ദാവീദും ഗൊല്യാത്തും—അത് യഥാർഥത്തിൽ സംഭവിച്ചതോ?
ദാവീദിനെയും ഗൊല്യാത്തിനെയും കുറിച്ചുള്ള വിവരണം യഥാർഥത്തിൽ നടന്നതുതന്നെയാണോ എന്നു ചിലർക്കു സംശയം തോന്നാറുണ്ട്. മുൻലേഖനം വായിച്ചപ്പോൾ നിങ്ങൾക്കും അങ്ങനെ തോന്നിയോ? എങ്കിൽ താഴെ കൊടുത്തിരിക്കുന്ന മൂന്നു ചോദ്യങ്ങൾ ദയവായി പരിചിന്തിക്കുക.
1 | ഒരു മനുഷ്യനു ശരിക്കും ഒമ്പതര അടി (2.9 മീ.) ഉയരം വരുമോ?
ഗൊല്യാത്തിന്റെ ഉയരം “ആറു മുഴവും ഒരു ചാണും” ആയിരുന്നെന്നു ബൈബിൾ പറയുന്നു. (1 ശമുവേൽ 17:4) ഇവിടെ പറയുന്ന മുഴം 17.5 ഇഞ്ച് (44.5 സെ.മീ.) വരും, ചാൺ 8.75 ഇഞ്ചും (22.2 സെ.മീ.). അപ്പോൾ ആകെ ഉയരം ഏകദേശം ഒമ്പത് അടി ആറ് ഇഞ്ച് (2.9 മീ.). ഗൊല്യാത്തിന് അത്രയും ഉയരമൊന്നുമുണ്ടാകാൻ സാധ്യതയില്ലെന്നാണു ചിലരുടെ വാദം. പക്ഷേ ഇതു ചിന്തിക്കുക: രേഖകളനുസരിച്ച് ആധുനികകാലത്തെ ഏറ്റവും വലിയ ഉയരക്കാരന് 8 അടി 11 ഇഞ്ചിലധികം (2.7 മീ.) പൊക്കമുണ്ടായിരുന്നു. ഗൊല്യാത്തിന് ഇതിനെക്കാൾ ആറ് ഇഞ്ചുംകൂടെ (15 സെ.മീ.) പൊക്കമുണ്ടായിരുന്നു എന്ന കാര്യം അവിശ്വസനീയമായി തോന്നുന്നുണ്ടോ? ഗൊല്യാത്ത് രെഫായീം വംശജനായിരുന്നു. അസാധാരണമായ വലിപ്പത്തിനു പേരുകേട്ടവരായിരുന്നു അക്കൂട്ടർ. കനാൻ പ്രദേശത്ത് എട്ട് അടിയിലേറെ (2.4 മീ.) ഉയരമുള്ള വീരന്മാരായ ചില പോരാളികളുണ്ടെന്നു ബി.സി. 13-ാം നൂറ്റാണ്ടിലെ ഒരു ഈജിപ്ഷ്യൻ രേഖ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ഗൊല്യാത്തിന്റെ ഉയരം അസാധാരണമാണെങ്കിലും അത് അസംഭവ്യമായ ഒരു കാര്യമല്ല.
2 | ദാവീദ് ശരിക്കും ജീവിച്ചിരുന്നയാളാണോ?
ദാവീദ് രാജാവ് ഒരു ഭാവനാസൃഷ്ടിയാണെന്നു വരുത്തിത്തീർക്കാൻ പണ്ഡിതന്മാർ ശ്രമിച്ച ഒരു കാലമുണ്ടായിരുന്നു. പക്ഷേ ഇന്ന് അവർക്ക് അതിനു കഴിയില്ല. കാരണം, “ദാവീദുഗൃഹം” എന്ന് എഴുതിയ ഒരു പുരാതനലിഖിതം പുരാവസ്തുശാസ്ത്രജ്ഞന്മാർ കണ്ടെത്തി. ദാവീദ് ജീവിച്ചിരുന്ന ഒരു വ്യക്തിയാണെന്നു യേശുക്രിസ്തുവിന്റെ വാക്കുകളും സൂചിപ്പിക്കുന്നു. (മത്തായി 12:3; 22:43-45) യേശു മിശിഹയാണെന്നു തെളിയിക്കുന്ന രണ്ടു വംശാവലികൾ അദ്ദേഹം ദാവീദ് രാജാവിന്റെ പിന്മുറക്കാരനാണെന്നു സൂചിപ്പിക്കുന്നു. (മത്തായി 1:6-16; ലൂക്കോസ് 3:23-31) അതെ, ദാവീദ് ജീവിച്ചിരുന്ന ഒരു വ്യക്തിതന്നെ.
3 | ആ വിവരണത്തിലെ സംഭവങ്ങൾ നടന്ന സ്ഥലം യഥാർഥത്തിലുള്ളതാണോ?
യുദ്ധം നടന്നത് ഏലാ താഴ്വരയിൽവെച്ചാണെന്നു ബൈബിൾ പറയുന്നു. ആ സ്ഥലത്തെപ്പറ്റി കുറെക്കൂടെ വിശദാംശങ്ങൾ ബൈബിൾ തരുന്നുണ്ട്. സോഖോ, അസേക്ക എന്നീ പട്ടണങ്ങൾക്കിടയിലുള്ള കുന്നിൻചെരിവിലാണു ഫെലിസ്ത്യർ പാളയമടിച്ചതെന്ന് അതു പറയുന്നു. നേരെ എതിർവശത്തായി താഴ്വരയ്ക്കപ്പുറത്തെ കുന്നിൻചെരിവിലായിരുന്നു ഇസ്രായേല്യർ. ഇത് യഥാർഥത്തിലുള്ള സ്ഥലങ്ങളായിരുന്നോ?
അടുത്തിടെ അവിടം സന്ദർശിച്ച ഒരാൾ പറയുന്നതു ശ്രദ്ധിക്കൂ: “ഗൈഡ് ഞങ്ങളെ ഏലാ താഴ്വരയിലേക്കു കൊണ്ടുപോയി. അദ്ദേഹമൊരു ദൈവവിശ്വാസിയൊന്നുമല്ലായിരുന്നു. ഞങ്ങളെല്ലാവരുംകൂടെ ഒരു കുന്നു കയറാൻ തുടങ്ങി. കയറിക്കയറി ഞങ്ങൾ അതിന്റെ തുഞ്ചത്ത് എത്തി. താഴെ കാണുന്ന താഴ്വരയിലേക്കു നോക്കിനിൽക്കെ, അദ്ദേഹം ഞങ്ങളെക്കൊണ്ട് 1 ശമുവേൽ 17:1-3 വായിപ്പിച്ചു. എന്നിട്ട് താഴ്വരയ്ക്കപ്പുറത്തേക്കു ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു: ‘അവിടെ നിങ്ങളുടെ ഇടതുവശത്താണു സോഖോയുടെ നാശാവശിഷ്ടങ്ങൾ.’ അൽപ്പം തിരിഞ്ഞിട്ട് അദ്ദേഹം പറഞ്ഞു: ‘ദാ അവിടെ നിങ്ങളുടെ വലതുവശത്താണ് അസേക്കയുടെ നാശാവശിഷ്ടങ്ങൾ. ഫെലിസ്ത്യർ താവളമടിച്ചത് ആ രണ്ടു പട്ടണങ്ങളുടെയും ഇടയിലാണ്. അതു നിങ്ങൾക്ക് അഭിമുഖമായുള്ള കുന്നിൻചെരിവുകളിൽ എവിടെയോ ആയിരിക്കും. അതുവെച്ച് നോക്കുമ്പോൾ നമ്മൾ നിൽക്കുന്നിടത്തായിരിക്കാം ഇസ്രായേല്യർ താവളമടിച്ചത്.’ ഞാൻ ഇപ്പോൾ നിൽക്കുന്നിടത്തായി ശൗലും ദാവീദും നിൽക്കുന്നതു ഞാൻ ഭാവനയിൽ കണ്ടു. പിന്നെ ഞങ്ങൾ കുന്നിറങ്ങി. താഴ്വരയിൽ ഞങ്ങൾ ഒരു അരുവി കുറുകെ കടന്നു. അത് ഏതാണ്ട് ഉണങ്ങിക്കിടപ്പാണ്. നിറയെ കല്ലുകളുണ്ട്. ദാവീദ് കുനിഞ്ഞ് ഇവിടെനിന്ന് മിനുസമുള്ള അഞ്ചു കല്ലു പെറുക്കിയെടുക്കുന്ന ചിത്രം എന്റെ മനസ്സിൽ തെളിഞ്ഞു. അതിൽ ഒന്നാണല്ലോ ഗൊല്യാത്തിനെ കൊന്നത്.” മറ്റു പലരെയുംപോലെ ആ സന്ദർശകനും ബൈബിൾവിവരണങ്ങളിലെ വിശദാംശങ്ങളുടെ ആധികാരികതയിൽ വലിയ മതിപ്പു തോന്നി.
ഈ ചരിത്രവിവരണത്തിന്റെ വിശ്വാസ്യതയെ സംശയിക്കാൻ യാതൊരു അടിസ്ഥാനവുമില്ല. അതിലുള്ള വ്യക്തികളും സ്ഥലങ്ങളും യഥാർഥത്തിലുണ്ടായിരുന്നതാണ്. ഏറെ പ്രധാനമായി അതു ദൈവാത്മാവിന്റെ പ്രചോദനത്താൽ എഴുതപ്പെട്ട വചനത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ അതു “ഭോഷ്കു പറയാൻ കഴിയാത്ത” സത്യത്തിന്റെ ദൈവത്തിൽനിന്നുള്ളതാണ്.—തീത്തോസ് 1:1; 2 തിമൊഥെയൊസ് 3:16. ▪ (wp16-E No. 5)