രക്തരഹിത ചികിത്സയോടും ശസ്ത്രക്രിയയോടും ഉള്ള ആഭിമുഖ്യം വർധിക്കുന്നു
രക്തരഹിത ചികിത്സയോടും ശസ്ത്രക്രിയയോടും ഉള്ള ആഭിമുഖ്യം വർധിക്കുന്നു
“ശസ്ത്രക്രിയ ആവശ്യമായ രോഗികളെ ചികിത്സിക്കുന്നവരും രക്തം ഉൾപ്പെടുന്ന സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നവരും രക്തരഹിത ഉപാധിയെ കുറിച്ചു പരിചിന്തിക്കേണ്ടതുണ്ട്.”—ജർമനിയിലുള്ള ലൂട്വിഗ്സഹാഫനിലെ അനസ്തേഷ്യോളജി പ്രൊഫസറായ ഡോ. യോവാക്കിം ബൊൾട്ട്.
ശസ്ത്രക്രിയാ മുറി കുറേക്കൂടെ സുരക്ഷിതമായ ഒരിടമാക്കി മാറ്റുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ എയ്ഡ്സ് ദുരന്തം ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും നിർബന്ധിതരാക്കിയിരിക്കുന്നു. വ്യക്തമായും, ഇതിൽ അതിസൂക്ഷ്മ രക്തപരിശോധന ഉൾപ്പെടുന്നു. എന്നാൽ ഈ നടപടികൾ പോലും അപകടരഹിത രക്തപ്പകർച്ച ഉറപ്പുനൽകുന്നില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. “രക്തപ്പകർച്ച മുമ്പെന്നത്തെക്കാളും സുരക്ഷിതമാക്കാൻ സമൂഹം വളരെയധികം വിഭവങ്ങൾ വിനിയോഗിക്കുന്നുണ്ടെങ്കിലും അത് ഒരിക്കലും പൂർണമായി സുരക്ഷിതമാകില്ലെന്ന കാരണത്താൽ [മറ്റൊരാളുടെ] രക്തം സ്വീകരിക്കാൻ രോഗികൾ മടിക്കുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു” എന്ന് രക്തപ്പകർച്ച (ഇംഗ്ലീഷ്) എന്ന മാസിക പറയുന്നു.
പല ഡോക്ടർമാരും രക്തപ്പകർച്ച നിർദേശിക്കുന്ന കാര്യത്തിൽ ജാഗ്രത പാലിക്കുന്നതിൽ അത്ഭുതപ്പെടാനില്ല.
“രക്തപ്പകർച്ച അതിൽത്തന്നെ നല്ലതല്ല, അതുകൊണ്ട് എല്ലാവരുടെയും കാര്യത്തിൽ അത് ഒഴിവാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു,” കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിലുള്ള ഡോ. അല്ലിക്സ് സാപോലാൻസ്ക്കി പറയുന്നു.രക്തപ്പകർച്ചയുടെ അപകടങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളും ഇപ്പോൾ ബോധവാന്മാരായിത്തീരുന്നുണ്ട്. കാനഡക്കാരിൽ 89 ശതമാനവും രക്തപ്പകർച്ചയ്ക്കു പകരം മറ്റെന്തെങ്കിലും ചികിത്സ സ്വീകരിക്കാൻ താത്പര്യപ്പെടുന്നതായി 1996-ൽ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പ് വെളിപ്പെടുത്തി. “യഹോവയുടെ സാക്ഷികളെ പോലെ എല്ലാ രോഗികളും മറ്റൊരാളുടെ രക്തം സ്വീകരിക്കുന്നത് നിരസിച്ചെന്നുവരില്ല,” ജേർണൽ ഓഫ് വാസ്കുലർ സർജറി പറയുന്നു. “എന്നിരുന്നാലും രോഗങ്ങൾ പകരാനും പ്രതിരോധവ്യവസ്ഥയുടെ പ്രവർത്തനം തകരാറിലാകാനും സാധ്യതയുണ്ടെന്ന വസ്തുത നമ്മുടെ എല്ലാ രോഗികൾക്കും വേണ്ടി പകര ഉപാധികൾ കണ്ടുപിടിക്കണമെന്നതിനുള്ള വ്യക്തമായ തെളിവു നൽകുന്നു.”
അഭികാമ്യമായ ഒരു മാർഗം
സന്തോഷകരമെന്നു പറയട്ടെ, പകര ഉപാധിയുണ്ട്—രക്തരഹിത ചികിത്സയും ശസ്ത്രക്രിയയും. പല രോഗികളും ഈ ചികിത്സാരീതിയെ അറ്റകൈ ആയിട്ടല്ല പിന്നെയോ അഭികാമ്യമായ ഒന്നായിട്ടാണു കണക്കാക്കുന്നത്, അതും നല്ല കാരണത്തോടെ തന്നെ. ഒരു ബ്രിട്ടീഷ് കൺസൽട്ടന്റ് സർജനായ സ്റ്റീവൻ ജെഫ്റി പൊളർഡ് ഇപ്രകാരം പറയുന്നു: “[രക്തരഹിത ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവർക്കിടയിലെ രോഗനിരക്കും മരണനിരക്കും] രക്തം സ്വീകരിക്കുന്ന രോഗികളുടേതിനോടു തുല്യമാണ്. ഒരുപക്ഷേ അതിലും കുറവാണെന്നുതന്നെ പറയാം. മാത്രമല്ല, മിക്കപ്പോഴും രക്തപ്പകർച്ചയുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയാനന്തരം ഉണ്ടാകുന്ന അണുബാധയിൽനിന്നും മറ്റു പ്രശ്നങ്ങളിൽനിന്നും അവർ ഒഴിവുള്ളവരുമാണ്.”
രക്തരഹിത വൈദ്യചികിത്സ വികാസം പ്രാപിച്ചത് എങ്ങനെയാണ്? ഒരു തരത്തിൽ നോക്കിയാൽ ആ ചോദ്യം വളരെ വിചിത്രമാണ്. കാരണം രക്തം ഉപയോഗിച്ചുള്ള ചികിത്സ രംഗത്തുവരുന്നതിനു മുമ്പ് നിലവിലിരുന്നത് വാസ്തവത്തിൽ രക്തരഹിത ചികിത്സയാണ്. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മാത്രമാണ് രക്തപ്പകർച്ച എന്ന ചികിത്സാരീതി സർവസാധാരണമായി തീർന്നത്. എന്നിരുന്നാലും സമീപ ദശകങ്ങളിൽ രക്തരഹിത ശസ്ത്രക്രിയയ്ക്കു പ്രചാരം നൽകുന്നതിൽ ചിലർ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഉദാഹരണത്തിന് 1960-കളിൽ ഡെന്റൻ കൂളി എന്ന പ്രശസ്ത ശസ്ത്രക്രിയാ വിദഗ്ധൻ, ഹൃദയം തുറന്നുള്ള ആദ്യത്തെ ശസ്ത്രക്രിയകളിൽ ചിലതു രക്തം കൂടാതെ നടത്തുകയുണ്ടായി.
1970-കളിൽ രക്തം സ്വീകരിക്കുന്നവർക്കിടയിൽ ഹെപ്പറ്റൈറ്റിസ് വർധിച്ചതുകൊണ്ട് പല ഡോക്ടർമാരും രക്തപ്പകർച്ചയ്ക്കു പകരം മറ്റെന്തെങ്കിലും മാർഗങ്ങൾ ഉണ്ടോയെന്ന് അന്വേഷിച്ചു തുടങ്ങി. 1980-കൾ ആയപ്പോഴേക്കും ഒട്ടേറെ, വലിയ ചികിത്സാ സംഘങ്ങൾ രക്തരഹിത ശസ്ത്രക്രിയകൾ നടത്തുന്നുണ്ടായിരുന്നു. പിന്നീട് എയ്ഡ്സ് മഹാവ്യാധി പൊട്ടിപ്പുറപ്പെട്ടതോടെ, പ്രസ്തുത ശസ്ത്രക്രിയാ രീതികൾ അവലംബിക്കാൻ ആഗ്രഹിച്ചവർ കൂടെക്കൂടെ ഇവരുടെ ഉപദേശം തേടുകയുണ്ടായി. 1990-കളിൽ പല ആശുപത്രികളും രോഗികൾക്കു തിരഞ്ഞെടുക്കാവുന്ന രക്തരഹിത ചികിത്സാരീതികൾ വികസിപ്പിച്ചെടുത്തു.
മുമ്പ് രക്തപ്പകർച്ച അനിവാര്യമാണെന്നു കരുതപ്പെട്ടിരുന്ന ശസ്ത്രക്രിയകളും അടിയന്തിര സാഹചര്യങ്ങളും മറ്റും രക്തരഹിത മാർഗങ്ങൾ ഉപയോഗിച്ചുകൊണ്ട് വിജയപ്രദമായി കൈകാര്യം ചെയ്യാൻ ഇപ്പോൾ ഡോക്ടർമാർക്കു കഴിയുന്നു. “രക്തമോ രക്തോത്പന്നങ്ങളോ കൂടാതെതന്നെ ഹൃദയം, രക്തക്കുഴൽ, സ്ത്രീലൈംഗികാവയവങ്ങൾ, അസ്ഥി, മൂത്രവ്യൂഹം തുടങ്ങിയവയുമായി ബന്ധപ്പെട്ട വലിയ ശസ്ത്രക്രിയകളും സിസേറിയനും വിജയകരമായി നടത്താൻ സാധിക്കും” എന്ന് കനേഡിയൻ ജേർണൽ ഓഫ് അനസ്തേഷ്യയിൽ ഡി. എച്ച്. ഡബ്ലിയു. വൊങ് പറയുന്നു.
രോഗിക്ക് ഡോക്ടർമാരുടെ കൂടുതലായ ശ്രദ്ധ ലഭിക്കുന്നു എന്നതാണ് രക്തരഹിത ശസ്ത്രക്രിയയുടെ ഒരു പ്രയോജനം. “രക്തനഷ്ടം തടയുന്നതിൽ ശസ്ത്രക്രിയാ വിദഗ്ധന്റെ കഴിവ് അതീവ പ്രാധാന്യം അർഹിക്കുന്നു,” ഒഹായോയിലെ ക്ലീവ്ലൻഡിൽ ശസ്ത്രക്രിയാ വിഭാഗം ഡയറക്ടറായ ഡോ. ബെഞ്ചമിൻ ജെ. റൈക്ക്സ്റ്റൈൻ പറയുന്നു. ചില സാഹചര്യങ്ങളിൽ രക്തരഹിത ശസ്ത്രക്രിയ “കൂടുതൽ വേഗത്തിലും കൂടുതൽ ശുചിത്വത്തോടെയും നടത്താവുന്നതും അതേസമയം ചെലവു കുറഞ്ഞതുമാണ്” എന്ന് ഒരു ദക്ഷിണാഫ്രിക്കൻ നിയമ പത്രിക പറയുന്നു. അത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പലപ്പോഴും അത്തരം ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ചികിത്സ ചെലവു കുറഞ്ഞതാണ്, കുറഞ്ഞ സമയംകൊണ്ട് രോഗി സുഖം പ്രാപിക്കുകയും ചെയ്യും.” ലോകമെമ്പാടുമായി, 180-ഓളം ആശുപത്രികളിൽ ഇപ്പോൾ രക്തരഹിത ചികിത്സയും ശസ്ത്രക്രിയയും നടത്താൻ വേണ്ട സൗകര്യങ്ങളുള്ളതിന്റെ ചില കാരണങ്ങൾ മാത്രമാണ് ഇവ.
രക്തവും യഹോവയുടെ സാക്ഷികളും
ബൈബിൾ അധിഷ്ഠിതമായ കാരണങ്ങളാൽ യഹോവയുടെ സാക്ഷികൾ രക്തപ്പകർച്ച നിരസിക്കുന്നു. a എന്നാൽ രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സകൾ അവർ സ്വീകരിക്കുന്നെന്നു മാത്രമല്ല അവ ഏതുവിധേനയും അന്വേഷിച്ചു കണ്ടെത്താൻ യത്നിക്കുകയും ചെയ്യുന്നു. “യഹോവയുടെ സാക്ഷികൾ ലഭ്യമായ ഏറ്റവും നല്ല വൈദ്യചികിത്സതന്നെ തേടാൻ പരമാവധി ശ്രമിക്കാറുണ്ട്” എന്ന് ന്യൂയോർക്കിലെ ഒരു ആശുപത്രിയിൽ ശസ്ത്രക്രിയാവിഭാഗം ഡയറക്ടർ ആയിരിക്കെ ഡോ. റിച്ചാർഡ് കെ. സ്പെൻസ് പറയുകയുണ്ടായി. “ഒരു കൂട്ടമെന്ന നിലയിൽ, അവരെ പോലെ ഇത്രയധികം ബോധവത്കരിക്കപ്പെട്ട ഉപഭോക്താക്കളെ ഒരു ശസ്ത്രക്രിയാ വിദഗ്ധനു കാണാൻ കഴിയില്ല.”
ഡോക്ടർമാർ യഹോവയുടെ സാക്ഷികളിൽ പല രീതിയിലുള്ള രക്തരഹിത ശസ്ത്രക്രിയകൾ നടത്തിനോക്കുകയും അവ വിജയകരമെന്നു കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഡെന്റൻ കൂളി എന്ന ഹൃദയ-രക്തക്കുഴൽ ശസ്ത്രക്രിയാ വിദഗ്ധന്റെ അനുഭവം പരിചിന്തിക്കുക. 27 വർഷത്തിനിടയ്ക്ക് അദ്ദേഹവും കൂട്ടരും 663 യഹോവയുടെ സാക്ഷികളിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ രക്തം കൂടാതെതന്നെ നടത്തി. രക്തം കൂടാതെ ഹൃദയശസ്ത്രക്രിയകൾ വിജയകരമായി നടത്താൻ കഴിയുമെന്ന് അതിന്റെ ഫലങ്ങൾ വ്യക്തമായി ചൂണ്ടിക്കാട്ടുന്നു.
രക്തം സ്വീകരിക്കാത്തതിന് യഹോവയുടെ സാക്ഷികളെ പലരും വിമർശിച്ചിട്ടുണ്ട്. എന്നാൽ അസോസിയേഷൻ ഓഫ് അനെസ്തെറ്റിസ്റ്റ്സ് ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആന്റ് അയർലൻഡ് പ്രസിദ്ധീകരിച്ച ഒരു മാർഗദർശക ഗ്രന്ഥം സാക്ഷികളുടെ നിലപാടിനെ “ജീവനോടുള്ള ആദരവിന്റെ ഒരു തെളിവ്” എന്നു വിശേഷിപ്പിക്കുന്നു. വാസ്തവത്തിൽ, സാക്ഷികൾ കൈക്കൊണ്ടിരിക്കുന്ന ഉറച്ച നിലപാട് സുരക്ഷിതമായ വൈദ്യചികിത്സ എല്ലാവർക്കും ലഭ്യമാകുന്നതിൽ ഒരു വലിയ പങ്കു വഹിച്ചിരിക്കുന്നു. “ശസ്ത്രക്രിയ ആവശ്യമായിരുന്ന യഹോവയുടെ സാക്ഷികൾ, നോർവീജിയയിലെ ആരോഗ്യ പരിപാലന രംഗത്തെ ഒരു സുപ്രധാന മേഖലയ്ക്ക് പുരോഗതിയുടെ പാത കാട്ടിക്കൊടുത്തെന്നു മാത്രമല്ല അതു കൈവരിക്കാൻ ശക്തമായ പ്രേരണയേകുകയും ചെയ്തു” എന്ന് നോർവേയിലെ നാഷണൽ ഹോസ്പിറ്റലിലെ പ്രൊഫസർ സ്റ്റെയിൻ എ. ഇവെൻസൻ എഴുതുകയുണ്ടായി.
രക്തരഹിത ചികിത്സ നൽകുന്നതിൽ ഡോക്ടർമാരെ പിന്തുണയ്ക്കുന്നതിനായി യഹോവയുടെ സാക്ഷികൾ ആശുപത്രി ഏകോപന സമിതിക്കു രൂപം നൽകിയിട്ടുണ്ട്. ലോകവ്യാപകമായി ഇപ്പോൾ, രക്തരഹിത ചികിത്സയെയും ശസ്ത്രക്രിയയെയും സംബന്ധിച്ചുള്ള 3,000-ത്തിലധികം ലേഖനങ്ങളുടെ ഒരു ഡേറ്റാ ബേസിൽനിന്ന് ഡോക്ടർമാർക്കും ഗവേഷകർക്കും വൈദ്യശാസ്ത്രപരമായ വിവരങ്ങൾ പ്രദാനം ചെയ്യാൻ സജ്ജമായ 1,400-ലധികം ആശുപത്രി ഏകോപന സമിതികളുണ്ട്. “സാക്ഷികളുടെ ആശുപത്രി ഏകോപന സമിതികളുടെ സേവനം നിമിത്തം ഇന്ന് സാക്ഷികൾ മാത്രമല്ല പിന്നെയോ രോഗികൾ മൊത്തത്തിൽ അനാവശ്യമായ രക്തപ്പകർച്ചയ്ക്കു വിധേയരാകാനുള്ള സാധ്യത കുറഞ്ഞിരിക്കുന്നു,” ബോസ്റ്റൺ കോളെജ് ലോ സ്കൂളിലെ പ്രൊഫസറായ ഡോ. ചാൾസ് ബാരൺ പറയുന്നു. b
രക്തരഹിത ചികിത്സയെയും ശസ്ത്രക്രിയയെയും സംബന്ധിച്ച് യഹോവയുടെ സാക്ഷികൾ സമാഹരിച്ചിട്ടുള്ള വിവരങ്ങൾ വൈദ്യശാസ്ത്ര രംഗത്തെ പലർക്കും പ്രയോജനം ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, ഓട്ടോട്രാൻസ്ഫ്യൂഷൻ: ചികിത്സാ തത്ത്വങ്ങളും പ്രവണതകളും (ഇംഗ്ലീഷ്) എന്ന പുസ്തകത്തിനുള്ള വിവരങ്ങൾ തയ്യാറാക്കവെ, രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സോപാധികൾ സംബന്ധിച്ച വിവരങ്ങൾ നൽകാൻ ഗ്രന്ഥകർത്താക്കൾ യഹോവയുടെ സാക്ഷികളോട് അഭ്യർഥിക്കുകയുണ്ടായി. സാക്ഷികൾ സന്തോഷപൂർവം സഹകരിക്കുകയും ചെയ്തു. പിന്നീട് ഗ്രന്ഥകർത്താക്കൾ കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “ഈ വിഷയത്തെ കുറിച്ച് ഒരുപാടു കാര്യങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും രക്തപ്പകർച്ച ഒഴിവാക്കാനാകുന്ന മാർഗങ്ങളെ കുറിച്ച് ഇത്ര സംക്ഷിപ്തവും പൂർണവുമായ ഒരു വിധത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ആദ്യമായിട്ടാണു ഞങ്ങൾ കാണുന്നത്.”
വൈദ്യശാസ്ത്ര രംഗത്ത് ഉണ്ടായിട്ടുള്ള പുരോഗതികൾ രക്തരഹിത ചികിത്സയെ കുറിച്ചു പരിചിന്തിക്കാൻ പലരെയും പ്രേരിപ്പിച്ചിരിക്കുന്നു. ഇനിയും എന്തൊക്കെ പുരോഗതികൾ നമുക്കു പ്രതീക്ഷിക്കാൻ കഴിയും? എയ്ഡ്സ് വൈറസിനെ കണ്ടെത്തിയ പ്രൊഫസർ ലൂയെക്ക് മൊണ്ടാന്യേ പറയുന്നു: “ഈ മേഖലയിലെ നമ്മുടെ ഗ്രാഹ്യത്തിലുണ്ടായിട്ടുള്ള വളർച്ച, രക്തപ്പകർച്ച ഒരു നാൾ ഇല്ലാതാകും എന്നു കാണിക്കുന്നു.” ഇപ്പോൾത്തന്നെ പകര ചികിത്സാരീതികൾ അനേകരുടെ ജീവൻ രക്ഷിക്കുന്നുണ്ട്.
[അടിക്കുറിപ്പുകൾ]
a ലേവ്യപുസ്തകം 7:26, 27; 17:10-14; ആവർത്തനപുസ്തകം 12:23-25; 15:23; പ്രവൃത്തികൾ 15:20, 28, 29; 21:25 എന്നിവ കാണുക
b ആശുപത്രി അധികൃതരുടെ ക്ഷണം സ്വീകരിച്ചെത്തുന്ന ആശുപത്രി ഏകോപന സമിതി അംഗങ്ങൾ ആശുപത്രിയിലെ മെഡിക്കൽ ഉദ്യോഗസ്ഥ വൃന്ദത്തിനു മുമ്പാകെ അവതരണങ്ങളും നടത്താറുണ്ട്. കൂടാതെ, അവരുടെ സേവനം പ്രത്യേകമായി ആവശ്യപ്പെടുന്നെങ്കിൽ ചികിത്സിക്കുന്ന ഡോക്ടറുമായി നേരത്തേതന്നെ കാര്യങ്ങൾ തുറന്നു ചർച്ച ചെയ്യാനും അദ്ദേഹവുമായി ഒരു നിരന്തര ആശയവിനിമയം ഉണ്ടായിരിക്കാനും അവർ രോഗികളെ സഹായിക്കുകയും ചെയ്യും.
[7-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ചില ഡോക്ടർമാർ പറയുന്നത്
‘രക്തരഹിത ശസ്ത്രക്രിയ യഹോവയുടെ സാക്ഷികൾക്കു മാത്രമുള്ളതല്ല, പിന്നെയോ എല്ലാ രോഗികൾക്കും വേണ്ടിയുള്ളതാണ്. എല്ലാ ഡോക്ടർമാരും ഈ മാർഗം അവലംബിക്കേണ്ടതാണെന്നു ഞാൻ കരുതുന്നു.’—ഡോ. യോവാക്കിം ബൊൾട്ട്, അനസ്തേഷ്യോളജി പ്രൊഫസർ, ലൂട്വിഗ്സ്ഹാഫൻ, ജർമനി.
“കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് രക്തപ്പകർച്ച ഇന്ന് സുരക്ഷിതമാണെങ്കിലും പ്രതിരോധ വ്യവസ്ഥ തകരാറിലാകുന്നതും ഹെപ്പറ്റൈറ്റിസോ ലൈംഗിക രോഗങ്ങളോ പിടിപെടുന്നതും പോലുള്ള പല അപകടങ്ങൾക്കും അത് ഇടയാക്കിയേക്കാം.”—ഡോ. ടെറൻസ് ജെ. സാക്കി, ക്ലിനിക്കൽ അസിസ്റ്റന്റ് പ്രൊഫസർ ഓഫ് മെഡിസിൻ.
“രക്തപ്പകർച്ചയുടെ കാര്യം വരുമ്പോൾ മിക്ക ഡോക്ടർമാരും അതേ കുറിച്ചു രണ്ടാമതൊന്ന് ആലോചിക്കാറില്ല. യാതൊരു വിവേചനയും കൂടാതെ എല്ലാവർക്കും അവർ അതു നിർദേശിക്കാറുണ്ട്. പക്ഷേ ഞാൻ അങ്ങനെ ചെയ്യാറില്ല.”—സാൻ ഫ്രാൻസിസ്കോ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹൃദയശസ്ത്രക്രിയാ വിഭാഗം ഡയറക്ടർ ഡോ. അല്ലിക്സ് സാപോലാൻസ്ക്കി.
“പരമ്പരാഗത രീതിയിലുള്ള ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്കു വിധേയനാക്കുന്ന ഒരു രോഗിക്കുപോലും ആരോഗ്യസംബന്ധമായ മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ ഒരു പതിവുപടിയെന്നോണം രക്തപ്പകർച്ചയുടെ ഒരു ആവശ്യവും ഞാൻ കാണുന്നില്ല.”—ഡോ. യോഹാന്നസ് ഷേല, പ്രൊഫസർ ഓഫ് സർജറി, യേന, ജർമനി.
[ചിത്രങ്ങൾ]
ഡോ. ടെറൻസ് ജെ. സാക്കി
ഡോ. യോവാക്കിം ബൊൾട്ട്
[8, 9 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
രക്തരഹിത ചികിത്സയും ശസ്ത്രക്രിയയും
ചില മാർഗങ്ങൾ
ദ്രാവകങ്ങൾ: റിംഗേഴ്സ് ലാക്റ്റേറ്റ് ലായനി, ഡെക്സ്ട്രാൻ, ഹൈഡ്രോക്സി ഈഥൈൽ സ്റ്റാർച്ച് എന്നിവയും സമാനമായ മറ്റു ദ്രാവകങ്ങളും രക്തത്തിന്റെ വ്യാപ്തം നിലനിർത്താനും അങ്ങനെ ഹൈപ്പോവൊളിമിക്ക് ഷോക്ക് (രക്തത്തിന്റെ വ്യാപ്തം തീരെ കുറഞ്ഞുപോകുന്നതു മൂലമുണ്ടാകുന്ന ജീവത്പ്രവർത്തന മാന്ദ്യം) ഉണ്ടാകുന്നതു തടയാനും ആയി ഉപയോഗിച്ചു വരുന്നു. ഇപ്പോൾ പരീക്ഷണ വിധേയമാക്കിക്കൊണ്ടിരിക്കുന്ന ചില ദ്രാവകങ്ങൾ ഓക്സിജൻ വഹിച്ചുകൊണ്ടു പോകാൻ കഴിവുള്ളവയാണ്.
ഔഷധങ്ങൾ: ജനിതക വ്യതിയാനത്തിനു വിധേയമാക്കിയ മാംസ്യങ്ങൾക്ക് അരുണ രക്താണുക്കളുടെയും (എരിത്രോപോയിറ്റിൻ) രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെയും (ഇന്റെർലൂക്കിൻ-11) വിവിധ ശ്വേത രക്താണുക്കളുടെയും (ജിഎം-സിഎസ്എഫ്, ജി-സിഎസ്എഫ്) ഉത്പാദനത്തെ ഉത്തേജിപ്പിക്കാൻ കഴിയും. മറ്റു ചില ഔഷധങ്ങൾ ശസ്ത്രക്രിയയുടെ സമയത്തെ രക്തനഷ്ടം വളരെയധികം കുറയ്ക്കുന്നു (എപ്രോട്ടിനിൻ, ആന്റിഫൈബ്രിനോലിറ്റിക്സ്). ഇനിയും വേറെ ചിലത് മറ്റുതരത്തിലുള്ള അമിതമായ രക്തസ്രാവം കുറയ്ക്കുന്നു (ഡെസ്മോപ്രെസ്സിൻ).
രക്തസ്രാവം തടയുന്ന ജൈവവസ്തുക്കൾ: കൊളാജനും സെല്ലുലോസും കൊണ്ടുണ്ടാക്കിയ പാഡുകൾ ഉപയോഗിച്ച് രക്തസ്രാവം നിറുത്താൻ കഴിയും. ആഴത്തിലുള്ളതോ വളരെ വലിയതോ ആയ മുറിവുകൾ ഫൈബ്രിൻ പശകളും സീലന്റുകളും ഉപയോഗിച്ച് അടച്ചുകൊണ്ട് രക്തസ്രാവം നിറുത്താവുന്നതാണ്.
രക്തം വീണ്ടെടുക്കൽ: ശസ്ത്രക്രിയയുടെ സമയത്തോ പരിക്കുകളെ തുടർന്നോ രക്തം ശരീരത്തിൽനിന്നു വാർന്നുപോകുമ്പോൾത്തന്നെ, ചില ഉപകരണങ്ങളുടെ സഹായത്താൽ അതു ശുദ്ധീകരിച്ച് രോഗിയുടെ ശരീരത്തിലേക്കു തിരിച്ചു കടത്തുകയും അങ്ങനെ രക്തം വീണ്ടെടുക്കുകയും ചെയ്യുന്നു. ചില സാഹചര്യങ്ങളിൽ ഈ രീതിയിലൂടെ ലിറ്റർ കണക്കിനു രക്തം വീണ്ടെടുക്കാൻ സാധിക്കും.
ശസ്ത്രക്രിയാ ഉപകരണങ്ങൾ: ചില ഉപകരണങ്ങൾ ഒരേ സമയത്ത് രക്തക്കുഴലുകൾ മുറിക്കുകയും അടയ്ക്കുകയും ചെയ്യുന്നു. മറ്റു ചില ഉപകരണങ്ങൾക്ക് വളരെ വലിയ മുറിവുകൾ പോലും അടച്ചുകൊണ്ട് രക്തസ്രാവം തടയാൻ കഴിയും. ലാപ്രോസ്കോപിക്ക് ഉപകരണങ്ങളും ഏറ്റവും കുറച്ചു മുറിവുകൾ മാത്രമുണ്ടാക്കുന്ന തരത്തിലുള്ള ഉപകരണങ്ങളും ശസ്ത്രക്രിയയോടു ബന്ധപ്പെട്ട് ഉണ്ടാകുന്ന രക്തനഷ്ടം പരമാവധി കുറയ്ക്കുന്നു.
ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടു ചെയ്യേണ്ട കാര്യങ്ങൾ: അനുഭവസമ്പന്നരായ ചികിത്സകരുമായി കൂടിയാലോചിക്കുന്നത് ഉൾപ്പെടെ ശസ്ത്രക്രിയയ്ക്കു മുമ്പ് കാര്യങ്ങൾ നന്നായി ആസൂത്രണം ചെയ്യുന്നത് സങ്കീർണമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതു തടയാൻ ശസ്ത്രക്രിയാ സംഘത്തെ സഹായിക്കും. രക്തസ്രാവം തടയാൻ സത്വര നടപടികൾ കൈക്കൊള്ളേണ്ടത് അത്യന്താപേക്ഷിതമാണ്. 24 മണിക്കൂർ കഴിഞ്ഞിട്ടും രക്തസ്രാവം തടയാൻ കഴിഞ്ഞില്ലെങ്കിൽ രോഗിക്കു മരണം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വലിയ ശസ്ത്രക്രിയകൾ നിരവധി ചെറിയ ശസ്ത്രക്രിയകളായി ഭാഗിക്കുന്നത് മൊത്തത്തിലുണ്ടാകുന്ന രക്തനഷ്ടം വളരെയധികം കുറയ്ക്കും.
[10-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
രക്തരഹിത മാർഗങ്ങൾ—‘ചികിത്സയ്ക്കുള്ള പുതിയ മാനദണ്ഡം’
രക്തരഹിത ചികിത്സയുടെയും ശസ്ത്രക്രിയയുടെയും പ്രയോജനങ്ങളെ കുറിച്ച് പ്രസ്തുത മേഖലയിൽ പ്രാവീണ്യമുള്ള നാലു ഡോക്ടർമാരുമായി ഉണരുക! സംസാരിക്കുകയുണ്ടായി.
മതപരമായ കാരണങ്ങളാൽ രക്തപ്പകർച്ച നിരസിക്കുന്നവരെ കൂടാതെ വേറെ ആരെങ്കിലും രക്തരഹിത ചികിത്സയോടു താത്പര്യം കാട്ടാറുണ്ടോ?
ഡോ. ഷ്പാൻ: സാധാരണഗതിയിൽ നല്ല അറിവുള്ള രോഗികളാണ് ഞങ്ങളുടെ സെന്ററിൽ രക്തരഹിത ചികിത്സ ആവശ്യപ്പെട്ടു വരുന്നത്.
ഡോ. ഷാൻഡർ: 1998-ൽ വ്യക്തിപരമായ കാരണങ്ങളാൽ രക്തം നിരസിച്ച രോഗികളുടെ എണ്ണം മതപരമായ കാരണങ്ങളാൽ രക്തം നിരസിച്ചവരുടെ എണ്ണത്തെക്കാൾ കൂടുതലായിരുന്നു.
ഡോ. ബൊയ്ഡ്: കാൻസർ രോഗികളുടെ കാര്യംതന്നെ എടുക്കാം. രക്തം സ്വീകരിച്ചില്ലെങ്കിൽ അവരുടെ നില കൂടുതൽ വേഗത്തിൽ മെച്ചപ്പെടുന്നതായി പലപ്പോഴും തെളിഞ്ഞിട്ടുണ്ട്. അതുപോലെ രക്തം സ്വീകരിക്കാത്ത കാൻസർ രോഗികൾക്ക് അത് സ്വീകരിക്കുന്നവരുടെ അത്ര കൂടെക്കൂടെ രോഗം തിരിച്ചുവരുന്നുമില്ല.
ഡോ. ഷ്പാൻ: യൂണിവേഴ്സിറ്റി പ്രൊഫസർമാരെയും അവരുടെ കുടുംബാംഗങ്ങളെയും ഞങ്ങൾ മിക്കപ്പോഴും രക്തം കൂടാതെയാണു ചികിത്സിക്കുന്നത്. ശസ്ത്രക്രിയാ വിദഗ്ധർ പോലും രക്തപ്പകർച്ച ഒഴിവാക്കാൻ ഞങ്ങളോട് ആവശ്യപ്പെടാറുണ്ട്! ഒരിക്കൽ ഒരു ശസ്ത്രക്രിയാ വിദഗ്ധന്റെ ഭാര്യയ്ക്ക് ഓപ്പറേഷൻ വേണ്ടിവന്നു. അദ്ദേഹം വന്നു ഞങ്ങളോടു പറഞ്ഞു: “ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അവൾക്കു രക്തം കുത്തിവെക്കരുത്!”
ഡോ. ഷാൻഡർ: എന്റെ അനസ്തേഷ്യ വിഭാഗത്തിലെ ജീവനക്കാർ ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി: ‘രക്തം സ്വീകരിക്കാത്തവരുടെയും സ്വീകരിക്കുന്നവരുടെയും നിലയിൽ വ്യത്യാസമൊന്നും കാണാറില്ല. ഒരുപക്ഷേ രക്തം സ്വീകരിക്കാത്തവരുടെ കാര്യത്തിൽ അതു മെച്ചമായിരിക്കാനേ വഴിയുള്ളൂ. അങ്ങനെയെങ്കിൽ, ചികിത്സയ്ക്ക് രണ്ടു മാനദണ്ഡങ്ങൾ എന്തിനാണ്? രക്തരഹിത ചികിത്സയാണ് ഏറ്റവും നല്ലതെങ്കിൽ എല്ലാവർക്കും നമ്മൾ അതുതന്നെ നിർദേശിക്കണം.’ അതുകൊണ്ട് രക്തരഹിത മാർഗങ്ങൾ, ചികിത്സയ്ക്കുള്ള മാനദണ്ഡം ആയിത്തീരുന്ന ഒരു കാലത്തിനു വേണ്ടി ഞങ്ങൾ ഇപ്പോൾ ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കുകയാണ്.
ഡോ. ഏർൺഷൊ: രക്തരഹിത ശസ്ത്രക്രിയ നിഷ്കർഷിക്കുന്നത് വിശേഷിച്ചും യഹോവയുടെ സാക്ഷികളാണെന്നതു ശരിയാണ്. എന്നാൽ എല്ലാവരുടെയും കാര്യത്തിൽ അതു ബാധകമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
രക്തരഹിത ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ചെലവ് കൂടുതലാണോ അതോ കുറവാണോ?
ഡോ. ഏർൺഷൊ: ചെലവു കുറവാണ്.
ഡോ. ഷാൻഡർ: രക്തരഹിത ചികിത്സയ്ക്കു വരുന്ന ചെലവ് 25 ശതമാനം കുറവാണ്.
ഡോ. ബൊയ്ഡ്: ചെലവു കുറവാണെന്ന ഒറ്റക്കാരണം മതി ഈ ചികിത്സാരീതിതന്നെ തിരഞ്ഞെടുക്കാൻ.
രക്തരഹിത ചികിത്സ നടപ്പാക്കുന്നതിൽ നാം എത്രത്തോളം പുരോഗതി കൈവരിച്ചിട്ടുണ്ട്?
ഡോ. ബൊയ്ഡ്: അത് വളരെയധികം പുരോഗമനോന്മുഖമാണെന്നു ഞാൻ കരുതുന്നു. അതിന്റെ പുരോഗതിക്ക് ഒരു പ്രകാരത്തിലും അവസാനം വന്നെത്തിയിട്ടില്ല. ഓരോ പ്രാവശ്യവും, രക്തം ഉപയോഗിക്കാതിരിക്കാനുള്ള ഏതെങ്കിലും ഒരു നല്ല കാരണം പുതുതായി നാം കണ്ടെത്തുന്നു.
[ചിത്രങ്ങൾ]
ഡോ. പീറ്റർ ഏർൺഷൊ, എഫ്ആർസിഎസ്, കൺസൽറ്റന്റ് ഓർത്തോപീഡിക്ക് സർജൻ, ലണ്ടൻ, ഇംഗ്ലണ്ട്
ഡോ. ഡോനാറ്റ് ആർ. ഷ്പാൻ പ്രൊഫസർ ഓഫ് അനസ്തേഷ്യോളജി, സൂറിച്ച്, സ്വിറ്റ്സർലൻഡ്
ഡോ. ആരിയേ ഷാൻഡർ അസിസ്റ്റന്റ് ക്ലിനിക്കൽ പ്രൊഫസർ ഓഫ് അനസ്തേഷ്യോളജി, യുണൈറ്റഡ് സ്റ്റേറ്റ്സ്
ഡോ. മാർക്ക് ഇ. ബൊയ്ഡ് പ്രൊഫസർ ഓഫ് ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി, കാനഡ
[11-ാം പേജിലെ ചതുരം]
രോഗിക്കു ചെയ്യാൻ കഴിയുന്നത്
▪ അടിയന്തിര സാഹചര്യം സംജാതമാകുന്നതിനു മുമ്പുതന്നെ രക്തം കൂടാതെയുള്ള പകരചികിത്സകളെ കുറിച്ചു നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക. ഗർഭിണികളെയും കൊച്ചു കുട്ടികളുള്ള മാതാപിതാക്കളെയും പ്രായമായവരെയും സംബന്ധിച്ച് ഇതു വിശേഷാൽ പ്രധാനമാണ്.
▪ നിങ്ങളുടെ ആഗ്രഹം എഴുതി വെക്കുക, വിശേഷിച്ചും ഈ ഉദ്ദേശ്യത്തിനായി നിയമപരമായ ഒരു ഫാറം ലഭ്യമാണെങ്കിൽ.
▪ രക്തം കൂടാതെ നിങ്ങളെ ചികിത്സിക്കാൻ ഒരു ഡോക്ടർ സന്നദ്ധനല്ലെങ്കിൽ നിങ്ങളുടെ ആഗ്രഹത്തെ മാനിക്കുന്ന ഒരു ഡോക്ടറെ കണ്ടുപിടിക്കുക.
▪ രക്തത്തിനു പകരമുള്ള ചില ചികിത്സോപാധികൾ ഉദ്ദേശിച്ച ഫലം ഉളവാക്കാൻ സമയമെടുക്കും എന്നതുകൊണ്ട് ശസ്ത്രക്രിയ ആവശ്യമാണെന്നു മനസ്സിലായാൽ ചികിത്സ വൈകിക്കരുത്.