വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

പൊണ്ണ​ത്ത​ടി​യു​ടെ അപകടങ്ങൾ

“യൂറോ​പ്പി​ലെ​ങ്ങും വ്യാപി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന പൊണ്ണ​ത്ത​ടി​യെന്ന പ്രശ്‌ന”ത്തിന്റെ ഫലമായി പ്രമേഹം, ഹൃ​ദ്രോ​ഗം, മറ്റു രോഗങ്ങൾ എന്നിവ​യിൽ നാടകീ​യ​മായ ഒരു വർധനവ്‌ ഉണ്ടാകു​മെന്നു പ്രവചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി ലണ്ടനിലെ ദി ഇൻഡി​പെൻഡന്റ്‌ റിപ്പോർട്ടു ചെയ്യുന്നു. ഇറ്റലി​യി​ലെ മിലാ​നിൽ നടന്ന, 26 രാജ്യ​ങ്ങ​ളിൽ നിന്നുള്ള വൈദ്യ​ശാ​സ്‌ത്ര വിദഗ്‌ധർ പങ്കെടുത്ത ഒരു യോഗ​ത്തിൽ സംസാ​രി​ക്കവെ ഇന്റർനാ​ഷണൽ ഒബീസി​റ്റി ടാസ്‌ക്‌ ഫോഴ്‌സി​ന്റെ ചെയർമാൻ ഇങ്ങനെ പറയു​ക​യു​ണ്ടാ​യി: “ഇത്‌ ഒരു ആഗോള പ്രതി​സ​ന്ധി​യാണ്‌. ഈ ഗുരുതര രോഗ​ത്തി​ന്റെ നിശ്ശബ്ദ വ്യാപ​ന​ത്തി​നും അതിന്റെ ഫലമായി കുതി​ച്ചു​യ​രുന്ന ആരോഗ്യ സംബന്ധ​മായ ചെലവു​കൾക്കും തടയി​ടാൻ സത്വര നടപടി​കൾ കൈ​ക്കൊ​ള്ളേ​ണ്ട​തുണ്ട്‌. അല്ലാത്ത​പക്ഷം നാം ഒരു ആരോഗ്യ വിപത്തി​നെ​ത്തന്നെ നേരി​ടേണ്ടി വരും.” എല്ലാ യൂറോ​പ്യൻ രാജ്യ​ങ്ങ​ളും ഇതിൽ ഉൾപ്പെ​ട്ടി​ട്ടുണ്ട്‌. ചില പ്രദേ​ശ​ങ്ങ​ളിൽ ജനസം​ഖ്യ​യു​ടെ 40 മുതൽ 50 വരെ ശതമാനം ഇതിനാൽ ബാധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. 1980 മുതലുള്ള കാലയ​ള​വിൽ, ഇംഗ്ലണ്ടി​ലെ പൊണ്ണ​ത്ത​ടി​യുള്ള സ്‌ത്രീ​ക​ളു​ടെ നിരക്ക്‌ 8 ശതമാ​ന​ത്തിൽ നിന്ന്‌ 20 ശതമാ​ന​മാ​യും പുരു​ഷ​ന്മാ​രു​ടേത്‌ 6 ശതമാ​ന​ത്തിൽ നിന്നു 17 ശതമാ​ന​മാ​യും ഉയർന്നി​രി​ക്കു​ന്നു. മെയ്യന​ങ്ങാ​തെ​യുള്ള ജീവിത ശൈലി​യും കൊഴുപ്പ്‌ അമിത​മാ​യുള്ള ആഹാര​വും—സമ്പദ്‌സ​മൃ​ദ്ധി​യി​ലെ വർധന​വു​മാ​യി രണ്ടിനും ബന്ധമുണ്ട്‌—ഇതിനുള്ള കാരണ​ങ്ങ​ളിൽ പെടു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു. അമിത​തൂ​ക്ക​മുള്ള കുട്ടി​ക​ളു​ടെ എണ്ണത്തിലെ വർധന​വാണ്‌ ഏറ്റവും ഉത്‌ക​ണ്‌ഠാ​ജ​നകം. ‘പൊണ്ണ​ത്ത​ടി​യെ കുറിച്ചു പഠിക്കു​ന്ന​തി​നാ​യുള്ള യൂറോ​പ്യൻ സമിതി’യുടെ പ്രസി​ഡ​ന്റായ പ്രൊ​ഫസർ യാപ്പ്‌ സൈഡെൽ പറയു​ന്ന​ത​നു​സ​രിച്ച്‌ “വരും തലമു​റ​യു​ടെ വലി​യൊ​രു പങ്കും ഇളം​പ്രാ​യ​ത്തിൽത്തന്നെ പൊണ്ണ​ത്ത​ടി​യും അമിത​തൂ​ക്ക​വും ഉള്ളവരാ​യി തീരു​മെ​ന്ന​തി​ന്റെ സൂചന​ക​ളാണ്‌ കാണു​ന്നത്‌.”

ആഗോ​ള​വ​ത്‌ക​ര​ണ​ത്തി​ന്റെ ദൂഷ്യ​വ​ശം

സമ്പദ്‌വ്യ​വ​സ്ഥ​യു​ടെ ആഗോ​ള​വ​ത്‌ക​രണം അനേകം ആളുകൾക്ക്‌ കൂടുതൽ അവസരങ്ങൾ പ്രദാനം ചെയ്യുന്ന ഒരു ആഗോള വാണിജ്യ മേഖല സൃഷ്ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അതോ​ടൊ​പ്പം അപകട​സാ​ധ്യ​ത​ക​ളും വർധി​ക്കു​ക​യാണ്‌ എന്ന്‌ ബ്രിട്ടീഷ്‌ വർത്തമാ​ന​പ​ത്ര​മായ ദ ഗാർഡി​യൻ റിപ്പോർട്ടു ചെയ്യുന്നു. ആഗോള സമ്പദ്‌വ്യ​വ​സ്ഥ​യിൻ കീഴിൽ, രാഷ്‌ട്ര​ങ്ങൾക്ക്‌ ഇടയി​ലുള്ള പരസ്‌പര ആശ്രയ​ത്വ​ത്തി​ന്റെ ഫലമായി പ്രത്യ​ക്ഷ​ത്തിൽ ഒറ്റപ്പെട്ട ഒരു സംഭവ​ത്തി​നു പോലും—1997-ൽ തായ്‌ലൻഡി​ലെ നാണയ​മായ ബാറ്റിന്റെ മൂല്യം കുറഞ്ഞതു പോലുള്ള ഒന്ന്‌—ലോക​വ്യാ​പ​ക​മായ സാമ്പത്തിക സംഭ്രാ​ന്തി​ക്കു തിരി​കൊ​ളു​ത്താൻ കഴിയും. ദ ഗാർഡി​യൻ ഇപ്രകാ​രം പറയുന്നു: “മുപ്പതു വർഷം മുമ്പ്‌ ലോക​ത്തി​ലെ ഏറ്റവും ധനിക​രായ അഞ്ചി​ലൊ​ന്നി​ന്റെ​യും ഏറ്റവും ദരി​ദ്ര​രായ അഞ്ചി​ലൊ​ന്നി​ന്റെ​യും സാമ്പത്തി​ക​സ്ഥി​തി​യു​ടെ അനുപാ​തം 30:1 ആയിരു​ന്നു. 1990 ആയപ്പോ​ഴേ​ക്കും അത്‌ 60:1 ആയി. 74:1 എന്നതാണ്‌ ഇപ്പോ​ഴത്തെ നില. . . . ആഗോ​ള​വ​ത്‌ക​രണം ഏറ്റവും അധികം പ്രയോ​ജനം ചെയ്‌തി​രി​ക്കു​ന്നത്‌ കുറ്റവാ​ളി​കൾക്കാണ്‌. അവർ ഇപ്പോൾ മയക്കു​മ​രു​ന്നു​കൾ, ആയുധങ്ങൾ, പെൺവാ​ണി​ഭം എന്നിവ​യ്‌ക്കാ​യി ഈ ആഗോള വാണിജ്യ മേഖലയെ ചൂഷണം ചെയ്യു​ക​യാണ്‌.”

നിങ്ങൾക്കു ജലദോ​ഷം വരുന്നത്‌ ഒഴിവാ​ക്കാ​നാ​കു​മോ?

ജലദോ​ഷം പൂർണ​മാ​യും ഒഴിവാ​ക്കാൻ നിങ്ങൾക്ക്‌ ആകി​ല്ലെ​ങ്കി​ലും സ്വീക​രി​ക്കാൻ കഴിയുന്ന ചില മുൻക​രു​ത​ലു​കൾ ഉണ്ടെന്ന്‌ ദ ന്യൂ​യോർക്ക്‌ ടൈംസ്‌ പറയുന്നു. അവയിൽ ഏറ്റവും പ്രധാ​ന​പ്പെട്ട ചിലതു താഴെ കൊടു​ത്തി​രി​ക്കു​ന്നു: ആൾക്കൂ​ട്ട​ങ്ങളെ കഴിയു​ന്നി​ട​ത്തോ​ളം ഒഴിവാ​ക്കു​ക​യും ജലദോ​ഷം ഉള്ളവർക്കു കൈ കൊടു​ക്കാ​തി​രി​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്യുക. കൂടാതെ, കണ്ണും മൂക്കും തിരു​മ്മാ​തി​രി​ക്കുക, കൈ കൂടെ​ക്കൂ​ടെ കഴുകുക. ഇത്തരം മുൻക​രു​ത​ലു​കൾ സഹായ​ക​മാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ പലപ്പോ​ഴും കൈയി​ലൂ​ടെ​യാണ്‌ ജലദോ​ഷ​ത്തി​നു കാരണ​മായ വൈറ​സു​കൾ കണ്ണി​ലെ​യും മൂക്കി​ലെ​യും ലോല​മായ സ്‌തര​ങ്ങ​ളിൽ എത്തി​ച്ചേ​രു​ന്നത്‌. ഒരു പ്രതല​ത്തി​ലോ കൈയി​ലോ ഉള്ള ജലദോഷ വൈറ​സു​കൾ മണിക്കൂ​റു​ക​ളോ​ളം സജീവ​മാ​യി​രു​ന്നേ​ക്കാം. ജലദോ​ഷ​മുള്ള ഒരു വ്യക്തിക്ക്‌ രോഗ​ല​ക്ഷ​ണങ്ങൾ കണ്ടുതു​ട​ങ്ങു​ന്ന​തിന്‌ മുമ്പും അവ അപ്രത്യ​ക്ഷ​മാ​യ​തി​നു ശേഷവും കുറച്ചു സമയ​ത്തേക്ക്‌ ജലദോ​ഷം മറ്റുള്ള​വ​രി​ലേക്കു പകരു​ന്ന​തിന്‌ ഇടയാ​ക്കാൻ കഴിയും. സമീകൃത ആഹാരം കഴിക്കു​ന്ന​തും കുട്ടികൾ അടുത്തു​ള്ള​പ്പോൾ പ്രത്യേ​കിച്ച്‌ ശ്രദ്ധി​ക്കു​ന്ന​തും മുൻക​രു​ത​ലു​ക​ളിൽ പെടുന്നു. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ കുട്ടി​കൾക്ക്‌ വർഷത്തിൽ അഞ്ചു മുതൽ എട്ടു വരെ പ്രാവ​ശ്യം ജലദോ​ഷം വരാറുണ്ട്‌!

ആഫ്രി​ക്ക​ക്കാ​രു​ടെ മാനസി​കാ​രോ​ഗ്യം

ദക്ഷിണാ​ഫ്രി​ക്കൻ വർത്തമാ​ന​പ​ത്ര​മായ ദ സ്റ്റാർ റിപ്പോർട്ടു ചെയ്യു​ന്ന​ത​നു​സ​രിച്ച്‌ “സഹാറ​യ്‌ക്കു തെക്കുള്ള ആഫ്രിക്കൻ രാജ്യ​ങ്ങ​ളി​ലെ 60 കോടി ജനങ്ങളിൽ പത്തു കോടി​യും മാനസിക തകരാ​റു​കൾ ഉള്ളവരാ​ണെന്ന്‌ കണക്കുകൾ കാണി​ക്കു​ന്നു.” ഞെട്ടി​ക്കുന്ന ഈ സംഖ്യക്കു പിന്നിലെ മുഖ്യ ഘടകങ്ങൾ യുദ്ധവും ദാരി​ദ്ര്യ​വു​മാണ്‌ എന്ന്‌ ലോക ആരോ​ഗ്യ​സം​ഘടന അഭി​പ്രാ​യ​പ്പെ​ടു​ന്നു. കൂട്ടു​കു​ടും​ബ​ത്തിൽ നിന്നുള്ള പിന്തുണ കുറഞ്ഞു​വ​രു​ന്ന​താണ്‌ മറ്റൊരു ഘടകം. നൈജീ​രി​യ​യി​ലെ പ്രൊ​ഫസർ മൈക്കൽ ഓലാ​ട്ടാ​വൂര പറയു​ന്ന​ത​നു​സ​രിച്ച്‌ ഈ “പരമ്പരാ​ഗത ആഫ്രിക്കൻ സുരക്ഷാ വല” പാശ്ചാത്യ മൂല്യ​ങ്ങ​ളു​ടെ​യും മയക്കു​മ​രു​ന്നു ദുരു​പ​യോ​ഗ​ത്തി​ന്റെ​യും ആഭ്യന്തര കലാപ​ത്തി​ന്റെ​യും ഫലമായി ദ്രവി​ച്ചു​വ​രി​ക​യാണ്‌. കുടും​ബാം​ഗങ്ങൾ തൊഴിൽ തേടി ദൂരദി​ക്കു​ക​ളി​ലേക്കു പോകു​ന്ന​തും ഒരു കാരണ​മാണ്‌. “ആഫ്രിക്കൻ ഗവൺമെ​ന്റു​കൾ നേരി​ടുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ ആരോ​ഗ്യ​ത്തി​നു വേണ്ടവി​ധ​ത്തിൽ ശ്രദ്ധ നൽകു​ന്ന​തി​നു വിലങ്ങു​ത​ടി​യാ​കു​ക​യാണ്‌,” പ്രൊ​ഫസർ ഓലാ​ട്ടാ​വൂര പറയുന്നു.

യുദ്ധ പരവതാ​നി​കൾ

മെക്‌സി​ക്കോ നഗരത്തി​ലെ ദ ന്യൂസ്‌ റിപ്പോർട്ടു ചെയ്യു​ന്ന​ത​നു​സ​രിച്ച്‌ യുദ്ധത്തി​ന്റെ കൊടും ഭീകര​തകൾ അഫ്‌ഗാ​നി​സ്ഥാ​നിൽ അസാധാ​ര​ണ​മായ ഒരു കലാ രൂപത്തി​ലൂ​ടെ ചിത്രീ​ക​രി​ക്ക​പ്പെ​ടു​ക​യാണ്‌. കഴിഞ്ഞ 20 വർഷമാ​യി അഫ്‌ഗാ​നി​സ്ഥാ​നി​ലെ നെയ്‌ത്തു​കാർ തങ്ങളുടെ പ്രസി​ദ്ധ​മായ പരവതാ​നി​ക​ളിൽ യുദ്ധോ​പ​ക​ര​ണ​ങ്ങ​ളു​ടെ ചിത്രങ്ങൾ നെയ്‌തു​പി​ടി​പ്പി​ച്ചി​രി​ക്കു​ന്നു. പരമ്പരാ​ഗത ചിത്ര​ങ്ങ​ളായ പക്ഷികൾ, മസ്‌ജി​ദു​കൾ, പുഷ്‌പങ്ങൾ എന്നിവ​യോ​ടൊ​പ്പം യന്ത്ര​ത്തോ​ക്കു​ക​ളു​ടെ​യും കൈ​ബോം​ബു​ക​ളു​ടെ​യും ആയുധ​സ​ജ്ജ​മായ ടാങ്കു​ക​ളു​ടെ​യും ചിത്ര​ങ്ങ​ളും അവയിൽ സ്ഥാനം പിടി​ച്ചി​രി​ക്കു​ന്നു. യുദ്ധോ​പ​ക​ര​ണ​ങ്ങ​ളു​ടെ ചിത്രങ്ങൾ എല്ലായ്‌പോ​ഴും ഒറ്റനോ​ട്ട​ത്തിൽ ശ്രദ്ധി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും പലപ്പോ​ഴും “ഒരു എകെ-47 തോക്കും എകെ-74 തോക്കും തമ്മിൽ വേർതി​രി​ച്ച​റി​യാൻ” സാധി​ക്കത്തക്ക വിധം “അവയിലെ ചിത്രങ്ങൾ അത്രയ്‌ക്കു കൃത്യത” ഉള്ളതാ​ണെന്ന്‌ ഈ രംഗത്തെ ഒരു വിദഗ്‌ധ​നായ ബാറി ഓകോ​ണൽ പറയുന്നു. നെയ്‌ത്തു​കാ​രിൽ ഭൂരി​പ​ക്ഷ​വും യുദ്ധ​ക്കെ​ടു​തി​കൾക്ക്‌ ഇരകളായ സ്‌ത്രീ​ക​ളാ​ണെന്നു പറയ​പ്പെ​ടു​ന്നു. തങ്ങളുടെ വികാ​രങ്ങൾ പ്രകടി​പ്പി​ക്കാ​നുള്ള ഒരു മാർഗ​മാ​യാണ്‌ അവർ ഈ അസാധാ​രണ പരവതാ​നി​ക​ളു​ടെ നെയ്‌ത്തി​നെ കണക്കാ​ക്കു​ന്നത്‌.

മലിന​മായ മഴവെള്ളം

യൂറോ​പ്പി​ന്റെ ചില ഭാഗങ്ങ​ളിൽ മഴവെ​ള്ള​ത്തിൽ ഉയർന്ന അളവിൽ കീടനാ​ശി​നി​കൾ ലയിച്ചി​രി​ക്കു​ന്ന​തി​നാൽ അതു കുടി​ക്കാൻ കൊള്ളില്ല എന്ന്‌ ന്യൂ സയന്റിസ്റ്റ്‌ മാസിക റിപ്പോർട്ടു ചെയ്യുന്നു. മഴ കോരി​ച്ചൊ​രി​യാൻ തുടങ്ങി ഏതാനും മിനി​ട്ടു​കൾക്കു​ള്ളിൽ എടുക്കുന്ന മഴവെള്ള സാമ്പി​ളു​ക​ളി​ലെ കീടനാ​ശി​നി​ക​ളു​ടെ അളവു പലപ്പോ​ഴും യൂറോ​പ്യൻ യൂണി​യ​നും സ്വിറ്റ്‌സർലൻഡ്‌ ഗവൺമെ​ന്റും വെച്ചി​രി​ക്കുന്ന സുരക്ഷാ പരിധി​യെ​ക്കാൾ വളരെ കൂടു​ത​ലാ​ണെന്ന്‌ സ്വിറ്റ്‌സർലൻഡി​ലെ രസത​ന്ത്രജ്ഞർ കണ്ടെത്തി​യി​രി​ക്കു​ന്നു. വിളകൾക്ക്‌ അടിക്കുന്ന കീടനാ​ശി​നി​ക​ളാണ്‌ ഇതിനു കാരണം. നീണ്ട വേനലി​നു ശേഷമുള്ള പുതു​മ​ഴ​യി​ലാണ്‌ ഈ വിഷരാ​സ​വ​സ്‌തു​ക്കൾ ഏറ്റവും കൂടുതൽ ഉള്ളത്‌. ഒരു തരം കാൻസ​റായ നോൺ-ഹോജ്‌കിൻസ്‌ ലിം​ഫോ​മ​യു​ടെ നിരക്കിൽ ഉണ്ടായി​ക്കൊ​ണ്ടി​രി​ക്കുന്ന ശീഘ്ര വർധന​വി​നെ സ്വീഡിഷ്‌ ഗവേഷകർ വിളകൾക്ക്‌ അടിക്കുന്ന വിവി​ധ​യി​നം കീടനാ​ശി​നി​ക​ളു​ടെ വ്യാപ​ക​മായ ഉപയോ​ഗ​വു​മാ​യി ബന്ധപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അതു​പോ​ലെ, മേൽക്കൂ​ര​ക​ളിൽ പാഴ്‌ചെ​ടി​കൾ വളരു​ന്നത്‌ തടയു​ന്ന​തി​നാ​യി ഉപയോ​ഗി​ക്കുന്ന രാസവ​സ്‌തു​ക്കൾ കെട്ടി​ട​ങ്ങ​ളു​ടെ മുകളി​ലൂ​ടെ ഒലിച്ചി​റ​ങ്ങുന്ന മഴവെ​ള്ളത്തെ മലിനീ​ക​രി​ക്കു​ന്നു.

കൃഷി​യു​മാ​യി ബന്ധപ്പെട്ട മരണങ്ങൾ

ഓരോ ആഴ്‌ച​യി​ലും ബ്രിട്ട​നി​ലെ കൃഷി​യി​ട​ങ്ങ​ളിൽ ഒന്നില​ധി​കം വ്യക്തികൾ കൊല്ല​പ്പെ​ടു​ന്നു. അങ്ങനെ കൃഷി, രാജ്യത്തെ ഏറ്റവും അപകട​ക​ര​മായ തൊഴി​ലു​ക​ളിൽ ഒന്നായി​ത്തീർന്നി​രി​ക്കു​ന്നു എന്ന്‌ ലണ്ടനിലെ ദ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. 1998-ൽ, ട്രാക്ട​റി​ന്റെ ചക്രങ്ങൾക്ക​ടി​യിൽ പെട്ട്‌ ചതഞ്ഞരഞ്ഞ നാലു വയസ്സുള്ള ഒരു കുട്ടി​യാ​യി​രു​ന്നു ഏറ്റവും പ്രായം കുറഞ്ഞ ബലിയാട്‌. ചെരി​വു​ക​ളിൽ വെച്ച്‌ ട്രാക്ടർ മറിഞ്ഞതു നിമിത്തം വേറെ ഏഴു മരണങ്ങൾ സംഭവി​ച്ചു. അപകട​സാ​ധ്യ​ത​യുള്ള എന്തെങ്കി​ലും ചെയ്യു​ന്ന​തി​നു മുമ്പ്‌ രണ്ടുവട്ടം ചിന്തി​ക്കാ​നും കയറ്റത്തിൽ ട്രാക്ടർ ഓടി​ക്കു​ന്ന​തി​നു മുമ്പ്‌ സ്ഥിതി​ഗ​തി​ക​ളെ​ല്ലാം പരി​ശോ​ധിച്ച്‌ കുഴപ്പ​മൊ​ന്നു​മി​ല്ലെന്ന്‌ ഉറപ്പു​വ​രു​ത്താ​നും ഇപ്പോൾ കർഷകർക്കു മുന്നറി​യി​പ്പു നൽകി​വ​രു​ന്നു. ഹെൽത്ത്‌ ആൻഡ്‌ സേഫ്‌റ്റി എക്‌സി​ക്യൂ​ട്ടി​വി​ന്റെ മുഖ്യ കാർഷിക ഇൻസ്‌പെ​ക്ട​റായ ഡേവിഡ്‌ മാറ്റി ഇങ്ങനെ പറഞ്ഞു: “കുറച്ചു സമയ​മെ​ടുത്ത്‌, ചെയ്യാൻ പോകുന്ന ജോലി​യെ​പ്പറ്റി ചിന്തി​ക്കു​ക​യും അൽപ്പം വ്യത്യ​സ്‌ത​മായ ഒരു വിധത്തിൽ അതു ചെയ്യു​ക​യും ചെയ്‌തി​രു​ന്നെ​ങ്കിൽ ഈ ദാരു​ണ​സം​ഭ​വ​ങ്ങ​ളിൽ മിക്കതും ഒഴിവാ​ക്കാ​വു​ന്നതേ ഉണ്ടായി​രു​ന്നു​ള്ളൂ.”

അസാധാ​ര​ണ​മായ ഊർജ​സ്രോ​ത​സ്സു​കൾ

◼ ന്യൂ കാലി​ഡോ​ണി​യ​യി​ലെ ഊവേയാ ദ്വീപിൽ പെ​ട്രോ​ളി​യം ഇല്ല. എങ്കിലും, അവിടെ വൈദ്യു​തി ഉത്‌പാ​ദി​പ്പി​ക്കാൻ വെളി​ച്ചെണ്ണ ഉപയോ​ഗി​ച്ചു വരിക​യാണ്‌ എന്ന്‌ ഫ്രഞ്ച്‌ മാസി​ക​യായ സ്യാൻസ്‌ ഏ ആവെനിർ റിപ്പോർട്ടു ചെയ്യുന്നു. ഫ്രഞ്ചു​കാ​ര​നായ അലാൻ ലിയനാർ എന്ന എൻജി​നീ​യർ 18 വർഷത്തെ ശ്രമഫ​ല​മാ​യി വെളി​ച്ചെണ്ണ ഉപയോ​ഗി​ച്ചു പ്രവർത്തി​ക്കുന്ന ഒരു എഞ്ചിൻ വികസി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ന്നു. ഈ എഞ്ചിൻ ഒരു ജനറേ​റ്റ​റി​നെ പ്രവർത്തി​പ്പി​ക്കു​ന്നു. ജനറേ​റ്റ​റാ​കട്ടെ, ദ്വീപി​ലെ 235 കുടും​ബ​ങ്ങൾക്ക്‌ കുടി​വെള്ളം പ്രദാനം ചെയ്യുന്ന വിലവ​ണീ​കരണ (ഉപ്പു നീക്കം ചെയ്യൽ) നിലയ​ത്തി​ന്റെ പ്രവർത്ത​ന​ത്തിന്‌ ആവശ്യ​മായ വൈദ്യു​തോർജം ഉത്‌പാ​ദി​പ്പി​ക്കു​ന്നു. 165-കിലോ​വാട്ട്‌ ശേഷി​യുള്ള ഇത്‌ ഊർജോ​ത്‌പാ​ദ​ന​ത്തി​ന്റെ​യും ഇന്ധന ഉപഭോ​ഗ​ത്തി​ന്റെ​യും കാര്യ​ത്തിൽ ഡീസൽ എഞ്ചിനു​ക​ളോ​ടു കിടപി​ടി​ക്കു​മെന്ന്‌ ലിയനാർ പറയുന്നു.

◼ അതേസ​മയം, ഇന്ത്യൻ സംസ്ഥാ​ന​മായ ഗുജറാ​ത്തി​ലെ കലാലി ഗ്രാമ​ത്തിൽ നടത്തിയ ഒരു പരീക്ഷ​ണ​ത്തിൽ കാളയു​ടെ കരുത്തു പ്രയോ​ജ​ന​പ്പെ​ടു​ത്തി​ക്കൊണ്ട്‌ വൈദ്യു​തി ഉത്‌പാ​ദി​പ്പി​ച്ചി​രി​ക്കു​ന്നു. ഒരു ശാസ്‌ത്ര​ജ്ഞ​നും അദ്ദേഹ​ത്തി​ന്റെ മരുമ​ക​ളും വൈദ്യു​തി ഉത്‌പാ​ദി​പ്പി​ക്കു​ന്ന​തി​നുള്ള ഒരു പുതിയ ആശയവു​മാ​യി രംഗ​ത്തെ​ത്തി​യി​രി​ക്കു​ന്നു എന്ന്‌ ന്യൂ ഡൽഹി​യിൽ നിന്നു പ്രസി​ദ്ധീ​ക​രി​ക്കുന്ന ഡൗൺ ടു എർത്ത്‌ എന്ന മാസിക റിപ്പോർട്ടു ചെയ്യുന്നു. നാലു കാളകൾ തിരി​ക്കുന്ന ഒരു ഷാഫ്‌റ്റ്‌—ഇത്‌ ഒരു ഗിയർബോ​ക്‌സു​മാ​യി ബന്ധിച്ചി​രി​ക്കു​ന്നു—ഒരു ചെറിയ ജനറേ​റ്റ​റി​നെ പ്രവർത്തി​പ്പി​ക്കു​ന്നു. ജനറേറ്റർ ബാറ്ററി​ക​ളു​മാ​യി ബന്ധിച്ചി​രി​ക്കു​ന്നു. ഈ ബാറ്ററി​ക​ളിൽനി​ന്നുള്ള വൈദ്യു​തി ഉപയോ​ഗിച്ച്‌ വെള്ളം പമ്പ്‌ ചെയ്യുന്ന ഒരു മോട്ട​റും ധാന്യങ്ങൾ പൊടി​ക്കുന്ന ഒരു യന്ത്രവും പ്രവർത്തി​ക്കു​ന്നു. ഒരു യൂണിറ്റ്‌ വൈദ്യു​തി, ഒരു വിൻഡ്‌മി​ല്ലി​ന്റെ സഹായ​ത്താൽ ഉത്‌പാ​ദി​പ്പി​ക്കു​മ്പോൾ 40 രൂപയും സോളാർ പാനൽ ഉപയോ​ഗിച്ച്‌ ഉത്‌പാ​ദി​പ്പി​ക്കു​മ്പോൾ 960 രൂപയും ആണു ചെലവ്‌. എന്നാൽ ഈ പുതിയ രീതി​യിൽ ഒരു യൂണിറ്റ്‌ വൈദ്യു​തി ഉത്‌പാ​ദി​പ്പി​ക്കു​ന്ന​തി​ന്റെ ചെലവാ​കട്ടെ ഏതാണ്ട്‌ നാലു രൂപ മാത്ര​മാ​ണെന്ന്‌ ഡൗൺ ടു എർത്ത്‌ പറയുന്നു. എന്നിരു​ന്നാ​ലും വർഷത്തിൽ മൂന്നു മാസം, പാടത്തു പണി​യെ​ടു​ക്കാൻ ഗ്രാമീ​ണർക്കു കാളകളെ ആവശ്യ​മു​ള്ള​തി​നാൽ അവയെ കിട്ടാത്ത സമയത്തെ ഉപയോ​ഗ​ത്തി​നാ​യി ഊർജം ശേഖരി​ച്ചു​വെ​ക്കാ​നുള്ള ഫലപ്ര​ദ​മായ ഒരു മാർഗം അന്വേ​ഷി​ച്ചു കൊണ്ടി​രി​ക്കു​ക​യാ​ണു നിർമാ​താ​ക്കൾ.

വിവേ​ക​പൂർവം ഭക്ഷണം കഴിക്കൽ

സാധാ​ര​ണ​ഗ​തി​യിൽ, 10-നും 14-നും ഇടയ്‌ക്കുള്ള പ്രായ​ത്തിൽ പെൺകു​ട്ടി​കൾക്ക്‌ 25 സെന്റി​മീ​റ്റർ പൊക്കം വെക്കു​ക​യും 18 മുതൽ 22 വരെ കിലോ​ഗ്രാം തൂക്കം വർധി​ക്കു​ക​യും ചെയ്യുന്നു. അതു​പോ​ലെ ആൺകു​ട്ടി​കൾക്ക്‌, 12-നും 16-നും ഇടയ്‌ക്കുള്ള പ്രായ​ത്തിൽ 30 സെന്റി​മീ​റ്റ​റോ​ളം പൊക്കം വെക്കു​ക​യും 22 മുതൽ 27 വരെ കിലോ​ഗ്രാം തൂക്കം വർധി​ക്കു​ക​യും ചെയ്യുന്നു. ത്വരി​ത​ഗ​തി​യി​ലുള്ള വളർച്ച​യു​ടെ ഈ കാലഘ​ട്ട​ത്തിൽ കൗമാ​ര​പ്രാ​യ​ക്കാർ തങ്ങളുടെ തൂക്കം നിമിത്തം അസ്വസ്ഥ​രാ​കു​ന്ന​തും അതു നിയ​ന്ത്രി​ക്കു​ന്ന​തി​നെ കുറിച്ച്‌ ഓർത്തു വ്യാകു​ല​പ്പെ​ടു​ന്ന​തും സർവസാ​ധാ​രണം ആണ്‌. “എന്നാൽ ആഹാരം നിയ​ന്ത്രി​ക്കു​ന്ന​തും കുറയ്‌ക്കു​ന്ന​തും ആരോ​ഗ്യാ​വ​ഹ​മായ പരിഹാ​ര​മാർഗങ്ങൾ അല്ല, അങ്ങനെ ചെയ്യാൻ ശുപാർശ ചെയ്യ​പ്പെ​ടു​ന്നില്ല” എന്ന്‌ ആഹാര​ക്രമ വിദഗ്‌ധ​യായ ലിൻ റോബ്ലിൻ ദ ടൊറ​ന്റോ സ്റ്റാറിൽ എഴുതി. ശരീര​ത്തിന്‌ ആവശ്യ​മായ പോഷ​കങ്ങൾ ലഭിക്കാ​തി​രി​ക്കാൻ അത്‌ ഇടയാ​ക്കി​യേ​ക്കാം എന്നു റോബ്ലിൻ പറയുന്നു. അതു​പോ​ലെ വ്യത്യസ്‌ത ആഹാര​ക്ര​മങ്ങൾ തോന്നി​യതു പോലെ പരീക്ഷി​ച്ചു നോക്കു​ന്നത്‌ “അനാ​രോ​ഗ്യ​ക​ര​മായ ആഹാര​ശീ​ല​ങ്ങൾക്കു വഴി​യൊ​രു​ക്കു​ന്നു, ഒടുവിൽ അത്‌ ഗുരു​ത​ര​മായ ആഹാര​ശീല വൈക​ല്യ​ങ്ങ​ളി​ലേക്കു നയി​ച്ചേ​ക്കാം.” കൗമാ​ര​പ്രാ​യ​ക്കാർക്കു തങ്ങളുടെ ആകാരം സംബന്ധി​ച്ചു യാഥാർഥ്യ​ബോ​ധ​ത്തോ​ടു കൂടിയ ഒരു വീക്ഷണം ഉണ്ടായി​രി​ക്ക​ണ​മെ​ന്നും “വിവേ​ക​പൂർവം ഭക്ഷണം കഴിച്ചു​കൊ​ണ്ടും വെറുതെ കുത്തി​യി​രി​ക്കു​ന്ന​തി​നു പകരം ചുറു​ചു​റു​ക്കു​ള്ളവർ ആയിരു​ന്നു​കൊ​ണ്ടും തങ്ങളിൽത്തന്നെ സംതൃ​പ്‌തർ ആയിരു​ന്നു​കൊ​ണ്ടും” ആരോ​ഗ്യ​ക​ര​മായ തൂക്കം കൈവ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അവർ അഭി​പ്രാ​യ​പ്പെ​ടു​ന്നു.