പുതിയ ലോകം തൊട്ടുമുന്നിൽ!
നീതിമാന്മാരായ മനുഷ്യർക്ക് എന്നേക്കും ജീവിക്കാൻവേണ്ടിയാണ് ദൈവം ഭൂമിയെ സൃഷ്ടിച്ചത്. (സങ്കീർത്തനം 37:29) ദൈവം ആദ്യദമ്പതികളായ ആദാമിനെയും ഹവ്വയെയും മനോഹരമായ ഏദെൻ തോട്ടത്തിലാക്കി. അവരും പിൻതലമുറക്കാരും ഭൂമിയിൽ കൃഷി ചെയ്ത് അതിനെ പരിപാലിക്കണമായിരുന്നു.—ഉൽപത്തി 1:28; 2:15.
ദൈവം ഉദ്ദേശിച്ച പറുദീസപോലെയാണോ ഇന്നത്തെ ഭൂമി? ഒരിക്കലുമല്ല! എന്നാൽ ദൈവത്തിന്റെ ഉദ്ദേശ്യത്തിന് ഒരു മാറ്റവും വന്നിട്ടില്ല. അങ്ങനെയാണെങ്കിൽ ദൈവം അത് എങ്ങനെ നടപ്പാക്കും? കഴിഞ്ഞ ലേഖനങ്ങളിൽ കണ്ടതുപോലെ വിശ്വസ്തരായ മനുഷ്യരെ ഈ ഭൂമിയിൽ ജീവിക്കാൻ അനുവദിച്ചുകൊണ്ട്. അല്ലാതെ ഈ ഭൂമിയെ മുഴുവനായി നശിപ്പിച്ചുകൊണ്ടല്ല. ദൈവത്തിന്റെ ആ പുതിയ ലോകം വരുമ്പോൾ ഭൂമിയിലെ അവസ്ഥ എങ്ങനെയായിരിക്കും?
ഭൂമിയെ മുഴുവൻ ഭരിക്കുന്ന ഒരൊറ്റ ഗവൺമെന്റ്
ഉടൻതന്നെ ദൈവത്തിന്റെ ആ പുതിയ ഗവൺമെന്റ് മനുഷ്യരെ ഭരിക്കാൻ തുടങ്ങുമ്പോൾ ഇപ്പോഴത്തെ ഈ അവസ്ഥകളെല്ലാം മാറും. ആളുകൾ ഐക്യത്തോടെയും സന്തോഷത്തോടെയും അവിടെ ജീവിക്കും. എല്ലാവരും അവരവരുടെ ജോലികൾ ആസ്വദിച്ച് ചെയ്യും. ഭൂമിയെ ഭരിക്കാൻ ദൈവം നിയമിച്ചിരിക്കുന്നത് യേശുക്രിസ്തുവിനെയാണ്. മറ്റു ഭരണാധികാരികളെപ്പോലെയല്ല യേശു. ഇന്നത്തെ മിക്ക ഭരണാധികാരികളെയും നമുക്കറിയാം, അവർക്ക് ആളുകളുടെ കാര്യത്തിൽ യാതൊരു താത്പര്യവുമില്ല. എന്നാൽ യേശു മനുഷ്യർക്ക് ഏറ്റവും നല്ലത് എന്താണോ അതാണു ചെയ്യുന്നത്. സ്നേഹത്തോടെയുള്ള ഒരു ഭരണമായിരിക്കും യേശുവിന്റേത്. അതുകൊണ്ട് കരുണയോടെയും ദയയോടെയും നീതിയോടെയും ഈ രാജാവ് ഇടപെടും.—യശയ്യ 11:4.
ലോകമെങ്ങുമുള്ള ആളുകൾ ഒരുമയോടെ ജീവിക്കും
ദേശത്തിന്റെയോ ജാതിയുടെയോ പേരിൽ മനുഷ്യർക്കിടയിൽ വേർതിരിവുണ്ടാകില്ല. ആളുകളെല്ലാം ഒറ്റക്കെട്ടായിരിക്കും. (വെളിപാട് 7:9, 10) എല്ലാ മനുഷ്യരും ദൈവത്തെയും അയൽക്കാരെയും സ്നേഹിക്കും. ഭൂമിയെ പരിപാലിക്കാനുള്ള ദൈവത്തിന്റെ ആദ്യത്തെ ഉദ്ദേശ്യം നടപ്പിലാക്കാൻ മനുഷ്യരെല്ലാം ഒത്തൊരുമയോടെ പ്രവർത്തിക്കും.—സങ്കീർത്തനം 115:16.
പ്രകൃതിയോട് ഇണങ്ങി ജീവിക്കും
ദൈവരാജ്യം വന്നുകഴിയുമ്പോൾ നമ്മുടെ സ്രഷ്ടാവ് കാലാവസ്ഥയെ നിയന്ത്രിക്കും. ഏറ്റവും അനുയോജ്യമായ കാലാവസ്ഥയായിരിക്കും അപ്പോൾ. (സങ്കീർത്തനം 24:1, 2) ഭൂമിയിലായിരുന്ന സമയത്ത് ഭയാനകമായ ഒരു കൊടുങ്കാറ്റ് ഉണ്ടായപ്പോൾ ദൈവത്തിന്റെ ശക്തിയാൽ യേശു അതിനെ നിഷ്പ്രയാസം ശാന്തമാക്കി. (മർക്കോസ് 4:39, 41) ക്രിസ്തുവിന്റെ ഭരണത്തിൻകീഴിൽ ആർക്കും പ്രകൃതിദുരന്തങ്ങളെ പേടിക്കേണ്ടിവരില്ല. ദൈവരാജ്യം വരുമ്പോൾ മനുഷ്യർ ആദ്യത്തേതുപോലെ പ്രകൃതിയോടും മൃഗങ്ങളോടും ഇണങ്ങി ജീവിക്കും.—ഹോശേയ 2:18.
നല്ല ആരോഗ്യവും ധാരാളം ഭക്ഷണവും
എല്ലാവർക്കും നല്ല ആരോഗ്യമുണ്ടായിരിക്കും. ആരും രോഗികളാകുകയോ പ്രായമാകുകയോ മരിക്കുകയോ ഇല്ല. (യശയ്യ 35:5, 6) ആദ്യത്തെ ദമ്പതികൾ ജീവിച്ചിരുന്ന ഏദെൻ തോട്ടത്തിലെ അവസ്ഥയായിരിക്കും ഭൂമിയിൽ. മനോഹരമായ ആ ഭൂമിയിൽ യാതൊരു മലിനീകരണവും ഉണ്ടായിരിക്കില്ല. ഭൂമിയിൽ ധാരാളം വിളവു ലഭിക്കും. എല്ലാവർക്കും മതിവരുവോളം കഴിക്കാനുള്ള ഭക്ഷണം ഉണ്ടായിരിക്കും. (ഉൽപത്തി 2:9) പുരാതനനാളിലെ ഇസ്രായേൽ ജനത്തെപ്പോലെ പറുദീസയിൽ എല്ലാവരും ‘തൃപ്തിയാകുന്നതുവരെ അപ്പം തിന്നും.’—ലേവ്യ 26:4, 5.
സമാധാനവും സുരക്ഷിതത്വവും
ലോകമെങ്ങും ഭരിക്കുന്ന ദൈവത്തിന്റെ ആ ഗവൺമെന്റ് വരുമ്പോൾ ആളുകൾക്കു സമാധാനമുണ്ടായിരിക്കും. എല്ലാ മനുഷ്യരും പരസ്പരം ദയയോടെയും നീതിയോടെയും ഇടപെടും. യുദ്ധങ്ങൾ ഉണ്ടായിരിക്കില്ല, അധികാരദുർവിനിയോഗം ഉണ്ടായിരിക്കില്ല, ആരും അടിസ്ഥാന ആവശ്യങ്ങൾക്കുവേണ്ടി ബുദ്ധിമുട്ടുകയും ഇല്ല. ബൈബിൾ ഇങ്ങനെയൊരു ഉറപ്പു നൽകുന്നു: “അവർ ഓരോരുത്തരും സ്വന്തം മുന്തിരിവള്ളിയുടെയും അത്തി മരത്തിന്റെയും ചുവട്ടിൽ ഇരിക്കും; ആരും അവരെ പേടിപ്പിക്കില്ല.”—മീഖ 4:3, 4.
സംതൃപ്തി നൽകുന്ന ജോലിയും നല്ല വീടും
ഓരോ കുടുംബത്തിനും സ്വന്തമായി വീട് ഉണ്ടായിരിക്കും, അവർക്ക് അതു നഷ്ടപ്പെടുമോ എന്നു പേടിക്കേണ്ടിവരില്ല. അതുപോലെ അവർ ചെയ്യുന്ന അധ്വാനത്തിന്റെ ഫലം അവർതന്നെ അനുഭവിക്കും. ബൈബിൾ പറയുന്നത്, ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവിക്കുന്നവരുടെ “അധ്വാനം വെറുതേയാകില്ല” എന്നാണ്.—യശയ്യ 65:21-23.
ഏറ്റവും നല്ല വിദ്യാഭ്യാസം
ബൈബിൾ തരുന്ന ഉറപ്പ്: “ഭൂമി മുഴുവൻ യഹോവയുടെ പരിജ്ഞാനം നിറഞ്ഞിരിക്കും.” (യശയ്യ 11:9) ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവിക്കുമ്പോൾ ആളുകൾ തങ്ങളുടെ സ്രഷ്ടാവായ യഹോവയുടെ ജ്ഞാനത്തിൽനിന്നും യഹോവയുടെ മനോഹരമായ സൃഷ്ടികളിൽനിന്നും കുറെയേറെ പഠിക്കും. ആയുധങ്ങൾ നിർമിക്കാനോ മറ്റുള്ളവരെ ദ്രോഹിക്കാനോ ആയിരിക്കില്ല അവർ തങ്ങളുടെ അറിവ് ഉപയോഗിക്കുന്നത്. (യശയ്യ 2:4) പകരം, അവർ ഈ അറിവ് ഉപയോഗിച്ച് പരസ്പരം സമാധാനത്തിൽ എങ്ങനെ ജീവിക്കാമെന്നും ഭൂമിയെ എങ്ങനെ നന്നായി പരിപാലിക്കാമെന്നും ആയിരിക്കും ചിന്തിക്കുന്നത്.—സങ്കീർത്തനം 37:11.
എന്നേക്കുമുള്ള ജീവിതം
മനുഷ്യർ ഭൂമിയിൽ ഓരോ ദിവസവും ആസ്വദിച്ച് ജീവിക്കണമെന്നായിരുന്നു ദൈവത്തിന്റെ ആഗ്രഹം. അതുകൊണ്ട് ദൈവം ഭൂമിയെ വളരെ ശ്രദ്ധയോടെയാണ് ഉണ്ടാക്കിയത്. അവർ എന്നും അവിടെ ജീവിക്കാൻ ദൈവം ഉദ്ദേശിച്ചു. (സങ്കീർത്തനം 37:29; യശയ്യ 45:18) ദൈവത്തിന്റെ ആ ആദ്യത്തെ ഉദ്ദേശ്യം നിറവേറ്റുന്നതിന് ദൈവം “മരണത്തെ എന്നേക്കുമായി ഇല്ലാതാക്കും.” (യശയ്യ 25:8) ബൈബിൾ പറയുന്നു: “മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല.” (വെളിപാട് 21:4) ദൈവം ഈ ദുഷ്ടലോകത്തെ നശിപ്പിക്കുമ്പോൾ, ദൈവത്തിന്റെ സംരക്ഷണം കിട്ടുന്ന ആളുകൾക്കും വരാൻപോകുന്ന പുതിയ ലോകത്തിൽ ദൈവം ഉയിർത്തെഴുന്നേൽപ്പിക്കുന്ന കോടിക്കണക്കിന് ആളുകൾക്കും ഈ ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള അവസരം കിട്ടും.—യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15.
ലോകാവസാനത്തെ അതിജീവിക്കാനും ഉടൻതന്നെ വരാൻപോകുന്ന പുതിയ ലോകത്തിലായിരിക്കാനും നമുക്ക് എന്തു ചെയ്യാനാകും? അതു മനസ്സിലാക്കാൻ ജീവിതം ആസ്വദിക്കാം പുസ്തകം ഉപയോഗിച്ചുള്ള യഹോവയുടെ സാക്ഷികളുടെ സൗജന്യ ബൈബിൾപഠന പരിപാടി നിങ്ങളെ സഹായിക്കും