വെറുപ്പിന്റെ ചങ്ങല എങ്ങനെ പൊട്ടിക്കാം?
1 | വേർതിരിവ് കാണിക്കാതിരിക്കുക
ബൈബിൾ പഠിപ്പിക്കുന്നത്:
‘ദൈവം പക്ഷപാതമുള്ളവനല്ല. ദൈവത്തെ ഭയപ്പെട്ട് ശരിയായതു പ്രവർത്തിക്കുന്ന എല്ലാവരെയും ദൈവം അംഗീകരിക്കുന്നു.’—പ്രവൃത്തികൾ 10:34, 35.
അർഥം:
ദേശത്തിന്റെയോ വംശത്തിന്റെയോ നിറത്തിന്റെയോ സംസ്കാരത്തിന്റെയോ അടിസ്ഥാനത്തിലല്ല ദൈവമായ യഹോവ * നമ്മളെ വിലയിരുത്തുന്നത്. പകരം നമ്മുടെ ഉള്ളാണ് ദൈവം നോക്കുന്നത്. അതാണല്ലോ പ്രധാനവും. “കണ്ണിനു കാണാനാകുന്നതു മാത്രം മനുഷ്യൻ കാണുന്നു. യഹോവയോ ഹൃദയത്തിന് ഉള്ളിലുള്ളതു കാണുന്നു” എന്നാണ് ബൈബിൾ പറയുന്നത്.—1 ശമുവേൽ 16:7.
നിങ്ങൾക്കു ചെയ്യാനാകുന്നത്:
ആളുകളുടെ മനസ്സു വായിക്കാനുള്ള കഴിവില്ലെങ്കിലും ദൈവത്തെപ്പോലെ പക്ഷപാതമില്ലാതെ അഥവാ, വേർതിരിവില്ലാതെ അവരോട് ഇടപെടാൻ നമുക്കു ശ്രമിക്കാം. ഒരു വ്യക്തിയെ കാണുമ്പോൾ, ‘ഓ, അയാൾ ആ കൂട്ടത്തിൽപ്പെട്ട ആളാണ് അല്ലേ’ എന്നു ചിന്തിക്കുന്നതിനു പകരം അദ്ദേഹത്തെ ഒരു വ്യക്തിയായി കാണാൻ ശ്രമിക്കുക. ജാതിയുടെയോ ദേശത്തിന്റെയോ ഒക്കെ പേരിൽ നമ്മൾ ആരെക്കുറിച്ചെങ്കിലും മോശമായിട്ടാണു ചിന്തിക്കുന്നതെങ്കിൽ ആ ചിന്തകൾ മാറ്റാനുള്ള സഹായത്തിനായി പ്രാർഥിക്കുക. (സങ്കീർത്തനം 139:23, 24) പക്ഷപാതം കാണിക്കാതിരിക്കാനുള്ള സഹായത്തിനായി പ്രാർഥിക്കുന്നെങ്കിൽ ആ പ്രാർഥന യഹോവ ഉറപ്പായും കേൾക്കും, നിങ്ങളെ സഹായിക്കുകയും ചെയ്യും.—1 പത്രോസ് 3:12.
^ ഖ. 6 ദൈവത്തിന്റെ പേരാണ് യഹോവ.—സങ്കീർത്തനം 83:18.
“ഒരു വെള്ളക്കാരന്റെകൂടെയിരുന്ന് ഭക്ഷണം കഴിക്കുന്നതുപോയിട്ട് ഞാൻ അവരോട് ഇതുവരെ സമാധാനത്തിലൊന്ന് സംസാരിച്ചിട്ടുപോലുമില്ലായിരുന്നു. . . . ശരിക്കും ഞാൻ ലോകമെങ്ങുമുള്ള ഒരു സഹോദരകുടുംബത്തിന്റെ ഭാഗമായി മാറിയിരുന്നു.”—ടൈറ്റസ്