ഉദാരമായി കൊടുക്കുന്നവർ സന്തുഷ്ടരാണ്
“വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്.”—പ്രവൃ. 20:35.
1. സൃഷ്ടി എങ്ങനെയാണ് യഹോവയുടെ ഉദാരതയുടെ തെളിവ് നൽകുന്നത്?
എല്ലാം സൃഷ്ടിക്കുന്നതിനു മുമ്പ് യഹോവ ഒറ്റയ്ക്കായിരുന്നു. എങ്കിലും യഹോവ സ്വന്തം കാര്യം മാത്രമല്ല ചിന്തിച്ചത്. പകരം യഹോവ ജീവൻ എന്ന സമ്മാനം പങ്കുവെക്കാൻ തീരുമാനിച്ചു. അങ്ങനെ ബുദ്ധിശക്തിയുള്ള ആത്മവ്യക്തികളെയും മനുഷ്യരെയും യഹോവ സൃഷ്ടിച്ചു. “സന്തോഷമുള്ള ദൈവം” ആയ യഹോവ നല്ല ദാനങ്ങൾ കൊടുക്കാൻ ഇഷ്ടപ്പെടുന്നു. (1 തിമൊ. 1:11; യാക്കോ. 1:17) നമ്മളും സന്തുഷ്ടരായിരിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ട് ഉദാരമായി കൊടുക്കാൻ യഹോവ നമ്മളെ പഠിപ്പിക്കുന്നു.—റോമ. 1:20.
2, 3. (എ) കൊടുക്കുന്നതു നമ്മളെ സന്തുഷ്ടരാക്കുന്നത് എന്തുകൊണ്ട്? (ബി) നമ്മൾ എന്താണു പഠിക്കാൻപോകുന്നത്?
2 ദൈവം മനുഷ്യനെ തന്റെ ഛായയിലാണു സൃഷ്ടിച്ചത്. (ഉൽപ. 1:27) അതായത്, തന്റെ വ്യക്തിത്വം പ്രതിഫലിപ്പിക്കാനുള്ള പ്രാപ്തിയോടെയാണു ദൈവം മനുഷ്യരെ സൃഷ്ടിച്ചത്. സന്തോഷവും സംതൃപ്തിയും ലഭിക്കണമെങ്കിൽ നമ്മൾ യഹോവയുടെ മാതൃക പിൻപറ്റിക്കൊണ്ട് മറ്റുള്ളവരുടെ ക്ഷേമത്തിൽ താത്പര്യം കാണിക്കുകയും അവർക്ക് ഉദാരമായി കൊടുക്കുകയും വേണം. (ഫിലി. 2:3, 4; യാക്കോ. 1:5) എന്തുകൊണ്ട്? ഉത്തരം ലളിതമാണ്, യഹോവ മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത് ആ വിധത്തിലാണ്. അപൂർണരാണെങ്കിൽപ്പോലും യഹോവയുടെ ഉദാരത അനുകരിക്കാൻ നമുക്കു കഴിയും.
3 നമുക്ക് എങ്ങനെ ഉദാരമായി കൊടുക്കുന്നവരാകാമെന്നു ബൈബിൾ പറയുന്നുണ്ട്. ചില വിധങ്ങൾ നമ്മൾ ഇപ്പോൾ ചിന്തിക്കും. ഔദാര്യമുള്ളവരായിരിക്കുന്നതു
ദൈവത്തിന്റെ പ്രീതി നേടിത്തരുന്നത് എങ്ങനെയെന്നു നമ്മൾ പഠിക്കും. അതുപോലെ ദൈവം നമ്മളെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വം നിർവഹിക്കുന്നതിന് ഈ ഗുണം എങ്ങനെ സഹായിക്കുമെന്നും ചിന്തിക്കും. ഉദാരത നമ്മുടെ സന്തോഷവുമായി എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നതെന്നും ഈ ഗുണം നഷ്ടമാകാതെ നോക്കേണ്ടതിന്റെ ആവശ്യം എന്താണെന്നും നമുക്കു പഠിക്കാം.ദൈവത്തിന്റെ പ്രീതി ആസ്വദിക്കാൻ കഴിയും
4, 5. ഉദാരത കാണിക്കുന്നതിൽ യഹോവയും യേശുവും എന്തു മാതൃകയാണു വെച്ചിരിക്കുന്നത്?
4 മനുഷ്യസൃഷ്ടികൾ തന്നെ അനുകരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. അതുകൊണ്ട് നമ്മൾ ഉദാരമനസ്കരായിരിക്കുന്നത് യഹോവയെ സന്തോഷിപ്പിക്കും. (എഫെ. 5:1) നമ്മളെ സൃഷ്ടിച്ചിരിക്കുന്ന വിധവും നമുക്കു ചുറ്റുമുള്ള പ്രകൃതിയുടെ മനോഹാരിതയും വൈവിധ്യവും എല്ലാം, മനുഷ്യർ സന്തുഷ്ടരായിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ്. (സങ്കീ. 104:24; 139:13-16) അതുകൊണ്ട് മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ ദൈവത്തെ ആദരിക്കുകയാണ്.
5 മനുഷ്യർക്ക് എങ്ങനെ ഉദാരത കാണിക്കാമെന്നതിന്റെ തികവുറ്റ മാതൃകയായ ക്രിസ്തുവിനെയും സത്യക്രിസ്ത്യാനികൾ അനുകരിക്കുന്നു. യേശുതന്നെ ഇങ്ങനെ പറഞ്ഞു: “മനുഷ്യപുത്രൻ വന്നതും ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി കൊടുക്കാനും ആണ്.” (മത്താ. 20:28) അതുപോലെ പൗലോസ് അപ്പോസ്തലൻ ക്രിസ്ത്യാനികളെ ഇങ്ങനെ ഉപദേശിച്ചു: ‘ക്രിസ്തുയേശുവിനുണ്ടായിരുന്ന അതേ മനോഭാവംതന്നെയാണു നിങ്ങൾക്കും വേണ്ടത്. യേശു തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് ഒരു അടിമയുടെ രൂപം എടുത്തു.’ (ഫിലി. 2:5, 7) നമ്മൾ സ്വയം ഇങ്ങനെ ചോദിക്കണം: ‘യേശുവിന്റെ മാതൃക അനുകരിക്കുന്നതിൽ എനിക്ക് ഇനിയും മെച്ചപ്പെടാനാകുമോ?’—1 പത്രോസ് 2:21 വായിക്കുക.
6. നല്ല ശമര്യക്കാരന്റെ ദൃഷ്ടാന്തകഥയിലൂടെ യേശു നമ്മളെ എന്താണു പഠിപ്പിച്ചത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
6 ഉദാരത കാണിക്കുന്നതിൽ യഹോവയുടെയും ക്രിസ്തുവിന്റെയും പൂർണമായ മാതൃക അനുകരിക്കുന്നെങ്കിൽ യഹോവയുടെ പ്രീതി നമുക്കു ലഭിക്കും. മറ്റുള്ളവരുടെ ക്ഷേമത്തിൽ ആത്മാർഥമായ താത്പര്യം കാണിക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള വഴികൾ അന്വേഷിക്കുകയും ചെയ്തുകൊണ്ട് നമുക്ക് അതു ചെയ്യാം. ത്യാഗങ്ങൾ ചെയ്തും തന്റെ അനുഗാമികൾ മറ്റുള്ളവരെ സഹായിക്കാൻ താൻ പ്രതീക്ഷിക്കുന്നുണ്ടെന്നു നല്ല ശമര്യക്കാരന്റെ ദൃഷ്ടാന്തകഥയിലൂടെ യേശു പഠിപ്പിച്ചു. ആളുകളുടെ പശ്ചാത്തലമൊന്നും നോക്കാതെ അവർ അങ്ങനെ ചെയ്യണമായിരുന്നു. (ലൂക്കോസ് 10:29-37 വായിക്കുക.) നല്ല ശമര്യക്കാരന്റെ കഥ പറയാൻ യേശുവിനെ പ്രേരിപ്പിച്ച ചോദ്യം നിങ്ങൾ ഓർക്കുന്നുണ്ടോ? ഒരു ജൂതൻ ചോദിച്ചു: “ആരാണ് യഥാർഥത്തിൽ എന്റെ അയൽക്കാരൻ?” ദൈവത്തിന്റെ പ്രീതി ലഭിക്കണമെങ്കിൽ നമ്മൾ ആ ശമര്യക്കാരനെപ്പോലെ ഉദാരമായി കൊടുക്കാൻ മനസ്സുള്ളവരായിരിക്കണമെന്നു യേശുവിന്റെ ഉത്തരം കാണിച്ചുതരുന്നു.
7. സാത്താൻ ഏദെൻ തോട്ടത്തിൽവെച്ച് ഏതു വിവാദവിഷയമാണ് ഉന്നയിച്ചത്, യഹോവ കാര്യങ്ങൾ ചെയ്യുന്ന വിധമാണ് ഏറ്റവും മികച്ചതെന്ന ബോധ്യം നമുക്കുണ്ടെന്ന് എങ്ങനെ കാണിക്കാം?
7 ഔദാര്യം കാണിക്കാൻ ക്രിസ്ത്യാനികളെ പ്രേരിപ്പിക്കുന്ന പ്രധാനപ്പെട്ട നിരവധി കാരണങ്ങളുണ്ട്. ഉദാഹരണത്തിന്, സാത്താൻ ഏദെൻ തോട്ടത്തിൽ ഉന്നയിച്ച വിവാദവിഷയവുമായി ഔദാര്യം എന്ന ഗുണത്തിനു ബന്ധമുണ്ട്. എങ്ങനെ? സ്വന്തം കാര്യം മാത്രം നോക്കുന്നതും ദൈവത്തോടുള്ള അനുസരണത്തെക്കാൾ സ്വന്തം ഇഷ്ടത്തിനു പ്രാധാന്യം കൊടുക്കുന്നതും ആണ് ആദാമിനും ഹവ്വയ്ക്കും നല്ലതെന്നു സാത്താൻ അവകാശപ്പെട്ടു. ദൈവത്തെപ്പോലെയാകാനുള്ള സ്വാർഥമായ അഭിലാഷത്തിന്റെ പുറത്ത് ഹവ്വ പ്രവർത്തിച്ചു. ആദാമാകട്ടെ, ഹവ്വയെ പ്രസാദിപ്പിക്കാനുള്ള സ്വാർഥമായ ആഗ്രഹവും പ്രകടിപ്പിച്ചു. (ഉൽപ. 3:4-6) അവരുടെ തീരുമാനങ്ങളുടെ വിപത്കരമായ ഫലങ്ങൾ പകൽപോലെ വ്യക്തമല്ലേ? സ്വാർഥത ഒരിക്കലും സന്തോഷത്തിലേക്കു നയിക്കില്ല. എന്നു മാത്രമല്ല, നേർവിപരീതമായിരിക്കും അതിന്റെ ഫലം. നമ്മൾ ഉദാരമനസ്കരാണെങ്കിൽ ദൈവം കാര്യങ്ങൾ ചെയ്യുന്ന വിധമാണ് ഏറ്റവും മികച്ചതെന്ന ബോധ്യം നമുക്കുണ്ടെന്നു കാണിക്കുകയാണ്.
ദൈവം തന്റെ ജനത്തെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വം നിറവേറ്റുന്നു
8. കൊടുക്കുന്ന കാര്യത്തിൽ ആദ്യമനുഷ്യദമ്പതികൾ ചിന്തയുള്ളവരായിരിക്കേണ്ടിയിരുന്നത് എന്തുകൊണ്ട്?
8 ആദ്യമനുഷ്യദമ്പതികൾക്ക് ഏദെൻ തോട്ടത്തിൽവെച്ച് ദൈവം ചില നിർദേശങ്ങൾ കൊടുത്തു. ഉൽപ. 1:28) തന്റെ സൃഷ്ടികളുടെ നന്മയിൽ സ്രഷ്ടാവിന് ആഴമായ താത്പര്യമുണ്ടായിരുന്നതുപോലെ ജനിക്കാനിരിക്കുന്ന മക്കളുടെ സന്തോഷത്തെക്കുറിച്ച് ആദ്യമാതാപിതാക്കളും ചിന്തിക്കണമായിരുന്നു. മക്കളുടെ പ്രയോജനത്തിനുവേണ്ടി അവർ ഭൂമി മുഴുവൻ പറുദീസയാക്കണമായിരുന്നു. ഈ ബൃഹത്തായ പരിപാടി ഭാവിതലമുറകളുടെയും സഹകരണത്തോടെ വേണമായിരുന്നു അവർ പൂർത്തിയാക്കാൻ.
അപ്പോൾ അവർ ഒറ്റയ്ക്കായിരുന്നെങ്കിലും മറ്റുള്ളവരുടെ ക്ഷേമത്തെക്കുറിച്ച് ചിന്തയുള്ളവരായിരിക്കാൻ അത് അവരെ പ്രേരിപ്പിക്കേണ്ടിയിരുന്നു. യഹോവ ആദാമിനെയും ഹവ്വയെയും അനുഗ്രഹിച്ചു; മക്കളെ ജനിപ്പിക്കാനും ഭൂമി നിറയാനും അതിന്മേൽ ആധിപത്യം നടത്താനും അവരോട് ആവശ്യപ്പെടുകയും ചെയ്തു. (9. പറുദീസ വ്യാപിപ്പിക്കുന്നതു സന്തോഷം നൽകുമായിരുന്നത് എന്തുകൊണ്ട്?
9 പൂർണതയുള്ള സ്ത്രീപുരുഷന്മാർ പറുദീസ മുഴുഭൂമിയിലേക്കും വ്യാപിപ്പിക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. യഹോവയുടെ ഉദ്ദേശ്യം നിറവേറ്റുന്നതിൽ യഹോവയോടു ചേർന്ന് പ്രവർത്തിക്കാനുള്ള അവസരമായിരുന്നു അത്. അതുവഴി അവർക്ക് യഹോവയുടെ സ്വസ്ഥതയിൽ പ്രവേശിക്കാൻ കഴിയുമായിരുന്നു. (എബ്രാ. 4:11) ഈ ബൃഹത്തായ പരിപാടി എത്ര സംതൃപ്തികരവും പ്രതിഫലദായകവും ആയിരുന്നേനേ എന്നു ചിന്തിച്ചുനോക്കൂ! മറ്റുള്ളവരുടെ ക്ഷേമത്തിനുവേണ്ടി ഉദാരമായി തങ്ങളെത്തന്നെ വിട്ടുകൊടുക്കുന്നതിൽ അവർക്ക് അളവറ്റ സംതൃപ്തി കിട്ടുമായിരുന്നു, യഹോവയിൽനിന്നും സമൃദ്ധമായ അനുഗ്രഹങ്ങളും!
10, 11. പ്രസംഗിക്കാനും ആളുകളെ ശിഷ്യരാക്കാനും ഉള്ള നിയമനം നമുക്ക് എങ്ങനെ നിറവേറ്റാം?
10 ഇന്ന്, പ്രസംഗിക്കാനും ആളുകളെ ശിഷ്യരാക്കാനും ഉള്ള നിയോഗം യഹോവ തന്റെ ജനത്തിനു കൊടുത്തിരിക്കുന്നു. ആ നിയമനം നിറവേറ്റുന്നതിനു മറ്റുള്ളവരുടെ ക്ഷേമത്തിൽ നമ്മൾ ആത്മാർഥമായ താത്പര്യമുള്ളവരായിരിക്കണം. ദൈവത്തോടുള്ള സ്നേഹവും അയൽക്കാരോടുള്ള സ്നേഹവും ആണ് ഈ നിയമനം ചെയ്യാൻ നമ്മളെ പ്രചോദിപ്പിക്കേണ്ടത്. ആ ഗുണങ്ങളുണ്ടെങ്കിലേ നമുക്ക് ഈ വേലയിൽ തുടരാനാകൂ.
11 രാജ്യസത്യത്തിന്റെ വിത്തു നടാനും നനയ്ക്കാനും ഉള്ള ഉത്തരവാദിത്വം ലഭിച്ചതുകൊണ്ട് പൗലോസ് തന്നെത്തന്നെയും ചില അടുത്ത സഹകാരികളെയും ‘ദൈവത്തിന്റെ സഹപ്രവർത്തകർ’ എന്നു പരാമർശിച്ചു. (1 കൊരി. 3:6, 9) ദൈവം നമ്മളെ ഏൽപ്പിച്ചിരിക്കുന്ന പ്രസംഗപ്രവർത്തനത്തിനുവേണ്ടി നമ്മുടെ സമയവും വിഭവങ്ങളും ഊർജവും ഉദാരമായി കൊടുത്തുകൊണ്ട് നമുക്കും ‘ദൈവത്തിന്റെ സഹപ്രവർത്തകരാകാൻ’ കഴിയും. എത്ര വലിയ ഒരു ബഹുമതി!
12, 13. ആളുകളെ ശിഷ്യരാക്കുന്നതിന്റെ പ്രതിഫലങ്ങൾ എന്തൊക്കെയാണെന്നാണു നിങ്ങൾക്കു തോന്നുന്നത്?
12 പ്രസംഗിക്കുന്നതിനും ആളുകളെ ശിഷ്യരാക്കുന്നതിനും വേണ്ടി നമ്മുടെ സമയവും ഊർജവും ഉദാരമായി കൊടുക്കുന്നതു വലിയ സന്തോഷം തരും. പുരോഗമിക്കുന്ന ബൈബിൾപഠനങ്ങൾ നടത്താൻ അവസരം ലഭിച്ച പലരും അതിനെക്കാൾ സംതൃപ്തി തരുന്ന മറ്റൊന്നില്ല എന്നാണ് അനുഭവത്തിൽനിന്ന് പറയുന്നത്. ആത്മീയസത്യങ്ങൾ മനസ്സിലാക്കുമ്പോൾ ആളുകളുടെ കണ്ണുകൾ തിളങ്ങുന്നു, പതിയെ അവർ വിശ്വാസത്തിൽ വളരുന്നു, മാറ്റങ്ങൾ വരുത്തുന്നു, മറ്റുള്ളവരെ സത്യം അറിയിക്കുന്നു. ഇതൊക്കെ കാണുന്നതു ശരിക്കും സന്തോഷകരമാണ്. താൻ വയലിലേക്ക് അയച്ച 70 പ്രസംഗകർ “സന്തോഷത്തോടെ മടങ്ങിവന്ന്” അവർക്കുണ്ടായ നല്ല അനുഭവങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ യേശുവിനും സന്തോഷം തോന്നി.—ലൂക്കോ. 10:17-21.
13 സന്തോഷവാർത്ത ആളുകളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റം കാണുന്നതു ലോകമെങ്ങുമുള്ള പ്രചാരകരെ സന്തോഷിപ്പിക്കുന്നു. ചെറുപ്പക്കാരിയായ * അന്ന ഇങ്ങനെ എഴുതി: “ഇവിടെ ധാരാളം ബൈബിൾപഠനങ്ങൾ കിട്ടും. അതു ഞാൻ വളരെയധികം ആസ്വദിക്കുന്നു. എന്റെ സേവനം എനിക്കു വളരെയധികം സന്തോഷം തരുന്നു. വീട്ടിൽ വന്നുകഴിഞ്ഞാൽ എന്റെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാനൊന്നും എനിക്കു സമയമില്ല. ബൈബിൾപഠനങ്ങൾ നടത്തുന്ന ആളുകളെയും അവരുടെ ഉത്കണ്ഠകളെയും പ്രശ്നങ്ങളെയും കുറിച്ചാണ് എന്റെ ചിന്ത. അവരെ പ്രോത്സാഹിപ്പിക്കാനും അവരെ സഹായിക്കാനും എന്തു ചെയ്യാൻ കഴിയുമെന്നു ഞാൻ ആലോചിക്കും. ‘വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്’ എന്ന് എനിക്കു ശരിക്കും ബോധ്യമായി.”—പ്രവൃ. 20:35.
അന്ന എന്ന ഏകാകിയായ സഹോദരി പ്രചാരകരുടെ ആവശ്യം കൂടുതലുള്ള കിഴക്കൻ യൂറോപ്പിലെ ഒരു സ്ഥലത്തേക്കു മാറിത്താമസിച്ചുകൊണ്ട് ശുശ്രൂഷ വികസിപ്പിച്ചു.14. വളരെ കുറച്ച് പേർ മാത്രമേ സന്തോഷവാർത്ത ശ്രദ്ധിക്കുന്നുള്ളൂ എങ്കിലും നിങ്ങൾക്കു ശുശ്രൂഷയിൽ സന്തോഷം കണ്ടെത്താൻ എങ്ങനെ കഴിയും?
14 സന്തോഷവാർത്ത കേൾക്കാൻ ആളുകൾ കൂട്ടാക്കുന്നില്ലെങ്കിൽപ്പോലും അത് അറിയാനുള്ള അവസരം ആളുകൾക്കു വെച്ചുനീട്ടുന്നതിലൂടെ നമുക്കു സന്തോഷം ലഭിക്കും. നമ്മുടേതിനു സമാനമായ നിയമനം ലഭിച്ച യഹസ്കേൽ പ്രവാചകനോട് യഹോവ പറഞ്ഞത് ഓർക്കുക: “എന്റെ വാക്കുകൾ നീ അവരെ അറിയിക്കണം; . . . അവർ കേൾക്കുകയോ കേൾക്കാതിരിക്കുകയോ ചെയ്യട്ടെ.” (യഹ. 2:7; യശ. 43:10) ചിലർ നമ്മുടെ സന്ദേശത്തിനു ചെവി കൊടുക്കില്ല, എങ്കിലും യഹോവ നമ്മുടെ ശ്രമങ്ങളെ വിലമതിക്കുന്നുണ്ട്. (എബ്രായർ 6:10 വായിക്കുക.) ഇക്കാര്യത്തിൽ ഒരു പ്രചാരകന്റെ മനോഭാവം ശ്രദ്ധേയമാണ്. അദ്ദേഹം ഇങ്ങനെ എഴുതി: “ഞങ്ങൾ നടുന്നു, നനയ്ക്കുന്നു. യഹോവ ആ താത്പര്യത്തെ വളർത്തും എന്ന പ്രതീക്ഷയോടെ പ്രാർഥിക്കുകയും ചെയ്യുന്നു.”—1 കൊരി. 3:6.
എങ്ങനെ സന്തോഷമുള്ളവരാകാം?
15. നമ്മൾ ഉദാരമായി കൊടുക്കുന്നതിനോടു പലരും എങ്ങനെ പ്രതികരിച്ചേക്കാം, അവരുടെ പ്രതികരണം നമ്മളെ മോശമായി ബാധിക്കണോ?
15 ഉദാരമനസ്കരായിരുന്നുകൊണ്ട് നമ്മൾ സന്തോഷം കണ്ടെത്തണമെന്നു യേശു ആഗ്രഹിക്കുന്നു. ഉദാരത കാണിക്കുമ്പോൾ പലരും അതു വിലമതിക്കും. യേശു പറഞ്ഞു: “കൊടുക്കുന്നത് ഒരു ശീലമാക്കുക. അപ്പോൾ ആളുകൾ നിങ്ങൾക്കും തരും. അമർത്തി, കുലുക്കിക്കൊള്ളിച്ച്, നിറഞ്ഞുകവിയുന്നത്ര അളവിൽ നിങ്ങളുടെ മടിയിലേക്ക് ഇട്ടുതരും. നിങ്ങൾ അളന്നുകൊടുക്കുന്ന അതേ അളവുപാത്രത്തിൽ നിങ്ങൾക്കും അളന്നുകിട്ടും.” (ലൂക്കോ. 6:38) നമ്മൾ ഉദാരമായി കൊടുക്കുമ്പോൾ എല്ലാവരും അതിനോടു വിലമതിപ്പു കാണിക്കില്ല എന്നതു ശരിയാണ്. പക്ഷേ അവർ വിലമതിപ്പു കാണിച്ചാൽ അത് ഒരു തുടക്കമായിരിക്കും, അവരും മറ്റുള്ളവരോട് ഔദാര്യം കാണിക്കാൻ പ്രേരിതരാകും. അതുകൊണ്ട് ആളുകൾ വിലമതിച്ചാലും ഇല്ലെങ്കിലും കൊടുക്കുന്നതു ശീലമാക്കുക. ഉദാരതയുടെ ഒരു ഒറ്റ പ്രവൃത്തികൊണ്ട് എത്രത്തോളം പ്രയോജനമുണ്ടാകുമെന്നു നമുക്കു മുൻകൂട്ടിപ്പറയാനാകില്ല.
16. നമ്മൾ എന്തുകൊണ്ടായിരിക്കണം ഉദാരത കാണിക്കുന്നത്?
16 ശരിക്കും ഉദാരമനസ്കരായ ആളുകൾ തിരിച്ച് എന്തെങ്കിലും കിട്ടാൻ വേണ്ടിയല്ല കൊടുക്കുന്നത്. “വിരുന്നു നടത്തുമ്പോൾ പാവപ്പെട്ടവരെയും വികലാംഗരെയും മുടന്തരെയും അന്ധരെയും ക്ഷണിക്കുക. തിരിച്ചുതരാൻ അവരുടെ കൈയിൽ ഒന്നുമില്ലാത്തതുകൊണ്ട് താങ്കൾക്കു സന്തോഷിക്കാം” എന്നു പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിൽ ഇതാണുണ്ടായിരുന്നത്. (ലൂക്കോ. 14:13, 14) ഒരു ബൈബിളെഴുത്തുകാരൻ പറയുന്നു: “കൈ അയച്ച് ദാനം ചെയ്യുന്നവന് അനുഗ്രഹം ലഭിക്കും.” അതുപോലെ, “എളിയവനോടു പരിഗണന കാണിക്കുന്നവൻ സന്തുഷ്ടൻ” എന്നും ദൈവവചനം പറയുന്നു. (സുഭാ. 22:9; സങ്കീ. 41:1) മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ നമുക്ക് ഉറപ്പായും സന്തോഷം ലഭിക്കും. അതുകൊണ്ട് നമ്മൾ മറ്റുള്ളവരോട് ഉദാരത കാണിക്കണം.
17. ഏതെല്ലാം വിധങ്ങളിൽ ഉദാരത കാണിക്കുന്നതു നമ്മളെ സന്തുഷ്ടരാക്കും?
17 “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്”എന്ന യേശുവിന്റെ വാക്കുകൾ ഉദ്ധരിച്ചപ്പോൾ ഭൗതികമായ സഹായം ചെയ്യുന്നതിനെക്കുറിച്ച് മാത്രമല്ല പൗലോസ് പറഞ്ഞത്. പ്രോത്സാഹനവും സഹായവും മാർഗനിർദേശവും ആവശ്യമുള്ളവർക്ക് അതു കൊടുക്കുന്നതും അതിൽ ഉൾപ്പെടുന്നുണ്ട്. (പ്രവൃ. 20:31-35) സമയവും ഊർജവും ശ്രദ്ധയും സ്നേഹവും എല്ലാം കൊടുത്തുകൊണ്ട് മറ്റുള്ളവരോട് ഉദാരത കാണിക്കാൻ അപ്പോസ്തലൻ തന്റെ വാക്കിലൂടെയും മാതൃകയിലൂടെയും നമ്മളെ പഠിപ്പിച്ചു.
18. ഉദാരതയോടുള്ള ബന്ധത്തിൽ പല ഗവേഷകരും ഏതു കാര്യം മനസ്സിലാക്കിയിരിക്കുന്നു?
18 കൊടുക്കുന്നത് ആളുകളെ സന്തുഷ്ടരാക്കുമെന്നു സാമൂഹ്യവിഷയങ്ങളിൽ ഗവേഷണം നടത്തുന്നവരും കണ്ടെത്തിയിരിക്കുന്നു. “ദയാപ്രവൃത്തികൾ ചെയ്തുകഴിയുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നാറുണ്ടെന്ന് ആളുകൾ പറയുന്നു” എന്ന് ഒരു ലേഖനം ചൂണ്ടിക്കാട്ടി. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ ജീവിതത്തിനു “കൂടുതൽ അർഥവും ഉദ്ദേശ്യവും കൈവരുന്നു” എന്നു ഗവേഷകർ പറയുന്നു. കാരണം “അതുവഴി മനുഷ്യന്റെ ചില അടിസ്ഥാന ആവശ്യങ്ങൾ നിറവേറുന്നുണ്ട്.” ആളുകൾ സ്വമനസ്സാലെ സാമൂഹ്യസേവനത്തിനു മുന്നോട്ടു വരുന്നത് അവരുടെ ആരോഗ്യത്തിനും സന്തോഷത്തിനും നല്ലതാണെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. മനുഷ്യവർഗത്തെ സ്നേഹപൂർവം രൂപകല്പന ചെയ്ത യഹോവയിൽനിന്നുള്ള ഒരു ഗ്രന്ഥമായി ബൈബിളിനെ കണക്കാക്കുന്നവർക്ക് ഇത് ഒരു പുതിയ അറിവല്ല.—2 തിമൊ. 3:16, 17.
ഉദാരത കാണിക്കുന്നതിൽ തുടരുക
19, 20. ഉദാരരായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്?
19 മറ്റുള്ളവരുടെ ഇഷ്ടത്തെക്കാൾ സ്വന്തം ഇഷ്ടത്തിനു പ്രാധാന്യം കൊടുക്കുന്ന ആളുകളുടെ ഇടയിലാണു നമ്മൾ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഉദാരമനസ്കരായി തുടരുക എന്നത് ഒരു ബുദ്ധിമുട്ടായിരുന്നേക്കാം. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടു കല്പനകളായി യേശു പറഞ്ഞത്, യഹോവയെ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടും മുഴുശക്തിയോടും കൂടെ സ്നേഹിക്കാനും അയൽക്കാരനെ നമ്മളെപ്പോലെതന്നെ സ്നേഹിക്കാനും ആണ്. (മർക്കോ. 12:28-31) ഈ ലേഖനത്തിൽ കണ്ടതുപോലെ യഹോവയെ സ്നേഹിക്കുന്നവർ യഹോവയെ അനുകരിക്കും. യഹോവ മറ്റുള്ളവർക്ക് ഉദാരമായി കൊടുക്കുന്നു, യേശുവും അങ്ങനെതന്നെ. നമ്മളും അതുതന്നെ ചെയ്യാനാണ് അവർ പറയുന്നത്. കാരണം അതു നമുക്ക് യഥാർഥസന്തോഷം തരും. ദൈവസേവനത്തിലും അയൽക്കാരോടുള്ള ഇടപെടലിലും ഉദാരമനസ്കരായിരിക്കാൻ കഠിനശ്രമം ചെയ്യുമ്പോൾ നമ്മൾ യഹോവയെ മഹത്ത്വപ്പെടുത്തുകയായിരിക്കും, നമുക്കുതന്നെയും മറ്റുള്ളവർക്കും അനവധി പ്രയോജനങ്ങൾ കൈവരുത്തുകയും ചെയ്യും.
20 മറ്റുള്ളവരെ, പ്രത്യേകിച്ചും സഹവിശ്വാസികളെ, ഉദാരമായി സഹായിക്കാൻ നിങ്ങൾ ഇപ്പോൾത്തന്നെ പരമാവധി ചെയ്യുന്നുണ്ടെന്നതിനു സംശയമില്ല. (ഗലാ. 6:10) അങ്ങനെ തുടർന്നും ചെയ്യുന്നെങ്കിൽ ആളുകൾ നിങ്ങളെ സ്നേഹിക്കും, വിലമതിക്കും. നിങ്ങൾക്കു സന്തോഷം കിട്ടുകയും ചെയ്യും. സുഭാഷിതങ്ങൾ 11:25 പറയുന്നു: “ഔദാര്യം കാണിക്കുന്നവനു സമൃദ്ധി ഉണ്ടാകും; ഉന്മേഷം പകരുന്നവന് ഉന്മേഷം ലഭിക്കും.” നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും വ്യത്യസ്തമേഖലകളിൽ നിസ്വാർഥമായി കൊടുക്കാനും ദയയും ഔദാര്യവും കാണിക്കാനും ഉള്ള പല അവസരങ്ങളുണ്ട്. അത്തരം ചില അവസരങ്ങളെക്കുറിച്ച് അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യും.
^ ഖ. 13 ഇത് യഥാർഥപേരല്ല.