വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യുവജ​ന​ങ്ങളേ, നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കുക

യുവജ​ന​ങ്ങളേ, നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കുക

‘വിശ്വാ​സം എന്നതോ കാണ​പ്പെ​ടാത്ത കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള, തെളി​വി​ല​ധിഷ്‌ഠി​ത​മായ നിശ്ചയ​മാ​കു​ന്നു.’—എബ്രാ. 11:1.

ഗീതം: 41, 69

1, 2. ഇന്നു യുവ​പ്രാ​യ​ക്കാർ എന്തു സമ്മർദ​മാ​ണു നേരി​ടു​ന്നത്‌, അതിനെ മറിക​ട​ക്കാൻ എന്തൊക്കെ ചെയ്യാ​നാ​കും?

“ദൈവ​ത്തിൽ വിശ്വ​സി​ക്കാൻ മാത്രം ബുദ്ധി​യി​ല്ലാ​ത്ത​വ​ളാ​ണോ നീ?” ബ്രിട്ട​നി​ലെ നമ്മുടെ ഒരു യുവസ​ഹോ​ദ​രി​യോ​ടു സഹപാഠി ചോദി​ച്ച​താണ്‌ ഇത്‌. ജർമനി​യി​ലുള്ള ഒരു സഹോ​ദരൻ എഴുതി: “സൃഷ്ടി​യെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്‍റെ വിവരണം ഒരു കെട്ടു​ക​ഥ​യാ​ണെ​ന്നാണ്‌ എന്‍റെ ടീച്ചർമാർ പറയു​ന്നത്‌. എല്ലാ വിദ്യാർഥി​ക​ളും പരിണാ​മ​ത്തി​ലാ​ണു വിശ്വ​സി​ക്കു​ന്നത്‌ എന്ന രീതി​യി​ലാണ്‌ അവർ പഠിപ്പി​ക്കു​ന്നത്‌.” ഫ്രാൻസി​ലെ ഒരു യുവസ​ഹോ​ദരി ഇങ്ങനെ പറയുന്നു: “ബൈബി​ളിൽ വിശ്വ​സി​ക്കുന്ന വിദ്യാർഥി​കൾ ഇപ്പോ​ഴു​മുണ്ട് എന്നത്‌ എന്‍റെ സ്‌കൂ​ളി​ലെ ടീച്ചർമാർക്ക് ഒരു അത്ഭുത​മാണ്‌.”

2 യഹോ​വയെ ആരാധി​ക്കുന്ന അല്ലെങ്കിൽ യഹോ​വ​യെ​ക്കു​റിച്ച് പഠിച്ചു​കൊ​ണ്ടി​രി​ക്കുന്ന ഒരു യുവവ്യ​ക്തി​യാ​ണു നിങ്ങ​ളെ​ങ്കിൽ ഒരു സ്രഷ്ടാ​വിൽ വിശ്വ​സി​ക്കു​ന്ന​തി​നു പകരം പരിണാ​മ​ത്തിൽ വിശ്വ​സി​ക്കാൻ നിങ്ങൾക്കു സമ്മർദ​മു​ണ്ടാ​കും. എങ്കിൽ നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കാ​നും അങ്ങനെ​തന്നെ നിലനി​റു​ത്താ​നും നിങ്ങൾക്കു ചെയ്യാ​നാ​കുന്ന ചിലതുണ്ട്. ദൈവം നിങ്ങൾക്കു തന്നിരി​ക്കുന്ന വകതി​രിവ്‌ അഥവാ ചിന്താ​ശേഷി നന്നായി ഉപയോ​ഗി​ക്കുക. “വകതി​രി​വു നിന്നെ കാക്കും” എന്നു ബൈബിൾ പറയുന്നു. നിങ്ങളു​ടെ വിശ്വാ​സം തകർത്തു​ക​ള​ഞ്ഞേ​ക്കാ​വുന്ന തത്ത്വചി​ന്ത​ക​ളിൽനിന്ന് അതു നിങ്ങളെ സംരക്ഷി​ക്കും.—സദൃശ​വാ​ക്യ​ങ്ങൾ 2:10-12 വായി​ക്കുക.

3. ഈ ലേഖന​ത്തിൽ നമ്മൾ എന്താണു പഠിക്കു​ന്നത്‌?

3 യഥാർഥ​വി​ശ്വാ​സ​ത്തി​ന്‍റെ അടിസ്ഥാ​നം ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സൂക്ഷ്മ​പ​രി​ജ്ഞാ​ന​മാണ്‌. (1 തിമൊ. 2:4) അതു​കൊണ്ട് ബൈബി​ളും ക്രിസ്‌തീ​യ​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും വെറുതേ വായി​ക്കു​ന്ന​തി​നു പകരം വായി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ച്ചു​കൊണ്ട് അവ ‘ഗ്രഹി​ക്കാൻ’ ശ്രമി​ക്കുക. (മത്താ. 13:23) അങ്ങനെ ചെയ്യു​ന്നത്‌, യഹോവ സ്രഷ്ടാ​വാ​ണെ​ന്നും ബൈബിൾ ദൈവ​ത്തിൽനി​ന്നാ​ണെ​ന്നും ഉള്ള നമ്മുടെ ബോധ്യം ശക്തമാ​ക്കും. അതി​നെ​ക്കു​റി​ച്ചാണ്‌ ഇനി നമ്മൾ പഠിക്കാൻപോ​കു​ന്നത്‌.—എബ്രാ. 11:1.

നിങ്ങളു​ടെ വിശ്വാ​സം എങ്ങനെ ശക്തമാ​ക്കാം?

4. ഒരാൾ വിശ്വ​സി​ക്കു​ന്നതു സൃഷ്ടി​യി​ലാ​യാ​ലും പരിണാ​മ​ത്തി​ലാ​യാ​ലും വിശ്വാ​സം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്, നമ്മൾ ഓരോ​രു​ത്ത​രും എന്തു ചെയ്യണം?

4 ആളുകൾ നിങ്ങ​ളോട്‌ ഇങ്ങനെ പറഞ്ഞേ​ക്കാം: “ഞാൻ പരിണാ​മ​ത്തിൽ വിശ്വ​സി​ക്കു​ന്ന​തി​ന്‍റെ കാരണം അതു സത്യമാ​ണെന്നു ശാസ്‌ത്ര​ജ്ഞ​ന്മാർ പറയു​ന്ന​തു​കൊ​ണ്ടാണ്‌. നമ്മൾ ആരും ദൈവത്തെ ഇതുവരെ കണ്ടിട്ടില്ല. പിന്നെ എങ്ങനെ​യാ​ണു ദൈവ​ത്തിൽ വിശ്വ​സി​ക്കുക?” പലരും ഇങ്ങനെ​യാ​ണു പറയു​ന്നത്‌. എന്നാൽ ഒന്നു ചിന്തി​ക്കുക: ഒരു വ്യക്തി വിശ്വ​സി​ക്കു​ന്നതു ദൈവ​ത്തി​ലാ​ണെ​ങ്കി​ലും പരിണാ​മ​ത്തി​ലാ​ണെ​ങ്കി​ലും, ഒരുത​ര​ത്തിൽ രണ്ടിനും വിശ്വാ​സം ആവശ്യ​മാണ്‌. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? നമ്മൾ ആരും ദൈവത്തെ കണ്ടിട്ടില്ല. ദൈവം സൃഷ്ടി നടത്തു​ന്ന​തും കണ്ടിട്ടില്ല. (യോഹ. 1:18) എന്നാൽ പരിണാ​മ​ത്തി​ന്‍റെ കാര്യ​വും അങ്ങനെ​ത​ന്നെ​യല്ലേ? ഒരു ശാസ്‌ത്ര​ജ്ഞ​നോ മറ്റ്‌ ആരെങ്കി​ലു​മോ, ഒരു ജീവരൂ​പ​ത്തിൽനിന്ന് മറ്റൊരു ജീവരൂ​പം പരിണ​മി​ക്കു​ന്നത്‌ ഇതുവരെ കണ്ടിട്ടില്ല. ഉദാഹ​ര​ണ​ത്തിന്‌, പാമ്പു​പോ​ലുള്ള ഒരു ഉരഗത്തിൽനിന്ന് ആനയെ​പ്പോ​ലുള്ള ഒരു സസ്‌തനി പരിണ​മി​ക്കു​ന്നത്‌ ആരും കണ്ടിട്ടില്ല. (ഇയ്യോ. 38:1, 4) അതു​കൊണ്ട് നമ്മൾ ഓരോ​രു​ത്ത​രും തെളി​വു​കൾ പരി​ശോ​ധി​ക്കു​ക​യും ചിന്താ​പ്രാപ്‌തി ഉപയോ​ഗിച്ച് ശരിയായ നിഗമ​ന​ങ്ങ​ളിൽ എത്തുക​യും വേണം. സൃഷ്ടി​യെ​ക്കു​റിച്ച് പൗലോസ്‌ ഇങ്ങനെ എഴുതി: “ലോക​സൃ​ഷ്ടി​മു​തൽ (ദൈവ​ത്തി​ന്‍റെ) അദൃശ്യ​ഗു​ണ​ങ്ങ​ളായ നിത്യ​ശ​ക്തി​യും ദൈവ​ത്ത്വ​വും അവന്‍റെ സൃഷ്ടി​ക​ളി​ലൂ​ടെ വ്യക്തമാ​യി കണ്ടു ഗ്രഹി​ക്കാൻ സാധി​ക്കു​മാറ്‌ വെളി​വാ​യി​രി​ക്കു​ന്നു. അതു​കൊണ്ട് അവർക്ക് ഒരു ഒഴിക​ഴി​വും പറയാ​നില്ല.”—റോമ. 1:20.

നിങ്ങളുടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച് മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കാൻ ഗവേഷ​ണോ​പാ​ധി​കൾ നന്നായി പ്രയോ​ജ​ന​പ്പെ​ടു​ത്തുക (5-‍ാ‍ം ഖണ്ഡിക കാണുക)

5. സൃഷ്ടി​യെ​ക്കു​റിച്ച് പഠിക്കാൻ ദൈവ​ജ​നത്തെ സഹായി​ക്കുന്ന ചില പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഏതൊ​ക്കെ​യാണ്‌?

5 ഒറ്റനോ​ട്ട​ത്തിൽ കാണാ​നാ​കാ​ത്ത​തോ വ്യക്തമ​ല്ലാ​ത്ത​തോ ആയ എന്തെങ്കി​ലും തിരി​ച്ച​റി​യു​ന്ന​തി​നെ​യാ​ണു “ഗ്രഹി​ക്കുക” എന്നതു​കൊണ്ട് അർഥമാ​ക്കു​ന്നത്‌. (എബ്രാ. 11:3) കാര്യങ്ങൾ ഗ്രഹി​ക്കാൻ ശ്രമി​ക്കു​ന്നവർ ഒരു കാര്യം വെറുതേ കാണു​ക​യും കേൾക്കു​ക​യും മാത്രമല്ല ചെയ്യു​ന്നത്‌, അവർ അതെക്കു​റിച്ച് ചിന്തി​ക്കു​ന്നു. അതിനു നമ്മളെ സഹായി​ക്കാൻ, യഹോ​വ​യു​ടെ സംഘടന ഗവേഷണം ചെയ്‌ത്‌ ധാരാളം പ്രസി​ദ്ധീ​ക​ര​ണങ്ങൾ നമുക്കു തന്നിട്ടുണ്ട്. വിശ്വാ​സ​ത്തി​ന്‍റെ കണ്ണുക​ളാൽ നമ്മുടെ സ്രഷ്ടാ​വി​നെ ‘കാണാൻ’ അവ നമ്മളെ സഹായി​ക്കും. (എബ്രാ. 11:27) ഈ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ ചിലതാണ്‌, സൃഷ്ടി​യി​ലെ അത്ഭുതങ്ങൾ ദൈവ​ത്തി​ന്‍റെ മഹത്ത്വം വിളി​ച്ചോ​തു​ന്നു (ഇംഗ്ലീഷ്‌) എന്ന വീഡി​യോ​യും ജീവൻ സൃഷ്ടി​ക്ക​പ്പെ​ട്ട​തോ? (ഇംഗ്ലീഷ്‌), ജീവന്‍റെ ഉത്ഭവം—പ്രസക്ത​മായ അഞ്ചു ചോദ്യ​ങ്ങൾ എന്നീ ലഘുപ​ത്രി​ക​ക​ളും നിങ്ങ​ളെ​ക്കു​റി​ച്ചു കരുത​ലുള്ള ഒരു സ്രഷ്ടാ​വു​ണ്ടോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​വും. നമ്മുടെ മാസി​ക​ക​ളി​ലും ഇത്തരത്തി​ലുള്ള വിവരങ്ങൾ ലഭ്യമാണ്‌. മുമ്പ് ദൈവ​ത്തിൽ വിശ്വ​സി​ക്കാ​തി​രുന്ന ശാസ്‌ത്ര​ജ്ഞ​ന്മാ​രും മറ്റു പലരും ആയി നടത്തിയ അഭിമു​ഖങ്ങൾ ഉണരുക!-യിൽ കാണാ​നാ​കും. അവർ എന്തു​കൊ​ണ്ടാണ്‌ ഇപ്പോൾ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്ന​തെന്ന് അതിൽ വിശദീ​ക​രി​ക്കു​ന്നു. “ആരുടെ കരവി​രുത്‌?” എന്ന ലേഖന​പ​രമ്പര പ്രകൃ​തി​യി​ലെ വിസ്‌മ​യ​ക​ര​മായ ചില രൂപമാ​തൃ​ക​ക​ളി​ലേക്കു നമ്മുടെ ശ്രദ്ധ കൊണ്ടു​പോ​കു​ന്നു—ശാസ്‌ത്ര​ജ്ഞ​ന്മാർപോ​ലും അനുക​രി​ക്കാൻ ആഗ്രഹി​ക്കുന്ന രൂപമാ​തൃ​കകൾ.

6. നമുക്കു ലഭിച്ചി​രി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ പ്രയോ​ജ​നങ്ങൾ എന്തൊ​ക്കെ​യാണ്‌, നിങ്ങൾക്ക് എന്തു പ്രയോ​ജ​ന​മാ​ണു ലഭിച്ചി​രി​ക്കു​ന്നത്‌?

6 മുകളിൽ പറഞ്ഞ രണ്ടു ലഘുപ​ത്രി​ക​ക​ളെ​ക്കു​റിച്ച് ഐക്യ​നാ​ടു​ക​ളി​ലുള്ള 19 വയസ്സു​കാ​ര​നായ ഒരു സഹോ​ദരൻ ഇങ്ങനെ പറഞ്ഞു: “ആ ലഘുപ​ത്രി​കകൾ എനിക്കു ശരിക്കും പ്രയോ​ജ​ന​പ്പെട്ടു. ഞാൻ അവ ഒരുപാ​ടു തവണ വായിച്ചു.” ഫ്രാൻസി​ലെ ഒരു സഹോ​ദരി എഴുതി: “‘ആരുടെ കരവി​രുത്‌?’ എന്ന ലേഖന​പ​രമ്പര വായി​ക്കു​മ്പോൾ എനിക്ക് അത്ഭുതം തോന്നാ​റുണ്ട്. പ്രകൃ​തി​യി​ലെ സങ്കീർണ​മായ രൂപമാ​തൃ​കകൾ അനുക​രി​ക്കാൻ പ്രഗത്ഭ​രായ എഞ്ചിനീ​യർമാർ ശ്രമം നടത്തു​ന്നുണ്ട്. പക്ഷേ അത്‌ അതേപടി പകർത്താൻ അവർക്കു സാധി​ക്കു​ന്നില്ല.” സൗത്ത്‌ ആഫ്രി​ക്ക​യി​ലുള്ള ഒരു 15 വയസ്സു​കാ​രി​യു​ടെ മാതാ​പി​താ​ക്കൾ ഇങ്ങനെ പറഞ്ഞു: “ഉണരുക! കൈയിൽ കിട്ടി​യാൽ ഞങ്ങളുടെ മകൾ ആദ്യം വായി​ക്കു​ന്നത്‌ ‘അഭിമു​ഖം’ എന്ന ഭാഗമാണ്‌.” ഇത്തരം സഹായങ്ങൾ നിങ്ങൾ പൂർണ​മാ​യും പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ടോ? നിങ്ങളു​ടെ വിശ്വാ​സം ആഴത്തിൽ വേരു​ക​ളുള്ള ഒരു വൃക്ഷം​പോ​ലെ​യാ​യി​ത്തീ​രാൻ അവ നിങ്ങളെ സഹായി​ക്കും. തെറ്റായ പഠിപ്പി​ക്ക​ലു​ക​ളു​ടെ ശക്തമായ കാറ്റു വീശു​മ്പോൾ വീണു​പോ​കാ​തി​രി​ക്കാൻ നിങ്ങളു​ടെ ആ വിശ്വാ​സം നിങ്ങളെ പ്രാപ്‌ത​രാ​ക്കും.—യിരെ. 17:5-8.

ബൈബി​ളി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം

7. നിങ്ങൾ ചിന്താ​പ്രാപ്‌തി ഉപയോ​ഗി​ക്ക​ണ​മെന്നു ദൈവം ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

7 ബൈബി​ളി​നെ​ക്കു​റിച്ച് സംശയങ്ങൾ ചോദി​ക്കു​ന്നതു തെറ്റാ​ണോ? ഒരിക്ക​ലു​മല്ല. ‘കാര്യ​ബോ​ധം’ അഥവാ ചിന്താ​പ്രാപ്‌തി ഉപയോ​ഗി​ച്ചു​കൊണ്ട് നിങ്ങൾ സത്യം സ്വയം ബോധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. അല്ലാതെ മറ്റുള്ളവർ വിശ്വ​സി​ക്കു​ന്ന​തു​കൊണ്ട് നിങ്ങൾ ഒരു കാര്യം വിശ്വ​സി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നില്ല. അതിനാൽ, ചിന്താ​പ്രാപ്‌തി ഉപയോ​ഗി​ച്ചു​കൊണ്ട് ബൈബിൾപ​രി​ജ്ഞാ​നം നേടുക. അതാണ്‌ യഥാർഥ​വി​ശ്വാ​സ​ത്തി​ന്‍റെ അടിസ്ഥാ​നം. (റോമർ 12:1, 2; 1 തിമൊ​ഥെ​യൊസ്‌ 2:4 വായി​ക്കുക.) ചില പഠന​പ്രോ​ജക്‌ടു​ക​ളി​ലൂ​ടെ അത്തരം പരിജ്ഞാ​നം നിങ്ങൾക്കു നേടാ​നാ​കും.

8, 9. (എ) പഠിക്കാ​നാ​യി ചിലർ ഏതൊക്കെ വിഷയങ്ങൾ തിര​ഞ്ഞെ​ടു​ക്കു​ന്നു? (ബി) പഠിച്ച കാര്യങ്ങൾ ധ്യാനി​ച്ച​തിൽനിന്ന് ചിലർക്ക് എന്തു പ്രയോ​ജനം ലഭിച്ചു?

8 ബൈബിൾപ്ര​വ​ച​ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള പഠനമാ​ണു ചിലർ പ്രോ​ജക്‌ടാ​യി തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നത്‌. മറ്റു ചിലരാ​കട്ടെ ബൈബി​ളി​ന്‍റെ ചരി​ത്ര​പ​ര​വും ശാസ്‌ത്രീ​യ​വും ആയ കൃത്യ​ത​യെ​ക്കു​റിച്ച് പഠിക്കു​ന്നു. വേറെ ചിലർക്കു ബൈബി​ളി​നോ​ടു ബന്ധപ്പെട്ട പുരാ​വസ്‌തു​ശാസ്‌ത്ര സംബന്ധ​മായ കാര്യ​ങ്ങ​ളി​ലാ​ണു താത്‌പ​ര്യം. പഠിക്കാൻ ആവേശ​മു​ണർത്തുന്ന ഒരു പ്രവച​ന​മാണ്‌ ഉൽപത്തി 3:15. ബൈബി​ളി​ന്‍റെ മുഖ്യ​വി​ഷ​യ​മായ ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ​യുള്ള ദൈവ​ത്തി​ന്‍റെ പരമാ​ധി​കാ​ര​ത്തി​ന്‍റെ സംസ്ഥാ​പ​ന​ത്തി​ലേ​ക്കും ദൈവ​നാ​മ​ത്തി​ന്‍റെ വിശു​ദ്ധീ​ക​ര​ണ​ത്തി​ലേ​ക്കും അതു ശ്രദ്ധ തിരി​ക്കു​ന്നു. ഒരർഥ​ത്തിൽ പറഞ്ഞാൽ, ഏദെൻ തോട്ടം​മു​തൽ മനുഷ്യർ അനുഭ​വി​ക്കുന്ന സകല കഷ്ടപ്പാ​ടു​കൾക്കും യഹോവ എങ്ങനെ​യാണ്‌ അവസാനം വരുത്തു​ന്ന​തെന്ന് ആ ഒരൊറ്റ വാക്യ​ത്തി​ലൂ​ടെ പറയുന്നു. ഉൽപത്തി 3:15 നിങ്ങൾക്ക് എങ്ങനെ പഠിക്കാൻ കഴിയും? ആ പ്രവച​ന​ത്തി​ന്‍റെ നിവൃ​ത്തി​യെ​ക്കു​റിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്ന മറ്റു തിരു​വെ​ഴു​ത്തു​ക​ളു​ടെ ഒരു ലിസ്റ്റ് നിങ്ങൾക്ക് ഉണ്ടാക്കാ​നാ​കും. എന്നിട്ട് ആ തിരു​വെ​ഴു​ത്തു​കൾ കാലാ​നു​ക്ര​മ​ത്തിൽ എഴുതുക. പ്രവാ​ച​ക​ന്മാ​രും ബൈബി​ളെ​ഴു​ത്തു​കാ​രും ‘പരിശു​ദ്ധാ​ത്മാ​വി​നാൽ പ്രചോ​ദി​ത​രാ​യി​രു​ന്നെന്ന്,’ ബൈബി​ളി​ന്‍റെ പരസ്‌പ​ര​യോ​ജി​പ്പു കാണു​മ്പോൾ നിങ്ങൾക്കു വ്യക്തമാ​കും.—2 പത്രോ. 1:21.

9 ബൈബി​ളി​ലെ ഓരോ പുസ്‌ത​ക​വും എങ്ങനെ​യാ​ണു ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച് വിശദീ​ക​രി​ക്കു​ന്ന​തെന്നു ജർമനി​യി​ലുള്ള ഒരു സഹോ​ദരൻ ചിന്തിച്ചു. അദ്ദേഹം പറയുന്നു: “അതു ശരിക്കും അതിശ​യ​മാണ്‌. കാരണം, ഏകദേശം 40 പേർ ചേർന്നാ​ണു ബൈബിൾ എഴുതി​യത്‌. അവരിൽ മിക്കവ​രും വ്യത്യസ്‌ത കാലഘ​ട്ട​ങ്ങ​ളിൽ ജീവി​ച്ചി​രു​ന്ന​വ​രാണ്‌. പലരും തമ്മിൽ പരിച​യ​മി​ല്ലാ​ത്ത​വ​രു​മാ​യി​രു​ന്നു.” പെസഹ​യു​ടെ അർഥ​ത്തെ​ക്കു​റിച്ച് ചർച്ച ചെയ്‌ത 2013 ഡിസംബർ 15 ലക്കം വീക്ഷാ​ഗോ​പു​രം ഓസ്‌ട്രേ​ലി​യ​യി​ലുള്ള ഒരു സഹോ​ദ​രി​യെ ആഴത്തിൽ സ്‌പർശി​ച്ചു. ആ പ്രത്യേക ആചരണം ഉൽപത്തി 3:15-ഉം മിശി​ഹ​യു​ടെ വരവും ആയി അടുത്ത്‌ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. സഹോ​ദരി ഇങ്ങനെ എഴുതി: “ആ ലേഖനം എന്‍റെ കണ്ണു തുറപ്പി​ച്ചു. യഹോവ എത്ര മഹാനായ ദൈവ​മാ​ണെന്ന് അത്‌ എന്നെ പഠിപ്പി​ച്ചു. ആ ആചരണം ഇസ്രാ​യേ​ല്യർക്കു മാത്ര​മു​ള്ള​താ​ണെ​ന്നാ​ണു ഞാൻ വിചാ​രി​ച്ചി​രു​ന്നത്‌. പക്ഷേ അതു യേശു​വി​ലേ​ക്കാ​ണു വിരൽ ചൂണ്ടു​ന്ന​തെന്നു പഠിച്ചത്‌ എന്നെ അതിശ​യി​പ്പി​ച്ചു. പെസഹാ​ഭ​ക്ഷ​ണ​ത്തി​ന്‍റെ പ്രാവ​ച​നി​ക​മായ അർഥം എത്ര മഹത്തര​മാ​ണെന്ന് ആ വിഷയ​ത്തെ​ക്കു​റിച്ച് ചിന്തി​ച്ച​പ്പോൾ എനിക്കു മനസ്സി​ലാ​യി.” എന്തു​കൊ​ണ്ടാണ്‌ ആ സഹോ​ദ​രിക്ക് അങ്ങനെ തോന്നി​യത്‌? വായി​ച്ച​തി​നെ​ക്കു​റിച്ച് സഹോ​ദരി ആഴത്തിൽ ചിന്തിച്ചു; അതിന്‍റെ അർഥം ‘ഗ്രഹിച്ചു.’ വിശ്വാ​സം ശക്തമാ​ക്കാ​നും യഹോ​വ​യോ​ടു കൂടുതൽ അടുക്കാ​നും അത്‌ ആ സഹോ​ദ​രി​യെ സഹായി​ച്ചു.—മത്താ. 13:23.

10. ബൈബി​ളെ​ഴു​ത്തു​കാ​രു​ടെ സത്യസന്ധത ബൈബി​ളി​ലുള്ള നമ്മുടെ വിശ്വാ​സം ശക്തമാ​ക്കു​ന്നത്‌ എങ്ങനെ?

10 ബൈബി​ളെ​ഴു​ത്തു​കാ​രു​ടെ ധൈര്യ​ത്തെ​യും സത്യസ​ന്ധ​ത​യെ​യും കുറിച്ച് പഠിക്കു​ന്നത്‌ നമ്മുടെ വിശ്വാ​സം ശക്തമാ​ക്കും. പണ്ടുകാ​ലത്തെ മിക്ക എഴുത്തു​കാ​രും അവരുടെ നേതാ​ക്ക​ളെ​യും സാമ്രാ​ജ്യ​ങ്ങ​ളെ​യും പുകഴ്‌ത്തുക മാത്രമേ ചെയ്‌തി​ട്ടു​ള്ളൂ. എന്നാൽ യഹോ​വ​യു​ടെ പ്രവാ​ച​ക​ന്മാർ എപ്പോ​ഴും സത്യം സംസാ​രി​ച്ചു. സ്വന്തം ജനത്തിന്‍റെ, എന്തിന്‌ രാജാ​ക്ക​ന്മാ​രു​ടെ​പോ​ലും, കുറവു​കൾ എഴുതി​വെ​ക്കാൻ അവർക്ക് ഒരു മടിയു​മി​ല്ലാ​യി​രു​ന്നു. (2 ദിന. 16:9, 10; 24:18-22) തങ്ങൾക്കും മറ്റു ദൈവ​ദാ​സർക്കും പറ്റിയ തെറ്റു​ക​ളും അവർ തുറ​ന്നെ​ഴു​തി. (2 ശമു. 12:1-14; മർക്കോ. 14:50) ബ്രിട്ട​നി​ലുള്ള ഒരു യുവസ​ഹോ​ദരൻ ഇങ്ങനെ പറഞ്ഞു: “ഇത്തരം സത്യസന്ധത അധിക​മെ​ങ്ങും കാണാൻ കഴിയില്ല. ബൈബിൾ സത്യമാ​യും യഹോ​വ​യു​ടേ​താണ്‌ എന്നതിന്‌ ഇത്‌ ഉറപ്പു തരുന്നു.”

11. ബൈബിൾത​ത്ത്വ​ങ്ങ​ളു​ടെ മൂല്യം മനസ്സി​ലാ​ക്കാൻ യുവ​പ്രാ​യ​ക്കാർക്ക് എങ്ങനെ സാധി​ക്കും?

11 മനുഷ്യ​ജീ​വി​ത​ത്തിൽ പ്രയോ​ജനം ചെയ്യുന്ന തത്ത്വങ്ങൾ ബൈബി​ളി​ലു​ള്ള​തു​കൊ​ണ്ടാണ്‌ അതു ദൈവ​വ​ച​ന​മാ​ണെന്നു പലരും വിശ്വ​സി​ക്കു​ന്നത്‌. (സങ്കീർത്തനം 19:7-11 വായി​ക്കുക.) ജപ്പാനി​ലുള്ള ഒരു യുവസ​ഹോ​ദരി ഇങ്ങനെ എഴുതി: “ബൈബിൾത​ത്ത്വ​ങ്ങൾ ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കി​യ​പ്പോൾ ഞങ്ങളുടെ കുടും​ബം കൂടുതൽ സന്തോ​ഷ​മു​ള്ള​താ​യി​ത്തീർന്നു. സമാധാ​ന​വും ഐക്യ​വും സ്‌നേ​ഹ​വും കുടും​ബ​ത്തി​ലു​ണ്ടാ​കാൻ അതു സഹായി​ച്ചു.” വ്യാജാ​രാ​ധ​ന​യിൽനി​ന്നും അനേകരെ വഴി​തെ​റ്റി​ക്കുന്ന അന്ധവി​ശ്വാ​സ​ങ്ങ​ളിൽനി​ന്നും ബൈബിൾത​ത്ത്വ​ങ്ങൾ നമ്മളെ സംരക്ഷി​ക്കു​ന്നു. (സങ്കീ. 115:3-8) ദൈവ​മി​ല്ലെന്നു പറയുന്ന തത്ത്വചി​ന്തകൾ ആളുകളെ ബാധി​ക്കു​ന്നു​ണ്ടോ? യഹോ​വയ്‌ക്കു മാത്ര​മുള്ള കഴിവു​കൾ പ്രകൃ​തി​ക്കു നൽകി​ക്കൊണ്ട് പരിണാ​മം​പോ​ലുള്ള പഠിപ്പി​ക്ക​ലു​കൾ പ്രകൃ​തി​യെ ഒരു ദൈവ​മാ​ക്കു​ന്നു. ഭാവി നമ്മുടെ നിയ​ന്ത്ര​ണ​ത്തി​ലാണ്‌ എന്ന് അത്തരക്കാർ അവകാ​ശ​പ്പെ​ടു​ന്നു. പക്ഷേ, ലോക​ത്തി​ലെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ അവർക്ക് ഇതുവ​രെ​യും കഴിഞ്ഞി​ട്ടില്ല.—സങ്കീ. 146:3, 4.

മറ്റുള്ള​വ​രു​മാ​യി എങ്ങനെ ന്യായ​വാ​ദം ചെയ്യാം?

12, 13. സഹപാ​ഠി​ക​ളോ​ടും ടീച്ചർമാ​രോ​ടും മറ്റുള്ള​വ​രോ​ടും സൃഷ്ടി​യെ​ക്കു​റി​ച്ചും ബൈബി​ളി​നെ​ക്കു​റി​ച്ചും നമുക്ക് എങ്ങനെ നന്നായി ന്യായ​വാ​ദം ചെയ്യാം?

12 സൃഷ്ടി​യെ​ക്കു​റി​ച്ചും ബൈബിളിനെക്കുറിച്ചും മറ്റുള്ള​വ​രോ​ടു നന്നായി ന്യായ​വാ​ദം ചെയ്യാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? മറ്റുള്ള​വ​രു​ടെ വിശ്വാ​സം എന്താ​ണെന്നു നിങ്ങൾക്കു നന്നായി അറിയാ​മെന്നു ചിന്തി​ക്ക​രുത്‌. ചിലർ പരിണാ​മ​ത്തിൽ വിശ്വ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒരു ദൈവ​മു​ണ്ടെ​ന്നും പറയുന്നു. ദൈവം പരിണാ​മ​ത്തി​ലൂ​ടെ​യാ​ണു വ്യത്യസ്‌ത ജീവരൂ​പങ്ങൾ സൃഷ്ടി​ച്ചത്‌ എന്നാണ്‌ അവരുടെ വാദം. പരിണാ​മം ഒരു സത്യമ​ല്ലാ​യി​രു​ന്നെ​ങ്കിൽ സ്‌കൂ​ളു​ക​ളിൽ അതു പഠിപ്പി​ക്കി​ല്ലാ​യി​രു​ന്നെന്നു ചിന്തി​ക്കു​ന്ന​തു​കൊണ്ട് മറ്റു ചിലർ പരിണാ​മ​ത്തിൽ വിശ്വ​സി​ക്കു​ന്നു. മതങ്ങളി​ലുള്ള വിശ്വാ​സം നഷ്ടപ്പെ​ട്ടതു കാരണ​മാ​ണു വേറെ ചിലർക്കു ദൈവ​വി​ശ്വാ​സ​മി​ല്ലാ​ത്തത്‌. അതു​കൊണ്ട് ജീവന്‍റെ ആരംഭ​ത്തെ​ക്കു​റിച്ച് ആരെങ്കി​ലു​മാ​യി സംസാ​രി​ക്കു​മ്പോൾ ആദ്യം​തന്നെ ആ വ്യക്തി​യു​ടെ വിശ്വാ​സം എന്താ​ണെന്നു ചോദി​ച്ചു​മ​ന​സ്സി​ലാ​ക്കുക. നിങ്ങൾ ന്യായ​ബോ​ധ​ത്തോ​ടെ ഇടപെ​ടു​ക​യും അവരെ ശ്രദ്ധി​ക്കാൻ മനസ്സു​കാ​ണി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ അവരും നിങ്ങൾ പറയു​ന്നതു ശ്രദ്ധി​ച്ചേ​ക്കാം.—തീത്തോ. 3:2.

13 സൃഷ്ടി​യി​ലുള്ള നിങ്ങളു​ടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച് ആരെങ്കി​ലും ചോദ്യം ചെയ്യു​ന്നെ​ങ്കിൽ നമുക്ക് എന്തു ചെയ്യാൻ കഴി​ഞ്ഞേ​ക്കും? ഒരു സ്രഷ്ടാ​വി​ല്ലാ​തെ ജീവൻ എങ്ങനെ ഉണ്ടായി എന്നു വിശദീ​ക​രി​ക്കാൻ അദ്ദേഹ​ത്തോട്‌ ആവശ്യ​പ്പെ​ടാം. ആദ്യമു​ണ്ടാ​യി​രുന്ന ജീവരൂ​പ​ത്തിൽനിന്ന് മറ്റൊന്ന് ഉണ്ടാക​ണ​മെ​ങ്കിൽ അതിന്‌ അതിന്‍റെ പകർപ്പു​ണ്ടാ​ക്കാൻ കഴിയണം അതായത്‌, അതിനു പുനരുത്‌പാ​ദ​ന​പ്രാപ്‌തി വേണം. ഈ പ്രക്രിയ നടക്കു​മ്പോൾ ആവശ്യ​മാ​യി​വ​രുന്ന ചില കാര്യ​ങ്ങ​ളെ​ക്കു​റിച്ച് ഒരു രസത​ന്ത്ര​ശാസ്‌ത്രജ്ഞൻ വിശദീ​ക​രി​ക്കു​ന്നു. അവയിൽ ചിലതാണ്‌: (1) ചർമം​പോ​ലെ ഒരു ആവരണം, (2) ഊർജം സ്വീക​രി​ക്കാ​നും ഉപയോ​ഗി​ക്കാ​നും ഉള്ള കഴിവ്‌, (3) രൂപ​ത്തെ​യും വളർച്ച​യെ​യും നിയ​ന്ത്രി​ക്കുന്ന ജീനുകൾ, (4) ആ വിവര​ങ്ങ​ളു​ടെ പകർപ്പു​കൾ ഉണ്ടാക്കാ​നുള്ള പ്രാപ്‌തി. അദ്ദേഹം പറയുന്നു: “ഏറ്റവും ലളിത​മായ ജീവരൂ​പം​പോ​ലും വളരെ സങ്കീർണ​മാ​ണെ​ന്നതു നമ്മളെ അതിശ​യി​പ്പി​ക്കു​ന്നു.”

14. സൃഷ്ടി​യെ​ക്കു​റിച്ച് ചർച്ച ചെയ്യു​മ്പോൾ നിങ്ങൾക്കു ലളിത​മായ ഏതു ന്യായ​വാ​ദം ഉപയോ​ഗി​ക്കാൻ കഴിയും?

14 ഒട്ടും പ്രതീ​ക്ഷി​ക്കാത്ത ഒരു സമയത്ത്‌ സൃഷ്ടി​യെ​ക്കു​റി​ച്ചോ പരിണാ​മ​ത്തെ​ക്കു​റി​ച്ചോ സംസാ​രി​ക്കേ​ണ്ടി​വ​രു​ന്നെ​ങ്കിൽ പൗലോസ്‌ പറഞ്ഞ ഈ ലളിത​മായ ന്യായ​വാ​ദം നിങ്ങൾക്ക് ഉപയോ​ഗി​ക്കാം. പൗലോസ്‌ എഴുതി: “ഏതു ഭവനവും നിർമി​ക്കാൻ ഒരാൾ വേണം; സകലവും നിർമി​ച്ച​വ​നോ ദൈവം​തന്നെ.” (എബ്രാ. 3:4) യുക്തി​യോ​ടെ​യുള്ള അത്തരം ന്യായ​വാ​ദം ഫലം ചെയ്യും. സങ്കീർണ​മായ രൂപകല്‌പ​ന​കൾക്കു ബുദ്ധി​ശ​ക്തി​യുള്ള ഒരാൾ കൂടിയേ തീരൂ എന്നു പറയുക. അനു​യോ​ജ്യ​മായ ഒരു പ്രസി​ദ്ധീ​ക​ര​ണ​വും നിങ്ങൾക്ക് ഉപയോ​ഗി​ക്കാ​നാ​യേ​ക്കും. ദൈവ​ത്തി​ലല്ല പരിണാ​മ​ത്തി​ലാ​ണു വിശ്വ​സി​ക്കു​ന്ന​തെന്നു പറഞ്ഞ ഒരു യുവാ​വിന്‌ ഒരു സഹോ​ദരി, ഈ ലേഖന​ത്തിൽ പരാമർശിച്ച ആ രണ്ടു ലഘുപ​ത്രി​കകൾ കൊടു​ത്തു. ഏകദേശം ഒരാഴ്‌ച കഴിഞ്ഞ​പ്പോൾ ആ വ്യക്തി ഇങ്ങനെ പറഞ്ഞു: “ഇപ്പോൾ ഞാൻ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നു.” ആ യുവാവ്‌ ബൈബിൾ പഠിക്കാ​മെന്നു സമ്മതിച്ചു. പിന്നീട്‌ നമ്മുടെ ഒരു സഹോ​ദ​ര​നാ​യി​ത്തീ​രു​ക​യും ചെയ്‌തു.

15, 16. ബൈബി​ളി​ന്‍റെ വിശ്വാ​സ്യ​ത​യെ​ക്കു​റിച്ച് സംസാ​രി​ച്ചു​തു​ട​ങ്ങു​ന്ന​തി​നു മുമ്പ് നിങ്ങൾ എന്തു ചെയ്യണം, എന്തായി​രി​ക്കണം നിങ്ങളു​ടെ ലക്ഷ്യം?

15 ബൈബി​ളിൽ വിശ്വ​സി​ക്കാത്ത ആളുക​ളോ​ടും നമ്മൾ ഇപ്പോൾ കണ്ട അതേ അടിസ്ഥാ​ന​ത​ത്ത്വ​ങ്ങൾ ഉപയോ​ഗിച്ച് ന്യായ​വാ​ദം ചെയ്യാം. ആ വ്യക്തി യഥാർഥ​ത്തിൽ എന്താണു വിശ്വ​സി​ക്കു​ന്ന​തെ​ന്നും ഏതു വിഷയ​ത്തി​ലാണ്‌ അദ്ദേഹ​ത്തി​നു താത്‌പ​ര്യ​മെ​ന്നും കണ്ടുപി​ടി​ക്കുക. (സദൃ. 18:13) ശാസ്‌ത്രീ​യ​കാ​ര്യ​ങ്ങ​ളിൽ താത്‌പ​ര്യ​മുള്ള വ്യക്തി​യാ​ണെ​ങ്കിൽ ബൈബി​ളി​ന്‍റെ ശാസ്‌ത്രീ​യ​കൃ​ത്യ​ത​യെ​ക്കു​റിച്ച് കാണി​ച്ചു​കൊ​ടു​ക്കാ​നാ​യേ​ക്കും. ബൈബിൾപ്ര​വ​ച​ന​ങ്ങ​ളു​ടെ നിവൃ​ത്തി​യും ബൈബി​ളി​ന്‍റെ ചരി​ത്ര​പ​ര​മായ കൃത്യ​ത​യും ആയിരി​ക്കാം മറ്റു ചിലരു​ടെ ശ്രദ്ധയാ​കർഷി​ക്കു​ന്നത്‌. അല്ലെങ്കിൽ, നല്ലൊരു ജീവിതം നയിക്കാൻ സഹായി​ക്കുന്ന തത്ത്വങ്ങൾ ബൈബി​ളിൽനിന്ന് കാണി​ച്ചു​കൊ​ടു​ക്കാ​നാ​യേ​ക്കും. ഗിരി​പ്ര​ഭാ​ഷ​ണം​പോ​ലുള്ള ഭാഗങ്ങ​ളിൽ അത്തരം അനേകം തത്ത്വങ്ങ​ളുണ്ട്.

16 ഹൃദയങ്ങൾ നേടുക എന്നതാണു നിങ്ങളു​ടെ ലക്ഷ്യം, അല്ലാതെ തർക്കത്തിൽ ജയിക്കുക എന്നതല്ല. അതു​കൊണ്ട് ഒരു നല്ല കേൾവി​ക്കാ​ര​നാ​യി​രി​ക്കുക. ആത്മാർഥ​മായ ചോദ്യ​ങ്ങൾ ചോദി​ക്കുക. നിങ്ങളു​ടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച് പറയു​മ്പോൾ സൗമ്യ​ത​യും ആദരവും കാണി​ക്കുക, പ്രത്യേ​കി​ച്ചും പ്രായ​മാ​യ​വ​രോട്‌. അങ്ങനെ​യെ​ങ്കിൽ നിങ്ങൾ പറയു​ന്നതു കേൾക്കാൻ അവർ മനസ്സു​കാ​ണി​ച്ചേ​ക്കും. നിങ്ങളു​ടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച് നിങ്ങൾ നന്നായി ചിന്തി​ക്കു​ന്നു​ണ്ടെ​ന്നും അവർക്കു മനസ്സി​ലാ​കും. പല യുവജ​ന​ങ്ങ​ളും അങ്ങനെ ചിന്തി​ക്കാ​റില്ല. അതേസ​മയം, വെറുതേ തർക്കി​ക്കു​ന്ന​വർക്കും നമ്മുടെ വിശ്വാ​സ​ങ്ങളെ കളിയാ​ക്കു​ന്ന​വർക്കും മറുപടി കൊടു​ക്കാ​നുള്ള കടപ്പാടു നിങ്ങൾക്കി​ല്ലെന്ന് ഓർക്കുക.—സദൃ. 26:4.

സത്യം നിങ്ങളു​ടെ സ്വന്തമാ​ക്കു​ക

17, 18. (എ) സത്യം സ്വന്തമാ​ക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാ​നാ​കും? (ബി) അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

17 ശക്തമായ വിശ്വാ​സം വേണ​മെ​ങ്കിൽ ബൈബി​ളി​ലെ അടിസ്ഥാ​ന​കാ​ര്യ​ങ്ങൾ മാത്രം അറിഞ്ഞി​രു​ന്നാൽ പോരാ. മറഞ്ഞി​രി​ക്കുന്ന നിക്ഷേ​പങ്ങൾ കണ്ടെത്തു​ന്ന​തി​നു നിങ്ങൾ ദൈവ​വ​ച​ന​ത്തി​ലേക്ക് ആഴത്തിൽ കുഴി​ച്ചി​റ​ങ്ങണം. (സദൃ. 2:3-6) കൂടുതൽ പഠിക്കാ​നാ​യി ലഭ്യമാ​യി​രി​ക്കുന്ന ഗവേഷ​ണോ​പാ​ധി​കൾ ഉപയോ​ഗി​ക്കുക. വാച്ച്ടവർ ഓൺലൈൻ ലൈ​ബ്രറി, യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേ​ണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി, ഡിവിഡി-യിലുള്ള വാച്ച്ടവർ ലൈ​ബ്രറി (ഇംഗ്ലീഷ്‌), വാച്ച്ടവർ പ്രസി​ദ്ധീ​കരണ സൂചിക (ഇംഗ്ലീഷ്‌) എന്നിവ​യൊ​ക്കെ നിങ്ങൾക്ക് ഉപയോ​ഗി​ക്കാ​നാ​യേ​ക്കും. ബൈബിൾ മുഴു​വ​നും വായി​ച്ചു​തീർക്കാൻ ഒരു ലക്ഷ്യം വെക്കുക. ഒരു വർഷം​കൊണ്ട് നിങ്ങൾക്ക് അതു പൂർത്തി​യാ​ക്കാൻ കഴി​ഞ്ഞേ​ക്കും. ദൈവ​വ​ചനം വായി​ക്കു​ന്നതു നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കും. ഒരു സർക്കിട്ട് മേൽവി​ചാ​രകൻ അദ്ദേഹ​ത്തി​ന്‍റെ യൗവന​കാ​ല​ത്തെ​ക്കു​റിച്ച് പറയുന്നു: “എന്‍റെ യൗവന​കാ​ലത്ത്‌ സ്ഥിരമാ​യി ബൈബിൾ വായി​ച്ച​താണ്‌ അതു ദൈവ​വ​ച​ന​മാ​ണെന്നു വിശ്വ​സി​ക്കാൻ എന്നെ സഹായി​ച്ചത്‌. കൊച്ചു​കു​ട്ടി​യാ​യി​രു​ന്ന​പ്പോൾമു​തൽ ഞാൻ കേട്ട ബൈബിൾക​ഥ​കൾക്കു കൂടുതൽ അർഥം കൈവന്നു. ആത്മീയ​മാ​യി പുരോ​ഗ​മി​ക്കാൻ അത്‌ എന്നെ സഹായി​ച്ചു.”

18 മാതാ​പി​താ​ക്കളേ, നിങ്ങളു​ടെ കുട്ടി​ക​ളു​ടെ ആത്മീയ​പു​രോ​ഗ​തി​യിൽ നിങ്ങൾക്കു വലി​യൊ​രു പങ്കുണ്ട്. ശക്തമായ വിശ്വാ​സ​മു​ള്ള​വ​രാ​യി​രി​ക്കാൻ നിങ്ങൾക്ക് അവരെ എങ്ങനെ സഹായി​ക്കാ​നാ​കും? അടുത്ത ലേഖന​ത്തിൽ അതിനുള്ള ഉത്തരം കാണാം.