വെറുപ്പിന്റെ ചങ്ങല എങ്ങനെ പൊട്ടിക്കാം?
3 | വെറുപ്പും പകയും മനസ്സിൽനിന്നുതന്നെ കളയുക
ബൈബിൾ പഠിപ്പിക്കുന്നത്:
“മനസ്സു പുതുക്കി രൂപാന്തരപ്പെടുക. അങ്ങനെ, നല്ലതും സ്വീകാര്യവും അത്യുത്തമവും ആയ ദൈവേഷ്ടം എന്താണെന്നു പരിശോധിച്ച് ഉറപ്പു വരുത്താൻ നിങ്ങൾക്കു കഴിയും.”—റോമർ 12:2.
അർഥം:
നമ്മൾ ചിന്തിക്കുന്നതെല്ലാം ദൈവം ശരിക്കും ശ്രദ്ധിക്കുന്നുണ്ട്. (യിരെമ്യ 17:10) ഒരുപക്ഷേ നമ്മൾ വെറുപ്പോടെ ഒന്നും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യില്ലായിരിക്കും. എന്നാൽ അതു മാത്രം പോരാ. എന്തുകൊണ്ട്? വെറുപ്പും വിദ്വേഷവും പൊട്ടിമുളയ്ക്കുന്നതു നമ്മുടെ ഹൃദയത്തിലും മനസ്സിലും ആണ്. അതുകൊണ്ട് അത്തരം ചിന്തകളോ വികാരങ്ങളോ നമ്മുടെ ഹൃദയത്തിലുണ്ടെങ്കിൽ അതു വേരോടെ പിഴുതുകളയണം. അപ്പോൾ മാത്രമേ നമ്മൾ ‘രൂപാന്തരപ്പെട്ടു’ അഥവാ നമുക്ക് ശരിക്കും മാറ്റം വന്നു എന്നു പറയാൻ കഴിയൂ, വെറുപ്പിന്റെ ചങ്ങല മുറിക്കാൻ പറ്റൂ.
നിങ്ങൾക്കു ചെയ്യാനാകുന്നത്:
സത്യസന്ധമായി സ്വയമൊന്നു വിലയിരുത്തുക. മറ്റുള്ളവരെക്കുറിച്ച്, പ്രത്യേകിച്ച് വേറൊരു ദേശത്തിലോ വംശത്തിലോ പെട്ടവരെക്കുറിച്ച്, നിങ്ങൾ എന്താണു ചിന്തിക്കുന്നത്, നിങ്ങൾക്ക് എന്താണു തോന്നുന്നത് എന്ന് ആലോചിക്കുക. സ്വയം ഇങ്ങനെ ചോദിക്കുക: ‘ഞാൻ അവരെ എങ്ങനെയാണു കാണുന്നത്? എനിക്ക് അവരെ ശരിക്കും അറിയാമോ? അതോ മുൻവിധി വെച്ചുകൊണ്ടാണോ ഞാൻ അവരെ കാണുന്നത്?’ അതുപോലെ അക്രമവും വിദ്വേഷവും വളർത്തുന്ന വിനോദപരിപാടികളും സിനിമകളും സോഷ്യൽമീഡിയയിലെ കാര്യങ്ങളും നമ്മൾ ഒഴിവാക്കണം.
നമ്മുടെ ചിന്തയിൽനിന്ന് വെറുപ്പിന്റെയും പകയുടെയും കണികകൾ മാറ്റാൻ ദൈവവചനം നമ്മളെ സഹായിക്കും
നമ്മുടെ ചിന്തകൾക്ക് ഒരു കുഴപ്പവുമില്ലെന്നു ചിലപ്പോൾ നമുക്കു തോന്നിയേക്കാം. പക്ഷേ ശരിക്കും നമ്മുടെ ‘ചിന്തകളും ഉദ്ദേശ്യങ്ങളും’ എന്താണെന്നു മനസ്സിലാക്കാൻ ദൈവവചനത്തിനു നമ്മളെ സഹായിക്കാനാകും. (എബ്രായർ 4:12) അതുകൊണ്ട് ബൈബിൾ നന്നായി പഠിക്കുക. ബൈബിൾ പറയുന്നതുപോലെയാണോ നിങ്ങൾ ചിന്തിക്കുന്നതെന്നു മനസ്സിലാക്കാൻ ശ്രമിക്കുക. അങ്ങനെയല്ലെന്നു കണ്ടാൽ നമ്മുടെ ചിന്തകളിൽ മാറ്റങ്ങൾ വരുത്തുക. കോട്ടകൾപോലെ ശക്തമായ, നമ്മുടെ ഉള്ളിൽ വേരുറച്ചുപോയ വെറുപ്പും വിദ്വേഷവും എല്ലാം പിഴുതെറിയാൻ ദൈവവചനത്തിനു നമ്മളെ സഹായിക്കാനാകും.—2 കൊരിന്ത്യർ 10:4, 5.