വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അന്ധകാ​ര​ത്തിൽനിന്ന് വിളി​ച്ചി​രി​ക്കു​ന്നു

അന്ധകാ​ര​ത്തിൽനിന്ന് വിളി​ച്ചി​രി​ക്കു​ന്നു

‘യഹോവ അന്ധകാ​ര​ത്തിൽനിന്ന് തന്‍റെ അത്ഭുത​പ്ര​കാ​ശ​ത്തി​ലേക്ക് നിങ്ങളെ വിളി​ച്ചി​രി​ക്കു​ന്നു.’—1 പത്രോ. 2:9.

ഗീതം: 116, 102

1. യരുശ​ലേ​മി​നെ നശിപ്പിച്ച സമയത്തു​ണ്ടായ സംഭവങ്ങൾ വിവരി​ക്കുക.

ബി.സി. 607-ൽ നെബൂ​ഖ​ദ്‌നേസർ രണ്ടാമൻ രാജാ​വി​ന്‍റെ നേതൃ​ത്വ​ത്തി​ലുള്ള ബാബി​ലോൺ​സൈ​ന്യം യരുശ​ലേം നഗരം പിടി​ച്ച​ടക്കി. തുടർന്നു​ണ്ടായ രക്തച്ചൊ​രി​ച്ചി​ലി​നെ​ക്കു​റിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: ‘നെബൂ​ഖ​ദ്‌നേസർ അവരുടെ യൌവ​ന​ക്കാ​രെ അവരുടെ വിശു​ദ്ധ​മ​ന്ദി​ര​മായ ആലയത്തിൽവെച്ചു വാൾകൊ​ണ്ടു കൊന്നു; അവൻ യൌവ​ന​ക്കാ​ര​നെ​യോ കന്യക​യെ​യോ വൃദ്ധ​നെ​യോ കിഴവ​നെ​യോ ആദരി​ച്ചില്ല. അവർ ദൈവാ​ലയം ചുട്ടു, യെരൂ​ശ​ലേ​മി​ന്‍റെ മതിൽ ഇടിച്ചു, അതിലെ അരമനകൾ എല്ലാം തീക്കി​ര​യാ​ക്കി അതിലെ മനോ​ഹ​ര​സാ​ധ​ന​ങ്ങ​ളൊ​ക്കെ​യും നശിപ്പി​ച്ചു​ക​ളഞ്ഞു.’—2 ദിന. 36:17, 19.

2. യരുശ​ലേ​മി​ന്‍റെ നാശ​ത്തെ​ക്കു​റിച്ച് യഹോവ എന്തു മുന്നറി​യി​പ്പാ​ണു കൊടു​ത്തത്‌, ജൂതന്മാർക്ക് എന്തു സംഭവി​ക്കു​മാ​യി​രു​ന്നു?

2 യരുശ​ലേ​മി​ന്‍റെ നാശം അവിടു​ത്തെ നിവാ​സി​കളെ അതിശ​യി​പ്പി​ക്കേ​ണ്ട​തി​ല്ലാ​യി​രു​ന്നു. അവർ ദൈവ​നി​യ​മ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണി​ക്കു​ന്ന​തിൽ തുടർന്നാൽ അവരെ ബാബി​ലോൺകാ​രു​ടെ കൈക​ളിൽ ഏൽപ്പി​ച്ചു​കൊ​ടു​ക്കു​മെന്നു ദൈവ​ത്തി​ന്‍റെ പ്രവാ​ച​ക​ന്മാർ വർഷങ്ങ​ളാ​യി അവർക്കു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പല ജൂതന്മാ​രെ​യും വാളു​കൊണ്ട് കൊല്ലും, കൊല്ല​പ്പെ​ടാ​ത്തവർ സാധ്യ​ത​യ​നു​സ​രിച്ച് തുടർന്നുള്ള ജീവിതം ബാബി​ലോ​ണിൽ പ്രവാ​സി​ക​ളാ​യി കഴിച്ചു​കൂ​ട്ടേ​ണ്ടി​വ​രും. (യിരെ. 15:2) അവിടെ പ്രവാ​സി​ക​ളാ​യുള്ള അവരുടെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രു​ന്നു? ബാബി​ലോ​ണി​ലെ അടിമ​ത്ത​ത്തി​നു സമാന​മായ എന്തെങ്കി​ലും ക്രിസ്‌ത്യാ​നി​കൾക്കു സംഭവി​ച്ചി​ട്ടു​ണ്ടോ? ഉണ്ടെങ്കിൽ എപ്പോൾ?

പ്രവാ​സി​ക​ളാ​യുള്ള ജീവിതം

3. ബാബി​ലോ​ണി​ലെ പ്രവാസം ഈജി​പ്‌തി​ലെ അടിമ​ത്ത​ത്തിൽനിന്ന് വ്യത്യ​സ്‌ത​മാ​യി​രു​ന്നത്‌ എങ്ങനെ?

3 പ്രവാ​ച​ക​ന്മാർ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞത്‌ അതു​പോ​ലെ​തന്നെ സംഭവി​ച്ചു. ഭാവി​യിൽ പ്രവാ​സ​ത്തി​നു പോകാ​നി​രു​ന്ന​വ​രോട്‌ അവിടു​ത്തെ പുതിയ സാഹച​ര്യ​വു​മാ​യി ഇണങ്ങി​ച്ചേ​രാ​നും കഴിയു​ന്നി​ട​ത്തോ​ളം നന്നായി അവിടെ ജീവി​ക്കാ​നും യിരെ​മ്യ​യി​ലൂ​ടെ യഹോവ അവരെ ഉപദേ​ശി​ച്ചു. യഹോവ അവരോ​ടു പറഞ്ഞു: “നിങ്ങൾ വീടു​കളെ പണിതു പാർപ്പിൻ; തോട്ട​ങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിൻ. ഞാൻ നിങ്ങളെ ബദ്ധന്മാ​രാ​യി കൊണ്ടു​പോ​കു​മാ​റാ​ക്കിയ പട്ടണത്തി​ന്‍റെ നന്മ അന്വേ​ഷി​ച്ചു അതിന്നു​വേണ്ടി യഹോ​വ​യോ​ടു പ്രാർത്ഥിപ്പിൻ; അതിന്നു നന്മ ഉണ്ടെങ്കിൽ നിങ്ങൾക്കും നന്മ ഉണ്ടാകും.” (യിരെ. 29:5, 7) ദൈവ​ത്തി​ന്‍റെ നിർദേ​ശങ്ങൾ അനുസ​രി​ച്ചവർ ബാബി​ലോ​ണിൽ താരത​മ്യേന ഒരു സാധാരണ ജീവിതം നയിച്ചു. അവരുടെ പ്രശ്‌നങ്ങൾ ഒരു പരിധി​വരെ സ്വന്തമാ​യി കൈകാ​ര്യം ചെയ്യാൻ ബാബി​ലോൺകാർ അവരെ അനുവ​ദി​ച്ചു. രാജ്യത്ത്‌ ഉടനീളം സഞ്ചരി​ക്കാ​നുള്ള സ്വാത​ന്ത്ര്യ​വും അവർക്കു​ണ്ടാ​യി​രു​ന്നു. പുരാ​ത​ന​കാ​ലത്തെ ഒരു വ്യാപാ​ര​കേ​ന്ദ്ര​മാ​യി​രു​ന്നു ബാബി​ലോൺ. അവി​ടെ​നിന്ന് കുഴി​ച്ചെ​ടുത്ത രേഖകൾ കാണി​ക്കു​ന്ന​ത​നു​സ​രിച്ച് പ്രവാ​സ​ത്തി​ലാ​യി​രുന്ന പല ജൂതന്മാ​രും വ്യാപാ​രം നടത്താൻ പഠിച്ചു, മറ്റു ചിലർ ചില കൈ​ത്തൊ​ഴി​ലു​ക​ളിൽ വിദഗ്‌ധ​രാ​യി. ചില ജൂതന്മാർ സമ്പന്നരാ​യി​ത്തീർന്നു. നൂറ്റാ​ണ്ടു​കൾക്കു മുമ്പ് ഇസ്രാ​യേ​ല്യർ അനുഭ​വിച്ച ഈജി​പ്‌തി​ലെ അടിമ​ത്തം​പോ​ലെ​യാ​യി​രു​ന്നില്ല ബാബി​ലോ​ണി​ലെ പ്രവാസം.—പുറപ്പാട്‌ 2:23-25 വായി​ക്കുക.

4. അവിശ്വ​സ്‌ത​രായ ജൂതന്മാർ മാത്ര​മാ​ണോ ബാബി​ലോ​ണി​ലെ അടിമത്തം അനുഭ​വി​ക്കേ​ണ്ടി​വ​ന്നത്‌, ദൈവം ആവശ്യ​പ്പെട്ട വിധത്തിൽ ദൈവത്തെ ആരാധി​ക്കാൻ അവർക്കു കഴിയാ​തി​രു​ന്നത്‌ എന്തു​കൊണ്ട്?

4 പ്രവാ​സി​ക​ളായ ജൂതന്മാ​രു​ടെ ഭൗതി​കാ​വ​ശ്യ​ങ്ങൾ നടന്നി​രു​ന്നു, പക്ഷേ അവരുടെ ആത്മീയാ​വ​ശ്യ​ങ്ങ​ളോ? യഹോ​വ​യു​ടെ ആലയവും അതിന്‍റെ യാഗപീ​ഠ​വും എല്ലാം നശിപ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. ക്രമീ​കൃ​ത​മായ ഒരു വിധത്തിൽ പുരോ​ഹി​ത​ശു​ശ്രൂഷ നടക്കി​ല്ലാ​യി​രു​ന്നു. ശിക്ഷാർഹ​മാ​യ​തൊ​ന്നും ചെയ്യാതെ പ്രവാ​സി​ക​ളാ​കേ​ണ്ടി​വന്ന ദൈവ​ത്തി​ന്‍റെ വിശ്വ​സ്‌ത​രായ ദാസരും അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. ബാക്കി​യു​ള്ള​വ​രു​ടെ​കൂ​ടെ അവരും കഷ്ടപ്പെ​ടേ​ണ്ടി​വന്നു. എങ്കിലും ദൈവ​നി​യമം അനുസ​രി​ക്കാൻ അവർ അവർക്കാ​കു​ന്ന​തെ​ല്ലാം ചെയ്‌തു. ഉദാഹ​ര​ണ​ത്തിന്‌, ബാബി​ലോ​ണി​ലാ​യി​രു​ന്ന​പ്പോ​ഴും, ദാനി​യേ​ലും കൂട്ടു​കാ​രായ ശദ്രക്കും മേശക്കും അബേദ്‌-നെഗൊ​യും ജൂതന്മാർക്കു വിലക്കി​യി​രുന്ന ഭക്ഷണസാ​ധ​നങ്ങൾ ഒഴിവാ​ക്കി. അതു​പോ​ലെ ദാനി​യേൽ ദൈവ​ത്തോ​ടു പതിവാ​യി പ്രാർഥി​ക്കു​ക​യും ചെയ്‌തി​രു​ന്നെന്നു നമുക്ക് അറിയാം. (ദാനി. 1:8; 6:10) എങ്കിലും ഒരു പുറജാ​തീയ ഭരണത്തിൻകീ​ഴിൽ ദൈവ​ഭ​യ​മുള്ള ഒരു ജൂതന്‌, മോശ​യു​ടെ നിയമം അനുശാ​സി​ച്ചി​രുന്ന എല്ലാ കാര്യ​ങ്ങ​ളും പിൻപ​റ്റാൻ കഴിയി​ല്ലാ​യി​രു​ന്നു.

5. യഹോവ തന്‍റെ ജനത്തിന്‌ എന്തു പ്രത്യാ​ശ​യാ​ണു കൊടു​ത്തത്‌, ആ വാഗ്‌ദാ​നം എന്തു​കൊ​ണ്ടാ​ണു ശ്രദ്ധേ​യ​മാ​യി​രി​ക്കു​ന്നത്‌?

5 ദൈവം അംഗീ​ക​രി​ക്കുന്ന വിധത്തിൽ ദൈവത്തെ ആരാധി​ക്കാൻ ഇസ്രാ​യേ​ല്യർക്ക് എന്നെങ്കി​ലും കഴിയു​മാ​യി​രു​ന്നോ? അതു നടക്കാത്ത കാര്യ​മാ​ണെന്ന് അന്നു തോന്നി​ക്കാ​ണും. കാരണം, അടിമ​കളെ മോചി​പ്പി​ക്കുന്ന ഒരു രീതി ബാബി​ലോൺകാർക്കി​ല്ലാ​യി​രു​ന്നു. പക്ഷേ അത്‌ യഹോ​വ​യ്‌ക്കു ബാധക​മാ​കു​ക​യി​ല്ലാ​യി​രു​ന്നു. തന്‍റെ ജനത്തെ മോചി​പ്പി​ക്കു​മെന്ന് യഹോവ പറഞ്ഞി​രു​ന്നു, അവർ മോചി​ത​രാ​കു​ക​തന്നെ ചെയ്‌തു. ദൈവ​ത്തി​ന്‍റെ വാഗ്‌ദാ​നങ്ങൾ ഒരിക്ക​ലും പരാജ​യ​പ്പെ​ടു​ക​യില്ല.—യശ. 55:11.

ആധുനി​ക​കാ​ലത്ത്‌ സമാന​മായ എന്തെങ്കി​ലും സംഭവി​ച്ചി​ട്ടു​ണ്ടോ?

6, 7. ആധുനി​ക​കാല ബാബി​ലോ​ണി​ന്‍റെ അടിമ​ത്ത​ത്തെ​ക്കു​റി​ച്ചുള്ള നമ്മുടെ ഗ്രാഹ്യ​ത്തി​നു പൊരു​ത്ത​പ്പെ​ടു​ത്തൽ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

6 ബാബി​ലോ​ണി​ലെ അടിമ​ത്ത​ത്തി​നു സമാന​മായ എന്തെങ്കി​ലും ക്രിസ്‌ത്യാ​നി​കൾക്ക് എന്നെങ്കി​ലും സംഭവി​ച്ചി​ട്ടു​ണ്ടോ? ആധുനി​ക​കാ​ലത്തെ ദൈവ​ദാ​സർ 1918-ൽ ബാബി​ലോ​ണി​ന്‍റെ അടിമ​ത്ത​ത്തി​ലേക്കു പോ​യെ​ന്നും 1919-ൽ ആ അടിമ​ത്ത​ത്തിൽനിന്ന് മോചി​ത​രാ​യെ​ന്നും ഈ മാസിക അനേക​വർഷ​ങ്ങ​ളാ​യി പറഞ്ഞി​രു​ന്നു. എന്നാൽ ഈ വിഷയ​ത്തെ​ക്കു​റിച്ച് വീണ്ടും പരി​ശോ​ധി​ക്കു​ന്നത്‌ ആവശ്യ​മാണ്‌. അതിന്‍റെ ചില കാരണങ്ങൾ ഈ ലേഖന​ത്തി​ലും അടുത്ത ലേഖന​ത്തി​ലും നമ്മൾ ചർച്ച ചെയ്യും.

7 ഇതു ചിന്തി​ക്കുക: മഹതി​യാം ബാബി​ലോൺ വ്യാജ​മ​ത​ങ്ങ​ളു​ടെ ലോക​സാ​മ്രാ​ജ്യ​മാണ്‌. അതു​കൊണ്ട് 1918-ൽ ദൈവ​ജനം ബാബി​ലോ​ണി​ന്‍റെ അടിമ​ത്ത​ത്തി​ലാ​യി​രു​ന്നെന്നു പറയണ​മെ​ങ്കിൽ, ആ സമയത്ത്‌ അവർ ഏതെങ്കി​ലും വിധത്തിൽ വ്യാജ​മ​ത​ത്തി​ന്‍റെ അടിമ​ക​ളാ​യി​രി​ക്ക​ണ​മാ​യി​രു​ന്നു. പക്ഷേ, ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു മുമ്പുള്ള ദശകങ്ങ​ളിൽ അവർ ബാബി​ലോ​ണിൽനിന്ന് സ്വത​ന്ത്ര​രാ​കു​ക​യാ​ണു ചെയ്‌തത്‌, അല്ലാതെ അതിന്‍റെ അടിമകൾ ആയിത്തീ​രു​ക​യ​ല്ലാ​യി​രു​ന്നു എന്നു വസ്‌തു​തകൾ കാണി​ക്കു​ന്നു. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ സമയത്ത്‌ അഭിഷി​ക്തർക്കു പീഡനം സഹി​ക്കേ​ണ്ടി​വന്നു എന്നതു ശരിയാണ്‌. പക്ഷേ ലൗകി​കാ​ധി​കാ​രി​ക​ളാണ്‌ അവരെ പീഡി​പ്പി​ച്ചത്‌, അല്ലാതെ മഹതി​യാം ബാബി​ലോൺ ആയിരു​ന്നില്ല. അതു​കൊണ്ട്, യഹോ​വ​യു​ടെ ജനം ബാബി​ലോ​ണി​ന്‍റെ അടിമ​ത്ത​ത്തി​ലേക്കു പോയത്‌ 1918-ലാണെന്നു തോന്നു​ന്നില്ല.

ബാബി​ലോൺ അടിമത്തം—പക്ഷേ എന്ന്?

8. സത്യ​ക്രി​സ്‌ത്യാ​നി​ത്വം ദുഷി​പ്പി​ക്ക​പ്പെ​ടാൻ തുടങ്ങി​യത്‌ എങ്ങനെ? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

8 എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തിൽ ആയിര​ക്ക​ണ​ക്കി​നു ജൂതന്മാ​രും ജൂതമ​ത​ത്തി​ലേക്കു പരിവർത്തനം ചെയ്‌ത​വ​രും പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെട്ടു. ഈ പുതിയ ക്രിസ്‌ത്യാ​നി​കൾ “തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ഒരു വർഗവും രാജകീയ പുരോ​ഹി​ത​ഗ​ണ​വും വിശു​ദ്ധ​ജ​ന​ത​യും ദൈവ​ത്തി​ന്‍റെ സ്വന്തജ​ന​വും” ആയിത്തീർന്നു. (1 പത്രോസ്‌ 2:9, 10 വായി​ക്കുക.) അപ്പോ​സ്‌ത​ല​ന്മാർ അവരുടെ ജീവി​ത​കാ​ല​ത്തെ​ല്ലാം സഭകളു​ടെ കാര്യ​ത്തിൽ ജാഗ്രത കാണിച്ചു. എന്നാൽ അവരുടെ മരണ​ശേഷം “ശിഷ്യ​ന്മാ​രെ തങ്ങളുടെ പിന്നാലെ വശീക​രി​ച്ചു​കൊ​ണ്ടു​പോ​കാ​നാ​യി ഉപദേ​ശ​ങ്ങളെ വളച്ചൊ​ടി​ക്കുന്ന പുരു​ഷ​ന്മാർ” എഴു​ന്നേറ്റു. (പ്രവൃ. 20:30; 2 തെസ്സ. 2:6-8) സഭകളിൽ ഉത്തരവാ​ദി​ത്വ​സ്ഥാ​നം വഹിച്ചി​രു​ന്ന​വ​രാ​യി​രു​ന്നു അവരിൽ പലരും. മേൽവി​ചാ​ര​ക​ന്മാ​രാ​യി​രുന്ന അവർ പിന്നീടു “ബിഷപ്പു​മാർ” എന്ന് അറിയ​പ്പെ​ടാൻതു​ടങ്ങി. ‘നിങ്ങൾ എല്ലാവ​രും സഹോ​ദ​ര​ന്മാർ’ എന്നാണു യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞി​രു​ന്ന​തെ​ങ്കി​ലും ഒരു പുരോ​ഹി​ത​വർഗം രൂപം​കൊ​ള്ളു​ക​യാ​യി​രു​ന്നു. (മത്താ. 23:8) അരി​സ്റ്റോ​ട്ടി​ലി​ന്‍റെ​യും പ്ലേറ്റോ​യു​ടെ​യും തത്ത്വചി​ന്ത​ക​ളിൽ മുഴു​കി​യി​രുന്ന സഭയിലെ പ്രമു​ഖ​രായ വ്യക്തികൾ, ദൈവ​വ​ച​ന​ത്തി​ലെ വിശു​ദ്ധ​മായ പഠിപ്പി​ക്ക​ലു​ക​ളു​ടെ സ്ഥാനത്ത്‌ തെറ്റായ ആശയങ്ങൾ സഭയി​ലേക്കു കൊണ്ടു​വന്നു.

9. വിശ്വാ​സ​ത്യാ​ഗം സംഭവിച്ച ക്രിസ്‌ത്യാ​നി​ത്വ​ത്തി​നു റോമൻ സാമ്രാ​ജ്യ​ത്തി​ന്‍റെ പിന്തുണ ലഭിച്ചത്‌ എങ്ങനെ, എന്തു ഫലമു​ണ്ടാ​യി?

9 റോമൻ ചക്രവർത്തി​യായ കോൺസ്റ്റ​ന്‍റൈൻ എ.ഡി. 313-ൽ ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്‍റെ ഈ വിശ്വാ​സ​ത്യാ​ഗ​പ​ര​മായ രൂപത്തി​നു നിയമാം​ഗീ​കാ​രം നൽകി. അന്നുമു​തൽ സഭയും രാഷ്‌ട്ര​വും കൈ കോർത്ത്‌ പ്രവർത്തി​ക്കാൻതു​ടങ്ങി. അതിന്‍റെ ഒരു ഉദാഹ​രണം നോക്കാം. നിഖ്യാ സുന്നഹ​ദോ​സിൽ കോൺസ്റ്റ​ന്‍റൈൻ ചക്രവർത്തി​യും പങ്കെടു​ത്തി​രു​ന്നു. സുന്നഹ​ദോ​സി​നു ശേഷം യേശു​വി​നെ ദൈവ​മാ​യി അംഗീ​ക​രി​ക്കാൻ കൂട്ടാ​ക്കാ​തി​രുന്ന അരിയൂസ്‌ എന്ന പുരോ​ഹി​തനെ നാടു​ക​ട​ത്താൻ ചക്രവർത്തി ഉത്തരവി​ട്ടു. ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്‍റെ മായം ചേർത്ത ഈ രൂപത്തി​നു പിന്നീടു കത്തോ​ലി​ക്കാ​സഭ എന്നു പേരു​വന്നു. തിയോ​ഡോ​ഷസ്‌ ഒന്നാമൻ (എ.ഡി. 379-395) ചക്രവർത്തി​യു​ടെ ഭരണകാ​ലത്ത്‌ അതു റോമാ​സാ​മ്രാ​ജ്യ​ത്തി​ന്‍റെ ഔദ്യോ​ഗിക മതമായി. റോം നാലാം നൂറ്റാ​ണ്ടിൽ ‘ക്രിസ്‌തീ​യ​മാ​ക്ക​പ്പെട്ടു’ എന്നു ചരി​ത്ര​കാ​ര​ന്മാർ പറയുന്നു. പക്ഷേ സത്യം ഇതാണ്‌, ആ കാലമാ​യ​പ്പോ​ഴേ​ക്കും വിശ്വാ​സ​ത്യാ​ഗം ഭവിച്ച ക്രിസ്‌ത്യാ​നി​ത്വം റോമാ​സാ​മ്രാ​ജ്യ​ത്തി​ന്‍റെ മറ്റു മതങ്ങ​ളോ​ടൊ​പ്പം ചേർന്ന് മഹതി​യാം ബാബി​ലോ​ണി​ന്‍റെ ഭാഗമാ​യി​ത്തീർന്നി​രു​ന്നു. എങ്കിലും ആ സമയത്തും ഗോത​മ്പു​തു​ല്യ​രായ ഒരു കൂട്ടം അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ ദൈവത്തെ ആരാധി​ക്കാൻ തങ്ങളാ​ലാ​കു​ന്നതു ചെയ്യു​ന്നു​ണ്ടാ​യി​രു​ന്നു. പക്ഷേ അവരുടെ ശബ്ദം ആരും കേൾക്കു​ന്നു​ണ്ടാ​യി​രു​ന്നില്ല. (മത്തായി 13:24, 25, 37-39 വായി​ക്കുക.) ആ ക്രിസ്‌ത്യാ​നി​കൾ ശരിക്കും ബാബി​ലോ​ണി​ന്‍റെ അടിമ​ത്ത​ത്തി​ലാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു!

10. ആത്മാർഥ​ഹൃ​ദ​യ​രായ ആളുകൾക്ക് എന്തിന്‍റെ അടിസ്ഥാ​ന​ത്തിൽ സഭാപ​ഠി​പ്പി​ക്ക​ലു​കൾ ചോദ്യം ചെയ്യാ​നാ​കു​മാ​യി​രു​ന്നു?

10 എങ്കിലും ആദ്യത്തെ ചില നൂറ്റാ​ണ്ടു​ക​ളിൽ പല ആളുകൾക്കും ഗ്രീക്കി​ലോ ലാറ്റി​നി​ലോ ബൈബിൾ വായി​ക്കാ​നാ​കു​മാ​യി​രു​ന്നു. അങ്ങനെ അവർക്കു സഭയുടെ ഉപദേ​ശങ്ങൾ ദൈവ​വ​ച​ന​വു​മാ​യി ചേരു​ന്നു​ണ്ടോ എന്നു പരി​ശോ​ധി​ക്കാൻ കഴിഞ്ഞി​രു​ന്നു. ബൈബി​ളിൽനിന്ന് അവർ വായിച്ച കാര്യ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ സഭയുടെ തിരു​വെ​ഴു​ത്തു​പ​ര​മ​ല്ലാത്ത വിശ്വാ​സങ്ങൾ അവരിൽ ചിലർ തള്ളിക്ക​ളഞ്ഞു. പക്ഷേ അത്തരം അഭി​പ്രാ​യങ്ങൾ തുറന്ന് പ്രകടി​പ്പി​ക്കു​ന്നത്‌ അങ്ങേയറ്റം അപകട​ക​ര​മാ​യി​രു​ന്നു, ചില​പ്പോൾ അതു മരണത്തി​ലേ​ക്കു​പോ​ലും നയിക്കു​മാ​യി​രു​ന്നു.

11. ബൈബിൾ പുരോ​ഹി​ത​ന്മാ​രു​ടെ നിയ​ന്ത്ര​ണ​ത്തി​ലാ​യത്‌ എങ്ങനെ?

11 കാലം കടന്നു​പോ​യ​പ്പോൾ, ബൈബിൾ ലഭ്യമാ​യി​രുന്ന ഭാഷകൾ പൊതു​ജ​നങ്ങൾ ഉപയോ​ഗി​ക്കാ​താ​യി. ആളുകൾ സംസാ​രി​ക്കുന്ന ഭാഷക​ളി​ലേക്കു ദൈവ​വ​ചനം പരിഭാ​ഷ​പ്പെ​ടു​ത്താ​നുള്ള ശ്രമങ്ങളെ സഭ എതിർക്കാ​നും തുടങ്ങി. അതിന്‍റെ ഫലമായി പുരോ​ഹി​ത​ന്മാർക്കും നല്ല വിദ്യാ​ഭ്യാ​സ​മുള്ള ചിലർക്കും മാത്രമേ ബൈബിൾ വായി​ച്ചു​മ​ന​സ്സി​ലാ​ക്കാൻ കഴിയൂ എന്ന അവസ്ഥയാ​യി. പുരോ​ഹി​ത​ന്മാ​രിൽത്തന്നെ എല്ലാവർക്കും നന്നായി എഴുതാ​നും വായി​ക്കാ​നും അറിയി​ല്ലാ​യി​രു​ന്നു​താ​നും! സഭ പഠിപ്പി​ക്കു​ന്ന​തി​നെ ആരെങ്കി​ലും എതിർത്താൽ അവരെ കഠിന​മാ​യി ശിക്ഷി​ക്കു​മാ​യി​രു​ന്നു. ദൈവ​ത്തി​ന്‍റെ വിശ്വ​സ്‌ത​രായ അഭിഷി​ക്ത​ദാ​സർക്കു കൂടി​വ​രാൻ കഴിയു​മാ​യി​രു​ന്നെ​ങ്കിൽത്തന്നെ അതു വളരെ ശ്രദ്ധ​യോ​ടെ വേണമാ​യി​രു​ന്നു. പുരാ​ത​ന​നാ​ളിൽ ബാബി​ലോ​ണിൽ പ്രവാ​സ​ത്തി​ലാ​യി​രുന്ന സമയ​ത്തെ​പ്പോ​ലെ അഭിഷി​ക്ത​രായ ‘രാജകീയ പുരോ​ഹി​ത​ഗ​ണ​ത്തി​നും’ സംഘടി​ത​മായ വിധത്തിൽ പ്രവർത്തി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല. ജനങ്ങൾ മഹതി​യാം ബാബി​ലോ​ണി​ന്‍റെ നീരാ​ളി​പ്പി​ടു​ത്ത​ത്തി​ലാ​യി.

വെളിച്ചം കണ്ടുതു​ട​ങ്ങു​ന്നു

12, 13. മഹതി​യാം ബാബി​ലോ​ണിന്‌ ആളുക​ളു​ടെ മേലുള്ള നിയ​ന്ത്രണം അൽപ്പം അയയാൻ ഇടയാ​ക്കിയ രണ്ടു കാര്യങ്ങൾ ഏതൊക്കെ? വിശദീ​ക​രി​ക്കുക.

12 ദൈവം അംഗീ​ക​രി​ക്കുന്ന വിധത്തിൽ സ്വത​ന്ത്ര​രാ​യി ആരാധന നടത്താൻ സത്യ​ക്രി​സ്‌ത്യാ​നി​കൾക്ക് എന്നെങ്കി​ലും കഴിയു​മാ​യി​രു​ന്നോ? തീർച്ച​യാ​യും. അന്ധകാ​ര​ത്തി​ലേക്ക് ആത്മീയ​വെ​ളി​ച്ചം പതി​യെ​പ്പ​തി​യെ അരി​ച്ചെ​ത്താൻ തുടങ്ങി. അതിന്‌ ഇടയാ​ക്കിയ രണ്ടു പ്രധാ​ന​കാ​ര്യ​ങ്ങ​ളുണ്ട്. ഒന്ന്, പെറു​ക്കി​വെ​ക്കാ​വുന്ന അച്ചുകൾ ഉപയോ​ഗി​ച്ചുള്ള അച്ചടി​യ​ന്ത്ര​ത്തി​ന്‍റെ കണ്ടുപി​ടു​ത്തം. 15-‍ാ‍ം നൂറ്റാ​ണ്ടി​ന്‍റെ മധ്യ​ത്തോ​ടെ​യാ​യി​രു​ന്നു അത്‌. പാശ്ചാ​ത്യ​ലോ​കം അച്ചടി ആരംഭി​ക്കു​ന്ന​തി​നു മുമ്പ് ബൈബി​ളി​ന്‍റെ പകർപ്പു കൈ​കൊണ്ട് എഴുതി​യാണ്‌ ഉണ്ടാക്കി​യി​രു​ന്നത്‌. അതു വളരെ ബുദ്ധി​മു​ട്ടുള്ള ഒരു ജോലി​യാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ ബൈബി​ളി​ന്‍റെ പകർപ്പു​കൾ അങ്ങനെ ലഭ്യമ​ല്ലാ​യി​രു​ന്നു, ലഭിച്ചാൽത്തന്നെ നല്ല വിലയും കൊടു​ക്ക​ണ​മാ​യി​രു​ന്നു. വിദഗ്‌ധ​നായ ഒരു പകർപ്പെ​ഴു​ത്തു​കാ​രനു മുഴു​ബൈ​ബി​ളി​ന്‍റെ​യും ഒരു കൈ​യെ​ഴു​ത്തു​പ്രതി പൂർത്തി​യാ​ക്ക​ണ​മെ​ങ്കിൽ പത്തു മാസം വേണമാ​യി​രു​ന്നു. ഇനി എഴുതാൻ ഉപയോ​ഗി​ച്ചി​രുന്ന മൃഗങ്ങ​ളു​ടെ തോലു​കൊണ്ട് ഉണ്ടാക്കിയ വസ്‌തു​ക്ക​ളാ​ണെ​ങ്കിൽ വളരെ വില കൂടി​യ​തും. അതേസ​മയം, അച്ചടി​യ​ന്ത്ര​വും പേപ്പറും ഉപയോ​ഗിച്ച് അച്ചടി​ക്കുന്ന വിദഗ്‌ധ​നായ ഒരാൾക്ക്, ദിവസം 1300 പേജുകൾ പൂർത്തി​യാ​ക്കാൻ കഴിയു​മാ​യി​രു​ന്നു.

അച്ചടിയിലെ പുതിയ കണ്ടുപി​ടു​ത്ത​ങ്ങ​ളും ധീരരായ ബൈബിൾപ​രി​ഭാ​ഷ​ക​രും ബാബി​ലോ​ണി​ന്‍റെ നിയ​ന്ത്രണം അയഞ്ഞു​തു​ട​ങ്ങാൻ ഇടയാക്കി (12, 13 ഖണ്ഡികകൾ കാണുക)

13 രണ്ടാമത്തെ കാര്യം, 16-‍ാ‍ം നൂറ്റാ​ണ്ടി​ന്‍റെ തുടക്ക​ത്തിൽ, പൊതു​ജ​നങ്ങൾ സംസാ​രി​ക്കുന്ന ഭാഷയി​ലേക്കു ദൈവ​വ​ചനം പരിഭാ​ഷ​പ്പെ​ടു​ത്താൻ ധീരരായ ചില ആളുക​ളെ​ടുത്ത തീരു​മാ​ന​മാ​യി​രു​ന്നു. ജീവൻ പണയം വെച്ചു​കൊ​ണ്ടാ​ണു പല പരിഭാ​ഷ​ക​രും ഇതു ചെയ്‌തത്‌. സഭ പകച്ചു​പോ​യി. ദൈവ​ഭ​യ​മുള്ള ഒരു പുരു​ഷ​ന്‍റെ​യോ സ്‌ത്രീ​യു​ടെ​യോ കൈയിൽ ബൈബിൾ കിട്ടു​ന്നത്‌ അപകടം വരുത്തി​വെ​ക്കു​മാ​യി​രു​ന്നു. അല്ലെങ്കിൽ അങ്ങനെ​യാ​ണു സഭാ​നേ​താ​ക്ക​ന്മാർ കരുതി​യത്‌. ബൈബിൾ കൈയിൽ കിട്ടി​യ​പ്പോൾ ആളുകൾ അതു വായി​ക്കു​ക​തന്നെ ചെയ്‌തു. വായി​ച്ച​പ്പോൾ അവർക്കു ചോദ്യ​ങ്ങ​ളു​ണ്ടാ​യി: ദൈവ​വ​ച​ന​ത്തിൽ എവി​ടെ​യാ​ണു ശുദ്ധീ​ക​ര​ണ​സ്ഥ​ല​ത്തെ​ക്കു​റിച്ച് പറഞ്ഞി​രി​ക്കു​ന്നത്‌? മരിച്ച​വർക്കു​വേണ്ടി പണം കൊടുത്ത്‌ കർമങ്ങൾ നടത്തു​ന്ന​തി​നെ​ക്കു​റി​ച്ചോ? ഇനി, പാപ്പാ​മാ​രെ​യും കർദി​നാൾമാ​രെ​യും കുറി​ച്ചോ? സഭ ഇതിനെ ഒരു ധിക്കാ​ര​മാ​യാ​ണു കണ്ടത്‌. സഭാ​നേ​താ​ക്ക​ന്മാ​രെ ആളുകൾ ചോദ്യം ചെയ്യു​ന്നോ? സഭ തിരി​ച്ച​ടി​ച്ചു. സഭയുടെ പഠിപ്പി​ക്ക​ലു​കളെ തള്ളിക്ക​ള​ഞ്ഞെന്ന കുറ്റത്തി​നു സ്‌ത്രീ​ക​ളെ​യും പുരു​ഷ​ന്മാ​രെ​യും മതനി​ന്ദ​ക​രാ​യി കുറ്റം വിധിച്ചു. ആ പഠിപ്പി​ക്ക​ലു​ക​ളിൽ പലതും യേശു ജനിക്കു​ന്ന​തി​നു മുമ്പ് ജീവി​ച്ചി​രുന്ന അരി​സ്റ്റോ​ട്ടി​ലി​ന്‍റെ​യും പ്ലേറ്റോ​യു​ടെ​യും പുറജാ​തീയ തത്ത്വചി​ന്ത​കളെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള​താ​യി​രു​ന്നു. കുറ്റക്കാ​രാ​യി കണ്ടവരെ സഭ വധശി​ക്ഷ​യ്‌ക്കു വിധിച്ചു. ഭരണകൂ​ടം അതു നടപ്പാക്കി. ആളുകൾ ബൈബിൾ വായി​ക്കു​ന്ന​തും സഭയെ ചോദ്യം ചെയ്യു​ന്ന​തും നിരു​ത്സാ​ഹ​പ്പെ​ടു​ത്തുക എന്നതാ​യി​രു​ന്നു ലക്ഷ്യം. ഒരു പരിധി​വരെ ആ പദ്ധതി വിജയി​ക്കു​ക​യും ചെയ്‌തു. എങ്കിലും മഹതി​യാം ബാബി​ലോൺ തങ്ങളെ ഭയപ്പെ​ടു​ത്താൻ ധീരരായ ചില വ്യക്തികൾ സമ്മതി​ച്ചില്ല. ദൈവ​വ​ച​ന​ത്തി​ന്‍റെ ഉള്ളടക്കം അവർക്ക് ഏതാണ്ട് മനസ്സി​ലാ​യി​രു​ന്നു. പക്ഷേ അവർ കൂടുതൽ അറിയാൻ ആഗ്രഹി​ച്ചു. അങ്ങനെ വ്യാജ​മ​ത​ത്തി​ന്‍റെ പിടി​യിൽനിന്ന് പുറത്ത്‌ കടക്കാ​നുള്ള വേദി ഒരുങ്ങി.

14. (എ) 1800-കളുടെ അവസാ​ന​ത്തോ​ടെ ബൈബിൾസ​ത്യം മെച്ചമാ​യി മനസ്സി​ലാ​ക്കാൻ ഇടയാ​ക്കിയ കാര്യങ്ങൾ എന്തൊക്കെ? (ബി) സത്യത്തി​നു​വേ​ണ്ടി​യുള്ള റസ്സൽ സഹോ​ദ​രന്‍റെ അന്വേ​ഷണം വിശദീ​ക​രി​ക്കുക.

14 സഭയ്‌ക്ക് അധികം നിയ​ന്ത്ര​ണ​മി​ല്ലാത്ത രാജ്യ​ങ്ങ​ളി​ലേക്കു ബൈബിൾസ​ത്യ​ത്തി​നാ​യി ദാഹി​ച്ചവർ പലായനം ചെയ്‌തു. സ്വത​ന്ത്ര​മാ​യി വായി​ക്കാ​നും പഠിക്കാ​നും മറ്റുള്ള​വ​രു​മാ​യി അതെക്കു​റിച്ച് സംസാ​രി​ക്കാ​നും അവർ ആഗ്രഹി​ച്ചു. അങ്ങനെ​യുള്ള ഒരു രാജ്യ​മാ​യി​രു​ന്നു ഐക്യ​നാ​ടു​കൾ. അവിടെ ചാൾസ്‌ റ്റെയ്‌സ്‌ റസ്സലും ഏതാനും ചില സഹകാ​രി​ക​ളും ചേർന്ന് 1800-കളുടെ അവസാ​ന​ത്തോ​ടെ ബൈബിൾ ചിട്ടയായ വിധത്തിൽ പഠിക്കാൻതു​ടങ്ങി. അപ്പോ​ഴുള്ള മതങ്ങളിൽ ഏതാണു സത്യം പഠിപ്പി​ക്കുന്ന മതമെന്നു കണ്ടുപി​ടി​ക്കാ​നാ​യി​രു​ന്നു ആദ്യം റസ്സൽ സഹോ​ദരൻ ശ്രമി​ച്ചത്‌. ക്രൈ​സ്‌ത​വ​ലോ​ക​ത്തിൽപ്പെ​ടാത്ത ചില മതങ്ങളു​ടേ​ത​ടക്കം വ്യത്യസ്‌ത മതങ്ങളു​ടെ പഠിപ്പി​ക്ക​ലു​കളെ അദ്ദേഹം ബൈബിൾ പറയു​ന്ന​തു​മാ​യി ഒത്തു​നോ​ക്കി. ഒരു മതവും ബൈബിൾ പറയു​ന്ന​തി​നോ​ടു പൂർണ​മാ​യി യോജി​ക്കു​ന്നി​ല്ലെന്ന് അദ്ദേഹം പെട്ടെന്നു മനസ്സി​ലാ​ക്കി. ഒരു ഘട്ടത്തിൽ അദ്ദേഹം ആ പ്രദേ​ശത്തെ ചില പുരോ​ഹി​ത​ന്മാ​രു​മാ​യി സംസാ​രി​ച്ചു. താനും തന്‍റെ സഹകാ​രി​ക​ളും ബൈബി​ളിൽനിന്ന് മനസ്സി​ലാ​ക്കിയ സത്യങ്ങൾ അവരു​മാ​യി പങ്കു​വെച്ചു. ആ പുരോ​ഹി​ത​ന്മാർ അവരുടെ സഭകളിൽ ആ സത്യങ്ങൾ പഠിപ്പി​ക്കു​മെന്ന് അദ്ദേഹം പ്രതീ​ക്ഷി​ച്ചു. പക്ഷേ അവർക്കു താത്‌പ​ര്യ​മി​ല്ലാ​യി​രു​ന്നു. ബൈബിൾവി​ദ്യാർഥി​കൾ ഒരു കാര്യം മനസ്സി​ലാ​ക്ക​ണ​മാ​യി​രു​ന്നു: വ്യാജ​മ​ത​ത്തി​ന്‍റെ പഠിപ്പി​ക്ക​ലു​കൾ മുറുകെ പിടി​ക്കു​ന്ന​വ​രു​മാ​യി ഒരു പങ്കാളി​ത്ത​വും സാധി​ക്കില്ല.—2 കൊരി​ന്ത്യർ 6:14 വായി​ക്കുക.

15. (എ) എന്നാണു ക്രിസ്‌ത്യാ​നി​കൾ മഹതി​യാം ബാബി​ലോ​ണി​ന്‍റെ നിയ​ന്ത്ര​ണ​ത്തി​ലാ​യത്‌? (ബി) അടുത്ത ലേഖന​ത്തിൽ ഏതു ചോദ്യ​ങ്ങൾ ചർച്ച ചെയ്യും?

15 ഇതുവരെ പഠിച്ച​തിൽനിന്ന് ഒരു കാര്യം മനസ്സി​ലാ​ക്കാൻ കഴിയും. അവസാ​നത്തെ അപ്പോ​സ്‌ത​ലന്‍റെ മരണത്തി​നു ശേഷം അധികം വൈകാ​തെ സത്യ​ക്രി​സ്‌ത്യാ​നി​കൾ ബാബി​ലോ​ണി​ന്‍റെ അടിമ​ത്ത​ത്തി​ലാ​യി. എന്നാൽ ഇതു ചില ചോദ്യ​ങ്ങൾ ഉയർത്തു​ന്നു: 1914-നു മുമ്പുള്ള വർഷങ്ങ​ളിൽ അഭിഷി​ക്തർ മഹതി​യാം ബാബി​ലോ​ണി​ന്‍റെ അടിമ​ത്ത​ത്തി​ലേക്കു പോകു​ന്ന​തി​നു പകരം ആ അടിമത്തം പൊട്ടി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു എന്നതിനു കൂടു​ത​ലായ എന്തു തെളി​വു​ക​ളുണ്ട്? ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ തന്‍റെ ദാസരു​ടെ പ്രസം​ഗ​പ്ര​വർത്തനം മന്ദഗതി​യി​ലാ​യ​തി​നാൽ ദൈവം അവരോ​ടു കോപി​ച്ചെ​ന്നതു സത്യമാ​ണോ? ആ സമയത്ത്‌ നമ്മുടെ ചില സഹോ​ദ​രങ്ങൾ ക്രിസ്‌തീ​യ​നി​ഷ്‌പ​ക്ഷ​ത​യിൽ വിട്ടു​വീഴ്‌ച ചെയ്യു​ക​യും യഹോ​വ​യു​ടെ അപ്രീ​തി​ക്കു പാത്ര​മാ​കു​ക​യും ചെയ്‌തോ? ഇനി, ക്രിസ്‌ത്യാ​നി​കൾ എ.ഡി. രണ്ടാം നൂറ്റാ​ണ്ടിൽ വ്യാജ​മ​ത​ത്തി​ന്‍റെ അടിമ​ത്ത​ത്തി​ലേക്കു പോ​യെ​ങ്കിൽ എന്നാണ്‌ അവർ സ്വത​ന്ത്ര​രാ​യത്‌? ചിന്തി​ക്കേണ്ട ചോദ്യ​ങ്ങൾത​ന്നെ​യാണ്‌ ഇവ. ഇതിനുള്ള ഉത്തരങ്ങൾ അടുത്ത ലേഖന​ത്തി​ലുണ്ട്.