വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലാ ബാംബൂസെറെയ്‌—പൂവണിഞ്ഞ ഒരു സ്വപ്‌നം

ലാ ബാംബൂസെറെയ്‌—പൂവണിഞ്ഞ ഒരു സ്വപ്‌നം

ലാ ബാംബൂ​സെ​റെയ്‌പൂവണിഞ്ഞ ഒരു സ്വപ്‌നം

ഫ്രാൻസിലെ ഉണരുക! ലേഖകൻ

ഏകദേശം 150 വർഷം മുമ്പ്‌ ദക്ഷിണ ഫ്രാൻസിൽ, ഏഷ്യയിൽ നിന്നു സുഗന്ധ​വ്യ​ഞ്‌ജ​നങ്ങൾ ഇറക്കു​മതി ചെയ്‌തി​രുന്ന യൂജീൻ മേസൽ എന്ന വ്യക്തി ഒരു മുള-നഴ്‌സറി നിർമാ​ണ​ത്തി​നു തുടക്ക​മി​ട്ടു. അതാണ്‌ പിന്നീട്‌ ലോക​ത്തി​ലെ ഏറ്റവും വലിയ മുള-നഴ്‌സറി ആയിത്തീർന്നത്‌. ബഹുമു​ഖോ​പ​യോ​ഗ​മുള്ള, ത്വരി​ത​ഗ​തി​യിൽ വളരുന്ന, പുല്ലു​വർഗ​ത്തിൽപ്പെട്ട ഈ സസ്യത്തി​ന്റെ 200 വ്യത്യസ്‌ത ഇനങ്ങൾ ഈ നഴ്‌സ​റി​യി​ലുണ്ട്‌. എന്നാൽ, 1855 വരെ നഴ്‌സറി നിർമാ​ണം എന്ന മേസലി​ന്റെ അഭിലാ​ഷ​ത്തിന്‌ മുന്നിൽ ഒരു കൂറ്റൻ വിലങ്ങു​തടി ഉണ്ടായി​രു​ന്നു. യൂറോ​പ്പിൽ ഒരിട​ത്തും മുളയില്ല എന്നതാ​യി​രു​ന്നു പ്രശ്‌നം.

ഏഷ്യയിൽ നിന്ന്‌ ഈ പുല്ല്‌ ഇറക്കു​മതി ചെയ്യാ​നുള്ള ശ്രമങ്ങ​ളെ​ല്ലാം വിഫല​മാ​യി. കാരണം, സ്വാഭാ​വിക പരിസ്ഥി​തി​യിൽ കരുത്തു​റ്റ​താ​ണെ​ങ്കി​ലും (ചില ഇനങ്ങൾക്ക്‌ -24 ഡിഗ്രി സെൽഷ്യസ്‌ ഊഷ്‌മാ​വിൽ പോലും അതിജീ​വി​ക്കാ​നും 1,600 അടി ഉയരത്തിൽ പോലും വളരാ​നും കഴിയും) ഭൂഖണ്ഡങ്ങൾ താണ്ടി​യുള്ള ദീർഘ​മായ യാത്ര​യിൽ അവ വാടി​പ്പോ​കാ​തെ സൂക്ഷി​ക്കുക അസാധ്യ​മാ​യി​രു​ന്നു. എങ്കിലും, വേഗ​മേ​റിയ കപ്പലുകൾ രംഗ​ത്തെ​ത്തി​യ​തോ​ടെ, 1827-ൽ മുളയു​ടെ സാമ്പി​ളു​കൾ ഇംഗ്ലണ്ടി​ലേ​ക്കും പിന്നീട്‌ ഫ്രാൻസി​ലേ​ക്കും വിജയ​പ്ര​ദ​മാ​യി ഇറക്കു​മതി ചെയ്യാൻ സാധിച്ചു. അങ്ങനെ, മേസലി​ന്റെ സ്വപ്‌നം യാഥാർഥ്യ​ത്തോട്‌ ഒരു ചുവടു​കൂ​ടെ അടുത്തു!

മേസൽ നേരിട്ട അടുത്ത വെല്ലു​വി​ളി നഴ്‌സ​റിക്ക്‌ അനു​യോ​ജ്യ​മായ ഒരു സ്ഥാനം കണ്ടുപി​ടി​ക്കുക എന്നതാ​യി​രു​ന്നു. 1855-ൽ അദ്ദേഹം ദക്ഷിണ ഫ്രാൻസി​ലെ ആൻഡൂ​സി​ന​ടുത്ത്‌ 84 ഏക്കർ സ്ഥലം വാങ്ങി. മധ്യധ​ര​ണ്യാ​ഴി​യു​ടെ അടുത്താ​യി​രു​ന്ന​തി​നാൽ അവിടത്തെ കാലാവസ്ഥ നല്ലതാ​യി​രു​ന്നു. മണ്ണാകട്ടെ കൃഷിക്കു പറ്റിയ​തും. അടുത്തു​ണ്ടാ​യി​രുന്ന നദിയി​ലെ വെള്ളം കൃഷി​സ്ഥ​ല​ത്തേക്കു തിരി​ച്ചു​വി​ടു​ന്ന​തി​നു വളരെ​യേറെ പ്രയത്‌നം ആവശ്യ​മാ​യി വന്നു. എന്നിരു​ന്നാ​ലും മേസലി​ന്റെ കഠിന​ശ്രമം ഒടുവിൽ വിജയ​തീ​ര​മ​ണഞ്ഞു.

എന്നാൽ സങ്കടക​ര​മെന്നു പറയട്ടെ, 1890 ആയപ്പോ​ഴേ​ക്കും മേസൽ പാപ്പരാ​യി. പൊന്നു​പോ​ലെ കാത്തു​സൂ​ക്ഷിച്ച തന്റെ പ്രിയ​പ്പെട്ട തോട്ടം വിൽക്കു​ക​യ​ല്ലാ​തെ അദ്ദേഹ​ത്തി​നു വേറെ മാർഗ​മി​ല്ലാ​യി​രു​ന്നു. എങ്കിലും അദ്ദേഹം നിറു​ത്തി​വെച്ച പണി മറ്റുള്ളവർ പൂർത്തീ​ക​രി​ച്ചു എന്നത്‌ സന്തോ​ഷ​ത്തി​നു വക നൽകുന്നു. അതിന്റെ ഫലമായി, ഇപ്പോൾ ഓരോ വർഷവും ഏതാണ്ട്‌ 3,50,000 പേർ ലാ ബാംബൂ​സെ​റെയ്‌ സന്ദർശി​ക്കാൻ എത്തുന്നുണ്ട്‌—അങ്ങനെ മേസലി​ന്റെ സ്വപ്‌നം പൂവണി​ഞ്ഞി​രി​ക്കു​ന്നു.

[31-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

എല്ലാ ചിത്രങ്ങളും: La Bambouseraie de Prafrance