വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ഓരോ അഭിഷിക്തക്രിസ്ത്യാനിക്കും ദൈവത്തിൽനിന്ന് ‘അച്ചാരവും’ ‘മുദ്രയും’ ലഭിക്കുമെന്ന് പറഞ്ഞപ്പോൾ പൗലോസ് എന്താണ് അർഥമാക്കിയത്? —2 കൊരി. 1:21, 22.
അച്ചാരം: ഒരു പരാമർശഗ്രന്ഥം പറയുന്നതനുസരിച്ച് 2 കൊരിന്ത്യർ 1:22-ൽ അച്ചാരം എന്ന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം “നിയമപരവും വാണിജ്യപരവും ആയ” ഒന്നാണ്. ആ പദത്തിന്റെ അർഥം, “ഒരു വസ്തു വാങ്ങുമ്പോൾ അഡ്വാൻസ് ആയി കൊടുക്കുന്ന തുക, ആദ്യഗഡു, ഈട്, ... എന്നൊക്കെയാണ്. അതുവഴി ആ വസ്തുവിന്മേൽ നിയമപരമായ അവകാശം സ്ഥാപിക്കുകയോ ഒരു എഗ്രിമെന്റ് പ്രാബല്യത്തിൽ വരുകയോ ചെയ്യുന്നു.” അഭിഷിക്തക്രിസ്ത്യാനികളുടെ കാര്യത്തിൽ അവർക്കു കിട്ടുന്ന മുഴുവൻ തുക അഥവാ പ്രതിഫലം, 2 കൊരിന്ത്യർ 5:1-5-ൽ വിവരിച്ചിരിക്കുന്ന പ്രകാരം അനശ്വരമായ സ്വർഗീയശരീരമാണ്. ആ പ്രതിഫലത്തിൽ അമർത്യതയെന്ന സമ്മാനം സ്വീകരിക്കുന്നതും ഉൾപ്പെടുന്നുണ്ട്.—1 കൊരി. 15:48-54.
ആധുനികഗ്രീക്കിൽ അച്ചാരം എന്നതിനോട് ബന്ധപ്പെട്ട് ഉപയോഗിച്ചിരിക്കുന്ന ഒരു പദം വിവാഹനിശ്ചയത്തിന് കൈമാറുന്ന മോതിരത്തെ കുറിക്കുന്ന ഒന്നാണ്. ക്രിസ്തുവിന്റെ ആലങ്കാരിക മണവാട്ടിയുടെ ഭാഗമാകാനിരിക്കുന്നവർക്കു ചേരുന്ന ഒരു പ്രയോഗമാണ് ഇത്.—2 കൊരി. 11:2; വെളി. 21:2, 9.
മുദ്ര: പണ്ടുകാലത്ത്, ഉടമസ്ഥതയോ ആധികാരികതയോ എഗ്രിമെന്റോ ഉറപ്പാക്കുന്നതിനുള്ള ഒരു ഒപ്പായി മുദ്ര ഉപയോഗിച്ചിരുന്നു. അഭിഷിക്തരുടെ കാര്യത്തിൽ ദൈവത്തിന്റെ സ്വത്തായി അവരെ പരിശുദ്ധാത്മാവ് മുദ്രയിട്ടിരിക്കുന്നു. (എഫെ. 1:13, 14) ഒരു വ്യക്തി വിശ്വസ്തനായി മരിക്കുന്നതിന് കുറച്ച് മുമ്പോ മഹാകഷ്ടം തുടങ്ങുന്നതിന് കുറച്ച് മുമ്പോ ആണ് അദ്ദേഹത്തിന്റെ മുദ്ര മായാത്ത ഒന്നായിത്തീരുന്നത്.—എഫെ. 4:30; വെളി. 7:2-4.