വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ വ്യക്തി​പ​ര​മായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

നിങ്ങൾ വ്യക്തി​പ​ര​മായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

“യഹോ​വ​യു​ടെ ഹിതം എന്തെന്നു ഗ്രഹി​ച്ചു​കൊ​ള്ളു​വിൻ.”—എഫെ. 5:17.

ഗീതം: 69, 57

1. ബൈബി​ളി​ലെ ചില കല്‌പ​നകൾ ഏതൊ​ക്കെ​യാണ്‌, അത്‌ അനുസ​രി​ക്കു​ന്നത്‌ നമുക്ക് എങ്ങനെ ഗുണം ചെയ്യും?

നമ്മൾ എന്തു ചെയ്യാ​നാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്ന​തെന്ന് വ്യക്തമാ​യി പറയുന്ന കല്‌പ​നകൾ യഹോവ ബൈബി​ളി​ലൂ​ടെ തന്നിട്ടുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, വിഗ്ര​ഹാ​രാ​ധ​ക​രോ, മോഷ്ടാ​ക്ക​ളോ, മദ്യപാ​നി​ക​ളോ, അസാന്മാർഗിക കാര്യങ്ങൾ ചെയ്യു​ന്ന​വ​രോ ആയിരി​ക്ക​രു​തെന്ന് ദൈവം നമ്മളോട്‌ പറയുന്നു. (1 കൊരി. 6:9, 10) യഹോ​വ​യു​ടെ പുത്ര​നായ യേശു തന്‍റെ അനുഗാ​മി​കൾക്ക് വ്യക്തമായ ഈ കല്‌പന നൽകി: “ആകയാൽ നിങ്ങൾ പോയി സകല ജനതക​ളി​ലും​പെട്ട ആളുകളെ ശിഷ്യ​രാ​ക്കി​ക്കൊ​ള്ളു​വിൻ. പിതാ​വി​ന്‍റെ​യും പുത്ര​ന്‍റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്‍റെ​യും നാമത്തിൽ അവരെ സ്‌നാനം കഴിപ്പി​ക്കു​ക​യും ഞാൻ നിങ്ങ​ളോ​ടു കൽപ്പി​ച്ച​തൊ​ക്കെ​യും പ്രമാ​ണി​ക്കാൻ തക്കവണ്ണം പഠിപ്പി​ക്കു​ക​യും ചെയ്യു​വിൻ. ഞാനോ യുഗസ​മാപ്‌തി​യോ​ളം എല്ലാനാ​ളും നിങ്ങ​ളോ​ടു​കൂ​ടെ​യുണ്ട്.” (മത്താ. 28:19, 20) യഹോ​വ​യും യേശു​വും നമ്മളോട്‌ ചെയ്യാൻ ആവശ്യ​പ്പെ​ടു​ന്ന​തെ​ല്ലാം നമ്മുടെ നന്മയ്‌ക്കു​വേ​ണ്ടി​യാണ്‌. നമുക്കും നമ്മുടെ കുടും​ബ​ത്തി​നും വേണ്ടി എങ്ങനെ കരുതാ​മെന്ന് യഹോ​വ​യു​ടെ നിയമങ്ങൾ നമ്മളെ പഠിപ്പി​ക്കു​ന്നു. അതു​പോ​ലെ, നല്ല ആരോ​ഗ്യ​വും സന്തോ​ഷ​വും നിലനി​റു​ത്താ​നുള്ള വഴികൾ കാണി​ച്ചു​ത​രി​ക​യും ചെയ്യുന്നു. ഏറ്റവും പ്രധാ​ന​മാ​യി, പ്രസം​ഗി​ക്കാ​നുള്ള കല്‌പന ഉൾപ്പെടെ യഹോ​വ​യു​ടെ എല്ലാ കല്‌പ​ന​ക​ളും നമ്മൾ അനുസ​രി​ക്കു​മ്പോൾ അത്‌ നമുക്ക് യഹോ​വ​യു​ടെ അംഗീ​കാ​ര​വും അനു​ഗ്ര​ഹ​വും നേടി​ത്ത​രും.

2, 3. (എ) ജീവി​ത​ത്തി​ലെ എല്ലാ സാഹച​ര്യ​ങ്ങൾക്കും വേണ്ട നിയമങ്ങൾ ബൈബിൾ നൽകാ​ത്തത്‌ എന്തു​കൊണ്ട്? (ബി) ഈ ലേഖന​ത്തിൽ നമ്മൾ ഏത്‌ ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കും? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

2 അതേസ​മയം, ജീവി​ത​ത്തി​ലെ ഓരോ സാഹച​ര്യ​ങ്ങ​ളി​ലും എന്ത് ചെയ്യണ​മെന്ന് ബൈബിൾ പറയു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ ഏതുതരം വസ്‌ത്രം ധരിക്ക​ണ​മെ​ന്ന​തി​നെ​ക്കു​റിച്ച് കൃത്യ​മായ നിയമ​ങ്ങ​ളൊ​ന്നും ബൈബിൾ വെക്കു​ന്നില്ല. വസ്‌ത്ര​ധാ​ര​ണ​രീ​തി ഓരോ പ്രദേ​ശ​ത്തി​ന​നു​സ​രിച്ച് മാത്രമല്ല, കാലത്തി​ന​നു​സ​രി​ച്ചും മാറി​ക്കൊ​ണ്ടി​രി​ക്കു​ന്നു. അതു​കൊണ്ട് സ്വീകാ​ര്യ​മായ വസ്‌ത്രങ്ങൾ ഏതൊ​ക്കെ​യാണ്‌ എന്നതിന്‍റെ ഒരു ലിസ്റ്റ് ബൈബിൾ തന്നിരു​ന്നെ​ങ്കിൽ ബൈബിൾ പണ്ടേ പഴഞ്ചൻ ആയേനേ. അതു​പോ​ലെ, ജോലി, ആരോ​ഗ്യ​പ​രി​പാ​ലനം, വിനോ​ദം തുടങ്ങിയ കാര്യ​ങ്ങ​ളിൽ ഒരു ക്രിസ്‌ത്യാ​നി എന്തു തീരു​മാ​ന​മെ​ടു​ക്കണം എന്നതു സംബന്ധിച്ച ഒരുപാ​ടു നിയമ​ങ്ങ​ളൊ​ന്നും ബൈബിൾ വെക്കു​ന്നില്ല. യഹോവ എത്ര ജ്ഞാനി​യാണ്‌ എന്നല്ലേ ഇതു കാണി​ക്കു​ന്നത്‌! ഇക്കാര്യ​ങ്ങ​ളിൽ തീരു​മാ​ന​മെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം വ്യക്തി​കൾക്കും കുടും​ബ​നാ​ഥ​ന്മാർക്കും യഹോവ കൊടു​ത്തി​രി​ക്കു​ന്നു.

3 നമ്മുടെ ജീവി​തത്തെ ബാധി​ക്കുന്ന പ്രധാ​ന​പ്പെട്ട ഒരു തീരു​മാ​ന​മെ​ടു​ക്കേ​ണ്ടി​വ​രു​മ്പോൾ ബൈബി​ളിൽ അതെക്കു​റിച്ച് നിയമങ്ങൾ ഒന്നും കാണു​ന്നി​ല്ലെ​ങ്കിൽ നമ്മൾ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: ‘എന്‍റെ തീരു​മാ​ന​ങ്ങ​ളിൽ യഹോ​വയ്‌ക്ക് താത്‌പ​ര്യ​മു​ണ്ടോ? ബൈബി​ളി​ലെ ഒരു നിയമം ലംഘി​ക്കാ​ത്തി​ട​ത്തോ​ളം ഞാൻ എന്തു തീരു​മാ​നി​ച്ചാ​ലും അത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​മോ? ഞാൻ എടുക്കുന്ന തീരു​മാ​നങ്ങൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​മെന്ന് എനിക്ക് എങ്ങനെ ഉറപ്പു​വ​രു​ത്താം?’

നമ്മുടെ തീരു​മാ​നങ്ങൾ നമ്മളെ​യും മറ്റുള്ള​വ​രെ​യും ബാധി​ക്കും

4, 5. നമ്മുടെ തീരു​മാ​നങ്ങൾ നമ്മളെ​യും മറ്റുള്ള​വ​രെ​യും ബാധി​ക്കു​ന്നത്‌ എങ്ങനെ?

4 തങ്ങൾക്ക് ഇഷ്ടമു​ള്ള​തെ​ന്തും ചെയ്യാ​മെന്ന് ചിലർ ചിന്തി​ക്കു​ന്നു. എന്നാൽ നമ്മൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട് ഒരു തീരു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മുമ്പ് ബൈബിൾ അതെക്കു​റിച്ച് എന്തു പറയു​ന്നു​വെന്ന് ചിന്തി​ക്കണം, എന്നിട്ട് അതിന്‌ ചേർച്ച​യിൽ വേണം തീരു​മാ​ന​മെ​ടു​ക്കാൻ. ഉദാഹ​ര​ണ​ത്തിന്‌, രക്തത്തിന്‍റെ ഉപയോ​ഗ​ത്തെ​ക്കു​റിച്ച് ദൈവ​ത്തി​ന്‍റെ വീക്ഷണം എന്താ​ണെന്ന് ബൈബിൾ വ്യക്തമാ​യി നമ്മളോട്‌ പറയുന്നു. അതു​കൊണ്ട് നമ്മൾ അത്‌ അനുസ​രി​ച്ചേ മതിയാ​കൂ. (ഉൽപ. 9:4; പ്രവൃ. 15:28, 29) യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന തരത്തി​ലുള്ള തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ സഹായി​ക്കണേ എന്ന് നമുക്ക് യഹോ​വ​യോട്‌ പ്രാർഥി​ക്കാം.

5 ഗൗരവം അർഹി​ക്കുന്ന വ്യക്തി​പ​ര​മായ തീരു​മാ​നങ്ങൾ നമ്മുടെ ആത്മീയ​തയെ ബാധി​ച്ചേ​ക്കാം. ഒരു നല്ല തീരു​മാ​നം യഹോ​വ​യോട്‌ അടുത്തു​ചെ​ല്ലാൻ നമ്മളെ സഹായി​ക്കും. എന്നാൽ ഒരു തെറ്റായ തീരു​മാ​നം യഹോ​വ​യു​മാ​യുള്ള നമ്മുടെ സൗഹൃദം തകർക്കും. അതു​പോ​ലെ, നമ്മുടെ തീരു​മാ​ന​ങ്ങൾക്ക് മറ്റുള്ള​വ​രെ​യും ബാധി​ക്കാ​നാ​കും. സഹോ​ദ​ര​ങ്ങളെ വിഷമി​പ്പി​ക്കു​ന്ന​തോ അവരുടെ വിശ്വാ​സം ദുർബ​ല​മാ​ക്കു​ന്ന​തോ ആയ ഒന്നും ചെയ്യാൻ നമ്മൾ ആഗ്രഹി​ക്കു​ന്നില്ല. സഹോ​ദ​ര​ങ്ങൾക്കി​ട​യിൽ ഒരു പ്രശ്‌നം സൃഷ്ടി​ക്കാ​നും നമ്മൾ ആഗ്രഹി​ക്കു​ന്നില്ല. അതു​കൊണ്ട് നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കേ​ണ്ടത്‌ വളരെ പ്രധാ​ന​മാണ്‌.—റോമർ 14:19; ഗലാത്യർ 6:7 വായി​ക്കുക.

6. എന്തായി​രി​ക്കണം നമ്മുടെ തീരു​മാ​ന​ങ്ങളെ നയിക്കു​ന്നത്‌?

6 എന്ത് ചെയ്യണ​മെന്ന് ബൈബിൾ കൃത്യ​മായ നിർദേശം തരാത്ത​പ്പോൾ നമുക്ക് എങ്ങനെ നല്ല തീരു​മാ​ന​മെ​ടു​ക്കാൻ കഴിയും? നമുക്ക് ഇഷ്ടമു​ള്ളത്‌ ചെയ്യു​ന്ന​തി​നു പകരം, നമ്മുടെ സാഹച​ര്യ​ത്തെ​ക്കു​റിച്ച് ശ്രദ്ധാ​പൂർവം ചിന്തിച്ച് യഹോ​വയെ പ്രീതി​പ്പെ​ടു​ത്തുന്ന വിധത്തി​ലുള്ള ഒരു തീരു​മാ​നം വേണം എടുക്കാൻ. അങ്ങനെ​യാ​കു​മ്പോൾ യഹോവ സഹായി​ക്കു​മെന്ന് നമുക്ക് ഉറപ്പു​ണ്ടാ​യി​രി​ക്കാം.—സങ്കീർത്തനം 37:5 വായി​ക്കുക.

ഞാൻ എന്ത് ചെയ്യാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌?

7. നേരി​ട്ടുള്ള ബൈബിൾനി​യമം ഇല്ലാത്ത കാര്യ​ത്തിൽ നമ്മൾ എന്ത് ചെയ്യാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്ന​തെന്ന് നമുക്ക് എങ്ങനെ അറിയാം?

7 യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്നത്‌ എന്താ​ണെന്ന് നമുക്ക് എങ്ങനെ അറിയാം? “യഹോ​വ​യു​ടെ ഹിതം എന്തെന്നു ഗ്രഹി​ച്ചു​കൊ​ള്ളു​വിൻ” എന്ന് എഫെസ്യർ 5:17 പറയുന്നു. നേരി​ട്ടുള്ള ബൈബിൾനി​യമം ഇല്ലാത്ത ഒരു കാര്യ​ത്തിൽ നമ്മൾ എന്ത് ചെയ്യാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്ന​തെന്ന് നമുക്ക് എങ്ങനെ അറിയാം? യഹോ​വ​യോട്‌ പ്രാർഥി​ച്ചു​കൊ​ണ്ടും പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ യഹോവ നൽകുന്ന നിർദേ​ശങ്ങൾ സ്വീക​രി​ച്ചു​കൊ​ണ്ടും നമുക്ക് അത്‌ അറിയാൻ കഴിയും. നമ്മൾ ഗ്രഹി​ച്ചെ​ടു​ക്കണം അഥവാ മനസ്സി​ലാ​ക്കി​യെ​ടു​ക്കണം. അത്‌ എങ്ങനെ ചെയ്യാം?

8. യേശു എന്തു ചെയ്യാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്ന​തെന്ന് യേശു എങ്ങനെ ഗ്രഹിച്ചു? ഉദാഹ​രണം പറയുക.

8 താൻ എന്ത് ചെയ്യാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്ന​തെന്ന് യേശു എപ്പോ​ഴും മനസ്സി​ലാ​ക്കി​യെ​ടു​ത്തി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ജനക്കൂട്ടം വിശന്നി​രുന്ന രണ്ടു സാഹച​ര്യ​ങ്ങ​ളിൽ യേശു പ്രാർഥി​ച്ചിട്ട് ഒരു അത്ഭുത​ത്തി​ലൂ​ടെ അവർക്ക് ആഹാരം കൊടു​ത്തു. (മത്താ. 14:17-20; 15:34-37) എന്നാൽ യേശു​വിന്‌ വിശന്ന​പ്പോൾ കല്ലുകളെ അപ്പമാ​ക്കാൻ സാത്താൻ പറഞ്ഞെ​ങ്കി​ലും യേശു അങ്ങനെ ചെയ്‌തില്ല. (മത്തായി 4: 2-4 വായി​ക്കുക.) പിതാ​വി​നെ നന്നായി അറിയാ​മാ​യി​രു​ന്ന​തി​നാൽ വ്യക്തി​പ​ര​മായ ആവശ്യ​ത്തി​നു​വേണ്ടി പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗി​ക്കു​ന്നത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കി​ല്ലെന്ന് യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. പിതാവ്‌ തന്നെ വഴിന​യി​ക്കു​മെ​ന്നും തനിക്ക് ആവശ്യ​മായ ആഹാരം നൽകു​മെ​ന്നും യേശു​വിന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു.

9, 10. നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ നമ്മളെ എന്തു സഹായി​ക്കും? ദൃഷ്ടാ​ന്തീ​ക​രി​ക്കുക.

9 വഴിന​ട​ത്തി​പ്പി​നാ​യി യഹോ​വ​യിൽ ആശ്രയി​ക്കു​മ്പോൾ യേശു​വി​നെ​പ്പോ​ലെ നമുക്കും നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാം. ബൈബിൾ പറയുന്നു: “പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയിക്ക; സ്വന്ത വിവേ​ക​ത്തിൽ ഊന്നരു​തു. നിന്‍റെ എല്ലാവ​ഴി​ക​ളി​ലും അവനെ നിനെ​ച്ചു​കൊൾക; അവൻ നിന്‍റെ പാതകളെ നേരെ​യാ​ക്കും; നിനക്കു തന്നേ നീ ജ്ഞാനി​യായ്‌തോ​ന്ന​രു​തു; യഹോ​വയെ ഭയപ്പെട്ടു ദോഷം വിട്ടു​മാ​റുക.” (സദൃ. 3:5-7) യഹോവ ചിന്തി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്ന് അറിയാ​മെ​ങ്കിൽ ഒരു പ്രത്യേ​ക​സാ​ഹ​ച​ര്യ​ത്തിൽ നമ്മൾ എന്ത് ചെയ്യാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്ന​തെന്ന് നമുക്ക് മനസ്സി​ലാ​കും. യഹോ​വ​യു​ടെ ചിന്തക​ളെ​ക്കു​റിച്ച് എത്രയ​ധി​കം പഠിക്കു​ന്നു​വോ, യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന തരത്തി​ലുള്ള തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ അത്രയ​ധി​കം എളുപ്പ​മാ​യി​ത്തീ​രും. അങ്ങനെ, ദൈവ​ത്തി​ന്‍റെ വഴിന​ട​ത്തി​പ്പി​നോട്‌ പ്രതി​ക​രി​ക്കുന്ന ഹൃദയം നേടി​യെ​ടു​ക്കാൻ നമുക്കാ​കും.

10 ഉദാഹ​ര​ണ​ത്തിന്‌, വിവാ​ഹി​ത​യായ ഒരു സ്‌ത്രീ ഷോപ്പി​ങ്ങി​നി​ടെ നല്ലൊരു സാരി കാണുന്നു. എന്നാൽ അതിന്‌ വില അല്‌പം കൂടു​ത​ലാണ്‌. ഭർത്താവ്‌ കൂടെ​യി​ല്ലെ​ങ്കി​ലും അതിനു​വേണ്ടി അത്രയും പണം മുടക്കി​യാൽ അദ്ദേഹം എന്തു വിചാ​രി​ക്കു​മെന്ന് അവൾക്ക് അറിയാം. എങ്ങനെ? വിവാഹം കഴിഞ്ഞിട്ട് കുറച്ചു നാളാ​യ​തു​കൊണ്ട് പണം എങ്ങനെ ചെലവ​ഴി​ക്കാ​നാണ്‌ അദ്ദേഹം ആഗ്രഹി​ക്കു​ന്ന​തെന്ന് അവൾ ഇതി​നോ​ടകം മനസ്സി​ലാ​ക്കി​യി​ട്ടുണ്ട്. ഇതു​പോ​ലെ യഹോവ എങ്ങനെ ചിന്തി​ക്കു​ന്നു എന്നും മുൻകാ​ല​ങ്ങ​ളിൽ എങ്ങനെ​യാണ്‌ കാര്യങ്ങൾ ചെയ്‌ത​തെ​ന്നും പഠിച്ചാൽ വ്യത്യസ്‌ത​സാ​ഹ​ച​ര്യ​ങ്ങ​ളിൽ നമ്മൾ എന്തു ചെയ്യാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്ന​തെന്ന് നമുക്ക് മനസ്സി​ലാ​കും.

യഹോ​വ​യു​ടെ ചിന്ത എന്താ​ണെന്ന് നമുക്ക് എങ്ങനെ കണ്ടെത്താം?

11. ബൈബിൾ വായി​ക്കു​ക​യോ പഠിക്കു​ക​യോ ചെയ്യു​മ്പോൾ നമുക്ക് നമ്മളോ​ടു​തന്നെ ഏതു ചോദ്യ​ങ്ങൾ ചോദി​ക്കാം? (“ ബൈബിൾ പഠിക്കു​മ്പോൾ സ്വയം ചോദി​ക്കുക” എന്ന ചതുരം കാണുക.)

11 യഹോ​വ​യു​ടെ ചിന്ത എന്താ​ണെന്ന് നമുക്ക് എങ്ങനെ കണ്ടെത്താം? അതിനു പറ്റിയ ഏറ്റവും നല്ലൊരു മാർഗം ബൈബിൾ ക്രമമാ​യി വായി​ക്കു​ക​യും പഠിക്കു​ക​യും ചെയ്യു​ന്ന​താണ്‌. ഇത്‌ ചെയ്യു​മ്പോൾ നമുക്ക് നമ്മോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കാം: ‘യഹോ​വ​യെ​ക്കു​റിച്ച് ഇത്‌ എന്നെ എന്തു പഠിപ്പി​ക്കു​ന്നു? യഹോവ എന്തു​കൊ​ണ്ടാണ്‌ അങ്ങനെ ചെയ്‌തത്‌?’ ദാവീ​ദി​നെ​പ്പോ​ലെ യഹോ​വയെ നന്നായി അറിയാ​നുള്ള സഹായ​ത്തി​നാ​യി നമ്മളും പ്രാർഥി​ക്കണം. ദാവീദ്‌ ഇങ്ങനെ എഴുതി: “യഹോവേ, നിന്‍റെ വഴികളെ എന്നെ അറിയി​ക്കേ​ണമേ; നിന്‍റെ പാതകളെ എനിക്കു ഉപദേ​ശി​ച്ചു​ത​രേ​ണമേ! നിന്‍റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പി​ക്കേ​ണമേ; നീ എന്‍റെ രക്ഷയുടെ ദൈവ​മാ​കു​ന്നു​വ​ല്ലോ; ദിവസം മുഴു​വ​നും ഞാൻ നിങ്കൽ പ്രത്യാ​ശ​വെ​ക്കു​ന്നു.” (സങ്കീ. 25:4, 5) ബൈബി​ളിൽനിന്ന് പഠിക്കുന്ന ഒരു കാര്യം ഏതൊക്കെ സാഹച​ര്യ​ങ്ങ​ളിൽ എവി​ടെ​യൊ​ക്കെ ഉപയോ​ഗി​ക്കാൻ കഴിയു​മെന്ന് നമുക്ക് ചിന്തി​ക്കാം. വീട്ടി​ലോ ജോലി​സ്ഥ​ല​ത്തോ സ്‌കൂ​ളി​ലോ ശുശ്രൂ​ഷ​യി​ലോ നമുക്ക് അത്‌ ഉപയോ​ഗി​ക്കാ​നാ​കു​മോ? ആ വിവരം എവിടെ ഉപയോ​ഗി​ക്കാൻ കഴിയു​മെന്നു തീരു​മാ​നി​ച്ചു​ക​ഴി​ഞ്ഞാൽ അത്‌ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാ​മെന്ന് തിരി​ച്ച​റി​യാൻ എളുപ്പ​മാ​യി​ത്തീ​രും.

12. ഒരു കാര്യ​ത്തെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ ചിന്താ​ഗതി മനസ്സി​ലാ​ക്കാൻ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും സഭാ​യോ​ഗ​ങ്ങ​ളും എങ്ങനെ സഹായി​ക്കും?

12 യഹോ​വ​യു​ടെ ചിന്തകൾ മനസ്സി​ലാ​ക്കാൻ പറ്റുന്ന മറ്റൊരു വഴി ബൈബി​ളിൽനിന്ന് യഹോ​വ​യു​ടെ സംഘടന പഠിപ്പി​ക്കുന്ന കാര്യ​ങ്ങൾക്ക് ശ്രദ്ധ കൊടു​ക്കുക എന്നതാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു തീരു​മാ​ന​മെ​ടു​ക്കേ​ണ്ടി​വ​രു​മ്പോൾ യഹോവ അതെക്കു​റിച്ച് എന്താണ്‌ ചിന്തി​ക്കു​ന്ന​തെന്ന് മനസ്സി​ലാ​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേ​ണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി​ക്കും വാച്ച്ടവർ പ്രസി​ദ്ധീ​കരണ സൂചി​കയ്‌ക്കും (ഇംഗ്ലീഷ്‌) നമ്മളെ സഹായി​ക്കാൻ കഴിയും. ശ്രദ്ധി​ച്ചി​രി​ക്കു​ക​യും അഭി​പ്രാ​യങ്ങൾ പറയു​ക​യും പഠിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച് ധ്യാനി​ക്കു​ക​യും ചെയ്യു​ക​യാ​ണെ​ങ്കിൽ സഭാ​യോ​ഗ​ങ്ങ​ളിൽനി​ന്നും നമുക്ക് പ്രയോ​ജനം ലഭിക്കും. യഹോവ ചിന്തി​ക്കുന്ന വിധത്തിൽ ചിന്തി​ക്കാൻ ഇത്‌ നമ്മളെ സഹായി​ക്കും. അതിന്‍റെ ഫലമായി യഹോ​വയെ പ്രസാ​ദി​പ്പി​ക്കുന്ന തരത്തി​ലുള്ള തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ കഴിയും. യഹോവ നമ്മളെ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്യും.

യഹോ​വ​യു​ടെ ചിന്ത നിങ്ങളു​ടെ തീരു​മാ​ന​ങ്ങളെ വഴിന​യി​ക്ക​ട്ടെ

13. യഹോവ ചിന്തി​ക്കു​ന്നത്‌ എന്താ​ണെന്ന് കണക്കി​ലെ​ടു​ത്താൽ നല്ല തീരു​മാ​നം എടുക്കാൻ കഴിയു​മെന്നു കാണി​ക്കുന്ന ഒരു ദൃഷ്ടാന്തം പറയുക.

13 യഹോ​വ​യു​ടെ ചിന്തക​ളെ​ക്കു​റി​ച്ചുള്ള അറിവ്‌ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ​യെന്ന് കാണി​ക്കുന്ന ഒരു ദൃഷ്ടാന്തം നോക്കാം. നിങ്ങൾ മുൻനി​ര​സേ​വനം ചെയ്യാൻ ആഗ്രഹി​ക്കു​ന്നു എന്ന് വിചാ​രി​ക്കുക. ശുശ്രൂ​ഷ​യിൽ കൂടുതൽ സമയം ചെലവ​ഴി​ക്കാ​നാ​യി നിങ്ങൾ ഇപ്പോൾത്തന്നെ ജീവി​ത​ത്തിൽ ചില മാറ്റങ്ങൾ വരുത്തി​ക്ക​ഴി​ഞ്ഞു. എന്നാൽ അല്‌പം പണവും ഏതാനും വസ്‌തു​വ​ക​ക​ളും കൊണ്ടു മാത്രം സന്തോ​ഷ​ത്തോ​ടെ ജീവി​ക്കാ​നാ​കും എന്ന കാര്യ​ത്തിൽ നിങ്ങൾക്ക് ഇപ്പോ​ഴും ഉറപ്പില്ല. യഹോ​വയെ സേവി​ക്കാൻ മുൻനി​ര​സേ​വനം ചെയ്യണ​മെന്ന് ബൈബിൾ പറയു​ന്നി​ല്ലെ​ന്നു​ള്ളത്‌ ശരിയാണ്‌. ഒരു പ്രചാ​ര​ക​നാ​യി​രു​ന്നു​കൊ​ണ്ടു​തന്നെ നമുക്ക് യഹോ​വയെ വിശ്വസ്‌ത​മാ​യി സേവി​ക്കാം. എന്നാൽ യേശു പറഞ്ഞത്‌ ദൈവ​രാ​ജ്യ​ത്തി​നു​വേണ്ടി ത്യാഗങ്ങൾ ചെയ്യു​ന്ന​വരെ യഹോവ അനു​ഗ്ര​ഹി​ക്കും എന്നാണ്‌. (ലൂക്കോസ്‌ 18:29, 30 വായി​ക്കുക.) യഹോ​വയെ സ്‌തു​തി​ക്കാൻ നമ്മളാ​ലാ​കു​ന്ന​തെ​ല്ലാം ചെയ്യു​മ്പോ​ഴാണ്‌ യഹോവ സന്തോ​ഷി​ക്കു​ന്നത്‌. നമ്മൾ യഹോ​വയെ സന്തോ​ഷ​ത്തോ​ടെ സേവി​ക്ക​ണ​മെ​ന്നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. (സങ്കീ. 119:108; 2 കൊരി. 9:7) ഇക്കാര്യ​ങ്ങ​ളെ​ക്കു​റിച്ച് പ്രാർഥി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യു​മ്പോൾ നമ്മുടെ സാഹച​ര്യ​ത്തിന്‌ ഇണങ്ങു​ന്ന​തും അതേസ​മയം യഹോ​വ​യു​ടെ അനു​ഗ്രഹം കിട്ടു​ന്ന​തും ആയ ഒരു തീരു​മാ​ന​മെ​ടു​ക്കാൻ നമുക്കാ​കും.

14. ഒരു വസ്‌ത്ര​ധാ​ര​ണ​രീ​തി യഹോ​വയ്‌ക്ക് സ്വീകാ​ര്യ​മാ​ണോ എന്ന് നിങ്ങൾക്ക് എങ്ങനെ തീരു​മാ​നി​ക്കാം?

14 മറ്റൊരു ദൃഷ്ടാന്തം നോക്കാം. ഒരു പ്രത്യേ​ക​ത​ര​ത്തി​ലുള്ള വസ്‌ത്ര​ധാ​രണം നിങ്ങൾക്ക് വലിയ ഇഷ്ടമാ​ണെ​ന്നി​രി​ക്കട്ടെ. പക്ഷേ, അത്തരം വസ്‌ത്രം ധരിച്ചാൽ സഭയി​ലുള്ള ചിലർക്ക് അത്‌ ഒരു ഇടർച്ച​യാ​യേ​ക്കാ​മെന്ന് നിങ്ങൾക്ക് അറിയാം. എന്നാൽ ആ വസ്‌ത്ര​ധാ​ര​ണ​രീ​തി​യെ​ക്കു​റിച്ച് ബൈബിൾ പ്രത്യേ​കി​ച്ചൊ​ന്നും പറയു​ന്നില്ല. ഇക്കാര്യ​ത്തിൽ യഹോ​വ​യു​ടെ ചിന്ത എന്താ​ണെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാൻ കഴിയും? ബൈബിൾ പറയുന്നു: “സ്‌ത്രീ​ക​ളും വിനയ​ത്തോ​ടും സുബോ​ധ​ത്തോ​ടും​കൂ​ടെ, യോഗ്യ​മായ വസ്‌ത്ര​ധാ​ര​ണ​ത്താൽ തങ്ങളെ​ത്തന്നെ അലങ്കരി​ക്കണം; കേശാ​ല​ങ്കാ​രങ്ങൾ, സ്വർണം, മുത്ത്‌, വില​യേ​റിയ വസ്‌ത്രം എന്നിവ​കൊ​ണ്ടല്ല, ദൈവ​ഭ​ക്തി​യുള്ള സ്‌ത്രീ​കൾക്കു യോജി​ച്ച​വി​ധം സത്‌പ്ര​വൃ​ത്തി​കൾകൊ​ണ്ടു​തന്നെ.” (1 തിമൊ. 2:9, 10) തത്ത്വത്തിൽ, ഈ ബുദ്ധി​യു​പ​ദേശം പുരു​ഷ​ന്മാർ ഉൾപ്പെടെ യഹോ​വ​യു​ടെ എല്ലാ ദാസർക്കും ബാധക​മാണ്‌. വിനയ​മു​ള്ള​വ​രാ​ണെ​ങ്കിൽ നമ്മുടെ വസ്‌ത്ര​ധാ​ര​ണ​ത്തെ​ക്കു​റിച്ച് മറ്റുള്ള​വർക്ക് എന്തു തോന്നും എന്ന് നമ്മൾ കണക്കി​ലെ​ടു​ക്കും. സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട് നമ്മൾ അവരെ വിഷമി​പ്പി​ക്കു​ക​യോ ഇടറി​ക്കു​ക​യോ ഇല്ല. (1 കൊരി. 10:23, 24; ഫിലി. 3:17) ബൈബി​ളി​ന്‍റെ അഭി​പ്രാ​യ​വും യഹോ​വ​യു​ടെ ചിന്തയും കണക്കി​ലെ​ടു​ക്കു​ക​യാ​ണെ​ങ്കിൽ യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന തരത്തി​ലുള്ള തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ നമുക്ക് കഴിയും.

15, 16. (എ) നമ്മൾ അസാന്മാർഗിക കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നാൽ യഹോ​വയ്‌ക്ക് എന്ത് തോന്നും? (ബി) നമ്മൾ തിര​ഞ്ഞെ​ടു​ക്കുന്ന വിനോ​ദം യഹോ​വയ്‌ക്ക് ഇഷ്ടമാ​കു​മോ എന്ന് എങ്ങനെ മനസ്സി​ലാ​ക്കാം? (സി) ഗൗരവം അർഹി​ക്കുന്ന തീരു​മാ​നങ്ങൾ എങ്ങനെ എടുക്കണം?

15 ആളുകൾ ദുഷിച്ച കാര്യങ്ങൾ ചെയ്യു​മ്പോ​ഴും മോശ​മായ കാര്യ​ങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കു​മ്പോ​ഴും യഹോ​വയെ അത്‌ വളരെ​യ​ധി​കം വിഷമി​പ്പി​ക്കു​മെന്ന് ബൈബിൾ പറയുന്നു. (ഉൽപത്തി 6:5, 6 വായി​ക്കുക.) അസാന്മാർഗി​ക​കാ​ര്യ​ങ്ങൾ ഭാവന​യിൽ കാണു​ന്നത്‌ തെറ്റാണ്‌. വാസ്‌ത​വ​ത്തിൽ ഇത്തരം കാര്യ​ങ്ങ​ളെ​ക്കു​റിച്ച് നമ്മൾ ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നാൽ അസാന്മാർഗി​ക​പ്ര​വർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടാ​നുള്ള സാധ്യത ഏറെയാണ്‌. നമ്മൾ ശുദ്ധവും നിർമ​ല​വും ആയ കാര്യങ്ങൾ ചിന്തി​ക്ക​ണ​മെ​ന്നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. “ഉയരത്തിൽനി​ന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ​ല​മാ​കു​ന്നു; കൂടാതെ അതു സമാധാ​നം പ്രിയ​പ്പെ​ടു​ന്ന​തും ന്യായ​ബോ​ധ​മു​ള്ള​തും അനുസ​രി​ക്കാൻ സന്നദ്ധമാ​യ​തും കരുണ​യും സത്‌ഫ​ല​ങ്ങ​ളും നിറഞ്ഞ​തു​മാ​കു​ന്നു; അതു പക്ഷപാതം കാണി​ക്കാ​ത്ത​തും കാപട്യം ഇല്ലാത്ത​തു​മാണ്‌.” (യാക്കോ. 3:17) അതു​കൊണ്ട് മോശ​മായ കാര്യങ്ങൾ ആഗ്രഹി​ക്കാ​നോ മനസ്സിൽ കാണാ​നോ പ്രേരി​പ്പി​ക്കുന്ന എല്ലാ വിനോ​ദ​ങ്ങ​ളും നമ്മൾ ഒഴിവാ​ക്കണം. യഹോവ ഇഷ്ടപ്പെ​ടു​ന്ന​തും വെറു​ക്കു​ന്ന​തും ആയ കാര്യങ്ങൾ എന്തെല്ലാ​മാ​ണെന്ന് മനസ്സി​ലാ​ക്കു​ന്നെ​ങ്കിൽ ഏതൊക്കെ പുസ്‌ത​ക​ങ്ങ​ളും സിനി​മ​ക​ളും ഗെയി​മു​ക​ളും ഒഴിവാ​ക്ക​ണ​മെന്ന് തീരു​മാ​നി​ക്കാൻ നമുക്ക് വളരെ എളുപ്പ​മാ​യി​രി​ക്കും.

16 ഒരു കാര്യ​ത്തെ​ക്കു​റിച്ച് പല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ കഴിയും. ഒരുപക്ഷേ എല്ലാം യഹോ​വയെ പ്രസാ​ദി​പ്പി​ക്കു​ന്ന​തു​മാ​യി​രി​ക്കാം. എന്നാൽ വളരെ പ്രധാ​ന​പ്പെട്ട തീരു​മാ​ന​മെ​ടു​ക്കേണ്ട സാഹച​ര്യ​ത്തിൽ ഒരു മൂപ്പ​നോ​ടോ അനുഭ​വ​പ​രി​ച​യ​മുള്ള ഒരു സഹോ​ദ​ര​നോ​ടോ സഹോ​ദ​രി​യോ​ടോ ഉപദേശം ചോദി​ക്കു​ന്നത്‌ നന്നായി​രി​ക്കും. (തീത്തോ. 2:3-5; യാക്കോ. 5:13-15) എങ്കിലും, നമുക്കു​വേണ്ടി ഒരു തീരു​മാ​ന​മെ​ടു​ക്കാൻ ആ വ്യക്തി​യോ​ടു പറയരുത്‌. പകരം ബൈബി​ളിൽനിന്ന് നമുക്ക് അറിയാ​വുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച് ഗൗരവ​മാ​യി ചിന്തിച്ച് നമ്മൾതന്നെ ഒരു തീരു​മാ​ന​മെ​ടു​ക്കണം. (എബ്രാ. 5:14) അപ്പൊസ്‌ത​ല​നായ പൗലോസ്‌ ഇങ്ങനെ എഴുതി: “ഓരോ​രു​ത്ത​നും താന്താന്‍റെ ചുമടു ചുമക്ക​ണ​മ​ല്ലോ.”—ഗലാ. 6:5

17. യഹോ​വയെ പ്രസാ​ദി​പ്പി​ക്കുന്ന തീരു​മാ​നങ്ങൾ എടുക്കു​ന്ന​തി​ലൂ​ടെ നമുക്ക് എന്ത് പ്രയോ​ജനം ലഭിക്കും?

17 യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന വിധത്തിൽ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ യഹോ​വ​യോട്‌ അടുത്ത്‌ ചെല്ലാ​നും യഹോ​വ​യു​ടെ അംഗീ​കാ​ര​വും അനു​ഗ്ര​ഹ​വും നേടാ​നും കഴിയും. (യാക്കോ. 4:8) അപ്പോൾ യഹോ​വ​യി​ലുള്ള നമ്മുടെ വിശ്വാ​സം ശക്തമാ​കും. അതു​കൊണ്ട് യഹോവ ചിന്തി​ക്കുന്ന വിധം മനസ്സി​ലാ​ക്കാൻ നമുക്ക് ബൈബിൾ വായി​ക്കു​ക​യും വായി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച് ആഴമായി ചിന്തി​ക്കു​ക​യും ചെയ്യാം. എപ്പോ​ഴും നമുക്ക് യഹോ​വ​യെ​ക്കു​റിച്ച് എന്തെങ്കി​ലും പുതു​താ​യി പഠിക്കാ​നു​ണ്ടാ​കും എന്ന കാര്യ​ത്തിൽ സംശയ​മില്ല. (ഇയ്യോ. 26:14) യഹോ​വ​യെ​ക്കു​റിച്ച് പഠിക്കാൻ നന്നായി ശ്രമി​ക്കു​ന്നെ​ങ്കിൽ ഇപ്പോൾത്തന്നെ നമ്മൾ ജ്ഞാനി​ക​ളാ​കു​ക​യും നല്ല തീരു​മാ​ന​മെ​ടു​ക്കാൻ പ്രാപ്‌ത​രാ​യി​ത്തീ​രു​ക​യും ചെയ്യും. (സദൃ. 2:1-5) മനുഷ്യ​രു​ടെ പദ്ധതി​ക​ളും ആശയങ്ങ​ളും മാറി​ക്കൊ​ണ്ടി​രി​ക്കും, എന്നാൽ യഹോ​വയ്‌ക്ക് മാറ്റമില്ല. സങ്കീർത്ത​ന​ക്കാ​രൻ പറഞ്ഞു: “യഹോ​വ​യു​ടെ ആലോചന ശാശ്വ​ത​മാ​യും അവന്‍റെ ഹൃദയ​വി​ചാ​രങ്ങൾ തലമു​റ​ത​ല​മു​റ​യാ​യും നില്‌ക്കു​ന്നു.” (സങ്കീ. 33:11) യഹോവ ചിന്തി​ക്കുന്ന വിധത്തിൽ ചിന്തി​ക്കാൻ പഠിച്ചു​കൊണ്ട് യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന കാര്യങ്ങൾ ചെയ്‌താൽ നമുക്ക് ഏറ്റവും നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നാ​കും, തീർച്ച!