വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കുക, അത്‌ അവരെ ബലപ്പെ​ടു​ത്തും

സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കുക, അത്‌ അവരെ ബലപ്പെ​ടു​ത്തും

“സ്‌നേഹം ബലപ്പെ​ടു​ത്തു​ന്നു.”—1 കൊരി. 8:1.

ഗീതങ്ങൾ: 109, 121

1. ശിഷ്യ​ന്മാ​രു​മൊ​ത്തുള്ള അവസാ​ന​രാ​ത്രി യേശു ഏതു പ്രധാ​ന​പ്പെട്ട വിഷയ​ത്തെ​ക്കു​റി​ച്ചാ​ണു സംസാ​രി​ച്ചത്‌?

ശിഷ്യ​ന്മാ​രു​മൊ​ത്തുള്ള അവസാ​ന​രാ​ത്രി യേശു സ്‌നേ​ഹ​ത്തെ​ക്കു​റിച്ച് 30-ഓളം പ്രാവ​ശ്യം പരാമർശി​ച്ചു. അവർ ‘തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്ക​ണ​മെന്ന്’ യേശു എടുത്തു​പ​റഞ്ഞു. (യോഹ. 15:12, 17) യേശു പറഞ്ഞ സ്‌നേഹം വെറും വികാ​രമല്ല. ആത്മത്യാ​ഗ​സ്‌നേ​ഹ​മെന്ന ശ്രദ്ധേ​യ​മായ ഗുണ​ത്തെ​ക്കു​റി​ച്ചാ​ണു യേശു പറഞ്ഞത്‌. ആ സ്‌നേഹം യേശു​വി​ന്‍റെ യഥാർഥ​ശി​ഷ്യ​ന്മാ​രെ തിരി​ച്ച​റി​യി​ക്കു​മാ​യി​രു​ന്നു. (യോഹ. 13:34, 35) യേശു പറഞ്ഞു: “സ്‌നേ​ഹി​തർക്കു​വേണ്ടി സ്വന്തം ജീവൻ കൊടു​ക്കു​ന്ന​തി​നെ​ക്കാൾ വലിയ സ്‌നേ​ഹ​മില്ല. ഞാൻ കല്‌പി​ക്കു​ന്നതു നിങ്ങൾ ചെയ്യു​ന്നെ​ങ്കിൽ നിങ്ങൾ എന്‍റെ സ്‌നേ​ഹി​ത​രാണ്‌.”—യോഹ. 15:13, 14.

2. (എ) ദൈവ​ദാ​സർക്കി​ട​യിൽ നമുക്ക് എന്തു കാണാ​നാ​കും? (ബി) ഏതു ചോദ്യ​ങ്ങൾക്കുള്ള ഉത്തരം ഈ ലേഖന​ത്തിൽ കണ്ടെത്തും?

2 എന്തും വിട്ടു​കൊ​ടു​ക്കാൻ തയ്യാറുള്ള ആത്മാർഥ​മായ സ്‌നേ​ഹ​വും തകർക്കാ​നാ​കാത്ത ഐക്യ​വും യഹോ​വ​യു​ടെ ദാസരെ ദൈവ​ജ​ന​മാ​യി തിരി​ച്ച​റി​യി​ക്കു​ന്നു. (1 യോഹ. 3:10, 11) ദേശത്തി​ന്‍റെ​യും ഗോ​ത്ര​ത്തി​ന്‍റെ​യും ഭാഷയു​ടെ​യും ജാതി​യു​ടെ​യും അതിർവ​ര​മ്പു​ക​ളെ​ല്ലാം ഭേദി​ച്ചു​കൊണ്ട് ഇന്ന് യഹോ​വ​യു​ടെ ദാസർ ക്രിസ്‌തു​തു​ല്യ​മായ സ്‌നേഹം കാണി​ക്കു​ന്നതു നമ്മളെ സന്തോ​ഷി​പ്പി​ക്കു​ന്നി​ല്ലേ? എന്നാൽ നമ്മൾ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: ‘ഇക്കാലത്ത്‌ സ്‌നേഹം ഇത്ര പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? യഹോ​വ​യും യേശു​വും എങ്ങനെ​യാ​ണു നമ്മളെ സ്‌നേ​ഹ​ത്തോ​ടെ ബലപ്പെ​ടു​ത്തു​ന്നത്‌? നമുക്ക് ഓരോ​രു​ത്തർക്കും മറ്റുള്ള​വരെ “ബലപ്പെ​ടു​ത്തുന്ന,” ക്രിസ്‌തു​തു​ല്യ​മായ സ്‌നേഹം എങ്ങനെ കാണി​ക്കാം?’ —1 കൊരി. 8:1.

സ്‌നേഹം ഇത്ര പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

3. ‘ബുദ്ധി​മു​ട്ടു നിറഞ്ഞ ഈ സമയങ്ങൾ’ ആളുകളെ എങ്ങനെ​യാ​ണു ബാധി​ക്കു​ന്നത്‌?

3 ജീവിതം “കഷ്ടതക​ളും സങ്കടങ്ങ​ളും നിറഞ്ഞ​താണ്‌.” ‘ബുദ്ധി​മു​ട്ടു നിറഞ്ഞ ഈ സമയങ്ങ​ളിൽ’ അനേക​രും പല തരത്തി​ലുള്ള മനോ​വേ​ദ​നകൾ അനുഭ​വി​ക്കു​ന്നു. (സങ്കീ. 90:10; 2 തിമൊ. 3:1-5) എല്ലാം അവസാ​നി​പ്പി​ക്കാ​നാ​ണു പലർക്കും തോന്നു​ന്നത്‌. ഓരോ വർഷവും 8,00,000-ത്തിലധി​കം ആളുകൾ ആത്മഹത്യ ചെയ്യു​ന്നെ​ന്നാ​ണു കണക്കുകൾ കാണി​ക്കു​ന്നത്‌. അതായത്‌, ഓരോ 40 സെക്കന്‍റി​ലും ഒരാൾ വീതം! ചില ക്രിസ്‌ത്യാ​നി​കൾപോ​ലും സമ്മർദങ്ങൾ താങ്ങാ​നാ​കാ​തെ സ്വന്തം ജീവ​നൊ​ടു​ക്കി​യി​ട്ടുണ്ട് എന്നതു ദുഃഖ​ക​ര​മാണ്‌.

4. ഏതൊക്കെ ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളാ​ണു മരിക്കാ​നുള്ള ആഗ്രഹം പ്രകടി​പ്പി​ച്ചത്‌?

4 ബൈബിൾക്കാ​ല​ങ്ങ​ളി​ലും ദൈവ​ത്തി​ന്‍റെ വിശ്വ​സ്‌ത​രായ ചില ദാസന്മാർക്കു തങ്ങൾ നേരി​ട്ടി​രുന്ന പ്രശ്‌നങ്ങൾ കാരണം മരിച്ചാൽ മതി​യെന്നു തോന്നി​പ്പോ​യി. ഉദാഹ​ര​ണ​ത്തിന്‌, കഷ്ടതകൾ വരിഞ്ഞു​മു​റു​ക്കി​യ​പ്പോൾ ഇയ്യോബ്‌ ഇങ്ങനെ വിലപി​ച്ചു: “ഈ ജീവി​ത​ത്തോട്‌ എനിക്കു വെറു​പ്പാണ്‌, എനിക്ക് ഇനി ജീവി​ക്കേണ്ടാ.” (ഇയ്യോ. 7:16; 14:13) താൻ വിചാ​രി​ച്ച​തു​പോ​ലെ കാര്യങ്ങൾ നടക്കാ​തെ​വ​ന്ന​പ്പോൾ ആകെ നിരാശ തോന്നിയ യോന ഇങ്ങനെ പറഞ്ഞു: “അതു​കൊണ്ട് യഹോവേ, എന്‍റെ ജീവ​നെ​ടു​ത്താ​ലും. എനിക്കു ജീവി​ക്കേണ്ടാ, മരിച്ചാൽ മതി.” (യോന 4:3) സാഹച​ര്യ​ങ്ങൾ അങ്ങേയറ്റം വലച്ച​പ്പോൾ വിശ്വ​സ്‌ത​നായ ഏലിയ പ്രവാ​ച​ക​നും ഒരു ഘട്ടത്തിൽ മരിക്കാൻ ആഗ്രഹി​ച്ചു. അദ്ദേഹം പറഞ്ഞു: “എനിക്കു മതിയാ​യി! യഹോവേ, എന്‍റെ ജീവ​നെ​ടു​ക്കേ​ണമേ!” (1 രാജാ. 19:4) എന്നാൽ യഹോവ വിശ്വ​സ്‌ത​രായ ആ ദാസന്മാ​രെ മൂല്യ​മു​ള്ള​വ​രാ​യി കണ്ടു. അവർ ജീവി​ച്ചി​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു യഹോ​വ​യു​ടെ ആഗ്രഹം. അരുതാ​ത്തതു ചിന്തി​ച്ചെന്നു പറഞ്ഞ് കുറ്റ​പ്പെ​ടു​ത്തു​ന്ന​തി​നു പകരം മരിക്കാ​നുള്ള ആഗ്രഹം മറിക​ട​ക്കാൻ യഹോവ അവരെ സഹായി​ച്ചു. കൂടാതെ, തന്നെ വിശ്വ​സ്‌ത​മാ​യി സേവി​ച്ചു​കൊണ്ട് മുന്നോ​ട്ടു​പോ​കു​ന്ന​തി​നു സ്‌നേ​ഹ​ത്തോ​ടെ അവരെ ബലപ്പെ​ടു​ത്തു​ക​യും ചെയ്‌തു.

5. ഇക്കാലത്ത്‌ സഹോ​ദ​ര​ങ്ങൾക്കു നമ്മുടെ സ്‌നേഹം വളരെ​യ​ധി​കം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

5 നമ്മുടെ സഹോ​ദ​രങ്ങൾ സ്വന്തം ജീവ​നെ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചൊ​ന്നും ചിന്തി​ക്ക​ണ​മെ​ന്നില്ല. എങ്കിലും പലരും സമ്മർദം നിറഞ്ഞ സാഹച​ര്യ​ങ്ങൾ അഭിമു​ഖീ​ക​രി​ക്കു​ന്ന​വ​രാണ്‌. ചിലർ ഉപദ്ര​വ​ങ്ങ​ളും പരിഹാ​സ​വും നേരി​ടു​ന്നു, മറ്റു ചിലർ ജോലി​സ്ഥ​ലത്ത്‌ വിമർശ​ന​ത്തി​നും അപവാ​ദ​ത്തി​നും ഇരകളാ​കു​ന്നു. അല്ലെങ്കിൽ ഓവർ​ടൈ​മും ജോലി​ഭാ​ര​വും അവരെ വീർപ്പു​മു​ട്ടി​ക്കു​ന്നു​ണ്ടാ​കും. ഇനി, ചിലരു​ടെ കാര്യ​ത്തിൽ വീട്ടിലെ പ്രശ്‌നങ്ങൾ അവരെ തളർത്തി​ക്ക​ള​യു​ന്നു, ചില​പ്പോൾ അത്‌ അവിശ്വാ​സി​യായ ഇണയുടെ നിരന്ത​ര​മായ കുറ്റ​പ്പെ​ടു​ത്ത​ലാ​യി​രി​ക്കാം. ഇതും ഇതു​പോ​ലുള്ള മറ്റു സമ്മർദ​ങ്ങ​ളും കാരണം ശാരീ​രി​ക​മാ​യും വൈകാ​രി​ക​മാ​യും ശക്തി ചോർന്നു​പോ​കു​ന്ന​താ​യി സഭയി​ലുള്ള പലർക്കും തോന്നു​ന്നു. ഇവരെ​യെ​ല്ലാം സ്‌നേ​ഹ​ത്തോ​ടെ ബലപ്പെ​ടു​ത്തേ​ണ്ടത്‌ ആവശ്യ​മാണ്‌. നിരു​ത്സാ​ഹി​ത​രായ ഈ ആളുകൾക്കു കൈത്താ​ങ്ങേ​കാൻ ആർക്കു കഴിയും?

യഹോ​വ​യു​ടെ സ്‌നേഹം നമ്മളെ ബലപ്പെ​ടു​ത്തു​ന്നു

6. യഹോവ തന്‍റെ ദാസന്മാ​രെ സ്‌നേ​ഹ​ത്തോ​ടെ ബലപ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ​യാണ്‌?

6 എന്നെന്നും സ്‌നേ​ഹി​ക്കു​മെന്ന് ഉറപ്പു തന്നു​കൊണ്ട് യഹോവ തന്‍റെ ആരാധ​കരെ ബലപ്പെ​ടു​ത്തു​ന്നു. വിശ്വ​സ്‌ത​രായ ഇസ്രാ​യേ​ല്യർക്ക് യഹോ​വ​യു​ടെ പിൻവ​രുന്ന വാക്കുകൾ എത്ര പ്രോ​ത്സാ​ഹനം പകർന്നു​കാ​ണും: “നീ എനിക്കു വളരെ വില​പ്പെ​ട്ട​വ​നാണ്‌, ഞാൻ നിന്നെ ആദരി​ക്കു​ന്നു, നിന്നെ സ്‌നേ​ഹി​ക്കു​ന്നു. . . . പേടി​ക്കേണ്ടാ, ഞാൻ നിന്‍റെ​കൂ​ടെ​യുണ്ട്.” (യശ. 43:4, 5) നിങ്ങളും യഹോ​വ​യു​ടെ ഒരു ദാസനാണ്‌. യഹോവ നിങ്ങ​ളെ​യും അങ്ങേയറ്റം ആർദ്ര​മാ​യി സ്‌നേ​ഹി​ക്കു​ന്നു. * സത്യാ​രാ​ധ​ക​രായ ഓരോ​രു​ത്തർക്കും ദൈവ​വ​ചനം ഈ വാഗ്‌ദാ​നം നൽകുന്നു: “ഒരു വീര​നെ​പ്പോ​ലെ ദൈവം നിന്നെ രക്ഷിക്കും, നിന്നെ ഓർത്ത്‌ അതിയാ​യി സന്തോ​ഷി​ക്കും.”—സെഫ. 3:16, 17.

7. മുലയൂ​ട്ടുന്ന ഒരു അമ്മ കുഞ്ഞിനെ സ്‌നേ​ഹി​ക്കു​ന്ന​തു​പോ​ലെ യഹോവ എങ്ങനെ​യാ​ണു നമ്മളെ സ്‌നേ​ഹി​ക്കു​ന്നത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

7 എന്തെല്ലാം പ്രശ്‌നങ്ങൾ ഉണ്ടായാ​ലും തന്‍റെ ജനത്തെ പിന്തു​ണ​യ്‌ക്കു​മെ​ന്നും ആശ്വസി​പ്പി​ക്കു​മെ​ന്നും യഹോവ വാഗ്‌ദാ​നം ചെയ്യുന്നു. “നിങ്ങളെ മുലയൂ​ട്ടി എളിയിൽ കൊണ്ടു​ന​ട​ക്കും, നിങ്ങളെ മടിയിൽ ഇരുത്തി ലാളി​ക്കും. ഒരു അമ്മ കുഞ്ഞിനെ ആശ്വസി​പ്പി​ക്കു​ന്ന​തു​പോ​ലെ, ഞാൻ നിങ്ങളെ ആശ്വസി​പ്പി​ക്കും.” (യശ. 66:12, 13) ഒരു അമ്മ സ്വന്തം കുഞ്ഞിനെ സ്‌നേ​ഹ​ത്തോ​ടെ എടുത്ത്‌ എളിയിൽ വെച്ച് നടക്കു​ന്ന​തും അവനെ മടിയിൽ ഇരുത്തി ലാളി​ക്കു​ന്ന​തും എത്ര ഹൃദ​യോ​ഷ്‌മ​ള​മായ ഒരു കാഴ്‌ച​യാണ്‌! തന്നെ ആരാധി​ക്കു​ന്ന​വരെ യഹോവ എത്ര ആഴമായി, ആർദ്ര​ത​യോ​ടെ​യാ​ണു സ്‌നേ​ഹി​ക്കു​ന്ന​തെന്ന് ഈ വാക്കുകൾ മനോ​ഹ​ര​മാ​യി വരച്ചു​കാ​ട്ടു​ന്നി​ല്ലേ? യഹോ​വ​യ്‌ക്കു നിങ്ങൾ ഓരോ​രു​ത്ത​രും വിലയു​ള്ള​വ​രാണ്‌, പ്രിയ​പ്പെ​ട്ട​വ​രാണ്‌, അക്കാര്യ​ത്തിൽ ഒരു സംശയ​വും വേണ്ട!—യിരെ. 31:3.

8, 9. യേശു​വി​ന്‍റെ സ്‌നേഹം നമ്മളെ എങ്ങനെ​യാ​ണു ശക്തി​പ്പെ​ടു​ത്തു​ന്നത്‌?

8 യഹോ​വ​യ്‌ക്കു നമ്മളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്‍റെ മറ്റൊരു തെളിവ്‌ ഇതാണ്‌: “തന്‍റെ ഏകജാ​ത​നായ മകനിൽ വിശ്വ​സി​ക്കുന്ന ആരും നശിച്ചു​പോ​കാ​തെ അവരെ​ല്ലാം നിത്യ​ജീ​വൻ നേടാൻ ദൈവം അവനെ ലോക​ത്തി​നു​വേണ്ടി നൽകി. അത്ര വലുതാ​യി​രു​ന്നു ദൈവ​ത്തി​നു ലോക​ത്തോ​ടുള്ള സ്‌നേഹം.” (യോഹ. 3:16) സ്വന്തം ജീവൻ തന്നു​കൊണ്ട് യേശു നമ്മളോ​ടു കാണിച്ച സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചും ചിന്തി​ക്കുക! അത്‌ എത്ര വലുതാണ്‌! ആ സ്‌നേഹം നമ്മളെ ബലപ്പെ​ടു​ത്തു​ന്നി​ല്ലേ? “കഷ്ടതയ്‌ക്കോ ക്ലേശത്തി​നോ” ‘ക്രിസ്‌തു​വി​ന്‍റെ സ്‌നേ​ഹ​ത്തിൽനിന്ന് നമ്മളെ വേർപെ​ടു​ത്താ​നാ​കി​ല്ലെന്നു’ ദൈവ​വ​ചനം വാഗ്‌ദാ​നം ചെയ്യുന്നു.—റോമ. 8:35, 38, 39.

9 ശാരീ​രി​ക​മാ​യും വൈകാ​രി​ക​മാ​യും ആത്മീയ​മാ​യും ശക്തി ചോർത്തി​ക്ക​ള​യുന്ന പരി​ശോ​ധ​ന​ക​ളു​മാ​യി മല്ലടി​ക്കു​മ്പോൾ ക്രിസ്‌തു നമ്മളെ എത്രമാ​ത്രം സ്‌നേ​ഹി​ക്കു​ന്നെന്ന് ഓർക്കു​ന്നതു സഹിച്ചു​നിൽക്കാ​നുള്ള ശക്തി തരും. (2 കൊരി​ന്ത്യർ 5:14, 15 വായി​ക്കുക.) ദുരന്ത​ങ്ങ​ളോ ഉപദ്ര​വ​ങ്ങ​ളോ വ്യക്തി​പ​ര​മായ നിരാ​ശ​ക​ളോ കാർന്നു​തി​ന്നുന്ന ഉത്‌ക​ണ്‌ഠ​ക​ളോ ഉണ്ടാകു​മ്പോൾ നിരു​ത്സാ​ഹി​ത​രാ​യി പോകു​ന്ന​തി​നു പകരം പിടി​ച്ചു​നിൽക്കാ​നും ശക്തി വീണ്ടെ​ടു​ക്കാ​നും അങ്ങനെ നമുക്കു കഴിയും.

സഹോ​ദ​ര​ങ്ങൾക്കു നമ്മുടെ സ്‌നേഹം വേണം

യേശുവിന്‍റെ മാതൃ​ക​യെ​ക്കു​റിച്ച് പഠിക്കുക, അതു പ്രചോ​ദ​ന​മേ​കും (10, 11 ഖണ്ഡികകൾ കാണുക)

10, 11. നിരു​ത്സാ​ഹി​ത​രായ സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്താ​നുള്ള ഉത്തരവാ​ദി​ത്വം ആർക്കാണ്‌? വിശദീ​ക​രി​ക്കുക.

10 യഹോവ നമ്മളെ സ്‌നേ​ഹ​ത്തോ​ടെ ബലപ്പെ​ടു​ത്താൻ ഉപയോ​ഗി​ക്കുന്ന ഒരു മാർഗം ക്രിസ്‌തീ​യ​സ​ഭ​യാണ്‌. സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കു​ക​യും ആത്മീയ​മാ​യും വൈകാ​രി​ക​മാ​യും ബലപ്പെ​ടു​ത്തു​ക​യും ചെയ്‌തു​കൊണ്ട് നമുക്ക് ഓരോ​രു​ത്തർക്കും യഹോ​വ​യോ​ടു നന്ദി കാണി​ക്കാ​നാ​കും. (1 യോഹ. 4:19-21) പൗലോസ്‌ അപ്പോ​സ്‌തലൻ ക്രിസ്‌ത്യാ​നി​ക​ളോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഇപ്പോൾ ചെയ്‌തു​വ​രു​ന്ന​തു​പോ​ലെ പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ബലപ്പെ​ടു​ത്തു​ക​യും ചെയ്യുക.” (1 തെസ്സ. 5:11) അതെ, മൂപ്പന്മാർക്കു മാത്രമല്ല, സഭയിലെ എല്ലാവർക്കും സഹോ​ദ​ര​ങ്ങളെ ആശ്വസി​പ്പി​ക്കു​ക​യും ബലപ്പെ​ടു​ത്തു​ക​യും ചെയ്‌തു​കൊണ്ട് യഹോ​വ​യെ​യും യേശു​വി​നെ​യും അനുക​രി​ക്കാം.—റോമർ 15:1, 2 വായി​ക്കുക.

11 വൈകാ​രി​ക​പ്ര​ശ്‌നങ്ങൾ നേരി​ടുന്ന സഭയിലെ ചിലർക്കു വിദഗ്‌ധ​സ​ഹാ​യ​വും ചികി​ത്സ​യും ആവശ്യ​മാ​യി​രു​ന്നേ​ക്കാം. (ലൂക്കോ. 5:31) തങ്ങൾ പരിശീ​ലനം ലഭിച്ച മാനസി​കാ​രോ​ഗ്യ വിദഗ്‌ധ​ര​ല്ലെന്നു മൂപ്പന്മാ​രും സഭയിലെ മറ്റുള്ള​വ​രും താഴ്‌മ​യോ​ടെ സമ്മതി​ക്കു​ന്നു. എങ്കിലും അവർക്കു പ്രധാ​ന​പ്പെട്ട ചില കാര്യങ്ങൾ ചെയ്യാ​നാ​കും. ‘വിഷാ​ദി​ച്ചി​രി​ക്കു​ന്ന​വ​രോട്‌ ആശ്വാസം തോന്നുന്ന രീതി​യിൽ സംസാ​രി​ക്കു​ക​യും ബലഹീ​നർക്കു വേണ്ട പിന്തുണ കൊടു​ക്കു​ക​യും എല്ലാവ​രോ​ടും ക്ഷമ കാണി​ക്കു​ക​യും’ ചെയ്യാം. (1 തെസ്സ. 5:14) മറ്റുള്ള​വ​രു​ടെ സ്ഥാനത്ത്‌ നമ്മളെ കണ്ടു​കൊണ്ട് അവരോ​ടു സ്‌നേ​ഹ​വും ക്ഷമയും കാണി​ക്കണം. അതെ, വിഷാ​ദി​ച്ചി​രി​ക്കു​ന്ന​വരെ ബലപ്പെ​ടു​ത്താൻ അവരോട്‌ ആശ്വാസം തോന്നുന്ന രീതി​യിൽ സംസാ​രി​ക്കണം. മറ്റുള്ള​വർക്ക് ആശ്വാ​സ​വും പ്രോ​ത്സാ​ഹ​ന​വും കൊടു​ക്കുന്ന ഒരാളാ​ണോ നിങ്ങൾ? അത്തരം സഹായം എങ്ങനെ മെച്ചമാ​യി കൊടു​ക്കാ​മെന്നു മനസ്സി​ലാ​ക്കു​ന്നതു നിങ്ങളു​ടെ ശ്രമങ്ങൾ കൂടുതൽ ഫലവത്താ​ക്കും.

12. ഒരു സഭ സ്‌നേഹം കൊടുത്ത്‌ ബലപ്പെ​ടു​ത്തിയ ഒരു സഹോ​ദ​രി​യു​ടെ അനുഭവം വിവരി​ക്കുക.

12 വൈകാ​രി​ക​വേദന അനുഭ​വി​ക്കു​ന്ന​വരെ നമ്മൾ സ്‌നേ​ഹി​ക്കു​മ്പോൾ അത്‌ എങ്ങനെ​യാണ്‌ അവരെ ബലപ്പെ​ടു​ത്തു​ന്നത്‌? യൂറോ​പ്പി​ലുള്ള ഒരു സഹോ​ദരി പറയുന്നു: “ചില​പ്പോ​ഴൊ​ക്കെ എന്‍റെ മനസ്സി​ലേക്ക് ആത്മഹത്യ​യെ​ക്കു​റി​ച്ചുള്ള ചിന്തകൾ വരാറുണ്ട്. എന്നാൽ സഹോ​ദ​ര​ങ്ങ​ളു​ടെ പിന്തുണ എനിക്കു വലിയ സഹായ​മാണ്‌. ഞാൻ സഹവസി​ക്കുന്ന സഭ എന്‍റെ ജീവൻ രക്ഷി​ച്ചെ​ന്നു​തന്നെ പറയാം. അവർ എന്നോടു സ്‌നേ​ഹ​ത്തോ​ടെ ഇടപെ​ടു​ക​യും എനിക്കു ധൈര്യം പകരു​ക​യും ചെയ്യുന്നു. എനിക്കു വിഷാ​ദ​മു​ണ്ടെന്നു വളരെ കുറച്ച് പേർക്കേ അറിയാ​വൂ. എങ്കിലും സഭ എപ്പോ​ഴും കൂടെ​യുണ്ട്. സഭയിലെ ഒരു ദമ്പതികൾ എന്‍റെ ആത്മീയ​മാ​താ​പി​താ​ക്ക​ളെ​പ്പോ​ലെ​യാണ്‌. എന്‍റെ കാര്യ​ത്തിൽ അവർക്കു നല്ല ശ്രദ്ധയാണ്‌. ശരിക്കും പറഞ്ഞാൽ, 24 മണിക്കൂ​റും അവർ കൂടെ​ത്ത​ന്നെ​യുണ്ട്.” എല്ലാവർക്കും ഇതു​പോ​ലെ സഹായി​ക്കാൻ കഴിയില്ല എന്നതു സത്യമാണ്‌. എങ്കിലും വൈകാ​രി​ക​വ്യഥ അനുഭ​വി​ക്കു​ന്ന​വർക്കു നമ്മൾ പിന്തുണ കൊടു​ക്കു​മ്പോൾ അത്‌ അവരുടെ ജീവി​ത​ത്തിൽ വലിയ മാറ്റമു​ണ്ടാ​ക്കും. *

സ്‌നേ​ഹ​ത്തോ​ടെ മറ്റുള്ള​വരെ എങ്ങനെ ബലപ്പെ​ടു​ത്താം?

13. മറ്റുള്ള​വരെ ആശ്വസി​പ്പി​ക്ക​ണ​മെ​ങ്കിൽ നമ്മൾ എന്തു ചെയ്യണം?

13 പറയു​ന്നതു ശ്രദ്ധി​ച്ചു​കേൾക്കുക. (യാക്കോ. 1:19) സഹോ​ദ​രങ്ങൾ പറയു​ന്നതു ശ്രദ്ധി​ച്ചു​കേൾക്കാ​നും അവരുടെ വേദന മനസ്സി​ലാ​ക്കാ​നും ശ്രമി​ക്കുക. അതു സ്‌നേ​ഹ​ത്തി​ന്‍റെ ഒരു തെളി​വാണ്‌. മുറി​പ്പെ​ടു​ത്താത്ത രീതി​യിൽ ദയയോ​ടെ ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നതു ദുഃഖം അനുഭ​വി​ക്കുന്ന വ്യക്തി​യു​ടെ വിഷമങ്ങൾ മനസ്സി​ലാ​ക്കാൻ സഹായി​ക്കും. അപ്പോൾ നിങ്ങൾക്ക് അദ്ദേഹത്തെ ആശ്വസി​പ്പി​ക്കാ​നും ബലപ്പെ​ടു​ത്താ​നും എളുപ്പ​മാ​യി​രി​ക്കും. നിങ്ങൾക്ക് ആത്മാർഥ​മായ താത്‌പ​ര്യ​മു​ണ്ടെന്നു നിങ്ങളു​ടെ മുഖഭാ​വ​ത്തി​ലൂ​ടെ അദ്ദേഹം മനസ്സി​ലാ​ക്കട്ടെ. ഒരുപക്ഷേ അദ്ദേഹ​ത്തി​നു നിങ്ങ​ളോ​ടു ധാരാളം കാര്യങ്ങൾ പറയാ​നു​ണ്ടാ​യി​രി​ക്കും. അപ്പോൾ ക്ഷമ കാണി​ക്കുക, ഇടയ്‌ക്കു കയറി സംസാ​രി​ക്കാ​തി​രി​ക്കുക. ക്ഷമയോ​ടെ ശ്രദ്ധി​ക്കു​ന്നെ​ങ്കിൽ അദ്ദേഹ​ത്തി​ന്‍റെ ഉള്ളിന്‍റെ ഉള്ളിലെ വേദനകൾ മനസ്സി​ലാ​ക്കാൻ നിങ്ങൾക്കു കഴിയും. ഇങ്ങനെ​യൊ​ക്കെ ചെയ്യു​മ്പോൾ ആ വ്യക്തിക്കു നിങ്ങ​ളോ​ടു പ്രത്യേ​ക​മായ ഒരു അടുപ്പം തോന്നും, നിങ്ങൾ പറയുന്ന കാര്യങ്ങൾ കേൾക്കാൻ കൂടുതൽ ചായ്‌വ്‌ കാണി​ക്കും. നിങ്ങൾക്കു ശരിക്കും ആ വ്യക്തി​യു​ടെ കാര്യ​ത്തിൽ താത്‌പ​ര്യ​മു​ണ്ടെന്നു കാണു​മ്പോൾ അദ്ദേഹ​ത്തിന്‌ അതൊരു ആശ്വാ​സ​മാ​കും.

14. കുറ്റ​പ്പെ​ടു​ത്തുന്ന മനോ​ഭാ​വം നമ്മൾ ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

14 കുറ്റ​പ്പെ​ടു​ത്തുന്ന മനോ​ഭാ​വം ഒഴിവാ​ക്കുക. വിഷാ​ദി​ച്ചി​രി​ക്കു​ന്ന​വ​രോ​ടു കുറ്റ​പ്പെ​ടു​ത്തുന്ന രീതി​യിൽ സംസാ​രി​ച്ചാൽ നമ്മൾ അവരുടെ വിഷമ​ത്തോ​ടു വിഷമം കൂട്ടു​ക​യാ​യി​രി​ക്കും. സ്‌നേ​ഹ​ത്തോ​ടെ അവരെ സഹായി​ക്കാ​നുള്ള നമ്മുടെ ആത്മാർഥ​മായ ശ്രമങ്ങൾ ഫലം കാണാതെ പോകു​ക​യും ചെയ്‌തേ​ക്കാം. “ചിന്തി​ക്കാ​തെ സംസാ​രി​ക്കു​ന്നതു വാളു​കൊണ്ട് കുത്തു​ന്ന​തു​പോ​ലെ​യാണ്‌; എന്നാൽ ബുദ്ധി​യു​ള്ള​വ​രു​ടെ നാവ്‌ മുറിവ്‌ ഉണക്കുന്നു.” (സുഭാ. 12:18) വിഷാ​ദി​ച്ചി​രി​ക്കുന്ന ആളുകളെ നമ്മൾ ആരും മനഃപൂർവം വാക്കു​കൾകൊണ്ട് കുത്തി​നോ​വി​ക്കില്ല. പക്ഷേ അറിയാ​തെ​പോ​ലും നമ്മൾ വാക്കു​കൾകൊണ്ട് ആരെ​യെ​ങ്കി​ലും ‘കുത്തി​യാൽ’ അതിന്‍റെ വേദന വളരെ വലുതാ​യി​രി​ക്കും. പ്രോ​ത്സാ​ഹ​ന​വാ​ക്കു​കൾ പറഞ്ഞ് മറ്റുള്ള​വരെ ബലപ്പെ​ടു​ത്താൻ സാധി​ക്ക​ണ​മെ​ങ്കിൽ, അവരുടെ ഉള്ളിന്‍റെ ഉള്ളിലെ വേദനകൾ നമ്മുടെ വേദന​യാ​യി കണ്ട് അവരോട്‌ ഇടപെ​ടണം.—മത്താ. 7:12.

15. മറ്റുള്ള​വരെ സ്‌നേ​ഹ​ത്തോ​ടെ ബലപ്പെ​ടു​ത്താൻ നമുക്ക് ഏത്‌ ഉപകരണം ഉപയോ​ഗി​ക്കാം?

15 ദൈവ​വ​ചനം ഉപയോ​ഗി​ച്ചു​കൊണ്ട് മറ്റുള്ള​വരെ ആശ്വസി​പ്പി​ക്കുക. (റോമർ 15:4, 5 വായി​ക്കുക.) ആശ്വാ​സ​ത്തി​ന്‍റെ​യും സാന്ത്വ​ന​ത്തി​ന്‍റെ​യും കലവറ​യാ​ണു തിരു​വെ​ഴു​ത്തു​കൾ. ‘സഹനശ​ക്തി​യും ആശ്വാ​സ​വും തരുന്ന ദൈവ​മാ​ണു’ നമുക്കു ബൈബിൾ തന്നിരി​ക്കു​ന്നത്‌. ആശ്വാസം പകരുന്ന തിരു​വെ​ഴു​ത്തു​കൾക്കു പുറമേ, നമുക്കു ബൈബിൾ പഠനസ​ഹാ​യി​ക​ളു​ടെ വലിയ ഒരു ശേഖരം​ത​ന്നെ​യുണ്ട്. വാച്ച്ടവർ പ്രസി​ദ്ധീ​കരണ സൂചിക (ഇംഗ്ലീഷ്‌), യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേ​ണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി തുടങ്ങി​യവ നമുക്കു നന്നായി ഉപയോ​ഗ​പ്പെ​ടു​ത്താം. ആളുകൾ നേരി​ടുന്ന പ്രശ്‌നങ്ങൾ ഏതായാ​ലും, അതിനു പറ്റിയ ബലപ്പെ​ടു​ത്തുന്ന തിരു​വെ​ഴു​ത്താ​ശ​യങ്ങൾ കണ്ടെത്താൻ ഇവ നമ്മളെ സഹായി​ക്കും. മറ്റുള്ള​വരെ ബലപ്പെ​ടു​ത്താൻ നമ്മൾ നടത്തുന്ന സ്‌നേ​ഹ​പൂർവ​മായ ശ്രമങ്ങൾ കൂടുതൽ ഫലവത്താ​കാൻ ഈ പഠനസ​ഹാ​യി​കൾ സഹായി​ക്കും.

16. വിഷാ​ദി​ച്ചി​രി​ക്കു​ന്ന​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു നമുക്ക് ഏതു ഗുണങ്ങൾ ആവശ്യ​മാണ്‌?

16 ആർദ്ര​ത​യും സൗമ്യ​ത​യും കാണി​ക്കുക. നിസ്വാർഥ​സ്‌നേഹം തെളി​യി​ക്കുന്ന രണ്ടു ഗുണങ്ങ​ളാണ്‌ ഇവ. ഒരാളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ബലപ്പെ​ടു​ത്തു​ക​യും ചെയ്യു​മ്പോൾ ഇവ കാണി​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌. യഹോവ “മനസ്സലി​വുള്ള പിതാ​വും ഏതു സാഹച​ര്യ​ത്തി​ലും ആശ്വാസം തരുന്ന ദൈവ​വും” ആണ്‌. തന്‍റെ എല്ലാ ദാസന്മാ​രോ​ടും ദൈവം ‘ആർദ്രാ​നു​ക​മ്പ​യു​ള്ള​വ​നാണ്‌.’ (2 കൊരി​ന്ത്യർ 1:3-6 വായി​ക്കുക; ലൂക്കോ. 1:78; റോമ. 15:13) പൗലോസ്‌ ഇക്കാര്യ​ത്തിൽ നല്ല മാതൃക വെച്ചു. അദ്ദേഹം എഴുതി: “ഒരു അമ്മ താൻ മുലയൂ​ട്ടുന്ന കുഞ്ഞിനെ പരിപാ​ലി​ക്കുന്ന അതേ സ്‌നേ​ഹ​വാ​ത്സ​ല്യ​ത്തോ​ടെ​യാ​ണു ഞങ്ങൾ നിങ്ങ​ളോ​ടു പെരു​മാ​റി​യത്‌. ഇങ്ങനെ, നിങ്ങ​ളോ​ടുള്ള വാത്സല്യം കാരണം ദൈവ​ത്തിൽനി​ന്നുള്ള സന്തോ​ഷ​വാർത്ത അറിയി​ക്കാൻ മാത്രമല്ല, ഞങ്ങളുടെ സ്വന്തം പ്രാണൻ തരാൻപോ​ലും ഞങ്ങൾ തീരു​മാ​നി​ച്ചി​രു​ന്നു. കാരണം നിങ്ങൾ ഞങ്ങൾക്ക് അത്രയ്‌ക്കു പ്രിയ​പ്പെ​ട്ട​വ​രാ​യി മാറി​യി​രു​ന്നു.” (1 തെസ്സ. 2:7, 8) ദൈവത്തെ അനുക​രി​ച്ചു​കൊണ്ട് മറ്റുള്ള​വ​രോട്‌ ആർദ്ര​ത​യോ​ടെ ഇടപെ​ടു​മ്പോൾ മനസ്സു തകർന്നി​രി​ക്കുന്ന ഒരാളു​ടെ പ്രാർഥ​ന​യ്‌ക്കുള്ള ഉത്തരമാ​യി​രി​ക്കും നമ്മൾ!

17. സഹോ​ദ​ര​ന്മാ​രെ സ്‌നേ​ഹ​ത്തോ​ടെ ബലപ്പെ​ടു​ത്താൻ അവരെ​ക്കു​റി​ച്ചുള്ള സമനി​ല​യുള്ള കാഴ്‌ച​പ്പാ​ടു നമ്മളെ എങ്ങനെ സഹായി​ക്കും?

17 സഹോ​ദ​ര​ങ്ങ​ളിൽനിന്ന് പൂർണത പ്രതീ​ക്ഷി​ക്ക​രുത്‌. സഹോ​ദ​ര​ങ്ങ​ളെ​ക്കു​റിച്ച് സമനി​ല​യുള്ള ഒരു കാഴ്‌ച​പ്പാട്‌ ഉണ്ടായി​രി​ക്കണം. അവർ ഒരു വീഴ്‌ച​യും കൂടാതെ പ്രവർത്തി​ക്കു​മെന്നു പ്രതീ​ക്ഷി​ക്കു​ന്നതു യാഥാർഥ്യ​ത്തി​നു നിരക്കാ​ത്ത​താണ്‌, അതു നിരാ​ശ​യിൽ കൊ​ണ്ടെ​ത്തി​ക്കു​കയേ ഉള്ളൂ. (സഭാ. 7:21, 22) യഹോവ തന്‍റെ ദാസന്മാ​രിൽ ന്യായ​മായ പ്രതീ​ക്ഷ​കളേ വെച്ചി​ട്ടു​ള്ളൂ. യഹോ​വ​യു​ടെ ഈ മാതൃക അനുക​രി​ക്കു​ക​യാ​ണെ​ങ്കിൽ നമുക്കു മറ്റുള്ള​വ​രു​ടെ അപൂർണ​ത​ക​ളു​മാ​യി ഒത്തു​പോ​കാൻ കഴിയും. (എഫെ. 4:2, 32) ‘അവർ ചെയ്യു​ന്ന​തൊ​ന്നും പോരാ’ എന്ന ധാരണ കൊടു​ക്കു​ന്ന​തി​നു പകരം, ചെയ്യുന്ന കാര്യ​ങ്ങൾക്ക് അവരെ അഭിന​ന്ദി​ക്കുക. അത്‌ അവർക്കു പ്രോ​ത്സാ​ഹനം പകരും. ആത്മാർഥ​മാ​യി അഭിന​ന്ദി​ക്കു​ന്ന​തി​ലൂ​ടെ നമ്മൾ അവരെ സ്‌നേ​ഹ​ത്തോ​ടെ ബലപ്പെ​ടു​ത്തു​ക​യാണ്‌. അങ്ങനെ​യാ​കു​മ്പോൾ വിശു​ദ്ധ​സേ​വ​ന​ത്തിൽ ‘അഭിമാ​നി​ക്കാൻ അവർക്കു വകയു​ണ്ടാ​കും.’ മനസ്സി​ടി​ച്ചു​ക​ള​യുന്ന വിധത്തിൽ അവരെ മറ്റുള്ള​വ​രു​മാ​യി താരത​മ്യ​പ്പെ​ടു​ത്തു​ന്ന​തി​നു പകരം അഭിന​ന്ദി​ക്കു​ന്നത്‌ എത്ര നന്നായി​രി​ക്കും!—ഗലാ. 6:4.

18. മറ്റുള്ള​വരെ സ്‌നേ​ഹ​ത്തോ​ടെ ബലപ്പെ​ടു​ത്താൻ കൂടു​ത​ലായ എന്തു കാരണ​മാ​ണു​ള്ളത്‌?

18 ഓരോ ആടും, യഹോ​വ​യ്‌ക്കും തന്‍റെ ജീവൻ മോച​ന​വി​ല​യാ​യി അർപ്പിച്ച യേശു​വി​നും വില​യേ​റി​യ​വ​രാണ്‌. (ഗലാ. 2:20) നമ്മുടെ ആത്മീയ സഹോ​ദ​ര​ന്മാ​രെ​യും സഹോ​ദ​രി​മാ​രെ​യും നമ്മൾ ആഴമായി സ്‌നേ​ഹി​ക്കു​ന്നു, ആർദ്ര​ത​യോ​ടെ അവർക്കു​വേണ്ടി കരുതു​ന്നു. ‘സമാധാ​നം ഉണ്ടാക്കാ​നും അന്യോ​ന്യം ബലപ്പെ​ടു​ത്താ​നും വേണ്ടി നമ്മളാ​ലാ​കു​ന്ന​തെ​ല്ലാം ചെയ്‌തു​കൊണ്ട്’ അവർക്കു നവോ​ന്മേഷം പകരാം. (റോമ. 14:19) വരാനി​രി​ക്കുന്ന പറുദീ​സ​യ്‌ക്കാ​യി നമ്മൾ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നു. ആ പറുദീ​സ​യിൽ നമ്മുടെ മനസ്സു തളർത്തി​ക്ക​ള​യുന്ന യാതൊ​ന്നും ഉണ്ടായി​രി​ക്കില്ല. രോഗ​ങ്ങ​ളില്ല, യുദ്ധങ്ങ​ളില്ല, അവകാ​ശ​പ്പെ​ടു​ത്തിയ മരണമില്ല, ഉപദ്ര​വ​ങ്ങ​ളോ കുടും​ബ​പ്ര​ശ്‌ന​ങ്ങ​ളോ നിരാ​ശ​ക​ളോ ഒന്നുമു​ണ്ടാ​യി​രി​ക്കില്ല. ആയിരം​വർഷ​വാഴ്‌ച കഴിയു​മ്പോ​ഴേ​ക്കും മനുഷ്യ​വർഗം പൂർണ​ത​യി​ലെ​ത്തി​യി​രി​ക്കും. അന്തിമ​പ​രി​ശോ​ധ​ന​യിൽ വിജയി​ക്കുന്ന എല്ലാവ​രും ദൈവ​മായ യഹോ​വ​യു​ടെ ഭൂമി​യി​ലെ മക്കളായി ദത്തെടു​ക്ക​പ്പെ​ടും, അവർ “ദൈവ​മ​ക്ക​ളു​ടെ മഹത്തായ സ്വാത​ന്ത്ര്യം നേടും.” (റോമ. 8:21) അതു​കൊണ്ട് ദൈവം കൊണ്ടു​വ​രാൻപോ​കുന്ന മനോ​ഹ​ര​മായ പുതിയ ലോക​ത്തിൽ പ്രവേ​ശി​ക്കു​ന്ന​തി​നു നമുക്കു പരസ്‌പരം സഹായി​ക്കാം, സ്‌നേ​ഹ​ത്തോ​ടെ അന്യോ​ന്യം ബലപ്പെ​ടു​ത്താം.

^ ഖ. 6 യഹോവയോട്‌ അടുത്തു ചെല്ലു​വിൻ എന്ന പുസ്‌ത​ക​ത്തി​ന്‍റെ 24-‍ാ‍ം അധ്യായം കാണുക.

^ ഖ. 12 ആത്മഹത്യാപ്രവണത ഉള്ളവരെ സഹായി​ക്കു​ന്ന​തി​നുള്ള പ്രാ​യോ​ഗി​ക​നിർദേ​ശ​ങ്ങൾക്കാ​യി ഉണരുക!-യിൽ വന്ന “ഞാൻ എന്തിനു ജീവി​ക്കണം? ജീവി​ക്കാൻ മൂന്നു കാരണങ്ങൾ” (2014 ജൂലൈ—സെപ്‌റ്റം​ബർ), ““ജീവിതം അവസാ​നി​പ്പി​ക്കാൻ തോന്നു​മ്പോൾ” (2012 ഏപ്രിൽ), “ജീവി​ച്ചി​രി​ക്കു​ന്നത്‌ മൂല്യ​വ​ത്താണ്‌” (2001 നവംബർ 8) എന്നീ ലേഖനങ്ങൾ കാണുക.