വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിജയ​ക​ര​മായ വിവാ​ഹ​ജീ​വി​ത​ത്തിന്‌. . .

വിജയ​ക​ര​മായ വിവാ​ഹ​ജീ​വി​ത​ത്തിന്‌. . .

“നിങ്ങളിൽ ഓരോ​രു​ത്ത​നും തന്‍റെ ഭാര്യയെ തന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം; ഭാര്യ​യോ ഭർത്താ​വി​നെ ആഴമായി ബഹുമാ​നി​ക്കേ​ണ്ട​തു​മാ​കു​ന്നു.”—എഫെ. 5:33.

ഗീതം: 87, 3

1. പൊതു​വേ വിവാ​ഹ​ജീ​വി​ത​ത്തി​ന്‍റെ ആരംഭം സന്തോ​ഷ​ക​ര​മാ​ണെ​ങ്കി​ലും വിവാ​ഹി​ത​രാ​കു​ന്നവർ എന്തു പ്രതീ​ക്ഷി​ക്കണം? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

വിവാ​ഹ​ദി​വസം അണി​ഞ്ഞൊ​രു​ങ്ങി വരുന്ന സുന്ദരി​യായ വധുവി​നെ വരൻ കാണുന്ന ആ രംഗം! അവരുടെ സന്തോഷം വാക്കു​കൾകൊണ്ട് വർണി​ക്കാ​നാ​കില്ല. പരസ്‌പരം വിശ്വ​സ്‌ത​രാ​യി​രി​ക്കു​മെന്ന് അവർ ഇപ്പോൾ വാക്കു കൊടു​ക്കു​ന്നു. ഇതി​നോ​ടകം അവർ തമ്മിൽ അത്ര​ത്തോ​ളം അടുത്തു. എന്നാൽ വിവാ​ഹ​ത്തി​നു ശേഷം ഒരുമിച്ച് ജീവിതം തുടങ്ങു​മ്പോൾ, സ്‌നേ​ഹ​വും ഐക്യ​വും നിലനി​റു​ത്തു​ന്ന​തിന്‌ അവർ ചില മാറ്റങ്ങൾ വരുത്തണം. എല്ലാ ദമ്പതി​ക​ളും സന്തുഷ്ട​വും വിജയ​ക​ര​വും ആയ ഒരു വിവാ​ഹ​ജീ​വി​തം ആസ്വദി​ക്ക​ണ​മെ​ന്നാ​ണു വിവാ​ഹ​ത്തി​നു തുടക്കം കുറിച്ച യഹോ​വ​യു​ടെ ആഗ്രഹം. അതു​കൊ​ണ്ടാണ്‌ തന്‍റെ വചനമായ ബൈബി​ളി​ലൂ​ടെ യഹോവ ആവശ്യ​മായ ഉപദേ​ശങ്ങൾ തന്നിരി​ക്കു​ന്നത്‌. (സദൃ. 18:22) അങ്ങനെ​യാ​ണെ​ങ്കി​ലും, അപൂർണ​രായ മനുഷ്യർ വിവാ​ഹി​ത​രാ​കു​മ്പോൾ “ജഡത്തിൽ കഷ്ടം” അഥവാ പ്രശ്‌നങ്ങൾ ഉണ്ടാകു​മെന്നു ബൈബിൾ പറയുന്നു. (1 കൊരി. 7:28) ദാമ്പത്യ​പ്ര​ശ്‌നങ്ങൾ കുറയ്‌ക്കാൻ ഭാര്യ​ക്കും ഭർത്താ​വി​നും എന്തു ചെയ്യാ​നാ​കും? ക്രിസ്‌ത്യാ​നി​കൾക്ക് എങ്ങനെ വിവാ​ഹ​ജീ​വി​തം വിജയ​ക​ര​മാ​ക്കാ​നാ​കും?

2. ദമ്പതികൾ സ്‌നേ​ഹ​ത്തി​ന്‍റെ ഏതെല്ലാം രൂപങ്ങൾ പ്രകടി​പ്പി​ക്കേ​ണ്ട​തുണ്ട്?

2 വിവാ​ഹ​ജീ​വി​ത​ത്തിൽ സ്‌നേഹം ഒഴിച്ചു​കൂ​ടാ​നാ​കാ​ത്ത​താ​ണെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു. എന്നാൽ സ്‌നേ​ഹ​ത്തി​നു പല രൂപങ്ങ​ളുണ്ട്. അവയെ​ല്ലാം ദമ്പതി​കൾക്കി​ട​യി​ലു​ണ്ടാ​യി​രി​ക്കണം. ഉദാഹ​ര​ണ​ത്തിന്‌, അവർ പരസ്‌പരം ആർദ്ര​പ്രി​യ​വും (ഗ്രീക്കിൽ ഫീലിയ.) പ്രേമാ​ത്മ​ക​സ്‌നേ​ഹ​വും (ഈറോസ്‌) പ്രകടി​പ്പി​ക്കണം. കുടും​ബാം​ഗ​ങ്ങൾക്കി​ട​യി​ലെ സഹജസ്‌നേ​ഹ​വും (സ്റ്റോർഘി) ഏറെ പ്രധാ​ന​മാണ്‌, പ്രത്യേ​കിച്ച് കുട്ടി​ക​ളു​ണ്ടെ​ങ്കിൽ. എന്നാൽ തത്ത്വത്തിൽ അധിഷ്‌ഠി​ത​മായ സ്‌നേ​ഹ​മു​ണ്ടെ​ങ്കി​ലേ (അഗാപെ) ഒരു വിവാഹം ശരിക്കും വിജയി​ക്കൂ. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഈ സ്‌നേ​ഹത്തെ ഇങ്ങനെ വിവരി​ച്ചു: “നിങ്ങളിൽ ഓരോ​രു​ത്ത​നും തന്‍റെ ഭാര്യയെ തന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം; ഭാര്യ​യോ ഭർത്താ​വി​നെ ആഴമായി ബഹുമാ​നി​ക്കേ​ണ്ട​തു​മാ​കു​ന്നു.”—എഫെ. 5:33.

ദമ്പതി​ക​ളു​ടെ ഉത്തരവാ​ദി​ത്വ​ങ്ങൾ

3. ഭാര്യാ​ഭർത്താ​ക്ക​ന്മാർ തമ്മിലുള്ള സ്‌നേഹം എത്ര ശക്തമാ​യി​രി​ക്കണം?

3 “ഭർത്താ​ക്ക​ന്മാ​രേ, ക്രിസ്‌തു സഭയെ സ്‌നേ​ഹി​ച്ച​തു​പോ​ലെ നിങ്ങളു​ടെ ഭാര്യ​മാ​രെ സ്‌നേ​ഹി​ക്കു​വിൻ” എന്നു പൗലോസ്‌ എഴുതി. (എഫെ. 5:25) യേശു ശിഷ്യ​ന്മാ​രെ സ്‌നേ​ഹി​ച്ച​തു​പോ​ലെ പരസ്‌പരം സ്‌നേ​ഹി​ച്ചു​കൊണ്ട് ക്രിസ്‌ത്യാ​നി​കൾ ഇന്നു യേശു​വി​ന്‍റെ മാതൃക അനുക​രി​ക്കു​ന്നു. (യോഹ​ന്നാൻ 13:34, 35; 15:12, 13 വായി​ക്കുക.) വേണ്ടി​വ​ന്നാൽ ഇണയ്‌ക്കു​വേണ്ടി സ്വന്തം ജീവൻ കൊടു​ക്കാൻപോ​ലും ക്രിസ്‌ത്യാ​നി​കൾ ഒരുക്ക​മാ​യി​രി​ക്കണം; അത്രമാ​ത്രം അവർ തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം. എന്നാൽ വിവാ​ഹ​ജീ​വി​ത​ത്തിൽ ഗൗരവ​മായ പ്രശ്‌നങ്ങൾ തലപൊ​ക്കു​മ്പോ​ഴോ? അവരെ എന്തു സഹായി​ക്കും? തത്ത്വത്താൽ നയിക്ക​പ്പെ​ടുന്ന സ്‌നേഹം! അത്തരം സ്‌നേഹം “എല്ലാം പൊറു​ക്കു​ന്നു; എല്ലാം വിശ്വ​സി​ക്കു​ന്നു; എല്ലാം പ്രത്യാ​ശി​ക്കു​ന്നു; എല്ലാം സഹിക്കു​ന്നു.” അത്‌ “ഒരിക്ക​ലും നിലച്ചു​പോ​കു​ക​യില്ല.” (1 കൊരി. 13:7, 8) പരസ്‌പരം സ്‌നേ​ഹി​ക്കു​മെ​ന്നും വിശ്വ​സ്‌ത​രാ​യി​രി​ക്കു​മെ​ന്നും അവർ വാക്കു കൊടു​ത്ത​താണ്‌. ആ വിവാ​ഹ​പ്ര​തി​ജ്ഞ​യെ​ക്കു​റിച്ച് ഓർക്കു​ന്നത്‌ യഹോ​വ​യു​ടെ സഹായം തേടാ​നും ഒരുമിച്ച് പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നും അവരെ പ്രേരി​പ്പി​ക്കും.

4, 5. (എ) കുടും​ബ​ത്തി​ന്‍റെ ശിരസ്സെന്ന നിലയിൽ ഭർത്താ​വി​ന്‍റെ ഉത്തരവാ​ദി​ത്വം എന്താണ്‌? (ബി) ഭാര്യ ശിരസ്ഥാ​നത്തെ എങ്ങനെ വീക്ഷി​ക്കണം? (സി) വിവാ​ഹി​ത​രാ​യ​ശേഷം ഒരു ദമ്പതി​കൾക്ക് എന്തൊക്കെ മാറ്റങ്ങൾ വരു​ത്തേ​ണ്ടി​വന്നു?

4 ഭാര്യ​യു​ടെ​യും ഭർത്താ​വി​ന്‍റെ​യും ഉത്തരവാ​ദി​ത്വ​ങ്ങൾ എന്തെല്ലാ​മാ​ണെന്നു പൗലോസ്‌ വിവരി​ച്ചു: “ഭാര്യ​മാർ കർത്താ​വിന്‌ എന്നപോ​ലെ തങ്ങളുടെ ഭർത്താ​ക്ക​ന്മാർക്കു കീഴ്‌പെ​ട്ടി​രി​ക്കട്ടെ; എന്തെന്നാൽ ക്രിസ്‌തു ശരീര​ത്തി​ന്‍റെ രക്ഷകനാ​ക​യാൽ സഭയുടെ ശിരസ്സാ​യി​രി​ക്കു​ന്ന​തു​പോ​ലെ ഭർത്താവ്‌ ഭാര്യ​യു​ടെ ശിരസ്സ് ആകുന്നു.” (എഫെ. 5:22, 23) ഭർത്താ​വി​നെ​ക്കാൾ താഴ്‌ന്ന​വ​ളാ​ണു ഭാര്യ എന്നല്ല ഇതിന്‍റെ അർഥം. കുടും​ബ​ജീ​വി​ത​ത്തിൽ ഭാര്യ​യു​ടെ പങ്കു വില​പ്പെ​ട്ട​താ​ണെന്ന് യഹോ​വ​യു​ടെ ഈ വാക്കുകൾ വ്യക്തമാ​ക്കു​ന്നു: “മനുഷ്യൻ ഏകനാ​യി​രി​ക്കു​ന്നതു നന്നല്ല; ഞാൻ അവന്നു തക്കതാ​യൊ​രു തുണ ഉണ്ടാക്കി​ക്കൊ​ടു​ക്കും.” (ഉൽപ. 2:18) ഒരു നല്ല കുടും​ബ​നാ​ഥ​നാ​യി​രി​ക്കാൻ ഭാര്യ ഭർത്താ​വി​നെ സഹായി​ക്കണം. ഭർത്താ​വോ ‘സഭയുടെ ശിരസ്സായ’ യേശു​വി​ന്‍റെ സ്‌നേ​ഹ​പൂർവ​മായ മാതൃക അനുക​രി​ക്കണം. ഒരു ഭർത്താവ്‌ അങ്ങനെ ചെയ്യു​മ്പോൾ അദ്ദേഹത്തെ ബഹുമാ​നി​ക്കാ​നും പിന്തു​ണ​യ്‌ക്കാ​നും ഭാര്യക്ക് എളുപ്പ​മാ​യി​രി​ക്കും. മാത്രമല്ല, ഭർത്താ​വി​ന്‍റെ തണലിൽ ഭാര്യക്കു സുരക്ഷി​ത​ത്വ​വും തോന്നും.

5 ഫ്രെഡിന്‍റെ ഭാര്യയായ കാത്തി [1] പറയുന്നു: “വിവാ​ഹ​ത്തി​നു മുമ്പ് എന്‍റെ കാര്യങ്ങൾ ഞാൻ ഒറ്റയ്‌ക്കാ​ണു ചെയ്‌തി​രു​ന്നത്‌. എന്നാൽ വിവാ​ഹ​ത്തി​നു ശേഷം ഭർത്താ​വി​നെ ആശ്രയി​ക്കാൻ ഞാൻ പഠിച്ചു. എനിക്ക് അതു വലി​യൊ​രു മാറ്റമാ​യി​രു​ന്നു. അത്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. എന്നാൽ യഹോവ പറയു​ന്ന​തു​പോ​ലെ കാര്യങ്ങൾ ചെയ്യു​ന്ന​തു​കൊണ്ട് ഞങ്ങൾക്കു കൂടുതൽ അടുക്കാൻ കഴിഞ്ഞു.” ഫ്രെഡ്‌ പറയുന്നു: “തീരു​മാ​നങ്ങൾ എടുക്കാൻ എനിക്ക് എപ്പോ​ഴും ബുദ്ധി​മു​ട്ടാ​യി​രു​ന്നു. വിവാ​ഹ​ത്തി​നു ശേഷം രണ്ടു പേരു​ടെ​യും അഭി​പ്രാ​യങ്ങൾ കണക്കി​ലെ​ടു​ത്തി​ട്ടു​വേണം ഒരു തീരു​മാ​നം എടുക്കാൻ. അതു കൂടുതൽ ബുദ്ധി​മു​ട്ടാ​യി. പക്ഷേ യഹോ​വ​യു​ടെ മാർഗ​നിർദേ​ശ​ത്തി​നാ​യി പ്രാർഥി​ക്കു​ന്ന​തും എന്‍റെ ഭാര്യ​യു​ടെ അഭി​പ്രാ​യങ്ങൾ ശ്രദ്ധി​ക്കു​ന്ന​തും കാര്യങ്ങൾ കൂടുതൽ എളുപ്പ​മാ​ക്കു​ന്നു. ഞങ്ങൾ ഇപ്പോൾ ഒറ്റക്കെ​ട്ടാ​യി പ്രവർത്തി​ക്കു​ന്നു.”

6. ദാമ്പത്യ​ത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ “ഐക്യ​ത്തി​ന്‍റെ സമ്പൂർണ​ബ​ന്ധ​മായ സ്‌നേഹം” എങ്ങനെ സഹായി​ക്കും?

6 “അന്യോ​ന്യം പൊറു​ക്കു​ക​യും ഉദാര​മാ​യി ക്ഷമിക്കു​ക​യും” ചെയ്യു​ന്നെ​ങ്കിൽ ദാമ്പത്യ​ബന്ധം ശക്തമാ​കും. അപൂർണ​രാ​യ​തു​കൊണ്ട് രണ്ടു പേരു​ടെ​യും ഭാഗത്ത്‌ തെറ്റു​ക​ളു​ണ്ടാ​കും. അങ്ങനെ സംഭവി​ക്കു​മ്പോൾ ആ തെറ്റു​ക​ളിൽനിന്ന് പാഠം ഉൾക്കൊ​ള്ളു​ക​യും ക്ഷമിക്കാൻ പഠിക്കു​ക​യും “ഐക്യ​ത്തി​ന്‍റെ സമ്പൂർണ​ബ​ന്ധ​മായ സ്‌നേഹം” കൂടുതൽ തിക​വോ​ടെ കാണി​ക്കു​ക​യും വേണം. (കൊലോ. 3:13, 14) ക്ഷമയും ദയയും ഉള്ളവരാ​യി​രു​ന്നു​കൊ​ണ്ടും ‘ദ്രോ​ഹ​ങ്ങ​ളു​ടെ കണക്കു​സൂ​ക്ഷി​ക്കാ​തി​രു​ന്നു​കൊ​ണ്ടും’ ഇണകൾക്കു സ്‌നേഹം കാണി​ക്കാ​നാ​കും. (1 കൊരി. 13:4, 5) വിയോ​ജി​പ്പു​കൾ ഉണ്ടാകു​മ്പോൾ അവ എത്രയും പെട്ടെ​ന്നു​തന്നെ, ആ ദിവസം തീരു​ന്ന​തി​നു മുമ്പു​തന്നെ, പരിഹ​രി​ക്കാൻ ശ്രമി​ക്കേ​ണ്ട​താണ്‌. (എഫെ. 4:26, 27) ഇണയെ വേദനി​പ്പി​ച്ചെ​ങ്കിൽ “എന്നോടു ക്ഷമിക്കണം” എന്നു പറയാൻ താഴ്‌മ​യും ധൈര്യ​വും ആവശ്യ​മാണ്‌. എന്നാൽ അങ്ങനെ ചെയ്യു​ന്നതു പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നും ഇണകൾ കൂടുതൽ അടുക്കാ​നും സഹായി​ക്കും.

ആർദ്രത പ്രത്യേ​കാൽ ആവശ്യ​മായ സാഹച​ര്യം

7, 8. (എ) ദമ്പതി​കൾക്കി​ട​യി​ലെ ലൈം​ഗി​ക​ത​യെ​ക്കു​റിച്ച് ബൈബിൾ എന്ത് ഉപദേ​ശ​മാ​ണു തരുന്നത്‌? (ബി) ഇണകൾ ആർദ്രത കാണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

7 ദമ്പതി​കൾക്കി​ട​യി​ലെ ലൈം​ഗി​ക​ത​യെ​ക്കു​റിച്ച് ശരിയായ വീക്ഷണ​മു​ണ്ടാ​യി​രി​ക്കാൻ സഹായി​ക്കുന്ന ഉപദേ​ശങ്ങൾ ബൈബി​ളി​ലുണ്ട്. (1 കൊരി​ന്ത്യർ 7:3-5 വായി​ക്കുക.) ഭാര്യ ഭർത്താ​വി​ന്‍റെ​യും ഭർത്താവ്‌ ഭാര്യ​യു​ടെ​യും വികാ​ര​ങ്ങ​ളും ആവശ്യ​ങ്ങ​ളും കണക്കി​ലെ​ടു​ക്കേ​ണ്ടതു പ്രധാ​ന​മാണ്‌. ഭർത്താവ്‌ ആർദ്ര​ത​യോ​ടെ ഭാര്യ​യോട്‌ ഇടപെ​ടു​ന്നി​ല്ലെ​ങ്കിൽ ഭാര്യക്കു ലൈം​ഗി​ക​ബന്ധം ആസ്വദി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം. ഭർത്താവ്‌ “വിവേകപൂർവം,” അഥവാ ഭാര്യയെ നന്നായി മനസ്സി​ലാ​ക്കി വേണം ഇടപെ​ടാൻ. (1 പത്രോ. 3:7) ലൈം​ഗി​ക​ബ​ന്ധ​ത്തി​നാ​യി ഇണയെ ഒരിക്ക​ലും നിർബ​ന്ധി​ക്ക​രുത്‌. പകരം അതു സ്വാഭാ​വി​ക​മാ​യി തോ​ന്നേ​ണ്ട​താണ്‌. സ്‌ത്രീ​യെ​ക്കാൾ പെട്ടെന്നു താത്‌പ​ര്യം തോന്നു​ന്നതു പുരു​ഷ​നാ​യി​രി​ക്കും. എന്നാൽ ഇരുവ​രും ഒരു​പോ​ലെ മാനസി​ക​മാ​യി ഒരുക്ക​മാ​യി​രി​ക്കു​മ്പോൾ വേണം ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാൻ.

8 ഭർത്താ​വും ഭാര്യ​യും തമ്മിലുള്ള ലൈം​ഗി​ക​ബ​ന്ധ​ത്തി​ലെ സ്‌നേ​ഹ​പ്ര​ക​ട​നങ്ങൾ എത്ര​ത്തോ​ള​മാ​കാ​മെ​ന്നും അത്‌ എങ്ങനെ​യൊ​ക്കെ കാണി​ക്കാ​മെ​ന്നും സംബന്ധിച്ച് ബൈബിൾ പ്രത്യേ​ക​നി​ബ​ന്ധ​നകൾ ഒന്നും വെക്കു​ന്നില്ല. പക്ഷേ അത്തരം സ്‌നേ​ഹ​പ്ര​ക​ട​ന​ങ്ങ​ളെ​ക്കു​റിച്ച് ബൈബിൾ പറയു​ന്നുണ്ട്. (ഉത്ത. 1:2; 2:6) ക്രിസ്‌ത്യാ​നി​ക​ളായ ദമ്പതികൾ പരസ്‌പരം ആർദ്ര​ത​യോ​ടെ ഇടപെ​ടണം.

9. ഇണയല്ലാത്ത ഒരു വ്യക്തി​യോ​ടുള്ള ലൈം​ഗി​ക​താ​ത്‌പ​ര്യം ശരിയ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്?

9 ദൈവ​ത്തോ​ടും അയൽക്കാ​രോ​ടും സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ നമ്മുടെ ദാമ്പത്യ​ത്തി​നു ഭീഷണി ഉയർത്താൻ നമ്മൾ ആരെയും, ഒന്നി​നെ​യും അനുവ​ദി​ക്കില്ല. ചിലർ അശ്ലീല​ത്തിന്‌ അടിമ​ക​ളാ​യി​ക്കൊണ്ട് അവരുടെ വിവാ​ഹ​ബന്ധം ദുർബ​ല​പ്പെ​ടു​ത്തു​ക​യോ തകർക്കു​ക​പോ​ലു​മോ ചെയ്‌തി​ട്ടുണ്ട്. അശ്ലീല​ത്തോ​ടോ മറ്റ്‌ ഏതെങ്കി​ലും അനുചി​ത​മായ ലൈം​ഗി​ക​ന​ട​പ​ടി​ക​ളോ​ടോ ഉള്ള ആകർഷ​ണ​ത്തിന്‌ എതിരെ നമ്മൾ ശക്തമായ നിലപാട്‌ എടുക്കണം. ഇണയല്ലാത്ത ഒരു വ്യക്തി​യോ​ടു ശൃംഗ​രി​ക്കു​ക​യാണ്‌ എന്നു തോന്നി​പ്പി​ക്കുന്ന കാര്യ​ങ്ങൾപോ​ലും നമ്മൾ ഒഴിവാ​ക്കണം. കാരണം അത്തരം പ്രവർത്ത​നങ്ങൾ സ്‌നേ​ഹ​ത്തി​നു നേർവി​പ​രീ​ത​മാണ്‌. നമ്മുടെ എല്ലാ ചിന്തക​ളും പ്രവൃ​ത്തി​ക​ളും ദൈവം അറിയു​ന്നു​വെന്ന് ഓർക്കു​ന്നതു ദൈവത്തെ പ്രീതി​പ്പെ​ടു​ത്താ​നുള്ള ആഗ്രഹം ശക്തമാ​ക്കും, ഇണയോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ സഹായി​ക്കു​ക​യും ചെയ്യും.—മത്തായി 5:27, 28; എബ്രായർ 4:13 വായി​ക്കുക.

വിവാ​ഹ​ജീ​വി​ത​ത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ

10, 11. (എ) വിവാ​ഹ​മോ​ചനം ഇന്ന് എത്ര സർവസാ​ധാ​ര​ണ​മാണ്‌? (ബി) വേർപി​രി​യു​ന്ന​തി​നെ​ക്കു​റിച്ച് ബൈബിൾ എന്തു പറയുന്നു? (സി) വേർപി​രി​യു​ന്ന​തി​നെ​ക്കു​റിച്ച് പെട്ടെന്നു തീരു​മാ​നി​ക്കാ​തി​രി​ക്കാൻ ഒരു വ്യക്തിയെ എന്തു സഹായി​ക്കും?

10 ഗൗരവ​മുള്ള ദാമ്പത്യ​പ്ര​ശ്‌നങ്ങൾ പരിഹ​രി​ക്കാ​നാ​കാ​തെ വരു​മ്പോൾ ചില ദമ്പതികൾ വേർപി​രി​യാ​നോ വിവാ​ഹ​മോ​ചനം ചെയ്യാ​നോ തീരു​മാ​നി​ച്ചേ​ക്കാം. ചില രാജ്യ​ങ്ങ​ളിൽ, വിവാ​ഹി​ത​രാ​കുന്ന പകുതി​യി​ല​ധി​കം ആളുകൾ വിവാ​ഹ​മോ​ചനം ചെയ്യാ​റുണ്ട്. ക്രിസ്‌തീ​യ​സ​ഭ​യിൽ ഇതു സാധാ​ര​ണമല്ല. എങ്കിലും ഗൗരവ​മേ​റിയ വൈവാ​ഹി​ക​പ്ര​ശ്‌ന​ങ്ങ​ളുള്ള ദമ്പതികൾ ദൈവ​ജ​ന​ത്തിന്‌ ഇടയിൽ കൂടി​ക്കൂ​ടി​വ​രു​ക​യാണ്‌.

11 ഇക്കാര്യ​ത്തിൽ ബൈബിൾ ഈ ബുദ്ധി​യു​പ​ദേശം തരുന്നു: “ഭാര്യ ഭർത്താ​വിൽനി​ന്നു വേർപി​രി​യ​രുത്‌. ഇനി, വേർപി​രി​യേ​ണ്ടി​വ​രു​ന്ന​പക്ഷം അവൾ വിവാഹം കൂടാതെ കഴിയട്ടെ; അല്ലെങ്കിൽ ഭർത്താ​വു​മാ​യി രമ്യത​യി​ലാ​കട്ടെ. ഭർത്താവ്‌ ഭാര്യയെ ഉപേക്ഷി​ക്കു​ക​യു​മ​രുത്‌.” (1 കൊരി. 7:10, 11) പ്രശ്‌നങ്ങൾ വളരെ ഗൗരവ​മു​ള്ള​താ​യ​തു​കൊണ്ട് വേർപി​രി​ഞ്ഞേ മതിയാ​കൂ എന്നു ചില ദമ്പതി​കൾക്കു തോന്നാ​റുണ്ട്. എന്നാൽ വേർപി​രി​യു​ന്നതു നിസ്സാ​ര​മായ ഒരു കാര്യ​മ​ല്ലെന്നു യേശു പറഞ്ഞു. വിവാ​ഹ​ത്തെ​ക്കു​റിച്ച് ദൈവം ആദ്യം പറഞ്ഞ കാര്യം, അതായത്‌ മനുഷ്യൻ അപ്പനെ​യും അമ്മയെ​യും വിട്ടു​പി​രിഞ്ഞ് ഭാര്യ​യോ​ടു പറ്റി​ച്ചേ​രും എന്ന കാര്യം, ആവർത്തി​ച്ച​ശേഷം യേശു ഇങ്ങനെ പറഞ്ഞു: “ദൈവം കൂട്ടി​ച്ചേർത്ത​തി​നെ ഒരു മനുഷ്യ​നും വേർപി​രി​ക്കാ​തി​രി​ക്കട്ടെ.” (മത്താ. 19:3-6; ഉൽപ. 2:24) അതിന്‍റെ അർഥം “ദൈവം കൂട്ടി​ച്ചേർത്ത​തി​നെ” ഭാര്യ​യോ ഭർത്താ​വോ പോലും വേർപി​രി​ക്ക​രു​തെ​ന്നാണ്‌. വിവാ​ഹത്തെ ഒരു ആജീവ​നാ​ന്ത​ബ​ന്ധ​മാ​യി​ട്ടാണ്‌ യഹോവ കാണു​ന്നത്‌. (1 കൊരി. 7:39) നമ്മുടെ പ്രവൃ​ത്തി​കൾക്ക് യഹോ​വ​യോ​ടു കണക്കു ബോധി​പ്പി​ക്കേ​ണ്ട​വ​രാ​ണു നമ്മൾ എന്ന് ഓർക്കു​ന്നത്‌, പ്രശ്‌നങ്ങൾ ഗുരു​ത​ര​മാ​കു​ന്ന​തി​നു മുമ്പ് പരിഹ​രി​ക്കാൻ സഹായി​ക്കും.

12. എന്തൊക്കെ കാരണ​ങ്ങ​ളാ​ലാണ്‌ ആളുകൾ വേർപി​രി​യാൻ തീരു​മാ​നി​ക്കു​ന്നത്‌?

12 എന്തു​കൊ​ണ്ടാ​ണു ചിലരു​ടെ വിവാ​ഹ​ജീ​വി​ത​ത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകു​ന്നത്‌? തങ്ങൾ സ്വപ്‌നം കണ്ടതു​പോ​ലെയല്ല ജീവിതം എന്നു കാണു​മ്പോൾ ചിലർക്കു നിരാ​ശ​യും ദേഷ്യ​വും തോന്നു​ന്നു. ചിലർ വളർന്നു​വന്ന സാഹച​ര്യ​ങ്ങ​ളും വികാ​രങ്ങൾ പ്രകടി​പ്പി​ക്കുന്ന വിധവും വ്യത്യ​സ്‌ത​മാ​യി​രി​ക്കും. ഇണയുടെ കുടും​ബാം​ഗ​ങ്ങ​ളു​മാ​യി ഒത്തു​പോ​കാ​നുള്ള ബുദ്ധി​മുട്ട് ചില​പ്പോൾ പ്രശ്‌ന​ങ്ങൾക്കു കാരണ​മാ​യേ​ക്കാം. അല്ലെങ്കിൽ പണം ചെലവ​ഴി​ക്കു​ന്ന​തും കുട്ടി​കളെ വളർത്തു​ന്ന​തും പോലുള്ള കാര്യ​ങ്ങ​ളിൽ അഭി​പ്രാ​യ​ഭി​ന്ന​തകൾ ഉണ്ടാകാം. എന്നാൽ തങ്ങളെ നയിക്കാൻ ദൈവത്തെ അനുവ​ദി​ക്കു​ന്ന​തു​കൊണ്ട് മിക്ക ക്രിസ്‌തീ​യ​ദ​മ്പ​തി​കൾക്കും പ്രശ്‌ന​ങ്ങൾക്കു പരിഹാ​രം കണ്ടെത്താൻ കഴിയു​ന്നു​വെ​ന്നതു സന്തോ​ഷ​ക​ര​മാണ്‌.

13. വേർപി​രി​യാ​നുള്ള ന്യായ​മായ കാരണങ്ങൾ എന്തൊ​ക്ക​യാണ്‌?

13 വേർപി​രി​യാൻ ചില​പ്പോൾ ന്യായ​മായ കാരണങ്ങൾ ഉണ്ടാ​യേ​ക്കാം. മനഃപൂർവം കുടും​ബം നോക്കാ​തി​രി​ക്കു​ന്ന​തോ കടുത്ത ശാരീ​രിക ഉപദ്ര​വ​മോ ആരാധ​നാ​പ​ര​മായ കാര്യ​ങ്ങൾക്കുള്ള കടുത്ത ഭീഷണി​യോ പോലുള്ള അങ്ങേയറ്റം ദുസ്സഹ​മായ സാഹച​ര്യ​ങ്ങ​ളിൽ ചിലർ വേർപി​രി​യാൻ തീരു​മാ​നി​ച്ചേ​ക്കാം. ഗുരു​ത​ര​മായ പ്രശ്‌ന​ങ്ങ​ളു​ള്ള​പ്പോൾ ദമ്പതികൾ മൂപ്പന്മാ​രു​ടെ സഹായം തേടണം. ദൈവ​വ​ച​ന​ത്തി​ലെ ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കാൻ അനുഭ​വ​പ​രി​ച​യ​മുള്ള ഈ സഹോ​ദ​ര​ങ്ങൾക്കു ദമ്പതി​കളെ സഹായി​ക്കാ​നാ​കും. പരിശു​ദ്ധാ​ത്മാ​വി​നു​വേ​ണ്ടി​യും, ബൈബിൾത​ത്ത്വ​ങ്ങൾ ബാധക​മാ​ക്കാ​നും ആത്മാവി​ന്‍റെ ഫലം പ്രകടി​പ്പി​ക്കാ​നും ഉള്ള സഹായ​ത്തി​നു​വേ​ണ്ടി​യും, ദമ്പതികൾ യഹോ​വ​യോട്‌ അപേക്ഷി​ക്കണം.—ഗലാ. 5:22, 23. [2]

14. യഹോ​വയെ ആരാധി​ക്കാത്ത ഇണകളുള്ള ക്രിസ്‌ത്യാ​നി​ക​ളോ​ടു ബൈബിൾ എന്താണു പറയു​ന്നത്‌?

14 ഇണകളിൽ ഒരാൾ യഹോ​വയെ ആരാധി​ക്കാ​ത്ത​പ്പോൾപ്പോ​ലും ദമ്പതികൾ ഒരുമിച്ച് കഴിയ​ണ​മെന്നു ബൈബിൾ പറയുന്നു. (1 കൊരി​ന്ത്യർ 7:12-14 വായി​ക്കുക.) ഭാര്യ​യോ ഭർത്താ​വോ സത്യ​ദൈ​വത്തെ ആരാധി​ക്കു​ന്നെ​ങ്കിൽ അവിശ്വാ​സി​യായ ഇണ അക്കാര​ണ​ത്താൽ “വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്നു.” അവരുടെ ചെറിയ കുട്ടി​കളെ ദൈവം “വിശു​ദ്ധ​രാ​യി” കണക്കാ​ക്കു​ക​യും അംഗീ​ക​രി​ക്കു​ക​യും ചെയ്യുന്നു. പൗലോസ്‌ ക്രിസ്‌തീ​യ​ദ​മ്പ​തി​കളെ ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ച്ചു: “ഭാര്യയേ, നീ നിന്‍റെ ഭർത്താ​വി​നെ രക്ഷയി​ലേക്കു നയിക്കു​ക​യി​ല്ലെന്ന് എങ്ങനെ അറിയാം? ഭർത്താവേ, നീ നിന്‍റെ ഭാര്യയെ രക്ഷയി​ലേക്കു നയിക്കു​ക​യി​ല്ലെന്ന് എങ്ങനെ അറിയാം?” (1 കൊരി. 7:16) ഇണയെ സത്യാ​രാ​ധ​ന​യി​ലേക്കു നയിച്ച ക്രിസ്‌ത്യാ​നി​ക​ളു​ടെ നല്ല ദൃഷ്ടാ​ന്തങ്ങൾ ഒരുപാ​ടുണ്ട്.

15, 16. (എ) അവിശ്വാ​സി​യായ ഭർത്താ​വുള്ള ക്രിസ്‌തീ​യ​ഭാ​ര്യ​ക്കു ബൈബിൾ എന്ത് ഉപദേ​ശ​മാ​ണു നൽകു​ന്നത്‌? (ബി) ‘അവിശ്വാ​സി വേർപി​രി​യാൻ’ തീരു​മാ​നി​ക്കു​ന്നെ​ങ്കിൽ ഒരു ക്രിസ്‌ത്യാ​നിക്ക് എന്തു ചെയ്യാ​നാ​കും?

15 അപ്പോ​സ്‌ത​ല​നായ പത്രോസ്‌ ക്രിസ്‌തീ​യ​ഭാ​ര്യ​മാ​രോ​ടു ഭർത്താ​ക്ക​ന്മാർക്കു കീഴ്‌പെ​ട്ടി​രി​ക്കാൻ ആവശ്യ​പ്പെട്ടു. കാരണം പത്രോസ്‌ പറഞ്ഞു: “അവരിൽ ആരെങ്കി​ലും വചനം അനുസ​രി​ക്കാ​ത്ത​വ​രാ​യി​ട്ടു​ണ്ടെ​ങ്കിൽ ഭയാദ​ര​വോ​ടെ​യുള്ള നിങ്ങളു​ടെ നിർമ​ല​മായ നടപ്പു കണ്ടിട്ട് ഒരു വാക്കും കൂടാതെ നിങ്ങളു​ടെ നടപ്പി​നാൽ വിശ്വാ​സി​ക​ളാ​യി​ത്തീ​രാൻ ഇടവ​ന്നേ​ക്കാം.” എപ്പോ​ഴും തന്‍റെ വിശ്വാ​സ​ത്തെ​ക്കു​റിച്ച് ഭർത്താ​വി​നോ​ടു പറഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നു പകരം ഒരു ഭാര്യ ‘ശാന്തത​യും സൗമ്യ​ത​യു​മുള്ള മനസ്സു​ള്ള​വ​ളാ​യി​രി​ക്കു​മ്പോൾ’ അതു സത്യം സ്വീക​രി​ക്കാൻ ഭർത്താ​വി​നെ കൂടുതൽ സഹായി​ച്ചേ​ക്കും. അത്തര​മൊ​രു മനസ്സ് ‘ദൈവ​സ​ന്നി​ധി​യിൽ വില​യേ​റി​യ​താണ്‌.’—1 പത്രോ. 3:1-4.

16 അവിശ്വാ​സി​യായ ഇണ വേർപി​രി​യാൻ തീരു​മാ​നി​ക്കു​ന്നെ​ങ്കി​ലോ? ബൈബിൾ പറയുന്നു: “അവിശ്വാ​സി വേർപി​രി​യു​ന്നെ​ങ്കി​ലോ, വേർപി​രി​ഞ്ഞു​കൊ​ള്ളട്ടെ. അത്തരം സാഹച​ര്യ​ങ്ങ​ളിൽ ആ സഹോ​ദ​ര​നോ സഹോ​ദ​രി​യോ കടപ്പാ​ടിൻകീ​ഴി​ലല്ല. സമാധാ​ന​ത്തിൽ ജീവി​ക്കാ​ന​ല്ലോ ദൈവം നിങ്ങളെ വിളി​ച്ചി​രി​ക്കു​ന്നത്‌.” (1 കൊരി. 7:15) വേർപി​രി​യു​ന്നത്‌ ഒരു പരിധി​വരെ സമാധാ​നം കൊണ്ടു​വ​ന്നേ​ക്കാം. എങ്കിലും ക്രിസ്‌ത്യാ​നി​യായ ഇണയ്‌ക്കു പുനർവി​വാ​ഹം ചെയ്യാ​നുള്ള അനുമതി ബൈബിൾ നൽകു​ന്നില്ല. അതേസ​മയം അവിശ്വാ​സി​യായ ഇണയെ തന്നോ​ടൊ​പ്പം ജീവി​ക്കാൻ നിർബ​ന്ധി​ക്കാ​നുള്ള കടപ്പാ​ടു​മില്ല. കാലം കടന്നു​പോ​കു​മ്പോൾ, അവിശ്വാ​സി​യായ ഇണ വിവാ​ഹ​ബന്ധം പുനഃ​സ്ഥാ​പി​ക്കാൻ ആഗ്രഹിച്ച് തിരികെ വന്നേക്കാം. ഒരുപക്ഷേ യഹോ​വ​യു​ടെ ഒരു ആരാധ​ക​നാ​യി​ത്തീ​രു​ക​യും ചെയ്‌തേ​ക്കാം.

വിവാ​ഹ​ജീ​വി​ത​ത്തിൽ മുഖ്യ​സ്ഥാ​നം എന്തിനാ​യി​രി​ക്കണം?

ആത്മീയകാര്യങ്ങൾക്കു മുഖ്യ​സ്ഥാ​നം കൊടു​ക്കു​ന്നതു നിങ്ങളു​ടെ വിവാ​ഹ​ജീ​വി​ത​ത്തി​ലെ സന്തോഷം വർധി​പ്പി​ക്കും (17-‍ാ‍ം ഖണ്ഡിക കാണുക)

17. ക്രിസ്‌ത്യാ​നി​ക​ളായ ദമ്പതികൾ എന്തിനാ​ണു മുഖ്യ​സ്ഥാ​നം കൊടു​ക്കേ​ണ്ടത്‌?

17 ‘അന്ത്യകാ​ല​ത്തി​ന്‍റെ’ അവസാ​ന​ഭാ​ഗത്ത്‌ ജീവി​ക്കു​ന്ന​തു​കൊണ്ട്, ‘വിശേ​ഷാൽ ദുഷ്‌ക​ര​മായ സമയങ്ങ​ളി​ലൂ​ടെ​യാ​ണു’ നമ്മൾ കടന്നു​പോ​കു​ന്നത്‌. (2 തിമൊ. 3:1-5) അതു​കൊണ്ട്, യഹോ​വ​യു​മാ​യി അടുത്ത ബന്ധം കാത്തു​സൂ​ക്ഷി​ക്കു​ന്നത്‌ ഒരു സംരക്ഷ​ണ​മാ​യി​രി​ക്കും. പൗലോസ്‌ എഴുതി: “സമയം ചുരു​ങ്ങി​യി​രി​ക്കു​ന്നു. ആകയാൽ ഭാര്യ​മാർ ഉള്ളവർ ഇല്ലാത്ത​വ​രെ​പ്പോ​ലെ​യും . . . ലോകത്തെ ഉപയോ​ഗ​പ്പെ​ടു​ത്തു​ന്നവർ അതിനെ മുഴു​വ​നാ​യി ഉപയോ​ഗി​ക്കാ​ത്ത​വ​രെ​പ്പോ​ലെ​യും ഇരിക്കട്ടെ.” (1 കൊരി. 7:29-31) വിവാ​ഹി​തർ അവരുടെ ഇണയ്‌ക്കു യാതൊ​രു ശ്രദ്ധയും കൊടു​ക്കേണ്ട എന്നല്ല, പകരം നമ്മൾ അന്ത്യകാ​ലത്ത്‌ ജീവി​ക്കു​ന്ന​തു​കൊണ്ട് യഹോ​വ​യു​ടെ ആരാധ​ന​യ്‌ക്ക് ഒന്നാം സ്ഥാനം കൊടു​ക്കണം എന്നാണു പൗലോസ്‌ ഉദ്ദേശി​ച്ചത്‌.—മത്താ. 6:33.

18. സന്തുഷ്ട​വും വിജയ​ക​ര​വും ആയ വിവാ​ഹ​ജീ​വി​തം നയിക്കാൻ ക്രിസ്‌ത്യാ​നി​കൾക്ക് എങ്ങനെ കഴിയും?

18 ഈ ദുഷ്‌ക​ര​മായ സമയങ്ങ​ളിൽ പല വിവാ​ഹ​ങ്ങ​ളും തകരു​ന്നതു നമുക്കു കാണാം. സന്തുഷ്ട​വും വിജയ​ക​ര​വും ആയ ദാമ്പത്യം യഥാർഥ​ത്തിൽ സാധ്യ​മാ​ണോ? യഹോ​വ​യോ​ടും ദൈവ​ജ​ന​ത്തോ​ടും അടുത്തു​നിൽക്കു​ക​യും ബൈബിൾത​ത്ത്വ​ങ്ങൾ പ്രാവർത്തി​ക​മാ​ക്കു​ക​യും പരിശു​ദ്ധാ​ത്മാ​വി​ന്‍റെ മാർഗ​നിർദേശം സ്വീക​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ അതു സാധി​ക്കും. അങ്ങനെ ചെയ്യു​മ്പോൾ “ദൈവം കൂട്ടി​ച്ചേർത്ത” വിവാ​ഹ​ബ​ന്ധത്തെ നമ്മൾ ആദരി​ക്കു​ക​യാ​യി​രി​ക്കും.—മർക്കോ. 10:9.

^ [1] (ഖണ്ഡിക 5) പേരുകൾ മാറ്റി​യി​ട്ടുണ്ട്.

^ [2] (ഖണ്ഡിക 13)“ദൈവ​സ്‌നേ​ഹ​ത്തിൽ നിങ്ങ​ളെ​ത്തന്നെ കാത്തു​കൊ​ള്ളു​വിൻ” എന്ന പുസ്‌ത​ക​ത്തി​ന്‍റെ “വിവാ​ഹ​മോ​ച​ന​വും വേർപി​രി​യ​ലും—ബൈബി​ളി​ന്‍റെ വീക്ഷണം” എന്ന അനുബന്ധം കാണുക.