വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അന്യഭാ​ഷാ​വ​യ​ലിൽ സേവി​ക്കു​ന്ന​വരേ, നിങ്ങളു​ടെ ആത്മീയാ​രോ​ഗ്യം കാത്തു​സൂ​ക്ഷി​ക്കുക

അന്യഭാ​ഷാ​വ​യ​ലിൽ സേവി​ക്കു​ന്ന​വരേ, നിങ്ങളു​ടെ ആത്മീയാ​രോ​ഗ്യം കാത്തു​സൂ​ക്ഷി​ക്കുക

“ഞാൻ . . . നിന്‍റെ വചനത്തെ ഹൃദയ​ത്തിൽ സംഗ്ര​ഹി​ക്കു​ന്നു.”—സങ്കീ. 119:11.

ഗീതം: 142, 92

1-3. (എ) നമ്മുടെ സാഹച​ര്യ​ങ്ങൾ എന്തുത​ന്നെ​യാ​യാ​ലും നമ്മൾ ഏതു കാര്യ​ത്തി​നു മുഖ്യ​സ്ഥാ​നം കൊടു​ക്കണം? (ബി) മറ്റൊരു ഭാഷ പഠിക്കു​ന്നവർ നേരി​ടുന്ന ചില വെല്ലു​വി​ളി​കൾ എന്തൊ​ക്കെ​യാണ്‌, ഇത്‌ ഏതു ചോദ്യ​ങ്ങൾ ഉയർത്തു​ന്നു? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

“സകല ജനതക​ളോ​ടും ഗോ​ത്ര​ങ്ങ​ളോ​ടും ഭാഷക്കാ​രോ​ടും വംശങ്ങ​ളോ​ടും” സന്തോ​ഷ​വാർത്ത അറിയി​ക്കുന്ന ദർശന​ത്തി​ന്‍റെ നിവൃ​ത്തി​യിൽ ഇന്ന് ആയിര​ക്ക​ണ​ക്കിന്‌ യഹോ​വ​യു​ടെ സാക്ഷികൾ ഉത്സാഹ​ത്തോ​ടെ പങ്കെടു​ക്കു​ന്നു. (വെളി. 14:6) മറ്റൊരു ഭാഷ പഠിക്കുന്ന ഒരാളാ​ണോ നിങ്ങൾ? ഒരു മിഷനറി? ആവശ്യം അധിക​മുള്ള ഒരു അന്യനാ​ട്ടിൽ സേവി​ക്കുന്ന ഒരാൾ? അല്ലെങ്കിൽ സ്വദേ​ശ​ത്തു​തന്നെ മറ്റൊരു ഭാഷയിൽ നടക്കുന്ന മീറ്റി​ങ്ങു​കൾക്കു നിങ്ങൾ പോകാൻ തുടങ്ങി​യി​ട്ടു​ണ്ടോ?

2 ദൈവ​ത്തി​ന്‍റെ സേവക​രാ​യ​തി​നാൽ നമ്മളെ​ല്ലാ​വ​രും നമ്മു​ടെ​യും കുടും​ബ​ത്തി​ന്‍റെ​യും ആത്മീയാ​രോ​ഗ്യ​ത്തി​നു മുഖ്യ​സ്ഥാ​നം കൊടു​ക്കണം. (മത്താ. 5:3) പക്ഷേ ചില​പ്പോ​ഴൊ​ക്കെ തിരക്കു കാരണം പ്രയോ​ജനം ചെയ്യുന്ന വിധത്തിൽ വ്യക്തി​പ​ര​മായ പഠനം നടത്തു​ന്ന​തി​നു സമയം കിട്ടാതെ വന്നേക്കാം. എന്നാൽ വിദേ​ശ​വ​യ​ലിൽ സേവി​ക്കു​ന്നവർ ഇതു കൂടാതെ മറ്റു വെല്ലു​വി​ളി​ക​ളും നേരി​ടു​ന്നുണ്ട്.

3 അന്യഭാ​ഷാ​വ​യ​ലിൽ സേവി​ക്കു​ന്നവർ ഒരു പുതിയ ഭാഷ പഠിക്കു​ന്ന​തോ​ടൊ​പ്പം തങ്ങളുടെ ഹൃദയ​ങ്ങളെ കട്ടിയായ ആത്മീയാ​ഹാ​രം​കൊണ്ട് ക്രമമാ​യി പോഷി​പ്പി​ക്കണം. (1 കൊരി. 2:10) എന്നാൽ, നന്നായി മനസ്സി​ലാ​കുന്ന ഭാഷയി​ലല്ല സഭയിൽ മീറ്റി​ങ്ങു​കൾ നടക്കു​ന്ന​തെ​ങ്കിൽ അവർക്ക് എങ്ങനെ അതിനു കഴിയും? ദൈവ​വ​ചനം മക്കളുടെ ഹൃദയ​ത്തിൽ എത്തുന്നു​ണ്ടെന്നു മാതാ​പി​താ​ക്കൾ ഉറപ്പു​വ​രു​ത്തേ​ണ്ടത്‌ എന്തു​കൊണ്ട്?

ആത്മീയാ​രോ​ഗ്യ​ത്തിന്‌ ഒരു ഭീഷണി

4. നമ്മുടെ ആത്മീയ​ത​യ്‌ക്കു ഭീഷണി​യാ​യേ​ക്കാ​വു​ന്നത്‌ എന്താണ്‌? ഒരു ഉദാഹ​രണം പറയുക.

4 അന്യഭാ​ഷ​യിൽ ദൈവ​ത്തി​ന്‍റെ വചനം വായി​ക്കു​മ്പോൾ മനസ്സി​ലാ​ക്കാൻ കഴിയു​ന്നി​ല്ലെ​ങ്കിൽ അതു നമ്മുടെ ആത്മീയാ​രോ​ഗ്യ​ത്തി​നു ശരിക്കും ഒരു ഭീഷണി​യാ​യേ​ക്കാം. ബി.സി. 5-‍ാ‍ം നൂറ്റാ​ണ്ടിൽ, ബാബി​ലോ​ണിൽനിന്ന് തിരി​ച്ചു​വന്ന ജൂതന്മാർക്കി​ട​യി​ലെ ചില കുട്ടി​കൾക്ക് എബ്രായ ഭാഷ അറിയി​ല്ലെന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ നെഹമ്യക്ക് ഉത്‌കണ്‌ഠ തോന്നി. (നെഹമ്യ 13:23, 24 വായി​ക്കുക.) ദൈവ​വ​ച​ന​ത്തി​ന്‍റെ അർഥം ശരിക്കും മനസ്സി​ലാ​ക്കാൻ കഴിയാ​തി​രു​ന്ന​തി​നാൽ യഹോ​വ​യു​മാ​യും ദൈവ​ജ​ന​വു​മാ​യും ഉള്ള അവരുടെ ബന്ധം തകരാ​റി​ലാ​യി.—നെഹ. 8:2, 8.

5, 6. അന്യഭാ​ഷാ​വ​യ​ലിൽ സേവി​ക്കുന്ന ചില മാതാ​പി​താ​ക്കൾ എന്തു മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു, എന്തു​കൊ​ണ്ടാണ്‌ അതു സംഭവി​ക്കു​ന്നത്‌?

5 സത്യ​ത്തോ​ടുള്ള മക്കളുടെ താത്‌പ​ര്യം കുറഞ്ഞു​വ​രു​ന്ന​താ​യി അന്യഭാ​ഷാ​വ​യ​ലിൽ സേവി​ക്കുന്ന ചില മാതാ​പി​താ​ക്കൾ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. മീറ്റി​ങ്ങു​ക​ളിൽ പറയുന്ന കാര്യങ്ങൾ അവർക്കു ശരിക്കും മനസ്സി​ലാ​കു​ന്നില്ല. അതു​കൊ​ണ്ടു​തന്നെ അവിടെ നടക്കുന്ന പരിപാ​ടി​കൾ ആസ്വദി​ക്കു​ന്നു​മില്ല. തെക്കേ അമേരി​ക്ക​യിൽനിന്ന് ഓസ്‌​ട്രേ​ലി​യ​യി​ലേക്കു കുടും​ബ​സ​മേതം താമസം മാറ്റിയ പെത്രോ [1] പറയുന്നു: “ആത്മീയ​പ​രി​പാ​ടി​കൾ പ്രയോ​ജനം ചെയ്യണ​മെ​ങ്കിൽ കാര്യങ്ങൾ ഹൃദയ​ത്തി​ലും മനസ്സി​ലും എത്തണം.”—ലൂക്കോ. 24:32.

6 നമ്മൾ മറ്റൊരു ഭാഷയിൽ കാര്യങ്ങൾ വായിച്ച് മനസ്സി​ലാ​ക്കാൻ ശ്രമി​ക്കു​മ്പോൾ, അതു നമ്മുടെ സ്വന്തം ഭാഷയിൽ വായി​ക്കു​ന്നത്ര ഹൃദയത്തെ സ്വാധീ​നി​ക്കു​ക​യില്ല. കൂടാതെ, മറ്റൊരു ഭാഷയിൽ നന്നായി ആശയവി​നി​മയം നടത്താൻ നമുക്കു കഴിയു​ന്നി​ല്ലെ​ങ്കിൽ, മാനസി​ക​മാ​യും ആത്മീയ​മാ​യും നമ്മുടെ ആരോ​ഗ്യം ചോർന്നു​പോ​യേ​ക്കാം. അതു​കൊണ്ട് ഒരു അന്യഭാ​ഷാ​വ​യ​ലിൽ യഹോ​വയെ സേവി​ക്കാ​നുള്ള ആഗ്രഹം ജ്വലി​പ്പി​ച്ചു​നി​റു​ത്തു​മ്പോൾത്തന്നെ നമ്മുടെ ആത്മീയാ​രോ​ഗ്യം ഭദ്രമാ​യി സൂക്ഷി​ക്കാ​നും നമ്മൾ നന്നായി ശ്രമി​ക്കണം.—മത്താ. 4:4.

അവർ തങ്ങളുടെ ആത്മീയാ​രോ​ഗ്യം കാത്തു​സൂ​ക്ഷി​ച്ചു

7. ദാനി​യേ​ലി​നെ തങ്ങളുടെ സംസ്‌കാ​ര​ത്തി​ന്‍റെ​യും മതത്തി​ന്‍റെ​യും ഭാഗമാ​ക്കാൻ ബാബി​ലോൺകാർ എന്താണു ചെയ്‌തത്‌?

7 പ്രവാ​സ​ത്തി​ലാ​യി​രുന്ന ദാനി​യേ​ലി​നെ​യും കൂട്ട​രെ​യും ‘കൽദയ​രു​ടെ ഭാഷ’ പഠിപ്പി​ച്ചു​കൊണ്ട് അവരെ തങ്ങളുടെ സംസ്‌കാ​ര​ത്തി​ന്‍റെ ഭാഗമാ​ക്കാൻ ബാബി​ലോൺകാർ ശ്രമിച്ചു. അവരുടെ പരിശീ​ല​ന​ത്തി​നു മേൽനോ​ട്ടം വഹിച്ചി​രുന്ന കൊട്ടാ​ര​ത്തി​ലെ പ്രധാ​നോ​ദ്യോ​ഗസ്ഥൻ അവർക്കു ബാബി​ലോൺകാ​രു​ടെ പേരുകൾ നൽകി. (ദാനി. 1:3-7) ദാനി​യേ​ലി​നു നൽകിയ പേര്‌ ബാബി​ലോ​ണി​ലെ പ്രധാന ദേവനാ​യി​രുന്ന ബേലിന്‍റെ പേരിൽനിന്ന് വന്നതാ​യി​രു​ന്നു. ദാനി​യേ​ലി​ന്‍റെ ദൈവ​മായ യഹോ​വയെ ബാബി​ലോൺകാ​രു​ടെ ദൈവം കീഴട​ക്കി​യെന്നു ദാനി​യേ​ലി​നു തോന്ന​ണ​മെന്നു നെബൂ​ഖ​ദ്‌നേസർ രാജാവ്‌ ആഗ്രഹി​ച്ചി​രി​ക്കാം.—ദാനി. 4:8.

8. അന്യ​ദേ​ശത്ത്‌ ജീവി​ക്കു​ക​യാ​യി​രു​ന്നെ​ങ്കി​ലും ആത്മീയാ​രോ​ഗ്യം നിലനി​റു​ത്താൻ ദാനി​യേ​ലി​നെ സഹായി​ച്ചത്‌ എന്തായി​രു​ന്നു?

8 രാജാ​വി​ന്‍റെ വിശി​ഷ്ട​വി​ഭ​വ​ങ്ങ​ളിൽനിന്ന് കഴിക്കാ​മാ​യി​രു​ന്നി​ട്ടും ‘തന്നെത്താൻ അശുദ്ധ​മാ​ക്കു​ക​യില്ല എന്നു ദാനി​യേൽ ഹൃദയ​ത്തിൽ നിശ്ചയി​ച്ചു.’ (ദാനി. 1:8) മാതൃ​ഭാ​ഷ​യി​ലുള്ള ‘വിശു​ദ്ധ​ലി​ഖി​തങ്ങൾ’ പതിവാ​യി പഠിച്ചി​രു​ന്ന​തു​കൊണ്ട് ആ അന്യ​ദേ​ശ​ത്തും ദാനി​യേ​ലി​നു തന്‍റെ ആത്മീയാ​രോ​ഗ്യം നിലനി​റു​ത്താൻ കഴിഞ്ഞു. (ദാനി. 9:2, പി.ഒ.സി.) വാസ്‌ത​വ​ത്തിൽ, ബാബി​ലോ​ണിൽ എത്തി ഏകദേശം 70 വർഷം കഴിഞ്ഞി​ട്ടും ദാനി​യേൽ തന്‍റെ എബ്രാ​യ​പേ​രി​നാൽ അറിയ​പ്പെട്ടു.—ദാനി. 5:13.

9. സങ്കീർത്തനം 119-ന്‍റെ എഴുത്തു​കാ​രനെ ദൈവ​വ​ചനം എങ്ങനെ​യാ​ണു സ്വാധീ​നി​ച്ചത്‌?

9 സങ്കീർത്തനം 119-ന്‍റെ എഴുത്തു​കാ​ര​നും മറ്റുള്ള​വ​രിൽനിന്ന് വ്യത്യ​സ്‌ത​നാ​യി നിൽക്കാ​നുള്ള ശക്തി ദൈവ​വ​ച​ന​ത്തിൽനിന്ന് ലഭിച്ചു. രാജസ​ദ​സ്സി​ലെ ചില അംഗങ്ങ​ളു​ടെ പരിഹാ​സ​മ​നോ​ഭാ​വം അദ്ദേഹ​ത്തി​നു സഹി​ക്കേ​ണ്ടി​യി​രു​ന്നു. (സങ്കീ. 119:23, 61) എന്നിട്ടും ഈ സങ്കീർത്ത​ന​ക്കാ​രൻ ദൈവ​വ​ചനം തന്‍റെ ഹൃദയ​ത്തി​ലേക്ക് ആഴ്‌ന്നി​റ​ങ്ങാൻ അനുവ​ദി​ച്ചു.—സങ്കീർത്തനം 119:11, 46 വായി​ക്കുക.

നിങ്ങളു​ടെ ആത്മീയാ​രോ​ഗ്യം കാത്തു​സൂ​ക്ഷി​ക്കു​ക

10, 11. (എ) ദൈവ​വ​ചനം പഠിക്കു​മ്പോൾ എന്തായി​രി​ക്കണം നമ്മുടെ ലക്ഷ്യം? (ബി) ആ ലക്ഷ്യത്തിൽ എങ്ങനെ എത്തി​ച്ചേ​രാം? ഉദാഹ​രണം പറയുക.

10 ദൈവ​സേ​വ​ന​ത്തോ​ടും നമ്മുടെ തൊഴി​ലി​നോ​ടും ബന്ധപ്പെട്ട ഉത്തരവാ​ദി​ത്വ​ങ്ങൾ കാരണം നമ്മൾ തിരക്കി​ലാ​യേ​ക്കാം. എങ്കിലും, വ്യക്തി​പ​ര​മായ പഠനത്തി​നും കുടും​ബാ​രാ​ധ​ന​യ്‌ക്കും നമ്മൾ സമയം കണ്ടെത്തി​യേ തീരൂ. (എഫെ. 5:15, 16) ഏതാനും പേജുകൾ വായി​ച്ചു​തീർക്കു​ന്ന​തോ മീറ്റി​ങ്ങു​ക​ളിൽ അഭി​പ്രാ​യം പറയാ​നാ​യി മാത്രം തയ്യാറാ​കു​ന്ന​തോ ആയിരി​ക്ക​രു​തു നമ്മുടെ ലക്ഷ്യം. ദൈവ​വ​ചനം നമ്മുടെ ഹൃദയ​ത്തി​ലെ​ത്തു​ന്നു​ണ്ടെ​ന്നും വിശ്വാ​സത്തെ ശക്തി​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും നമ്മൾ ഉറപ്പു​വ​രു​ത്തണം.

11 ആ ലക്ഷ്യത്തിൽ എത്തി​ച്ചേ​രു​ന്ന​തിന്‌, നമ്മൾ വ്യക്തി​പ​ര​മാ​യി പഠിക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യണം. അതേസ​മയം മറ്റുള്ള​വ​രു​ടെ ആത്മീയാ​വ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ചും ചിന്തി​ക്കണം. എന്നാൽ ഇതു രണ്ടും സമനി​ല​യിൽ കൊണ്ടു​പോ​കണം. (ഫിലി. 1:9, 10) ശുശ്രൂ​ഷ​യ്‌ക്കോ മീറ്റി​ങ്ങു​കൾക്കോ പ്രസം​ഗ​ത്തി​നോ തയ്യാറാ​കു​മ്പോൾ നമ്മൾ വായി​ക്കുന്ന കാര്യങ്ങൾ നമുക്കു​തന്നെ ബാധക​മാ​ക്കു​ന്ന​തി​നെ​ക്കു​റിച്ച് നമ്മൾ പലപ്പോ​ഴും ചിന്തി​ക്കാ​റില്ല. ഉദാഹ​ര​ണ​ത്തിന്‌, വിളമ്പു​ന്ന​തി​നു മുമ്പ് ഒരു പാചക​ക്കാ​രൻ ഭക്ഷണം രുചി​ച്ചു​നോ​ക്കാ​റുണ്ട്. എന്നാൽ ആരോ​ഗ്യം നിലനി​റു​ത്തു​ന്ന​തിന്‌ അദ്ദേഹ​ത്തി​നു രുചി​ച്ചു​നോ​ക്കുന്ന അത്രയും ഭക്ഷണം പോരാ. അദ്ദേഹം പോഷ​ക​പ്ര​ദ​മായ ആഹാരം തയ്യാറാ​ക്കി മതിയായ അളവിൽ കഴിക്കണം. സമാന​മാ​യി നമ്മുടെ ആവശ്യ​ത്തി​നു മതിയായ ആത്മീയാ​ഹാ​രം​കൊണ്ട് നമ്മുടെ ഹൃദയത്തെ പോഷി​പ്പി​ക്കാൻ നമ്മൾ ശ്രമി​ക്കണം.

12, 13. അന്യഭാ​ഷാ​വ​യ​ലിൽ സേവി​ക്കുന്ന അനേക​രും തങ്ങളുടെ സ്വന്തം ഭാഷയിൽ പതിവാ​യി പഠിക്കു​ന്നതു പ്രയോ​ജ​ന​ക​ര​മാ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്?

12 അന്യഭാ​ഷാ​വ​യ​ലിൽ സേവി​ക്കുന്ന മിക്കവ​രും തങ്ങളുടെ “സ്വന്തഭാഷ”യിൽ പതിവാ​യി ബൈബിൾ പഠിക്കു​ന്നതു പ്രയോ​ജ​ന​ക​ര​മാ​ണെന്നു കണ്ടിരി​ക്കു​ന്നു. (പ്രവൃ. 2:8) മിഷന​റി​മാർപോ​ലും അവരുടെ വിദേ​ശ​നി​യ​മ​ന​ങ്ങ​ളിൽ കണ്ടെത്തി​യി​രി​ക്കുന്ന ഒരു വസ്‌തു​ത​യുണ്ട്: മീറ്റി​ങ്ങു​ക​ളിൽനിന്ന് ലഭിക്കുന്ന അടിസ്ഥാന അറിവിൽ മാത്രം ആശ്രയി​ച്ചാൽ ഒരാൾക്ക് അദ്ദേഹ​ത്തി​ന്‍റെ വിദേ​ശ​നി​യ​മ​ന​ത്തിൽ വിശ്വ​സ്‌ത​ത​യോ​ടെ തുടരാ​നാ​വില്ല.

13 കഴിഞ്ഞ എട്ടു വർഷമാ​യി പേർഷ്യൻ ഭാഷ പഠിച്ചു​കൊ​ണ്ടി​രി​ക്കുന്ന അലെയ്‌ൻ പറയുന്നു: “പേർഷ്യൻ ഭാഷയിൽ ഞാൻ മീറ്റി​ങ്ങു​കൾക്കു തയ്യാറാ​കു​മ്പോൾ ഭാഷയി​ലാണ്‌ എന്‍റെ മുഴുവൻ ശ്രദ്ധ. അങ്ങനെ പഠിക്കു​ന്ന​തു​കൊണ്ട് എന്‍റെ ബുദ്ധി കൂടു​ന്നു​ണ്ടെ​ങ്കി​ലും പഠിക്കുന്ന കാര്യങ്ങൾ എന്‍റെ ഹൃദയ​ത്തി​ലേക്ക് കാര്യ​മാ​യി​ട്ടൊ​ന്നും എത്താറില്ല. അതു​കൊ​ണ്ടാ​ണു ബൈബി​ളും മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും എന്‍റെ സ്വന്തം ഭാഷയിൽ പതിവാ​യി പഠിക്കാൻ ഞാൻ സമയം നീക്കി​വെ​ച്ചി​രി​ക്കു​ന്നത്‌.”

മക്കളുടെ ഹൃദയ​ത്തിൽ എത്തി​ച്ചേ​രു​ക

14. മാതാ​പി​താ​ക്കൾ ഏതു കാര്യം ഉറപ്പാ​ക്കണം, എന്തു​കൊണ്ട്?

14 ദൈവ​വ​ചനം മക്കളുടെ മനസ്സി​ലും ഹൃദയ​ത്തി​ലും എത്തി​ച്ചേ​രു​ന്നു​ണ്ടെന്നു മാതാ​പി​താ​ക്കൾ ഉറപ്പു​വ​രു​ത്തണം. മൂന്നു വർഷത്തി​ല​ധി​കം ഒരു അന്യഭാ​ഷാ​വ​യ​ലിൽ സേവി​ച്ചു​ക​ഴി​ഞ്ഞ​പ്പോൾ തങ്ങളുടെ 17 വയസ്സു​കാ​ര​നായ മകന്‌ ആത്മീയ​പ്ര​വർത്ത​ന​ങ്ങ​ളി​ലുള്ള ഉത്സാഹം കുറഞ്ഞ​താ​യി സേർഷും ഭാര്യ​യായ മ്യൂറി​യേ​ലും ശ്രദ്ധിച്ചു. മ്യൂറി​യേൽ പറയുന്നു: “മുമ്പ് സ്വന്തം ഭാഷയായ ഫ്രഞ്ചിൽ പ്രസം​ഗി​ക്കു​ന്നത്‌ ഇഷ്ടമാ​യി​രുന്ന അവന്‌ ഇപ്പോൾ മറ്റൊരു ഭാഷയിൽ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു പോകു​ന്ന​തി​നോ​ടു മടുപ്പു​തോ​ന്നി.” സേർഷ്‌ പറയുന്നു: “ആത്മീയ​പു​രോ​ഗതി വരുത്താൻ ഞങ്ങളുടെ മകന്‌ ഈ സാഹച​ര്യം ഒരു തടസ്സമാ​ണെന്നു തിരി​ച്ച​റിഞ്ഞ ഞങ്ങൾ പഴയ സഭയി​ലേക്കു തിരി​ച്ചു​പോ​കാൻ തീരു​മാ​നി​ച്ചു.”

സത്യം മക്കളുടെ ഹൃദയ​ത്തിൽ എത്തി​ച്ചേ​രു​ന്നു​ണ്ടെന്ന് ഉറപ്പാ​ക്കു​ക (14, 15 ഖണ്ഡികകൾ കാണുക)

15. (എ) കുട്ടി​കൾക്കു നന്നായി മനസ്സി​ലാ​കുന്ന ഭാഷ ഉപയോ​ഗി​ക്കുന്ന സഭയി​ലേക്കു തിരി​കെ​പ്പോ​ക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കാൻ മാതാ​പി​താ​ക്കളെ എന്തെല്ലാം കാര്യങ്ങൾ സഹായി​ക്കും? (ബി) ആവർത്തനം 6:5-7 മാതാ​പി​താ​ക്കൾക്ക് എന്ത് ഉദ്‌ബോ​ധ​ന​മാ​ണു നൽകു​ന്നത്‌?

15 കുട്ടി​കൾക്കു നന്നായി മനസ്സി​ലാ​കുന്ന ഭാഷയിൽ മീറ്റി​ങ്ങു​കൾ നടക്കുന്ന സഭയി​ലേക്കു തിരി​കെ​പ്പോ​ക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കാൻ മാതാ​പി​താ​ക്കളെ എന്തെല്ലാം കാര്യങ്ങൾ സഹായി​ക്കും? ഒന്നാമ​താ​യി, അവരെ മറ്റൊരു ഭാഷ പഠിപ്പി​ക്കാ​നും അതേസ​മയം യഹോ​വ​യോ​ടുള്ള സ്‌നേഹം അവരിൽ നട്ടുവ​ളർത്താ​നും മതിയായ സമയവും സാഹച​ര്യ​വും തങ്ങൾക്കു​ണ്ടോ എന്ന് അവർ നോക്കണം. രണ്ടാമ​താ​യി, ആത്മീയ​പ്ര​വർത്ത​ന​ങ്ങ​ളി​ലോ അവർ സേവി​ക്കുന്ന അന്യഭാ​ഷാ​വ​യ​ലി​ലോ മക്കൾ താത്‌പ​ര്യ​ക്കു​റവ്‌ കാണി​ക്കു​ന്നു​ണ്ടോ എന്നു ശ്രദ്ധി​ക്കണം. അത്തരം സാഹച​ര്യ​ങ്ങ​ളിൽ, മക്കൾ സത്യത്തി​നാ​യി ഒരു ഉറച്ച നിലപാ​ടെ​ടു​ക്കു​ന്ന​തു​വരെ അവർക്കു നന്നായി മനസ്സി​ലാ​കുന്ന ഭാഷ ഉപയോ​ഗി​ക്കുന്ന സഭയി​ലേക്കു തിരി​കെ​പ്പോ​കാൻ മാതാ​പി​താ​ക്കൾ തീരു​മാ​നി​ച്ചേ​ക്കാം.—ആവർത്തനം 6:5-7 വായി​ക്കുക.

16, 17. ഒരു അന്യഭാ​ഷാ​വ​യ​ലിൽ ആയിരി​ക്കു​മ്പോൾത്തന്നെ മക്കളെ ആത്മീയ​മാ​യി പരിശീ​ലി​പ്പി​ക്കാൻ ചില മാതാ​പി​താ​ക്കൾക്ക് എങ്ങനെ കഴിയു​ന്നു?

16 എന്നാൽ അതേസ​മയം, ഒരു അന്യഭാ​ഷാ​സ​ഭ​യി​ലോ ഗ്രൂപ്പി​ലോ പോകു​മ്പോൾത്തന്നെ മക്കളുടെ ഭാഷയിൽ അവരെ പഠിപ്പി​ക്കാൻ ചില മാതാ​പി​താ​ക്കൾ വഴികൾ കണ്ടെത്തി​യി​രി​ക്കു​ന്നു. 9-നും 13-നും ഇടയിൽ പ്രായ​മുള്ള മൂന്നു പെൺകു​ട്ടി​ക​ളു​ടെ പിതാ​വായ ചാൾസ്‌, ലിംഗാല ഭാഷയി​ലുള്ള ഒരു ഗ്രൂപ്പി​ലാ​ണു മീറ്റി​ങ്ങി​നു പോകു​ന്നത്‌. അദ്ദേഹം പറയുന്നു: “കുട്ടി​ക​ളോ​ടൊ​പ്പം ഞങ്ങളുടെ ഭാഷയിൽ പഠിക്കാ​നും കുടും​ബാ​രാ​ധന നടത്താ​നും ഞങ്ങൾ തീരു​മാ​നി​ച്ചു. അതോ​ടൊ​പ്പം, രസകര​മായ വിധത്തിൽ ലിംഗാല ഭാഷ പഠിക്കു​ന്ന​തി​നു​വേണ്ടി ആ ഭാഷയി​ലും ഞങ്ങൾ പരിശീ​ല​ന​പ​രി​പാ​ടി​ക​ളും കളിക​ളും ഒക്കെ ഉൾപ്പെ​ടു​ത്തു​ന്നു.”

പ്രാദേശികഭാഷ പഠിക്കാ​നും മീറ്റി​ങ്ങു​ക​ളിൽ അഭി​പ്രാ​യം പറയാ​നും നല്ല ശ്രമം ചെയ്യുക (16, 17 ഖണ്ഡികകൾ കാണുക)

17 അഞ്ചും എട്ടും വയസ്സു പ്രായ​മുള്ള രണ്ടു പെൺകു​ട്ടി​ക​ളു​ടെ പിതാ​വായ കെവിൻ അന്യഭാ​ഷ​യിൽ നടക്കുന്ന മീറ്റി​ങ്ങു​ക​ളി​ലെ വിവരങ്ങൾ മക്കൾക്കു മനസ്സി​ലാ​കാ​തെ വരു​മ്പോൾ ആ നഷ്ടം നികത്താൻ ചില​തെ​ല്ലാം ചെയ്യുന്നു. അദ്ദേഹം പറയുന്നു: “ഭാര്യ​യും ഞാനും മക്കളുടെ മാതൃ​ഭാ​ഷ​യായ ഫ്രഞ്ചിൽ ഓരോ​രു​ത്ത​രെ​യും വ്യക്തി​പ​ര​മാ​യി പഠിപ്പി​ക്കു​ന്നു. മാസത്തിൽ ഒരിക്കൽ ഫ്രഞ്ച് ഭാഷയി​ലുള്ള മീറ്റി​ങ്ങി​നു പോകാൻ ഞങ്ങൾ ലക്ഷ്യം വെച്ചി​രി​ക്കു​ന്നു. ഞങ്ങളുടെ മാതൃ​ഭാ​ഷ​യിൽ നടക്കുന്ന കൺ​വെൻ​ഷ​നു​കൾക്ക് അവധി​യെ​ടുത്ത്‌ പോകു​ക​യും ചെയ്യുന്നു.”

18. (എ) മക്കൾക്ക് ഏറ്റവും പ്രയോ​ജനം ചെയ്യുന്ന വിധത്തിൽ കാര്യങ്ങൾ ചെയ്യാൻ റോമർ 15:1, 2-ലെ തത്ത്വം നിങ്ങളെ എങ്ങനെ സഹായി​ക്കും? (ബി) ചില മാതാ​പി​താ​ക്കൾ എന്തു നിർദേ​ശ​ങ്ങ​ളാ​ണു വെച്ചി​രി​ക്കു​ന്നത്‌? (പിൻകു​റിപ്പ് കാണുക.)

18 തീർച്ച​യാ​യും, മക്കളുടെ ആത്മീയാ​രോ​ഗ്യ​ത്തിന്‌ ഏറ്റവും നല്ലത്‌ ഏതാ​ണെന്നു തീരു​മാ​നി​ക്കേ​ണ്ടത്‌ ഓരോ കുടും​ബ​വു​മാണ്‌. [2] (ഗലാ. 6:5) മകന്‍റെ ആത്മീയ​പ്ര​യോ​ജ​ന​ത്തി​നാ​യി തനിക്കും ഭർത്താ​വി​നും തങ്ങളുടെ ഇഷ്ടങ്ങൾ ബലിക​ഴി​ക്കേ​ണ്ടി​വ​ന്നെന്നു മുമ്പ് പരാമർശിച്ച മ്യൂറി​യേൽ പറയുന്നു. (റോമർ 15:1, 2 വായി​ക്കുക.) എങ്കിലും പിന്തി​രി​ഞ്ഞു​നോ​ക്കു​മ്പോൾ ശരിയായ തീരു​മാ​ന​മാ​ണു തങ്ങളെ​ടു​ത്ത​തെന്നു സേർഷി​നു തോന്നു​ന്നു. അദ്ദേഹം പറയുന്നു: “ഒരു ഫ്രഞ്ച് ഭാഷാ​സ​ഭ​യി​ലേക്കു മാറി​യ​പ്പോൾമു​തൽ ഞങ്ങളുടെ മകൻ ആത്മീയ​മാ​യി പുരോ​ഗ​മി​ക്കാൻ തുടങ്ങി, സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തു. ഇപ്പോൾ അവൻ ഒരു മുൻനി​ര​സേ​വ​ക​നാണ്‌. ഒരു അന്യഭാ​ഷാ​ഗ്രൂ​പ്പി​ലേക്കു മടങ്ങി​പ്പോ​കു​ന്ന​തി​നെ​ക്കു​റിച്ച് അവൻ ചിന്തി​ക്കു​ക​പോ​ലും ചെയ്യു​ന്നുണ്ട്!”

ദൈവ​വ​ചനം നിങ്ങളു​ടെ ഹൃദയ​ത്തിൽ എത്തി​ച്ചേ​ര​ട്ടെ

19, 20. ദൈവ​വ​ച​ന​ത്തോ​ടു സ്‌നേ​ഹ​മു​ണ്ടെന്നു നമുക്ക് എങ്ങനെ കാണി​ക്കാം?

19 ‘സകലതരം മനുഷ്യ​രും സത്യത്തി​ന്‍റെ പരിജ്ഞാ​ന​ത്തിൽ എത്തുന്ന​തിന്‌’ യഹോവ സ്‌നേ​ഹ​പൂർവം തന്‍റെ വചനമായ ബൈബിൾ നൂറു​ക​ണ​ക്കി​നു ഭാഷക​ളിൽ ലഭ്യമാ​ക്കി​യി​രി​ക്കു​ന്നു. (1 തിമൊ. 2:4) മനുഷ്യർ തങ്ങളുടെ ഹൃദയത്തെ സ്വാധീ​നി​ക്കുന്ന ഭാഷയിൽ അതായത്‌, സ്വന്തം ഭാഷയിൽ യഹോ​വ​യു​ടെ ചിന്തകൾ വായി​ക്കു​മ്പോൾ അവരുടെ ആത്മീയാ​വ​ശ്യ​ങ്ങൾ കൂടുതൽ മെച്ചമാ​യി തൃപ്‌തി​പ്പെ​ടു​ത്താ​നാ​കു​മെന്ന് യഹോ​വ​യ്‌ക്ക് അറിയാം.

20 നമ്മുടെ വ്യക്തി​പ​ര​മായ സാഹച​ര്യം എന്തായാ​ലും, കട്ടിയായ ആത്മീയാ​ഹാ​രം​കൊണ്ട് നമ്മുടെ ഹൃദയത്തെ പോഷി​പ്പി​ക്കാൻ നമ്മൾ ഉറച്ച തീരു​മാ​ന​മെ​ടു​ക്കണം. സ്വന്തം ഭാഷയിൽ തിരു​വെ​ഴു​ത്തു​കൾ ക്രമമാ​യി പഠിച്ചു​കൊണ്ട് നമ്മു​ടെ​യും കുടും​ബ​ത്തി​ന്‍റെ​യും ആത്മീയാ​രോ​ഗ്യം കാത്തു​സൂ​ക്ഷി​ക്കാ​നാ​കും. അങ്ങനെ ദൈവ​ത്തി​ന്‍റെ വചനങ്ങളെ വില​യേ​റി​യ​താ​യി കാണു​ന്നെന്നു നമുക്കു തെളി​യി​ക്കാം.—സങ്കീ. 119:11.

^ [1] (ഖണ്ഡിക 5) ഈ ലേഖന​ത്തി​ലേത്‌ യഥാർഥ​പേ​രു​കളല്ല.

^ [2] (ഖണ്ഡിക 18) നിങ്ങളു​ടെ കുടും​ബത്തെ സഹായി​ക്കുന്ന ബൈബിൾത​ത്ത്വ​ങ്ങൾക്കാ​യി 2002 ഒക്‌ടോ​ബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “അന്യനാ​ട്ടിൽ കുട്ടി​കളെ വളർത്തി​ക്കൊ​ണ്ടു​വരൽ—വെല്ലു​വി​ളി​ക​ളും പ്രതി​ഫ​ല​ങ്ങ​ളും” എന്ന ലേഖനം കാണുക.