വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എഴുത്തുകാരന്‍റെ മഷിക്കു​പ്പി​യു​മാ​യി നിൽക്കുന്ന ആൾ ഇന്ന് പ്രതി​നി​ധീ​ക​രി​ക്കു​ന്നത്‌ യേശു​വി​നെ​യാണ്‌. യേശു​വാണ്‌ അതിജീ​വ​കർക്ക് അടയാ​ള​മി​ടു​ന്നത്‌

വായന​ക്കാ​രിൽനിന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനിന്നുള്ള ചോദ്യ​ങ്ങൾ

യഹസ്‌കേലിനു ലഭിച്ച ദർശന​ത്തി​ലെ എഴുത്തു​കാ​രന്‍റെ മഷിക്കു​പ്പി​യു​മാ​യി നിൽക്കുന്ന ആളും വെണ്മഴു​വു​മാ​യി നിൽക്കുന്ന ആറു പേരും ആരെയാണ്‌ പ്രതീ​ക​പ്പെ​ടു​ത്തു​ന്നത്‌?

യെരു​ശ​ലേ​മി​ന്‍റെ നാശത്തിൽ പങ്കുവ​ഹി​ച്ച​വ​രും അർമ്മ​ഗെ​ദ്ദോ​നിൽ സാത്താന്‍റെ ദുഷ്ട​ലോ​ക​ത്തി​ന്‍റെ നാശത്തിൽ പങ്കുവ​ഹി​ക്കാ​നി​രി​ക്കു​ന്ന​വ​രും ആയ സ്വർഗീ​യ​സൈ​ന്യ​ത്തെ​യാണ്‌ ഇത്‌ പ്രതീ​ക​പ്പെ​ടു​ത്തു​ന്നത്‌. ഗ്രാഹ്യ​ത്തിൽ വന്ന ഈ പൊരു​ത്ത​പ്പെ​ടു​ത്തൽ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

ബി.സി. 607-ലെ യെരു​ശ​ലേ​മി​ന്‍റെ നാശത്തി​നു മുമ്പു​തന്നെ അവിടെ സംഭവി​ക്കാൻ പോകു​ന്നത്‌ എന്താ​ണെന്ന് യഹോവ യഹസ്‌കേ​ലിന്‌ ഒരു ദർശന​ത്തി​ലൂ​ടെ കാണി​ച്ചു​കൊ​ടു​ത്തു. അങ്ങേയറ്റം മോശ​മായ പല കാര്യ​ങ്ങ​ളും യെരു​ശ​ലേ​മിൽ നടക്കു​ന്നത്‌ യഹസ്‌കേൽ ദർശന​ത്തിൽ കണ്ടു. “വെണ്മഴു കയ്യിൽ” പിടിച്ച ആറു പുരു​ഷ​ന്മാ​രെ​യും “ശണവസ്‌ത്രം ധരിച്ചു അരയിൽ എഴുത്തു​കാ​രന്‍റെ മഷിക്കു​പ്പി​യു​മാ​യി” നിൽക്കുന്ന ഒരാ​ളെ​യും യഹസ്‌കേൽ കണ്ടു. (യഹ. 8:6-12; 9:2, 3) നഗരത്തിൽ ചെന്ന് അവിടെ “നടക്കുന്ന സകല​മ്ലേ​ച്ഛ​ത​ക​ളും​നി​മി​ത്തം നെടു​വീർപ്പി​ട്ടു കരയുന്ന പുരു​ഷ​ന്മാ​രു​ടെ നെറ്റി​ക​ളിൽ ഒരു അടയാളം” ഇടാനുള്ള കല്‌പന അദ്ദേഹ​ത്തിന്‌ ലഭിച്ചു. തുടർന്ന്, അടയാളം ഇല്ലാത്ത എല്ലാവ​രെ​യും കൊല്ലാൻ വെണ്മഴു​വു​മാ​യി നിൽക്കുന്ന ആറു പുരു​ഷ​ന്മാർക്കും കല്‌പന ലഭിച്ചു. (യഹ. 9:4-7) ഈ ദർശന​ത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം, എഴുത്തു​കാ​രന്‍റെ മഷിക്കു​പ്പി​യു​മാ​യി നിൽക്കുന്ന ആൾ ആരാണ്‌?

യഹസ്‌കേ​ലിന്‌ ഈ ദർശനം ലഭിച്ചത്‌ ബി.സി. 612-ലാണ്‌. അഞ്ചു വർഷത്തി​നു ശേഷം യെരു​ശ​ലേ​മി​നെ നശിപ്പി​ക്കാൻ യഹോവ ബാബി​ലോ​ണി​യരെ അനുവ​ദി​ച്ച​പ്പോൾ ആ പ്രവച​ന​ത്തി​ന്‍റെ ആദ്യനി​വൃ​ത്തി​യു​ണ്ടാ​യി. അതുവഴി അനുസ​ര​ണം​കെട്ട തന്‍റെ ജനത്തെ ശിക്ഷി​ക്കാൻ യഹോവ ബാബി​ലോ​ണി​യരെ ഉപയോ​ഗി​ച്ചു. (യിരെ. 25:9, 15-18) പക്ഷേ, ആ നഗരത്തിൽ നടന്ന മോശ​മായ കാര്യ​ങ്ങ​ളി​ലൊ​ന്നും ഉൾപ്പെ​ടാ​തി​രുന്ന നീതി​മാ​ന്മാ​രായ യഹൂദ​രു​ടെ കാര്യ​മോ? അവരുടെ രക്ഷ യഹോവ ഉറപ്പു വരുത്തി.

ദർശന​ത്തിൽ കണ്ട അടയാ​ള​മി​ട​ലി​ലോ നഗരം നശിപ്പി​ക്കു​ന്ന​തി​ലോ യഹസ്‌കേ​ലിന്‌ ഒരു പങ്കുമി​ല്ലാ​യി​രു​ന്നു. പകരം, ദൂതന്മാ​രാണ്‌ നഗരത്തി​ന്‍റെ നാശത്തിന്‌ നേതൃ​ത്വം വഹിച്ചത്‌. സ്വർഗ​ത്തിൽ നടക്കു​ന്നത്‌ എന്താ​ണെന്ന് മനസ്സി​ലാ​ക്കാൻ ഈ പ്രവചനം നമ്മളെ സഹായി​ക്കു​ന്നു. ദുഷ്ടരെ നശിപ്പി​ക്കു​ന്ന​തി​നും നീതി​മാ​ന്മാ​രു​ടെ അതിജീ​വനം ഉറപ്പാ​ക്കു​ന്ന​തി​നും വേണ്ടി കാര്യങ്ങൾ ക്രമീ​ക​രി​ക്കാൻ യഹോവ ദൂതന്മാ​രോട്‌ പറഞ്ഞു. *

ഈ പ്രവചനം ഭാവി​യി​ലും നിവൃ​ത്തി​യേ​റും. എഴുത്തു​കാ​രന്‍റെ മഷിക്കു​പ്പി​യു​മാ​യി നിൽക്കുന്ന മനുഷ്യൻ ഭൂമി​യിൽ ഇപ്പോ​ഴും ജീവി​ച്ചി​രി​ക്കുന്ന അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളെ​യാണ്‌ പ്രതി​നി​ധീ​ക​രി​ക്കു​ന്നത്‌ എന്നായി​രു​ന്നു മുമ്പ് നമ്മൾ വിശദീ​ക​രി​ച്ചി​രു​ന്നത്‌. നമ്മൾ അറിയി​ക്കുന്ന സുവാർത്ത ആളുകൾ ശ്രദ്ധി​ക്കു​ക​യും സ്വീക​രി​ക്കു​ക​യും ചെയ്യു​മ്പോ​ഴാണ്‌ അവർക്ക് അതിജീ​വ​ന​ത്തി​നുള്ള അടയാളം ലഭിക്കു​ന്ന​തെ​ന്നും നമ്മൾ പറഞ്ഞി​രു​ന്നു. എന്നാൽ, നമ്മൾ ഈ പ്രവചനം വിശദീ​ക​രി​ച്ചി​രുന്ന വിധത്തിന്‌ മാറ്റം ആവശ്യ​മാ​ണെന്ന് അടുത്ത​കാ​ലത്ത്‌ വ്യക്തമാ​യി. ആളുകളെ ന്യായം വിധി​ക്കു​ന്നത്‌ യേശു​വാ​ണെന്ന് മത്തായി 25:31-33-ൽനിന്ന് നമ്മൾ മനസ്സി​ലാ​ക്കി​യി​ട്ടുണ്ട്. ഭാവി​യിൽ മഹാക​ഷ്ട​ത്തി​ന്‍റെ സമയത്താ​യി​രി​ക്കും യേശു ഇത്‌ ചെയ്യു​ന്നത്‌. യേശു ചെമ്മരി​യാ​ടു​ക​ളാ​യി ന്യായം വിധി​ക്കു​ന്നവർ അതിജീ​വി​ക്കു​ക​യും കോലാ​ടു​ക​ളാ​യി ന്യായം വിധി​ക്കു​ന്നവർ നശിപ്പി​ക്ക​പ്പെ​ടു​ക​യും ചെയ്യും.

അങ്ങനെ​യെ​ങ്കിൽ യഹസ്‌കേ​ലി​ന്‍റെ ദർശന​ത്തിൽനിന്ന് നമ്മൾ എന്താണ്‌ പഠിക്കു​ന്നത്‌? അഞ്ചു കാര്യങ്ങൾ നോക്കാം.

  1. മുമ്പ് യശയ്യ ചെയ്‌ത​തു​പോ​ലെ, യെരു​ശ​ലേ​മി​ന്‍റെ നാശത്തി​നു മുമ്പ്, യിരെ​മ്യ​യോ​ടൊ​പ്പം ഒരു കാവൽക്കാ​ര​നെ​പ്പോ​ലെ യഹസ്‌കേൽ സേവിച്ചു. മഹാകഷ്ടം ആരംഭി​ക്കു​ന്ന​തി​നു മുമ്പ് തന്‍റെ ജനത്തെ പഠിപ്പി​ക്കാ​നും മറ്റുള്ള​വർക്ക് മുന്നറി​യിപ്പ് കൊടു​ക്കാ​നും ആയി അഭിഷി​ക്ത​രു​ടെ ഒരു ചെറിയ കൂട്ടത്തെ യഹോവ ഇന്ന് ഉപയോ​ഗി​ക്കു​ന്നു. ഈ മുന്നറി​യി​പ്പിൻവേ​ല​യിൽ ക്രിസ്‌തു​വി​ന്‍റെ വീട്ടു​കാർ ഉൾപ്പെടെ ദൈവ​ജ​ന​ത്തിൽപ്പെട്ട എല്ലാവ​രും പങ്കെടു​ക്കു​ന്നു.—മത്താ. 24:45-47.

  2. അതിജീ​വി​ക്കാ​നു​ള്ള​വർക്ക് അടയാ​ള​മി​ടു​ന്ന​തിൽ യഹസ്‌കേൽ ഉൾപ്പെ​ട്ടി​രു​ന്നില്ല. ദൈവ​ജ​ന​വും അടയാ​ള​മി​ടു​ന്ന​തിൽ ഇന്ന് ഉൾപ്പെ​ടു​ന്നില്ല. പകരം, അവർ പ്രസം​ഗി​ക്കു​ക​യും ഭാവി​യിൽ നടക്കാൻപോ​കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച് മുന്നറി​യിപ്പ് നൽകു​ക​യും മാത്ര​മാണ്‌ ചെയ്യു​ന്നത്‌. ദൂതന്മാ​രു​ടെ സഹായ​ത്തോ​ടെ​യാണ്‌ ലോക​വ്യാ​പ​ക​മാ​യി ഈ പ്രസം​ഗ​പ്ര​വർത്തനം നടക്കു​ന്നത്‌.—വെളി. 14:6.

  3. യഹസ്‌കേ​ലി​ന്‍റെ നാളിൽ അതിജീ​വി​ച്ച​വ​രു​ടെ നെറ്റി​യിൽ ഒരു അക്ഷരീയ അടയാളം ഉണ്ടായി​രു​ന്നില്ല. രക്ഷപ്പെ​ടാ​നു​ള്ള​വ​രു​ടെ നെറ്റി​യിൽ ഇന്നും അക്ഷരീയ അടയാളം ഉണ്ടായി​രി​ക്കില്ല. മഹാക​ഷ്ടത്തെ അതിജീ​വി​ക്കാൻ ആളുകൾ എന്താണ്‌ ചെയ്യേ​ണ്ടത്‌? മുന്നറി​യിപ്പ് ലഭിക്കു​മ്പോൾ, അവർ യേശു​വി​നെ അനുക​രി​ക്കാൻ പഠിക്കു​ക​യും ദൈവ​ത്തിന്‌ തങ്ങളെ​ത്തന്നെ സമർപ്പി​ക്കു​ക​യും പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ പങ്കെടു​ത്തു​കൊണ്ട് ക്രിസ്‌തു​വി​ന്‍റെ സഹോ​ദ​ര​ന്മാ​രെ പിന്തു​ണ​യ്‌ക്കു​ക​യും വേണം. (മത്താ. 25:35-40) അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ മഹാക​ഷ്ട​ത്തി​ന്‍റെ സമയത്ത്‌ അവർക്ക് അടയാളം ലഭിക്കും, അതായത്‌ അവർ അതിജീ​വി​ക്കും.

  4. ആധുനി​ക​കാല നിവൃ​ത്തി​യിൽ, മഷിക്കു​പ്പി​യു​മാ​യി നിൽക്കുന്ന ആൾ യേശു​വി​നെ​യാണ്‌ അർഥമാ​ക്കു​ന്നത്‌. മഹാക​ഷ്ട​ത്തി​ന്‍റെ സമയത്ത്‌ മഹാപു​രു​ഷാ​രത്തെ ചെമ്മരി​യാ​ടു​ക​ളാ​യി ന്യായം വിധി​ക്കു​മ്പോൾ യേശു അവർക്ക് അടയാ​ള​മി​ടും. തുടർന്ന് അവർ ഈ ഭൂമി​യിൽ എന്നേക്കും ജീവി​ക്കും.—മത്താ. 25:34, 46. *

  5. യേശു നയിക്കുന്ന സ്വർഗ​ത്തി​ലെ സൈന്യ​ത്തെ​യാണ്‌ വെണ്മഴു​വു​മാ​യി നിൽക്കുന്ന ആറു പുരു​ഷ​ന്മാർ ഇന്ന് പ്രതി​നി​ധീ​ക​രി​ക്കു​ന്നത്‌. അവർ പെട്ടെ​ന്നു​തന്നെ ജനതകളെ നശിപ്പി​ക്കു​ക​യും സകല ദുഷ്ടത​യ്‌ക്കും അന്ത്യം വരുത്തു​ക​യും ചെയ്യും.—യഹ. 9:2, 6, 7; വെളി. 19:11-21.

ഈ ദർശന​ത്തിൽനിന്ന് പഠിച്ച കാര്യങ്ങൾ ദുഷ്ടന്മാ​രോ​ടൊ​പ്പം യഹോവ നീതി​മാ​ന്മാ​രെ നശിപ്പി​ക്കി​ല്ലെന്ന് ഉറപ്പു​ണ്ടാ​യി​രി​ക്കാൻ നമ്മളെ സഹായി​ക്കു​ന്നു. (2 പത്രോ. 2:9; 3:9) നമ്മുടെ നാളിൽ പ്രസം​ഗ​പ്ര​വർത്തനം വളരെ പ്രധാ​ന​മാ​ണെന്ന കാര്യ​വും അത്‌ നമ്മളെ ഓർമി​പ്പി​ക്കു​ന്നു. അന്ത്യം വരുന്ന​തി​നു മുമ്പ് എല്ലാവ​രും മുന്നറി​യിപ്പ് കേൾക്കണം!—മത്താ. 24:14.

^ ഖ. 6 രക്ഷപ്പെട്ട ബാരൂ​ക്കി​ന്‍റെ​യും (യിരെ​മ്യ​യു​ടെ സെക്ര​ട്ടറി) എത്യോ​പ്യ​നായ ഏബെദ്‌-മേലെ​ക്കി​ന്‍റെ​യും രേഖാ​ബ്യ​രു​ടെ​യും നെറ്റി​യിൽ അക്ഷരീയ അടയാളം ഇല്ലായി​രു​ന്നു. (യിരെ. 35:1-19; 39:15-18; 45:1-5) പ്രതീ​കാ​ത്മക അടയാളം അവർ അതിജീ​വി​ക്കു​മെ​ന്ന​തി​ന്‍റെ ഒരു സൂചന മാത്ര​മാ​യി​രു​ന്നു.

^ ഖ. 12 വിശ്വസ്‌തരായ അഭിഷി​ക്തർക്ക് അതിജീ​വി​ക്കു​ന്ന​തിന്‌ ഈ അടയാളം ആവശ്യ​മില്ല. എന്നാൽ മരിക്കു​ന്ന​തി​നു മുമ്പോ മഹാകഷ്ടം തുടങ്ങു​ന്ന​തി​നു മുമ്പോ അവർക്ക് അന്തിമ​മു​ദ്ര ലഭിക്കും.—വെളി. 7:1, 3.