വെറുപ്പിന്റെ ചങ്ങല എങ്ങനെ പൊട്ടിക്കാം?
2 | പ്രതികാരം ചെയ്യരുത്
ബൈബിൾ പഠിപ്പിക്കുന്നത്:
‘തിന്മയ്ക്കു പകരം തിന്മ ചെയ്യരുത്. എല്ലാവരുമായി സമാധാനത്തിലായിരിക്കാൻ നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുക. നിങ്ങൾതന്നെ പ്രതികാരം ചെയ്യരുത്. കാരണം, “‘പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും’ എന്ന് യഹോവ പറയുന്നു” എന്ന് എഴുതിയിട്ടുണ്ടല്ലോ.’—റോമർ 12:17-19.
അർഥം:
നമ്മളോട് ആരെങ്കിലും ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ സ്വാഭാവികമായും നമുക്കു ദേഷ്യം തോന്നും. പക്ഷേ നമ്മൾ പ്രതികാരം ചെയ്യുന്നത് ദൈവത്തിന് ഇഷ്ടമല്ല. താൻ എല്ലാ അനീതിയും തുടച്ചുനീക്കുന്നതുവരെ കാത്തിരിക്കാനാണ് ദൈവം പറയുന്നത്.—സങ്കീർത്തനം 37:7, 10.
നിങ്ങൾക്കു ചെയ്യാനാകുന്നത്:
മനുഷ്യർ പകരം വീട്ടാൻ തുനിഞ്ഞിറങ്ങിയാൽ അതു വെറുപ്പും വിദ്വേഷവും ആളിക്കത്തിക്കുകയേ ഉള്ളൂ. അതുകൊണ്ട് ആരെങ്കിലും നിങ്ങളെ ദ്രോഹിക്കുകയോ വേദനിപ്പിക്കുകയോ ചെയ്താൽ പകരംവീട്ടാൻ ശ്രമിക്കരുത്. പകരം സംയമനം പാലിക്കുക, തിരിച്ച് സമാധാനത്തോടെ ഇടപെടുക. ചിലപ്പോൾ ചിലതൊക്കെ കണ്ടില്ലെന്നു വെക്കുന്നതാണ് ഏറ്റവും നല്ലത്. (സുഭാഷിതങ്ങൾ 19:11) എന്നാൽ മറ്റു ചില സാഹചര്യങ്ങളിൽ ആ പ്രശ്നം വേണ്ടതുപോലെ കൈകാര്യം ചെയ്യേണ്ടതുണ്ടായിരിക്കാം. ഉദാഹരണത്തിന്, നിങ്ങൾ ഒരു കുറ്റകൃത്യത്തിന് ഇരയായാൽ ആ കാര്യം പോലീസിനെയോ മറ്റ് അധികാരികളെയോ അറിയിക്കാൻ നിങ്ങൾ തീരുമാനിച്ചേക്കാം.
വെറുപ്പ് വെച്ചുകൊണ്ടിരിക്കുന്നതു നമുക്കുതന്നെ ദോഷം ചെയ്യും
സമാധാനപരമായി പ്രശ്നം പരിഹരിക്കാൻ പറ്റില്ലെന്നു തോന്നുന്നെങ്കിലോ? അല്ലെങ്കിൽ ഒരു പ്രശ്നം പരിഹരിക്കാൻ നിങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തിട്ടും പ്രയോജനമൊന്നും ഉണ്ടാകുന്നില്ലെങ്കിലോ? പ്രതികാരം ചെയ്യരുത്. അതു പ്രശ്നം കൂടുതൽ വഷളാക്കുകയേ ഉള്ളൂ. പകരം, വെറുപ്പിന്റെ ചങ്ങല പൊട്ടിച്ചെറിയുക. ദൈവം തന്റേതായ വിധത്തിൽ പ്രശ്നത്തിന് ഒരു തീർപ്പുണ്ടാക്കുമെന്ന് ഉറപ്പുണ്ടായിരിക്കുക. “ദൈവത്തിൽ ആശ്രയിക്കൂ, ദൈവം നിനക്കുവേണ്ടി പ്രവർത്തിക്കും.”—സങ്കീർത്തനം 37:3-5.