വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവലോകത്തിലെ അത്ഭുത രൂപരചനകൾ പകർത്തൽ

ജീവലോകത്തിലെ അത്ഭുത രൂപരചനകൾ പകർത്തൽ

ജീവ​ലോ​ക​ത്തി​ലെ അത്ഭുത രൂപര​ച​നകൾ പകർത്തൽ

പിച്ചവെക്കുന്ന കൊച്ചു​കു​ഞ്ഞു​ങ്ങൾ എത്രയോ തവണ തലയടി​ച്ചു വീഴുന്നു. കുറെ​ക്കൂ​ടെ വലിയ കുട്ടികൾ മരത്തിൽനി​ന്നും സൈക്കി​ളിൽനി​ന്നും ഒക്കെ താഴെ വീഴു​ന്ന​തും സാധാ​രണം. കളിസ്ഥ​ലത്തെ കൂട്ടി​യി​ടി​ക​ളും ഒരു നിത്യ സംഭവം​തന്നെ. മോ​ട്ടോർ വാഹന ഡ്രൈ​വർമാർക്ക്‌ റോഡിൽ വെച്ചു സംഭവി​ക്കുന്ന അപകട​ങ്ങൾക്കു കയ്യും കണക്കു​മു​ണ്ടോ? ഇത്തരത്തി​ലുള്ള കൂട്ടി​യി​ടി​യും വീഴ്‌ച​യു​മൊ​ക്കെ സാധാ​ര​ണ​മാ​ണെ​ങ്കി​ലും കാര്യ​മായ പരി​ക്കൊ​ന്നും കൂടാതെ നാം പലപ്പോ​ഴും രക്ഷപ്പെ​ടു​ന്നു. നമ്മുടെ ശരീര​ത്തി​ന്റെ ദൃഢത​യെ​യും വഴക്ക​ത്തെ​യും കുറിച്ചു ചിന്തി​ക്കാൻ സാധാ​ര​ണ​ഗ​തി​യിൽ നാമാ​രും മിന​ക്കെ​ടാ​റില്ല. എന്നാൽ, ശാസ്‌ത്രജ്ഞർ മനസ്സി​ലാ​ക്കാൻ തുടങ്ങി​യി​രി​ക്കു​ന്ന​തു​പോ​ലെ, നമ്മുടെ ശരീര​ത്തി​ന്റെ ഓരോ അണുവി​ലും അത്യത്ഭു​ത​ക​ര​മായ രൂപര​ച​ന​യ്‌ക്കുള്ള തെളി​വു​കൾ ഉണ്ടെന്നു​ള്ള​താ​ണു വാസ്‌തവം.

ശക്തിയും ഉറപ്പും ഉണ്ട്‌, അതേസ​മയം ഭാരം താരത​മ്യേന കുറവും. ജീവ​ലോ​ക​ത്തി​ലെ​ങ്ങും ദർശി​ക്കാ​വുന്ന ഒരു സവി​ശേ​ഷ​ത​യാ​ണിത്‌. പാറയി​ലെ​യും കോൺക്രീ​റ്റി​ലെ​യും വിള്ളലു​ക​ളിൽ വേരു​പി​ടി​ച്ചി​രി​ക്കുന്ന ഇളം തൈകളെ കണ്ടിട്ടി​ല്ലേ? പിന്നീട്‌ പാറകളെ പിളർത്തി മാറ്റി​ക്കൊണ്ട്‌ ഈ കൊച്ചു തൈകൾ ഒത്ത മരങ്ങളാ​യി വളർന്നു പൊങ്ങും. കാറ്റത്ത്‌ ഇലക്‌ട്രിക്‌ പോസ്റ്റു​കൾ മറിഞ്ഞു വീഴു​മ്പോ​ഴും വീടുകൾ തകർന്നു തരിപ്പ​ണ​മാ​കു​മ്പോ​ഴും ഈ മരങ്ങളിൽ പലതി​നും ഒരിള​ക്ക​വും തട്ടുന്നില്ല. കൊക്കു​കൊണ്ട്‌ മരത്തിൽ ആഞ്ഞു​കൊ​ത്തി പൊത്തു​ണ്ടാ​ക്കുന്ന മരം​കൊ​ത്തി​യെ അറിയി​ല്ലേ? മരത്തിൽ ആഞ്ഞാഞ്ഞു കൊത്തു​മ്പോൾ അതിന്റെ തലയ്‌ക്ക്‌ ഏൽക്കുന്ന ആഘാതം സാധാ​ര​ണ​ഗ​തി​യിൽ ഒരു മസ്‌തി​ഷ്‌കത്തെ കുഴമ്പു പരുവ​ത്തി​ലാ​ക്കേ​ണ്ട​താണ്‌. എന്നാൽ മരം​കൊ​ത്തി​യു​ടെ കാര്യ​ത്തിൽ അതു സംഭവി​ക്കു​ന്നില്ല. ഇനി, മുതല​യു​ടെ​യും ചീങ്കണ്ണി​യു​ടെ​യും കാര്യ​മെ​ടു​ക്കുക. അസ്‌ത്ര​വും കുന്തവും എന്തിന്‌ വെടി​യുണ്ട പോലും ഏൽക്കാത്ത ഒന്നാന്ത​ര​മൊ​രു പടച്ചട്ട ആണ്‌ അവയ്‌ക്കു​ള്ളത്‌. (ഇയ്യോബ്‌ 41:1, 26 താരത​മ്യം ചെയ്യുക.) ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി മനുഷ്യ​നിൽ ഭയാദ​രവ്‌ ഉണർത്തി​യി​ട്ടുള്ള, അവനെ അന്ധാളി​പ്പി​ച്ചി​ട്ടുള്ള കാര്യ​ങ്ങ​ളാണ്‌ ഇവയെ​ല്ലാം.

കഴിഞ്ഞ 40 വർഷമാ​യി സാങ്കേ​തിക വിദ്യ​യിൽ ഉണ്ടായി​ട്ടുള്ള വലിയ മുന്നേ​റ്റങ്ങൾ, ശക്തി​യേ​റിയ നൂതന ഉപകര​ണങ്ങൾ ശാസ്‌ത്ര​ജ്ഞർക്കു സമ്മാനി​ച്ചി​രി​ക്കു​ന്നു. ഇവയുടെ സഹായ​ത്തോ​ടെ അത്ഭുത​ക​ര​മായ ഈ രൂപര​ച​ന​കൾക്കു പിന്നിലെ രഹസ്യ​ങ്ങളെ കുറിച്ചു പഠിക്കാൻ അവർക്കു കഴിയു​ന്നു. ഈ രഹസ്യ​ങ്ങ​ളിൽ മിക്കതും ഒളിഞ്ഞി​രി​ക്കു​ന്നതു ജീവ​കോ​ശ​ത്തി​നു​ള്ളിൽ അങ്ങ്‌ ആഴത്തി​ലാണ്‌. ഈ അതിസൂക്ഷ്‌മ തലത്തിലെ രൂപകൽപ്പ​ന​യു​ടെ സങ്കീർണത ആരെയും അത്ഭുത​സ്‌ത​ബ്ധ​നാ​ക്കാൻ പോന്ന​താണ്‌. എന്നിരു​ന്നാ​ലും, പ്രകൃ​തി​യിൽ ദർശി​ക്കാൻ കഴിയുന്ന അത്ഭുത​ങ്ങൾക്കു പിന്നിലെ രഹസ്യ​ങ്ങ​ളു​ടെ പൂട്ടു തുറക്കുക മാത്രമല്ല, പിന്നെ​യോ എല്ലാ വിശദാം​ശ​ങ്ങ​ളി​ലും അല്ലെങ്കി​ലും കുറഞ്ഞ​പക്ഷം സാമാ​ന്യ​ത​ത്ത്വ​ത്തി​ലെ​ങ്കി​ലും അവയെ പകർത്തുക കൂടി​യാ​ണു ശാസ്‌ത്ര​ജ്ഞ​രു​ടെ ലക്ഷ്യം. ഈ പഠന മേഖല വളരെ​യ​ധി​കം പ്രതീ​ക്ഷ​കൾക്കു വക നൽകുന്ന ഒന്നായ​തു​കൊണ്ട്‌, ബയോ​മി​മെ​റ്റി​ക്‌സ്‌ എന്ന പേരിൽ ഒരു പുതിയ ശാസ്‌ത്ര​ശാ​ഖ​തന്നെ വികാ​സം​പ്രാ​പി​ച്ചി​രി​ക്കു​ന്നു. ബയോസ്‌ എന്ന ഗ്രീക്ക്‌ പദത്തിന്റെ അർഥം “ജീവജാ​ലങ്ങൾ” എന്നും മിമെ​സിസ്‌ എന്നതിന്റെ അർഥം “പകർത്തൽ” എന്നുമാണ്‌.

ബയോ​മി​മെ​റ്റി​ക്‌സ്‌ ഒരു മെച്ചപ്പെട്ട ലോകം വാഗ്‌ദാ​നം ചെയ്യുന്നു

“ജൈവ ഘടനക​ളെ​യും അവയുടെ ധർമങ്ങ​ളെ​യും കുറി​ച്ചുള്ള പഠനമാണ്‌ ബയോ​മി​മെ​റ്റി​ക്‌സ്‌” എന്ന്‌ ബയോ​മി​മെ​റ്റി​ക്‌സ്‌: വസ്‌തു​ക്ക​ളു​ടെ രൂപര​ച​ന​യും നിർമാ​ണ​വും (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. ‘ജീവ​ലോ​ക​ത്തിൽ ദർശി​ക്കാൻ കഴിയുന്ന രൂപസം​വി​ധാ​ന​ങ്ങ​ളു​ടെ പകർപ്പു​ണ്ടാ​ക്കാൻ വേണ്ട ആശയങ്ങൾ സമാഹ​രി​ക്കുക’ എന്നതാണ്‌ ഈ പഠനശാ​ഖ​യു​ടെ ഉദ്ദേശ്യം എന്ന്‌ അതു കൂട്ടി​ച്ചേർക്കു​ന്നു.

“ബയോ​മി​മെ​റ്റി​ക്‌സ്‌, തന്മാത്രാ ജീവശാ​സ്‌ത്ര​ത്തി​ന്റെ സ്ഥാനം കയ്യടക്കി 21-ാം നൂറ്റാ​ണ്ടി​ലെ ഏറ്റവും വെല്ലു​വി​ളി നിറഞ്ഞ, അതി​പ്ര​ധാ​ന​മായ ഒരു ജീവശാ​സ്‌ത്ര​മേ​ഖ​ല​യാ​യി വികാസം പ്രാപി​ക്കു​മെന്ന്‌” സ്റ്റീവൻ വെയ്‌ൻ​റൈറ്റ്‌ എന്ന ശാസ്‌ത്രജ്ഞൻ പറയുന്നു. പ്രൊ​ഫസർ മെമെറ്റ്‌ സരിക്കായ ഇങ്ങനെ പറയുന്നു: “ഇരിമ്പു​യു​ഗ​ത്തി​ലും വ്യവസായ വിപ്ലവ കാലഘ​ട്ട​ത്തി​ലും നടന്നതു​പോ​ലുള്ള, ഒരു ഉത്‌പന്ന വിപ്ലവ​ത്തി​ന്റെ വക്കിൽ നാം എത്തിനിൽക്കു​ക​യാണ്‌. ഉത്‌പ​ന്ന​ങ്ങ​ളു​ടെ ഒരു കുത്തൊ​ഴു​ക്കു തന്നെ ഉണ്ടാകാൻ പോകുന്ന ഒരു പുതിയ യുഗത്തി​ലേക്കു നാം കുതി​ക്കു​ക​യാണ്‌. അടുത്ത നൂറ്റാ​ണ്ടി​നു​ള്ളിൽ ബയോ​മി​മെ​റ്റി​ക്‌സ്‌ നമ്മുടെ ജീവി​ത​രീ​തി​യെ അപ്പാടെ മാറ്റി​മ​റി​ക്കു​മെന്നു ഞാൻ കരുതു​ന്നു.”

നാം കാണാൻ പോകു​ന്ന​തു​പോ​ലെ, അത്‌ ഇപ്പോൾത്തന്നെ നമ്മുടെ ലോകത്തെ മാറ്റി​മ​റി​ക്കാൻ തുടങ്ങി​യി​രി​ക്കു​ന്നു. എന്നാൽ ആദ്യമാ​യി നമുക്ക്‌, ശാസ്‌ത്രജ്ഞർ പഠന വിധേ​യ​മാ​ക്കി​ക്കൊ​ണ്ടി​രി​ക്കുന്ന, എന്നാൽ ഇതുവരെ മറനീക്കി പുറത്തു​വ​ന്നി​ട്ടി​ല്ലാത്ത, പ്രകൃ​തി​യി​ലെ ചില അത്ഭുത​ങ്ങളെ കുറിച്ച്‌ ഹ്രസ്വ​മാ​യി പരിചി​ന്തി​ക്കാം. ഒപ്പം “രൂപരചന” എന്ന വാക്ക്‌ എന്താണു ധ്വനി​പ്പി​ക്കു​ന്ന​തെ​ന്നും നമുക്കു ചുറ്റു​മുള്ള അത്ഭുത ലോകത്തെ സംബന്ധിച്ച്‌ എന്തു നിഗമ​ന​ത്തി​ലെ​ത്താ​നാണ്‌ അതു നമ്മെ സഹായി​ക്കു​ന്ന​തെ​ന്നും നമുക്കു വിശക​ലനം ചെയ്യാം.