സ്വർണത്തെക്കാൾ മൂല്യമുള്ളതിനായി തിരയുക
നിങ്ങൾ എപ്പോഴെങ്കിലും പ്രകൃതിദത്തമായ സ്വർണം തിരഞ്ഞുകണ്ടുപിടിച്ചിട്ടുണ്ടോ? ചുരുക്കം ചിലർക്കേ അതിനു കഴിഞ്ഞിട്ടുള്ളൂ. പക്ഷേ ദശലക്ഷക്കണക്കിന് ആളുകൾ അതിലും മൂല്യമുള്ള ഒന്നു കണ്ടെത്തിയിരിക്കുന്നു: ദിവ്യജ്ഞാനം! “തങ്കം കൊടുത്താൽ അതു കിട്ടുന്നതല്ല.”—ഇയ്യോ. 28:12, 15.
സ്വർണം കണ്ടെത്താൻ അന്വേഷണം നടത്തുന്നവരും ആത്മാർഥമായി ബൈബിൾ പഠിക്കുന്നവരും തമ്മിൽ ചില സമാനതകളുണ്ട്. വിലതീരാത്ത ബൈബിൾപരിജ്ഞാനം കണ്ടെത്തുന്നതിനു ബൈബിൾ പഠിക്കുന്ന ഒരു വ്യക്തി നന്നായി അധ്വാനിക്കണം, അത് അന്വേഷിക്കുന്നതിൽ തുടരുകയും വേണം. സ്വർണം കണ്ടെത്തുന്ന മൂന്നു വിധങ്ങളിൽനിന്ന് ബൈബിൾവിദ്യാർഥികളായ നമുക്ക് എന്തൊക്കെ പഠിക്കാനാകും?
അൽപ്പം സ്വർണം കണ്ടെത്തുന്നു!
നിങ്ങൾ ഒരു നദീതീരത്തുകൂടി നടക്കുന്നതായി സങ്കൽപ്പിക്കുക. തിളങ്ങുന്ന എന്തോ ഒന്നു പെട്ടെന്നു നിങ്ങളുടെ കണ്ണിൽപ്പെടുന്നു. എന്താണെന്ന് അറിയാനായി നിങ്ങൾ കുനിഞ്ഞുനോക്കി. തീപ്പെട്ടിക്കൊള്ളിയുടെ തലപ്പിന്റെ വലുപ്പമുള്ള സ്വർണം! ഇനിയും ഇതുപോലെയുണ്ടോ എന്ന് അറിയാൻ നിങ്ങൾ അവിടെയെല്ലാം നോക്കുന്നു. ഇത്തരത്തിലുള്ള സ്വർണം ചിലയിടങ്ങളിൽ കാണാറുണ്ട്. എന്നാൽ അതു വജ്രത്തെക്കാൾ വിരളമാണ്.
ഇതുപോലെ, കുറച്ച് കാലം മുമ്പ് ഒരു ദിവസം, ബൈബിളിലെ പ്രത്യാശയുടെ സന്ദേശവുമായി നിങ്ങളുടെ വീട്ടുമുറ്റത്ത് യഹോവയുടെ ആരാധകരിൽ ഒരാൾ വന്നിട്ടുണ്ടാകാം. നിങ്ങൾക്കു മറക്കാനാകാത്ത ഒരു ദിവസമായിരിക്കാം അത്. ഒരുപക്ഷേ ദൈവത്തിന്റെ പേര് യഹോവ എന്നാണെന്നു ബൈബിളിൽനിന്ന് കണ്ടെത്തിയതായിരിക്കാം നിങ്ങൾക്ക് ആദ്യമായി കിട്ടിയ ആത്മീയസ്വർണം. (സങ്കീ. 83:18) അല്ലെങ്കിൽ യഹോവയുടെ ഒരു സുഹൃത്താകാൻ കഴിയുമെന്നു മനസ്സിലാക്കിയതാകാം. (യാക്കോ. 2:23) സ്വർണത്തെക്കാൾ മൂല്യമുള്ള ഒന്നാണു കണ്ടെത്തിയതെന്നു പെട്ടെന്നുതന്നെ നിങ്ങൾ തിരിച്ചറിഞ്ഞു. കൂടുതൽ ആത്മീയസ്വർണത്തിനായി അന്വേഷിക്കാൻ അപ്പോൾ നിങ്ങൾക്ക് ആകാംക്ഷ തോന്നിയിട്ടുണ്ടാകാം.
കൂടുതൽ സ്വർണം കണ്ടെത്തുന്നു!
ചിലപ്പോൾ അരുവികളിലും നദികളിലും ഒക്കെ ചെറിയ സ്വർണത്തരികളും സ്വർണശകലങ്ങളും അടിഞ്ഞുകൂടാറുണ്ട്. ഇങ്ങനെ അടിഞ്ഞുകൂടുന്ന സ്വർണം കണ്ടെത്താൻ കഠിനാധ്വാനം ചെയ്യുന്ന ചിലർക്ക്, കോടിക്കണക്കിനു രൂപ വിലവരുന്ന കിലോക്കണക്കിനു സ്വർണം ലഭിക്കാറുണ്ട്.
യഹോവയുടെ സാക്ഷികളുടെകൂടെ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ സ്വർണം അരിച്ചെടുക്കുന്ന ഒരാളെപ്പോലെയാണു നിങ്ങൾ എന്നു നിങ്ങൾക്കു തോന്നിയിട്ടുണ്ടാകാം. ബൈബിൾവാക്യങ്ങളെക്കുറിച്ച് ധ്യാനിച്ചതു നിങ്ങളുടെ അറിവിന്റെ ശേഖരം വർധിപ്പിച്ച് നിങ്ങളെ ആത്മീയമായി സമ്പന്നനാക്കി. വിലയേറിയ ആ ബൈബിൾസത്യങ്ങൾ നിങ്ങൾ ഉത്സാഹത്തോടെ കോരിയെടുത്തപ്പോൾ യഹോവയോട് എങ്ങനെ അടുത്തുചെല്ലാൻ കഴിയുമെന്നും നിത്യജീവന്റെ പ്രത്യാശയോടെ എങ്ങനെ ദൈവസ്നേഹത്തിൽ നിലനിൽക്കാൻ കഴിയുമെന്നും നിങ്ങൾ പഠിച്ചു.—യാക്കോ. 4:8; യൂദ 20, 21.
നദികളിലെ സ്വർണനിക്ഷേപം കണ്ടെത്താൻ ശ്രമിക്കുന്ന മത്താ. 28:19, 20.
ഒരാളെപ്പോലെ മൂല്യവത്തായ ആത്മീയസമ്പത്തു കണ്ടെത്തുന്നതിനു നിങ്ങൾ കഠിനശ്രമം ചെയ്തിട്ടുണ്ടാകാം. അടിസ്ഥാന ബൈബിൾസത്യങ്ങൾ അറിഞ്ഞപ്പോൾ സമർപ്പിക്കാനും സ്നാനപ്പെടാനും ഉള്ള പടികൾ സ്വീകരിക്കാൻ നിങ്ങൾ പ്രേരിതനായിക്കാണും.—അന്വേഷിക്കുന്നതിൽ തുടരുക!
ആഗ്നേയശിലകൾ എന്ന് അറിയപ്പെടുന്ന ഒരുതരം പാറയ്ക്കുള്ളിൽ ചെറിയ അളവിൽ സ്വർണമുണ്ട്. അത്തരം പാറകൾ ഖനനം ചെയ്തെടുത്ത് പൊടിച്ച് സ്വർണം കണ്ടെത്തുന്നതിൽ ഒരു നഷ്ടവുമില്ലെന്നാണു ചിലർ കരുതുന്നത്. ഒറ്റനോട്ടത്തിൽ ആ അയിരിൽ സ്വർണമുണ്ടോ എന്നു പറയാനാകില്ല. എന്തുകൊണ്ട്? കാരണം ഏറ്റവും അധികം സ്വർണത്തരികളുള്ള ആയിരം കിലോ പാറയിൽനിന്ന് ഏകദേശം പത്തു ഗ്രാം സ്വർണമേ ലഭിക്കാറുള്ളൂ! എങ്കിലും സ്വർണത്തിനായി അന്വേഷിക്കുന്നവരുടെ വീക്ഷണത്തിൽ അതു ശ്രമത്തിനു തക്ക മൂല്യമുള്ളതാണ്.
സമാനമായി, “ക്രിസ്തുവിനെക്കുറിച്ചുള്ള ബാലപാഠങ്ങൾ” പഠിച്ചതിനു ശേഷവും ഒരു വ്യക്തി കഠിനശ്രമം ചെയ്യേണ്ടതുണ്ട്. (എബ്രാ. 6:1, 2) ബൈബിൾപഠനത്തിൽനിന്ന് പുതിയപുതിയ ആശയങ്ങളും പ്രായോഗികപാഠങ്ങളും വേർതിരിച്ചെടുക്കുന്നതിനു നിങ്ങൾ കഠിനമായി പ്രയത്നിക്കണം. തിരുവെഴുത്തുകൾ വർഷങ്ങളായി പഠിക്കുന്ന ഒരാളായിരിക്കാം നിങ്ങൾ. അങ്ങനെയാണെങ്കിലും വ്യക്തിപരമായ ബൈബിൾപഠനം ഫലപ്രദമാണെന്ന് ഉറപ്പുവരുത്താൻ എന്തു ചെയ്യാനാകും?
പഠിക്കാനുള്ള ഉത്സാഹം നിലനിറുത്തുക. വിശദാംശങ്ങൾക്ക് അടുത്ത ശ്രദ്ധ കൊടുക്കുക. നിങ്ങൾ ആത്മാർഥമായി ശ്രമിക്കുന്നെങ്കിൽ ദിവ്യജ്ഞാനത്തിന്റെയും തിരുവെഴുത്തുപദേശങ്ങളുടെയും ആത്മീയസ്വർണം നിങ്ങൾക്കു കണ്ടെത്താനാകും. (റോമ. 11:33) തിരുവെഴുത്തുകളെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കുന്നതിനു നിങ്ങളുടെ ഭാഷയിൽ ലഭ്യമായിരിക്കുന്ന ഗവേഷണോപാധികൾ നന്നായി ഉപയോഗിക്കുക. നിങ്ങൾക്ക് ആവശ്യമായ മാർഗനിർദേശത്തിനായും ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്കായും ക്ഷമയോടെ അന്വേഷിക്കുക. മറ്റുള്ളവരെ സഹായിച്ചതും പ്രോത്സാഹിപ്പിച്ചതും ആയ തിരുവെഴുത്തുകളും ലേഖനങ്ങളും ഏതൊക്കെയാണെന്ന് അവരോടു ചോദിച്ചുമനസ്സിലാക്കുക. നിങ്ങൾ ദൈവവചനം പഠിച്ചപ്പോൾ കണ്ടെത്തിയ രസകരമായ ആശയങ്ങൾ പങ്കുവെക്കുക.
അറിവ് വർധിപ്പിക്കുക എന്നതു മാത്രമായിരിക്കരുതു നിങ്ങളുടെ ലക്ഷ്യം. അപ്പോസ്തലനായ പൗലോസ് ഈ മുന്നറിയിപ്പു നൽകി: “അറിവ് ഒരുവനെ നിഗളിയാക്കുന്നു.” (1 കൊരി. 8:1) അതുകൊണ്ട് താഴ്മയുള്ളവരായിരിക്കാനും വിശ്വാസത്തിൽ ശക്തരായിരിക്കാനും കഠിനാധ്വാനം ചെയ്യുക. മുടങ്ങാതെയുള്ള കുടുംബാരാധനയും വ്യക്തിപരമായ ബൈബിൾപഠനവും യഹോവയുടെ നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കാൻ നിങ്ങളെ സഹായിക്കും; മറ്റുള്ളവരെ സഹായിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യും. എല്ലാത്തിനും ഉപരിയായി നിങ്ങൾക്കു സന്തോഷവും ലഭിക്കും. കാരണം, നിങ്ങൾ കണ്ടെത്തിയിരിക്കുന്നതു സ്വർണത്തെക്കാൾ മൂല്യമുള്ള ഒന്നാണ്!—സദൃ. 3:13, 14.