നമ്മുടെ ദൈവമായ “യഹോവ ഏകൻ തന്നേ”
“യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.”—ആവ. 6:4.
ഗീതം: 138, 112
1, 2. (എ) ആവർത്തനം 6:4, 5-ലെ വാക്കുകൾ പരക്കെ അറിയപ്പെട്ടിരുന്നത് എന്തുകൊണ്ട്? (ബി) എന്തിനാണ് മോശ അത് പറഞ്ഞത്?
നൂറ്റാണ്ടുകളായി യഹൂദന്മാർ ആവർത്തനം 6:4-ലെ വാക്കുകൾ അവരുടെ പ്രാർഥനയിൽ ചൊല്ലാറുണ്ട്. എബ്രായഭാഷയിലെ ആ വാക്യത്തിന്റെ ആദ്യവാക്കായ ശേമ എന്നാണ് ആ പ്രാർഥനയുടെ പേര്. തങ്ങൾക്ക് ദൈവത്തോടുള്ള സമ്പൂർണഭക്തി പ്രകടിപ്പിക്കാൻ മിക്ക യഹൂദരും എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഈ പ്രാർഥന ചൊല്ലാറുണ്ട്.
2 ഇസ്രായേൽ ജനതയ്ക്കു മുന്നിൽ മോശ നടത്തിയ അവസാനത്തെ പ്രസംഗത്തിലെ ചില വാക്കുകളാണ് ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്നത്. ബി.സി. 1473-ൽ യോർദാൻ നദി കടന്ന് വാഗ്ദത്തദേശം കീഴടക്കാൻ തയ്യാറായി മോവാബ് ദേശത്ത് നിൽക്കുകയായിരുന്നു ഇസ്രായേൽ ജനത. (ആവ. 6:1) മോശ ജനത്തെ നയിക്കാൻ തുടങ്ങിയിട്ട് 40 വർഷം പിന്നിട്ടിരുന്നു. വരാനിരിക്കുന്ന പ്രയാസസാഹചര്യങ്ങളെ അവർ ധൈര്യത്തോടെ നേരിടണമെന്ന് മോശ ആഗ്രഹിച്ചു. അവർ യഹോവയിൽ ആശ്രയിക്കുകയും യഹോവയോട് വിശ്വസ്തരായിരിക്കുകയും ചെയ്യണമായിരുന്നു. അതിനുവേണ്ടിയാണ് ഇപ്പോൾ മോശ അവരെ പ്രോത്സാഹിപ്പിക്കുന്നതും. പത്തു കല്പനകളെക്കുറിച്ചും യഹോവയുടെ മറ്റു നിയമങ്ങളെക്കുറിച്ചും പറഞ്ഞതിനു ശേഷം ആവർത്തനം 6:4, 5-ൽ (വായിക്കുക.) കാണുന്ന ശക്തമായ ഓർമിപ്പിക്കൽ മോശ ജനത്തിനു നൽകി.
3. ഈ ലേഖനത്തിൽ നമ്മൾ ഏത് ചോദ്യങ്ങൾ പരിചിന്തിക്കും?
3 തങ്ങളുടെ ദൈവമായ ‘യഹോവ ഏകനാണെന്ന്’ ഇസ്രായേല്യർക്ക് അറിയാമായിരുന്നു. പൂർവപിതാക്കന്മാർ ആരാധിച്ചിരുന്ന ഏക ദൈവത്തെയാണ് വിശ്വസ്തരായ ഇസ്രായേല്യർ ആരാധിച്ചിരുന്നത്. എന്നിട്ടും യഹോവ ഏകനാണെന്ന് മോശ ഇസ്രായേല്യരെ ഓർമിപ്പിച്ചത് എന്തിനാണ്? യഹോവ ഏകനാണെന്ന കാര്യവും ദൈവത്തെ മുഴു ഹൃദയത്തോടും മുഴു ദേഹിയോടും മുഴു ശക്തിയോടും കൂടെ സ്നേഹിക്കണമെന്ന് പറഞ്ഞിരിക്കുന്നതും തമ്മിലുള്ള ബന്ധം എന്താണ്? ആവർത്തനം 6:4, 5-ലെ വാക്കുകൾ ഇന്ന് നമുക്ക് ബാധകമാകുന്നത് എങ്ങനെ?
നമ്മുടെ ദൈവമായ ‘യഹോവ ഏകനാണ്’
4, 5. (എ) “യഹോവ ഏകൻ” ആണെന്ന് പറയുന്നതിന്റെ ഒരു അർഥം എന്താണ്? (ബി) മറ്റ് ജനതകളുടെ ദേവന്മാരിൽനിന്ന് യഹോവ വ്യത്യസ്തനായിരിക്കുന്നത് എങ്ങനെ?
4 അതുല്യൻ. ‘യഹോവ ഏകനാണ്’ എന്നതിന്റെ അർഥം യഹോവ അതുല്യനാണ് എന്നാണ്, അതായത് യഹോവയ്ക്ക് തുല്യനായോ യഹോവയെപ്പോലെയോ ആരുമില്ല. മോശ അങ്ങനെ പറഞ്ഞത് എന്തുകൊണ്ടാണ്? ത്രിത്വവിശ്വാസം തെറ്റായിരുന്നെന്ന് തെളിയിക്കാനാണ് മോശ ശ്രമിച്ചതെന്ന് തോന്നുന്നില്ല. യഹോവ ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവും പ്രപഞ്ചത്തിന്റെ ഭരണാധികാരിയും ആണ്. യഹോവ ഏക സത്യദൈവമാണ്, യഹോവയെപ്പോലെ മറ്റൊരു ദൈവമില്ല. (2 ശമു. 7:22) അതുകൊണ്ട് യഹോവയെ മാത്രം ആരാധിക്കണം എന്ന കാര്യം മോശയുടെ വാക്കുകൾ ഇസ്രായേല്യരെ ഓർമിപ്പിക്കുമായിരുന്നു. അനേകം വ്യാജ ദേവന്മാരെയും ദേവതകളെയും ആരാധിച്ചിരുന്ന ചുറ്റുമുള്ള ആളുകളെ അവർ അനുകരിക്കാൻ പാടില്ലായിരുന്നു. അവർ വിശ്വസിച്ചിരുന്നത് തങ്ങളുടെ ദേവന്മാർക്ക് പ്രകൃതിശക്തികളെ നിയന്ത്രിക്കാൻ കഴിയുമെന്നാണ്.
5 ഉദാഹരണത്തിന്, ഈജിപ്തുകാർ സൂര്യദേവനായ റായെയും ആകാശദേവതയായ നട്ടിനെയും ഭൂമിദേവനായ ഗേബിനെയും നൈൽ ദേവനായ ഹാപിയെയും അതുപോലെ പല മൃഗങ്ങളെയും ആരാധിച്ചിരുന്നു. പത്തു ബാധകൾ വരുത്തിയപ്പോൾ ഈ ദേവന്മാരെക്കാളെല്ലാം ഉന്നതനായ ദൈവമാണ് താനെന്ന് യഹോവ തെളിയിച്ചു. കനാന്യരുടെ പ്രധാനദേവനായിരുന്നു ബാൽ. ഈ വ്യാജദേവനാണ് ജീവൻ അസ്തിത്വത്തിൽ കൊണ്ടുവന്നതെന്ന് അവർ വിചാരിച്ചിരുന്നു. ആകാശത്തിന്റെയും കാറ്റിന്റെയും മഴയുടെയും ദേവനും ബാൽതന്നെയാണെന്ന് അവർ വിശ്വസിച്ചിരുന്നു. (സംഖ്യ 25:3) സത്യദൈവമായ യഹോവ അനന്യനും ‘ഏകനും’ ആണെന്ന് ഇസ്രായേല്യർ ഓർക്കണമായിരുന്നു.—ആവ. 4:35, 39.
6, 7. “ഏകൻ” എന്നതിന്റെ മറ്റൊരു അർഥം എന്താണ്, താൻ ഏകനാണെന്ന് യഹോവ തെളിയിച്ചിരിക്കുന്നത് എങ്ങനെ?
6 മാറ്റമില്ലാത്തവനും വിശ്വസ്തനും. “യഹോവ ഏകൻ” എന്നതിലെ “ഏകൻ” എന്ന പ്രയോഗത്തിന് മറ്റൊരു അർഥംകൂടിയുണ്ട്. അതായത്, യഹോവയുടെ ഉദ്ദേശ്യങ്ങളും പ്രവൃത്തികളും എപ്പോഴും ആശ്രയയോഗ്യമാണ്. യഹോവ ഒരർഥത്തിലും അസ്ഥിരനല്ല, പ്രവചനാതീതനുമല്ല. യഹോവ എല്ലായ്പോഴും വിശ്വസ്തനും മാറ്റമില്ലാത്തവനും സത്യസന്ധനും നേരുള്ളവനും ആണ്. ഉദാഹരണത്തിന്, അബ്രാഹാമിന്റെ സന്തതികൾ വാഗ്ദത്തദേശം അവകാശമാക്കും എന്ന് യഹോവ വാഗ്ദാനം ചെയ്തു. ആ വാഗ്ദാനം പാലിക്കാനായി യഹോവ പല അത്ഭുതങ്ങളും ചെയ്തു. 430 വർഷം കഴിഞ്ഞിട്ടും ആ ഉദ്ദേശ്യത്തിന് മാറ്റം വന്നില്ല.—ഉൽപ. 12:1, 2, 7; പുറ. 12:40, 41.
7 നൂറുകണക്കിന് വർഷങ്ങൾക്കു ശേഷം, യഹോവ ഇസ്രായേല്യരെ തന്റെ സാക്ഷികൾ എന്നു വിളിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “എനിക്കുമുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” “ഞാൻ അനന്യൻ തന്നേ” എന്ന് പറഞ്ഞപ്പോഴും തന്റെ ഉദ്ദേശ്യങ്ങൾക്ക് ഒരിക്കലും മാറ്റം വരില്ല എന്നും യഹോവ വ്യക്തമാക്കി. (യശ. 43:10, 13; 44:6; 48:12) മാറ്റമില്ലാത്തവനും എപ്പോഴും വിശ്വസിക്കാവുന്നവനും ആയ ഒരു ദൈവത്തെ സേവിക്കാനായത് ഇസ്രായേല്യർക്ക് എത്ര വലിയ ഒരു പദവിയായിരുന്നു! നമുക്കും ഇന്ന് അതേ പദവിയുണ്ട്.—മലാ. 3:6; യാക്കോ. 1:17.
8, 9. (എ) യഹോവ തന്റെ ആരാധകരിൽനിന്ന് പ്രതീക്ഷിക്കുന്നത് എന്താണ്? (ബി) മോശയുടെ വാക്കുകളുടെ പ്രാധാന്യം യേശു ഊന്നിപ്പറഞ്ഞത് എങ്ങനെ?
8 യഹോവയുടെ സ്നേഹത്തിനും കരുതലിനും ആവ. 6:6-9.
ഒരു മാറ്റവും ഉണ്ടാകില്ലെന്ന് മോശ ഇസ്രായേല്യരെ ഓർമിപ്പിച്ചു. പകരം അവർ മുഴു ഹൃദയത്തോടും ദേഹിയോടും ശക്തിയോടും കൂടെ, തന്നെ സ്നേഹിക്കണമെന്നും തനിക്ക് സമ്പൂർണഭക്തി നൽകണമെന്നും യഹോവ പ്രതീക്ഷിച്ചു. മാതാപിതാക്കൾ തങ്ങളുടെ മക്കളെ യഹോവയെക്കുറിച്ച് പഠിപ്പിക്കാനുള്ള ഓരോ അവസരവും ഉപയോഗിക്കണമായിരുന്നു, അങ്ങനെ മക്കളും യഹോവയെ മാത്രം സേവിക്കാൻ ഇടയാകുമായിരുന്നു.—9 യഹോവ തന്റെ ഉദ്ദേശ്യത്തിന് ഒരിക്കലും മാറ്റം വരുത്തില്ല. അതുകൊണ്ട് തന്റെ ആരാധകരിൽനിന്നും അടിസ്ഥാനപരമായി പ്രതീക്ഷിക്കുന്ന കാര്യങ്ങൾക്കും യഹോവ മാറ്റം വരുത്തില്ല. നമ്മുടെ ആരാധന യഹോവയെ സന്തോഷിപ്പിക്കണമെങ്കിൽ നമ്മൾ യഹോവയ്ക്ക് സമ്പൂർണഭക്തി നൽകുകയും യഹോവയെ മുഴു ഹൃദയത്തോടും മുഴു മനസ്സോടും മുഴു ശക്തിയോടും കൂടെ സ്നേഹിക്കുകയും വേണം. ഏറ്റവും പ്രധാനപ്പെട്ട കല്പന ഇതാണെന്നാണ് യേശു പറഞ്ഞത്. (മർക്കോസ് 12:28-31 വായിക്കുക.) ‘യഹോവ ഏകനാണെന്നാണ്’ നമ്മൾ വിശ്വസിക്കുന്നതെന്ന് പ്രവൃത്തികളിലൂടെ നമുക്ക് എങ്ങനെ തെളിയിക്കാമെന്നു നോക്കാം.
യഹോവയ്ക്ക് സമ്പൂർണഭക്തി നൽകുക
10, 11. (എ) യഹോവയ്ക്കുള്ള നമ്മുടെ ആരാധന ഏത് അർഥത്തിലാണ് സമ്പൂർണമായിരിക്കുന്നത്? (ബി) ബാബിലോണിലുണ്ടായിരുന്ന എബ്രായയുവാക്കൾ യഹോവയോടുള്ള സമ്പൂർണഭക്തി കാണിച്ചത് എങ്ങനെ?
10 യഹോവ മാത്രമാണ് നമ്മുടെ ദൈവം. യഹോവയെ മാത്രം ആരാധിക്കുമ്പോൾ നമ്മൾ യഹോവയ്ക്ക് സമ്പൂർണഭക്തി നൽകുകയാണ്. അതിന് അർഥം മറ്റു ദേവന്മാരെ ആരാധിക്കാനും തെറ്റായ ആശയങ്ങളും ആചാരങ്ങളും വെച്ചുകൊണ്ടിരിക്കാനും പാടില്ല എന്നാണ്. യഹോവ മറ്റു ദേവന്മാരെക്കാൾ കേവലം ഉന്നതനായ ദൈവം മാത്രമല്ല, പകരം അവരെക്കാൾ വളരെയേറെ ശക്തനാണ്. യഹോവയാണ് സത്യദൈവം. നമ്മൾ യഹോവയെ മാത്രമേ ആരാധിക്കാവൂ.—വെളിപാട് 4:11 വായിക്കുക.
11 ദാനിയേൽപ്പുസ്തകത്തിൽ എബ്രായയുവാക്കളായിരുന്ന ദാനിയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവരെക്കുറിച്ച് പറയുന്നുണ്ട്. യഹോവയുടെ ആരാധകർക്ക് അശുദ്ധമായിരുന്ന ആഹാരങ്ങൾ കഴിക്കാതിരുന്നുകൊണ്ട് അവർ യഹോവയോടുള്ള സമ്പൂർണഭക്തി തെളിയിച്ചു. ദാനിയേലിന്റെ മൂന്നു കൂട്ടുകാർ നെബൂഖദ്നേസർ ഉണ്ടാക്കിയ സ്വർണബിംബത്തെ വണങ്ങാൻ വിസമ്മതിച്ചു. അവർ യഹോവയ്ക്കാണ് ഒന്നാം സ്ഥാനം കൊടുത്തത്. അവർ യഹോവയോട് പൂർണവിശ്വസ്തരായിരുന്നു.—ദാനി. 2:1–3:30.
12. യഹോവയ്ക്ക് സമ്പൂർണഭക്തി കൊടുക്കണമെങ്കിൽ നമ്മൾ ഏത് കാര്യത്തിൽ ജാഗ്രത പാലിക്കണം?
12 നമ്മുടെ ജീവിതത്തിൽ യഹോവയ്ക്ക് ആയിരിക്കണം ഒന്നാം സ്ഥാനം. യഹോവയ്ക്ക് നമ്മൾ സമ്പൂർണഭക്തി കൊടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മറ്റൊന്നും യഹോവയുടെ സ്ഥാനം കൈയടക്കുന്നില്ല എന്ന കാര്യത്തിൽ നമ്മൾ ഉറപ്പുള്ളവരായിരിക്കണം. എന്താണ് ഈ മറ്റ് കാര്യങ്ങൾ? പത്തു കല്പനയിലൂടെ, തന്റെ ആരാധകർ മറ്റു ദൈവങ്ങളെ ആരാധിക്കരുതെന്ന് യഹോവ പറഞ്ഞിരുന്നു. അവർ ഒരു തരത്തിലുമുള്ള വിഗ്രഹാരാധനയിലും ഏർപ്പെടാൻ പാടില്ലായിരുന്നു. (ആവ. 5:6-10) ഇന്ന് പല തരത്തിലുള്ള വിഗ്രഹാരാധനയുണ്ട്. എന്നാൽ ചിലത് വിഗ്രഹാരാധനയാണെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. എങ്കിലും യഹോവ നമ്മളിൽനിന്ന് ആവശ്യപ്പെടുന്ന കാര്യങ്ങൾക്ക് ഒരു മാറ്റവും വന്നിട്ടില്ല. യഹോവ ഇപ്പോഴും ‘ഏകനാണ്.’ ഇക്കാലത്ത് നമുക്ക് എങ്ങനെ വിഗ്രഹാരാധന ഒഴിവാക്കാമെന്ന് നോക്കാം.
13. യഹോവയെക്കാൾ കൂടുതലായി നമ്മൾ എന്തിനെ സ്നേഹിച്ചുതുടങ്ങിയേക്കാം?
13 കൊലോസ്യർ 3:5-ൽ (വായിക്കുക.) യഹോവയോടുള്ള നമ്മുടെ സമ്പൂർണഭക്തി തകർത്തേക്കാവുന്ന കാര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അവിടെ, അത്യാഗ്രഹത്തെ വിഗ്രഹാരാധനയോടാണ് ബന്ധപ്പെടുത്തിയിരിക്കുന്നത്. കാരണം, പണവും വസ്തുവകകളും പോലെയുള്ള എന്തിനോടെങ്കിലും നമുക്ക് ശക്തമായ ആഗ്രഹം തോന്നിയാൽ അതിന് ശക്തനായ ഒരു ദൈവത്തെപ്പോലെ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാൻ കഴിയും. കൊലോസ്യർ 3:5-ൽ പറഞ്ഞിരിക്കുന്ന എല്ലാ പാപങ്ങളും അത്യാഗ്രഹവുമായി ബന്ധപ്പെട്ടവയാണ്, അത് ഒരു തരത്തിലുള്ള വിഗ്രഹാരാധനയാണ്. അതുകൊണ്ട് ഇവയോടൊക്കെ നമുക്ക് ശക്തമായ ആഗ്രഹമുണ്ടെങ്കിൽ നമ്മൾ അവയെ ദൈവത്തെക്കാൾ കൂടുതലായി സ്നേഹിച്ചേക്കാം. അപ്പോൾ യഹോവ നമുക്ക് ഏകനായിരിക്കില്ല. അത് നമ്മൾ ഒരിക്കലും ആഗ്രഹിക്കുന്നില്ല.
14. യഹോവയെ സ്നേഹിക്കുന്നതിനോടുള്ള ബന്ധത്തിൽ അപ്പൊസ്തലനായ യോഹന്നാൻ നമുക്ക് എന്ത് മുന്നറിയിപ്പു നൽകി?
14 അപ്പൊസ്തലനായ യോഹന്നാൻ ഇതിനോടു സമാനമായ ഒരു കാര്യം പറഞ്ഞു. അദ്ദേഹം ഇങ്ങനെ മുന്നറിയിപ്പു നൽകി: ഒരു വ്യക്തി ലോകത്തിലുള്ള കാര്യങ്ങളെ സ്നേഹിക്കുകയാണെങ്കിൽ അതായത്, ഒരുവന് “ജഡമോഹം, കണ്മോഹം, ജീവിതത്തിന്റെ പ്രതാപം” എന്നിവ ഉണ്ടെങ്കിൽ “പിതാവിനോടുള്ള സ്നേഹം അവനിൽ ഇല്ല.” (1 യോഹ. 2:15, 16) അതുകൊണ്ട് നമ്മുടെ ഉള്ളിൽ ലോകത്തോടുള്ള സ്നേഹമുണ്ടോ എന്ന് നമ്മൾ കൂടെക്കൂടെ പരിശോധിക്കണം. ലോകത്തിലെ വിനോദങ്ങളോടും ആളുകളോടും വസ്ത്രധാരണരീതികളോടും നമുക്ക് ആകർഷണം തോന്നിത്തുടങ്ങുന്നതായി നമ്മൾ കണ്ടെത്തിയേക്കാം. അല്ലെങ്കിൽ ഉന്നതവിദ്യാഭ്യാസത്തിലൂടെ ‘വലിയകാര്യങ്ങൾ’ നേടാൻ നമ്മൾ ആഗ്രഹിച്ചേക്കാം. (യിരെ. 45:4, 5) പുതിയ ലോകം അടുത്തെത്തിയിരിക്കുന്നതുകൊണ്ട് മോശയുടെ ശക്തമായ വാക്കുകൾ നമ്മൾ മനസ്സിൽ അടുപ്പിച്ച് നിറുത്തണം. നമ്മുടെ ദൈവമായ ‘യഹോവ ഏകൻതന്നെയാണെന്ന്’ നമ്മൾ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നെങ്കിൽ നമ്മൾ യഹോവയ്ക്ക് സമ്പൂർണഭക്തി നൽകുകയും യഹോവ ആഗ്രഹിക്കുന്ന വിധത്തിൽ യഹോവയെ സേവിക്കുകയും ചെയ്യും.—എബ്രാ. 12:28, 29.
ക്രിസ്തീയ ഐക്യം നിലനിറുത്തുക
15. യഹോവയെന്ന ഏക ദൈവമേ ഉള്ളൂ എന്ന് പൗലോസ് ക്രിസ്ത്യാനികളെ ഓർമിപ്പിച്ചത് എന്തുകൊണ്ട്?
15 ‘യഹോവ ഏകനാണ്’ എന്ന പ്രസ്താവന തന്റെ ദാസർ ഐക്യമുള്ളവരും ജീവിതത്തിൽ ഒരേ ഉദ്ദേശ്യമുള്ളവരും ആയിരിക്കാൻ യഹോവ ആഗ്രഹിക്കുന്നെന്ന് കാണിക്കുന്നു. ആദ്യകാലത്തെ ക്രിസ്തീയസഭയിൽ യഹൂദരും ഗ്രീക്കുകാരും റോമാക്കാരും മറ്റു ദേശക്കാരും ഉണ്ടായിരുന്നു. അവരുടെ പശ്ചാത്തലവും ആചാരങ്ങളും മുൻഗണനകളും വ്യത്യസ്തമായിരുന്നു. അതുകൊണ്ട് അവരിൽ ചിലർക്ക് പുതിയ ഒരു ആരാധനാരീതി സ്വീകരിക്കാനോ പഴയ ശീലങ്ങൾ ഉപേക്ഷിക്കാനോ പ്രയാസമായിരുന്നു. അതിനാൽ, 1 കൊരിന്ത്യർ 8:5, 6 വായിക്കുക.
ക്രിസ്ത്യാനികൾക്ക് യഹോവ എന്ന ഏക ദൈവം മാത്രമേ ഉള്ളൂ എന്ന് പൗലോസിന് അവരെ ഓർമിപ്പിക്കേണ്ടിവന്നു.—16, 17. (എ) നമ്മുടെ നാളിൽ ഏത് പ്രവചനമാണ് നിവൃത്തിയേറുന്നത്, അതിന്റെ ഫലം എന്ത്? (ബി) ഏത് കാര്യം നമ്മുടെ ഐക്യം തകർത്തേക്കാം?
16 ഇന്നുള്ള ക്രിസ്തീയസഭയെക്കുറിച്ചോ? യശയ്യ പ്രവാചകൻ പറഞ്ഞതുപോലെ “അന്ത്യകാലത്ത്” സകല ജനതകളിൽനിന്നുമുള്ളവർ യഹോവയെ ആരാധിക്കാൻ വരും. അവർ ഇങ്ങനെ പറയും: “അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും.” (യശ. 2:2, 3) ഇന്ന് ഈ പ്രവചനനിവൃത്തി കാണുമ്പോൾ നമുക്ക് സന്തോഷം തോന്നുന്നു. നമ്മുടെ സഹോദരങ്ങൾ വ്യത്യസ്ത സ്ഥലങ്ങളിൽനിന്നും സംസ്കാരങ്ങളിൽനിന്നും ഭാഷകളിൽനിന്നും ഉള്ളവരാണെങ്കിലും യഹോവയെ ആരാധിക്കുന്നതിൽ നമ്മളെല്ലാം ഏകീകൃതരാണ്. എന്നാൽ, നമ്മളെല്ലാവരും വ്യത്യസ്തരായതുകൊണ്ട് ചില പ്രശ്നങ്ങൾ തലപൊക്കിയേക്കാം.
17 ഉദാഹരണത്തിന്, മറ്റ് സംസ്കാരങ്ങളിൽനിന്ന് വന്ന സഹോദരങ്ങളെക്കുറിച്ചുള്ള നമ്മുടെ വീക്ഷണം എന്താണ്? അവരുടെ ഭാഷ, വസ്ത്രധാരണം, ഇടപെടുന്ന രീതി, ഭക്ഷണം എന്നിവയൊക്കെ നിങ്ങളുടേതിൽനിന്നും വളരെ വ്യത്യസ്തമായിരിക്കാം. നിങ്ങൾ അവരെ ഒഴിവാക്കിയിട്ട് നിങ്ങളുടെ അതേ ഇഷ്ടാനിഷ്ടങ്ങൾ ഉള്ളവരുമായി മാത്രമാണോ സമയം ചെലവഴിക്കുന്നത്? നിങ്ങളെക്കാൾ പ്രായം കുറഞ്ഞ, അല്ലെങ്കിൽ, മറ്റൊരു സംസ്കാരത്തിൽനിന്നോ വർഗത്തിൽനിന്നോ ഉള്ള, ഒരു മൂപ്പനെ നിങ്ങൾ എങ്ങനെയാണ് കാണുന്നത്? ശ്രദ്ധിച്ചില്ലെങ്കിൽ ഇത്തരം കാര്യങ്ങൾ നമ്മളെ ബാധിക്കുകയും നമ്മുടെ ഐക്യം തകർക്കുകയും ചെയ്തേക്കാം.
18, 19. (എ) എഫെസ്യർ 4:1-3-ൽ നൽകിയിരിക്കുന്ന ഉപദേശം ഏതാണ്? (ബി) സഭയിലെ ഐക്യം നിലനിറുത്താൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും?
18 ഇത്തരം പ്രശ്നങ്ങൾ നമുക്ക് എങ്ങനെ ഒഴിവാക്കാം? പല പശ്ചാത്തലങ്ങളിൽനിന്നുള്ളവർ ഉണ്ടായിരുന്ന സമ്പന്നനഗരമായ എഫെസൊസിലുള്ള ക്രിസ്ത്യാനികൾക്ക് പൗലോസ് പ്രായോഗികമായ ഒരു നിർദേശം നൽകി. (എഫെസ്യർ 4:1-3 വായിക്കുക.) പൗലോസ് അവിടെ വിനയം, സൗമ്യത, ദീർഘക്ഷമ, സ്നേഹം എന്നീ ഗുണങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഒരു വീടിനെ താങ്ങി നിറുത്തുന്ന ശക്തമായ തൂണുകൾപോലെയാണ് ഈ ഗുണങ്ങൾ. എന്നാൽ ഒരു വീട് നല്ല നിലയിൽ സൂക്ഷിക്കാൻ കഠിനാധ്വാനം കൂടിയേ തീരൂ. സമാനമായി, എഫെസൊസിലുള്ള ക്രിസ്ത്യാനികൾ “ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ” കഠിനാധ്വാനം ചെയ്യണമെന്ന് പൗലോസ് ആഗ്രഹിച്ചു.
19 സഭയുടെ ഐക്യം നിലനിറുത്താൻ നമ്മൾ ഓരോരുത്തരും നമ്മളാൽ ആകുന്നതെല്ലാം ചെയ്യണം. ഇത് എങ്ങനെ ചെയ്യാം? ഒന്നാമതായി, പൗലോസ് പറഞ്ഞ വിനയം, സൗമ്യത, ദീർഘക്ഷമ, സ്നേഹം എന്നീ ഗുണങ്ങൾ വളർത്തുകയും കാണിക്കുകയും വേണം. രണ്ടാമതായി, “സമാധാനബന്ധം കാത്തുകൊണ്ട് ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ” നമ്മൾ കഠിനശ്രമം ചെയ്യണം. നമ്മുടെ ഐക്യത്തിന് തുരങ്കം വെക്കുന്ന കൊച്ചുകൊച്ചു വിള്ളലുകൾപോലെയാണ് തെറ്റിദ്ധാരണകൾ. നമ്മുടെ ഐക്യവും സമാധാനവും കാത്തുസൂക്ഷിക്കണമെങ്കിൽ ഈ തെറ്റിദ്ധാരണകൾ തിരുത്താൻ നല്ല ശ്രമം ചെയ്യണം.
20. “യഹോവ ഏകൻ തന്നേ” എന്ന ബോധ്യം നമുക്കുണ്ടെന്ന് എങ്ങനെ തെളിയിക്കാം?
20 നമ്മുടെ ദൈവമായ “യഹോവ ഏകൻ തന്നേ.” എത്ര ശക്തമായ പ്രസ്താവന! വാഗ്ദത്തദേശത്തു പ്രവേശിക്കുകയും അതിനെ കീഴടക്കുകയും ചെയ്തപ്പോൾ നേരിടേണ്ടിവന്ന പ്രശ്നങ്ങൾ സഹിച്ചുനിൽക്കാനുള്ള ശക്തി ഈ ഓർമിപ്പിക്കൽ ഇസ്രായേല്യർക്ക് നൽകി. മഹാകഷ്ടത്തെ അതിജീവിച്ച് വരാനിരിക്കുന്ന പറുദീസയിൽ കടക്കുന്നതിന് നമ്മളെ ശക്തരാക്കാനും ഈ വാക്കുകൾക്കു കഴിയും. സമ്പൂർണഭക്തി നമുക്ക് തുടർന്നും യഹോവയ്ക്ക് കൊടുക്കാം. പൂർണ ഹൃദയത്തോടെയും മനസ്സോടെയും ശക്തിയോടെയും നമ്മൾ യഹോവയെ സ്നേഹിക്കുകയും സേവിക്കുകയും വേണം. സഹോദരങ്ങളുമായി സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കാനും നമ്മൾ കഠിനശ്രമം ചെയ്യണം. നമ്മൾ ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നെങ്കിൽ യേശു നമ്മളെ ചെമ്മരിയാടുകളായി ന്യായം വിധിക്കും. യേശുവിന്റെ പിൻവരുന്ന വാക്കുകൾ സത്യമായിത്തീരുന്നത് നമ്മൾ കാണും: “എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്ളുവിൻ.”—മത്താ. 25:34.