വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ആത്മാവി​ന്‍റെ ചിന്തയോ ജീവനും സമാധാ​ന​വും​തന്നെ”

“ആത്മാവി​ന്‍റെ ചിന്തയോ ജീവനും സമാധാ​ന​വും​തന്നെ”

‘ആത്മാവി​നെ അനുസ​രി​ച്ചു ജീവി​ക്കു​ന്നവർ ആത്മാവി​ന്‍റെ കാര്യ​ങ്ങ​ളിൽ മനസ്സു പതിപ്പി​ക്കു​ന്നു.’—റോമ. 8:5.

ഗീതം: 57, 52

1, 2. റോമർ 8-‍ാ‍ം അധ്യാ​യ​ത്തി​ലെ വിവര​ങ്ങ​ളിൽ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്കു പ്രത്യേക താത്‌പ​ര്യ​മു​ള്ളത്‌ എന്തു​കൊണ്ട്?

യേശു​വി​ന്‍റെ മരണത്തി​ന്‍റെ ഓർമ ആചരി​ക്കുന്ന സമയത്ത്‌ നിങ്ങൾ റോമർ 8:15-17 വായി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കും. തന്‍റെ പ്രത്യാശ സ്വർഗ​ത്തി​ലെ അമർത്യ​ജീ​വ​നാ​ണോ എന്ന് ഒരു ക്രിസ്‌ത്യാ​നി എങ്ങനെ അറിയു​ന്നെന്ന് ഈ വാക്യങ്ങൾ വിശദീ​ക​രി​ക്കു​ന്നു. റോമർ 8:1 അഭിഷി​ക്ത​രെ​ക്കു​റിച്ച് “ക്രിസ്‌തു​യേ​ശു​വി​നോട്‌ ഏകീഭ​വി​ച്ചി​രി​ക്കു​ന്നവർ” എന്നു പറഞ്ഞി​രി​ക്കു​ന്നു. എന്നാൽ ആ അധ്യായം അഭിഷി​ക്തർക്കു മാത്രം ബാധക​മാ​കു​ന്ന​താ​ണോ? അതോ, ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ള​വ​രെ​യും സഹായി​ക്കുന്ന വിവരങ്ങൾ അതിലു​ണ്ടോ?

2 റോമർ 8-‍ാ‍ം അധ്യായം പ്രധാ​ന​മാ​യും എഴുതി​യി​രി​ക്കു​ന്നത്‌ അഭിഷി​ക്തർക്കു​വേ​ണ്ടി​യാണ്‌. ‘ആത്മാവ്‌’ ലഭിക്കുന്ന അവർ ‘പുത്ര​ത്വ​ത്തി​ലേ​ക്കുള്ള ദത്തെടു​പ്പി​നാ​യി, (അവരുടെ ജഡിക) ശരീര​ത്തിൽനി​ന്നുള്ള വിടു​ത​ലി​നാ​യി കാത്തി​രി​ക്കു​ന്നു.’ (റോമ. 8:23) അവർ ഭാവി​യിൽ സ്വർഗ​ത്തിൽ ദൈവ​പു​ത്ര​ന്മാ​രാ​യി​രി​ക്കും. അവർ സ്‌നാ​ന​മേറ്റ്‌ ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീ​രു​ക​യും മറുവി​ല​യു​ടെ അടിസ്ഥാ​ന​ത്തിൽ ദൈവം അവരുടെ പാപങ്ങൾ ക്ഷമിച്ച് ആത്മീയ​പു​ത്ര​ന്മാ​രെന്ന നിലയിൽ അവരെ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ക്കു​ക​യും ചെയ്‌ത​തു​കൊ​ണ്ടാണ്‌ ഇതു സാധ്യ​മാ​കു​ന്നത്‌.—റോമ. 3:23-26; 4:25; 8:30.

3. ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ള​വ​രും റോമർ 8-‍ാ‍ം അധ്യായം പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

3 എന്നാൽ, ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ള​വർക്കും റോമർ 8-‍ാ‍ം അധ്യായം ബാധക​മാണ്‌. കാരണം ഒരർഥ​ത്തിൽ ദൈവം അവരെ​യും നീതി​മാ​ന്മാ​രാ​യി വീക്ഷി​ക്കു​ന്നു. അതിന്‍റെ ഒരു തെളിവ്‌ പൗലോസ്‌ തന്‍റെ ലേഖന​ത്തി​ന്‍റെ തുടക്ക​ത്തിൽ സൂചി​പ്പി​ക്കു​ന്നു. നാലാം അധ്യാ​യ​ത്തിൽ അദ്ദേഹം അബ്രാ​ഹാ​മി​നെ​ക്കു​റിച്ച് പറഞ്ഞു. യഹോവ ഇസ്രാ​യേ​ല്യർക്കു ന്യായ​പ്ര​മാ​ണം കൊടു​ക്കു​ന്ന​തി​നു മുമ്പാണു വിശ്വ​സ്‌ത​നായ അബ്രാ​ഹാം ജീവി​ച്ചി​രു​ന്നത്‌, തീർച്ച​യാ​യും യേശു നമ്മുടെ പാപങ്ങൾക്കു​വേണ്ടി മരിക്കു​ന്ന​തി​നും വളരെ​ക്കാ​ലം മുമ്പ്. എങ്കിലും അബ്രാ​ഹാം കാണിച്ച അസാധാ​ര​ണ​മായ വിശ്വാ​സം യഹോവ ശ്രദ്ധി​ക്കു​ക​യും അദ്ദേഹത്തെ നീതി​മാ​നാ​യി കണക്കാ​ക്കു​ക​യും ചെയ്‌തു. (റോമർ 4:20-22 വായി​ക്കുക.) സമാന​മാ​യി, ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ പ്രത്യാ​ശ​യുള്ള ഇക്കാലത്തെ വിശ്വ​സ്‌ത​രായ ക്രിസ്‌ത്യാ​നി​ക​ളെ​യും യഹോ​വ​യ്‌ക്കു നീതി​മാ​ന്മാ​രാ​യി കണക്കാ​ക്കാൻ കഴിയും. അതു​കൊണ്ട് റോമർ 8-‍ാ‍ം അധ്യാ​യ​ത്തിൽ നീതി​മാ​ന്മാ​രായ ആളുകൾക്കു കൊടു​ത്തി​രി​ക്കുന്ന ഉപദേ​ശ​ത്തിൽനിന്ന് അവർക്കും പ്രയോ​ജനം നേടാൻ കഴിയും.

4. റോമർ 8:20-ന്‍റെ അടിസ്ഥാ​ന​ത്തിൽ ഏതു ചോദ്യം സ്വയം ചോദി​ക്കണം?

4 റോമർ 8:20-ൽ പുതിയ ലോകം തീർച്ച​യാ​യും വരു​മെ​ന്നുള്ള ഉറപ്പ് നമുക്കു കാണാം. “സൃഷ്ടി​ത​ന്നെ​യും ജീർണ​ത​യു​ടെ അടിമ​ത്ത​ത്തിൽനി​ന്നു സ്വത​ന്ത്ര​മാ​ക്ക​പ്പെട്ട് ദൈവ​മ​ക്ക​ളു​ടെ മഹത്തായ സ്വാത​ന്ത്ര്യം പ്രാപി​ക്കു​മെന്ന” വാഗ്‌ദാ​നം അവിടെ കാണാം. പക്ഷേ ചോദ്യ​മി​താണ്‌: നമ്മൾ അവി​ടെ​യു​ണ്ടാ​യി​രി​ക്കു​മോ, ആ സമ്മാനം നമ്മൾ നേടു​മോ? ആ പുതിയ ലോക​ത്തിൽ നിങ്ങൾ ജീവി​ക്കു​ന്നതു നിങ്ങൾക്കു കാണാ​നാ​കു​ന്നു​ണ്ടോ? അവി​ടെ​യാ​യി​രി​ക്കാൻ എന്തു ചെയ്യണ​മെന്നു മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന വിവരങ്ങൾ റോമർ 8-‍ാ‍ം അധ്യാ​യ​ത്തി​ലുണ്ട്.

‘ജഡത്തിന്‍റെ കാര്യ​ങ്ങ​ളിൽ മനസ്സു പതിപ്പി​ച്ചാൽ. . . ’

5. ഏതു ഗൗരവ​മേ​റിയ കാര്യ​ത്തെ​ക്കു​റി​ച്ചാ​ണു റോമർ 8:4-13 വരെ പൗലോസ്‌ പറഞ്ഞത്‌?

5 റോമർ 8:4-13 വായി​ക്കുക. റോമർ 8-‍ാ‍ം അധ്യാ​യ​ത്തിൽ പൗലോസ്‌ രണ്ടു കൂട്ട​രെ​ക്കു​റിച്ച് പറയുന്നു. ഒന്ന്, ‘ജഡത്തെ അനുസ​രിച്ച് ജീവി​ക്കു​ന്നവർ.’ രണ്ട്, ‘ആത്മാവി​നെ അനുസ​രിച്ച് ജീവി​ക്കു​ന്നവർ.’ പൗലോസ്‌ ഇവിടെ, സത്യത്തി​ലു​ള്ള​വ​രെ​യും അല്ലാത്ത​വ​രെ​യും കുറിച്ച്, അതായത്‌, ക്രിസ്‌ത്യാ​നി​ക​ളെ​യും അല്ലാത്ത​വ​രെ​യും കുറിച്ച്, ആണ്‌ പറയു​ന്ന​തെന്നു ചിലർ ചിന്തി​ക്കു​ന്നു. എന്നാൽ പൗലോസ്‌ ഈ ലേഖനം എഴുതു​ന്നതു “ദൈവ​ത്തി​നു പ്രിയ​രും വിശു​ദ്ധ​ന്മാ​രാ​യി വിളി​ക്ക​പ്പെ​ട്ട​വ​രു​മായ റോമി​ലുള്ള സകലർക്കും” വേണ്ടി​യാണ്‌. (റോമ. 1:1) അതു​കൊണ്ട് ക്രിസ്‌ത്യാ​നി​ക​ളെ​ക്കു​റി​ച്ചു​ത​ന്നെ​യാ​ണു പൗലോസ്‌ ഇവിടെ പറയു​ന്നത്‌. അദ്ദേഹം ‘ജഡത്തെ അനുസ​രിച്ച് ജീവിച്ച’ ക്രിസ്‌ത്യാ​നി​ക​ളും ‘ആത്മാവി​നെ അനുസ​രിച്ച് ജീവിച്ച’ ക്രിസ്‌ത്യാ​നി​ക​ളും തമ്മിലുള്ള വ്യത്യാ​സം കാണി​ച്ചു​ത​രു​ക​യാ​യി​രു​ന്നു. ഈ രണ്ടു കൂട്ടരും വ്യത്യ​സ്‌ത​രാ​യി​രു​ന്നത്‌ എങ്ങനെ?

6, 7. (എ) ബൈബി​ളിൽ ജഡം എന്ന പദം ഏതൊക്കെ അർഥങ്ങ​ളിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്? (ബി) റോമർ 8:4-13 വരെ ഏത്‌ അർഥത്തി​ലാ​ണു ‘ജഡം’ എന്ന പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌?

6 ബൈബി​ളിൽ ‘ജഡം’ എന്ന പദം പല അർഥത്തിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്. ചില​പ്പോൾ ഈ പദം ഭൗതി​ക​ശ​രീ​രത്തെ അർഥമാ​ക്കു​ന്നു. (റോമ. 2:28; 1 കൊരി. 15:39, 50) മറ്റു ചില​പ്പോൾ കുടും​ബ​ബ​ന്ധ​ങ്ങളെ പരാമർശി​ക്കാൻ ഈ വാക്ക് ഉപയോ​ഗി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, യേശു​വി​നെ​ക്കു​റിച്ച്, ‘ജഡപ്ര​കാ​രം ദാവീ​ദി​ന്‍റെ സന്തതി​യിൽനിന്ന് ജനിച്ചവൻ’ എന്നു ബൈബിൾ പറയുന്നു. അതു​പോ​ലെ, സഹജൂ​ത​ന്മാ​രെ ‘ജഡപ്ര​കാ​രം തന്‍റെ ബന്ധുക്ക​ളെന്നു’ പൗലോ​സും വിളി​ക്കു​ന്നു.—റോമ. 1:3; 9:3.

7 റോമർ 8:4-13-ൽ ‘ജഡം’ എന്ന പദം ഉപയോ​ഗി​ച്ച​പ്പോൾ പൗലോസ്‌ എന്താണ്‌ അർഥമാ​ക്കി​യ​തെന്നു മനസ്സി​ലാ​ക്കാൻ റോമർ 7-‍ാ‍ം അധ്യാ​യ​ത്തി​ലെ ചില വിവരങ്ങൾ സഹായി​ക്കു​ന്നു. അവിടെ, ‘ജഡപ്ര​കാ​രം ജീവി​ക്കു​ന്ന​തി​നെ (അവരുടെ) അവയവ​ങ്ങ​ളിൽ വ്യാപ​രി​ച്ചു​പോന്ന പാപവി​കാ​ര​ങ്ങ​ളു​മാ​യി’ പൗലോസ്‌ ബന്ധപ്പെ​ടു​ത്തു​ന്നു. (റോമ. 7:5) ‘ജഡത്തിന്‍റെ കാര്യ​ങ്ങ​ളിൽ മനസ്സു പതിപ്പി​ക്കു​ന്ന​വ​രെന്നു’ പൗലോസ്‌ പറഞ്ഞ ‘ജഡത്തെ അനുസ​രിച്ച് ജീവി​ക്കു​ന്നവർ’ എങ്ങനെ​യു​ള്ള​വ​രാ​ണെന്നു മനസ്സി​ലാ​ക്കാൻ ഈ വാക്യം സഹായി​ക്കു​ന്നു. അപൂർണ​മ​നു​ഷ്യർക്കുള്ള അഭിലാ​ഷ​ങ്ങ​ളി​ലും ചായ്‌വു​ക​ളി​ലും ശ്രദ്ധ പതിപ്പിച്ച് ജീവി​ക്കുന്ന ആളുക​ളെ​ക്കു​റി​ച്ചാ​ണു പൗലോസ്‌ ഇവിടെ പറഞ്ഞത്‌. അങ്ങനെ​യു​ള്ളവർ അവരുടെ ലൈം​ഗി​ക​മോ അല്ലാത്ത​തോ ആയ ആഗ്രഹ​ങ്ങൾക്കും അഭിലാ​ഷ​ങ്ങൾക്കും വികാ​ര​ങ്ങൾക്കും പിന്നാലെ പോകു​ന്ന​വ​രാണ്‌.

8. ‘ജഡത്തെ അനുസ​രിച്ച് ജീവി​ക്കു​ന്ന​തിന്‌’ എതിരെ പൗലോസ്‌ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്കു മുന്നറി​യി​പ്പു കൊടു​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?

8 ‘ജഡത്തെ അനുസ​രിച്ച് ജീവി​ക്കു​ന്ന​തിന്‌’ എതിരെ പൗലോസ്‌ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്കു മുന്നറി​യി​പ്പു കൊടു​ത്തത്‌ എന്തു​കൊ​ണ്ടാണ്‌? ഇന്നുള്ള എല്ലാ ക്രിസ്‌ത്യാ​നി​കൾക്കും ഈ മുന്നറി​യിപ്പ് ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്? കാരണം, ദൈവ​ത്തി​ന്‍റെ ഏതൊരു വിശ്വ​സ്‌ത​ദാ​സ​നും സ്വന്തം ആഗ്രഹങ്ങൾ ജീവി​ത​ത്തി​ലെ പ്രധാ​ന​സം​ഗ​തി​യാ​യി കാണാൻ തുടങ്ങി​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, റോമി​ലുള്ള ചില സഹോ​ദ​ര​ങ്ങ​ളെ​ക്കു​റിച്ച്, അവർ ‘സ്വന്തം വയറിന്‌’ അടിമ​ക​ളാ​ണെന്നു പൗലോസ്‌ എഴുതി. അവരുടെ ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​സം​ഗ​തി​കൾ ലൈം​ഗി​ക​ത​യോ ആഹാര​മോ മറ്റു വിനോ​ദ​ങ്ങ​ളോ ആണെന്നാ​യി​രി​ക്കാം പൗലോസ്‌ അർഥമാ​ക്കി​യത്‌. (റോമ. 16:17, 18; ഫിലി. 3:18, 19; യൂദ 4, 8, 12) കൊരിന്ത് സഭയിലെ ഒരു സഹോ​ദരൻ കുറച്ചു​കാ​ല​ത്തേക്കു ‘അപ്പന്‍റെ ഭാര്യയെ വെച്ചു​കൊ​ണ്ടി​രു​ന്നു.’ (1 കൊരി. 5:1) വ്യക്തമാ​യും, ‘ജഡത്തെ അനുസ​രിച്ച് ജീവി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള’ പൗലോ​സി​ന്‍റെ മുന്നറി​യിപ്പ് ആ ആദിമ​ക്രി​സ്‌ത്യാ​നി​കൾക്ക് ആവശ്യ​മാ​യി​രു​ന്നു.—റോമ. 8:5, 6.

9. റോമർ 8:6 എന്തി​നെ​ക്കു​റി​ച്ചല്ല പറയു​ന്നത്‌?

9 ആ മുന്നറി​യിപ്പ് ഇന്നും ബാധക​മാണ്‌. വർഷങ്ങ​ളാ​യി യഹോ​വയെ സേവി​ച്ചു​വ​രുന്ന ഒരാൾപ്പോ​ലും ‘ജഡത്തെ അനുസ​രിച്ച് ജീവി​ക്കാൻ’ തുടങ്ങി​യേ​ക്കാം. എന്നാൽ, പൗലോസ്‌ പറഞ്ഞതിന്‌ അർഥം നമ്മൾ ആഹാര​മോ ജോലി​യോ വിനോ​ദ​മോ വിവാ​ഹ​മോ പോലെ യാതൊ​രു കാര്യ​ത്തെ​ക്കു​റി​ച്ചും ഒരിക്ക​ലും ചിന്തി​ക്ക​രു​തെ​ന്നാ​ണോ? തീർച്ച​യാ​യു​മല്ല. ഇതെല്ലാം ജീവി​ത​ത്തി​ന്‍റെ ഭാഗമാണ്‌. യേശു​പോ​ലും ഭക്ഷണം ആസ്വദിച്ച് കഴിക്കു​ക​യും മറ്റുള്ള​വരെ പോഷി​പ്പി​ക്കു​ക​യും ചെയ്‌തു. തനിക്കും വിശ്രമം ആവശ്യ​മാ​ണെന്നു യേശു മനസ്സി​ലാ​ക്കി. ലൈം​ഗി​ക​ത​യ്‌ക്കു വിവാ​ഹ​ജീ​വി​ത​ത്തിൽ ഒരു പ്രധാ​ന​സ്ഥാ​ന​മു​ണ്ടെന്നു പൗലോ​സും എഴുതി.

നമ്മുടെ സംഭാ​ഷ​ണങ്ങൾ എന്താണു കാണി​ക്കു​ന്നത്‌? നമ്മുടെ മനസ്സ് ആത്മാവി​ന്‍റെ കാര്യ​ങ്ങ​ളി​ലാ​ണോ ജഡത്തിന്‍റെ കാര്യ​ങ്ങ​ളി​ലാ​ണോ? (10, 11 ഖണ്ഡികകൾ കാണുക)

10. ‘മനസ്സു പതിപ്പി​ക്കുക’ എന്നതു​കൊണ്ട് എന്താണ്‌ അർഥമാ​ക്കു​ന്നത്‌?

10 ‘മനസ്സു പതിപ്പി​ക്കുക’ എന്നതു​കൊണ്ട് പൗലോസ്‌ എന്താണ്‌ അർഥമാ​ക്കി​യത്‌? ഒരുവന്‍റെ ചിന്തക​ളും പദ്ധതി​ക​ളും ഏതെങ്കി​ലും കാര്യ​ത്തിൽ കേന്ദ്രീ​ക​രി​ക്കു​ന്ന​തി​നെ​യാ​ണു പൗലോസ്‌ ഇവിടെ ഉപയോ​ഗിച്ച ഗ്രീക്കു​പദം അർഥമാ​ക്കു​ന്നത്‌. അങ്ങനെ​യെ​ങ്കിൽ, ജഡത്തിൽ മനസ്സു പതിപ്പി​ക്കു​ന്ന​വ​രു​ടെ കാര്യ​മോ? ഒരു പണ്ഡിതൻ പറയു​ന്ന​ത​നു​സ​രിച്ച്, അങ്ങനെ​യു​ള്ളവർ എല്ലായ്‌പോ​ഴും സ്വന്തം ആഗ്രഹ​ങ്ങ​ളിൽ “ആഴമായ താത്‌പ​ര്യ​മു​ള്ള​വ​രും അതെക്കു​റിച്ച് കൂടെ​ക്കൂ​ടെ സംസാ​രി​ക്കു​ന്ന​വ​രും” അതിനെ ചുറ്റി​പ്പറ്റി ജീവി​ക്കു​ന്ന​വ​രും ആണ്‌. ഈ ആഗ്രഹ​ങ്ങ​ളാണ്‌ അവരുടെ ജീവി​തത്തെ നിയ​ന്ത്രി​ക്കു​ക​യും നയിക്കു​ക​യും ചെയ്യു​ന്നത്‌.

11. ജീവി​ത​ത്തി​ലെ പ്രധാ​ന​സം​ഗ​തി​ക​ളാ​കാൻ സാധ്യ​ത​യുള്ള ചില കാര്യങ്ങൾ ഏതെല്ലാം?

11 റോമി​ലുള്ള ക്രിസ്‌ത്യാ​നി​കൾ ഒരു ആത്മപരി​ശോ​ധന നടത്തു​ക​യും അവരുടെ മനസ്സ് എന്തിലാ​ണെന്നു കണ്ടുപി​ടി​ക്കു​ക​യും വേണമാ​യി​രു​ന്നു. അതു ‘ജഡത്തിന്‍റെ കാര്യ​ങ്ങ​ളിൽ’ ആയിരു​ന്നോ? അതു​പോ​ലെ, ഏറ്റവും പ്രധാ​ന​പ്പെ​ട്ട​താ​യി കാണു​ന്നത്‌ എന്താ​ണെന്നു നമ്മളും കണ്ടെത്തണം. നമ്മുടെ സംസാ​ര​ത്തെ​ക്കു​റിച്ച് ചിന്തി​ക്കുക. എന്തി​നെ​ക്കു​റിച്ച് സംസാ​രി​ക്കാ​നാ​ണു നമുക്കു താത്‌പ​ര്യം? എന്തു ചെയ്യാ​നാ​ണു നമ്മൾ ഇഷ്ടപ്പെ​ടു​ന്നത്‌? അങ്ങനെ ചിന്തി​ക്കു​ന്നെ​ങ്കിൽ പലരും ഒരു കാര്യം തിരി​ച്ച​റി​ഞ്ഞേ​ക്കും: തങ്ങൾ കൂടുതൽ സമയവും ചിന്തി​ക്കു​ന്നതു വ്യത്യ​സ്‌ത​തരം മദ്യം പരീക്ഷി​ച്ചു​നോ​ക്കുക, വീട്‌ അലങ്കരി​ക്കുക, പുതി​യ​പു​തിയ വസ്‌ത്രങ്ങൾ വാങ്ങുക, പണം നിക്ഷേ​പി​ക്കുക, വിനോ​ദ​യാ​ത്രകൾ നടത്തുക തുടങ്ങി​യ​വ​യെ​ക്കു​റി​ച്ചൊ​ക്കെ​യാ​ണെന്ന്. ഇതൊ​ന്നും തെറ്റല്ല, ഇതെല്ലാം നമ്മൾ സാധാരണ ചെയ്യുന്ന കാര്യ​ങ്ങ​ളാ​യി​രി​ക്കാം. യേശു ഒരു വിവാ​ഹ​വേ​ള​യിൽ വീഞ്ഞ് ഉണ്ടാക്കി. ‘അൽപ്പം വീഞ്ഞ് കുടി​ച്ചു​കൊ​ള്ളാൻ’ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നോ​ടു പറഞ്ഞു. (1 തിമൊ. 5:23; യോഹ. 2:3-11) എന്നാൽ അതിന്‌ അർഥം വീഞ്ഞാണ്‌ അവരുടെ ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യ​മെ​ന്നാ​ണോ? അല്ല. ഇനി നമ്മുടെ കാര്യ​മൊ​ന്നു ചിന്തി​ക്കുക: നമ്മുടെ ജീവി​ത​ത്തി​ലെ മുഖ്യ​താ​ത്‌പ​ര്യം എന്താണ്‌?

12, 13. എന്തിലാ​ണു നമ്മുടെ മനസ്സു കേന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്നത്‌ എന്നതിൽ നമ്മൾ ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

12 പൗലോസ്‌ ഈ മുന്നറി​യിപ്പ് നൽകി: “ജഡത്തിന്‍റെ ചിന്ത മരണത്തിൽ കലാശി​ക്കു​ന്നു.” (റോമ. 8:6) എന്താണു പൗലോസ്‌ അർഥമാ​ക്കി​യത്‌? നമ്മൾ ‘ജഡത്തെ അനുസ​രിച്ച് ജീവി​ച്ചാൽ’ താമസി​യാ​തെ ആത്മീയ​മ​രണം സംഭവി​ക്കും, ഭാവി​യിൽ നിത്യ​ജീ​വൻ നഷ്ടമാ​കു​ക​യും ചെയ്യും. എന്നാൽ ഇത്‌ ഒഴിവാ​ക്കാ​നാ​കും, മാറ്റം വരുത്താൻ നമുക്കു കഴിയും. കൊരി​ന്തി​ലെ പുറത്താ​ക്ക​പ്പെട്ട ആ ദുർമാർഗി​യായ വ്യക്തിക്കു പിന്നീട്‌ എന്തു സംഭവി​ച്ചു? അദ്ദേഹം മാറ്റം വരുത്തി, അധാർമി​ക​മായ ആഗ്രഹ​ങ്ങ​ളു​ടെ പിന്നാലെ പോകു​ന്നതു നിറു​ത്തു​ക​യും യഹോ​വയെ ശുദ്ധമ​ന​സ്സാ​ക്ഷി​യോ​ടെ വീണ്ടും സേവി​ക്കാൻ തുടങ്ങു​ക​യും ചെയ്‌തു.—2 കൊരി. 2:6-8.

13 ‘ജഡത്തെ അനുസ​രിച്ച് ജീവി​ക്കുന്ന’ കാര്യ​ത്തിൽ ആ മനുഷ്യൻ പൂർണ​മാ​യും മുങ്ങി​പ്പോ​യി​രു​ന്നു. എന്നിട്ടും അദ്ദേഹ​ത്തി​നു മാറ്റം വരുത്താൻ കഴിഞ്ഞു. ഇതു കാണി​ക്കു​ന്നത്‌, യഹോ​വ​യു​ടെ നിലവാ​ര​ങ്ങൾക്കു പകരം തെറ്റായ ആഗ്രഹ​ങ്ങ​ളു​ടെ പിന്നാലെ പോയി​ത്തു​ട​ങ്ങി​യി​ട്ടുള്ള ഏതൊരു ക്രിസ്‌ത്യാ​നി​ക്കും മാറ്റം വരുത്താ​നാ​കു​മെ​ന്നാണ്‌. പൗലോ​സി​ന്‍റെ മുന്നറി​യിപ്പ് ഓർക്കു​ന്നത്‌ ആവശ്യ​മായ ഏതു മാറ്റവും വരുത്താൻ നമ്മളെ പ്രചോ​ദി​പ്പി​ക്കും.

‘ആത്മാവി​ന്‍റെ കാര്യ​ങ്ങ​ളിൽ മനസ്സു പതിപ്പി​ക്കുക’

14, 15. (എ) നമ്മുടെ മനസ്സ് എന്തിൽ പതിപ്പി​ക്കാ​നാ​ണു പൗലോസ്‌ പറഞ്ഞത്‌? (ബി) ‘ആത്മാവി​ന്‍റെ കാര്യ​ങ്ങ​ളിൽ മനസ്സു പതിപ്പി​ക്കുക’ എന്നാൽ എന്തല്ല അർഥം?

14 ‘ജഡത്തിന്‍റെ കാര്യ​ങ്ങ​ളിൽ മനസ്സു പതിപ്പി​ക്കു​ന്ന​തി​ന്‍റെ’ അപകട​ങ്ങ​ളെ​ക്കു​റിച്ച് പറഞ്ഞതി​നു ശേഷം പൗലോസ്‌ വിശദീ​ക​രി​ച്ചു: “ആത്മാവി​ന്‍റെ ചിന്തയോ ജീവനും സമാധാ​ന​വും​തന്നെ.” എത്ര മഹത്തായ ഒരു പ്രതി​ഫലം! നമുക്ക് ആ പ്രതി​ഫലം എങ്ങനെ നേടാം?

15 ‘ആത്മാവി​ന്‍റെ കാര്യ​ങ്ങ​ളിൽ മനസ്സു പതിപ്പി​ക്കുക’ എന്നതിന്‍റെ അർഥം ചുറ്റും നടക്കു​ന്ന​തി​നെ​ക്കു​റി​ച്ചൊ​ന്നും യാതൊ​രു ചിന്തയു​മി​ല്ലാ​തെ ജീവി​ക്കു​ക​യെന്നല്ല. ഒരു വ്യക്തി യഹോ​വ​യെ​ക്കു​റി​ച്ചും ബൈബി​ളി​നെ​ക്കു​റി​ച്ചും മാത്രമേ ചിന്തി​ക്കു​ക​യും പറയു​ക​യും ചെയ്യാവൂ എന്നുമല്ല അതിന്‌ അർഥം. ഓർക്കുക: ദൈവത്തെ പ്രീതി​പ്പെ​ടു​ത്തിയ പൗലോ​സും ഒന്നാം നൂറ്റാ​ണ്ടി​ലെ മറ്റുള്ള​വ​രും ആളുകൾ സാധാരണ ചെയ്യുന്ന കാര്യ​ങ്ങ​ളൊ​ക്കെ ചെയ്‌താ​ണു ജീവി​ച്ചത്‌. അവർ ഭക്ഷണപാ​നീ​യങ്ങൾ ആസ്വദി​ച്ചു, ചിലർ വിവാ​ഹി​ത​രാ​യി കുടും​ബ​ജീ​വി​തം നയിച്ചു, പല ജോലി​ക​ളും ചെയ്‌തു.—മർക്കോ. 6:3; 1 തെസ്സ. 2:9.

16. പൗലോ​സി​ന്‍റെ ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യം എന്തായി​രു​ന്നു?

16 എന്നാൽ, ഇതൊ​ന്നും ജീവി​ത​ത്തി​ലെ സുപ്ര​ധാന കാര്യ​ങ്ങ​ളാ​യി​ത്തീ​രാൻ പൗലോ​സോ മറ്റ്‌ ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​ക​ളോ അനുവ​ദി​ച്ചില്ല. ഉദാഹ​ര​ണ​ത്തിന്‌, കൂടാ​ര​പ്പണി ചെയ്‌താ​ണു പൗലോസ്‌ ജീവി​ത​മാർഗം കണ്ടെത്തി​യത്‌. പക്ഷേ, ജോലി​യ​ല്ലാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്‍റെ ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​കാ​ര്യം, പകരം ദൈവ​സേ​വ​ന​മാ​യി​രു​ന്നു. അതെ, പ്രസംഗ പഠിപ്പി​ക്കൽപ്ര​വർത്ത​ന​ത്തി​ലാ​യി​രു​ന്നു പൗലോസ്‌ ശ്രദ്ധ പതിപ്പി​ച്ചത്‌. (പ്രവൃ​ത്തി​കൾ 18:2-4; 20:20, 21, 34, 35 വായി​ക്കുക.) റോമി​ലെ സഹോ​ദ​രങ്ങൾ പൗലോ​സി​നെ അനുക​രി​ക്ക​ണ​മാ​യി​രു​ന്നു. നമ്മളും അതുതന്നെ ചെയ്യണം.—റോമ. 15:15, 16.

17. ‘ആത്മാവി​ന്‍റെ കാര്യ​ങ്ങ​ളിൽ മനസ്സു പതിപ്പി​ക്കു​ന്ന​തു​കൊ​ണ്ടുള്ള’ പ്രയോ​ജ​നങ്ങൾ എന്തെല്ലാം?

17 നമ്മുടെ ശ്രദ്ധ യഹോ​വയെ സേവി​ക്കു​ന്ന​തി​ലാ​ണെ​ങ്കിൽ നമ്മുടെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രി​ക്കും? റോമർ 8:6 പറയുന്നു: “ആത്മാവി​ന്‍റെ ചിന്തയോ ജീവനും സമാധാ​ന​വും​തന്നെ.” നമ്മുടെ മനസ്സിനെ വഴിന​യി​ക്കാൻ യഹോ​വ​യു​ടെ ആത്മാവി​നെ അനുവ​ദി​ക്കു​ന്ന​തും യഹോവ ചിന്തി​ക്കു​ന്ന​തു​പോ​ലെ ചിന്തി​ക്കാൻ പഠിക്കു​ന്ന​തും ആണ്‌ അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ ഇപ്പോൾ സന്തോ​ഷ​വും സംതൃ​പ്‌തി​യും നിറഞ്ഞ ഒരു ജീവി​ത​മു​ണ്ടാ​യി​രി​ക്കും, ഭാവി​യിൽ നിത്യ​ജീ​വ​നും.

18. ‘ആത്മാവി​ന്‍റെ കാര്യ​ങ്ങ​ളിൽ മനസ്സു പതിപ്പി​ക്കു​മ്പോൾ’ നമുക്ക് എങ്ങനെ സമാധാ​നം ലഭിക്കും?

18 ‘ആത്മാവി​ന്‍റെ കാര്യ​ങ്ങ​ളിൽ മനസ്സു പതിപ്പി​ക്കു​ന്നതു’ നമുക്കു ‘സമാധാ​നം’ തരു​മെന്നു പറഞ്ഞ​പ്പോൾ പൗലോസ്‌ എന്താണ്‌ അർഥമാ​ക്കി​യ​തെന്നു നമുക്കു നോക്കാം. ഇന്ന് എല്ലാവ​രും മനസ്സമാ​ധാ​നം ആഗ്രഹി​ക്കു​ന്നു. പക്ഷേ അധികം ആർക്കും ഇല്ലാത്ത​തും അതാണ്‌. എന്നാൽ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ നമുക്ക് മനസ്സമാ​ധാ​നം ഉള്ളവരാ​യി​രി​ക്കാ​നാ​കും. അതു​പോ​ലെ, കുടും​ബ​ത്തി​ലു​ള്ള​വ​രു​മാ​യും സഭയിലെ സഹോ​ദ​ര​ങ്ങ​ളു​മാ​യും നമുക്കു സമാധാ​ന​ത്തി​ലാ​യി​രി​ക്കാ​നാ​കും. അപൂർണ​രാ​യ​തു​കൊണ്ട് ചില​പ്പോ​ഴൊ​ക്കെ സഹോ​ദ​ര​ങ്ങ​ളു​മാ​യി നമുക്കു പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യേ​ക്കാം. അത്തരം സാഹച​ര്യ​ങ്ങ​ളിൽ യേശു​വി​ന്‍റെ ഈ ഉപദേശം അനുസ​രി​ക്കാം: “നിന്‍റെ സഹോ​ദ​ര​നു​മാ​യി രമ്യത​യി​ലാ​കുക.” (മത്താ. 5:24) അതു സഹോ​ദ​ര​നോ സഹോ​ദ​രി​യോ ആകട്ടെ, അവരും “സമാധാ​നം നൽകുന്ന” ദൈവ​മായ യഹോ​വ​യെ​യാ​ണു സേവി​ക്കു​ന്ന​തെന്ന് ഓർക്കുക.—റോമ. 15:33; 16:20.

19. നമുക്ക് ഏതു പ്രത്യേക സമാധാ​നം ആസ്വദി​ക്കാ​നാ​കും?

19 നമ്മൾ ‘ആത്മാവി​ന്‍റെ കാര്യ​ങ്ങ​ളിൽ മനസ്സു പതിപ്പി​ക്കു​ന്നെ​ങ്കിൽ’ ദൈവ​വു​മാ​യും സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ കഴിയും. യശയ്യ പ്രവാ​ചകൻ ഇങ്ങനെ എഴുതി: “സ്ഥിരമാ​നസൻ നിന്നിൽ ആശ്രയം വെച്ചി​രി​ക്ക​കൊ​ണ്ടു നീ അവനെ പൂർണ്ണ​സ​മാ​ധാ​ന​ത്തിൽ കാക്കുന്നു.”—യശ. 26:3; റോമർ 5:1 വായി​ക്കുക.

20. റോമർ 8-‍ാ‍ം അധ്യാ​യ​ത്തി​ലെ മാർഗ​നിർദേ​ശ​ത്തി​നു നിങ്ങൾ നന്ദിയു​ള്ള​വ​രാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

20 നമ്മുടെ നിത്യ​ജീ​വന്‍റെ പ്രത്യാശ സ്വർഗ​ത്തി​ലാ​യാ​ലും ഭൂമി​യി​ലാ​യാ​ലും നമു​ക്കെ​ല്ലാം റോമർ 8-‍ാ‍ം അധ്യാ​യ​ത്തി​ലെ ജ്ഞാന​മൊ​ഴി​ക​ളിൽനിന്ന് പ്രയോ​ജനം നേടാ​നാ​കും. സ്വന്തം ഇഷ്ടങ്ങൾക്കു പകരം യഹോ​വയെ സേവി​ക്കു​ന്ന​തിൽ ശ്രദ്ധ പതിപ്പി​ക്കാൻ ബൈബിൾ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ‘ആത്മാവി​ന്‍റെ കാര്യ​ങ്ങ​ളിൽ മനസ്സു പതിപ്പി​ക്കു​ന്നെ​ങ്കിൽ’ നമ്മളെ കാത്തി​രി​ക്കു​ന്നതു മഹത്തായ പ്രതി​ഫ​ല​മാണ്‌. പൗലോസ്‌ എഴുതി: “പാപത്തി​ന്‍റെ ശമ്പളം മരണം; ദൈവ​ത്തി​ന്‍റെ ദാനമോ നമ്മുടെ കർത്താ​വായ ക്രിസ്‌തു​യേ​ശു​വി​നാ​ലുള്ള നിത്യ​ജീ​വ​നും.”—റോമ. 6:23.