വെറുപ്പിന്റെ ചങ്ങല എങ്ങനെ പൊട്ടിക്കാം?
4 | വെറുപ്പിനെ കീഴ്പെടുത്താൻ ദൈവത്തിന്റെ സഹായം തേടുക
ബൈബിൾ പഠിപ്പിക്കുന്നത്:
“ദൈവാത്മാവിന്റെ ഫലം സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം എന്നിവയാണ്.”—ഗലാത്യർ 5:22, 23.
അർഥം:
വെറുപ്പിന്റെ ചങ്ങല പൊട്ടിക്കണമെങ്കിൽ നമുക്കു ദൈവത്തിന്റെ സഹായം വേണം. നമുക്കില്ലാത്ത സദ്ഗുണങ്ങൾ വളർത്തിയെടുക്കാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവിന് നമ്മളെ സഹായിക്കാനാകും. അതുകൊണ്ട് സ്വന്തം ശക്തികൊണ്ട് വെറുപ്പിനെ കീഴ്പെടുത്താൻ ശ്രമിക്കുന്നതിനു പകരം നമ്മൾ ദൈവത്തിൽ ആശ്രയിക്കണം. അപ്പോൾ പൗലോസ് പറഞ്ഞില്ലേ, “എല്ലാം ചെയ്യാനുള്ള ശക്തി, എന്നെ ശക്തനാക്കുന്ന ദൈവത്തിൽനിന്ന് എനിക്കു കിട്ടുന്നു” എന്ന്, അതുപോലെ നമുക്കും അനുഭവപ്പെടും. (ഫിലിപ്പിയർ 4:13) നമുക്കും പറയാൻ പറ്റും, “യഹോവ എനിക്കു സഹായമേകും.”—സങ്കീർത്തനം 121:2.
നിങ്ങൾക്കു ചെയ്യാനാകുന്നത്:
“അക്രമാസക്തനായിരുന്ന എന്നെ സമാധാനപ്രിയനായ ഒരു വ്യക്തിയായി യഹോവ മാറ്റിയെടുത്തു.”—വാൾഡോ
പരിശുദ്ധാത്മാവിനെ തരണേ എന്ന് യഹോവയോട് ആത്മാർഥമായി അപേക്ഷിക്കാം. (ലൂക്കോസ് 11:13) ജീവിതത്തിൽ ദൈവത്തിന്റെ ഗുണങ്ങൾ കാണിക്കാനുള്ള സഹായത്തിനായി യാചിക്കാം. നമ്മുടെ ഉള്ളിലെ വെറുപ്പിനെ കീഴടക്കാൻ സഹായിക്കുന്ന സ്നേഹം, സമാധാനം, ക്ഷമ, ആത്മനിയന്ത്രണം പോലുള്ള ഗുണങ്ങളെക്കുറിച്ച് ബൈബിളിൽനിന്ന് പഠിക്കുക. ജീവിതത്തിൽ ഇത്തരം ഗുണങ്ങൾ കാണിക്കാനുള്ള അവസരങ്ങൾക്കായി നോക്കിയിരിക്കുക. അങ്ങനെയുള്ള ഗുണങ്ങൾ കാണിക്കാൻ ശ്രമിക്കുന്നവരോടൊപ്പമായിരിക്കുന്നതും പ്രയോജനം ചെയ്യും. “സ്നേഹിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനും” നമ്മളെ പ്രചോദിപ്പിക്കാൻ അവർക്കാകും.—എബ്രായർ 10:24.