വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭിന്നിച്ച ലോക​ത്തിൽ നിഷ്‌പക്ഷത കാത്തു​സൂ​ക്ഷി​ക്കുക

ഭിന്നിച്ച ലോക​ത്തിൽ നിഷ്‌പക്ഷത കാത്തു​സൂ​ക്ഷി​ക്കുക

‘ദൈവ​ത്തി​നു​ള്ളതു ദൈവ​ത്തി​നു കൊടു​ക്കുക.’—മത്താ. 22:21.

ഗീതം: 33, 137

1. ദൈവ​ത്തെ​യും മനുഷ്യ​ഗ​വ​ണ്മെ​ന്‍റു​ക​ളെ​യും നമുക്ക് എങ്ങനെ അനുസ​രി​ക്കാം?

മനുഷ്യ​ഗ​വ​ണ്മെ​ന്‍റു​കളെ അനുസ​രി​ക്ക​ണ​മെന്ന് ബൈബിൾ നമ്മളെ പഠിപ്പി​ക്കു​ന്നു. അതോ​ടൊ​പ്പം മനുഷ്യ​രെ​ക്കാൾ ദൈവത്തെ അനുസ​രി​ക്ക​ണ​മെ​ന്നും അത്‌ പറയുന്നു. (പ്രവൃ. 5:29; തീത്തോ. 3:1) ഇത്‌ എങ്ങനെ സാധ്യ​മാ​കും? ആരെ അനുസ​രി​ക്ക​ണ​മെന്നു മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന ഒരു തത്ത്വം യേശു പറഞ്ഞു. “കൈസർക്കു​ള്ളതു കൈസർക്കും ദൈവ​ത്തി​നു​ള്ളതു ദൈവ​ത്തി​നും കൊടു​ക്കുക” എന്നതാ​യി​രു​ന്നു ആ തത്ത്വം. [1] (മത്താ. 22:21) ഗവണ്മെന്‍റ് വെച്ചി​രി​ക്കുന്ന നിയമങ്ങൾ അനുസ​രി​ക്കു​മ്പോ​ഴും ഗവണ്മെന്‍റ് ഉദ്യോ​ഗ​സ്ഥ​രോട്‌ ആദര​വോ​ടെ ഇടപെ​ടു​മ്പോ​ഴും നികു​തി​കൾ അടയ്‌ക്കു​മ്പോ​ഴും നമ്മൾ ‘കൈസർക്കു​ള്ളതു കൈസർക്കു’ കൊടു​ക്കു​ക​യാണ്‌. (റോമ. 13:7) എങ്കിലും ദൈവം ചെയ്യരു​തെന്ന് പറഞ്ഞി​രി​ക്കുന്ന ഒരു കാര്യം ചെയ്യാൻ ഗവണ്മെന്‍റ് ആവശ്യ​പ്പെ​ട്ടാൽ ആദര​വോ​ടെ നമ്മൾ അത്‌ നിരസി​ക്കും.

2. രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ പക്ഷം പിടി​ക്കു​ന്നി​ല്ലെന്ന് നമുക്ക് എങ്ങനെ കാണി​ക്കാം?

2 ഈ ലോക​ത്തി​ന്‍റെ രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ പക്ഷം പിടി​ക്കാ​തി​രു​ന്നു​കൊണ്ട് നമ്മൾ ‘ദൈവ​ത്തി​നു​ള്ളത്‌ ദൈവ​ത്തി​നു’ കൊടു​ക്കു​ന്നു. (യശ. 2:4) ഭരിക്കാൻ യഹോവ മനുഷ്യ​ഗ​വ​ണ്മെ​ന്‍റു​കളെ അനുവ​ദി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട് നമ്മൾ അതിനെ എതിർക്കു​ന്നില്ല. ഒരു തരത്തി​ലു​മുള്ള ദേശഭ​ക്തി​പ​ര​മായ ചടങ്ങു​ക​ളിൽ നമ്മൾ പങ്കെടു​ക്കു​ന്നു​മില്ല. (റോമ. 13:1, 2) ഭരണം മാറ്റാ​നോ രാഷ്‌ട്രീ​യ​ക്കാ​രെ സ്വാധീ​നി​ക്കാ​നോ അവർക്ക് വോട്ടു ചെയ്യാ​നോ രാഷ്‌ട്രീ​യ​പ്ര​വർത്ത​ന​ങ്ങ​ളിൽ ഉൾപ്പെ​ടാ​നോ നമ്മൾ ശ്രമി​ക്കില്ല.

3. നമ്മൾ നിഷ്‌പ​ക്ഷ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

3 നിഷ്‌പ​ക്ഷ​രാ​യി​രി​ക്ക​ണ​മെന്ന് ദൈവം നമ്മളോട്‌ പറയാൻ പല കാരണ​ങ്ങ​ളുണ്ട്. ഒരു കാരണം, ‘ലോക​ത്തി​ന്‍റെ ഭാഗമ​ല്ലാ​തി​രുന്ന’ യേശു​വി​നെ നമ്മൾ അനുക​രി​ക്കു​ന്നു എന്നതാണ്‌. രാഷ്‌ട്രീ​യ​ത്തി​ലും യുദ്ധങ്ങ​ളി​ലും യേശു പക്ഷം പിടി​ച്ചില്ല. (യോഹ. 6:15; 17:16) മറ്റൊരു കാരണം, നമ്മൾ ദൈവ​ത്തി​ന്‍റെ രാജ്യത്തെ പിന്തു​ണ​യ്‌ക്കു​ന്നു എന്നതാണ്‌. ഈ ലോക​ത്തി​ന്‍റെ രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ നിഷ്‌പ​ക്ഷ​രാ​യി​രി​ക്കു​ന്ന​തു​കൊണ്ട്, ദൈവ​രാ​ജ്യ​ത്തി​നു മാത്രമേ മനുഷ്യ​രു​ടെ എല്ലാ പ്രശ്‌ന​ങ്ങ​ളും പരിഹ​രി​ക്കാൻ കഴിയൂ എന്ന് ശുദ്ധമ​ന​സ്സാ​ക്ഷി​യോ​ടെ നമുക്ക് ആളുക​ളോട്‌ പറയാൻ കഴിയു​ന്നു. വ്യാജ​മ​തങ്ങൾ രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ പക്ഷം പിടി​ക്കു​ന്നു; അതാകട്ടെ ആളുകളെ ഭിന്നി​പ്പി​ക്കു​ന്നു. എന്നാൽ നിഷ്‌പ​ക്ഷ​രാ​യ​തു​കൊണ്ട് ലോക​മെ​ങ്ങു​മുള്ള സഹോ​ദ​ര​ങ്ങ​ളു​മാ​യി നമ്മൾ ഐക്യ​ത്തി​ലാണ്‌.—1 പത്രോ. 2:17.

4. (എ) നിഷ്‌പ​ക്ഷ​രാ​യി​രി​ക്കാൻ കൂടുതൽ ബുദ്ധി​മു​ട്ടാ​കു​മെന്ന് നമുക്ക് എങ്ങനെ അറിയാം? (ബി) നിഷ്‌പ​ക്ഷ​രാ​യി​രി​ക്കാൻ ഇപ്പോൾത്തന്നെ തയ്യാറാ​കേ​ണ്ടത്‌ എന്തു​കൊണ്ട്?

4 സമാധാ​ന​പ​ര​മായ ഒരു രാഷ്‌ട്രീയ അന്തരീ​ക്ഷ​ത്തി​ലാ​യി​രി​ക്കാം നമ്മൾ ഇപ്പോൾ ജീവി​ക്കു​ന്നത്‌. എന്നാൽ സാത്താന്‍റെ ലോകം അതിന്‍റെ അന്ത്യ​ത്തോട്‌ അടുക്കു​ന്തോ​റും, നിഷ്‌പ​ക്ഷ​രാ​യി​രി​ക്കുക എന്നത്‌ നമുക്ക് കൂടുതൽ ബുദ്ധി​മു​ട്ടാ​യി​ത്തീ​രും. ഇപ്പോൾത്തന്നെ ആളുകൾ “ഒന്നിനും വഴങ്ങാ​ത്ത​വ​രും ... തന്നിഷ്ട​ക്കാ​രും” ആണ്‌. അവർക്കി​ട​യി​ലുള്ള ഭിന്നത ഇനിയും കൂടി​വ​രും. (2 തിമൊ. 3:3, 4) പെട്ടെ​ന്നു​ണ്ടായ രാഷ്‌ട്രീ​യ​മാ​റ്റങ്ങൾ കാരണം നമ്മുടെ പല സഹോ​ദ​ര​ങ്ങ​ളും ഇപ്പോൾത്തന്നെ ബുദ്ധി​മുട്ട് അനുഭ​വി​ക്കു​ന്നുണ്ട്. അതു​കൊണ്ട് പ്രശ്‌നങ്ങൾ എപ്പോൾവേ​ണ​മെ​ങ്കി​ലും ഉണ്ടാകാം. അതു​കൊണ്ട് നിഷ്‌പ​ക്ഷ​രാ​യി നിൽക്കാൻ ഇപ്പോൾത്തന്നെ പരിശീ​ലി​ക്കണം. അതിന്‌ സഹായി​ക്കുന്ന നാലു കാര്യങ്ങൾ നമുക്ക് നോക്കാം.

യഹോവ വീക്ഷി​ക്കു​ന്ന​തു​പോ​ലെ മനുഷ്യ​ഗ​വ​ണ്മെ​ന്‍റു​കളെ വീക്ഷി​ക്കു​ക

5. മനുഷ്യ​ഗ​വ​ണ്മെ​ന്‍റു​കളെ യഹോവ എങ്ങനെ​യാണ്‌ വീക്ഷി​ക്കു​ന്നത്‌?

5 നിഷ്‌പ​ക്ഷ​രാ​യി​രി​ക്കാ​നുള്ള ഒരു വിധം യഹോവ വീക്ഷി​ക്കു​ന്ന​തു​പോ​ലെ മനുഷ്യ​ഗ​വ​ണ്മെ​ന്‍റു​കളെ വീക്ഷി​ക്കാൻ പഠിക്കു​ന്ന​താണ്‌. മനുഷ്യ​രെ സൃഷ്ടി​ച്ച​പ്പോൾ മനുഷ്യ​ന്‍റെ മേൽ ഭരണം നടത്താ​നുള്ള അധികാ​രം യഹോവ അവർക്ക് കൊടു​ത്തി​രു​ന്നില്ല. (യിരെ. 10:23) യഹോവ മുഴു​മ​നു​ഷ്യ​രെ​യും ഒരൊറ്റ കുടും​ബ​മാ​യി​ട്ടാണ്‌ കാണു​ന്നത്‌. എന്നാൽ മനുഷ്യ​ഗ​വ​ണ്മെ​ന്‍റു​കൾ തങ്ങളുടെ രാഷ്‌ട്ര​മാണ്‌ മറ്റു രാഷ്‌ട്ര​ങ്ങ​ളെ​ക്കാൾ ശ്രേഷ്‌ഠം എന്ന് അവകാ​ശ​പ്പെ​ട്ടു​കൊണ്ട് ആളുകളെ തമ്മിൽ ഭിന്നി​പ്പി​ച്ചി​രി​ക്കു​ന്നു. ഏറ്റവും നല്ലതെന്നു കാണ​പ്പെ​ടുന്ന ഗവണ്മെ​ന്‍റു​കൾക്കു​പോ​ലും എല്ലാ പ്രശ്‌ന​ങ്ങ​ളും പരിഹ​രി​ക്കാൻ കഴിയു​ന്നില്ല. മാത്രമല്ല, അവർ 1914-ൽ ഭരണം തുടങ്ങിയ ദൈവ​രാ​ജ്യ​ത്തി​ന്‍റെ ശത്രു​ക്ക​ളും ആയിത്തീർന്നി​രി​ക്കു​ന്നു. വളരെ പെട്ടെ​ന്നു​തന്നെ ദൈവ​ത്തി​ന്‍റെ ഈ രാജ്യം മറ്റെല്ലാ ഗവണ്മെ​ന്‍റു​ക​ളെ​യും തുടച്ചു​നീ​ക്കും.—സങ്കീർത്ത​നങ്ങൾ 2:2, 7-9 വായിക്കുക.

6. ഗവണ്മെന്‍റ് അധികാ​രി​ക​ളോട്‌ നമ്മൾ എങ്ങനെ പെരു​മാ​റണം?

6 ഗവണ്മെ​ന്‍റു​കൾക്ക് ഒരള​വോ​ളം ക്രമസ​മാ​ധാ​നം നിലനി​റു​ത്താൻ കഴിയു​ന്ന​തു​കൊ​ണ്ടാണ്‌ ഭരിക്കാൻ ദൈവം അവരെ അനുവ​ദി​ച്ചി​രി​ക്കു​ന്നത്‌. ഇത്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവാർത്ത അറിയി​ക്കാ​നും നമുക്ക് സഹായ​ക​മാണ്‌. (റോമ. 13:3, 4) അധികാ​രി​ക​ളു​ടെ തീരു​മാ​നങ്ങൾ നമ്മുടെ ആരാധ​ന​യ്‌ക്ക് തടസ്സമാ​കാ​തി​രി​ക്കാൻ അവർക്കു​വേണ്ടി പ്രാർഥി​ക്കാൻ ദൈവം നമ്മളോട്‌ പറയുന്നു. (1 തിമൊ. 2:1, 2) മോശ​മായ പെരു​മാ​റ്റ​ത്തിന്‌ ഇരയാ​കു​മ്പോൾ നമ്മൾ അധികാ​രി​ക​ളു​ടെ സഹായം തേടി​യേ​ക്കാം. അതാണ്‌ പൗലോ​സും ചെയ്‌തത്‌. (പ്രവൃ. 25:11) ഗവണ്മെ​ന്‍റു​കളെ നിയ​ന്ത്രി​ക്കു​ന്നത്‌ സാത്താ​നാ​ണെന്ന് ബൈബിൾ പറയു​ന്നു​ണ്ടെ​ങ്കി​ലും അധികാ​ര​ത്തി​ലി​രി​ക്കുന്ന ഓരോ വ്യക്തി​യേ​യും സാത്താൻ നേരിട്ട് നിയ​ന്ത്രി​ക്കു​ന്നു​ണ്ടെന്ന് അത്‌ പറയു​ന്നില്ല. (ലൂക്കോ. 4:5, 6) അതു​കൊണ്ട് ഏതെങ്കി​ലും ഒരു ഗവണ്മെന്‍റ് ഉദ്യോ​ഗ​സ്ഥനെ സാത്താ​നാണ്‌ നിയ​ന്ത്രി​ക്കു​ന്നത്‌ എന്ന ധാരണ നമ്മൾ ആർക്കും കൊടു​ക്ക​രുത്‌. കാരണം, ആരെയും അപമാ​നി​ക്ക​രു​തെ​ന്നാണ്‌ ബൈബിൾ പറയു​ന്നത്‌.—തീത്തോ. 3:1, 2.

7. നമ്മൾ ഏത്‌ ചിന്താ​ഗതി ഒഴിവാ​ക്കണം?

7 നമുക്ക് ഗുണം ചെയ്യു​ന്ന​താ​ണെന്ന് തോന്നി​യാൽപ്പോ​ലും, ഏതെങ്കി​ലും ഒരു രാഷ്‌ട്രീയ പാർട്ടി​യെ​യോ അതിന്‍റെ നേതാ​വി​നെ​യോ അതിന്‍റെ നയങ്ങ​ളെ​യോ അനുകൂ​ലി​ക്കാ​തി​രു​ന്നു​കൊണ്ട് നമ്മൾ ദൈവത്തെ അനുസ​രി​ക്കു​ന്നു. പലപ്പോ​ഴും അത്‌ അത്ര എളുപ്പ​മാ​യി​രി​ക്കില്ല. ഉദാഹ​ര​ണ​ത്തിന്‌, യഹോ​വ​യു​ടെ ജനത്തി​നു​പോ​ലും ദുരി​തങ്ങൾ വരുത്തി​വെച്ച ഒരു ഗവണ്മെ​ന്‍റി​നെ​തി​രെ ആളുകൾ മത്സരി​ക്കു​ന്നെന്ന് ചിന്തി​ക്കുക. അവരോ​ടൊ​പ്പം നമ്മൾ ചേരി​ല്ലെന്ന കാര്യ​ത്തിൽ സംശയ​മില്ല. എന്നാൽ അവർ പറയുന്ന കാര്യങ്ങൾ ശരിയാ​ണെന്ന് നിങ്ങൾ ചിന്തി​ക്കു​ക​യോ അവർ വിജയി​ക്ക​ണ​മെന്ന് ആഗ്രഹി​ക്കു​ക​യോ ചെയ്യു​മോ? (എഫെ. 2:2) നിഷ്‌പ​ക്ഷ​രാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ഒന്നു മറ്റൊ​ന്നി​നെ​ക്കാൾ ശരിയാ​ണെ​ന്നോ മികച്ച​താ​ണെ​ന്നോ ഉള്ള ചിന്താ​ഗതി നമ്മൾ ഒഴിവാ​ക്കണം. നമ്മുടെ സംസാ​ര​വും പ്രവൃ​ത്തി​യും അതിന്‌ തെളിവു നൽകും.

“ജാഗ്ര​ത​യു​ള്ള​വ​രും” അതേസ​മയം “നിഷ്‌ക​ള​ങ്ക​രും” ആയിരി​ക്കു​ക

8. നിഷ്‌പക്ഷത പാലി​ക്കാൻ ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ത്തിൽ നമുക്ക് എങ്ങനെ “ജാഗ്ര​ത​യു​ള്ള​വ​രും” അതേസ​മയം “നിഷ്‌ക​ള​ങ്ക​രും” ആയിരി​ക്കാം?

8 നിഷ്‌പ​ക്ഷ​രാ​യി​രി​ക്കാ​നുള്ള രണ്ടാമത്തെ മാർഗം “പാമ്പു​ക​ളെ​പ്പോ​ലെ ജാഗ്ര​ത​യു​ള്ള​വ​രും പ്രാവു​ക​ളെ​പ്പോ​ലെ നിഷ്‌ക​ള​ങ്ക​രും” ആയിരി​ക്കുക എന്നതാണ്‌. (മത്തായി 10:16, 17 വായി​ക്കുക.) പ്രശ്‌നങ്ങൾ മുൻകൂ​ട്ടി കണ്ടു​കൊണ്ട് “ജാഗ്രത”യുള്ളവ​രാ​ണെ​ന്നും പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ നിഷ്‌പ​ക്ഷ​രാ​യി​രു​ന്നു​കൊണ്ട് ‘നിഷ്‌ക​ള​ങ്ക​രാ​ണെ​ന്നും’ നമ്മൾ തെളി​യി​ക്കു​ന്നു. ഇത്തരം ചില സാഹച​ര്യ​ങ്ങ​ളും അപ്പോൾ നിഷ്‌പ​ക്ഷ​രാ​യി​രി​ക്കാൻ എന്തു ചെയ്യാ​മെ​ന്നും നമുക്ക് നോക്കാം.

9. മറ്റുള്ള​വ​രോട്‌ സംസാ​രി​ക്കു​മ്പോൾ നമ്മൾ ഏത്‌ കാര്യ​ത്തിൽ ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കണം?

9 സംസാരം. രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച് ആളുകൾ സംസാ​രി​ക്കു​മ്പോൾ നമ്മൾ വളരെ ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കണം. ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ ആരോ​ടെ​ങ്കി​ലും ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച് സംസാ​രി​ക്കു​മ്പോൾ ഏതെങ്കി​ലും ഒരു രാഷ്‌ട്രീയ പാർട്ടി​യു​ടെ​യോ നേതാ​വി​ന്‍റെ​യോ നയങ്ങളെ പിന്താ​ങ്ങു​ക​യോ വിമർശി​ക്കു​ക​യോ ചെയ്യില്ല. പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ മനുഷ്യർക്ക് എന്തു ചെയ്യാ​നാ​കും എന്നു ചർച്ച ചെയ്യു​ന്ന​തി​നു പകരം ദൈവ​രാ​ജ്യം ആ പ്രശ്‌ന​ത്തിന്‌ ശാശ്വ​ത​പ​രി​ഹാ​രം വരുത്തു​ന്നത്‌ എങ്ങനെ​യാ​ണെന്ന് ബൈബി​ളിൽനിന്ന് കാണി​ച്ചു​കൊ​ടു​ക്കുക. സ്വവർഗ​വി​വാ​ഹം, ഗർഭച്ഛി​ദ്രം തുടങ്ങിയ വിഷയ​ങ്ങ​ളെ​ക്കു​റിച്ച് ആളുകൾ നിങ്ങ​ളോട്‌ തർക്കി​ക്കു​മ്പോൾ, അതെക്കു​റിച്ച് ദൈവ​വ​ച​ന​ത്തിൽ എന്താണ്‌ പറഞ്ഞി​രി​ക്കു​ന്ന​തെ​ന്നും അതിൽ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ നിങ്ങൾ ജീവി​ത​ത്തിൽ എങ്ങനെ​യാണ്‌ പിൻപ​റ്റാൻ ശ്രമി​ക്കു​ന്ന​തെ​ന്നും പറഞ്ഞു​കൊ​ടു​ക്കുക. ചില നിയമ​ങ്ങൾക്ക് മാറ്റം വരുത്ത​ണ​മെ​ന്നോ അവ നീക്കം ചെയ്യണ​മെ​ന്നോ ആരെങ്കി​ലും പറയു​മ്പോൾ നമ്മൾ പക്ഷം പിടി​ക്കില്ല. ആ വ്യക്തി​യു​ടെ ചിന്താ​ഗതി മാറ്റണ​മെന്ന് ശഠിക്കു​ക​യു​മില്ല.

10. മാധ്യ​മ​ങ്ങ​ളിൽ എന്തെങ്കി​ലും കാണു​ക​യോ വായി​ക്കു​ക​യോ ചെയ്യു​മ്പോൾ നമ്മൾ നിഷ്‌പ​ക്ഷ​രാ​യി നിൽക്കു​ന്നു എന്ന് എങ്ങനെ ഉറപ്പ് വരുത്താം?

10 മാധ്യ​മങ്ങൾ. ചില​പ്പോൾ പ്രശ്‌ന​ത്തി​ന്‍റെ ഒരു വശം മാത്രം പിന്താ​ങ്ങി​ക്കൊണ്ട് വാർത്തകൾ പുറത്തു​വ​ന്നേ​ക്കാം. വാർത്താ​മാ​ധ്യ​മ​ങ്ങളെ ഗവണ്മെ​ന്‍റു​തന്നെ നിയ​ന്ത്രി​ക്കുന്ന രാജ്യ​ങ്ങ​ളിൽ വിശേ​ഷാൽ ഇത്‌ സത്യമാണ്‌. വാർത്ത പുറത്തു വിടുന്ന ഏതെങ്കി​ലും സംഘട​ന​ക​ളോ റിപ്പോർട്ടർമാ​രോ ഏതെങ്കി​ലും ഒരു പക്ഷം പിടിച്ച് സംസാ​രി​ക്കു​ന്നെ​ങ്കിൽ അവരെ​പ്പോ​ലെ ചിന്തി​ക്കാ​തി​രി​ക്കാൻ നമ്മൾ ജാഗ്രത കാണി​ക്കണം. ആ സാഹച​ര്യ​ത്തിൽ സ്വയം ഇങ്ങനെ ചോദി​ക്കുക: ‘ഞാൻ ഇഷ്ടപ്പെ​ടുന്ന രീതി​യിൽ രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച് ഏതെങ്കി​ലും ഒരു പ്രത്യേക റിപ്പോർട്ടർ നൽകുന്ന വാർത്ത കേൾക്കാ​നാ​ണോ എനിക്കി​ഷ്ടം?’ നിഷ്‌പ​ക്ഷ​രാ​യി​രി​ക്കാൻ, രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ പക്ഷം പിടി​ക്കുന്ന തരം വാർത്തകൾ അധികം കാണു​ന്ന​തും വായി​ക്കു​ന്ന​തും ഒഴിവാ​ക്കുക. പകരം നിഷ്‌പ​ക്ഷ​മായ വാർത്തകൾ കാണാൻ ശ്രമി​ക്കു​ക​യും കേൾക്കുന്ന എല്ലാ കാര്യ​ങ്ങ​ളും ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ‘ആരോ​ഗ്യ​ദാ​യ​ക​മായ വചനങ്ങ​ളു​ടെ’ നിലവാ​ര​ത്തി​നു ചേർച്ച​യി​ലാ​ണെന്ന് ഉറപ്പു​വ​രു​ത്തു​ക​യും ചെയ്യുക.—2 തിമൊ. 1:13, അടിക്കുറിപ്പ്.

11. നമ്മുടെ വസ്‌തു​വ​കകൾ നമുക്ക് ഏറെ പ്രധാ​ന​മാ​യി​രി​ക്കു​മ്പോൾ നിഷ്‌പ​ക്ഷ​രാ​യി​രി​ക്കുക ബുദ്ധി​മു​ട്ടാ​യേ​ക്കാ​വു​ന്നത്‌ എങ്ങനെ?

11 പണവും വസ്‌തു​വ​ക​ക​ളും. നമുക്കുള്ള പണത്തി​നും മറ്റു വസ്‌തു​വ​ക​കൾക്കും നമ്മൾ കണക്കി​ല​ധി​കം പ്രാധാ​ന്യം കല്‌പി​ക്കു​മ്പോൾ നിഷ്‌പക്ഷത പാലി​ക്കുക വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം. 1970-നു ശേഷം, രാഷ്‌ട്രീയ പാർട്ടി​യിൽ ചേരാ​ത്ത​തി​നാൽ മലാവി​യി​ലുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ അനേകർക്കും തങ്ങൾക്ക് ഉണ്ടായി​രുന്ന എല്ലാം ഉപേക്ഷി​ക്കേ​ണ്ടി​വന്നു. എന്നാൽ സങ്കടക​ര​മായ കാര്യം ചിലർ തങ്ങളുടെ സുഖ​ലോ​ലുപ ജീവിതം ഉപേക്ഷി​ക്കാൻ തയ്യാറ​ല്ലാ​യി​രു​ന്നു എന്നതാണ്‌. രൂത്ത്‌ സഹോ​ദരി ഇങ്ങനെ ഓർക്കു​ന്നു: “ഞങ്ങളെ നാടു​ക​ട​ത്തി​യ​പ്പോൾ പലരും ഞങ്ങളു​ടെ​കൂ​ടെ വന്നെങ്കി​ലും ചിലർ തടങ്കൽപ്പാ​ള​യ​ത്തി​ലെ ദുരി​തങ്ങൾ സഹിക്കാൻ വയ്യാഞ്ഞ​തു​കൊണ്ട് രാഷ്‌ട്രീയ പാർട്ടി​യിൽ ചേരു​ക​യും വീട്ടി​ലേക്ക് പോകു​ക​യും ചെയ്‌തു.” എങ്കിലും, ദൈവ​ജ​ന​ത്തിൽ ഭൂരി​പക്ഷം പേരും സാമ്പത്തി​ക​ക്ലേ​ശങ്ങൾ ഉണ്ടായി​രു​ന്നി​ട്ടും, എല്ലാം​തന്നെ നഷ്ടമാ​യി​ട്ടും, നിഷ്‌പ​ക്ഷ​രാ​യി നിലനി​ന്നി​ട്ടുണ്ട്.—എബ്രാ. 10:34.

12, 13. (എ) മനുഷ്യ​രെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വീക്ഷണം എന്താണ്‌? (ബി) ജന്മദേ​ശ​ത്തെ​ക്കു​റിച്ച് നമ്മൾ അതിരു​ക​വിഞ്ഞ് അഭിമാ​നി​ക്കു​ന്നു​ണ്ടോ എന്ന് എങ്ങനെ തിരി​ച്ച​റി​യാം?

12 അഹങ്കാരം. രാജ്യം, നാട്‌, സംസ്‌കാ​രം, വംശം, ഗോത്രം എന്നിവ​യെ​പ്ര​തി​യെ​ല്ലാം അഹങ്കരി​ക്കു​ന്ന​തും പൊങ്ങച്ചം പറയു​ന്ന​തും ഇന്ന് ആളുകൾ സാധാ​ര​ണ​യാ​യി ചെയ്യുന്ന കാര്യ​മാണ്‌. എന്നാൽ ഒരു വ്യക്തി​യോ ഒരുകൂ​ട്ടം ആളുക​ളോ മറ്റുള്ള​വ​രെ​ക്കാൾ ശ്രേഷ്‌ഠ​രാ​ണെന്ന് യഹോവ ചിന്തി​ക്കു​ന്നില്ല. നമ്മൾ അങ്ങനെ ചിന്തി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു​മില്ല. നമ്മുടെ തനതായ സംസ്‌കാ​രം വിട്ടു​ക​ള​യാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നില്ല. വാസ്‌ത​വ​ത്തിൽ, സംസ്‌കാ​ര​ത്തി​ലെ വ്യത്യാ​സങ്ങൾ മനുഷ്യ​കു​ടും​ബ​ത്തി​ന്‍റെ മഹത്തായ വൈവി​ധ്യ​ത്തിന്‌ തെളിവ്‌ നൽകുന്നു. എങ്കിലും യഹോ​വ​യു​ടെ വീക്ഷണ​ത്തിൽ നമ്മൾ എല്ലാവ​രും തുല്യ​രാണ്‌ എന്ന കാര്യം മറക്കരുത്‌.—റോമ. 10:12.

13 നമ്മുടെ രാജ്യ​മോ ദേശമോ മറ്റൊ​ന്നി​നെ​ക്കാൾ ഏതെങ്കി​ലും ഒരു വിധത്തിൽ മികച്ച​താ​ണെന്ന് ചിന്തി​ച്ചു​കൊണ്ട് ഒരിക്ക​ലും അഹങ്കരി​ക്ക​രുത്‌. അങ്ങനെ ചിന്തി​ച്ചാൽ നിഷ്‌പ​ക്ഷ​രാ​യി​രി​ക്കാൻ വലിയ ബുദ്ധി​മു​ട്ടാ​യി​രി​ക്കും. ഒന്നാം നൂറ്റാ​ണ്ടിൽ അതാണ്‌ സംഭവി​ച്ചത്‌. സഭയിൽ ദേശത്തി​ന്‍റെ പേരിൽ ചില വിവേ​ച​ന​യും ഭിന്നി​പ്പു​ക​ളും ഉണ്ടായി​രു​ന്നു. (പ്രവൃ. 6:1) അത്തരം അഹങ്കാരം നമ്മുടെ ഉള്ളിൽ വേരു​പി​ടി​ക്കാൻ തുടങ്ങു​ന്നെ​ങ്കിൽ അത്‌ എങ്ങനെ തിരി​ച്ച​റി​യാം? മറ്റൊരു നാട്ടി​ലുള്ള ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​യോ നിങ്ങൾക്ക് ഒരു നിർദേശം തരു​ന്നെ​ന്നി​രി​ക്കട്ടെ, അപ്പോൾ ‘ഇതിലും നന്നായി​ട്ടു​ത​ന്നെയാ ഞങ്ങൾ ഇത്‌ ചെയ്യു​ന്നത്‌’ എന്നു പറഞ്ഞു​കൊണ്ട് കേട്ടപാ​തി കേൾക്കാ​ത്ത​പാ​തി നിങ്ങൾ ആ നിർദേശം തള്ളിക്ക​ള​യു​മോ? അങ്ങനെ​യെ​ങ്കിൽ സുപ്ര​ധാ​ന​മായ ഈ ഉപദേ​ശ​ത്തിന്‌ ശ്രദ്ധ കൊടു​ക്കുക: “താഴ്‌മ​യോ​ടെ മറ്റുള്ള​വരെ നിങ്ങ​ളെ​ക്കാൾ ശ്രേഷ്‌ഠ​രാ​യി കരുതുവിൻ.”—ഫിലി. 2:3.

യഹോവ നിങ്ങളെ സഹായി​ക്കും

14. പ്രാർഥന നമ്മളെ എങ്ങനെ സഹായി​ക്കും, ഏതു ബൈബിൾ ദൃഷ്ടാന്തം ഇതു തെളി​യി​ക്കു​ന്നു?

14 നിഷ്‌പ​ക്ഷ​രാ​യി​രി​ക്കാ​നുള്ള മൂന്നാ​മത്തെ വിധം യഹോ​വ​യിൽ ആശ്രയി​ക്കുക എന്നതാണ്‌. പരിശു​ദ്ധാ​ത്മാ​വി​നാ​യി പ്രാർഥി​ക്കുക; ക്ഷമയും ആത്മനി​യ​ന്ത്ര​ണ​വും ഉള്ളവരാ​യി​രി​ക്കാൻ അത്‌ നിങ്ങളെ സഹായി​ക്കും. ഗവണ്മെന്‍റ്, അഴിമ​തി​യോ അന്യാ​യ​മോ ചെയ്യുന്ന സാഹച​ര്യ​ത്തിൽ, അതിനെ തരണം ചെയ്യാൻ ഈ ഗുണങ്ങൾ നിങ്ങളെ സഹായി​ക്കും. നിഷ്‌പ​ക്ഷ​രാ​യി​രി​ക്കാൻ ബുദ്ധി​മുട്ട് തോന്നി​യേ​ക്കാ​വുന്ന ഒരു സാഹച​ര്യം തിരി​ച്ച​റി​യാ​നുള്ള ജ്ഞാനത്തി​നാ​യും ആ സാഹച​ര്യ​ത്തിൽ ഏറ്റവും ശരിയായ വിധത്തിൽ പ്രവർത്തി​ക്കാ​നുള്ള സഹായ​ത്തി​നാ​യും യഹോ​വ​യോട്‌ പ്രാർഥി​ക്കുക. (യാക്കോ. 1:5) യഹോ​വ​യോട്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്ന​തി​ന്‍റെ പേരിൽ നിങ്ങളെ ജയിലിൽ അടയ്‌ക്കു​ക​യോ മറ്റേ​തെ​ങ്കി​ലും വിധത്തിൽ ശിക്ഷി​ക്കു​ക​യോ ചെയ്‌തേ​ക്കാം. അങ്ങനെ​യെ​ങ്കിൽ, എന്തു​കൊ​ണ്ടാണ്‌ നിങ്ങൾ നിഷ്‌പ​ക്ഷ​രാ​യി​രി​ക്കു​ന്ന​തെന്ന് മറ്റുള്ള​വർക്ക് വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാ​നുള്ള ധൈര്യ​ത്തി​നു​വേണ്ടി ദൈവ​ത്തോട്‌ പ്രാർഥി​ക്കുക. സഹിച്ചു​നിൽക്കാൻ യഹോവ നിങ്ങളെ സഹായി​ക്കു​മെന്ന കാര്യ​ത്തിൽ ഒരു സംശയ​വും വേണ്ട.—പ്രവൃ​ത്തി​കൾ 4:27-31 വായി​ക്കുക.

15. നിഷ്‌പ​ക്ഷ​രാ​യി നിൽക്കാൻ ബൈബി​ളിന്‌ നമ്മളെ എങ്ങനെ സഹായി​ക്കാ​നാ​കും? (“ബൈബിൾ അവരെ നിഷ്‌പ​ക്ഷ​രാ​യി നിൽക്കാൻ സഹായി​ച്ചു” എന്ന ചതുരം കാണുക.)

15 ബൈബി​ളി​ലൂ​ടെ യഹോ​വ​യ്‌ക്ക് നമ്മളെ ശക്തി​പ്പെ​ടു​ത്താ​നാ​കും. നിഷ്‌പ​ക്ഷ​രാ​യി​രി​ക്കാൻ സഹായി​ക്കുന്ന വാക്യ​ങ്ങ​ളെ​ക്കു​റിച്ച് ധ്യാനി​ക്കുക. ഈ വാക്യങ്ങൾ മനഃപാ​ഠ​മാ​ക്കാൻ ശ്രമി​ക്കുക. കാരണം, ബൈബിൾ കൈവശം ഇല്ലാത്ത ഒരു സാഹച​ര്യ​ത്തിൽപ്പോ​ലും അത്‌ നിങ്ങളെ സഹായി​ക്കും. ഭാവി​യെ​ക്കു​റിച്ച് ദൈവം പറഞ്ഞി​രി​ക്കുന്ന കാര്യ​ങ്ങ​ളി​ലുള്ള നിങ്ങളു​ടെ പ്രത്യാശ ശക്തമാ​ക്കാ​നും ബൈബിൾ സഹായി​ക്കും. പീഡനങ്ങൾ സഹിച്ചു​നിൽക്കാൻ ഈ പ്രത്യാശ കൂടിയേ തീരൂ. (റോമ. 8:25) പുതിയ ലോക​ത്തിൽ നിങ്ങൾ ആസ്വദി​ക്കാൻ വിശേ​ഷാൽ ആഗ്രഹി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച് പറയുന്ന വാക്യങ്ങൾ തിര​ഞ്ഞെ​ടു​ക്കുക, അവി​ടെ​യാ​യി​രി​ക്കു​ന്ന​താ​യി ഭാവന​യിൽ കാണുക.

വിശ്വ​സ്‌ത​ദാ​സ​രു​ടെ മാതൃ​ക​യിൽനിന്ന് പ്രയോ​ജനം നേടുക

16, 17. നിഷ്‌പ​ക്ഷ​രാ​യി നിന്ന ദൈവ​ദാ​സ​രു​ടെ മാതൃ​ക​യിൽനിന്ന് നമുക്ക് എന്ത് പഠിക്കാം? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

16 നിഷ്‌പ​ക്ഷ​രാ​യി നിൽക്കാൻ സഹായി​ക്കുന്ന നാലാ​മത്തെ കാര്യം യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സ​രു​ടെ മാതൃ​ക​യെ​ക്കു​റിച്ച് ചിന്തി​ക്കു​ന്ന​താണ്‌. ബൈബിൾക്കാ​ല​ങ്ങ​ളി​ലുള്ള അനേക​രും ധൈര്യ​മു​ള്ള​വ​രാ​യി​രു​ന്നു. നിഷ്‌പ​ക്ഷ​രാ​യി നിൽക്കാൻ കഴിയുന്ന വിധത്തിൽ അവർ ജ്ഞാനപൂർവ​മായ തീരു​മാ​നങ്ങൾ എടുക്കു​ക​യും ചെയ്‌തു. ബാബി​ലോ​ണി​യൻ ഗവണ്മെ​ന്‍റി​നെ പ്രതി​നി​ധീ​ക​രിച്ച ഒരു ബിംബത്തെ ആരാധി​ക്കാൻ വിസമ്മ​തിച്ച ശദ്രക്‌, മേശക്‌, അബേദ്‌നെ​ഗോ എന്നിവർ ഇതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌. (ദാനി​യേൽ 3:16-18 വായി​ക്കുക.) ദേശീ​യ​പ​താ​കയെ വണങ്ങാ​തി​രി​ക്കാ​നുള്ള ധൈര്യം നേടാൻ ഈ ബൈബിൾവി​വ​രണം അനേകം യഹോ​വ​യു​ടെ സാക്ഷി​കളെ സഹായി​ച്ചി​രി​ക്കു​ന്നു. രാഷ്‌ട്രീ​യ​ത്തി​ലോ ആളുകളെ ഭിന്നി​പ്പി​ക്കുന്ന മറ്റേ​തെ​ങ്കി​ലും കാര്യ​ങ്ങ​ളി​ലോ യേശു​വും ഉൾപ്പെ​ട്ടില്ല. ഈ നല്ല മാതൃക തന്‍റെ അനുഗാ​മി​കളെ സഹായി​ക്കു​മെന്ന് യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. യേശു പറഞ്ഞു: “ധൈര്യപ്പെടുവിൻ! ഞാൻ ലോകത്തെ ജയിച്ചടക്കിയിരിക്കുന്നു.”—യോഹ. 16:33.

17 നിഷ്‌പ​ക്ഷ​രാ​യി നിലനിന്ന അനേകം സാക്ഷികൾ നമ്മുടെ നാളി​ലു​മുണ്ട്. യഹോ​വ​യോട്‌ വിശ്വ​സ്‌ത​രാ​യി നിന്നു എന്ന ഒരൊറ്റ കാരണ​ത്താൽ അവരിൽ ചിലർക്ക് ഉപദ്രവം സഹി​ക്കേ​ണ്ടി​വന്നു, ചിലരെ ജയിലി​ല​ടച്ചു, ചിലരെ കൊല്ലു​ക​പോ​ലും ചെയ്‌തു. ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തിന്‌ അവരുടെ മാതൃ​ക​യും നമ്മളെ സഹായി​ക്കു​ന്നു. തുർക്കി​യി​ലെ ഒരു സഹോ​ദരൻ ഇങ്ങനെ പറഞ്ഞു: “ഹിറ്റ്‌ല​റി​ന്‍റെ സൈന്യ​ത്തിൽ ചേരാൻ വിസമ്മ​തി​ച്ച​തു​കൊണ്ട് വധശി​ക്ഷ​യ്‌ക്ക് വിധി​ക്ക​പ്പെട്ട ഒരു യുവസ​ഹോ​ദ​ര​നാ​യി​രു​ന്നു ഫ്രാൻസ്‌ റീറ്റർ. മരണത്തി​ന്‍റെ തലേ രാത്രി​യിൽ അദ്ദേഹം അമ്മയ്‌ക്ക് എഴുതിയ കത്തിൽ യഹോ​വ​യി​ലുള്ള അതിരറ്റ വിശ്വാ​സം തെളിഞ്ഞ് കാണാ​മാ​യി​രു​ന്നു. അതു​പോ​ലൊ​രു പ്രശ്‌നം നേരി​ടേ​ണ്ടി​വ​രു​മ്പോൾ അദ്ദേഹ​ത്തി​ന്‍റെ മാതൃക പിൻപ​റ്റാ​നാണ്‌ ഞാൻ ആഗ്രഹി​ക്കു​ന്നത്‌.” [2]

18, 19. (എ) സഭയിലുള്ളവർക്ക് നിഷ്‌പക്ഷരായിരിക്കാൻ നിങ്ങളെ എങ്ങനെ സഹായിക്കാനാകും? (ബി) നിങ്ങൾ എന്തു ചെയ്യാ​നാണ്‌ തീരു​മാ​നി​ച്ചു​റ​ച്ചി​രി​ക്കു​ന്നത്‌?

18 സഭയിലെ സഹോ​ദ​ര​ങ്ങൾക്ക് നിഷ്‌പ​ക്ഷ​രാ​യി​രി​ക്കാൻ നിങ്ങളെ സഹായി​ക്കാ​നാ​കും. നിഷ്‌പ​ക്ഷ​ത​യോട്‌ ബന്ധപ്പെട്ട് നിങ്ങൾ ഏതെങ്കി​ലും പ്രശ്‌നം അഭിമു​ഖീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കിൽ അത്‌ മൂപ്പന്മാ​രെ അറിയി​ക്കുക. ബൈബി​ളിൽനിന്ന് സഹായ​ക​മായ നല്ല ഉപദേ​ശങ്ങൾ തരാൻ അവർക്ക് കഴിയും. നിങ്ങളു​ടെ പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച് അറിയു​മ്പോൾ സഭയിലെ മറ്റുള്ള​വർക്കും നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ കഴിയും. നിങ്ങൾക്കു​വേണ്ടി പ്രാർഥി​ക്കാൻ അവരോട്‌ പറയുക. സഹോ​ദ​രങ്ങൾ നമുക്കു​വേണ്ടി പ്രാർഥി​ക്ക​ണ​മെ​ങ്കിൽ നമ്മളും അവർക്കു​വേണ്ടി പ്രാർഥി​ക്കണം. (മത്താ. 7:12) നിഷ്‌പ​ക്ഷ​ത​യു​ടെ പേരിൽ തടവി​ലാ​യി​രി​ക്കുന്ന സഹോ​ദ​ര​ങ്ങളെ നിങ്ങൾക്ക് അറിയാ​മെ​ങ്കിൽ ധൈര്യ​പൂർവം യഹോ​വ​യോട്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ അവരെ സഹായി​ക്ക​ണമേ എന്ന് അവരുടെ പേര്‌ എടുത്തു​പ​റഞ്ഞ് പ്രാർഥി​ക്കുക.—എഫെ. 6:19, 20.

19 അന്ത്യം അടുക്കു​ന്തോ​റും ഗവണ്മെ​ന്‍റു​കൾ യഹോ​വ​യോ​ടും യഹോ​വ​യു​ടെ രാജ്യ​ത്തോ​ടു​മുള്ള നമ്മുടെ കൂറിനെ ചോദ്യം ചെയ്‌തു​കൊണ്ട് ഏതെങ്കി​ലും പക്ഷം പിടി​ക്കാൻ നമ്മളെ കൂടു​ത​ലാ​യി നിർബ​ന്ധി​ക്കും എന്ന കാര്യ​ത്തിൽ സംശയ​മില്ല. അതു​കൊ​ണ്ടാണ്‌ ഈ ഭിന്നിച്ച ലോക​ത്തിൽ നിഷ്‌പക്ഷത കാത്തു​സൂ​ക്ഷി​ക്കാൻ നമ്മൾ ഇപ്പോൾത്തന്നെ തയ്യാറാ​കേ​ണ്ടത്‌.

^ [1] (ഖണ്ഡിക 1) കൈസർ എന്നു പറഞ്ഞ​പ്പോൾ യേശു ഉദ്ദേശി​ച്ചത്‌ ഗവണ്മെ​ന്‍റു​ക​ളെ​യാണ്‌. അക്കാലത്തെ ഏറ്റവും ഉന്നതനായ മനുഷ്യ​ഭ​ര​ണാ​ധി​കാ​രി കൈസർ ആയിരു​ന്നു.

^ [2] (ഖണ്ഡിക 17) യഹോ​വ​യു​ടെ സാക്ഷികൾ—ദൈവ​രാ​ജ്യ ഘോഷകർ (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്‍റെ 662-‍ാ‍ം പേജും ദൈവ​രാ​ജ്യം ഭരിക്കുന്നു! (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്‍റെ 14-‍ാ‍ം അധ്യായത്തി​ലുള്ള “അദ്ദേഹം ദൈവ​മ​ഹ​ത്വ​ത്തി​നാ​യി മരിച്ചു” എന്ന ചതുര​വും കാണുക.