ഞങ്ങളുടെ വായനക്കാർ ചോദിക്കുന്നു. . .
ക്രിസ്തുമസ്സ് ക്രിസ്ത്യാനികൾക്കുള്ളതോ?
ക്രിസ്തുമസ്സ് യേശുക്രിസ്തുവിന്റെ പിറന്നാളാണെന്നു ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ആളുകൾ വിശ്വസിക്കുന്നു. എന്നാൽ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ, അതായത് യേശുവിനോട് ഏറ്റവും അടുപ്പമുള്ളവർ, ക്രിസ്തുമസ്സ് ആഘോഷിച്ചിരുന്നോ? പിറന്നാളുകളെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നതെന്ന് നിങ്ങൾക്ക് അറിയാമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടുപിടിക്കുന്നത് ക്രിസ്തുമസ്സ് ക്രിസ്ത്യാനികൾക്കുള്ളതോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ നമ്മളെ സഹായിക്കും.
ഒന്നാമതായി, യേശുവിന്റെയോ ദൈവത്തെ വിശ്വസ്തമായി ആരാധിച്ചിരുന്ന മറ്റാരുടെയെങ്കിലുമോ പിറന്നാൾ ആഘോഷത്തെക്കുറിച്ച് ബൈബിൾ ഒന്നും സൂചിപ്പിക്കുന്നില്ല. പിറന്നാൾ ആഘോഷിച്ച രണ്ടു വ്യക്തികളെക്കുറിച്ച് മാത്രമേ ബൈബിൾ പറയുന്നുള്ളൂ. അവർ രണ്ടു പേരും ബൈബിളിലെ ദൈവമായ യഹോവയെ ആരാധിക്കാത്തവരായിരുന്നു. ഇനി അവരുടെ പിറന്നാൾ ആഘോഷവേളയിൽ ചില മോശമായ കാര്യങ്ങൾ സംഭവിക്കുകയും ചെയ്തു. (ഉൽപത്തി 40:20; മർക്കോസ് 6:21) ബ്രിട്ടാനിക്ക സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച് “പിറന്നാൾ ആഘോഷിക്കുന്ന രീതി ക്രിസ്തീയമല്ല” എന്നതിനാൽ ആദ്യകാല ക്രിസ്ത്യാനികൾ അതിനെ എതിർത്തിരുന്നു.
യേശു ജനിച്ചത് എന്നാണ്?
യേശു ജനിച്ചത് എന്നാണെന്ന് ബൈബിൾ കൃത്യമായി പറയുന്നില്ല. “ക്രിസ്തുവിന്റെ ജനനത്തീയതി കൃത്യമായി ഉറപ്പിക്കാൻ പുതിയ നിയമത്തിൽനിന്നോ മറ്റേതെങ്കിലും ഉറവിൽനിന്നോ ഉള്ള വിവരങ്ങൾകൊണ്ട് കഴിയില്ല” എന്ന് മക്ലിന്റോക്കിന്റെയും സ്ട്രോങ്ങിന്റെയും വിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നു. യേശുവിന്റെ അനുഗാമികൾ തന്റെ പിറന്നാൾ ആഘോഷിക്കാൻ യേശു ആഗ്രഹിച്ചിരുന്നെങ്കിൽ തീർച്ചയായും തന്റെ ജനനത്തീയതി അവർക്കു വെളിപ്പെടുത്തുമായിരുന്നു.
രണ്ടാമതായി, യേശുവോ ശിഷ്യന്മാരിൽ ആരെങ്കിലുമോ ക്രിസ്തുമസ്സ് ആഘോഷിച്ചിരുന്നതായി ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല. പുതിയ കത്തോലിക്കാ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച് ക്രിസ്തുമസ്സ് ആഘോഷത്തെക്കുറിച്ച് ആദ്യം പരാമർശിച്ചിരിക്കുന്നത് “ഫിലോകാലസ്സിന്റെ കാലക്കണക്ക് (ഇംഗ്ലീഷ്) എന്ന് അറിയപ്പെടുന്ന ഒരു റോമൻ പഞ്ചാംഗപുസ്തകത്തിലാണ്. അതിലെ വിവരങ്ങൾ എ.ഡി. 336-ലേതാണ്.” അതായത്, യേശു ഭൂമിയിൽ ജീവിച്ചിരുന്നതിനു നൂറ്റാണ്ടുകൾക്കു ശേഷം. ബൈബിൾ എഴുതിത്തീർന്ന് വളരെക്കാലം കഴിഞ്ഞുമാണ് അത് എഴുതിയത്. അതുകൊണ്ട് മക്ലിന്റോക്കിന്റെയും സ്ട്രോങ്ങിന്റെയും അഭിപ്രായത്തിൽ “ക്രിസ്തുമസ്സ് ആഘോഷം ദൈവം ഏർപ്പെടുത്തിയ ഒരു ആചരണമോ പുതിയ നിയമത്തിൽ ഉത്ഭവിച്ച ഒന്നോ അല്ല.” *
തന്റെ ശിഷ്യന്മാർ ആചരിക്കാൻ യേശു ഏർപ്പെടുത്തിയ ചടങ്ങ് എന്തായിരുന്നു?
മഹാനായ അധ്യാപകൻ എന്ന നിലയിൽ തന്റെ അനുഗാമികൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് യേശു വ്യക്തമായ നിർദേശങ്ങൾ നൽകി. അതെല്ലാം ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ അതിലൊന്നും ക്രിസ്തുമസ്സ് ആഘോഷത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. കൊടുക്കുന്ന നിർദേശങ്ങൾക്ക് അപ്പുറം വിദ്യാർഥികൾ പോകാൻ ഒരു അധ്യാപകനും പ്രതീക്ഷിക്കില്ല. അതുപോലെ തന്റെ അനുഗാമികൾ വിശുദ്ധ തിരുവെഴുത്തുകളിൽ “എഴുതിയിരിക്കുന്നതിന് അപ്പുറം പോകരുത്” എന്ന് യേശുവും ആഗ്രഹിക്കുന്നു.—1 കൊരിന്ത്യർ 4:6.
എന്നാൽ പുരാതന ക്രിസ്ത്യാനികൾക്ക് വളരെ സുപരിചിതമായിരുന്ന പ്രധാനപ്പെട്ട ഒരു ആചരണമുണ്ടായിരുന്നു—യേശുവിന്റെ മരണത്തിന്റെ സ്മാരകാചരണം. ഈ ആചരണം എപ്പോൾ, എങ്ങനെ നടത്തണമെന്ന് യേശു ശിഷ്യന്മാരോട് നേരിട്ട് പറഞ്ഞിരുന്നു. ഈ നിർദേശങ്ങളും യേശു മരിച്ച തീയതിയും വ്യക്തമായി ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.—ലൂക്കോസ് 22:19; 1 കൊരിന്ത്യർ 11:25.
നമ്മൾ മനസ്സിലാക്കിയതുപോലെ ക്രിസ്തുമസ്സ് ഒരു പിറന്നാളാഘോഷമാണ്. പുരാതനകാല ക്രിസ്ത്യാനികൾ ക്രിസ്തീയമല്ലാത്ത ഈ ആചരണം ആഘോഷിച്ചിരുന്നില്ല. കൂടാതെ യേശുവോ മറ്റാരെങ്കിലുമോ ക്രിസ്തുമസ്സ് ആഘോഷിച്ചിരുന്നതായി ബൈബിളിൽ പറയുന്നുമില്ല. ഈ വസ്തുതകളുടെ വെളിച്ചത്തിൽ ലോകമെങ്ങുമുള്ള ദശലക്ഷക്കണക്കിന് ക്രിസ്ത്യാനികൾ ക്രിസ്തുമസ്സ് അവർക്കുള്ളത് അല്ല എന്ന് മനസ്സിലാക്കിയിരിക്കുന്നു.
^ ഖ. 6 ക്രിസ്തുമസ്സ് ആചരണങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനായി 2016 നമ്പർ 1 വീക്ഷാഗോപുരത്തിലെ “ഞങ്ങളുടെ വായനക്കാർ ചോദിക്കുന്നു. . . ” എന്ന ഭാഗത്തെ “ക്രിസ്തുമസ്സ് ആചാരങ്ങളിൽ എന്താണ് കുഴപ്പം?” എന്ന ലേഖനം കാണുക. www.pr418.com എന്ന സൈറ്റിൽ ഇതു ലഭ്യമാണ്.