വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ജ്ഞാനപൂർവം ആണോ ഭാവനാ​ശേഷി ഉപയോ​ഗി​ക്കു​ന്നത്‌?

നിങ്ങൾ ജ്ഞാനപൂർവം ആണോ ഭാവനാ​ശേഷി ഉപയോ​ഗി​ക്കു​ന്നത്‌?

“പ്രപഞ്ച​ത്തിൽ നമ്മൾ ഇതുവരെ കണ്ടെത്തി​യി​ട്ടു​ള്ള​തിൽവെച്ച് ഏറ്റവും സങ്കീർണ​മായ വസ്‌തു,” എന്നാൽ ഭാരം 1.4 കിലോ​ഗ്രാം മാത്രം, അതാണ്‌ മനുഷ്യ​മ​സ്‌തി​ഷ്‌കം! ശരിക്കും ഒരു അത്ഭുതം​തന്നെ. നമ്മൾ അതി​നെ​ക്കു​റിച്ച് എത്രയ​ധി​കം പഠിക്കു​ന്നു​വോ യഹോ​വ​യു​ടെ ‘അത്ഭുത​ക​ര​മായ’ പ്രവൃ​ത്തി​ക​ളെ​ക്കു​റി​ച്ചുള്ള നമ്മുടെ വിലമ​തിപ്പ് അത്രയ​ധി​കം വർധി​ക്കും. (സങ്കീ. 139:14) മസ്‌തി​ഷ്‌ക​ത്തി​ന്‍റെ അഥവാ തലച്ചോ​റി​ന്‍റെ അനേകം പ്രാപ്‌തി​ക​ളിൽ ഒന്ന് നമുക്ക് ഇപ്പോൾ നോക്കാം—ഭാവനാ​ശേഷി.

എന്താണ്‌ ഭാവനാ​ശേഷി? ഒരു നിഘണ്ടു പറയു​ന്ന​ത​നു​സ​രിച്ച് “പുതി​യ​തോ ആവേശ​മു​ണർത്തു​ന്ന​തോ അല്ലെങ്കിൽ ഇതുവരെ നമ്മൾ അനുഭ​വി​ച്ചി​ട്ടി​ല്ലാ​ത്ത​തോ ആയ കാര്യ​ങ്ങ​ളു​ടെ ചിത്ര​ങ്ങ​ളോ അതുമാ​യി ബന്ധപ്പെട്ട ആശയങ്ങ​ളോ മനസ്സിൽ രൂപ​പ്പെ​ടു​ത്താ​നുള്ള കഴിവ്‌” ആണ്‌ ഭാവനാ​ശേഷി. അങ്ങനെ നോക്കു​മ്പോൾ, നിങ്ങൾ കൂടെ​ക്കൂ​ടെ ഉപയോ​ഗി​ക്കുന്ന ഒന്നല്ലേ ഭാവനാ​ശേഷി? ഉദാഹ​ര​ണ​ത്തിന്‌, ഇതുവരെ പോയി​ട്ടി​ല്ലാത്ത ഒരു സ്ഥലത്തെ​ക്കു​റിച്ച് നിങ്ങൾ വായി​ക്കു​ക​യോ കേൾക്കു​ക​യോ ചെയ്‌തി​ട്ടു​ണ്ടോ? അവിടെ പോയി​ട്ടി​ല്ലെന്ന് കരുതി ആ സ്ഥലം നിങ്ങൾക്ക് മനസ്സിൽ കാണാ​നാ​കില്ല എന്നുണ്ടോ? നമുക്ക് കാണാ​നോ കേൾക്കാ​നോ രുചി​ക്കാ​നോ തൊടാ​നോ മണക്കാ​നോ കഴിയാത്ത എന്തി​നെ​യെ​ങ്കി​ലും കുറിച്ച് ചിന്തി​ക്കുന്ന സമയ​ത്തെ​ല്ലാം നമ്മൾ ഭാവനാ​ശേഷി ഉപയോ​ഗി​ക്കു​ക​യാണ്‌.

മനുഷ്യ​നെ രൂപക​ല്‌പ​ന​ചെ​യ്‌തി​രി​ക്കു​ന്ന​തും സൃഷ്ടി​ച്ചി​രി​ക്കു​ന്ന​തും ദൈവ​ത്തി​ന്‍റെ സാദൃ​ശ്യ​ത്തി​ലാ​ണെന്ന് മനസ്സി​ലാ​ക്കാൻ ബൈബിൾ നമ്മളെ സഹായി​ക്കു​ന്നു. (ഉല്‌പ. 1:26, 27) അത്‌ കാണി​ക്കു​ന്നത്‌, ഒരു അർഥത്തിൽ യഹോ​വ​യ്‌ക്കും ഭാവനാ​ശേ​ഷി​യു​ണ്ടെ​ന്നല്ലേ? ഈ കഴിവ്‌ സഹിതം നമ്മളെ സൃഷ്ടി​ക്കാൻ തീരു​മാ​നി​ച്ച​തു​തന്നെ കാണി​ക്കു​ന്നത്‌ തന്‍റെ ഹിതം മനസ്സി​ലാ​ക്കു​ന്ന​തിന്‌ നമ്മൾ ഈ കഴിവ്‌ ഉപയോ​ഗി​ക്കാൻ യഹോവ ന്യായ​മാ​യും പ്രതീ​ക്ഷി​ക്കു​ന്നു എന്നാണ്‌. (സഭാ. 3:11) ദൈവ​ത്തി​ന്‍റെ ഹിതം മനസ്സി​ലാ​ക്കു​ന്ന​തിന്‌ നമുക്ക് നമ്മുടെ ഭാവനാ​ശേഷി ജ്ഞാനപൂർവം എങ്ങനെ ഉപയോ​ഗി​ക്കാം? നമ്മുടെ ഭാവനാ​ശേ​ഷി​യു​ടെ ബുദ്ധി​ശൂ​ന്യ​മായ ഏത്‌ ഉപയോ​ഗം നമ്മൾ ഒഴിവാ​ക്കണം?

ഭാവനാ​ശേ​ഷി​യു​ടെ ബുദ്ധി​ശൂ​ന്യ​മായ ഉപയോ​ഗം

(1) അനുചി​ത​മായ സമയത്തോ അനുചി​ത​മായ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചോ ദിവാ​സ്വ​പ്‌നം കാണു​ന്നത്‌.

ദിവാ​സ്വ​പ്‌നം കാണു​ന്നത്‌ അതിൽത്തന്നെ ഒരു തെറ്റല്ല. യഥാർഥ​ത്തിൽ, ദിവാ​സ്വ​പ്‌നം കാണു​ന്നത്‌ പ്രയോ​ജ​ന​ക​ര​മാ​ണെന്ന് തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നു. എന്നാൽ അതിന്‌ ഉചിത​മായ ഒരു സമയമുണ്ട്. കാരണം, “സകലകാ​ര്യ​ത്തി​ന്നും ഒരു കാലം ഉണ്ട്” എന്ന് സഭാ​പ്ര​സം​ഗി 3:1 പറയുന്നു. ഈ വാക്യം കാണി​ക്കു​ന്നത്‌, ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ ഉചിത​മ​ല്ലാത്ത സമയത്തും നമ്മൾ ചില കാര്യങ്ങൾ ചെയ്‌തേ​ക്കാ​മെ​ന്നല്ലേ? ഉദാഹ​ര​ണ​ത്തിന്‌, സഭാ​യോ​ഗങ്ങൾ നടക്കു​മ്പോ​ഴോ വ്യക്തി​പ​ര​മാ​യി ബൈബിൾ പഠിക്കു​മ്പോ​ഴോ മനസ്സ് അലഞ്ഞു​തി​രി​യാൻ അനുവ​ദി​ക്കു​ന്നെ​ങ്കിൽ നമ്മുടെ ഭാവനാ​ശേഷി ഗുണം​ചെ​യ്യു​മോ, അതോ ദോഷം​ചെ​യ്യു​മോ? അസാന്മാർഗി​ക​ഭാ​വ​ന​കൾപോ​ലെ​യുള്ള തെറ്റായ ചിന്തകൾ മനസ്സിൽ താലോ​ലി​ക്കാൻ അനുവ​ദി​ക്കു​ന്ന​തി​ന്‍റെ അപകട​ത്തെ​ക്കു​റിച്ച് യേശു ശക്തമായ മുന്നറി​യി​പ്പു നൽകി. (മത്താ. 5:28) നമ്മൾ ഭാവന​യിൽ കാണാൻ സാധ്യ​ത​യുള്ള ചില കാര്യങ്ങൾ യഹോ​വയെ തീർത്തും അപ്രീ​തി​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കും. അസാന്മാർഗി​ക​ഭാ​വ​നകൾ അസാന്മാർഗി​ക​പ്ര​വർത്ത​ന​ത്തി​ലേ​ക്കുള്ള ഒരു ചവിട്ടു​പ​ടി​യാ​യി​രി​ക്കും. യഹോ​വ​യിൽനിന്ന് നിങ്ങളെ അകറ്റാൻ നിങ്ങളു​ടെ ഭാവനാ​ശേ​ഷി​യെ ഒരിക്ക​ലും അനുവ​ദി​ക്കില്ല എന്ന ഉറച്ച തീരു​മാ​ന​മെ​ടു​ക്കുക!

(2) സമ്പത്തിന്‌ നിലനിൽക്കുന്ന സുരക്ഷി​ത​ത്വം നൽകാ​നാ​കു​മെന്ന് പ്രതീ​ക്ഷി​ക്കു​ന്നത്‌.

പണവും വസ്‌തു​വ​ക​ക​ളും നമുക്ക് ആവശ്യ​മാണ്‌, പ്രയോ​ജ​ന​ക​ര​വു​മാണ്‌. എന്നാൽ അവയിൽനിന്ന് യഥാർഥ സുരക്ഷി​ത​ത്വ​വും സന്തോ​ഷ​വും ലഭിക്കു​മെന്ന് ഭാവന​യിൽ കാണാൻ തുടങ്ങി​യാൽ നമ്മൾ നിരാ​ശി​ത​രാ​കും, തീർച്ച. ജ്ഞാനി​യാ​യി​രുന്ന ശലോ​മോൻ ഇങ്ങനെ എഴുതി: “ധനവാന്നു തന്‍റെ സമ്പത്തു ഉറപ്പുള്ള പട്ടണം; അതു അവന്നു ഉയർന്ന മതിൽ ആയി​ത്തോ​ന്നു​ന്നു.” (സദൃ. 18:11) ഉദാഹ​ര​ണ​ത്തിന്‌, 2009 സെപ്‌റ്റം​ബർ മാസത്തിൽ ഫിലി​പ്പീൻസി​ലെ മനില​യു​ടെ 80 ശതമാ​ന​ത്തി​ല​ധി​കം ഒരു പേമാരി മൂലമു​ണ്ടായ വെള്ള​പ്പൊ​ക്ക​ത്താൽ ബാധി​ക്ക​പ്പെട്ടു. ധാരാളം സമ്പത്തു​ണ്ടാ​യി​രുന്ന ആളുക​ളൊ​ക്കെ രക്ഷപ്പെ​ട്ടോ? ഏതാണ്ട് എല്ലാം​തന്നെ നഷ്ടപ്പെട്ട ധനിക​നാ​യി​രുന്ന ഒരു മനുഷ്യൻ ഇങ്ങനെ പറഞ്ഞു: “കഷ്ടങ്ങളും നഷ്ടങ്ങളും വരുത്തി​വെച്ച ഈ വെള്ള​പ്പൊ​ക്കം പണക്കാ​രെ​യും പാവ​പ്പെ​ട്ട​വ​രെ​യും ഒരേ തട്ടിലാ​ക്കി.” സമ്പത്ത്‌ യഥാർഥ സുരക്ഷി​ത​ത്വ​വും സംരക്ഷ​ണ​വും നൽകു​മെന്ന് ചിന്തി​ക്കാൻ എളുപ്പ​മാണ്‌. എന്നാൽ യാഥാർഥ്യം മറിച്ചാണ്‌.

(3) ഒരിക്ക​ലും സംഭവി​ക്കാൻ ഇടയി​ല്ലാത്ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച് അനാവ​ശ്യ​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നത്‌.

അമിത​മാ​യി “ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌” എന്ന് യേശു നമ്മളോട്‌ പറഞ്ഞു. (മത്താ. 6:34) എപ്പോ​ഴും ഉത്‌ക​ണ്‌ഠ​പ്പെ​ടുന്ന ഒരാൾ എപ്പോ​ഴും എന്തെങ്കി​ലു​മൊ​ക്കെ ഭാവന​യിൽ കാണുന്ന ആളായി​രി​ക്കും. സാങ്കല്‌പി​ക​പ്ര​ശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്, അതായത്‌ ഇതുവരെ സംഭവി​ച്ചി​ട്ടി​ല്ലാ​ത്ത​തോ സംഭവി​ക്കാൻ ഒട്ടും​തന്നെ സാധ്യ​ത​യി​ല്ലാ​ത്ത​തോ ആയ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്, ഉത്‌ക​ണ്‌ഠ​പ്പെ​ടു​മ്പോൾ നമ്മൾ വെറുതെ ഊർജം പാഴാ​ക്കു​ക​യാ​യി​രി​ക്കും. അത്തരം ഉത്‌കണ്‌ഠ നിരു​ത്സാ​ഹ​ത്തി​ലേ​ക്കും ഒരുപക്ഷേ വിഷാ​ദ​ത്തി​ലേ​ക്കു​പോ​ലും നയി​ച്ചേ​ക്കാം എന്ന് ബൈബിൾ പറയുന്നു. (സദൃ. 12:25) അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടാ​തി​രു​ന്നു​കൊ​ണ്ടും അതാതു ദിവസത്തെ കാര്യ​ങ്ങ​ളിൽ ശ്രദ്ധി​ച്ചു​കൊ​ണ്ടും യേശു​വി​ന്‍റെ ബുദ്ധി​യു​പ​ദേശം പ്രാവർത്തി​ക​മാ​ക്കു​ന്നത്‌ എത്ര പ്രധാ​ന​മാണ്‌!

ഭാവനാ​ശേ​ഷി​യു​ടെ ജ്ഞാനപൂർവ​മായ ഉപയോ​ഗം

(1) അപകട​ക​ര​മായ സാഹച​ര്യ​ങ്ങൾ മുൻകൂ​ട്ടി കാണാ​നും അത്‌ ഒഴിവാ​ക്കാ​നും.

വിവേ​ക​മു​ള്ള​വ​രാ​യി​രി​ക്കാ​നും കാര്യങ്ങൾ മുൻകൂ​ട്ടി ചിന്തി​ക്കാ​നും തിരു​വെ​ഴു​ത്തു​കൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (സദൃ. 22:3) തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​നു മുമ്പ് ഭാവനാ​ശേഷി ഉപയോ​ഗിച്ച് അതിന്‍റെ വരും​വ​രാ​യ്‌ക​ക​ളെ​ക്കു​റിച്ച് ചിന്തി​ക്കാ​നാ​കും. ഉദാഹ​ര​ണ​ത്തിന്‌, ഒരു സാമൂ​ഹി​ക​കൂ​ടി​വ​ര​വി​നുള്ള ക്ഷണം നിങ്ങൾക്കു കിട്ടി​യെന്നു വിചാ​രി​ക്കുക. അതിൽ പങ്കെടു​ക്ക​ണോ വേണ്ടയോ എന്നു ജ്ഞാനപൂർവം തീരു​മാ​നി​ക്കാൻ ഭാവനാ​ശേഷി എങ്ങനെ ഉപയോ​ഗി​ക്കാൻ കഴിയും? ആരെ​യൊ​ക്കെ​യാണ്‌ ക്ഷണിച്ചി​രി​ക്കു​ന്നത്‌, എത്ര പേർ വരും, എപ്പോൾ എവി​ടെ​വെ​ച്ചാണ്‌ അത്‌ നടക്കു​ന്നത്‌ എന്നീ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു ചിന്തി​ച്ച​തി​നു ശേഷം ‘അവിടെ എന്തൊക്കെ സംഭവി​ച്ചേ​ക്കാം?’ എന്ന് സ്വയം ചോദി​ക്കുക. ബൈബിൾത​ത്ത്വ​ങ്ങൾക്കു ചേർച്ച​യി​ലുള്ള പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന ഒരു കൂടി​വ​രവ്‌ നിങ്ങൾക്കു ഭാവന​യിൽ കാണാ​നാ​കു​മോ? ഇങ്ങനെ​യൊ​ക്കെ ചിന്തി​ക്കു​ന്നത്‌ ആ സംഭവം മനസ്സിൽ കാണാൻ നിങ്ങളെ സഹായി​ക്കും. ജ്ഞാനപൂർവ​മായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ ഭാവനാ​ശേഷി ഉപയോ​ഗി​ക്കു​ന്നത്‌ ആത്മീയ​ഹാ​നി വരുത്തുന്ന സാഹച​ര്യ​ങ്ങൾ ഒഴിവാ​ക്കാൻ നിങ്ങളെ സഹായി​ക്കും.

(2) ബുദ്ധി​മു​ട്ടേ​റിയ പ്രശ്‌നങ്ങൾ എങ്ങനെ കൈകാ​ര്യം ചെയ്യാ​മെന്ന് മാനസി​ക​മാ​യി തയ്യാ​റെ​ടു​ക്കാൻ.

ഭാവനാ​ശേഷി ഉപയോ​ഗി​ക്കു​ന്ന​തിൽ, “ഒരു പ്രശ്‌നത്തെ നേരി​ടാ​നും കൈകാ​ര്യം ചെയ്യാ​നും ഉള്ള പ്രാപ്‌തി” ഉൾപ്പെ​ടു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, തെറ്റി​ദ്ധാ​ര​ണ​യു​ടെ പേരിൽ സഭയിൽ ആരെങ്കി​ലു​മാ​യി നിങ്ങൾക്ക് ഒരു പ്രശ്‌ന​മു​ണ്ടാ​യെ​ന്നി​രി​ക്കട്ടെ. സമാധാ​നം വീണ്ടെ​ടു​ക്കാ​നാ​യി ആ സഹോ​ദ​ര​നെ​യോ സഹോ​ദ​രി​യെ​യോ നിങ്ങൾ എങ്ങനെ സമീപി​ക്കും? കണക്കി​ലെ​ടു​ക്കേണ്ട പല കാര്യ​ങ്ങ​ളുണ്ട്. ആ സഹോ​ദ​രന്‍റെ അല്ലെങ്കിൽ സഹോ​ദ​രി​യു​ടെ സംഭാ​ഷ​ണ​രീ​തി എങ്ങനെ​യു​ള്ള​താണ്‌? ആ പ്രശ്‌ന​ത്തെ​ക്കു​റിച്ച് സംസാ​രി​ക്കാ​നുള്ള ഏറ്റവും ഉചിത​മായ സമയം എപ്പോ​ഴാ​യി​രി​ക്കും? ഏത്‌ വാക്കുകൾ ഉപയോ​ഗിച്ച് എങ്ങനെ പറയു​ന്ന​താ​യി​രി​ക്കും കൂടുതൽ നല്ലത്‌? ഭാവനാ​ശേഷി ഉപയോ​ഗിച്ച് ഈ സാഹച​ര്യം കൈകാ​ര്യം ചെയ്യാ​നുള്ള വ്യത്യ​സ്‌ത​വ​ഴി​ക​ളെ​ക്കു​റിച്ച് ചിന്തിച്ച് മാനസി​ക​മാ​യി തയ്യാ​റെ​ടു​ക്കുക. എന്നിട്ട് അതിൽനിന്ന് ഏറ്റവും ഫലപ്ര​ദ​വും ഉചിത​വും ആയ ഒന്ന് തിര​ഞ്ഞെ​ടു​ക്കുക. (സദൃ. 15:28) ബുദ്ധി​മു​ട്ടേ​റിയ ഒരു പ്രശ്‌നം കൈകാ​ര്യം​ചെ​യ്യാൻ നന്നായി ചിന്തി​ച്ചു​കൊ​ണ്ടുള്ള അത്തരം ഒരു സമീപനം സഭയിൽ സമാധാ​നം ഉന്നമി​പ്പി​ക്കാൻ സഹായി​ക്കും. ഇത്‌ തീർച്ച​യാ​യും ഭാവനാ​ശേ​ഷി​യു​ടെ ജ്ഞാനപൂർവ​മായ ഉപയോ​ഗ​മാണ്‌.

(3) നിങ്ങളു​ടെ വ്യക്തി​പ​ര​മായ ബൈബിൾ വായന​യും പഠനവും പരി​പോ​ഷി​പ്പി​ക്കാൻ.

ദിവസ​വും ബൈബിൾ വായി​ക്കേ​ണ്ടത്‌ അതി​പ്ര​ധാ​ന​മാണ്‌. പക്ഷേ വെറുതെ വായി​ച്ച​തു​കൊണ്ട് മാത്രം കാര്യ​മില്ല. ബൈബിൾത്താ​ളു​ക​ളിൽ കാണുന്ന പ്രാ​യോ​ഗി​ക​പാ​ഠങ്ങൾ തിരി​ച്ച​റിഞ്ഞ് അത്‌ ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കാൻ നമ്മൾ പ്രേരി​ത​രാ​കണം. യഹോ​വ​യു​ടെ വഴിക​ളെ​ക്കു​റി​ച്ചുള്ള നമ്മുടെ വിലമ​തിപ്പ് ബൈബിൾവാ​യ​ന​യി​ലൂ​ടെ വളർത്തി​ക്കൊ​ണ്ടു​വ​രണം. ഭാവനാ​ശേഷി ഉപയോ​ഗിച്ച് നമുക്ക് ഇത്‌ എങ്ങനെ ചെയ്യാം? ഉദാഹ​ര​ണ​ത്തിന്‌, അവരുടെ വിശ്വാ​സം അനുക​രി​ക്കുക എന്ന പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ കാര്യം നോക്കാം. ഈ പുസ്‌ത​ക​ത്തി​ലെ ജീവസ്സുറ്റ വിവര​ണങ്ങൾ വായി​ക്കു​ന്നത്‌ ഓരോ ബൈബിൾക​ഥാ​പാ​ത്ര​ത്തി​ന്‍റെ​യും സാഹച​ര്യ​വും പശ്ചാത്ത​ല​വും മനസ്സിൽക്ക​ണ്ടു​കൊണ്ട് നമ്മുടെ ഭാവനാ​ശേ​ഷി​യെ ഉത്തേജി​പ്പി​ക്കാൻ സഹായി​ക്കും. ഓരോ രംഗങ്ങൾ കാണാ​നും സ്വരം കേൾക്കാ​നും സൗരഭ്യം ആസ്വദി​ക്കാ​നും കഥാപാ​ത്ര​ങ്ങ​ളു​ടെ വികാ​രങ്ങൾ തൊട്ട​റി​യാ​നും അത്‌ നമ്മളെ സഹായി​ക്കു​ന്നു. അങ്ങനെ, നന്നായി അറിയാ​മെന്ന് നമ്മൾ മുമ്പ് വിചാ​രി​ച്ചി​രുന്ന ബൈബിൾവി​വ​ര​ണ​ങ്ങ​ളിൽനി​ന്നുള്ള നല്ല പാഠങ്ങ​ളും പ്രോ​ത്സാ​ഹനം പകരുന്ന ആശയങ്ങ​ളും തിരി​ച്ച​റി​യാൻ നമുക്കാ​കും. ഈ വിധത്തിൽ ഭാവനാ​ശേഷി ഉപയോ​ഗി​ക്കു​ന്നത്‌ വ്യക്തി​പ​ര​മായ ബൈബിൾ വായന​യും പഠനവും കൂടുതൽ ഫലവത്താ​ക്കും.

(4) സമാനു​ഭാ​വം നട്ടുവ​ളർത്താ​നും കാണി​ക്കാ​നും.

സമാനു​ഭാ​വം മനോ​ഹ​ര​മായ ഒരു ഗുണമാണ്‌. മറ്റൊ​രാ​ളു​ടെ വേദന നമ്മുടെ ഹൃദയ​ത്തിൽ അനുഭ​വ​പ്പെ​ടു​ന്ന​തി​നെ​യാണ്‌ ഈ ഗുണം സൂചി​പ്പി​ക്കു​ന്നത്‌. യഹോ​വ​യും യേശു​വും സമാനു​ഭാ​വം കാണി​ച്ചി​രി​ക്കു​ന്ന​തി​നാൽ നമ്മളും ഈ ഗുണം കാണി​ക്കണം. (പുറ. 3:7; സങ്കീ. 72:13) നമുക്ക് ഈ ഗുണം എങ്ങനെ നട്ടുവ​ളർത്താം? അതിന്‌ നമ്മളെ സഹായി​ക്കുന്ന ഏറ്റവും നല്ല വിധങ്ങ​ളി​ലൊ​ന്നാണ്‌ നമ്മുടെ ഭാവനാ​ശേഷി ഉപയോ​ഗി​ക്കു​ന്നത്‌. നമ്മുടെ ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​യോ നേരിട്ട പ്രശ്‌നങ്ങൾ നമ്മൾ ഇതുവരെ അനുഭ​വി​ച്ചി​ട്ടി​ല്ലാ​യി​രി​ക്കാം. എങ്കിലും നിങ്ങൾക്ക് നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കാം: ‘ആ സാഹച​ര്യ​ത്തിൽ ഞാൻ ആയിരു​ന്നെ​ങ്കിൽ എനിക്ക് എന്ത് തോന്നു​മാ​യി​രു​ന്നു? എന്തായി​രി​ക്കും എനിക്ക് ആവശ്യം?’ ഈ ചോദ്യ​ങ്ങൾക്ക് ഭാവനാ​ശേഷി ഉപയോ​ഗിച്ച് ഉത്തരം കണ്ടുപി​ടി​ക്കു​ന്നത്‌ കൂടുതൽ സമാനു​ഭാ​വം കാണി​ക്കാൻ നമ്മളെ സഹായി​ക്കും. സമാനു​ഭാ​വം കാണി​ക്കു​ന്നത്‌, നമ്മുടെ ശുശ്രൂഷ, സഹവി​ശ്വാ​സി​ക​ളു​മാ​യുള്ള ബന്ധങ്ങൾ എന്നിവ ഉൾപ്പെടെ ക്രിസ്‌തീ​യ​ജീ​വി​ത​ത്തി​ന്‍റെ ഓരോ വശത്തും നമുക്ക് പ്രയോ​ജനം ചെയ്യും.

(5) പുതിയ ലോക​ത്തി​ലെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രി​ക്കു​മെന്ന് മനസ്സിൽ കാണാൻ.

ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന പുതിയ ലോക​ത്തി​ലെ ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള ജീവസ്സുറ്റ വിവര​ണ​ങ്ങ​ളാൽ സമ്പന്നമാണ്‌ തിരു​വെ​ഴു​ത്തു​കൾ. (യശ. 35:5-7; 65:21-25; വെളി. 21:3, 4) മനോ​ഹ​ര​മായ നിരവധി ചിത്ര​ങ്ങ​ളി​ലൂ​ടെ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഈ വിവര​ണ​ങ്ങൾക്ക് മാറ്റു​കൂ​ട്ടു​ന്നു. എന്തിനാ​ണത്‌? ചിത്രങ്ങൾ ഭാവനാ​ശേ​ഷിക്ക് ഉത്തേജനം നൽകുന്നു. വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന ഈ അനു​ഗ്ര​ഹങ്ങൾ നമ്മൾ അവി​ടെ​യാ​യി​രു​ന്നാൽ എന്നപോ​ലെ ആസ്വദി​ക്കാൻ അങ്ങനെ നമുക്ക് കഴിയു​ന്നു. ഭാവനാ​ശേ​ഷി​യു​ടെ ഉറവിടം യഹോ​വ​യാ​യി​രി​ക്കു​ന്ന​തി​നാൽ ഈ ഗുണം എത്ര ശക്തമാ​ണെന്ന് മറ്റാ​രെ​ക്കാ​ളും മെച്ചമാ​യി യഹോ​വ​യ്‌ക്ക് അറിയാം. യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കാൻ ഈ കഴിവ്‌ ഉപയോ​ഗി​ക്കു​ന്നത്‌ അവ നിവൃ​ത്തി​യേ​റു​മെ​ന്നുള്ള നമ്മുടെ ഉറപ്പ് ശക്തമാ​ക്കും. ജീവി​ത​ത്തിൽ പ്രതി​സ​ന്ധി​കൾ നേരി​ടു​മ്പോ​ഴും വിശ്വ​സ്‌ത​രാ​യി നിലനിൽക്കാൻ അത്‌ സഹായി​ക്കും.

ഭാവനാ​ശേ​ഷി എന്ന അത്ഭുത​ക​ര​മായ പ്രാപ്‌തി യഹോവ സ്‌നേ​ഹ​പൂർവം നമുക്ക് നൽകി​യി​രി​ക്കു​ന്നു. ദൈനം​ദി​നം യഹോ​വയെ മെച്ചമാ​യി സേവി​ക്കാൻ അത്‌ തീർച്ച​യാ​യും നമ്മളെ സഹായി​ക്കും. ഓരോ ദിവസ​വും ഈ വിസ്‌മ​യ​ക​ര​മായ ദാനം ജ്ഞാനപൂർവം ഉപയോ​ഗി​ച്ചു​കൊണ്ട് അത്‌ തന്ന ദൈവ​ത്തോ​ടുള്ള വിലമ​തിപ്പ് നമുക്ക് കാണി​ക്കാം.