വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

കൈ കഴുകു​ന്ന​തി​നെ​ക്കു​റിച്ച് യേശു​വി​ന്‍റെ ശത്രുക്കൾ പരാതി​പ്പെ​ട്ടത്‌ എന്തു​കൊണ്ട്?

യേശു​വി​ന്‍റെ ശത്രുക്കൾ യേശു​വി​ലും ശിഷ്യ​ന്മാ​രി​ലും കണ്ടുപി​ടിച്ച അനേകം കുറ്റങ്ങ​ളിൽ ഒന്നുമാ​ത്ര​മാ​യി​രു​ന്നു ഇത്‌. ഒരു വ്യക്തിയെ അശുദ്ധ​നാ​ക്കു​ന്നത്‌ എന്താ​ണെന്നു മോശ​യു​ടെ നിയമം വിവരി​ച്ചു. ശാരീ​രി​ക​സ്ര​വ​വും കുഷ്‌ഠ​വും മനുഷ്യ​രു​ടെ​യും മൃഗങ്ങ​ളു​ടെ​യും ശവങ്ങളിൽ തൊടു​ന്ന​തും ഒക്കെ അതിൽ ഉൾപ്പെ​ട്ടി​രു​ന്നു. അശുദ്ധി എങ്ങനെ നീക്കം ചെയ്യാ​മെന്ന നിർദേ​ശ​ങ്ങ​ളും അതിലു​ണ്ടാ​യി​രു​ന്നു. ബലി അർപ്പി​ച്ചു​കൊ​ണ്ടോ വെള്ളം തളിച്ചു​കൊ​ണ്ടോ കഴുകി​ക്കൊ​ണ്ടോ ആയിരു​ന്നു ഇതു ചെയ്‌തി​രു​ന്നത്‌.—ലേവ്യ 11-15 അധ്യാ​യങ്ങൾ; സംഖ്യ 19-‍ാ‍ം അധ്യായം.

ഈ നിയമ​ങ്ങ​ളിൽ ഓരോ​ന്നി​നോ​ടും റബ്ബിമാർ അവരു​ടേ​തായ നിയമങ്ങൾ കൂട്ടി​ച്ചേർത്തു. ഒരു പുസ്‌തകം പറയു​ന്ന​ത​നു​സ​രിച്ച്, ഒരു വ്യക്തിയെ അശുദ്ധ​നാ​ക്കു​ന്നത്‌ എന്താ​ണെ​ന്നും ആ വ്യക്തി മറ്റുള്ള​വരെ അശുദ്ധ​രാ​ക്കി​യേ​ക്കാ​വു​ന്നത്‌ എങ്ങനെ​യാ​ണെ​ന്നും സംബന്ധിച്ച് റബ്ബിമാർ കൂടുതൽ വിശദ​മായ നിയമങ്ങൾ ഉണ്ടാക്കി. അശുദ്ധ​മാ​കാൻ സാധ്യ​ത​യു​ള്ള​തും ഇല്ലാത്ത​തും ആയ ഉപകര​ണ​ങ്ങ​ളും സാധന​ങ്ങ​ളും ഏതൊ​ക്കെ​യാണ്‌, ശുദ്ധീ​ക​ര​ണ​ത്തിന്‌ ആവശ്യ​മായ ചടങ്ങുകൾ എന്തൊ​ക്കെ​യാണ്‌ എന്നതി​നെ​ക്കു​റി​ച്ചും അവർ അവരു​ടേ​തായ വ്യാഖ്യാ​നങ്ങൾ നടത്തി.

ശത്രുക്കൾ യേശു​വി​നോട്‌ ഇങ്ങനെ ചോദി​ച്ചു: “നിന്‍റെ ശിഷ്യ​ന്മാർ പൂർവി​ക​രു​ടെ സമ്പ്രദാ​യം അനുസ​രി​ക്കാ​തെ അശുദ്ധ​മായ കൈ​കൊ​ണ്ടു ഭക്ഷണം കഴിക്കു​ന്ന​തെന്ത്?” (മർക്കോ. 7:5) വൃത്തി​യി​ല്ലാത്ത കൈ​കൊണ്ട് ഭക്ഷണം കഴിച്ചാൽ ഉണ്ടാ​യേ​ക്കാ​വുന്ന ആരോ​ഗ്യ​പ​ര​മായ കുഴപ്പ​ങ്ങ​ളെ​ക്കു​റി​ച്ചല്ല യേശു​വി​ന്‍റെ ആ ശത്രുക്കൾ പറഞ്ഞത്‌. കഴിക്കു​ന്ന​തി​നു മുമ്പ് ഒരു ആചാര​മെന്ന നിലയിൽ കൈയിൽ വെള്ളം ഒഴിക്ക​ണ​മെന്നു റബ്ബിമാർ നിഷ്‌കർഷി​ച്ചി​രു​ന്നു. മുകളിൽ പറഞ്ഞ ആ പുസ്‌തകം ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “ഏതൊക്കെ പാത്രങ്ങൾ ഉപയോ​ഗി​ച്ചാ​ണു വെള്ളം ഒഴി​ക്കേ​ണ്ടത്‌, എന്തു വെള്ളമാണ്‌ ഉപയോ​ഗി​ക്കേ​ണ്ടത്‌, ആരാണ്‌ ഒഴി​ക്കേ​ണ്ടത്‌, കൈയു​ടെ ഏതു ഭാഗം​വരെ കഴുകണം ഇതെല്ലാം തർക്കവി​ഷ​യ​ങ്ങ​ളാ​യി​രു​ന്നു.”

ഇത്തരം മനുഷ്യ​നിർമി​ത​നി​യ​മ​ങ്ങൾക്കു യേശു ഒട്ടും വില കല്‌പി​ച്ചില്ല. ഒന്നാം നൂറ്റാ​ണ്ടി​ലെ ജൂതമ​ത​നേ​താ​ക്ക​ന്മാ​രോ​ടു യേശു ഇങ്ങനെ പറഞ്ഞു: “കപടഭ​ക്ത​രായ നിങ്ങ​ളെ​ക്കു​റി​ച്ചു യെശയ്യാവ്‌ പ്രവചി​ച്ചത്‌ എത്രയോ ശരി! ‘ഈ ജനം അധരം​കൊണ്ട് എന്നെ ബഹുമാ​നി​ക്കു​ന്നു; അവരുടെ ഹൃദയ​മോ എന്നിൽനിന്ന് (യഹോ​വ​യിൽനിന്ന്) ഏറെ അകന്നി​രി​ക്കു​ന്നു. മനുഷ്യ​രു​ടെ കൽപ്പനകൾ ഉപദേ​ശ​ങ്ങ​ളാ​യി പഠിപ്പി​ക്കു​ന്ന​തു​കൊണ്ട് അവർ എന്നെ ആരാധി​ക്കു​ന്നതു വ്യർഥ​മാ​യി​ട്ട​ത്രേ’ എന്ന് അവൻ എഴുതി​യി​രി​ക്കു​ന്നു. ദൈവ​കൽപ്പ​നകൾ വിട്ടു​ക​ള​ഞ്ഞിട്ട് നിങ്ങൾ മനുഷ്യ​രു​ടെ പാരമ്പ​ര്യം മുറു​കെ​പ്പി​ടി​ക്കു​ന്നു.”—മർക്കോ. 7:6-8.