു​നിൽക്കു​ന്നത്‌? “‘ഞാൻ യഹോ​വ​യു​ടെ പേരിൽ അറിയ​പ്പെ​ടുന്ന ഒരാളാണ്‌,’ ‘പ്രലോ​ഭ​നങ്ങൾ സാത്താൻ എന്റെ നേരെ തൊടു​ത്തു​വി​ടുന്ന അസ്‌ത്ര​ങ്ങ​ളാണ്‌’ എന്നൊക്കെ ഞാൻ എന്നോ​ടു​തന്നെ പറയും. ഓരോ പോരാ​ട്ട​ത്തി​ലും വിജയി​ക്കു​മ്പോൾ എനിക്ക്‌ അഭിമാ​നം തോന്നും.”

നീതി എന്ന കവചം (6-8 ഖണ്ഡികകൾ കാണുക)

“സന്തോ​ഷ​വാർത്ത അറിയി​ക്കാ​നുള്ള ഒരുക്കം ചെരി​പ്പാ​യി അണിഞ്ഞ്‌”

9-11. (എ) ക്രിസ്‌ത്യാ​നി​കൾ ഏത്‌ ആലങ്കാ​രിക പാദര​ക്ഷ​യാ​ണു ധരിക്കു​ന്നത്‌? (ബി) പിരി​മു​റു​ക്ക​മൊ​ന്നും കൂടാതെ സന്തോ​ഷ​വാർത്ത അറിയി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

9 എഫെസ്യർ 6:15 വായി​ക്കുക. ചെരിപ്പു ധരിക്കാ​തെ ഒരു റോമൻ പടയാ​ളി​ക്കു യുദ്ധത്തി​നു പോകാൻ കഴിയു​മാ​യി​രു​ന്നില്ല. ഇത്തരം ചെരി​പ്പു​കൾ മൂന്ന്‌ അടുക്ക്‌ തോൽ തുന്നി​ച്ചേർത്ത്‌ ഉണ്ടാക്കു​ന്ന​താ​യി​രു​ന്നു. ഇടാൻ സുഖമു​ള്ള​തും കാലങ്ങ​ളോ​ളം നിൽക്കു​ന്ന​തും ആയ ഈ ചെരി​പ്പു​കൾ തെന്നി​വീ​ഴാ​തെ ഉറച്ചു​നിൽക്കാൻ പടയാ​ളി​യെ സഹായി​ച്ചി​രു​ന്നു.

10 ചെരിപ്പു ധരിച്ച റോമൻ പടയാളി യുദ്ധക്ക​ള​ത്തി​ലേക്കു പോയി​രു​ന്ന​തു​പോ​ലെ, ക്രിസ്‌ത്യാ​നി​ക​ളു​ടെ ആലങ്കാ​രിക പാദരക്ഷ സമാധാ​ന​സ​ന്ദേ​ശ​വു​മാ​യി പോകാൻ അവരെ സഹായി​ക്കു​ന്നു. (യശ. 52:7; റോമ. 10:15) എന്നിരു​ന്നാ​ലും, ചില അവസര​ങ്ങ​ളിൽ സംസാ​രി​ക്കു​ന്ന​തി​നു ധൈര്യം ആവശ്യ​മാണ്‌. “സഹപാ​ഠി​ക​ളോ​ടു സാക്ഷീ​ക​രി​ക്കാൻ എനിക്കു ഭയമാ​യി​രു​ന്നു. നാണ​ക്കേ​ടും തോന്നി​യി​രു​ന്നു. പിന്തി​രി​ഞ്ഞു​നോ​ക്കു​മ്പോൾ, എന്തിനാ​ണു ഞാൻ അന്നു നാണി​ച്ച​തെന്ന്‌ എനിക്ക്‌ അറിഞ്ഞു​കൂ​ടാ. ഇപ്പോൾ കൂട്ടു​കാ​രോ​ടു സാക്ഷീ​ക​രി​ക്കാൻ എനിക്കു സന്തോ​ഷമേ ഉള്ളൂ.” ബോ എന്ന 20-കാരന്റെ വാക്കു​ക​ളാ​ണിത്‌.

11 നന്നായി തയ്യാറാ​യാൽ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നതു കൂടുതൽ എളുപ്പ​മാ​യി​രി​ക്കു​മെന്നു മിക്ക യുവജ​ന​ങ്ങ​ളും മനസ്സി​ലാ​ക്കി​യി​ട്ടുണ്ട്‌. നിങ്ങൾക്ക്‌ എങ്ങനെ ഒരുങ്ങാൻ കഴിയും? 16 വയസ്സുള്ള ജൂലിയ പറയുന്നു: “ഞാൻ എന്റെ സ്‌കൂൾബാ​ഗിൽ പ്രസി​ദ്ധീ​ക​ര​ണങ്ങൾ കൊണ്ടു​പോ​കാ​റുണ്ട്‌. സഹപാ​ഠി​കൾ അവരുടെ കാഴ്‌ച​പ്പാ​ടു​ക​ളെ​യും വിശ്വാ​സ​ങ്ങ​ളെ​യും കുറിച്ച്‌ പറയു​മ്പോൾ ഞാൻ ശ്രദ്ധി​ച്ചു​കേൾക്കും. എന്നിട്ട്‌, അവരെ സഹായി​ക്കാൻ എന്താണു പറയേ​ണ്ട​തെന്നു ഞാൻ ചിന്തി​ക്കും. തയ്യാറാ​യി പോകു​ന്ന​തു​കൊണ്ട്‌ അവർക്കു പ്രയോ​ജനം ചെയ്യുന്ന വിവരങ്ങൾ എനിക്കു പറയാൻ കഴിയു​ന്നു.” അതു​പോ​ലെ, 23 വയസ്സുള്ള മക്കൻസി ഇങ്ങനെ​യാ​ണു പറയു​ന്നത്‌: “നിങ്ങൾ ദയയുള്ള, നല്ല ഒരു കേൾവി​ക്കാ​ര​നാ​ണെ​ങ്കിൽ സമപ്രാ​യ​ക്കാർ നേരി​ടുന്ന പ്രശ്‌നങ്ങൾ നിങ്ങൾക്കു വ്യക്തമാ​യി മനസ്സി​ലാ​കും. യുവജ​ന​ങ്ങൾക്കു​വേണ്ടി പുറത്തി​റ​ക്കുന്ന എല്ലാ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഒന്നും വിട്ടു​ക​ള​യാ​തെ ഞാൻ വായി​ക്കാ​റുണ്ട്‌. അങ്ങനെ, സമപ്രാ​യ​ക്കാർക്കു സഹായ​ക​മായ ബൈബിൾഭാ​ഗ​മോ jw.org സൈറ്റി​ലെ വിവര​ങ്ങ​ളോ എനിക്കു കാണി​ച്ചു​കൊ​ടു​ക്കാൻ കഴിയും.” സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാൻ നിങ്ങൾ എത്ര കൂടുതൽ തയ്യാറാ​കു​ന്നോ അത്രയ​ധി​കം നിങ്ങളു​ടെ “ചെരി​പ്പു​കൾ” പാദങ്ങ​ളോ​ടു ചേർന്നു​കി​ട​ക്കും എന്നല്ലേ ഈ ചെറു​പ്പ​ക്കാ​രു​ടെ അഭി​പ്രാ​യങ്ങൾ കാണി​ക്കു​ന്നത്‌?

സന്തോഷവാർത്ത അറിയി​ക്കാ​നുള്ള ഒരുക്കം എന്ന ചെരിപ്പ്‌ (9-11 ഖണ്ഡികകൾ കാണുക)

“വിശ്വാ​സം എന്ന വലിയ പരിച”

12, 13. സാത്താൻ ഉപയോ​ഗി​ക്കുന്ന ചില ‘തീയമ്പു​കൾ’ ഏവ?

12 എഫെസ്യർ 6:16 വായി​ക്കുക. റോമൻ പടയാളി ഉപയോ​ഗി​ച്ചി​രുന്ന “വലിയ പരിച” ചതുരാ​കൃ​തി​യി​ലു​ള്ള​താ​യി​രു​ന്നു. അത്‌ ഒരു റോമൻപ​ട​യാ​ളി​യു​ടെ തോളു​മു​തൽ കാൽമു​ട്ടു​വരെ മറയു​ന്ന​താ​യി​രു​ന്നു. വാളും കുന്തവും ഉപയോ​ഗി​ച്ചുള്ള ആക്രമ​ണ​ങ്ങ​ളിൽനിന്ന്‌ മാത്രമല്ല, തങ്ങളുടെ നേരെ വരുന്ന അമ്പുക​ളിൽനി​ന്നും ഇത്‌ അവരെ സംരക്ഷി​ച്ചി​രു​ന്നു.

13 നിങ്ങളു​ടെ നേരെ സാത്താൻ തൊടു​ത്തു​വി​ടുന്ന ‘തീയമ്പു​ക​ളിൽ’ ചിലതാണ്‌ യഹോ​വ​യെ​ക്കു​റി​ച്ചുള്ള നുണകൾ. നിങ്ങ​ളെ​ക്കു​റിച്ച്‌ ദൈവ​ത്തി​നു കരുത​ലി​ല്ലെ​ന്നും ദൈവ​ത്തി​ന്റെ സ്‌നേ​ഹ​ത്തി​നു നിങ്ങൾ യോഗ്യ​ര​ല്ലെ​ന്നും ഉള്ള നുണകൾ സാത്താൻ എയ്‌തു​വി​ടു​ന്നു. താൻ വില​കെ​ട്ട​വ​ളാ​ണെന്ന ചിന്ത 19 വയസ്സു​കാ​രി​യായ ഈഡയെ അലട്ടാ​റുണ്ട്‌. അവൾ പറയുന്നു: “യഹോ​വ​യ്‌ക്ക്‌ എന്നോട്‌ അടുപ്പ​മി​ല്ലെ​ന്നും എന്റെ സുഹൃ​ത്താ​കാൻ ദൈവം ആഗ്രഹി​ക്കു​ന്നി​ല്ലെ​ന്നും എനിക്കു മിക്ക​പ്പോ​ഴും തോന്നി​യി​രു​ന്നു.” ഇത്തരം ‘ആക്രമണം’ ഉണ്ടാകു​മ്പോൾ ഈഡ എന്താണു ചെയ്യു​ന്നത്‌? “മീറ്റി​ങ്ങു​കൾ എന്റെ വിശ്വാ​സം വളരെ​യ​ധി​കം ശക്തമാ​ക്കു​ന്നു. നേരത്തേ ഞാൻ രാജ്യ​ഹാ​ളിൽ പോകു​മാ​യി​രു​ന്നെ​ങ്കി​ലും അഭി​പ്രാ​യ​ങ്ങ​ളൊ​ന്നും പറഞ്ഞി​രു​ന്നില്ല. എന്റെ അഭി​പ്രാ​യം കേൾക്കാൻ ആർക്കും താത്‌പ​ര്യ​മില്ല എന്നാണു ഞാൻ ചിന്തി​ച്ചി​രു​ന്നത്‌. ഇപ്പോൾ ഞാൻ മീറ്റി​ങ്ങു​കൾക്കു തയ്യാറാ​യി​ട്ടാ​ണു പോകു​ന്നത്‌, എന്നിട്ട്‌ രണ്ടോ മൂന്നോ ഉത്തരം പറയാൻ ശ്രമി​ക്കും. ബുദ്ധി​മു​ട്ടൊ​ക്കെ തോന്നു​മെ​ങ്കി​ലും ഉത്തരം പറഞ്ഞു​ക​ഴി​യു​മ്പോൾ എനിക്കു വളരെ സന്തോ​ഷ​മാണ്‌. സഹോ​ദ​രങ്ങൾ എന്നെ നന്നായി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നുണ്ട്‌. യഹോവയ്‌ക്ക്‌ എന്നോടു സ്‌നേ​ഹ​മു​ണ്ടെന്ന തിരി​ച്ച​റി​വോ​ടെ​യാ​ണു ഞാൻ എപ്പോ​ഴും മീറ്റി​ങ്ങു​കൾ കഴിഞ്ഞ്‌ തിരി​ച്ചു​പോ​കു​ന്നത്‌.”

14. ഈഡയു​ടെ അനുഭവം ഏതു സത്യം എടുത്തു​കാ​ട്ടു​ന്നു?

14 ഈഡയു​ടെ അനുഭവം വളരെ പ്രധാ​ന​പ്പെട്ട ഒരു സത്യം എടുത്തു​കാ​ണി​ക്കു​ന്നു: ഒരു പടയാ​ളി​യു​ടെ കൈയി​ലുള്ള പരിച​യ്‌ക്കു നിശ്ചിത വലുപ്പമാണുള്ളത്‌. പക്ഷേ നമ്മുടെ വിശ്വാ​സ​മെന്ന പരിച അങ്ങനെയല്ല. അതിന്റെ അളവ്‌ കൂടു​ക​യോ കുറയു​ക​യോ ഒക്കെ ചെയ്‌തേ​ക്കാം. അത്‌ എങ്ങനെ​യാ​യി​രി​ക്ക​ണ​മെന്നു തീരു​മാ​നി​ക്കേ​ണ്ടതു നമ്മൾത​ന്നെ​യാണ്‌. (മത്താ. 14:31; 2 തെസ്സ. 1:3) വിശ്വാ​സം കൂടുതൽ ശക്തമാ​ക്കേ​ണ്ടത്‌ എത്ര പ്രധാ​ന​മാണ്‌!

വിശ്വാസം എന്ന വലിയ പരിച (12-14 ഖണ്ഡികകൾ കാണുക)

“രക്ഷ എന്ന പടത്തൊ​പ്പി”

15, 16. പ്രത്യാശ പടത്തൊ​പ്പി​പോ​ലെ ആയിരി​ക്കു​ന്നത്‌ എങ്ങനെ?

15 എഫെസ്യർ 6:17 വായി​ക്കുക. റോമൻ പടയാളി ധരിച്ചി​രുന്ന പടത്തൊ​പ്പി അയാളു​ടെ തലയ്‌ക്കോ കഴുത്തി​നോ മുഖത്തി​നോ നേരെ വരുന്ന ആക്രമ​ണ​ങ്ങ​ളിൽനിന്ന്‌ സംരക്ഷണം നൽകി​യി​രു​ന്നു. ചില തരം പടത്തൊ​പ്പി​കൾക്കു കൈപ്പി​ടി​യു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ പടയാ​ളിക്ക്‌ അതു കൈയിൽപ്പി​ടി​ച്ചു​കൊണ്ട്‌ നടക്കാ​മാ​യി​രു​ന്നു.

16 പടത്തൊ​പ്പി പടയാ​ളി​യു​ടെ തലച്ചോ​റി​നെ സംരക്ഷി​ക്കു​ന്ന​തു​പോ​ലെ നമ്മുടെ “രക്ഷയുടെ പ്രത്യാശ” നമ്മുടെ മനസ്സി​നെ​യും ചിന്താ​പ്രാ​പ്‌തി​യെ​യും സംരക്ഷി​ക്കു​ന്നു. (1 തെസ്സ. 5:8; സുഭാ. 3:21) ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാ​നും പ്രശ്‌ന​ങ്ങളെ ശരിയായ വീക്ഷണ​ത്തിൽ കാണാ​നും പ്രത്യാശ സഹായി​ക്കു​ന്നു. (സങ്കീ. 27:1, 14; പ്രവൃ. 24:15) പക്ഷേ ‘പടത്തൊ​പ്പി​കൊണ്ട്‌’ പ്രയോ​ജ​ന​മു​ണ്ടാ​ക​ണ​മെ​ങ്കിൽ അതു നമ്മൾ തലയിൽ ധരിച്ചിരിക്കണം, കൈയിൽ കൊണ്ടു​ന​ട​ന്നാൽ പോരാ.

17, 18. (എ) നമ്മുടെ പടത്തൊ​പ്പി ഊരി​മാ​റ്റാൻ സാത്താൻ ശ്രമി​ക്കു​ന്നത്‌ എങ്ങനെ? (ബി) സാത്താന്റെ വഞ്ചനയിൽ കുടുങ്ങി വിഡ്‌ഢി​ക​ളാ​യി​ട്ടി​ല്ലെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം?

17 നമ്മുടെ പടത്തൊ​പ്പി ഊരി​മാ​റ്റാൻ സാത്താൻ നമ്മളെ പ്രേരി​പ്പി​ച്ചേ​ക്കാം. എങ്ങനെ? അവൻ യേശു​വി​നോട്‌ ഇടപെട്ട വിധം നോക്കുക. ഭാവി​യിൽ മനുഷ്യ​വർഗത്തെ ഭരിക്കാ​നുള്ള പ്രത്യാശ യേശു​വി​നു​ണ്ടെന്നു സാത്താന്‌ ഉറപ്പാ​യും അറിയാ​മാ​യി​രു​ന്നു. പക്ഷേ യഹോവ വെച്ച സമയം​വരെ യേശു കാത്തി​രി​ക്ക​ണ​മാ​യി​രു​ന്നു. അതിനു മുമ്പായി യേശു കഷ്ടപ്പാ​ടു​കൾ സഹിക്കു​ക​യും മരിക്കു​ക​യും വേണം. അതു​കൊണ്ട്‌, സാത്താൻ യേശു​വി​ന്റെ പ്രത്യാശ പെട്ടെ​ന്നു​തന്നെ സഫലമാ​കാ​നുള്ള ഒരു അവസരം വെച്ചു​നീ​ട്ടി. തന്നെ ഒന്ന്‌ ആരാധി​ച്ചാൽ അപ്പോൾത്തന്നെ യേശു​വി​നെ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി​യാ​ക്കാ​മെന്നു സാത്താൻ പറഞ്ഞു. (ലൂക്കോ. 4:5-7) യഹോവ നമുക്കു പുതിയ ഭൂമി​യിൽ ധാരാളം ഭൗതി​ക​മായ നന്മകൾ നൽകു​മെന്നു സാത്താന്‌ അറിയാം. പക്ഷേ പുതിയ ഭൂമി വരുന്ന​തു​വരെ നമ്മൾ കാത്തി​രി​ക്കണം. അതിന്‌ ഇടയ്‌ക്കുള്ള സമയത്ത്‌ കഷ്ടപ്പാ​ടു​കൾ സഹി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. പക്ഷേ ഭൗതി​ക​കാ​ര്യ​ങ്ങൾ ഒന്നാമതു വെച്ചു​കൊണ്ട്‌ ഈ ലോകം തരുന്ന​തെ​ല്ലാം നമ്മൾ ഇപ്പോൾത്തന്നെ കൈപ്പി​ടി​യി​ലാ​ക്കാ​നും അങ്ങനെ ജീവിതം പൂർണ​മാ​യി ആസ്വദി​ക്കാ​നും സാത്താൻ നമ്മളെ പ്രലോ​ഭി​പ്പി​ക്കു​ക​യാണ്‌. അതെ, ദൈവ​രാ​ജ്യം രണ്ടാമതു വെക്കാ​നാ​ണു സാത്താൻ നമ്മളോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌.—മത്താ. 6:31-33.

18 അനേകം യുവ​ക്രി​സ്‌ത്യാ​നി​ക​ളെ​പ്പോ​ലെ 20-കാരി​യായ കിയാ​ന​യും ഈ വഞ്ചനയിൽ കുടുങ്ങി വിഡ്‌ഢി​യാ​യില്ല. അവൾ പറയുന്നു: “നമ്മുടെ എല്ലാ പ്രശ്‌ന​ങ്ങൾക്കു​മുള്ള ഒരേ ഒരു പരിഹാ​രം ദൈവ​രാ​ജ്യ​മാ​ണെന്ന്‌ എനിക്ക്‌ അറിയാം.” ഈ ഉറച്ച പ്രത്യാശ അവളുടെ ചിന്തക​ളെ​യും പ്രവർത്ത​ന​ങ്ങ​ളെ​യും എങ്ങനെ സ്വാധീ​നി​ച്ചി​രി​ക്കു​ന്നു? കിയാന കൂട്ടി​ച്ചേർക്കു​ന്നു: “ഈ ലോക​ത്തിൽ നേടാ​നാ​കുന്ന കാര്യങ്ങൾ അതി​ന്റേ​തായ സ്ഥാനത്ത്‌ വെക്കു​ന്ന​തി​നു പറുദീസാഭൂമിയെപ്പറ്റിയുള്ള പ്രത്യാശ എന്നെ സഹായി​ക്കു​ന്നു. ഈ ലോക​ത്തി​നു​വേണ്ടി എന്റെ കഴിവു​കൾ ഉപയോ​ഗി​ക്കാ​നോ ഉന്നതസ്ഥാ​ന​ങ്ങ​ളിൽ എത്താനോ ഞാൻ ശ്രമി​ക്കു​ന്നില്ല. പകരം എന്റെ സമയവും ശക്തിയും എല്ലാം ആത്മീയ​ല​ക്ഷ്യ​ങ്ങൾക്കാ​യി നിക്ഷേ​പി​ക്കു​ന്നു.”

രക്ഷ എന്ന പടത്തൊ​പ്പി (15-18 ഖണ്ഡികകൾ കാണുക)

‘ദൈവ​വ​ചനം എന്ന ദൈവാ​ത്മാ​വി​ന്റെ വാൾ’

19, 20. ദൈവ​വ​ചനം ഉപയോ​ഗി​ക്കു​ന്ന​തി​ലുള്ള വൈദ​ഗ്‌ധ്യം നമുക്ക്‌ എങ്ങനെ മെച്ച​പ്പെ​ടു​ത്താം?

19 റോമൻ പടയാ​ളി​കൾ ഉപയോ​ഗി​ച്ചി​രുന്ന വാളിന്‌ ഏകദേശം 50 സെന്റി​മീ​റ്റ​റാ​യി​രു​ന്നു നീളം. നേർക്കു നേരെ​യുള്ള പോരാ​ട്ട​ത്തി​നു​വേണ്ടി പ്രത്യേ​കം രൂപക​ല്‌പന ചെയ്‌ത​താ​യി​രു​ന്നു അത്‌. ഈ വാൾ ഉപയോ​ഗി​ക്കു​ന്ന​തിൽ റോമൻ പടയാ​ളി​കൾ വിദഗ്‌ധ​രാ​യി​രു​ന്നു. കാരണം എല്ലാ ദിവസ​വും അവർ ഇത്‌ ഉപയോ​ഗിച്ച്‌ പരിശീ​ലി​ച്ചി​രു​ന്നു.

20 ദൈവ​വ​ച​നത്തെ ഒരു വാളി​നോ​ടാ​ണു പൗലോസ്‌ ഉപമി​ക്കു​ന്നത്‌. യഹോവ അതു നമുക്കു തന്നിരി​ക്കു​ക​യാണ്‌. പക്ഷേ നമ്മുടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ പ്രതി​വാ​ദം നടത്തു​ന്ന​തി​നും നമ്മു​ടെ​തന്നെ ചിന്തയിൽ മാറ്റങ്ങൾ വരുത്തു​ന്ന​തി​നും അതു വിദഗ്‌ധ​മാ​യി ഉപയോ​ഗി​ക്കാൻ പഠിക്കണം. (2 കൊരി. 10:4, 5; 2 തിമൊ. 2:15) ഈ കാര്യ​ത്തിൽ നമ്മുടെ വൈദ​ഗ്‌ധ്യം എങ്ങനെ മെച്ച​പ്പെ​ടു​ത്താം? 21 വയസ്സുള്ള സെബാ​സ്റ്റ്യൻ പറയുന്നു: “ബൈബിൾ വായി​ക്കു​മ്പോൾ ഓരോ അധ്യാ​യ​ത്തി​ലെ​യും എനിക്ക്‌ ഇഷ്ടപ്പെട്ട ഒരു വാക്യം ഞാൻ എഴുതി​വെ​ക്കും. അങ്ങനെ ഇഷ്ടപ്പെട്ട തിരു​വെ​ഴു​ത്തു​ക​ളു​ടെ ഒരു ശേഖരം ഞാൻ ഉണ്ടാക്കുകയാണ്‌. ഇങ്ങനെ ചെയ്യു​ന്ന​തു​കൊണ്ട്‌ യഹോ​വ​യു​ടെ ചിന്തയു​മാ​യി കൂടുതൽ അടുത്ത്‌ വരുന്ന​തു​പോ​ലെ എനിക്കു തോന്നു​ന്നു.” നേരത്തേ പരാമർശിച്ച ഡാനി​യേൽ പറയുന്നു: “ബൈബിൾ വായി​ക്കു​മ്പോൾ, ശുശ്രൂ​ഷ​യിൽ കണ്ടുമു​ട്ടുന്ന ആളുകളെ സഹായി​ക്കു​മെന്ന്‌ എനിക്കു തോന്നുന്ന വാക്യങ്ങൾ ഞാൻ പ്രത്യേ​കം ശ്രദ്ധി​ക്കും. ബൈബി​ളി​നെ നിങ്ങൾ ആഴമായി വിലമ​തി​ക്കു​ന്നു​ണ്ടെ​ന്നും ആളുകളെ സഹായി​ക്കാൻ നിങ്ങൾ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കു​ന്നു​ണ്ടെ​ന്നും മനസ്സി​ലാ​കു​മ്പോൾ ആളുകൾ നിങ്ങൾ പറയു​ന്നതു ശ്രദ്ധി​ക്കും.”

ദൈവവചനം എന്ന ദൈവാ​ത്മാ​വി​ന്റെ വാൾ (19, 20 ഖണ്ഡികകൾ കാണുക)

21. സാത്താ​നെ​യും ഭൂതങ്ങ​ളെ​യും നമ്മൾ ഭയപ്പെ​ടേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

21 ഈ ലേഖനത്തിലെ ചെറുപ്പക്കാരുടെ ദൃഷ്ടാ​ന്തങ്ങൾ കാണി​ക്കു​ന്ന​തു​പോ​ലെ സാത്താ​നെ​യും ഭൂതങ്ങ​ളെ​യും നമ്മൾ ഭയപ്പെ​ടേ​ണ്ട​തില്ല. അവർ ശക്തരാണ്‌. പക്ഷേ അജയ്യരല്ല, അവരെ തോൽപ്പി​ക്കാൻ കഴിയും. അവർക്ക്‌ അമർത്യ​ത​യു​മില്ല. അധികം താമസി​യാ​തെ, ക്രിസ്‌തു​വി​ന്റെ ആയിരം​വർഷ​വാ​ഴ്‌ച​യു​ടെ സമയത്ത്‌ അവർ ബന്ധനത്തി​ലാ​കും, അവർക്ക്‌ ആ സമയത്ത്‌ ആരെയും ഒന്നും ചെയ്യാ​നാ​കില്ല. അതിനു ശേഷം അവരെ പൂർണ​മാ​യി നശിപ്പി​ക്കും. (വെളി. 20:1-3, 7-10) നമുക്കു നമ്മുടെ ശത്രു​വി​നെ അറിയാം, അവന്റെ തന്ത്രങ്ങ​ളും ഉദ്ദേശ്യ​ങ്ങ​ളും അറിയാം. യഹോ​വ​യു​ടെ സഹായ​ത്താൽ നമുക്കു സാത്താനെ എതിർത്തു​നിൽക്കാൻ കഴിയും.