വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രക്തപ്പകർച്ച—വിവാദങ്ങൾ നിറഞ്ഞ ഒരു നീണ്ട ചരിത്രം

രക്തപ്പകർച്ച—വിവാദങ്ങൾ നിറഞ്ഞ ഒരു നീണ്ട ചരിത്രം

രക്തപ്പകർച്ചവിവാ​ദങ്ങൾ നിറഞ്ഞ ഒരു നീണ്ട ചരിത്രം

“അരുണ രക്താണു​ക്കളെ ഒരു പുതിയ ഔഷധ​ത്തി​ന്റെ രൂപത്തിൽ ഇന്നു പുറത്തി​റ​ക്കാൻ ശ്രമി​ക്കു​ക​യാ​ണെ​ങ്കിൽ അതിനു ലൈസൻസ്‌ കിട്ടാൻ വലിയ ബുദ്ധി​മു​ട്ടാ​യി​രി​ക്കും.”—ഡോ. ജെഫ്‌റി മക്കല്ലോ.

വർഷം 1667, ശൈത്യ​കാ​ലം. അക്രമാ​സക്ത സ്വഭാ​വ​മു​ണ്ടാ​യി​രുന്ന ആന്റ്‌വൊൻ മൊർവ എന്ന ഭ്രാന്തനെ ഫ്രാൻസി​ലെ ലൂയി പതിന്നാ​ലാ​മൻ രാജാ​വി​ന്റെ വൈദ്യ​നായ ഷാൻ-ബാറ്റിസ്റ്റ്‌ ഡെനി​യു​ടെ അടുക്കൽ കൊണ്ടു​വന്നു. വൈദ്യ​ശ്രേ​ഷ്‌ഠ​നായ ഡെനി​യു​ടെ പക്കൽ മൊർവ​യു​ടെ ഭ്രാന്തി​നു പറ്റിയ “ചികിത്സ” ഉണ്ടായി​രു​ന്നു—അയാളു​ടെ ശരീര​ത്തിൽ പശുക്കി​ടാ​വി​ന്റെ രക്തം കയറ്റുക. അത്‌ അയാളെ ശാന്തനാ​ക്കു​മെന്ന്‌ ഡെനി കരുതി. എന്നാൽ വിചാ​രി​ച്ച​തു​പോ​ലെ അത്‌ മൊർവ​യ്‌ക്കു ഗുണം ചെയ്‌തില്ല. രണ്ടാമത്തെ പ്രാവ​ശ്യം രക്തം കയറ്റി​യ​പ്പോൾ നില മെച്ച​പ്പെ​ട്ടെ​ങ്കി​ലും താമസി​യാ​തെ വീണ്ടും അയാൾക്കു ഭ്രാന്ത്‌ ഉണ്ടായി. അധികം കഴിയു​ന്ന​തി​നു മുമ്പ്‌ ആ ഫ്രഞ്ചു​കാ​രൻ മരിച്ചു.

ആർസെ​നിക്‌ വിഷബാധ മൂലമാണ്‌ മൊർവ മരിച്ചത്‌ എന്നു പിന്നീട്‌ നിർണ​യി​ക്ക​പ്പെ​ട്ടെ​ങ്കി​ലും മൃഗരക്തം ഉപയോ​ഗി​ച്ചുള്ള ഡെനി​യു​ടെ പരീക്ഷ​ണങ്ങൾ ഫ്രാൻസിൽ വലിയ വിവാദം സൃഷ്ടിച്ചു. ഒടുവിൽ 1670-ൽ ഈ ചികി​ത്സാ​രീ​തി നിരോ​ധി​ക്ക​പ്പെട്ടു. കാലാ​ന്ത​ര​ത്തിൽ ഇംഗ്ലണ്ടി​ന്റെ നിയമ​സ​ഭ​യും എന്തിന്‌ പാപ്പാ പോലും അതു നിരോ​ധി​ച്ചു. പിന്നീ​ടുള്ള 150 വർഷ​ത്തേക്ക്‌ രക്തപ്പകർച്ച വിസ്‌മൃ​തി​യു​ടെ പുകമ​റ​യ്‌ക്കു​ള്ളി​ലാ​യി​രു​ന്നു.

ആദ്യകാല അപകടങ്ങൾ

19-ാം നൂറ്റാ​ണ്ടിൽ രക്തപ്പകർച്ച ഒരു തിരി​ച്ചു​വ​രവു നടത്തി. ഇംഗ്ലീ​ഷു​കാ​ര​നായ ജെയിംസ്‌ ബ്ലൻഡെൽ എന്ന സൂതി​ശാ​സ്‌ത്ര​വി​ദ​ഗ്‌ധ​നാണ്‌ (obstetrician) ഇതിനു നേതൃ​ത്വം നൽകി​യത്‌. രക്തപ്പകർച്ച​യ്‌ക്കാ​യി മികച്ച രീതി​ക​ളും മുന്തി​യ​തരം ഉപകര​ണ​ങ്ങ​ളു​മാ​യി രംഗ​ത്തെ​ത്തിയ ബ്ലൻഡെൽ മനുഷ്യ രക്തം മാത്രമേ ഇതിന്‌ ഉപയോ​ഗി​ക്കാ​വൂ എന്നു നിഷ്‌കർഷി​ച്ചു. അങ്ങനെ ഈ ചികി​ത്സാ​രീ​തി​യി​ലേക്കു വീണ്ടും ലോക​ത്തി​ന്റെ ശ്രദ്ധ ആകർഷി​ക്കാൻ അദ്ദേഹ​ത്തി​നു കഴിഞ്ഞു.

എന്നാൽ 1873-ൽ പോള​ണ്ടു​കാ​ര​നായ എഫ്‌. ഗെസെ​ല്ലി​യുസ്‌ എന്ന ഡോക്‌ടർ നടത്തിയ ഭീതി​ദ​മായ ഒരു കണ്ടെത്തൽ രക്തപ്പകർച്ച​യു​ടെ പുനരു​ദ്ധാ​ര​ണത്തെ മന്ദീഭ​വി​പ്പി​ച്ചു: പകുതി​യി​ല​ധി​കം രക്തപ്പകർച്ച​ക​ളും മരണത്തിന്‌ ഇടയാ​ക്കി​യി​രി​ക്കു​ന്നു. അതോടെ പ്രഗത്ഭ​രായ ചികി​ത്സകർ ഈ ചികിത്സാ രീതി​ക്കെ​തി​രെ വിമർശ​നങ്ങൾ തൊടു​ത്തു​വി​ടാൻ തുടങ്ങി. രക്തപ്പകർച്ച​യു​ടെ പ്രചാരം വീണ്ടും ക്ഷയിച്ചു.

പിന്നീട്‌ 1878-ൽ, ഫ്രഞ്ചു​കാ​ര​നായ ഷൊർഷ്‌ ഓയെം എന്ന ചികി​ത്സകൻ ഒരു ലവണ ലായനി കണ്ടുപി​ടി​ച്ചു. അത്‌ രക്തത്തിനു പകരമാ​യി ഉപയോ​ഗി​ക്കാൻ കഴിയും എന്ന്‌ അദ്ദേഹം അവകാ​ശ​പ്പെട്ടു. രക്തത്തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി ലവണ ലായനിക്ക്‌ പാർശ്വ​ഫ​ലങ്ങൾ ഉണ്ടായി​രു​ന്നില്ല, അതു കട്ടപി​ടി​ക്കു​ക​യു​മില്ല. കൂടാതെ, അത്‌ ഒരിട​ത്തു​നിന്ന്‌ മറ്റൊ​രി​ട​ത്തേക്കു കൊണ്ടു​പോ​കാ​നും എളുപ്പ​മാ​യി​രു​ന്നു. അങ്ങനെ, ഓയെ​മി​ന്റെ ലവണ ലായനി വ്യാപ​ക​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ടാൻ തുടങ്ങി. എന്നാൽ വൈരു​ദ്ധ്യ​മെന്നു പറയട്ടെ, താമസി​യാ​തെ രക്തപ്പകർച്ച​യോ​ടുള്ള പ്രതി​പത്തി വീണ്ടും വളർന്നു​വന്നു. കാരണം?

1900-ാമാണ്ടിൽ ഓസ്‌ട്രി​യ​ക്കാ​ര​നായ കാൾ ലാൻഡ്‌​സ്റ്റൈനർ എന്ന രോഗ​വി​ജ്ഞാ​നി രക്തത്തിനു പല ഗ്രൂപ്പു​കൾ ഉള്ളതായി കണ്ടെത്തി. ഒരു ഗ്രൂപ്പിൽപ്പെട്ട രക്തം എപ്പോ​ഴും മറ്റൊരു ഗ്രൂപ്പിൽപ്പെട്ട രക്തവു​മാ​യി ചേർന്നു​കൊ​ള്ള​ണ​മെ​ന്നി​ല്ലെ​ന്നും അദ്ദേഹം മനസ്സി​ലാ​ക്കി. പണ്ടു നടത്തിയ രക്തപ്പകർച്ച​ക​ളിൽ അധിക​വും ദുരന്ത​ത്തിൽ കലാശി​ച്ച​തിൽ അതിശ​യി​ക്കാ​നില്ല! എന്നാൽ ഇപ്പോൾ ആ സ്ഥിതി​വി​ശേ​ഷ​ത്തി​നു മാറ്റം വരുത്താൻ കഴിയു​മെ​ന്നാ​യി, അതിന്‌ ദാതാ​വി​ന്റെ​യും സ്വീകർത്താ​വി​ന്റെ​യും രക്തഗ്രൂ​പ്പു​കൾ ചേരു​ന്ന​വ​യാ​ണോ എന്ന്‌ ഉറപ്പു​വ​രു​ത്തുക മാത്രമേ വേണ്ടി​യി​രു​ന്നു​ള്ളൂ. ഈ അറിവി​ന്റെ വെളി​ച്ച​ത്തിൽ ചികി​ത്സകർ രക്തപ്പകർച്ച​യി​ലുള്ള തങ്ങളുടെ വിശ്വാ​സം പുതുക്കി—ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ സമയത്തു​തന്നെ.

രക്തപ്പകർച്ച​യും യുദ്ധവും

ഒന്നാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌, അടിയ​ന്തിര സാഹച​ര്യം ഉണ്ടെങ്കി​ലും ഇല്ലെങ്കി​ലും മുറി​വേറ്റ സൈനി​കർക്ക്‌ രക്തം കുത്തി​വെ​ക്കു​ന്നതു പതിവാ​യി. രക്തം പെട്ടെന്ന്‌ കട്ടപി​ടി​ക്കും എന്നതി​നാൽ അതു പടക്കള​ത്തിൽ എത്തിക്കുക എന്നത്‌ അന്ന്‌ തികച്ചും അസാധ്യ​മാ​യി​രു​ന്നു. എന്നാൽ 20-ാം നൂറ്റാ​ണ്ടി​ന്റെ ആരംഭ​ത്തിൽ ന്യൂ​യോർക്ക്‌ നഗരത്തി​ലെ മൗണ്ട്‌ സൈനാ​യി ആശുപ​ത്രി​യി​ലെ ഡോ. റിച്ചർഡ്‌ ലൂയിസൺ, രക്തം കട്ടപി​ടി​ക്കാ​തി​രി​ക്കാൻ സഹായി​ക്കുന്ന ഒരു പദാർഥ​മായ സോഡി​യം സി​ട്രേറ്റ്‌ ഉപയോ​ഗിച്ച്‌ പരീക്ഷണം നടത്തി. പരീക്ഷണം വിജയ​ക​ര​മാ​യി​രു​ന്നു. ആവേശ​ജ​ന​ക​മായ ഈ മുന്നേ​റ്റത്തെ ചില ഡോക്‌ടർമാർ ഒരു അത്ഭുതം തന്നെയാ​യി​ട്ടാ​ണു വീക്ഷി​ച്ചത്‌. “സൂര്യനെ നിശ്ചലാ​വ​സ്ഥ​യിൽ ആക്കിയ​തു​പോ​ലെ ആയിരു​ന്നു അത്‌” എന്ന്‌ ഒരു പ്രഗത്ഭ ചികി​ത്സ​ക​നാ​യി​രുന്ന ഡോ. ബെർട്രാം എം. ബെർൺഹൈം എഴുതി.

രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌ രക്തപ്പകർച്ച​യ്‌ക്ക്‌ വർധിച്ച ആവശ്യം ഉണ്ടായി​രു​ന്നു. “ഇപ്പോൾത്തന്നെ രക്തം നൽകുക,” “നിങ്ങളു​ടെ രക്തത്തിന്‌ അയാളെ രക്ഷിക്കാൻ കഴിയും,” “അദ്ദേഹം തന്റെ രക്തം നൽകി. നിങ്ങൾ നിങ്ങളു​ടേതു നൽകു​മോ?” എന്നിങ്ങ​നെ​യുള്ള വാചക​ങ്ങ​ളോ​ടു കൂടിയ പോസ്റ്റ​റു​കൾ എവി​ടെ​യും കാണാ​മാ​യി​രു​ന്നു. രക്തം ദാനം ചെയ്യാ​നുള്ള ആഹ്വാ​ന​ത്തോട്‌ വലിയ തോതി​ലുള്ള പ്രതി​ക​രണം ഉണ്ടായി. രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌ ഐക്യ​നാ​ടു​ക​ളിൽ ഏതാണ്ട്‌ 1,30,00,000 യൂണിറ്റ്‌ രക്തം ദാനം ചെയ്യ​പ്പെട്ടു. ലണ്ടനി​ലാ​ണെ​ങ്കിൽ 2,60,000 ലിറ്ററി​ല​ധി​കം രക്തം ശേഖരിച്ച്‌ വിതരണം ചെയ്യ​പ്പെ​ട്ട​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു. എന്നാൽ രക്തപ്പകർച്ചകൾ ആരോ​ഗ്യ​സം​ബ​ന്ധ​മായ നിരവധി അപകട​ങ്ങൾക്ക്‌ ഇടയാ​ക്കു​ന്ന​താ​യി പെട്ടെ​ന്നു​തന്നെ തെളിഞ്ഞു.

രക്തത്തി​ലൂ​ടെ പകരുന്ന രോഗങ്ങൾ

രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു​ശേഷം ചികി​ത്സാ​രം​ഗത്ത്‌ ഉണ്ടായി​ട്ടുള്ള വലിയ മുന്നേ​റ്റങ്ങൾ, മുമ്പ്‌ സങ്കൽപ്പി​ക്കാൻപോ​ലും കഴിയാ​തി​രു​ന്ന​തരം ശസ്‌ത്ര​ക്രി​യകൾ സാധ്യ​മാ​ക്കി​ത്തീർത്തു. ശസ്‌ത്ര​ക്രി​യ​യ്‌ക്ക്‌ ആവശ്യ​മായ അടിസ്ഥാന സംഗതി​യാ​യി ഡോക്‌ടർമാർ രക്തപ്പകർച്ചയെ വീക്ഷി​ക്കാൻ തുടങ്ങി. തത്‌ഫ​ല​മാ​യി, രക്തവി​ത​രണം പ്രതി​വർഷം കോടി​ക്ക​ണ​ക്കി​നു ഡോളർ മറിയുന്ന ഒരു ആഗോള വ്യവസാ​യം ആയിത്തീർന്നു.

എന്നാൽ താമസി​യാ​തെ രക്തപ്പകർച്ച​യു​മാ​യി ബന്ധപ്പെട്ട രോഗങ്ങൾ തലപൊ​ക്കാൻ തുടങ്ങി. ഉദാഹ​ര​ണ​ത്തിന്‌ കൊറി​യൻ യുദ്ധ കാലത്ത്‌ പ്ലാസ്‌മ പകർച്ച​യ്‌ക്കു വിധേ​യ​രാ​യ​വ​രിൽ ഏതാണ്ട്‌ 22 ശതമാനം ആളുകൾക്ക്‌—രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്തെ അപേക്ഷിച്ച്‌ ഏതാണ്ട്‌ മൂന്നി​രട്ടി പേർക്ക്‌—ഹെപ്പ​റ്റൈ​റ്റിസ്‌ പിടി​പെട്ടു. 1970-കളോടെ പ്രതി​വർഷം 3,500 പേർ രക്തപ്പകർച്ച​യി​ലൂ​ടെ ഹെപ്പ​റ്റൈ​റ്റിസ്‌ പിടി​പെട്ട്‌ മരിക്കു​മെന്ന്‌ യു.എസ്‌. രോഗ​നി​യ​ന്ത്രണ കേന്ദ്രങ്ങൾ കണക്കാക്കി. ഈ സംഖ്യ പതിന്മ​ടങ്ങ്‌ ഉയർന്ന​താ​യി​രി​ക്കു​മെന്നു മറ്റു ചിലർ പറയു​ക​യു​ണ്ടാ​യി.

രക്തപരി​ശോ​ധന മെച്ച​പ്പെ​ടു​ത്തു​ക​യും രക്ത ദാതാ​ക്കളെ കൂടുതൽ ശ്രദ്ധ​യോ​ടെ തിര​ഞ്ഞെ​ടു​ക്കാൻ തുടങ്ങു​ക​യും ചെയ്‌ത​തോ​ടെ ഹെപ്പ​റ്റൈ​റ്റിസ്‌-ബി-യുടെ വ്യാപനം കുറയു​ക​തന്നെ ചെയ്‌തു. എന്നാൽ, പുതിയ ഒരിനം വൈറസ്‌—ഹെപ്പ​റ്റൈ​റ്റിസ്‌-സി—ചില അവസര​ങ്ങ​ളിൽ മരണത്തി​നു​പോ​ലും ഇടയാ​ക്കി​ക്കൊണ്ട്‌ തേർവാഴ്‌ച നടത്തു​ക​യു​ണ്ടാ​യി. നാൽപ്പതു ലക്ഷം അമേരി​ക്ക​ക്കാ​രെ ഈ വൈറസ്‌ പിടി​കൂ​ടി​യെ​ന്നും അവരിൽ ഏതാനും ലക്ഷങ്ങളു​ടെ കാര്യ​ത്തിൽ അതു സംഭവി​ച്ചത്‌ രക്തപ്പകർച്ച​യി​ലൂ​ടെ ആയിരു​ന്നെ​ന്നും കണക്കാ​ക്ക​പ്പെ​ടു​ന്നു. കാല​ക്ര​മ​ത്തിൽ, ഹെപ്പ​റ്റൈ​റ്റിസ്‌-സി-യുടെ വ്യാപനം കുറയ്‌ക്കാൻ അതിസൂ​ക്ഷ്‌മ​മായ രക്തപരി​ശോ​ധ​ന​യ്‌ക്കു കഴിഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും പുതിയ അപകടങ്ങൾ പ്രത്യ​ക്ഷ​പ്പെ​ടു​മെ​ന്നും അവ മനസ്സി​ലാ​ക്കി വരു​മ്പോ​ഴേ​ക്കും വളരെ വൈകി​പ്പോ​യി​രി​ക്കു​മെ​ന്നും ചിലർ ഭയക്കുന്നു.

മറ്റൊരു ദൂഷ്യാ​രോ​പണം: എച്ച്‌ഐവി ബാധിത രക്തം

എയ്‌ഡ്‌സി​നു കാരണ​മായ എച്ച്‌ഐവി വൈറ​സി​ന്റെ സാന്നി​ധ്യ​വും രക്തത്തെ മലിനീ​കൃ​ത​മാ​ക്കു​മെന്ന്‌ 1980-കളിൽ കണ്ടെത്തി. തങ്ങൾ വിതരണം ചെയ്യുന്ന രക്തത്തിൽ ഒരുപക്ഷേ ഇത്തരം രോഗാ​ണു​ക്കൾ ഉണ്ടായി​രി​ക്കാം എന്ന വസ്‌തുത കണക്കി​ലെ​ടു​ക്കാൻ ആദ്യ​മൊ​ക്കെ രക്തബാ​ങ്കു​കാർ തയ്യാറാ​യില്ല. വാസ്‌ത​വ​ത്തിൽ, അവരിൽ പലരും എച്ച്‌ഐവി ഭീഷണി​യെ ആദ്യം സംശയ​ത്തോ​ടെ​യാ​ണു വീക്ഷി​ച്ചത്‌. ഡോ. ബ്രൂസ്‌ ഇവാറ്റ്‌ പറയു​ന്ന​തു​പോ​ലെ “ഒരു വ്യക്തി മരുഭൂ​മി​യിൽ അലഞ്ഞു​ന​ട​ന്നി​ട്ടു വന്ന്‌ ‘ഞാൻ ഒരു ഭൗമേതര ജീവിയെ കണ്ടു’ എന്നു പറയു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു അത്‌. അതിനെ കുറിച്ചു കേട്ടെ​ങ്കി​ലും അവർ അതു വിശ്വ​സി​ച്ചില്ല.”

എന്നിരു​ന്നാ​ലും, എച്ച്‌ഐവി ബാധിത രക്തത്തെ കുറി​ച്ചുള്ള വാർത്തകൾ പല രാജ്യ​ങ്ങ​ളി​ലും പ്രത്യ​ക്ഷ​പ്പെ​ട്ടി​ട്ടുണ്ട്‌. ഫ്രാൻസിൽ, 1982-നും 1985-നും ഇടയ്‌ക്ക്‌ രക്തപ്പകർച്ച​യ്‌ക്കു വിധേ​യ​രാ​യ​വ​രിൽ 6,000 മുതൽ 8,000 വരെ പേർക്ക്‌ അതു മുഖാ​ന്തരം എച്ച്‌ഐവി ബാധി​ച്ച​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു. ആഫ്രിക്കൻ ഭൂഖണ്ഡ​ത്തിൽ 10 ശതമാനം എച്ച്‌ഐവി ബാധയ്‌ക്കും പാകി​സ്ഥാ​നിൽ 40 ശതമാനം എയ്‌ഡ്‌സ്‌ കേസി​നും കാരണം രക്തപ്പകർച്ച​യാ​ണെന്നു കരുത​പ്പെ​ടു​ന്നു. രക്തപരി​ശോ​ധന മെച്ച​പ്പെ​ട്ടി​രി​ക്കു​ന്നതു കൊണ്ട്‌ ഇന്നു വികസിത രാജ്യ​ങ്ങ​ളിൽ രക്തപ്പകർച്ച​യി​ലൂ​ടെ സംഭവി​ക്കുന്ന എച്ച്‌ഐവി ബാധ വിരള​മാണ്‌. എന്നാൽ അത്തരം പരി​ശോ​ധനാ സൗകര്യ​ങ്ങൾ ഇല്ലാത്ത വികസ്വര രാഷ്‌ട്ര​ങ്ങ​ളിൽ രക്തപ്പകർച്ച​യി​ലൂ​ടെ സംഭവി​ക്കുന്ന എച്ച്‌ഐവി ബാധ ഒരു പ്രശ്‌ന​മാ​യി​ത്തന്നെ അവശേ​ഷി​ക്കു​ന്നു.

അതു​കൊണ്ട്‌, സമീപ വർഷങ്ങ​ളിൽ രക്തരഹിത ചികി​ത്സ​യോ​ടും ശസ്‌ത്ര​ക്രി​യ​യോ​ടു​മുള്ള താത്‌പ​ര്യം വർധി​ച്ചി​രി​ക്കു​ന്ന​തി​ന്റെ കാരണം മനസ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ. എന്നാൽ ഈ പകര മാർഗങ്ങൾ സുരക്ഷി​ത​മാ​ണോ?

[6-ാം പേജിലെ ചതുരം]

രക്തപ്പകർച്ച—വൈദ്യ​ശാ​സ്‌ത്ര​പ​ര​മായ മാനദ​ണ്ഡ​മൊ​ന്നു​മില്ല

ഓരോ വർഷവും ഐക്യ​നാ​ടു​ക​ളിൽ മാത്രം 30,00,000 രോഗി​ക​ളിൽ 1,10,00,000 യൂണി​റ്റി​ല​ധി​കം അരുണ​ര​ക്താ​ണു​ക്കളെ കുത്തി​വെ​ക്കു​ന്നുണ്ട്‌. ആ വലിയ സംഖ്യ കണക്കി​ലെ​ടു​ക്കു​മ്പോൾ രക്തപ്പകർച്ച സംബന്ധി​ച്ചു ഡോക്‌ടർമാർക്ക്‌ കണിശ​മായ ഒരു മാനദണ്ഡം ഉണ്ടെന്ന്‌ ഒരു വ്യക്തിക്കു തോന്നി​യേ​ക്കാം. എങ്കിലും, “രക്തപ്പകർച്ച സംബന്ധിച്ച തീരു​മാ​ന​ങ്ങളെ നയിക്കാ​നുള്ള” വിവരങ്ങൾ അതിശ​യി​പ്പി​ക്കും​വി​ധം കുറവാ​ണെന്ന്‌ ദ ന്യൂ ഇംഗ്ലണ്ട്‌ ജേർണൽ ഓഫ്‌ മെഡി​സിൻ അഭി​പ്രാ​യ​പ്പെ​ടു​ന്നു. രക്തനഷ്ടം നികത്താൻ എന്ത്‌ ഉപയോ​ഗി​ക്ക​ണ​മെ​ന്നോ അത്‌ എത്ര​ത്തോ​ളം ഉപയോ​ഗി​ക്ക​ണ​മെ​ന്നോ, ഇനി രക്തപ്പകർച്ച​യു​ടെ ആവശ്യം​തന്നെ ഉണ്ടോ എന്നതു സംബന്ധി​ച്ചു​പോ​ലു​മോ പലരും അങ്ങേയറ്റം വ്യത്യ​സ്‌ത​മായ തീരു​മാ​ന​ങ്ങ​ളാണ്‌ എടുക്കു​ന്നത്‌. “രക്തപ്പകർച്ച ആശ്രയി​ച്ചി​രി​ക്കു​ന്നത്‌ ഡോക്‌ട​റെ​യാണ്‌ അല്ലാതെ രോഗി​യെ അല്ല,” ആക്‌റ്റാ ആനെ​സ്റ്റേ​സി​യൊ​ളൊ​ജി​ക്കാ ബെൽജി​ക്കാ വൈദ്യ​ശാ​സ്‌ത്ര ജേർണൽ പറയുന്നു. മേൽപ്പ​റ​ഞ്ഞതു കണക്കി​ലെ​ടു​ക്കു​മ്പോൾ “66 ശതമാനം രക്തപ്പകർച്ച​യും അനുചി​ത​മാ​യി നടത്ത​പ്പെ​ടു​ന്ന​വ​യാണ്‌” എന്ന്‌ ദ ന്യൂ ഇംഗ്ലണ്ട്‌ ജേർണൽ ഓഫ്‌ മെഡി​സി​നിൽ പ്രസി​ദ്ധീ​ക​രി​ക്ക​പ്പെട്ട ഒരു പഠനഫലം വെളി​പ്പെ​ടു​ത്തി​യ​തിൽ തെല്ലും അത്ഭുത​പ്പെ​ടാ​നില്ല.

[5-ാം പേജിലെ ചിത്രങ്ങൾ]

രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌ രക്തത്തിനു വേണ്ടി​യുള്ള വർധിച്ച ആവശ്യം ഉണ്ടായി​രു​ന്നു

[കടപ്പാട്‌]

Imperial War Museum, London

U.S. National Archives photos