വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവി​ത​കഥ

കൊടു​ക്കു​ന്ന​തി​ലെ സന്തോഷം ഞാൻ അനുഭ​വി​ച്ച​റി​ഞ്ഞു

കൊടു​ക്കു​ന്ന​തി​ലെ സന്തോഷം ഞാൻ അനുഭ​വി​ച്ച​റി​ഞ്ഞു

പന്ത്രണ്ടു വയസ്സു​ള്ള​പ്പോ​ഴാണ്‌, മറ്റുള്ള​വർക്കു കൊടു​ക്കാൻ കഴിയുന്ന വില​യേ​റിയ ഒന്ന് എന്‍റെ പക്കലു​ണ്ടെന്നു ഞാൻ ആദ്യമാ​യി മനസ്സി​ലാ​ക്കി​യത്‌. സാക്ഷീ​ക​രി​ക്കാൻ ആഗ്രഹ​മു​ണ്ടോ എന്ന് ഒരു സമ്മേള​ന​സ്ഥ​ല​ത്തു​വെച്ച് ഒരു സഹോ​ദരൻ എന്നോടു ചോദി​ച്ചു. മുമ്പ് സാക്ഷീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും “ഉണ്ട്” എന്നു ഞാൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ പ്രദേ​ശ​ത്തേക്കു പോയി. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള കുറച്ച് ചെറു​പു​സ്‌ത​കങ്ങൾ എന്‍റെ കൈയിൽ തന്നിട്ട് അദ്ദേഹം എന്നോടു പറഞ്ഞു: “റോഡി​ന്‍റെ ആ വശത്തുള്ള വീടു​ക​ളിൽ നീ സംസാ​രി​ച്ചോ, ഞാൻ ഈ വശത്ത്‌ കയറി​ക്കൊ​ള്ളാം.” പേടി​യോ​ടെ ഞാൻ ഓരോ വീട്ടി​ലും പോയി. എന്നാൽ എനിക്കു​തന്നെ വിശ്വ​സി​ക്കാ​നാ​യില്ല, എന്‍റെ കൈയി​ലുള്ള എല്ലാ ചെറു​പു​സ്‌ത​ക​ങ്ങ​ളും ഞാൻ കൊടു​ത്തു​തീർത്തു! അതെ, പലർക്കും ആവശ്യ​മു​ള്ള​തു​ത​ന്നെ​യാ​യി​രു​ന്നു എനിക്കു കൊടു​ക്കാ​നു​ണ്ടാ​യി​രു​ന്നത്‌.

ഇംഗ്ലണ്ടി​ലു​ള്ള കെന്‍റിലെ ചാറ്റം എന്ന സ്ഥലത്ത്‌ 1923-ലാണു ഞാൻ ജനിച്ചത്‌. ചുറ്റും നിരാശ നിറഞ്ഞ മുഖങ്ങൾ കണ്ടാണു ഞാൻ വളർന്നു​വ​ന്നത്‌. ഒന്നാം ലോക​മ​ഹാ​യു​ദ്ധം ലോകത്തെ നന്നാക്കു​മെന്നു മറ്റ്‌ ആളുക​ളെ​പ്പോ​ലെ എന്‍റെ മാതാ​പി​താ​ക്ക​ളും പ്രതീ​ക്ഷി​ച്ചി​രു​ന്നു, പക്ഷേ ഒന്നും സംഭവി​ച്ചില്ല. സ്വന്തം നേട്ടങ്ങ​ളിൽ മാത്രം താത്‌പ​ര്യ​മു​ണ്ടാ​യി​രുന്ന ബാപ്‌റ്റിസ്റ്റ് മതപു​രോ​ഹി​ത​ന്മാ​രും എന്‍റെ മാതാ​പി​താ​ക്കളെ നിരാ​ശ​പ്പെ​ടു​ത്തി. എന്നാൽ എനിക്ക് ഒൻപതു വയസ്സാ​യ​പ്പോൾ ഞങ്ങളുടെ ജീവി​ത​ത്തിൽ ചില മാറ്റങ്ങൾ ഉണ്ടായി. യഹോ​വ​യു​ടെ സാക്ഷികൾ എന്നു പേര്‌ സ്വീക​രിച്ച അന്തർദേ​ശീയ ബൈബിൾ വിദ്യാർഥി സംഘട​ന​യു​ടെ “ക്ലാസു​കൾക്ക്” അഥവാ യോഗ​ങ്ങൾക്ക് എന്‍റെ അമ്മ പോകാൻതു​ടങ്ങി. ബൈബി​ളും ദൈവ​ത്തി​ന്‍റെ കിന്നരം എന്ന പുസ്‌ത​ക​വും ഉപയോ​ഗിച്ച് അവി​ടെ​യുള്ള ഒരു സഹോ​ദരി കുട്ടി​ക​ളായ ഞങ്ങളെ ബൈബിൾ പഠിപ്പി​ക്കാൻതു​ടങ്ങി. പഠിച്ച​തെ​ല്ലാം എനിക്ക് ഇഷ്ടപ്പെട്ടു.

പ്രായ​മായ സഹോ​ദ​ര​ങ്ങ​ളിൽനിന്ന് പഠിക്കു​ന്നു

ദൈവ​വ​ച​ന​ത്തി​ലെ പ്രത്യാശ ആളുകൾക്കു കാണി​ച്ചു​കൊ​ടു​ക്കു​ന്നതു കൗമാ​ര​പ്രാ​യ​ത്തിൽത്തന്നെ എനിക്ക് ഇഷ്ടമാ​യി​രു​ന്നു. മിക്ക​പ്പോ​ഴും ഞാൻ ഒറ്റയ്‌ക്കാ​ണു വീടു​തോ​റും പോയി​രു​ന്ന​തെ​ങ്കി​ലും മറ്റുള്ള​വ​രു​ടെ​കൂ​ടെ പ്രവർത്തി​ച്ചത്‌ എന്നെ പലതും പഠിപ്പി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, ഒരു ദിവസം ഞാനും പ്രായ​മായ ഒരു സഹോ​ദ​ര​നും കൂടി ഒരു പ്രദേ​ശ​ത്തേക്കു സാക്ഷീ​ക​രി​ക്കാ​നാ​യി സൈക്കി​ളിൽ പോകു​ക​യാ​യി​രു​ന്നു. ഒരു പുരോ​ഹി​തനെ കണ്ടപ്പോൾ ഞാൻ പറഞ്ഞു: “അതാ പോകു​ന്നു, ഒരു കോലാട്‌.” ഉടനെ സഹോ​ദരൻ സൈക്കിൾ നിറുത്തി. ഞങ്ങൾ ഒരുമിച്ച് അടുത്തു​ളള ഒരു മരത്തടി​യിൽ ഇരുന്നു. സഹോ​ദരൻ എന്നോടു പറഞ്ഞു: “കോലാട്‌ ആരാ​ണെന്നു വിധി​ക്കാൻ നിനക്ക് ആരാണ്‌ അധികാ​രം തന്നത്‌? ആളുകളെ സുവാർത്ത അറിയി​ക്കു​ന്ന​തിൽ മാത്രം നമ്മൾ ശ്രദ്ധി​ച്ചാൽ മതി, ന്യായ​വി​ധി യഹോ​വ​യ്‌ക്കു വിട്ടു​കൊ​ടു​ക്കാം.” കൊടു​ക്കു​ന്ന​തി​ന്‍റെ സന്തോ​ഷ​ത്തെ​ക്കു​റിച്ച് ശുശ്രൂ​ഷ​യു​ടെ ആ ആദ്യനാ​ളു​ക​ളിൽ ഞാൻ ധാരാളം പഠിച്ചു.—മത്താ. 25:31-33; പ്രവൃ. 20:35.

കൊടു​ക്കു​ന്ന​തിൽ സന്തോഷം കണ്ടെത്തു​ന്ന​തി​നു ചില​പ്പോൾ നമ്മൾ ക്ഷമയോ​ടെ സഹിച്ചു​നിൽക്കേ​ണ്ട​തു​ണ്ടെന്നു പ്രായ​മുള്ള മറ്റൊരു സഹോ​ദരൻ എന്നെ പഠിപ്പി​ച്ചു. അദ്ദേഹ​ത്തി​ന്‍റെ ഭാര്യക്ക് യഹോ​വ​യു​ടെ സാക്ഷി​കളെ ഇഷ്ടമി​ല്ലാ​യി​രു​ന്നു. ഒരു ദിവസം ചായ കുടി​ക്കാ​നാ​യി അദ്ദേഹം എന്നെ വീട്ടി​ലേക്കു ക്ഷണിച്ചു. അദ്ദേഹം വയൽസേ​വ​ന​ത്തി​നു പോയ​തിൽ ദേഷ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രുന്ന ഭാര്യ ഞങ്ങളുടെ നേരെ ചായ​പ്പൊ​ടി​യു​ടെ പായ്‌ക്ക​റ്റു​കൾ എറിയാൻതു​ടങ്ങി. ഭാര്യയെ വഴക്കു പറയു​ന്ന​തി​നു പകരം സഹോ​ദരൻ പുഞ്ചി​രി​യോ​ടെ ആ പായ്‌ക്ക​റ്റു​ക​ളെ​ല്ലാം എടുത്ത്‌ തിരികെ വെച്ചു. വർഷങ്ങൾക്കു ശേഷം സഹോ​ദ​രന്‍റെ ക്ഷമയ്‌ക്കു പ്രതി​ഫലം ലഭിച്ചു; സഹോ​ദ​രന്‍റെ ഭാര്യ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി സ്‌നാ​ന​മേറ്റു.

പ്രത്യാ​ശ​യു​ടെ സന്ദേശം മറ്റുള്ള​വ​രോ​ടു പറയാ​നുള്ള എന്‍റെ ആഗ്രഹം കൂടി​ക്കൂ​ടി വന്നു. അങ്ങനെ 1940 മാർച്ചിൽ ഡോവ​റിൽവെച്ച് ഞാനും അമ്മയും സ്‌നാ​ന​പ്പെട്ടു. 1939 സെപ്‌റ്റം​ബ​റിൽ ബ്രിട്ടൻ ജർമനി​യോ​ടു യുദ്ധം പ്രഖ്യാ​പി​ച്ചി​രു​ന്നു. എനിക്ക് അന്ന് 16 വയസ്സാ​യി​രു​ന്നു. ഡൺകർക്ക് യുദ്ധത്തിൽ മുറി​വേറ്റ ആയിര​ക്ക​ണ​ക്കി​നു പട്ടാള​ക്കാ​രെ​യും വഹിച്ചു​കൊ​ണ്ടുള്ള ലോറി​കൾ എന്‍റെ വീടിനു മുന്നിൽക്കൂ​ടി കടന്നു​പോ​കു​ന്നത്‌ 1940 ജൂണിൽ ഞാൻ കണ്ടു. അവരുടെ കണ്ണുക​ളിൽ പ്രത്യാ​ശ​യു​ടെ ഒരു കിരണം​പോ​ലും കണ്ടില്ല. ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച് അവരോ​ടു പറയാൻ എനിക്ക് അതിയായ ആഗ്രഹം തോന്നി. ആ വർഷം​തന്നെ ജർമനി ബ്രിട്ട​നിൽ ബോം​ബു​കൾ വർഷി​ക്കാൻതു​ടങ്ങി. ഓരോ രാത്രി​യും ബോംബർ വിമാ​നങ്ങൾ ആകാശ​ത്തു​കൂ​ടെ പറക്കു​ന്നതു കാണാ​മാ​യി​രു​ന്നു. ബോം​ബു​കൾ താഴേക്കു വരുന്ന​തി​ന്‍റെ ശബ്ദം ഞങ്ങളുടെ ഭീതി​യു​ടെ ആക്കം കൂട്ടി. അടുത്ത ദിവസം രാവിലെ അവിടെ ചെന്ന് നോക്കു​മ്പോൾ തകർന്നു​കി​ട​ക്കുന്ന വീടു​ക​ളാ​ണു കാണാ​നാ​കു​മാ​യി​രു​ന്നത്‌. ദൈവ​രാ​ജ്യ​മാണ്‌ എന്‍റെ ഒരേ ഒരു പ്രത്യാ​ശ​യെന്ന ബോധ്യം എനിക്കു കൂടി​ക്കൂ​ടി വന്നു.

കൊടു​ക്കു​ന്ന​തി​ന്‍റെ സന്തോഷം അനുഭ​വി​ച്ചു​തു​ട​ങ്ങു​ന്നു

1941-ലാണു ജീവി​ത​ത്തി​ന്‍റെ സന്തോഷം നിറഞ്ഞ നാളു​ക​ളി​ലേക്കു ഞാൻ കാലെ​ടു​ത്തു​വെ​ച്ചത്‌. ആ സമയത്ത്‌ ഞാൻ ചാറ്റമി​ലെ റോയൽ കപ്പൽനിർമാ​ണ​ശാ​ല​യിൽ കപ്പൽനിർമാ​താ​വാ​കാ​നുള്ള തൊഴിൽപ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു. ധാരാളം ആനുകൂ​ല്യ​ങ്ങ​ളുള്ള, ആരും കൊതി​ക്കുന്ന ഒരു ജോലി​യാ​യി​രു​ന്നു അത്‌. ക്രിസ്‌ത്യാ​നി​കൾ ഒരു രാജ്യ​ത്തി​ന്‍റെ പക്ഷം പിടിച്ച് മറ്റൊരു രാജ്യ​ത്തോ​ടു യുദ്ധം ചെയ്യരു​തെന്ന് യഹോ​വ​യു​ടെ സാക്ഷികൾ നേര​ത്തെ​തന്നെ മനസ്സി​ലാ​ക്കി​യി​രു​ന്നു. എന്നാൽ ആയുധങ്ങൾ ഉണ്ടാക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട ഒരു ജോലി​യും ചെയ്യാൻ പാടില്ല എന്ന് 1941-ഓടെ നമ്മൾ മനസ്സി​ലാ​ക്കി. (യോഹ. 18:36) ഞാൻ ജോലി ചെയ്‌തി​രുന്ന കപ്പൽനിർമാ​ണ​ശാല അന്തർവാ​ഹി​നി​കൾ ഉണ്ടാക്കി​യി​രു​ന്ന​തു​കൊണ്ട് ആ ജോലി ഞാൻ ഉപേക്ഷി​ച്ചു. എന്നിട്ട് മുഴു​സ​മ​യ​സേ​വനം ആരംഭി​ച്ചു. കോറ്റ്‌സ്‌വോൾഡ്‌സി​ലെ സൈറൻസെസ്റ്റർ എന്ന മനോ​ഹ​ര​മായ പട്ടണത്തി​ലേ​ക്കാ​യി​രു​ന്നു എന്നെ ആദ്യം നിയമി​ച്ചത്‌.

18 വയസ്സാ​യ​പ്പോൾ, സൈന്യ​ത്തിൽ ചേരാൻ വിസമ്മ​തി​ച്ച​തി​ന്‍റെ പേരിൽ എന്നെ 9 മാസം തടവു​ശി​ക്ഷ​യ്‌ക്കു വിധിച്ചു. എന്നെ ഒറ്റയ്‌ക്ക് ഒരു ജയില​റ​യി​ലാ​ക്കി വാതിൽ കൊട്ടി​യ​ടച്ചു. എനിക്കു വല്ലാത്ത പേടി തോന്നി. എന്നാൽ കാവൽക്കാ​രും സഹതട​വു​കാ​രും ഞാൻ എങ്ങനെ​യാ​ണു ജയിലി​ലാ​യ​തെന്നു ചോദി​ക്കാൻതു​ട​ങ്ങി​യ​പ്പോൾ സന്തോ​ഷ​ത്തോ​ടെ എന്‍റെ വിശ്വാ​സ​ത്തെ​ക്കു​റിച്ച് ഞാൻ അവരോ​ടു വിശദീ​ക​രി​ച്ചു.

ജയിൽമോ​ചി​ത​നാ​യ​ശേഷം എന്നോടു ലെനാർഡ്‌ സ്‌മിത്തിനോടൊപ്പം * ഞങ്ങളുടെ നാടായ കെന്‍റിലെ പട്ടണങ്ങ​ളിൽ പോയി സാക്ഷീ​ക​രി​ക്കാൻ ആവശ്യ​പ്പെട്ടു. 1944 മുതൽ, സ്‌ഫോ​ട​ക​വ​സ്‌തു​ക്കൾ നിറച്ച പൈല​റ്റി​ല്ലാത്ത ആയിര​ത്തി​ല​ധി​കം ജെറ്റു​വി​മാ​നങ്ങൾ കെന്‍റിൽ വന്നുവീണ്‌ വൻനാശം വിതയ്‌ക്കാൻതു​ടങ്ങി. ആ സമയത്ത്‌ ഞങ്ങൾ താമസി​ച്ചി​രു​ന്നത്‌, നാസികൾ കൈവ​ശ​പ്പെ​ടു​ത്തിയ യൂറോ​പ്പി​ന്‍റെ​യും ലണ്ടന്‍റെ​യും ഇടയി​ലാണ്‌. കുഴി​യാ​നകൾ (doodlebugs) എന്ന് അറിയ​പ്പെ​ട്ടി​രുന്ന ആ പറക്കും​ബോം​ബു​കൾ പോയി​രു​ന്നതു ഞങ്ങളുടെ പ്രദേ​ശ​ത്തി​നു മുകളി​ലൂ​ടെ​യാണ്‌. ഭീതി നിറഞ്ഞ നാളു​ക​ളാ​യി​രു​ന്നു അവ. വിമാ​ന​ത്തി​ന്‍റെ എൻജിന്‍റെ ശബ്ദം പെട്ടെന്നു നിലച്ചാൽ അടുത്ത നിമി​ഷങ്ങൾ പേടി​യോ​ടെ​യുള്ള കാത്തി​രി​പ്പി​ന്‍റേ​താണ്‌. കാരണം, പെട്ടെ​ന്നു​തന്നെ വിമാനം താഴെ വീണ്‌ പൊട്ടി​ത്തെ​റി​ക്കും. അഞ്ചു പേരുള്ള ഒരു കുടും​ബത്തെ ഞങ്ങൾ ബൈബിൾ പഠിപ്പി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ബോംബു വീണ്‌ വീടു തകർന്നാ​ലും രക്ഷപ്പെ​ടാൻവേണ്ടി ആ വീട്ടു​കാർ ഒരു ഇരുമ്പു​മേശ ഉണ്ടാക്കി​യി​രു​ന്നു. ചില​പ്പോൾ അതിന്‍റെ അടിയി​ലി​രു​ന്നാ​ണു ഞങ്ങൾ പഠിച്ചത്‌. ആ കുടും​ബം മുഴു​വ​നും പിൽക്കാ​ലത്ത്‌ സ്‌നാ​ന​പ്പെട്ടു.

സുവാർത്ത​യു​മാ​യി വിദേ​ശ​ത്തേക്ക്

അയർലൻഡിൽ മുൻനി​ര​സേ​വനം ചെയ്‌തി​രുന്ന ആദ്യനാ​ളു​ക​ളിൽ കൺ​വെൻ​ഷ​നെ​ക്കു​റിച്ച് മറ്റുള്ള​വരെ അറിയി​ക്കു​ന്നു

യുദ്ധത്തി​നു ശേഷം ഞാൻ തെക്കൻ അയർലൻഡിൽ രണ്ടു വർഷം മുൻനി​ര​സേ​വനം ചെയ്‌തു. അയർലൻഡ്‌ ഇംഗ്ലണ്ടിൽനിന്ന് വളരെ വ്യത്യ​സ്‌ത​മാ​യി​രു​ന്നെന്നു ഞങ്ങൾക്ക് അറിയി​ല്ലാ​യി​രു​ന്നു. മിഷന​റി​മാ​രാ​ണെന്നു പറഞ്ഞ് പരിച​യ​പ്പെ​ടു​ത്തി ഞങ്ങൾ ഓരോ വീട്ടി​ലും ചെന്ന് താമസ​സൗ​ക​ര്യം ചോദി​ച്ചു. തെരു​വു​ക​ളിൽ ഞങ്ങൾ മാസി​ക​യും സമർപ്പി​ച്ചു. പക്ഷേ ഒരു കത്തോ​ലി​ക്കാ​രാ​ജ്യത്ത്‌ അങ്ങനെ​യൊ​ക്കെ ചെയ്യു​ന്നതു ശുദ്ധമ​ണ്ട​ത്ത​ര​മാ​യി​രു​ന്നു. ഞങ്ങളെ ഒരാൾ ഭീഷണി​പ്പെ​ടു​ത്തി​യ​തി​നെ​ക്കു​റിച്ച് പരാതി​പ്പെ​ട്ട​പ്പോൾ പോലീ​സു​കാ​രൻ ഞങ്ങളോ​ടു ചോദി​ച്ചു: “പിന്നെ അവർ എന്തു ചെയ്യു​മെ​ന്നാ​ണു നിങ്ങൾ കരുതി​യത്‌?” പുരോ​ഹി​ത​ന്മാർക്ക് അന്നാട്ടി​ലു​ണ്ടാ​യി​രുന്ന സ്വാധീ​നം ഞങ്ങൾ തിരി​ച്ച​റി​ഞ്ഞില്ല. ആ സ്വാധീ​നം ഉപയോ​ഗിച്ച് അവർ, ഞങ്ങളുടെ പുസ്‌ത​കങ്ങൾ വാങ്ങി​യ​വരെ ജോലി​യിൽനിന്ന് പിരി​ച്ചു​വി​ടു​ക​യും ഞങ്ങളെ താമസ​സ്ഥ​ല​ങ്ങ​ളിൽനിന്ന് ഇറക്കി​വി​ടു​ക​യും ചെയ്‌തു.

പുതി​യൊ​രു സ്ഥലത്ത്‌ എത്തു​മ്പോൾ ആദ്യം, മറ്റൊരു പുരോ​ഹി​തന്‍റെ കീഴി​ലുള്ള, ദൂരെ​യുള്ള ഒരു പ്രദേ​ശത്ത്‌ സാക്ഷീ​ക​രി​ക്കു​ന്ന​താ​ണു നല്ലതെന്നു ഞങ്ങൾ മനസ്സി​ലാ​ക്കി. ഏറ്റവും അവസാനം മാത്രമേ അടുത്തു​ള്ള​വ​രോ​ടു സാക്ഷീ​ക​രി​ക്കു​മാ​യി​രു​ന്നു​ള്ളൂ. കിൽക്കെ​നി​യിൽ ജനക്കൂ​ട്ട​ത്തി​ന്‍റെ ഭീഷണി​കൾ വകവെ​ക്കാ​തെ ഞങ്ങൾ ആഴ്‌ച​യിൽ മൂന്നു തവണ ഒരു യുവാ​വി​നെ ബൈബിൾ പഠിപ്പി​ച്ചു. ബൈബിൾസ​ത്യ​ങ്ങൾ പഠിപ്പി​ക്കാൻ എനിക്കു വളരെ ഇഷ്ടമാ​യി​രു​ന്ന​തു​കൊണ്ട് മിഷന​റി​മാ​രാ​കാ​നുള്ള പരിശീ​ലനം നൽകുന്ന വാച്ച്ടവർ ഗിലെ​യാദ്‌ ബൈബിൾസ്‌കൂ​ളി​ലേക്ക് അപേക്ഷി​ക്കാൻ ഞാൻ തീരു​മാ​നി​ച്ചു.

1948 മുതൽ 1953 വരെ ഞങ്ങളുടെ മിഷന​റി​ഭ​വ​ന​മാ​യി​രുന്ന സിബിയ പായ്‌ക്കപ്പൽ

ന്യൂ​യോർക്കിൽ അഞ്ചു മാസത്തെ ഗിലെ​യാദ്‌ പരിശീ​ല​ന​ത്തി​നു ശേഷം, ഞാൻ ഉൾപ്പെടെ നാലു ബിരു​ദ​ധാ​രി​കളെ കരീബി​യൻ കടലിലെ ചെറു​ദ്വീ​പു​ക​ളി​ലേക്കു നിയമി​ച്ചു. 1948 നവംബ​റിൽ ഞങ്ങൾ 18 മീറ്റർ (59 അടി) നീളമുള്ള സിബിയ എന്ന പായ്‌ക്ക​പ്പ​ലിൽ ന്യൂ​യോർക്ക് സിറ്റി​യിൽനിന്ന് യാത്ര തിരിച്ചു. മുമ്പ് കടൽയാ​ത്ര നടത്തി​യി​ട്ടി​ല്ലാ​യി​രു​ന്ന​തു​കൊണ്ട് ഞാൻ വലിയ ആവേശ​ത്തി​ലാ​യി​രു​ന്നു. ഞങ്ങളിൽ ഒരാളായ ഗസ്റ്റ് മേയ്‌ക്കി അനുഭ​വ​പ​രി​ച​യ​മുള്ള ഒരു കപ്പിത്താ​നാ​യി​രു​ന്നു. എങ്ങനെ പായ്‌കൾ ഉയർത്തു​ക​യും താഴ്‌ത്തു​ക​യും ചെയ്യണം, വടക്കു​നോ​ക്കി​യ​ന്ത്രം ഉപയോ​ഗി​ക്കണം, കാറ്റി​ന​നു​സ​രിച്ച് കപ്പലിന്‍റെ ഗതി മാറ്റണം എന്നതു​പോ​ലുള്ള അടിസ്ഥാ​ന​കാ​ര്യ​ങ്ങൾ ഗസ്റ്റ് ഞങ്ങളെ പഠിപ്പി​ച്ചു. അപകട​ക​ര​മായ കൊടു​ങ്കാ​റ്റു​കൾക്കു നടുവി​ലൂ​ടെ 30 ദിവസം വിദഗ്‌ധ​മാ​യി കപ്പലോ​ടിച്ച് ഗസ്റ്റ് ഞങ്ങളെ ബഹാമാ​സിൽ എത്തിച്ചു.

“ദ്വീപു​ക​ളിൽ അതിനെ പ്രസ്‌താ​വി​പ്പിൻ”

ബഹാമാ​സി​ലെ ചെറു​ദ്വീ​പു​ക​ളിൽ കുറച്ച് മാസം പ്രസം​ഗി​ച്ച​തി​നു ശേഷം ഞങ്ങൾ ലീവാർഡ്‌ ദ്വീപു​ക​ളി​ലേ​ക്കും വിൻഡ്‌വാർഡ്‌ ദ്വീപു​ക​ളി​ലേ​ക്കും യാത്ര തിരിച്ചു. പോർട്ടോ റീക്കോ​യ്‌ക്ക​ടു​ത്തുള്ള വെർജിൻ ഐലൻഡ്‌സ്‌ മുതൽ ട്രിനി​ഡാഡ്‌ വരെ ഏകദേശം 800 കിലോ​മീ​റ്റ​റു​ക​ളി​ലാ​യി (500 മൈലു​ക​ളി​ലാ​യി) വ്യാപി​ച്ചു​കി​ട​ക്കുന്ന ദ്വീപ​സ​മൂ​ഹ​ങ്ങ​ളാണ്‌ അവ. അവിടെ സാക്ഷികൾ ആരുമി​ല്ലാത്ത, ഒറ്റപ്പെട്ട ദ്വീപു​ക​ളി​ലാണ്‌ അഞ്ചു വർഷം ഞങ്ങൾ പ്രധാ​ന​മാ​യും പ്രസം​ഗി​ച്ചത്‌. കത്തുകൾ അയയ്‌ക്കാ​നോ ലഭിക്കാ​നോ പറ്റാതെ ആഴ്‌ചകൾ കടന്നു​പോ​യി​ട്ടുണ്ട്. എന്നാൽ യഹോ​വ​യു​ടെ വചനം ദ്വീപു​ക​ളിൽ അറിയി​ക്കാ​നാ​യ​തിൽ ഞങ്ങൾ ഒരുപാ​ടു സന്തോ​ഷി​ച്ചു.—യിരെ. 31:10.

(ഇടത്തു​നിന്ന് വലത്തേക്ക്) റൊണാൾഡ്‌ പാർക്കിൻ, ഡിക്ക് റൈഡ്‌, ഗസ്റ്റ് മേയ്‌ക്കി, സ്റ്റാൻലി കാർട്ടർ എന്നീ മിഷന​റി​മാർ സിബിയ പായ്‌ക്ക​പ്പ​ലിൽ

ഞങ്ങളുടെ വരവ്‌ ഗ്രാമ​വാ​സി​കൾക്ക് ഒരു കൗതു​ക​ക്കാ​ഴ്‌ച​യാ​യി​രു​ന്നു. ആരാണു വന്നതെന്ന് അറിയാൻ അവർ ചുറ്റും കൂടു​മാ​യി​രു​ന്നു. ഒരു പായ്‌ക്ക​പ്പ​ലോ വെള്ളക്കാ​ര​നെ​യോ കണ്ടിട്ടി​ല്ലാ​ത്ത​വ​രാ​യി​രു​ന്നു അവരിൽ പലരും. അവി​ടെ​യു​ള്ളവർ ബൈബിൾ നന്നായി അറിയാ​വു​ന്ന​വ​രും സൗഹൃ​ദ​മ​ന​സ്‌ക​രും മതഭക്ത​രും ആയിരു​ന്നു. അവർ ഞങ്ങൾക്കു പലപ്പോ​ഴും മീനും വെണ്ണപ്പ​ഴ​വും (അവക്കാ​ഡോ പഴവും) നിലക്ക​ട​ല​യും തരുമാ​യി​രു​ന്നു. ഞങ്ങളുടെ ചെറിയ പായ്‌ക്ക​പ്പ​ലിൽ ഉറങ്ങാ​നും പാചകം ചെയ്യാ​നും തുണി അലക്കാ​നും അധികം സ്ഥലമി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ഞങ്ങൾ അതിൽ ഒതുങ്ങി​ക്കൂ​ടി.

ഞങ്ങൾ തീര​ത്തേക്കു തുഴഞ്ഞ് ദിവസം മുഴുവൻ ആളുകളെ ചെന്നു​കാ​ണും. എന്നിട്ട് ഒരു ബൈബിൾപ്ര​സം​ഗം കേൾക്കാൻ അവരെ ക്ഷണിക്കും. വൈകു​ന്നേ​ര​മാ​കു​മ്പോൾ ഞങ്ങൾ കപ്പലിന്‍റെ മണി അടിക്കും. കുന്നിൻചെ​രി​വു​ക​ളി​ലൂ​ടെ അവർ വിളക്കു​ക​ളു​മാ​യി നടന്നു​വ​രു​ന്നത്‌ ഒരു കാഴ്‌ച​ത​ന്നെ​യാ​യി​രു​ന്നു. മിന്നുന്ന നക്ഷത്രങ്ങൾ മലയി​റ​ങ്ങി​വ​രു​ക​യാ​ണെന്നു തോന്നും. ചില​പ്പോൾ നൂറോ​ളം ആളുകൾ വരും; പലപല ചോദ്യ​ങ്ങ​ളു​മാ​യി രാത്രി വൈകും​വരെ അവർ അവിടെ നിൽക്കും. അവർക്കു പാട്ടു പാടാൻ ഇഷ്ടമാ​യി​രു​ന്ന​തു​കൊണ്ട് ഞങ്ങൾ ചില രാജ്യ​ഗീ​തങ്ങൾ ടൈപ്പു ചെയ്‌ത്‌ അവർക്കു വിതരണം ചെയ്യു​മാ​യി​രു​ന്നു. ഈണ​മൊ​പ്പിച്ച് പാട്ടു പാടാൻ ഞങ്ങൾ നാലു പേരും നന്നായി ശ്രമി​ക്കും. ഈണം മനസ്സി​ലാ​യി​ക്ക​ഴി​യു​മ്പോൾ അവരും ഞങ്ങളു​ടെ​കൂ​ടെ മനോ​ഹ​ര​മാ​യി പാടും. എത്ര സന്തോ​ഷ​ക​ര​മായ സമയങ്ങ​ളാ​യി​രു​ന്നു അത്‌!

ഒരു വീട്ടിലെ ബൈബിൾപ​ഠനം കഴിയു​മ്പോൾ ആ വിദ്യാർഥി​ക​ളിൽ ചിലർ ഞങ്ങളോ​ടൊ​പ്പം അടുത്ത വീട്ടി​ലേ​ക്കും വന്ന് അവിടത്തെ പഠനത്തി​നും കൂടു​മാ​യി​രു​ന്നു. ഒരു സ്ഥലത്ത്‌ ഏതാനും ആഴ്‌ചകൾ മാത്രമേ ഞങ്ങൾ താമസി​ച്ചി​രു​ന്നു​ള്ളൂ. അതു​കൊണ്ട് അവിടം വിട്ട് പോകു​മ്പോൾ ഏറ്റവും താത്‌പ​ര്യ​മു​ണ്ടാ​യി​രുന്ന ആളുക​ളോട്‌, ഞങ്ങൾ തിരി​ച്ചു​വ​രു​ന്ന​തു​വരെ മറ്റുള്ള​വരെ ബൈബിൾ പഠിപ്പി​ക്കാൻ പറയു​മാ​യി​രു​ന്നു. അവരിൽ ചിലർ അവർക്കു കിട്ടിയ ആ നിയമനം വിശ്വ​സ്‌ത​മാ​യി ചെയ്‌ത​തെന്ന് അറിഞ്ഞ​പ്പോൾ ഞങ്ങൾക്കു സന്തോ​ഷ​മാ​യി.

ഇന്ന് ആ ദ്വീപു​കൾ പലതും തിര​ക്കേ​റിയ ടൂറിസ്റ്റ് റിസോർട്ടു​ക​ളാണ്‌. പക്ഷേ അന്ന് അവ നീലക്കാ​യ​ലു​ക​ളും മണൽത്തീ​ര​ങ്ങ​ളും പനകളും മാത്ര​മു​ണ്ടാ​യി​രുന്ന വിജന​സ്ഥ​ല​ങ്ങ​ളാ​യി​രു​ന്നു. സാധാ​ര​ണ​യാ​യി ഞങ്ങൾ രാത്രി​യി​ലാണ്‌ ഒരു ദ്വീപിൽനിന്ന് മറ്റൊരു ദ്വീപി​ലേക്കു പോയി​രു​ന്നത്‌. ഞങ്ങളുടെ പായ്‌ക്ക​പ്പ​ലി​നു ചുറ്റും ഡോൾഫി​നു​കൾ കൂട്ടമാ​യി തത്തിക്ക​ളി​ച്ചു. ഞങ്ങളുടെ തുഴ വെള്ളത്തെ കീറി​മു​റി​ക്കുന്ന ശബ്ദം മാത്രമേ അവിടെ അലയടി​ച്ചു​ള്ളൂ. ചന്ദ്രന്‍റെ വെള്ളി​വെ​ളി​ച്ചം ശാന്തമായ കടലിൽ ചക്രവാ​ള​ത്തോ​ളം നീണ്ടു​കി​ട​ക്കുന്ന ഒരു രാജപാത ഒരുക്കി.

അഞ്ചു വർഷം ദ്വീപു​ക​ളിൽ പ്രസം​ഗ​പ്ര​വർത്തനം നടത്തി​യ​ശേഷം ഞങ്ങളുടെ പായ്‌ക്കപ്പൽ കൊടുത്ത്‌ എൻജി​നുള്ള ഒരു ബോട്ടു വാങ്ങാ​നാ​യി ഞങ്ങൾ പോർട്ടോ റീക്കോ​യി​ലേക്കു പോയി. അവി​ടെ​വെച്ച് ഞാൻ മാക്‌സിൻ ബോയ്‌ഡ്‌ എന്ന സുന്ദരി​യായ മിഷന​റി​യെ കണ്ടുമു​ട്ടി. ഞങ്ങൾ പ്രണയ​ത്തി​ലാ​യി. ചെറു​പ്പം​മു​തൽതന്നെ തീക്ഷ്ണ​ത​യോ​ടെ സുവാർത്ത പ്രസം​ഗിച്ച ഒരാളാ​യി​രു​ന്നു മാക്‌സിൻ. ഡൊമി​നി​ക്കൻ റിപ്പബ്ലി​ക്കിൽ ഒരു മിഷന​റി​യാ​യി സേവി​ക്കു​ക​യാ​യി​രുന്ന മാക്‌സി​നെ 1950-ൽ അവിടത്തെ കത്തോ​ലി​ക്കാ​ഗ​വൺമെന്‍റ് നാടു​ക​ടത്തി. ഒരു കപ്പൽജോ​ലി​ക്കാ​ര​നെന്ന നിലയിൽ പോർട്ടോ റീക്കോ​യിൽ ഒരു മാസം താമസി​ക്കാ​നുള്ള അനുമ​തി​യേ എനിക്കു​ണ്ടാ​യി​രു​ന്നു​ള്ളൂ. എനിക്കു പെട്ടെ​ന്നു​തന്നെ ദ്വീപു​ക​ളി​ലേക്കു മടങ്ങി​പ്പോ​ക​ണ​മാ​യി​രു​ന്നു. പോയാൽപ്പി​ന്നെ ഏതാനും വർഷങ്ങൾക്കു ശേഷമേ തിരി​ച്ചു​വ​രാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ. അതു​കൊണ്ട് ഞാൻ ഇങ്ങനെ ചിന്തിച്ചു: “റൊണാൾഡേ, ഈ പെൺകു​ട്ടി​യെ സ്വന്തമാ​ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കിൽ എത്രയും പെട്ടെന്നു തീരു​മാ​ന​മെ​ടു​ത്തേ പറ്റൂ.” മൂന്ന് ആഴ്‌ച കഴിഞ്ഞ് ഞാൻ വിവാ​ഹാ​ഭ്യർഥന നടത്തി. ആറ്‌ ആഴ്‌ച കഴിഞ്ഞ് ഞങ്ങൾ വിവാ​ഹി​ത​രാ​യി. എന്നെയും മാക്‌സി​നെ​യും പോർട്ടോ റീക്കോ​യിൽത്തന്നെ മിഷന​റി​മാ​രാ​യി നിയമി​ച്ചു. അതു​കൊണ്ട് ആ പുതിയ ബോട്ടിൽ എനിക്കു പോകാൻ പറ്റിയില്ല.

1956-ൽ ഞങ്ങൾ സർക്കിട്ട് വേല തുടങ്ങി. ഞങ്ങൾ സന്ദർശി​ച്ചി​രുന്ന സഭകളി​ലെ പല സഹോ​ദ​ര​ങ്ങ​ളും പാവ​പ്പെ​ട്ട​വ​രാ​യി​രു​ന്നു. അവരെ ചെന്നു​കാ​ണാൻ ഞങ്ങൾക്ക് ഇഷ്ടമാ​യി​രു​ന്നു. പൊട്ടാല പാസ്റ്റിൽയൊ എന്ന ഗ്രാമ​ത്തി​ലെ രണ്ടു സാക്ഷി​ക്കു​ടും​ബ​ങ്ങ​ളിൽ ധാരാളം കുട്ടി​ക​ളു​ണ്ടാ​യി​രു​ന്നു. അവർക്കു​വേണ്ടി ഞാൻ പുല്ലാ​ങ്കു​ഴൽ വായി​ക്കു​മാ​യി​രു​ന്നു. അതിൽ ഇൽഡ എന്ന കൊച്ചു​പെൺകു​ട്ടി​യോട്‌, ഞങ്ങളു​ടെ​കൂ​ടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു വരാൻ ഇഷ്ടമാ​ണോ എന്നു ഞാൻ ചോദി​ച്ചു. അവൾ പറഞ്ഞു: “എനിക്ക് ഇഷ്ടമാണ്‌. പക്ഷേ ഷൂസി​ല്ലാ​ത്ത​തു​കൊണ്ട് എനിക്കു വരാൻ പറ്റില്ല.” ഞങ്ങൾ അവൾക്കു ഷൂസ്‌ വാങ്ങി​ക്കൊ​ടു​ത്ത​പ്പോൾ അവൾ ഞങ്ങളു​ടെ​കൂ​ടെ സാക്ഷീ​ക​ര​ണ​ത്തി​നു വന്നു. വർഷങ്ങൾക്കു ശേഷം 1972-ൽ ഞാനും മാക്‌സി​നും ബ്രൂക്‌ലിൻ ബെഥേൽ സന്ദർശി​ച്ച​പ്പോൾ, ആയിടെ ഗിലെ​യാദ്‌ സ്‌കൂ​ളിൽനിന്ന് ബിരുദം നേടിയ ഒരു സഹോ​ദരി ഞങ്ങളുടെ അടുത്ത്‌ വന്നു. നിയമനം കിട്ടി ഇക്വ​ഡോ​റി​ലേക്കു പോകാ​നി​രി​ക്കു​ക​യാ​യി​രുന്ന ആ സഹോ​ദരി ഞങ്ങളോ​ടു പറഞ്ഞു: “എന്നെ ഓർക്കു​ന്നു​ണ്ടോ? പാസ്റ്റിൽയൊ​യിൽവെച്ച് നിങ്ങൾ ഷൂസ്‌ വാങ്ങിത്തന്ന ആ പെൺകു​ട്ടി​യാ​ണു ഞാൻ.” അത്‌ ഇൽഡയാ​യി​രു​ന്നു! സന്തോ​ഷം​കൊണ്ട് ഞങ്ങൾ കരഞ്ഞു​പോ​യി!

1960-ൽ ഞങ്ങളോ​ടു പോർട്ടോ റീക്കോ ബ്രാഞ്ചിൽ സേവി​ക്കാൻ ആവശ്യ​പ്പെട്ടു. സാൻ ഹുവാ​നി​ലെ സാന്‍റർസെ​യി​ലെ ചെറിയ രണ്ടു നില വീടാ​യി​രു​ന്നു അന്നത്തെ ബ്രാ​ഞ്ചോ​ഫീസ്‌. ആദ്യകാ​ലത്ത്‌, ഞാനും ലെന്നാർട്ട് ജോൺസ​ണും ആണ്‌ ഒട്ടുമിക്ക ജോലി​ക​ളും ചെയ്‌തി​രു​ന്നത്‌. ഡൊമി​നി​ക്കൻ റിപ്പബ്ലി​ക്കി​ലെ ആദ്യത്തെ സാക്ഷി​ക​ളാ​യി​രു​ന്നു ജോൺസ​ണും ഭാര്യ​യും. 1957-ലാണ്‌ അവർ പോർട്ടോ റീക്കോ​യിൽ എത്തിയത്‌. മാക്‌സിൻ പിന്നീട്‌, മാസി​ക​ക​ളു​ടെ വരിസം​ഖ്യ​കൾ കൈകാ​ര്യം ചെയ്‌തു​തു​ടങ്ങി. ആഴ്‌ച​യിൽ ഏതാണ്ട് ആയിര​ത്തി​ല​ധി​കം വരിസം​ഖ്യ​ക​ളാ​ണു മാക്‌സിൻ അയച്ചു​കൊ​ടു​ത്തത്‌. അയച്ചു​കൊ​ടു​ക്കുന്ന മാസി​കകൾ ആളുകൾക്ക് എത്രമാ​ത്രം പ്രയോ​ജനം ചെയ്യു​മെന്നു ചിന്തി​ച്ചതു സന്തോ​ഷ​ത്തോ​ടെ അതു ചെയ്യാൻ മാക്‌സി​നെ സഹായി​ച്ചു.

നമുക്കു​ള്ള​തു കൊടു​ക്കാ​നുള്ള ഒരു നല്ല മാർഗ​മാ​ണു ബെഥേൽസേ​വനം. അതു​കൊണ്ട് എനിക്ക് അതു വളരെ ഇഷ്ടമാണ്‌. പക്ഷേ കാര്യങ്ങൾ എപ്പോ​ഴും അത്ര എളുപ്പ​മ​ല്ലാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, 1967-ൽ പോർട്ടോ റീക്കോ​യിൽ ആദ്യമാ​യി അന്താരാ​ഷ്‌ട്ര സമ്മേളനം നടന്ന​പ്പോൾ ഒരുപാട്‌ ഉത്തരവാ​ദി​ത്വ​ങ്ങൾ എനിക്കു വഹി​ക്കേ​ണ്ടി​വന്നു. അക്കാലത്തെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ങ്ങൾക്കു നേതൃ​ത്വം വഹിച്ചി​രുന്ന നേഥൻ നോർ സഹോ​ദരൻ അന്നു പോർട്ടോ റീക്കോ​യി​ലേക്കു വന്നു. അവി​ടെ​യെ​ത്തിയ മിഷന​റി​മാർക്കു യാത്രാ​സൗ​ക​ര്യം ഒരുക്കു​ന്ന​തിൽ ഞാൻ ശ്രദ്ധി​ച്ചി​ല്ലെന്നു തെറ്റി​ദ്ധ​രിച്ച അദ്ദേഹം പിന്നീട്‌ എനിക്കു ശക്തമായ ബുദ്ധി​യു​പ​ദേശം തന്നു. ഞാൻ അടുക്കും ചിട്ട​യോ​ടും കൂടെയല്ല കാര്യങ്ങൾ ചെയ്‌ത​തെ​ന്നും അതു​കൊണ്ട് ഞാൻ സഹോ​ദ​രനെ നിരാ​ശ​പ്പെ​ടു​ത്തി​യെ​ന്നും അദ്ദേഹം എന്നോടു പറഞ്ഞു. ഞാൻ തർക്കി​ച്ചി​ല്ലെ​ങ്കി​ലും തെറ്റി​ദ്ധ​രി​ക്ക​പ്പെ​ട്ട​തിൽ എനിക്കു നിരാ​ശ​യും വിഷമ​വും തോന്നി. എന്നാൽ അടുത്ത തവണ എന്നെയും മാക്‌സി​നെ​യും കണ്ടപ്പോൾ നോർ സഹോ​ദരൻ ഞങ്ങളെ അദ്ദേഹ​ത്തി​ന്‍റെ മുറി​യി​ലേക്കു ക്ഷണിച്ച് ഭക്ഷണം ഉണ്ടാക്കി​ത്തന്നു.

എന്‍റെ കുടും​ബത്തെ സന്ദർശി​ക്കാ​നാ​യി ഞങ്ങൾ പല തവണ പോർട്ടോ റീക്കോ​യിൽനിന്ന് ഇംഗ്ലണ്ടി​ലേക്കു പോയി. ഞാനും അമ്മയും സത്യം പഠിച്ച സമയത്ത്‌ ഡാഡി പഠിച്ചി​രു​ന്നില്ല. പക്ഷേ ബെഥേ​ലിൽനിന്ന് സന്ദർശ​ക​പ്ര​സം​ഗകർ വരു​മ്പോൾ അമ്മ അവരെ ഞങ്ങളുടെ വീട്ടിൽ താമസി​ക്കാൻ ക്ഷണിക്കു​മാ​യി​രു​ന്നു. വർഷങ്ങൾക്കു മുമ്പ് ഡാഡിയെ വെറു​പ്പിച്ച പുരോ​ഹി​ത​ന്മാ​രെ​പ്പോ​ലെയല്ല ഈ മേൽവി​ചാ​ര​ക​ന്മാ​രെ​ന്നും അവർ വളരെ താഴ്‌മ​യു​ള്ള​വ​രാ​ണെ​ന്നും ഡാഡി നിരീ​ക്ഷി​ച്ചു. അങ്ങനെ ഒടുവിൽ 1962-ൽ ഡാഡി​യും സ്‌നാ​ന​മേറ്റ്‌ യഹോ​വ​യു​ടെ സാക്ഷി​യാ​യി.

മാക്‌സിനുമൊത്ത്‌ പോർട്ടോ റീക്കോ​യിൽ; വിവാഹം കഴിഞ്ഞ ഉടനെ​യും 2003-ൽ ഞങ്ങളുടെ 50-‍ാമത്തെ വിവാ​ഹ​വാർഷി​ക​ത്തി​ലും

ഞാൻ ഒരുപാ​ടു സ്‌നേ​ഹിച്ച എന്‍റെ ഭാര്യ 2011-ൽ മരിച്ചു. പുനരു​ത്ഥാ​നം പ്രാപി​ച്ചു​വ​രുന്ന മാക്‌സി​നെ കാണാൻ ഞാൻ കാത്തു​കാ​ത്തി​രി​ക്കു​ക​യാണ്‌. അത്‌ ഓർക്കു​മ്പോൾത്തന്നെ എനിക്കു സന്തോഷം തോന്നു​ന്നു. ഒരുമി​ച്ചു​ക​ഴിഞ്ഞ ആ 58 വർഷം​കൊണ്ട്, പോർട്ടോ റീക്കോ​യി​ലെ സാക്ഷി​ക​ളു​ടെ എണ്ണം 650-ൽനിന്ന് 26,000 ആകുന്നതു കാണാൻ ഞങ്ങൾക്കു കഴിഞ്ഞു. 2013-ൽ പോർട്ടോ റീക്കോ ബ്രാഞ്ച് ഐക്യ​നാ​ടു​ക​ളി​ലെ ബ്രാഞ്ചു​മാ​യി ലയിപ്പി​ച്ച​പ്പോൾ എന്നോടു ന്യൂ​യോർക്കി​ലെ വാൾക്കി​ലിൽ സേവി​ക്കാൻ ആവശ്യ​പ്പെട്ടു. ദ്വീപിൽ താമസിച്ച 60 വർഷം​കൊണ്ട് ഞാൻ ഒരു തനി പോർട്ടോ റീക്കോ​ക്കാ​ര​നാ​യി​ത്തീർന്നി​രു​ന്നു. അവിടെ എങ്ങും കാണുന്ന, വൈകു​ന്നേ​ര​ങ്ങ​ളിൽ കൊക്കീ, കൊക്കീ എന്നു കരയുന്ന, കൊക്കി എന്ന മരത്തവ​ള​യെ​പ്പോ​ലെ അത്‌ എന്‍റെയും സ്വദേ​ശ​മാ​യി മാറി. പക്ഷേ അവി​ടെ​നിന്ന് പോകാൻ സമയമാ​യി​രു​ന്നു.

“സന്തോ​ഷ​ത്തോ​ടെ കൊടു​ക്കു​ന്ന​വ​നെ​യ​ത്രേ ദൈവം സ്‌നേ​ഹി​ക്കു​ന്നത്‌”

ബെഥേ​ലി​ലെ ദൈവ​സേ​വനം ഞാൻ ഇപ്പോ​ഴും ആസ്വദി​ക്കു​ന്നു. ഇപ്പോൾ എനിക്ക് 90-നു മേൽ പ്രായ​മുണ്ട്. ഒരു ആത്മീയ​യി​ട​യ​നെന്ന നിലയിൽ ബെഥേൽകു​ടും​ബാം​ഗ​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കുക എന്നതാണ്‌ ഇപ്പോ​ഴത്തെ എന്‍റെ നിയമനം. വാൾക്കി​ലിൽ എത്തിയ​തി​നു ശേഷം ഏകദേശം 600 പേരെ ഞാൻ സന്ദർശി​ച്ചു. ചിലർ എന്നെ വന്നുകാ​ണു​ന്നത്‌ അവരുടെ കുടും​ബ​പ്ര​ശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചോ വ്യക്തി​പ​ര​മായ മറ്റു പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചോ പറയാ​നാണ്‌. ബെഥേൽസേ​വനം കൂടുതൽ മെച്ചമാ​യി ചെയ്യാൻ പറ്റുന്നത്‌ എങ്ങനെ​യെന്ന് അറിയാ​നാ​ണു മറ്റു ചിലർ വരുന്നത്‌. ഈയിടെ കല്യാണം കഴിച്ച ചിലരും വിവാ​ഹ​ജീ​വി​ത​ത്തെ​ക്കു​റിച്ച് ഉപദേ​ശങ്ങൾ ചോദി​ക്കാ​റുണ്ട്. ബെഥേ​ലിൽനിന്ന് തിരികെ വയലി​ലേക്കു നിയമനം ലഭിക്കു​ന്ന​വ​രും വരാറുണ്ട്. അവർക്കു പറയാ​നു​ള്ള​തെ​ല്ലാം കേട്ടിട്ട് ചില​രോ​ടു ഞാൻ പറയും: “‘സന്തോ​ഷ​ത്തോ​ടെ കൊടു​ക്കു​ന്ന​വ​രെ​യാ​ണു ദൈവം സ്‌നേ​ഹി​ക്കു​ന്നത്‌.’ അതു​കൊണ്ട് നിങ്ങളു​ടെ നിയമനം സന്തോ​ഷ​ത്തോ​ടെ ചെയ്യുക. യഹോ​വ​യ്‌ക്കു​വേ​ണ്ടി​യാ​ണു നിങ്ങൾ അതു ചെയ്യു​ന്നത്‌.”—2 കൊരി. 9:7.

ബെഥേ​ലി​ലാ​യാ​ലും മറ്റ്‌ എവി​ടെ​യാ​യാ​ലും സന്തോഷം നിലനി​റു​ത്താൻ ചെയ്യേ​ണ്ടത്‌ ഇതാണ്‌: നിങ്ങൾ ചെയ്യുന്ന കാര്യം പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌ എന്നതിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കുക. ബെഥേ​ലിൽ ചെയ്യുന്ന ഏതൊരു പ്രവർത്ത​ന​വും വിശു​ദ്ധ​സേ​വ​ന​മാണ്‌. കാരണം ലോക​വ്യാ​പ​ക​സ​ഹോ​ദ​ര​ങ്ങൾക്ക് ആത്മീയ​ഭ​ക്ഷണം കൊടു​ക്കു​ന്ന​തിൽ ‘വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമയെ’ സഹായി​ക്കുന്ന പ്രവർത്ത​ന​ങ്ങ​ളാണ്‌ അവിടെ നടക്കു​ന്നത്‌. (മത്താ. 24:45) നമ്മൾ എവിടെ സേവി​ച്ചാ​ലും ശരി, യഹോ​വയെ സ്‌തു​തി​ക്കാ​നുള്ള അവസരങ്ങൾ നമുക്കുണ്ട്. അതു​കൊണ്ട് യഹോവ പറയു​ന്നതു നമുക്കു സന്തോ​ഷ​ത്തോ​ടെ ചെയ്യാം. കാരണം, “സന്തോ​ഷ​ത്തോ​ടെ കൊടു​ക്കു​ന്ന​വ​നെ​യ​ത്രേ ദൈവം സ്‌നേ​ഹി​ക്കു​ന്നത്‌.”

^ ഖ. 13 ലെനാർഡ്‌ സ്‌മി​ത്തി​ന്‍റെ ജീവി​തകഥ 2012 ഏപ്രിൽ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ കാണാം.