വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജനപ്രീതിയാർജിച്ച ആചാരങ്ങൾ സംബന്ധിച്ച സന്തുലിത വീക്ഷണം

ജനപ്രീതിയാർജിച്ച ആചാരങ്ങൾ സംബന്ധിച്ച സന്തുലിത വീക്ഷണം

ബൈബി​ളി​ന്റെ വീക്ഷണം

ജനപ്രീ​തി​യാർജിച്ച ആചാരങ്ങൾ സംബന്ധിച്ച സന്തുലിത വീക്ഷണം

“എപ്പോ​ഴെ​ങ്കി​ലും എവി​ടെ​യെ​ങ്കി​ലും വെച്ച്‌ കുറ്റം​വി​ധി​ക്ക​പ്പെ​ടു​ക​യും എന്നാൽ മറ്റെ​പ്പോ​ഴെ​ങ്കി​ലും മറ്റെവി​ടെ​യെ​ങ്കി​ലും വെച്ച്‌ ഒരു കർത്തവ്യ​മാ​യി വീക്ഷി​ക്ക​പ്പെ​ടു​ക​യും ചെയ്‌തി​ട്ടി​ല്ലാത്ത ഒരു പെരു​മാ​റ്റ​ച്ച​ട്ട​വും ഉണ്ടായി​രി​ക്കാൻ സാധ്യ​ത​യില്ല.”

മനുഷ്യ​ന്റെ ചഞ്ചല പ്രകൃതം ഐറിഷ്‌ ചരി​ത്ര​കാ​ര​നായ വില്ല്യം ലെക്കി​യു​ടെ മേൽപ്പറഞ്ഞ വാക്കു​ക​ളിൽ സംഗ്ര​ഹി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. യുഗങ്ങ​ളിൽ ഉടനീളം പാലി​ക്ക​പ്പെ​ട്ടി​ട്ടുള്ള ആചാര​ങ്ങ​ളു​ടെ​യും പാരമ്പ​ര്യ​ങ്ങ​ളു​ടെ​യും കാര്യ​ത്തിൽ ഇത്‌ സത്യമാ​യി​രു​ന്നേ​ക്കാം. വാസ്‌ത​വ​ത്തിൽ, ഒരുകാ​ലത്ത്‌ ദൈനം​ദിന ജീവി​ത​ത്തിൽ ഒഴിച്ചു​കൂ​ടാ​നാ​കാ​ത്ത​താ​യി കരുത​പ്പെ​ട്ടി​രുന്ന പല ആചാര​ങ്ങ​ളും പിൽക്കാ​ല​ങ്ങ​ളിൽ കുറ്റം​വി​ധി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. എന്നാൽ ഇതിൽ അതിശ​യി​ക്കാ​നൊ​ന്നു​മില്ല. കാരണം, ക്രിസ്‌തീയ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ എഴുതി​യ​തു​പോ​ലെ തന്നെ, “ഈ ലോക​ത്തി​ന്റെ രൂപഭാ​വങ്ങൾ മാറി​മ​റി​ഞ്ഞു​കൊ​ണ്ടി​രി​ക്കു”കയാണ്‌.—1 കൊരി​ന്ത്യർ 7:31 പി.ഒ.സി. ബൈബിൾ.

അതേ, മനുഷ്യ സമൂഹം എപ്പോ​ഴും പരിവർത്ത​ന​ത്തി​നു വിധേ​യ​മാണ്‌. മനോ​ഭാ​വ​ങ്ങ​ളി​ലും സാമൂ​ഹിക കീഴ്‌വ​ഴ​ക്ക​ങ്ങ​ളി​ലും ഉണ്ടാകുന്ന വലിയ വലിയ മാറ്റങ്ങ​ളിൽ പലപ്പോ​ഴും ഇതു പ്രതി​ഫ​ലി​ച്ചു കാണുന്നു. ക്രിസ്‌ത്യാ​നി​കൾ “ലോക​ത്തി​ന്റെ ഭാഗം” ആയിരി​ക്ക​രുത്‌—അതായത്‌, ദൈവ​ത്തിൽ നിന്ന്‌ അന്യപ്പെട്ട മനുഷ്യ സമുദാ​യ​ത്തിൽ നിന്ന്‌ അവർ തങ്ങളെ​ത്തന്നെ വേർതി​രി​ച്ചു നിറു​ത്തണം. അതേസ​മയം തന്നെ, ക്രിസ്‌ത്യാ​നി​കൾ ഈ “ലോക​ത്തിൽ” ആണ്‌ ജീവി​ക്കു​ന്നത്‌ എന്ന വസ്‌തുത ബൈബിൾ മറന്നു കളയു​ന്നില്ല. അവർ ലോക​ത്തിൽനിന്ന്‌ ഒറ്റപ്പെട്ട്‌ ഒരു ഏകാന്ത ജീവിതം നയിക്ക​ണ​മെന്ന്‌ അത്‌ കൽപ്പി​ക്കു​ന്നില്ല. തന്നിമി​ത്തം, ആചാരങ്ങൾ സംബന്ധിച്ച്‌ സമനി​ല​യുള്ള ഒരു വീക്ഷണം ഉണ്ടായി​രി​ക്കു​ന്നത്‌ മർമ​പ്ര​ധാ​ന​മാണ്‌.—യോഹ​ന്നാൻ 17:11, 14-16, NW; 2 കൊരി​ന്ത്യർ 6:14-17; എഫെസ്യർ 4:17-19; 2 പത്രൊസ്‌ 2:20.

ആചാരങ്ങൾ എന്നാൽ എന്ത്‌?

സാമൂ​ഹിക ജീവി​ത​ത്തിൽ ബാധക​മാ​കു​ന്ന​തും ഒരു പ്രത്യേക ജനവി​ഭാ​ഗ​ത്തി​ന്റെ ഇടയി​ലോ പ്രദേ​ശ​ത്തോ സർവസാ​ധാ​ര​ണ​വു​മായ കീഴ്‌വ​ഴ​ക്ക​ങ്ങ​ളെ​യാണ്‌ ആചാരങ്ങൾ എന്നു വിളി​ക്കു​ന്നത്‌. നാലു​പേർ കൂടു​ന്നി​ടത്ത്‌ ആളുകൾ പരസ്‌പരം ആദര​വോ​ടും മര്യാ​ദ​യോ​ടും കൂടി ഇടപെ​ട​ത്ത​ക്ക​വി​ധം അവരുടെ പെരു​മാ​റ്റം നിയ​ന്ത്രി​ക്കേ​ണ്ട​തുണ്ട്‌ എന്ന തിരി​ച്ച​റി​വിൽ നിന്നാ​യി​രി​ക്കാം ഭക്ഷണ മേശയി​ലെ നല്ല ശീലങ്ങ​ളും പെരു​മാ​റ്റ​മ​ര്യാ​ദ​ക​ളും പോലുള്ള ചില ആചാരങ്ങൾ ഉടലെ​ടു​ത്തത്‌. ഇത്തരം സാമൂ​ഹിക മര്യാ​ദ​കളെ മനുഷ്യ ബന്ധങ്ങളാ​കുന്ന ചക്രങ്ങൾ സുഗമ​മാ​യി തിരി​യാൻ ഇടയാ​ക്കുന്ന എണ്ണയെന്നു വിശേ​ഷി​പ്പി​ക്കാ​വു​ന്ന​താണ്‌.

മതം ആചാര​ങ്ങ​ളു​ടെ മേൽ കാര്യ​മായ സ്വാധീ​നം ചെലു​ത്തി​യി​ട്ടുണ്ട്‌. പലതും ഉത്ഭവി​ച്ചതു തന്നെ പുരാതന അന്ധവി​ശ്വാ​സ​ങ്ങ​ളിൽ നിന്നും ബൈബി​ള​ധി​ഷ്‌ഠി​ത​മ​ല്ലാത്ത മതാശ​യ​ങ്ങ​ളിൽ നിന്നും ആണ്‌. ഉദാഹ​ര​ണ​ത്തിന്‌, മരിച്ച പ്രിയ​പ്പെ​ട്ട​വ​രു​ടെ വേർപാ​ടിൽ ദുഃഖി​ച്ചു കഴിയു​ന്ന​വർക്ക്‌ പുഷ്‌പങ്ങൾ സമ്മാനി​ക്കുക എന്ന ആചാരം മതപര​മായ അന്ധവി​ശ്വാ​സ​ത്തിൽ നിന്ന്‌ ഉടലെ​ടു​ത്ത​താ​യി​രി​ക്കാം. a കൂടാതെ, നീല നിറത്തി​നു—ചില സ്ഥലങ്ങളിൽ മിക്ക​പ്പോ​ഴും ആൺകു​ഞ്ഞു​ങ്ങ​ളു​മാ​യി ബന്ധപ്പെ​ടു​ത്തു​ന്നു—ഭൂതങ്ങളെ വിരട്ടി​യോ​ടി​ക്കാൻ കഴിയു​മെന്നു കരുതി​യി​രു​ന്നു. ഒരു സ്‌ത്രീ​യു​ടെ വായി​ലൂ​ടെ അകത്തു കടന്ന്‌ അവളെ ബാധി​ക്കു​ന്ന​തിൽ നിന്നു ഭൂതങ്ങളെ തടയു​ന്ന​തി​നാണ്‌ ലിപ്‌സ്റ്റിക്ക്‌ പുരട്ടി​യി​രു​ന്ന​തെ​ങ്കിൽ കണ്ണേറ്‌ തട്ടാതി​രി​ക്കാ​നാണ്‌ കണ്ണെഴു​തി​യി​രു​ന്നത്‌. കോട്ടു​വാ​യി​ടു​മ്പോൾ വായ്‌ പൊത്തുക എന്ന വളരെ നിർദോ​ഷ​മായ ഒരു സംഗതി പോലും മലർക്കെ തുറന്ന വായി​ലൂ​ടെ ഒരുവന്റെ ആത്മാവ്‌ പുറത്തു​പോ​യേ​ക്കും എന്ന ധാരണ​യിൽ നിന്ന്‌ ഉടലെ​ടു​ത്ത​താ​യി​രി​ക്കാം. എന്നാൽ കാലം കടന്നു പോയ​തോ​ടെ അവയുടെ ഈ മതപര​മായ പരി​വേ​ഷ​ങ്ങൾക്കു മങ്ങലേ​റ്റി​രി​ക്കു​ന്നു. അങ്ങനെ ഇന്ന്‌ ഇത്തരം പ്രവൃ​ത്തി​കൾക്കും ആചാര​ങ്ങൾക്കും മതപര​മാ​യി യാതൊ​രു പ്രാധാ​ന്യ​വും ഇല്ലാതാ​യി​രി​ക്കു​ന്നു.

ക്രിസ്‌ത്യാ​നി​കൾ മുഖ്യ​മാ​യും ശ്രദ്ധി​ക്കേ​ണ്ടത്‌

ഒരു പ്രത്യേക ആചാരം പിൻപ​റ്റ​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കേണ്ട സാഹച​ര്യം വരു​മ്പോൾ, ബൈബി​ളിൽ വ്യക്തമാ​ക്കി​യി​രി​ക്കുന്ന ദൈവ​ത്തി​ന്റെ വീക്ഷണ​ത്തി​നാ​യി​രി​ക്കണം ഒരു ക്രിസ്‌ത്യാ​നി മുഖ്യ​മാ​യും ശ്രദ്ധ നൽകേ​ണ്ടത്‌. മുൻകാ​ല​ങ്ങ​ളിൽ, ചില സമുദാ​യങ്ങൾ വെച്ചു​പൊ​റു​പ്പി​ച്ചി​രുന്ന പല അനുഷ്‌ഠാ​ന​ങ്ങ​ളും ദൈവം കുറ്റം വിധി​ച്ചി​രു​ന്നു. ഇവയിൽ ശിശു​ബലി, രക്തത്തിന്റെ ദുരു​പ​യോ​ഗം, വിവിധ ലൈം​ഗിക നടപടി​കൾ എന്നിവ ഉൾപ്പെ​ട്ടി​രു​ന്നു. (ലേവ്യ​പു​സ്‌തകം 17:13, 14; 18:1-30; ആവർത്ത​ന​പു​സ്‌തകം 18:10) അതു​പോ​ലെ​തന്നെ ഇന്നു സർവസാ​ധാ​ര​ണ​മാ​യി​രി​ക്കുന്ന ചില ആചാരങ്ങൾ വ്യക്തമാ​യും ബൈബിൾ തത്ത്വങ്ങ​ളോ​ടു ചേർച്ച​യിൽ ഉള്ളവയല്ല. ക്രിസ്‌തു​മ​സ്സും ഈസ്റ്ററും പോ​ലെ​യുള്ള മതപര​മായ വിശേ​ഷ​ദി​വ​സ​ങ്ങ​ളു​മാ​യോ ആത്മവി​ദ്യ​യു​മാ​യി ബന്ധപ്പെട്ട അന്ധവി​ശ്വാ​സ​പ​ര​മായ നടപടി​ക​ളു​മാ​യോ ബന്ധമുള്ള ബൈബിൾ വിരുദ്ധ പാരമ്പ​ര്യ​ങ്ങൾ ഇതിൽ പെടുന്നു.

എന്നാൽ, ഒരിക്കൽ ചോദ്യം ചെയ്യത്തക്ക നടപടി​ക​ളു​മാ​യി ബന്ധമു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇന്ന്‌ മുഖ്യ​മാ​യും സാമൂ​ഹിക മര്യാ​ദ​യാ​യി വീക്ഷി​ക്ക​പ്പെ​ടുന്ന ആചാര​ങ്ങളെ സംബന്ധി​ച്ചെന്ത്‌? ഉദാഹ​ര​ണ​ത്തിന്‌, വിവാ​ഹ​ത്തോ​ടു ബന്ധപ്പെട്ട ജനപ്രീ​തി​യാർജിച്ച പല ആചാര​ങ്ങൾക്കും—മോതി​രം മാറലും കേക്കു മുറി​ക്ക​ലും ഉൾപ്പെടെ—സാധ്യ​ത​യ​നു​സ​രിച്ച്‌ പുറജാ​തീയ ഉത്ഭവമാണ്‌ ഉള്ളത്‌. അതു​കൊണ്ട്‌ ക്രിസ്‌ത്യാ​നി​കൾ ഇവ ആചരി​ക്ക​രുത്‌ എന്നാണോ? സമുദാ​യ​ത്തി​ലെ ഏതെങ്കി​ലും ആചാര​ത്തിന്‌ എപ്പോ​ഴെ​ങ്കി​ലും എവി​ടെ​യെ​ങ്കി​ലും വെച്ച്‌ തിരു​വെ​ഴു​ത്തു വിരു​ദ്ധ​മായ എന്തെങ്കി​ലു​മാ​യി ബന്ധം ഉണ്ടായി​രു​ന്നോ എന്ന്‌ അറിയാ​നാ​യി ക്രിസ്‌ത്യാ​നി​കൾ അവ ഓരോ​ന്നും ചികഞ്ഞു പരി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടോ?

“കർത്താ​വി​ന്റെ ആത്മാവു​ള്ളേ​ടത്തു സ്വാത​ന്ത്ര്യം ഉണ്ടു” എന്നു പൗലൊസ്‌ പറയുന്നു. (2 കൊരി​ന്ത്യർ 3:17; യാക്കോബ്‌ 1:25) നാം ഈ സ്വാത​ന്ത്ര്യം നമ്മുടെ സ്വാർഥ അഭിലാ​ഷ​ങ്ങളെ തൃപ്‌തി​പ്പെ​ടു​ത്താ​നുള്ള ഒരു ഒഴിക​ഴി​വാ​യല്ല, മറിച്ച്‌ തെറ്റും ശരിയും വിവേ​ചി​ച്ച​റി​യാൻ തക്കവണ്ണം നമ്മുടെ ഗ്രഹണ​പ്രാ​പ്‌തി​കളെ പരിശീ​ലി​പ്പി​ക്കു​ന്ന​തിന്‌ ഉപയോ​ഗി​ക്കണം എന്നാണ്‌ ദൈവം ആഗ്രഹി​ക്കു​ന്നത്‌. (ഗലാത്യർ 5:13; എബ്രായർ 5:14, NW; 1 പത്രൊസ്‌ 2:16) അതു​കൊണ്ട്‌ ബൈബിൾ തത്ത്വങ്ങ​ളു​ടെ വ്യക്തമായ ലംഘനം ഉൾപ്പെ​ട്ടി​ട്ടി​ല്ലാ​ത്ത​പ്പോൾ യഹോ​വ​യു​ടെ സാക്ഷികൾ കർശന​മായ നിയമങ്ങൾ വെക്കു​ന്നില്ല. പകരം, ഓരോ ക്രിസ്‌ത്യാ​നി​യും സാഹച​ര്യ​ങ്ങളെ തൂക്കി​നോ​ക്കി വ്യക്തി​പ​ര​മായ ഒരു തീരു​മാ​നം എടു​ക്കേ​ണ്ട​താണ്‌.

മറ്റുള്ള​വ​രു​ടെ ഗുണം അന്വേ​ഷി​ക്കു​ക

അപ്പോൾ, ബൈബിൾ തത്ത്വങ്ങ​ളു​ടെ നേരി​ട്ടുള്ള ലംഘനം ഉൾപ്പെ​ടാത്ത ഒരു ആചാര​ത്തിൽ ക്രിസ്‌ത്യാ​നിക്ക്‌ എല്ലായ്‌പോ​ഴും പങ്കെടു​ക്കാൻ കഴിയു​മെ​ന്നാ​ണോ ഇതിന്റെ അർഥം? അല്ല, അങ്ങനെയല്ല. (ഗലാത്യർ 5:13) ഒരു ക്രിസ്‌ത്യാ​നി സ്വന്തം ഗുണം മാത്രമല്ല ‘പലരു​ടെ​യും’ ഗുണം നോക്കണം എന്ന്‌ പൗലൊസ്‌ സൂചി​പ്പി​ച്ചു. അയാൾ “എല്ലാം ദൈവ​ത്തി​ന്റെ മഹത്വ​ത്തി​ന്നാ​യി” ചെയ്യു​ക​യും ഇടർച്ച​യ്‌ക്കു കാരണം ആകാതി​രി​ക്കു​ക​യും വേണം. (1 കൊരി​ന്ത്യർ 10:31-33) അതു​കൊണ്ട്‌ ദൈവാം​ഗീ​കാ​രം ആഗ്രഹി​ക്കുന്ന ഒരു വ്യക്തി തന്നോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കേ​ണ്ട​തുണ്ട്‌: ‘മറ്റുള്ളവർ ഈ ആചാരത്തെ എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌? സമുദാ​യം അതിന്‌ ഉചിത​മ​ല്ലാത്ത എന്തെങ്കി​ലും അർഥം കൽപ്പി​ച്ചി​ട്ടു​ണ്ടോ? അതിൽ ഉൾപ്പെ​ടു​ന്നത്‌ ദൈവ​ത്തിന്‌ അപ്രീ​തി​ക​ര​മായ ആശയങ്ങളെ അല്ലെങ്കിൽ നടപടി​കളെ ഞാൻ അംഗീ​ക​രി​ക്കു​ന്നു​വെന്ന ധാരണ ഉളവാ​ക്കു​മോ?’—1 കൊരി​ന്ത്യർ 9:19, 23; 10:23, 24.

നിർദോ​ഷ​മെ​ന്നു പൊതു​വെ വീക്ഷി​ക്ക​പ്പെ​ടുന്ന ചില ആചാരങ്ങൾ ബൈബിൾ തത്ത്വങ്ങൾക്കു വിരു​ദ്ധ​മായ രീതി​യി​ലാ​യി​രി​ക്കാം ചില പ്രദേ​ശ​ങ്ങ​ളിൽ ആചരി​ക്ക​പ്പെ​ടു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, ചില പ്രത്യേക സന്ദർഭ​ങ്ങ​ളിൽ പൂക്കൾ നൽകു​ന്ന​തിന്‌ ബൈബിൾ പഠിപ്പി​ക്ക​ലു​കൾക്കു ചേർച്ച​യി​ല​ല്ലാത്ത എന്തെങ്കി​ലും പ്രത്യേക അർഥം ഉണ്ടായി​രി​ക്കാം. അതു​കൊണ്ട്‌ ഒരു ക്രിസ്‌ത്യാ​നി മുഖ്യ​മാ​യും എന്തിനാ​ണു ശ്രദ്ധ നൽകേ​ണ്ടത്‌? ഒരു പ്രത്യേക ആചാര​ത്തി​ന്റെ ഉത്ഭവം പരി​ശോ​ധി​ക്കേ​ണ്ടത്‌ ഉണ്ടായി​രി​ക്കാ​മെ​ങ്കി​ലും, ചില സന്ദർഭ​ങ്ങ​ളിൽ നാം ജീവി​ക്കുന്ന സ്ഥലത്തെ ആളുകൾക്ക്‌ അത്‌ ഇപ്പോൾ എന്ത്‌ അർഥമാ​ക്കു​ന്നു എന്നു പരി​ശോ​ധി​ക്കു​ന്ന​താ​ണു കൂടുതൽ പ്രധാനം. ഒരു ആചാര​ത്തിന്‌, വർഷത്തി​ന്റെ ഏതെങ്കി​ലും സമയത്ത്‌ അല്ലെങ്കിൽ ഏതെങ്കി​ലും പ്രത്യേക സാഹച​ര്യ​ത്തിൽ, തിരു​വെ​ഴു​ത്തു വിരു​ദ്ധ​മോ മറ്റേ​തെ​ങ്കി​ലും വിധത്തിൽ ഉചിത​മ​ല്ലാ​ത്ത​തോ ആയ ഒരു ധ്വനി ഉണ്ടെങ്കിൽ ക്രിസ്‌ത്യാ​നി​കൾ വിവേ​ക​പൂർവം ആ സമയത്ത്‌ അതിൽനി​ന്നു വിട്ടു​നിൽക്കും.

സൂക്ഷ്‌മ പരിജ്ഞാ​ന​ത്തോ​ടും സകല വിവേ​ക​ത്തോ​ടും കൂടെ, ക്രിസ്‌ത്യാ​നി​കൾ തങ്ങളുടെ സ്‌നേ​ഹ​ത്തിൽ മേൽക്കു​മേൽ വർധി​ച്ചു​വ​രു​ന്ന​തിന്‌ പൗലൊസ്‌ പ്രാർഥി​ച്ചു. ജനപ്രീ​തി​യാർജിച്ച ആചാരങ്ങൾ സംബന്ധിച്ച്‌ സന്തുലി​ത​മായ ഒരു വീക്ഷണം നിലനിർത്തുക വഴി ക്രിസ്‌ത്യാ​നി​കൾ “കൂടുതൽ പ്രാധാ​ന്യ​മുള്ള സംഗതി​കൾ തിട്ട​പ്പെ​ടു​ത്തു​ക​യും അങ്ങനെ കുറ്റമ​റ്റ​വ​രും മറ്റുള്ള​വരെ ഇടറി​ക്കാ​ത്ത​വ​രും” ആയിത്തീ​രു​ക​യും ചെയ്യുന്നു. (ഫിലി​പ്പി​യർ 1:9, 10, NW) അതേസ​മയം, അവർ തങ്ങളുടെ “ന്യായ​യു​ക്തത സകല മനുഷ്യ​രും അറിയാൻ” ഇടയാ​ക്കു​ക​യും ചെയ്യും.—ഫിലി​പ്പി​യർ 4:5, NW.

[അടിക്കു​റിപ്പ്‌]

a ചില നരവം​ശ​ശാ​സ്‌ത്രജ്ഞർ പറയു​ന്ന​ത​നു​സ​രിച്ച്‌, ജീവി​ച്ചി​രി​ക്കു​ന്ന​വരെ ശല്യ​പ്പെ​ടു​ത്താ​തി​രി​ക്കാൻ മരിച്ച​വർക്ക്‌ പൂച്ചെ​ണ്ടു​കൾ അർപ്പി​ച്ചി​രുന്ന സമയങ്ങൾ ഉണ്ടായി​രു​ന്നു.

[26-ാം പേജിലെ ചിത്രങ്ങൾ]

ചില പുരാതന ആചാര​ങ്ങൾക്ക്‌—കോട്ടു​വാ​യി​ടു​മ്പോൾ വായ്‌ പൊത്തുക, മരിച്ച പ്രിയ​പ്പെ​ട്ട​വ​രു​ടെ വേർപാ​ടിൽ ദുഃഖി​ച്ചു കഴിയു​ന്ന​വർക്കു പുഷ്‌പങ്ങൾ സമ്മാനി​ക്കുക എന്നിങ്ങ​നെ​യു​ള്ള​വ​യ്‌ക്ക്‌—ആദ്യമു​ണ്ടാ​യി​രുന്ന പരി​വേഷം ഇപ്പോ​ഴി​ല്ല