വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം പ്രകട​മാ​ക്കുക

യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം പ്രകട​മാ​ക്കുക

‘വിശ്വാ​സം എന്നതോ കാണ​പ്പെ​ടാത്ത കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള, തെളി​വി​ല​ധി​ഷ്‌ഠി​ത​മായ നിശ്ചയ​മാ​കു​ന്നു.’—എബ്രാ. 11:1.

ഗീതം: 54, 125

1. ക്രിസ്‌തീ​യ​വി​ശ്വാ​സത്തെ നമ്മൾ എങ്ങനെ വീക്ഷി​ക്കണം?

ക്രിസ്‌തീ​യ​വി​ശ്വാ​സം അമൂല്യ​മായ ഒരു ഗുണമാണ്‌. എല്ലാ ആളുകൾക്കു​മുള്ള ഒന്നല്ല അത്‌. (2 തെസ്സ. 3:2) എന്നിരു​ന്നാ​ലും, തന്‍റെ ആരാധ​കർക്കെ​ല്ലാം യഹോവ ‘ഒരള​വോ​ളം വിശ്വാ​സം’ നൽകി​യി​ട്ടുണ്ട്. (റോമ. 12:3; ഗലാ. 5:22) അതു ലഭിച്ചി​രി​ക്കു​ന്ന​തിൽ നമ്മൾ എല്ലാവ​രും ആഴമായ നന്ദിയു​ള്ള​വ​രാ​യി​രി​ക്കണം.

2, 3. (എ) വിശ്വാ​സ​മുള്ള ഒരാൾക്ക് എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ സാധ്യ​മാണ്‌? (ബി) നമ്മൾ ഏതെല്ലാം ചോദ്യ​ങ്ങൾ ചർച്ച ചെയ്യും?

2 നമ്മുടെ സ്വർഗീ​യ​പി​താവ്‌ പുത്ര​നി​ലൂ​ടെ​യാണ്‌ ആളുകളെ തന്നി​ലേക്ക് ആകർഷി​ക്കു​ന്നത്‌. യേശു​വിൽ വിശ്വ​സി​ക്കുന്ന ഒരു വ്യക്തിക്കു പാപങ്ങ​ളു​ടെ ക്ഷമ നേടാ​നാ​കും. അത്‌ യഹോ​വ​യു​മാ​യി നിലനിൽക്കുന്ന ഒരു ബന്ധം ആസ്വദി​ക്കാ​നുള്ള മാർഗം തുറന്നു​കൊ​ടു​ക്കും. (യോഹ. 6:44, 65; റോമ. 6:23) അത്തര​മൊ​രു അത്ഭുത​ക​ര​മായ അനു​ഗ്ര​ഹ​ത്തി​നു യോഗ്യത നേടാൻ നമ്മൾ എന്താണു ചെയ്‌തത്‌? യഥാർഥ​ത്തിൽ, പാപി​ക​ളായ നമുക്കു മരണത്തി​നു മാത്രമേ യോഗ്യ​ത​യു​ള്ളൂ. (സങ്കീ. 103:10) എങ്കിലും, നന്മ ചെയ്യാ​നുള്ള പ്രാപ്‌തി നമുക്കു​ണ്ടെന്ന് യഹോവ കണ്ടു. തന്‍റെ അനർഹ​ദ​യ​യാൽ സന്തോ​ഷ​വാർത്ത കേൾക്കാ​നാ​യി യഹോവ നമ്മുടെ ഹൃദയം തുറന്നു. അങ്ങനെ, നിത്യ​ജീ​വ​നെന്ന പ്രത്യാ​ശ​യോ​ടെ നമ്മൾ യേശു​വിൽ വിശ്വ​സി​ക്കാൻ തുടങ്ങി.—1 യോഹ​ന്നാൻ 4:9, 10 വായി​ക്കുക.

3 വിശ്വാ​സം എന്നാൽ എന്താണ്‌? ദൈവം നമുക്കാ​യി കരുതി​വെ​ച്ചി​രി​ക്കുന്ന അനു​ഗ്ര​ഹങ്ങൾ മനസ്സി​ലാ​ക്കു​ന്നതു മാത്ര​മാ​ണോ അത്‌? ഏതെല്ലാം വിധങ്ങ​ളിൽ നമുക്കു നമ്മുടെ വിശ്വാ​സം പ്രവൃ​ത്തി​യി​ലൂ​ടെ കാണി​ക്കാം?

“ഹൃദയ​ത്തിൽ വിശ്വ​സി​ക്കുക”

4. വിശ്വാ​സം കേവലം മനസ്സു​കൊണ്ട് കാര്യങ്ങൾ ഗ്രഹി​ക്കു​ന്നതു മാത്ര​മ​ല്ലാ​ത്തത്‌ എന്തു​കൊ​ണ്ടെന്നു വിശദീ​ക​രി​ക്കുക.

4 വിശ്വാ​സം എന്നതിൽ, ദൈവ​ത്തി​ന്‍റെ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച് മനസ്സി​ലാ​ക്കു​ന്ന​തി​ലും അധികം ഉൾപ്പെ​ടു​ന്നു. ദൈ​വേ​ഷ്ട​ത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കാൻ ഒരു വ്യക്തിയെ പ്രേരി​പ്പി​ക്കുന്ന കരുത്തുറ്റ ശക്തിയാ​ണു വിശ്വാ​സം. രക്ഷയ്‌ക്കാ​യി ദൈവം ചെയ്‌തി​രി​ക്കുന്ന കരുത​ലു​ക​ളിൽ വിശ്വ​സി​ക്കുന്ന ഒരു വ്യക്തി, സന്തോ​ഷ​വാർത്ത മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കും. പൗലോസ്‌ അപ്പോ​സ്‌തലൻ വിശദീ​ക​രി​ച്ചു: “യേശു കർത്താവ്‌ ആകുന്നു എന്നിങ്ങനെ, ‘നിന്‍റെ വായി​ലുള്ള വചനം’ നീ പരസ്യ​മാ​യി പ്രഖ്യാ​പി​ക്കു​ക​യും ദൈവം അവനെ മരിച്ച​വ​രിൽനിന്ന് ഉയിർപ്പി​ച്ചെന്നു ഹൃദയ​ത്തിൽ വിശ്വ​സി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ നീ രക്ഷിക്ക​പ്പെ​ടും; എന്തെന്നാൽ ഒരുവൻ ഹൃദയം​കൊ​ണ്ടു നീതി​ക്കാ​യി വിശ്വ​സി​ക്കു​ക​യും വായ്‌കൊ​ണ്ടു രക്ഷയ്‌ക്കാ​യി പരസ്യ​പ്ര​ഖ്യാ​പനം നടത്തു​ക​യും ചെയ്യുന്നു.”—റോമ. 10:9, 10; 2 കൊരി. 4:13.

5. വിശ്വാ​സം പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്, നമുക്ക് അത്‌ എങ്ങനെ ശക്തമാ​ക്കി​നി​റു​ത്താം? ഒരു ദൃഷ്ടാന്തം പറയുക.

5 ദൈവ​ത്തി​ന്‍റെ പുതിയ ലോക​ത്തി​ലെ നിത്യ​ജീ​വൻ നേടണ​മെ​ങ്കിൽ നമുക്കു വിശ്വാ​സം വേണം; അതു ശക്തമാ​ക്കി​നി​റു​ത്തു​ക​യും ചെയ്യണം. ഒരു ചെടി വളരാൻ വെള്ളം ഒഴി​ക്കേ​ണ്ട​തു​പോ​ലെ നമ്മുടെ വിശ്വാ​സം ശക്തമാ​ക്കി​നി​റു​ത്താൻ ചില​തൊ​ക്കെ ചെയ്യണം. ഒരു പ്ലാസ്റ്റിക്ക് ചെടി​പോ​ലെയല്ല ജീവനുള്ള ചെടി. വെള്ളമി​ല്ലാ​തെ വന്നാൽ അതു വാടി​പ്പോ​കും, നല്ലതു​പോ​ലെ വെള്ളം കിട്ടു​ക​യാ​ണെ​ങ്കിൽ അതു തഴച്ചു​വ​ള​രും. ആവശ്യ​ത്തി​നു വെള്ളമി​ല്ലാ​തെ വന്നാൽ ആരോ​ഗ്യ​മുള്ള ഒരു ചെടി​പോ​ലും പതു​ക്കെ​പ്പ​തു​ക്കെ വാടി​ക്ക​രി​ഞ്ഞു​പോ​കും. നമ്മുടെ വിശ്വാ​സ​വും അങ്ങനെ​ത​ന്നെ​യാണ്‌. ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ നമ്മുടെ വിശ്വാ​സ​ത്തി​നു വാട്ടം തട്ടുക​യും അത്‌ ഇല്ലാതാ​കു​ക​യും ചെയ്യും. (ലൂക്കോ. 22:32; എബ്രാ. 3:12) എന്നാൽ വേണ്ട ശ്രദ്ധ കൊടു​ക്കു​ന്നെ​ങ്കിൽ വിശ്വാ​സം ജീവനു​ള്ള​താ​യി നിലനിൽക്കും; അത്‌ ‘വളർന്നു​കൊ​ണ്ടേ​യി​രി​ക്കും;’ നമ്മൾ വിശ്വാ​സ​ത്തിൽ ‘ആരോ​ഗ്യ​മു​ള്ള​വ​രാ​യി​രി​ക്കു​ക​യും’ ചെയ്യും. —2 തെസ്സ. 1:3; തീത്തോ. 2:2, അടിക്കു​റിപ്പ്.

വിശ്വാ​സ​ത്തെ​ക്കു​റിച്ച് ബൈബിൾ പറയു​ന്നത്‌

6. ഏതു രണ്ടു വിധങ്ങ​ളി​ലാ​ണു വിശ്വാ​സത്തെ എബ്രായർ 11:1 വിവരി​ച്ചി​രി​ക്കു​ന്നത്‌?

6 ബൈബിൾ, വിശ്വാ​സ​ത്തെ​ക്കു​റിച്ച് എബ്രായർ 11:1-ൽ (വായി​ക്കുക.) വിവരി​ച്ചി​രി​ക്കു​ന്നു. കാണാൻ കഴിയാത്ത രണ്ടു കാര്യ​ങ്ങ​ളി​ലാ​ണു വിശ്വാ​സം കേന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്നത്‌: (1) “പ്രത്യാ​ശി​ക്കുന്ന കാര്യങ്ങൾ”—ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന, എന്നാൽ ഇതുവരെ സംഭവി​ച്ചി​ട്ടി​ല്ലാത്ത കാര്യങ്ങൾ ഇതിൽ ഉൾപ്പെ​ടു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ദുഷ്ടത​യു​ടെ​യെ​ല്ലാം അവസാ​ന​വും പുതി​യ​ലോ​കം വരുന്ന​തും. (2) ‘കാണ​പ്പെ​ടാത്ത കാര്യങ്ങൾ’—കാണാൻ കഴിയാത്ത ഒരു യാഥാർഥ്യ​ത്തി​ന്‍റെ ബോധ്യ​പ്പെ​ടു​ത്തുന്ന തെളി​വി​നെ​യാണ്‌ ഇവിടെ ‘തെളി​വി​ല​ധി​ഷ്‌ഠി​ത​മായ നിശ്ചയം’ എന്നു പരിഭാഷ ചെയ്‌തി​രി​ക്കുന്ന ഗ്രീക്ക് പദം സൂചി​പ്പി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, യഹോ​വ​യു​ടെ​യും യേശു​ക്രി​സ്‌തു​വി​ന്‍റെ​യും ദൂതന്മാ​രു​ടെ​യും അസ്‌തി​ത്വം, സ്വർഗീ​യ​രാ​ജ്യ​ത്തി​ന്‍റെ പ്രവർത്ത​നങ്ങൾ തുടങ്ങി​യവ. (എബ്രാ. 11:3) നമ്മുടെ പ്രത്യാശ ജീവസ്സു​റ്റ​താ​ണെ​ന്നും ദൈവ​വ​ച​ന​ത്തിൽ പറഞ്ഞി​രി​ക്കുന്ന കണ്ടിട്ടി​ല്ലാത്ത കാര്യങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടെ​ന്നും നമുക്ക് എങ്ങനെ തെളി​യി​ക്കാം? നമ്മുടെ വാക്കു​ക​ളി​ലൂ​ടെ​യും പ്രവൃ​ത്തി​ക​ളി​ലൂ​ടെ​യും. ഇവയി​ല്ലെ​ങ്കിൽ നമ്മുടെ വിശ്വാ​സം അപൂർണ​മാ​യി​രി​ക്കും.

7. വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കുക എന്നതിന്‍റെ അർഥം മനസ്സി​ലാ​ക്കാൻ നോഹ​യു​ടെ മാതൃക നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

7 എബ്രായർ 11:7 നോഹ​യു​ടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച് പറയുന്നു: നോഹ ‘അതുവരെ കണ്ടിട്ടി​ല്ലാ​തി​രു​ന്ന​വ​യെ​പ്പറ്റി ദൈവ​ത്തിൽനി​ന്നു മുന്നറി​യി​പ്പു ലഭിച്ചിട്ട് ഭയഭക്തി​യോ​ടെ തന്‍റെ കുടും​ബ​ത്തി​ന്‍റെ രക്ഷയ്‌ക്കാ​യി ഒരു പെട്ടകം പണിതു.’ ആ പടുകൂ​റ്റൻ പെട്ടകം പണിതു​കൊണ്ട് നോഹ തന്‍റെ വിശ്വാ​സം പ്രകട​മാ​ക്കി. അത്തരം ഭീമാ​കാ​ര​മായ ഒരു പെട്ടകം പണിയു​ന്നത്‌ എന്തിനാ​ണെന്ന് അയൽവാ​സി​കൾ നോഹ​യോ​ടു ഉറപ്പാ​യും ചോദി​ച്ചു​കാ​ണും. നോഹ മിണ്ടാ​തി​രി​ക്കു​ക​യോ സ്വന്തം കാര്യം നോക്കി​യാൽ മതി​യെന്ന് അവരോ​ടു പറയു​ക​യോ ചെയ്‌തോ? ഒരിക്ക​ലു​മില്ല! നോഹ അവരോ​ടു ധൈര്യ​ത്തോ​ടെ സാക്ഷീ​ക​രി​ക്കു​ക​യും വരാനി​രി​ക്കുന്ന ന്യായ​വി​ധി​യെ​ക്കു​റിച്ച് മുന്നറി​യി​പ്പു​കൊ​ടു​ക്കു​ക​യും ചെയ്‌തു. അതി​നെ​ല്ലാം വിശ്വാ​സ​മാ​ണു നോഹയെ പ്രചോ​ദി​പ്പി​ച്ചത്‌. സാധ്യ​ത​യ​നു​സ​രിച്ച്, യഹോവ തന്നോടു പറഞ്ഞ വാക്കുകൾ നോഹ അതേപടി തന്‍റെ ചുറ്റു​മു​ള്ള​വ​രോട്‌ ആവർത്തി​ച്ചി​ട്ടു​ണ്ടാ​കും: “സകലജ​ഡ​ത്തി​ന്‍റെ​യും അവസാനം എന്‍റെ മുമ്പിൽ വന്നിരി​ക്കു​ന്നു; ഭൂമി അവരാൽ അതി​ക്ര​മം​കൊ​ണ്ടു നിറഞ്ഞി​രി​ക്കു​ന്നു. . . . ആകാശ​ത്തിൻ കീഴിൽനി​ന്നു ജീവശ്വാ​സ​മുള്ള സർവ്വജ​ഡ​ത്തെ​യും നശിപ്പി​പ്പാൻ ഞാൻ ഭൂമി​യിൽ ഒരു ജലപ്ര​ളയം വരുത്തും; ഭൂമി​യി​ലു​ള്ള​തൊ​ക്കെ​യും നശിച്ചു​പോ​കും.” “പെട്ടക​ത്തിൽ കടക്കേണം” എന്ന ദൈവ​ത്തി​ന്‍റെ കല്‌പന ആവർത്തി​ച്ചു​കൊണ്ട് രക്ഷപ്പെ​ടാ​നുള്ള ഏകമാർഗം അതാ​ണെന്നു നോഹ ആളുക​ളോ​ടു വിശദീ​ക​രി​ച്ചു എന്നതിൽ സംശയ​മില്ല. അങ്ങനെ ഒരു “നീതി​പ്ര​സം​ഗി” എന്ന നിലയി​ലും നോഹ വിശ്വാ​സം പ്രകട​മാ​ക്കി.—ഉൽപ. 6:13, 17, 18; 2 പത്രോ. 2:5.

8. യഥാർഥ ക്രിസ്‌തീ​യ​വി​ശ്വാ​സ​ത്തി​ന്‍റെ അർഥം എന്താ​ണെ​ന്നാ​ണു ശിഷ്യ​നായ യാക്കോബ്‌ വിശദീ​ക​രി​ച്ചത്‌?

8 വിശ്വാസത്തെക്കുറിച്ച് അപ്പോസ്‌തലനായ പൗലോസ്‌ എബ്രാ​യർക്ക് എഴുതി അധികം വൈകാ​തെ​യാ​യി​രി​ക്കാം യാക്കോബ്‌ ലേഖനം എഴുതി​യത്‌. യഥാർഥ ക്രിസ്‌തീ​യ​വി​ശ്വാ​സ​ത്തിൽ കേവലം കാര്യങ്ങൾ വിശ്വ​സി​ക്കു​ന്നതു മാത്രമല്ല, പ്രവൃ​ത്തി​യും ഉൾപ്പെ​ട്ടി​രി​ക്കു​ന്നെന്നു പൗലോ​സി​നെ​പ്പോ​ലെ യാക്കോ​ബും തന്‍റെ ലേഖന​ത്തിൽ വിശദീ​ക​രി​ച്ചു. യാക്കോബ്‌ പറയുന്നു: “നിന്‍റെ വിശ്വാ​സം പ്രവൃ​ത്തി​കൾ കൂടാതെ കാണി​ക്കുക; എന്‍റെ വിശ്വാ​സം പ്രവൃ​ത്തി​ക​ളാൽ ഞാനും കാണി​ക്കാം.” (യാക്കോ. 2:18) ഒരു കാര്യം കേവലം വിശ്വ​സി​ക്കു​ന്ന​തും ഒരുവന്‍റെ വിശ്വാ​സം പ്രവൃ​ത്തി​യി​ലൂ​ടെ കാണി​ക്കു​ന്ന​തും തമ്മിൽ വലിയ വ്യത്യാ​സ​മു​ണ്ടെന്നു യാക്കോബ്‌ തുടർന്ന് പറയുന്നു. ഭൂതങ്ങൾപോ​ലും ദൈവം ഉണ്ടെന്നു വിശ്വ​സി​ക്കു​ന്നു, പക്ഷേ അവർക്ക് യഥാർഥ​വി​ശ്വാ​സം ഇല്ല. അവരുടെ പ്രവൃ​ത്തി​കൾ ദൈവ​ത്തി​ന്‍റെ ഉദ്ദേശ്യ​ങ്ങൾക്കെ​തി​രെ​യാണ്‌. (യാക്കോ. 2:19, 20) നേരെ​മ​റിച്ച്, പുരാ​ത​ന​കാ​ലത്തെ മറ്റൊരു വിശ്വ​സ്‌ത​മ​നു​ഷ്യ​നെ പരാമർശി​ച്ചു​കൊണ്ട് യാക്കോബ്‌ ചോദി​ക്കു​ന്നു: “നമ്മുടെ പിതാ​വായ അബ്രാ​ഹാം തന്‍റെ മകനായ യിസ്‌ഹാ​ക്കി​നെ യാഗപീ​ഠ​ത്തി​ന്മേൽ അർപ്പി​ച്ച​പ്പോൾ പ്രവൃ​ത്തി​ക​ളാൽ അല്ലയോ നീതീ​ക​രി​ക്ക​പ്പെ​ട്ടത്‌? അവന്‍റെ വിശ്വാ​സ​ത്തോ​ടൊ​പ്പം പ്രവൃ​ത്തി​ക​ളും ഉണ്ടായി​രു​ന്നു എന്നും പ്രവൃ​ത്തി​ക​ളാൽ അവന്‍റെ വിശ്വാ​സം പൂർണ​മാ​യി എന്നും നീ കാണു​ന്നു​വ​ല്ലോ.” തുടർന്ന് യാക്കോബ്‌ ഇങ്ങനെ പറഞ്ഞു​കൊണ്ട് വിശ്വാ​സം പ്രവൃ​ത്തി​കൾകൊണ്ട് കാണി​ക്ക​ണ​മെന്ന വസ്‌തുത ഉറപ്പി​ക്കു​ന്നു: “ആത്മാവി​ല്ലാത്ത ശരീരം നിർജീ​വ​മാ​യി​രി​ക്കു​ന്ന​തു​പോ​ലെ പ്രവൃ​ത്തി​യി​ല്ലാത്ത വിശ്വാ​സ​വും നിർജീ​വ​മാ​കു​ന്നു.”—യാക്കോ. 2:21-23, 26.

9, 10. വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കേ​ണ്ട​തി​ന്‍റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കാൻ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ നമ്മളെ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌?

9 മുപ്പതി​ല​ധി​കം വർഷങ്ങൾക്കു ശേഷം യോഹ​ന്നാൻ അപ്പോ​സ്‌തലൻ ഒരു സുവി​ശേ​ഷ​വി​വ​ര​ണ​വും മൂന്നു ലേഖന​ങ്ങ​ളും എഴുതി. മറ്റു ബൈബി​ളെ​ഴു​ത്തു​കാ​രെ​പ്പോ​ലെ വിശ്വാ​സ​ത്തിൽ എന്താണ്‌ ഉൾപ്പെ​ടു​ന്ന​തെന്ന് അദ്ദേഹ​ത്തി​നും അറിയാ​മാ​യി​രു​ന്നു. ‘വിശ്വ​സി​ക്കുക’ എന്നു ചില​പ്പോൾ പരിഭാഷ ചെയ്‌തി​രി​ക്കുന്ന ഗ്രീക്ക് ക്രിയാ​പദം മറ്റു ബൈബി​ളെ​ഴു​ത്തു​കാ​രെ​ക്കാൾ കൂടുതൽ തവണ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു യോഹ​ന്നാ​നാണ്‌.

10 ഉദാഹ​ര​ണ​ത്തിന്‌, യോഹ​ന്നാൻ ഇങ്ങനെ പറഞ്ഞു: “പുത്ര​നിൽ വിശ്വ​സി​ക്കു​ന്ന​വനു നിത്യ​ജീ​വൻ ഉണ്ട്. പുത്രനെ അനുസ​രി​ക്കാ​ത്ത​വ​നോ ജീവനെ കാണു​ക​യില്ല; ദൈവ​ക്രോ​ധം അവന്‍റെ​മേൽ വസിക്കു​ന്നു.” (യോഹ. 3:36) ക്രിസ്‌തീ​യ​വി​ശ്വാ​സ​ത്തിൽ യേശു​വി​ന്‍റെ കല്‌പ​നകൾ അനുസ​രി​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു. വിശ്വാ​സം പ്രകടി​പ്പി​ക്കു​ന്ന​തിൽ തുട​രേ​ണ്ട​തി​ന്‍റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച് യേശു പറഞ്ഞ വാക്കുകൾ യോഹ​ന്നാൻ പലപ്പോ​ഴും ഉദ്ധരി​ച്ചി​ട്ടുണ്ട്.—യോഹ. 3:16; 6:29, 40; 11:25, 26; 14:1, 12.

11. സത്യം അറിയാൻ കഴിഞ്ഞ​തി​ലുള്ള നന്ദി നമുക്ക് എങ്ങനെ കാണി​ക്കാം?

11 പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ യഹോവ സത്യം വെളി​പ്പെ​ടു​ത്തി​ത്ത​രു​ന്ന​തി​നും ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത​യിൽ വിശ്വാ​സ​മു​ള്ള​വ​രാ​യി​രി​ക്കാൻ സഹായി​ക്കു​ന്ന​തി​നും നമ്മൾ എത്ര വിലമ​തി​പ്പു​ള്ള​വ​രാ​യി​രി​ക്കണം! (ലൂക്കോസ്‌ 10:21 വായി​ക്കുക.) “നമ്മുടെ വിശ്വാ​സ​ത്തി​ന്‍റെ ശ്രേഷ്‌ഠ​നാ​യ​ക​നും അതിനു പൂർണത വരുത്തു​ന്ന​വ​നു​മായ” പുത്ര​നി​ലൂ​ടെ താനു​മാ​യി നല്ല ഒരു ബന്ധമു​ണ്ടാ​യി​രി​ക്കാൻ യഹോവ അനുവ​ദി​ച്ച​തി​നു നമ്മൾ നന്ദിയു​ള്ള​വ​രാ​യി​രി​ക്കണം. (എബ്രാ. 12:2) പ്രാർഥ​ന​യി​ലൂ​ടെ​യും ദൈവ​വ​ച​ന​ത്തി​ന്‍റെ പഠനത്തി​ലൂ​ടെ​യും നമ്മുടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തി​ക്കൊണ്ട് ആ അനർഹ​ദ​യ​യോ​ടുള്ള വിലമ​തി​പ്പു നമുക്കു കാണി​ക്കാം.—എഫെ. 6:18; 1 പത്രോ. 2:2.

കിട്ടുന്ന അവസര​ങ്ങ​ളി​ലെ​ല്ലാം സന്തോ​ഷ​വാർത്ത പങ്കു​വെ​ച്ചു​കൊണ്ട് നിങ്ങളു​ടെ വിശ്വാ​സം പ്രകട​മാ​ക്കു​ക (12-‍ാ‍ം ഖണ്ഡിക കാണുക)

12. ഏതൊക്കെ വിധങ്ങ​ളിൽ നമ്മൾ വിശ്വാ​സം പ്രവൃ​ത്തി​യി​ലൂ​ടെ കാണി​ക്കണം?

12 യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളി​ലുള്ള വിശ്വാ​സം പ്രവൃ​ത്തി​യി​ലൂ​ടെ കാണി​ക്കു​ന്ന​തിൽ നമ്മൾ തുടരണം. മറ്റുള്ള​വർക്ക് അതു വ്യക്തമാ​യി​രി​ക്കണം. ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവി​ശേഷം അറിയി​ക്കു​ക​യും ശിഷ്യ​രാ​ക്കൽവേ​ല​യിൽ പങ്കെടു​ക്കു​ക​യും വേണം. അതു​പോ​ലെ, നമ്മൾ ‘സകലർക്കും നന്മ ചെയ്യണം; വിശേ​ഷാൽ സഹവി​ശ്വാ​സി​ക​ളാ​യ​വർക്ക്.’ (ഗലാ. 6:10) ‘പഴയ വ്യക്തി​ത്വം അതിന്‍റെ പ്രവൃ​ത്തി​ക​ളോ​ടു​കൂ​ടെ ഉരിഞ്ഞു​ക​ള​യാൻ’ നമ്മൾ കഠിന​മാ​യി പ്രയത്‌നി​ക്കണം, കാരണം യാതൊ​ന്നും നമ്മുടെ ആത്മീയ​തയെ ബലഹീ​ന​മാ​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നില്ല.—കൊലോ. 3:5, 8-10.

ദൈവ​ത്തി​ലുള്ള വിശ്വാ​സം നമ്മുടെ അടിസ്ഥാ​ന​ങ്ങ​ളി​ലൊന്ന്

13. “ദൈവ​ത്തി​ലുള്ള വിശ്വാ​സം” എത്ര പ്രധാ​ന​മാണ്‌, ബൈബിൾ അതിനെ എങ്ങനെ​യാ​ണു വിശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്നത്‌, എന്തു​കൊണ്ട്?

13 ബൈബിൾ പറയുന്നു: “വിശ്വാ​സം കൂടാതെ ദൈവത്തെ പ്രസാ​ദി​പ്പി​ക്കാ​നാ​വില്ല. ദൈവത്തെ സമീപി​ക്കു​ന്നവൻ ദൈവ​മു​ണ്ടെ​ന്നും തന്നെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വർക്ക് അവൻ പ്രതി​ഫലം നൽകു​ന്നു​വെ​ന്നും വിശ്വ​സി​ക്കേ​ണ്ട​താ​കു​ന്നു.” (എബ്രാ. 11:6) ഒരു ക്രിസ്‌ത്യാ​നി​യാ​കാ​നും അങ്ങനെ​തന്നെ തുടരാ​നും ആവശ്യ​മായ ‘അടിസ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​ണു’ ‘ദൈവ​ത്തി​ലുള്ള വിശ്വാ​സ​മെന്നു’ ബൈബിൾ പറയുന്നു. (എബ്രാ. 6:1, 2) ‘ദൈവ​സ്‌നേ​ഹ​ത്തിൽ നമ്മെത്തന്നെ കാത്തു​കൊ​ള്ളു​ന്ന​തി​നു​വേണ്ടി’ ക്രിസ്‌ത്യാ​നി​കൾ, ആ അടിസ്ഥാ​ന​ത്തി​ന്മേൽ മറ്റു പ്രധാ​ന​പ്പെട്ട ഗുണങ്ങ​ളും അവരുടെ ‘വിശ്വാ​സ​ത്തോ​ടു ചേർത്തു​കൊ​ള്ളണം.’—2 പത്രോസ്‌ 1:5-7 വായി​ക്കുക; യൂദ 20, 21.

14, 15. സ്‌നേ​ഹ​വു​മാ​യി താരത​മ്യം ചെയ്യു​മ്പോൾ വിശ്വാ​സം എത്ര​ത്തോ​ളം പ്രധാ​ന​മാണ്‌?

14 ക്രിസ്‌തീയ ബൈബി​ളെ​ഴു​ത്തു​കാർ വിശ്വാ​സ​ത്തെ​ക്കു​റിച്ച് നൂറു കണക്കിനു പ്രാവ​ശ്യം പറഞ്ഞി​ട്ടുണ്ട്. വേറെ ഒരു ഗുണ​ത്തെ​ക്കു​റി​ച്ചും ഇത്രയ​ധി​കം തവണ പറഞ്ഞി​ട്ടില്ല. ഈ ഗുണത്തി​ന്‍റെ പ്രാധാ​ന്യ​മാണ്‌ അത്‌ എടുത്തു​കാ​ണി​ക്കു​ന്നത്‌. വിശ്വാ​സ​മാണ്‌ ഏറ്റവും പ്രധാ​ന​പ്പെട്ട ഗുണം എന്നാണോ അതിന്‍റെ അർഥം?

15 വിശ്വാ​സത്തെ സ്‌നേ​ഹ​വു​മാ​യി താരത​മ്യം ചെയ്‌തു​കൊണ്ട് പൗലോസ്‌ ഇങ്ങനെ എഴുതി: ‘പർവത​ങ്ങളെ നീക്കാൻതക്ക വിശ്വാ​സം എനിക്ക് ഉണ്ടായി​രു​ന്നാ​ലും സ്‌നേ​ഹ​മി​ല്ലെ​ങ്കിൽ ഞാൻ ഒന്നുമല്ല.’ (1 കൊരി. 13:2) “ന്യായ​പ്ര​മാ​ണ​ത്തി​ലെ ഏറ്റവും വലിയ കൽപ്പന ഏതാണ്‌” എന്ന ചോദ്യ​ത്തിന്‌ ഉത്തരം കൊടു​ത്ത​പ്പോൾ ഏറ്റവും പ്രധാ​ന​പ്പെട്ട ഗുണം ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​മാ​ണെന്നു യേശു ഊന്നി​പ്പ​റഞ്ഞു. (മത്താ. 22:35-40) ക്രിസ്‌ത്യാ​നി​കൾക്ക് ആവശ്യ​മാ​യി​രി​ക്കുന്ന വിശ്വാ​സം ഉൾപ്പെ​ടെ​യുള്ള മറ്റു ഗുണങ്ങ​ളും സ്‌നേ​ഹ​ത്തിൽ അടങ്ങി​യി​രി​ക്കു​ന്നു. ബൈബിൾ പറയുന്നു: “സ്‌നേഹം . . . എല്ലാം വിശ്വ​സി​ക്കു​ന്നു.” സ്‌നേഹം ദൈവ​വ​ച​ന​ത്തിൽ പറഞ്ഞി​രി​ക്കുന്ന എല്ലാ കാര്യ​ങ്ങ​ളും വിശ്വ​സി​ക്കാൻ നമ്മളെ സഹായി​ക്കു​ന്നു.—1 കൊരി. 13:4, 7.

16, 17. സ്‌നേ​ഹ​ത്തി​ന്‍റെ​യും വിശ്വാ​സ​ത്തി​ന്‍റെ​യും പ്രാധാ​ന്യം തിരു​വെ​ഴു​ത്തു​കൾ എടുത്തു​കാ​ണി​ക്കു​ന്നത്‌ എങ്ങനെ, പക്ഷേ ഏതാണ്‌ ഏറ്റവും പ്രധാനം, എന്തു​കൊണ്ട്?

16 വിശ്വാ​സ​വും സ്‌നേ​ഹ​വും അത്ര പ്രധാ​ന​മാ​യ​തു​കൊണ്ട് ക്രിസ്‌തീയ ബൈബി​ളെ​ഴു​ത്തു​കാർ പലപ്പോ​ഴും ഈ ഗുണങ്ങളെ ഒരുമി​ച്ചു​ചേർത്ത്‌ പറഞ്ഞി​ട്ടുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, “വിശ്വാ​സ​ത്തി​ന്‍റെ​യും സ്‌നേ​ഹ​ത്തി​ന്‍റെ​യും മാർച്ചട്ട” ധരിക്കാൻ പൗലോസ്‌ സഹോ​ദ​ര​ങ്ങ​ളോ​ടു പറഞ്ഞു. (1 തെസ്സ. 5:8) പത്രോസ്‌ ഇങ്ങനെ എഴുതി: “അവനെ നിങ്ങൾ കണ്ടിട്ടി​ല്ലെ​ങ്കി​ലും സ്‌നേ​ഹി​ക്കു​ന്നു. ഇപ്പോൾ നിങ്ങൾ അവനെ കാണു​ന്നി​ല്ലെ​ങ്കി​ലും അവനിൽ വിശ്വ​സി​ക്കു​ന്നു.” (1 പത്രോ. 1:8) യാക്കോബ്‌ അഭിഷി​ക്ത​സ​ഹോ​ദ​ര​ങ്ങ​ളോട്‌ ഇങ്ങനെ ചോദി​ച്ചു: “ദൈവം ലോക​ത്തിൽ ദരി​ദ്ര​രാ​യ​വരെ, അവർ വിശ്വാ​സ​ത്തിൽ സമ്പന്നരും തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു താൻ വാഗ്‌ദാ​നം ചെയ്‌ത രാജ്യ​ത്തി​ന്‍റെ അവകാ​ശി​ക​ളും ആകേണ്ട​തിന്‌ തിര​ഞ്ഞെ​ടു​ത്തി​ല്ല​യോ?” (യാക്കോ. 2:5) യോഹ​ന്നാൻ എഴുതി: “(ദൈവ​ത്തി​ന്‍റെ) കൽപ്പന​യോ, തന്‍റെ പുത്ര​നായ യേശു​ക്രി​സ്‌തു​വി​ന്‍റെ നാമത്തിൽ നാം വിശ്വ​സി​ക്ക​ണ​മെ​ന്നും . . . അന്യോ​ന്യം സ്‌നേ​ഹി​ക്ക​ണ​മെ​ന്നും ആകുന്നു.”—1 യോഹ. 3:23.

17 വിശ്വാ​സം വളരെ പ്രധാ​ന​പ്പെ​ട്ട​താണ്‌ എന്നതു ശരിതന്നെ. എങ്കിലും ദൈവ​ത്തി​ന്‍റെ വാഗ്‌ദാ​ന​ങ്ങ​ളു​ടെ നിവൃത്തി നമ്മൾ കാണു​ക​യും നമ്മൾ പ്രത്യാ​ശി​ക്കുന്ന കാര്യങ്ങൾ യാഥാർഥ്യ​മാ​കു​ക​യും ചെയ്‌തു​ക​ഴി​ഞ്ഞാൽപ്പി​ന്നെ ഈ ഗുണത്തി​ന്‍റെ ആവശ്യ​മില്ല. എന്നാൽ സ്‌നേ​ഹ​ത്തി​ന്‍റെ കാര്യം അങ്ങനെയല്ല. ദൈവ​ത്തോ​ടും അയൽക്കാ​രോ​ടും ഉള്ള സ്‌നേ​ഹ​ത്തിൽ വളരു​ന്ന​തി​ന്‍റെ ആവശ്യം ഒരിക്ക​ലും നിലയ്‌ക്കില്ല. അതു​കൊണ്ട് പൗലോസ്‌ ഇങ്ങനെ എഴുതി: “ആകയാൽ വിശ്വാ​സം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനിൽക്കും. ഇവയിൽ ഏറ്റവും ശ്രേഷ്‌ഠ​മാ​യ​തോ സ്‌നേ​ഹം​തന്നെ.”—1 കൊരി. 13:13.

വിശ്വാ​സ​ത്തി​ന്‍റെ ശക്തമായ ഒരു തെളിവ്‌

18, 19. ഇന്നു വിശ്വാ​സ​ത്തി​ന്‍റെ ഏതു ശക്തമായ പ്രകട​ന​മാ​ണു നമുക്കു കാണാ​നാ​കു​ന്നത്‌, ആർക്കാണ്‌ അതിന്‍റെ മഹത്ത്വം?

18 ഇന്ന് യഹോ​വ​യു​ടെ ജനം ദൈവ​രാ​ജ്യ​ത്തിൽ വിശ്വ​സി​ക്കു​ക​യും അതിനെ പിന്തു​ണ​യ്‌ക്കു​ക​യും ചെയ്യുന്നു. ഇതിന്‍റെ ഫലമായി ഒരു ലോക​വ്യാ​പക ആത്മീയ​പ​റു​ദീസ രൂപം​കൊ​ണ്ടി​രി​ക്കു​ന്നു. ദൈവാ​ത്മാ​വി​ന്‍റെ ഫലം​കൊണ്ട് നിറഞ്ഞ ആ പറുദീ​സ​യിൽ ഇന്ന് 80 ലക്ഷത്തി​ല​ധി​കം നിവാ​സി​ക​ളുണ്ട്. (ഗലാ. 5:22, 23) യഥാർഥ ക്രിസ്‌തീ​യ​വി​ശ്വാ​സ​ത്തി​ന്‍റെ​യും സ്‌നേ​ഹ​ത്തി​ന്‍റെ​യും എത്ര ശക്തമായ ഒരു തെളിവ്‌!

19 ഇതിന്‍റെ മഹത്ത്വം മനുഷ്യർക്കല്ല, യഹോ​വ​യ്‌ക്ക് അവകാ​ശ​പ്പെ​ട്ട​താണ്‌. കാരണം യഹോ​വ​യാണ്‌ ഇതു സാധ്യ​മാ​ക്കി​യി​രി​ക്കു​ന്നത്‌. ഈ ആത്മീയ​പ​റു​ദീസ “യഹോ​വെക്കു ഒരു കീർത്തി​യാ​യും ഛേദി​ക്ക​പ്പെ​ടാത്ത ശാശ്വ​ത​മാ​യോ​രു അടയാ​ള​മാ​യും ഇരിക്കും.” (യശ. 55:13) തീർച്ച​യാ​യും, നമ്മൾ ‘വിശ്വാ​സം​മൂ​ലം രക്ഷിക്ക​പ്പെ​ടു​ന്നത്‌’ “ദൈവ​ത്തി​ന്‍റെ ദാനമാണ്‌.” (എഫെ. 2:8) പൂർണ​ത​യുള്ള, നീതി​നി​ഷ്‌ഠ​രായ സന്തുഷ്ട​മ​നു​ഷ്യ​രെ​ക്കൊണ്ട് മുഴു​ഭൂ​മി​യും നിറയു​ന്ന​തു​വരെ നമ്മുടെ ആത്മീയ​പ​റു​ദീസ വളർന്നു​കൊ​ണ്ടേ​യി​രി​ക്കും. അത്‌ എന്നു​മെ​ന്നും യഹോ​വ​യു​ടെ നാമത്തി​നു സ്‌തുതി കൈവ​രു​ത്തും. അതു​കൊണ്ട് യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളിൽ വിശ്വ​സി​ക്കു​ന്ന​തിൽ നമുക്കു തുടരാം!