വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രകൃതിയിലെ രൂപരചനകളിൽനിന്നു പഠിക്കൽ

പ്രകൃതിയിലെ രൂപരചനകളിൽനിന്നു പഠിക്കൽ

പ്രകൃ​തി​യി​ലെ രൂപര​ച​ന​ക​ളിൽനി​ന്നു പഠിക്കൽ

“നാം കണ്ടുപി​ടി​ച്ചി​ട്ടുള്ള ഏറ്റവും മികച്ച സാങ്കേ​തി​ക​വി​ദ്യ​ക​ളിൽ പലതും മറ്റു ജീവജാ​ല​ങ്ങ​ളിൽനി​ന്നു നാം പകർത്തി​യ​വ​യാണ്‌. അതേ, നാം കണ്ടുപി​ടി​ക്കു​ന്ന​തി​നു മുമ്പു തന്നെ ആ വിദ്യകൾ അവയ്‌ക്കു സ്വന്തമാ​യി​രു​ന്നു.”—ഫിൽ ഗെയ്‌റ്റ്‌സ്‌, വന്യ സാങ്കേ​തി​ക​വി​ദ്യ (ഇംഗ്ലീഷ്‌).

പ്രകൃ​തി​യെ അനുക​രിച്ച്‌ ഏറെ സങ്കീർണ​മായ യന്ത്രങ്ങ​ളും മറ്റു വസ്‌തു​ക്ക​ളും നിർമി​ച്ചെ​ടു​ക്കുക എന്നതാണ്‌ ബയോ​മി​മെ​റ്റി​ക്‌സ്‌ എന്ന ശാസ്‌ത്ര​ശാ​ഖ​യു​ടെ ലക്ഷ്യം എന്ന്‌ മുൻലേ​ഖ​ന​ത്തിൽ നാം കണ്ടു കഴിഞ്ഞു. മലിനീ​ക​ര​ണ​ത്തിന്‌ ഇടയാ​ക്കാത്ത വിധത്തി​ലാണ്‌ പ്രകൃതി അതിന്റെ ഉത്‌പ​ന്നങ്ങൾ നിർമി​ച്ചെ​ടു​ക്കു​ന്നത്‌. ഈ ഉത്‌പ​ന്ന​ങ്ങ​ളാ​കട്ടെ, ഭാരക്കു​റ​വും വഴക്കവും അതേസ​മ​യം​തന്നെ അങ്ങേയറ്റം ബലവും ഉള്ളവയാണ്‌.

ഉദാഹ​ര​ണ​ത്തിന്‌ അസ്ഥിക​ളു​ടെ കാര്യം തന്നെ എടുക്കാം. ഉരുക്കി​നെ​ക്കാൾ ബലമു​ള്ള​വ​യാണ്‌ അസ്ഥികൾ. ഇതിന്റെ പിന്നിലെ രഹസ്യം എന്താണ്‌? അവയുടെ, വിദഗ്‌ധ​മാ​യി രൂപകൽപ്പന ചെയ്യപ്പെട്ട ആകൃതി ആണ്‌ ഒരു സംഗതി. എന്നാൽ മുഖ്യ രഹസ്യം ഒളിഞ്ഞി​രി​ക്കു​ന്നത്‌ കുറെ​ക്കൂ​ടെ ആഴത്തി​ലാണ്‌—തന്മാത്രാ തലത്തിൽ. “ജീവജാ​ല​ങ്ങ​ളു​ടെ വിജയ രഹസ്യം കുടി​കൊ​ള്ളു​ന്നത്‌ അവയുടെ അതിസൂക്ഷ്‌മ ഘടകങ്ങ​ളു​ടെ രൂപര​ച​ന​യി​ലും അവ സംയോ​ജി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന വിധത്തി​ലും ആണ്‌” എന്ന്‌ ഗെയ്‌റ്റ്‌സ്‌ വിശദീ​ക​രി​ക്കു​ന്നു. ഈ അതിസൂക്ഷ്‌മ ഘടകങ്ങളെ അടുത്തു പരി​ശോ​ധി​ച്ച​തി​ന്റെ ഫലമായി, അസ്ഥികൾ മുതൽ പട്ടുനൂൽ വരെയുള്ള പ്രകൃ​തി​യി​ലെ ഉത്‌പ​ന്ന​ങ്ങൾക്ക്‌ അസൂയാർഹ​മായ ബലവും അതേസ​മയം ഭാരക്കു​റ​വും പ്രദാനം ചെയ്യുന്ന പദാർഥ​ങ്ങളെ വേർതി​രി​ച്ച​റി​യാൻ ശാസ്‌ത്ര​ജ്ഞർക്കു കഴിഞ്ഞി​ട്ടുണ്ട്‌. ഈ പദാർഥങ്ങൾ വ്യത്യസ്‌ത തരത്തി​ലുള്ള പ്രകൃ​തി​ജന്യ കോമ്പ​സി​റ്റു​കൾ ആണെന്ന്‌ അവർ കണ്ടെത്തി.

കോമ്പ​സി​റ്റു​ക​ളു​ടെ അത്ഭുത​ലോ​കം

രണ്ടോ അതില​ധി​ക​മോ പദാർഥങ്ങൾ കൂടി​ച്ചേർന്ന്‌ ഉണ്ടാകുന്ന ഖരാവ​സ്ഥ​യി​ലുള്ള പദാർഥ​ക്കൂ​ട്ടാണ്‌ കോമ്പ​സിറ്റ്‌. ഈ പദാർഥ​ക്കൂട്ട്‌ അതിന്റെ ഘടക പദാർഥ​ങ്ങ​ളെ​ക്കാൾ മേൽത്ത​ര​മായ ഗുണങ്ങ​ളോ​ടു കൂടിയ ഒന്നായി​രി​ക്കും. ഇതിനെ കുറിച്ചു മനസ്സി​ലാ​ക്കാൻ നമുക്ക്‌ ഒരു കൃത്രിമ കോമ്പ​സി​റ്റായ ഫൈബർ ഗ്ലാസിന്റെ a കാര്യ​മെ​ടു​ക്കാം. ബോട്ടി​ന്റെ ഉടൽ, ചൂണ്ട​ക്കോൽ, അമ്പ്‌, വില്ല്‌, മറ്റു വിനോദ സാമ​ഗ്രി​കൾ എന്നിവ ഉണ്ടാക്കു​ന്ന​തിന്‌ സാധാ​ര​ണ​മാ​യി ഉപയോ​ഗി​ച്ചു വരുന്ന ഒരു ഉത്‌പ​ന്ന​മാണ്‌ ഇത്‌. ദ്രവരൂ​പ​ത്തി​ലോ കുഴമ്പു പരുവ​ത്തി​ലോ ഉള്ള പ്ലാസ്റ്റി​ക്കിൽ (പോളി​മർ മാട്രി​ക്‌സിൽ) ഗ്ലാസ്സിന്റെ നേർത്ത തന്തുക്കൾ അഥവാ നാരുകൾ നിരത്തി​വെ​ച്ചാണ്‌ ഫൈബർ ഗ്ലാസ്സ്‌ നിർമി​ക്കു​ന്നത്‌. ഈ പ്ലാസ്റ്റിക്ക്‌ ഉറയ്‌ക്കു​മ്പോൾ അഥവാ കട്ടിയാ​കു​മ്പോൾ ഭാരക്കു​റ​വും വഴക്കവും അതേസ​മ​യം​തന്നെ ബലവും ഉള്ള ഒരു കോമ്പ​സിറ്റ്‌ രൂപം​കൊ​ള്ളു​ന്നു. വിവിധ തരം പദാർഥ​ങ്ങ​ളു​ടെ തന്തുക്ക​ളും മാട്രി​ക്‌സും ഉപയോ​ഗിച്ച്‌ ഈ രീതി​യിൽ ഒട്ടനവധി കോമ്പ​സി​റ്റു​കൾ ഉണ്ടാക്കി​യെ​ടു​ക്കാൻ കഴിയും. എന്നിരു​ന്നാ​ലും, മനുഷ്യ​രി​ലും സസ്യജ​ന്തു​ജാ​ല​ങ്ങ​ളി​ലും സ്വാഭാ​വി​ക​മാ​യി കാണ​പ്പെ​ടുന്ന കോമ്പ​സി​റ്റു​ക​ളോ​ടുള്ള താരത​മ്യ​ത്തിൽ കൃത്രിമ കോമ്പ​സി​റ്റു​കൾ വളരെ താഴ്‌ന്ന നിലവാ​ര​മാണ്‌ പുലർത്തു​ന്നത്‌.

മനുഷ്യ​രി​ലും ജന്തുക്ക​ളി​ലും, ഗ്ലാസ്സി​ന്റെ​യോ കാർബ​ണി​ന്റെ​യോ നാരു​കൾക്കു പകരം കൊളാ​ജൻ എന്ന നാരു രൂപത്തി​ലുള്ള ഒരു മാംസ്യ​മാണ്‌ ത്വക്ക്‌, കുടലു​കൾ, തരുണാ​സ്ഥി, സ്‌നാ​യു​ക്കൾ, അസ്ഥികൾ, പല്ല്‌ (ഇനാമൽ ഒഴിച്ചുള്ള ഭാഗം) എന്നിവ​യ്‌ക്ക്‌ കരുത്തു പകരുന്ന കോമ്പ​സി​റ്റു​ക​ളു​ടെ അടിസ്ഥാന ഘടകമാ​യി വർത്തി​ക്കു​ന്നത്‌. b കൊളാ​ജൻ അടിസ്ഥാ​ന​ഘ​ട​ക​മാ​യുള്ള കോമ്പ​സി​റ്റു​കൾ “അറിയ​പ്പെ​ടു​ന്ന​തിൽ വെച്ച്‌ ഏറ്റവും മികച്ച കോമ്പ​സി​റ്റു​ക​ളിൽ പെടുന്നു” എന്ന്‌ ഒരു പരാമർശ കൃതി പറയുന്നു.

ഉദാഹ​ര​ണ​ത്തിന്‌, മാംസ​പേ​ശി​കളെ അസ്ഥിക​ളു​മാ​യി ബന്ധിപ്പി​ക്കുന്ന സ്‌നാ​യു​ക്ക​ളു​ടെ കാര്യ​മെ​ടു​ക്കാം. സ്‌നാ​യു​വി​ലെ കൊളാ​ജൻ നാരു​ക​ളു​ടെ ദൃഢത​യും ഈ നാരുകൾ നെയ്യ​പ്പെ​ട്ടി​രി​ക്കുന്ന അത്ഭുത​ക​ര​മായ വിധവു​മാണ്‌ അതിനെ ശ്രദ്ധേ​യ​മാ​ക്കി​ത്തീർക്കു​ന്നത്‌. ബയോ​മി​മി​ക്രി എന്ന പുസ്‌ത​ക​ത്തിൽ ജനിൻ ബിന്യുസ്‌ ഇപ്രകാ​രം എഴുതു​ന്നു: “[കൂടി​പ്പി​ണ​ഞ്ഞി​രി​ക്കുന്ന സ്‌നാ​യു​വി​ന്റെ] ഓരോ തലത്തി​ലും വിസ്‌മ​യാ​വ​ഹ​മായ കൃത്യത ദർശി​ക്കാ​വു​ന്ന​താണ്‌

. ഒരു തൂക്കു​പാ​ല​ത്തി​ലെ കേബി​ളു​ക​ളോ​ടു സമാന​മായ അനവധി കേബി​ളു​കൾ കൂടി​പ്പി​ണ​ഞ്ഞ​താണ്‌ നിങ്ങളു​ടെ കൈത്ത​ണ്ട​യി​ലെ സ്‌നായു. ഓരോ കേബി​ളും കുറെ​ക്കൂ​ടെ വണ്ണം കുറഞ്ഞ കേബി​ളു​കൾ ചേർത്തു​പി​രിച്ച്‌ ഉണ്ടാക്കി​യ​വ​യാണ്‌. ഈ കേബി​ളു​ക​ളിൽ ഓരോ​ന്നും കൂടി​പ്പി​ണ​ഞ്ഞി​രി​ക്കുന്ന തന്മാ​ത്ര​ക​ളു​ടെ ഒരു കൂട്ടമാണ്‌. തന്മാ​ത്ര​ക​ളാ​കട്ടെ സർപ്പി​ളാ​കൃ​തി​യിൽ ക്രമീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന പരമാ​ണു​ക്ക​ളു​ടെ കൂട്ടവും. പിന്നെ​യും പിന്നെ​യും ഗണിത​ശാ​സ്‌ത്ര​പ​ര​മായ വിസ്‌മ​യങ്ങൾ ചുരു​ള​ഴി​യു​ക​യാണ്‌.” അവർ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “രൂപകൽപ്പ​ന​യി​ലെ ഒരു അത്ഭുത​മാണ്‌ അത്‌.” ആ സ്ഥിതിക്ക്‌, തങ്ങൾ പ്രകൃ​തി​യി​ലെ രൂപര​ച​ന​ക​ളിൽനിന്ന്‌ പ്രചോ​ദനം ഉൾക്കൊ​ള്ളു​ന്ന​താ​യി ശാസ്‌ത്രജ്ഞർ പറയു​ന്ന​തിൽ എന്തെങ്കി​ലും അതിശ​യ​മു​ണ്ടോ?—ഇയ്യോബ്‌ 40:15, 17, പി.ഒ.സി. ബൈബിൾ താരത​മ്യം ചെയ്യുക.

പ്രകൃ​തി​യി​ലെ കോമ്പ​സി​റ്റു​ക​ളു​ടെ മുന്നിൽ മനുഷ്യ​നിർമിത കോമ്പ​സി​റ്റു​കൾ നിഷ്‌പ്ര​ഭ​മാ​ണെന്നു നാം കണ്ടുക​ഴി​ഞ്ഞു. എന്നിട്ടു​പോ​ലും അവ എത്രയോ മികച്ച​വ​യാണ്‌! കഴിഞ്ഞ 25 വർഷത്തി​നു​ള്ളിൽ എൻജി​നീ​യ​റിങ്‌ രംഗത്തു കൈവ​രി​ക്കാൻ കഴിഞ്ഞി​ട്ടുള്ള ഏറ്റവും പ്രമു​ഖ​മായ പത്ത്‌ നേട്ടങ്ങ​ളിൽ മനുഷ്യ​നിർമിത കോമ്പ​സി​റ്റു​കൾ പെടുന്നു. ഉദാഹ​ര​ണ​ത്തിന്‌, ഗ്രാ​ഫൈ​റ്റി​ന്റെ​യോ കാർബ​ണി​ന്റെ​യോ നാരുകൾ അടിസ്ഥാന ഘടകമാ​യുള്ള കോമ്പ​സി​റ്റു​ക​ളു​ടെ കാര്യ​മെ​ടു​ക്കാം. വിനോദ സാമ​ഗ്രി​കൾ, വിമാ​ന​ങ്ങ​ളു​ടെ​യും ബഹിരാ​കാശ വാഹന​ങ്ങ​ളു​ടെ​യും ഭാഗങ്ങൾ, ഫോർമുല വൺ മത്സര കാറുകൾ, ഉല്ലാസ​നൗ​കകൾ, ഭാരം​കു​റഞ്ഞ കൃത്രിമ കൈകാ​ലു​കൾ അങ്ങനെ​യ​ങ്ങനെ നിരവധി സാധന​ങ്ങൾക്ക്‌ ഈ കോമ്പ​സി​റ്റു​കൾ പുതിയ മുഖച്ഛായ നൽകി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

ബ്ലബർ—ബഹുമുഖ ധർമമുള്ള ഒരു അത്ഭുത പദാർഥം

തിമിം​ഗി​ല​ങ്ങൾക്കും ഡോൾഫി​നു​കൾക്കും തങ്ങളുടെ ശരീരത്തെ ആവരണം ചെയ്യുന്ന ആ അത്ഭുത വസ്‌തു​വി​നെ കുറിച്ച്‌ യാതൊ​ന്നും അറിഞ്ഞു​കൂ​ടാ. ബ്ലബർ എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരു കൊഴു​പ്പു കലയാണ്‌ അത്‌. “തിമിം​ഗി​ല​ത്തി​ന്റെ ബ്ലബർ ഒരുപക്ഷേ നമുക്ക്‌ അറിയാ​വു​ന്ന​തിൽ വെച്ച്‌ ഏറ്റവു​മ​ധി​കം ധർമങ്ങൾ നിർവ​ഹി​ക്കുന്ന പദാർഥ​മാ​യി​രി​ക്കാം” എന്ന്‌ ബയോ​മി​മെ​റ്റി​ക്‌സ്‌: വസ്‌തു​ക്ക​ളു​ടെ രൂപര​ച​ന​യും നിർമാ​ണ​വും എന്ന പുസ്‌തകം പറയുന്നു. അതിനുള്ള കാരണം ആ പുസ്‌തകം തുടർന്നു വിശദീ​ക​രി​ക്കു​ന്നു. വെള്ളത്തിൽ പൊന്തി​ക്കി​ട​ക്കാൻ സഹായി​ക്കുന്ന ഒരു അത്ഭുത വസ്‌തു​വാണ്‌ ബ്ലബർ. പ്രാണ​വാ​യു ശ്വസി​ക്കു​ന്ന​തി​നു വേണ്ടി ജലോ​പ​രി​ത​ല​ത്തി​ലേക്കു വരാൻ തിമിം​ഗി​ല​ങ്ങൾക്ക്‌ ഇതുമൂ​ലം കഴിയു​ന്നു. ഉഷ്‌ണ​ര​ക്ത​മുള്ള ഈ സസ്‌ത​നി​കളെ സമു​ദ്ര​ത്തി​ലെ തണുപ്പിൽനി​ന്നു സംരക്ഷി​ക്കുന്ന ഒന്നാന്ത​ര​മൊ​രു ‘കമ്പിളി’ ആയും അതു വർത്തി​ക്കു​ന്നു. കൂടാതെ, കാലി വയറു​മാ​യി ആയിര​ക്ക​ണ​ക്കി​നു കിലോ​മീ​റ്റർ ദേശാ​ടനം നടത്തേണ്ടി വരുന്ന അവസര​ങ്ങ​ളിൽ നല്ലൊരു ‘ഭക്ഷ്യ​ശേഖര’മായും ഇത്‌ ഉതകുന്നു. ഒരു ഗ്രാം മാംസ്യ​ത്തിൽ നിന്നും പഞ്ചസാ​ര​യിൽ നിന്നും കിട്ടു​ന്ന​തി​ന്റെ 2 മുതൽ 3 വരെ ഇരട്ടി ഊർജം ഒരു ഗ്രാം കൊഴു​പ്പിൽനി​ന്നു കിട്ടും.

“റബറു പോലെ നല്ല ഇലാസ്‌തി​ക​ത​യുള്ള ഒരു പദാർഥം കൂടി​യാണ്‌ ബ്ലബർ. വാൽ ഓരോ പ്രാവ​ശ്യം അടിക്കു​മ്പോ​ഴും ബ്ലബറി​നു​ണ്ടാ​കുന്ന സങ്കോച വികാ​സ​ങ്ങ​ളു​ടെ ഫലമാ​യു​ണ്ടാ​കുന്ന വേഗ വർധനവ്‌, തുടർച്ച​യായ ദീർഘ​ദൂര യാത്ര​ക​ളിൽ ഇന്ധന ചെലവ്‌ 20 ശതമാനം വരെ ലാഭി​ക്കാൻ [തിമിം​ഗി​ല​ങ്ങളെ] സഹായി​ച്ചേ​ക്കാം” എന്ന്‌ മേൽ പരാമർശിച്ച പുസ്‌തകം പറയുന്നു.

മനുഷ്യൻ ബ്ലബറി​നാ​യി തിമിം​ഗി​ല​ങ്ങളെ വേട്ടയാ​ടാൻ തുടങ്ങി​യിട്ട്‌ നൂറ്റാ​ണ്ടു​ക​ളാ​യി. എങ്കിലും ഓരോ തിമിം​ഗി​ല​ത്തി​ന്റെ​യും ശരീരത്തെ പൊതി​ഞ്ഞി​രി​ക്കുന്ന ഈ ബ്ലബർ, കൊളാ​ജൻ തന്തുക്കൾക്കൊണ്ട്‌—കൊളാ​ജൻ തന്തുക്കൾ ബ്ലബറിന്റെ പകുതി​യോ​ളം വരും—സങ്കീർണ​മായ രീതി​യിൽ നെയ്യ​പ്പെ​ട്ടി​രി​ക്കുന്ന ഒന്നാണ്‌ എന്ന വസ്‌തുത മനസ്സി​ലാ​ക്കി​യത്‌ ഈ അടുത്ത കാലത്തു മാത്ര​മാണ്‌. കൊഴു​പ്പും കൊളാ​ജൻ തന്തുക്ക​ളും ചേർന്ന ഈ കോമ്പ​സി​റ്റി​ന്റെ പ്രവർത്ത​നങ്ങൾ പൂർണ​മാ​യി മനസ്സി​ലാ​ക്കി​യെ​ടു​ക്കാ​നുള്ള ശ്രമത്തി​ലാണ്‌ ശാസ്‌ത്രജ്ഞർ ഇപ്പോ​ഴും. അതിനി​ട​യ്‌ക്ക്‌, മറ്റൊരു അത്ഭുത പദാർഥം കൂടെ തങ്ങൾ കണ്ടെത്തി​യി​രി​ക്കു​ന്ന​താ​യി ശാസ്‌ത്രജ്ഞർ പറയുന്നു. കൃത്രി​മ​മാ​യി നിർമി​ക്കുന്ന പക്ഷം പല രീതി​യി​ലും ഉപയോ​ഗ​പ്പെ​ടു​ത്താ​വുന്ന ഈ പദാർഥത്തെ കുറിച്ച്‌ നമുക്ക്‌ അടുത്ത​താ​യി പരിചി​ന്തി​ക്കാം.

എട്ടു കാലുള്ള ഒരു എൻജി​നീ​യ​റിങ്‌ പ്രതിഭ

സമീപ വർഷങ്ങ​ളിൽ ശാസ്‌ത്രജ്ഞർ എട്ടുകാ​ലി​യെ കുറി​ച്ചും പഠനം നടത്താൻ തുടങ്ങി​യി​രി​ക്കു​ന്നു. എട്ടുകാ​ലി നൂലു​ണ്ടാ​ക്കു​ന്നത്‌—ഇതും ഒരു കോമ്പ​സി​റ്റാണ്‌—എങ്ങനെ​യെന്നു മനസ്സി​ലാ​ക്കാൻ അവർ അങ്ങേയറ്റം ഉത്സുക​രാണ്‌. ഒരുപാ​ടി​നം ജീവികൾ പട്ടുനൂൽ ഉത്‌പാ​ദി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും എട്ടുകാ​ലി​യു​ടെ പട്ടുനൂൽ അവയെ​ക്കാ​ളെ​ല്ലാം വിശേ​ഷ​പ്പെ​ട്ട​താണ്‌. ഭൂമി​യി​ലെ തന്നെ ഏറ്റവും ബലമേ​റിയ പദാർഥ​ങ്ങ​ളിൽ ഒന്നായ ഇതു​കൊണ്ട്‌ “ആയിര​മാ​യി​രം സ്വപ്‌ന​ങ്ങ​ളു​ടെ ഊടും പാവും നെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു” എന്ന്‌ ഒരു ശാസ്‌ത്ര ലേഖകൻ പറയു​ക​യു​ണ്ടാ​യി. എണ്ണിയാൽ ഒടുങ്ങാ​ത്തത്ര, അവിശ്വ​സ​നീ​യ​മായ ഗുണവി​ശേ​ഷ​ങ്ങ​ളാണ്‌ എട്ടുകാ​ലി​യു​ടെ പട്ടുനൂ​ലി​നു​ള്ളത്‌.

എട്ടുകാ​ലി നൂലിന്റെ ഗുണഗ​ണ​ങ്ങളെ ശാസ്‌ത്രജ്ഞർ ഇത്ര​യേറെ പാടി​പ്പു​ക​ഴ്‌ത്തു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ഉരുക്കി​നെ വെല്ലുന്ന കരുത്തും അതേസ​മയം അങ്ങേയ​റ്റത്തെ ഇലാസ്‌തി​ക​ത​യും എട്ടുകാ​ലി നൂലിന്റെ സവി​ശേ​ഷ​ത​യാണ്‌—ഗുണവി​ശേ​ഷ​ങ്ങ​ളു​ടെ ഒരു അപൂർവ മേളനം​തന്നെ. ഉരുക്കി​നെ​ക്കാൾ അഞ്ചു മടങ്ങ്‌ കരുത്തുള്ള എട്ടുകാ​ലി നൂലിന്‌ നൈ​ലോൺ നൂലു​ക​ളിൽ ഏറ്റവു​മ​ധി​കം ഇലാസ്‌തി​ക​ത​യുള്ള ഇനത്തെ​ക്കാൾ 30 ശതമാനം ഇലാസ്‌തി​കത കൂടു​ത​ലാണ്‌. എങ്കിലും ഒരു നൈ​ലോൺ നെറ്റ്‌ അതിൽ വന്നു തട്ടുന്ന പന്തിനെ തെറി​പ്പി​ച്ചു​ക​ള​യു​ന്ന​തു​പോ​ലെ ഒരു എട്ടുകാ​ലി വല, അതിൽ വന്നു വീഴുന്ന ഇരയെ തെറി​പ്പി​ച്ചു​ക​ള​യു​ന്നില്ല. “നൈ​ലോൺ നൂലിനു പകരം എട്ടുകാ​ലി നൂലു​കൊണ്ട്‌ അതേ കനത്തിൽ നെയ്‌തെ​ടുത്ത ഒരു വലിയ മീൻവ​ല​യ്‌ക്ക്‌ ഒരു യാത്രാ വിമാ​നത്തെ വഹിക്കാൻ പോന്ന അത്ര ബലവും വഴക്കവും ഉണ്ടായി​രി​ക്കും” എന്ന്‌ സയൻസ്‌ ന്യൂസ്‌ പറയുന്നു.

എട്ടുകാ​ലി​യു​ടെ ഈ രാസ വിരുത്‌—ഇവയുടെ കൂട്ടത്തിൽ പെട്ട രണ്ട്‌ വർഗങ്ങൾക്ക്‌ ഏഴ്‌ ഇനങ്ങളി​ലുള്ള പട്ടുനൂൽ ഉത്‌പാ​ദി​പ്പി​ക്കാൻ പോലും കഴിവുണ്ട്‌—അനുക​രി​ക്കാൻ കഴിഞ്ഞി​രു​ന്നെ​ങ്കിൽ നമുക്ക്‌ എന്തൊക്കെ ഉണ്ടാക്കാൻ കഴിയു​മാ​യി​രു​ന്നെന്ന്‌ ഒന്നു സങ്കൽപ്പി​ച്ചു നോക്കൂ! ഇന്നുള്ള​തി​ന്റെ പതിന്മ​ടങ്ങു മികച്ച സീറ്റ്‌ ബെൽറ്റു​കൾ, കൃത്രിമ കണ്ഡരകൾ (ligaments), മുറി​വു​കൾ തുന്നി​ക്കെ​ട്ടാൻ ഉപയോ​ഗി​ക്കുന്ന നൂലുകൾ, വെടി​യുണ്ട ഏൽക്കാത്ത തുണി​ത്ത​രങ്ങൾ, ഭാരം​കു​റഞ്ഞ കേബി​ളു​കൾ, ചരടുകൾ, അങ്ങനെ എത്ര​യെത്ര സാധനങ്ങൾ. എട്ടുകാ​ലി, വിഷ രാസവ​സ്‌തു​ക്കൾ ഉപയോ​ഗി​ക്കാ​തെ​തന്നെ ഇത്ര നിപു​ണ​മാ​യി നൂലു​ണ്ടാ​ക്കു​ന്നത്‌ എങ്ങനെ​യെന്നു മനസ്സി​ലാ​ക്കാ​നും ശാസ്‌ത്രജ്ഞർ ശ്രമി​ക്കു​ന്നുണ്ട്‌.

പ്രകൃ​തി​യി​ലെ ഗിയർബോ​ക്‌സു​ക​ളും ജെറ്റ്‌ എഞ്ചിനു​ക​ളും

ഇന്നു ലോകത്തെ മുന്നോ​ട്ടു ചലിപ്പി​ക്കു​ന്നതു ഗിയർബോ​ക്‌സു​ക​ളും ജെറ്റ്‌ എഞ്ചിനു​ക​ളും ആണെന്നു തന്നെ പറയാം. എന്നാൽ നാം ഇവ കണ്ടുപി​ടി​ക്കു​ന്ന​തി​നു വളരെ മുമ്പു തന്നെ പ്രകൃ​തിക്ക്‌ അവ സ്വന്തമാ​യു​ണ്ടാ​യി​രു​ന്നു എന്ന കാര്യം നിങ്ങൾക്ക്‌ അറിയാ​മാ​യി​രു​ന്നോ? ഗിയർബോ​ക്‌സി​ന്റെ കാര്യ​മെ​ടു​ക്കുക. എഞ്ചിൻ ഏറ്റവും ക്ഷമത​യോ​ടെ പ്രവർത്തി​ക്കത്തക്ക വിധത്തിൽ ഒരു വാഹന​ത്തി​ന്റെ ഗിയർ മാറ്റാൻ ഗിയർബോ​ക്‌സു​കൾ സഹായി​ക്കു​ന്നു. പ്രകൃ​തി​യി​ലെ ഗിയർബോ​ക്‌സു​ക​ളും ഇതുത​ന്നെ​യാണ്‌ ചെയ്യു​ന്നത്‌. എന്നാൽ ഈ ഗിയർബോ​ക്‌സു​കൾ എഞ്ചിനെ ചക്രങ്ങ​ളു​മാ​യി​ട്ടല്ല, പകരം ചിറകു​കളെ ചിറകു​ക​ളു​മാ​യി​ട്ടാണ്‌ ബന്ധിപ്പി​ക്കു​ന്നത്‌! ഇത്തരം ഗിയർബോ​ക്‌സു​കൾ എവിടെ കണ്ടെത്താൻ കഴിയും? സാധാരണ ഈച്ചയിൽ. പറക്കു​ന്ന​തി​നി​ട​യിൽ ഗിയർ ഫസ്റ്റിലും സെക്കൻഡി​ലും തേർഡി​ലും ആക്കുന്ന​തി​നുള്ള ഒരു സംവി​ധാ​നം ഈ ഈച്ചയി​ലുണ്ട്‌! ഇത്‌ ചിറകടി വേഗം ക്രമീ​ക​രി​ക്കാ​നും അങ്ങനെ പറക്കലി​ന്റെ വേഗം നിയ​ന്ത്രി​ക്കാ​നും അതിനെ സഹായി​ക്കു​ന്നു.

കൂന്തൽ, നീരാളി, നോട്ടി​ലസ്‌ ഇവയെ​ല്ലാം ജെറ്റ്‌ പ്രേഷ​ണ​ത്തി​ന്റെ (jet propulsion) സഹായ​ത്താ​ലാണ്‌ വെള്ളത്തി​ലൂ​ടെ സഞ്ചരി​ക്കു​ന്നത്‌. ശാസ്‌ത്രജ്ഞർ ഈ ജെറ്റു​കളെ അസൂയ പൂണ്ട കണ്ണുക​ളോ​ടെ നോക്കി കാണുന്നു. കാരണം? കടലിന്‌ അടിയി​ലെ ശക്തമായ മർദത്തെ ചെറു​ത്തു​നിൽക്കാൻ കഴിവുള്ള, പൊട്ടി​പ്പോ​കാത്ത, ശബ്ദമലി​നീ​ക​ര​ണ​ത്തിന്‌ ഇടയാ​ക്കാത്ത, അതീവ ക്ഷമതയുള്ള, മൃദു​ല​മായ ഭാഗങ്ങ​ളാണ്‌ അവയ്‌ക്കു​ള്ളത്‌. ഇരപി​ടി​യ​ന്മാ​രു​ടെ കണ്ണു​വെ​ട്ടി​ച്ചു പായു​മ്പോൾ ഒരു കൂന്തലിന്‌ ജെറ്റ്‌ പ്രേഷ​ണ​ത്തി​ന്റെ സഹായ​ത്താൽ മണിക്കൂ​റിൽ 32 കിലോ​മീ​റ്റർ വരെ വേഗത്തിൽ സഞ്ചരി​ക്കാൻ കഴിയും. “ചില​പ്പോൾ അവ വെള്ളത്തിൽനിന്ന്‌ പൊങ്ങി​ച്ചാ​ടി കപ്പലിന്റെ ഡെക്കിൽപോ​ലും കയറി​പ്പ​റ്റാ​റുണ്ട്‌,” വന്യ സാങ്കേ​തി​ക​വി​ദ്യ എന്ന പുസ്‌തകം പറയുന്നു.

പ്രകൃ​തി​യി​ലെ അത്ഭുത​ങ്ങളെ കുറിച്ച്‌ അൽപ്പ നേര​മൊന്ന്‌ ധ്യാനി​ക്കു​മ്പോൾ തന്നെ നമ്മുടെ ഹൃദയം ഭയാദ​ര​വും വിലമ​തി​പ്പും കൊണ്ട്‌ നിറഞ്ഞു തുളു​മ്പു​ന്നു. ഒന്നിനു പുറകെ ഒന്നായി നമ്മുടെ മനസ്സിൽ ചോദ്യ​ങ്ങൾ ഉദിപ്പി​ക്കുന്ന ഒരു ജീവ പ്രഹേ​ളി​ക​യാണ്‌ പ്രപഞ്ചം: ഉജ്ജ്വല​മെ​ങ്കി​ലും തണുത്ത വെളിച്ചം തെളി​ക്കാൻ മിന്നാ​മി​നു​ങ്ങു​ക​ളെ​യും ചിലതരം ആൽഗക​ളെ​യും സഹായി​ക്കുന്ന രാസ അത്ഭുതങ്ങൾ ഏവയാണ്‌? ആർട്ടിക്‌ ധ്രുവ​ത്തിൽ ശൈത്യ​കാ​ലത്ത്‌ തണുത്തു മരവിച്ച്‌ ചത്തകണക്കെ ഇരിക്കുന്ന മത്സ്യങ്ങ​ളും തവളക​ളും മഞ്ഞുരു​കി കഴിയു​മ്പോൾ വീണ്ടും ചുറു​ചു​റു​ക്കോ​ടെ പാഞ്ഞു​ന​ട​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? ഒരു ശ്വസ​നോ​പ​ക​ര​ണ​ത്തി​ന്റെ സഹായ​മി​ല്ലാ​തെ തിമിം​ഗി​ല​ങ്ങ​ളും കടൽനാ​യ്‌ക്ക​ളും ജലത്തി​ന​ടി​യിൽ ദീർഘ​നേരം കഴിച്ചു​കൂ​ട്ടു​ന്ന​തെ​ങ്ങ​നെ​യാണ്‌? ബെൻഡ്‌ എന്ന്‌ സാധാ​ര​ണ​ഗ​തി​യിൽ വിളി​ക്ക​പ്പെ​ടുന്ന, മർദവ്യ​തി​യാന ഫലമാ​യു​ണ്ടാ​കുന്ന അസ്വാ​സ്ഥ്യം ഇല്ലാതെ അവയ്‌ക്ക്‌, കൂടെ​ക്കൂ​ടെ ആഴിയു​ടെ അഗാധ​ത​ല​ങ്ങ​ളി​ലേക്ക്‌ ഊളി​യി​ടാൻ എങ്ങനെ കഴിയു​ന്നു? ഓന്തു​കൾക്കും കണവകൾക്കും ചുറ്റു​പാ​ടി​ന​നു​സ​രിച്ച്‌ നിറം മാറാൻ കഴിയു​ന്ന​തെ​ങ്ങനെ? മൂളി​പ്പ​ക്ഷി​കൾക്ക്‌ മൂന്നു ഗ്രാമിൽ കുറഞ്ഞ ഇന്ധനവു​മാ​യി മെക്‌സി​ക്കോ ഉൾക്കടൽ മുറിച്ചു കടക്കാൻ കഴിയു​ന്ന​തെ​ങ്ങനെ? ചോദ്യ​ങ്ങ​ളു​ടെ പരമ്പര നീണ്ടു​നീ​ണ്ടു പോകു​ക​യാണ്‌.

മനുഷ്യന്‌ ഇതെല്ലാം കണ്ട്‌ അത്ഭുത​ത്തോ​ടെ പകച്ചു നിൽക്കാൻ മാത്രമേ കഴിയൂ. പ്രകൃ​തി​യെ കുറിച്ച്‌ പഠനം നടത്തു​മ്പോൾ ശാസ്‌ത്ര​ജ്ഞ​രു​ടെ ഉള്ളിൽ “ഭക്ത്യാ​ദ​രവു കലർന്ന” ആശ്ചര്യം വികാസം പ്രാപി​ക്കു​ന്നു എന്ന്‌ ബയോ​മി​മി​ക്രി എന്ന പുസ്‌തകം പറയുന്നു.

രൂപര​ച​ന​യ്‌ക്കു പിന്നിൽ ഒരു രൂപര​ച​യി​താവ്‌!

ജീവര​സ​തന്ത്ര അസോ​ഷി​യേറ്റ്‌ പ്രൊ​ഫ​സ​റായ മൈക്കിൾ ബീഹി ഇപ്രകാ​രം പറയു​ക​യു​ണ്ടാ​യി: “[ജീവ​കോ​ശത്തെ കുറിച്ച്‌ അടുത്ത​യി​ടെ കണ്ടെത്തിയ ചില സംഗതി​കൾ] ഉച്ചത്തിൽ, വ്യക്തമായ സ്വരത്തിൽ ഇങ്ങനെ വിളി​ച്ചോ​തു​ന്ന​താ​യി തോന്നി, ‘ഇതെല്ലാം രൂപകൽപ്പന ചെയ്യ​പ്പെ​ട്ടതു തന്നെ!’” കോശ​ത്തെ​ക്കു​റി​ച്ചുള്ള പഠന ഫലങ്ങൾ “വളരെ വ്യക്തവും ശ്രദ്ധേ​യ​വു​മാണ്‌. അതു​കൊ​ണ്ടു തന്നെ ശാസ്‌ത്ര ചരി​ത്ര​ത്തി​ലെ ഏറ്റവും വലിയ നേട്ടങ്ങ​ളി​ലൊ​ന്നാ​യി അതിനെ പട്ടിക​പ്പെ​ടു​ത്തേ​ണ്ടി​യി​രി​ക്കു​ന്നു” എന്ന്‌ അദ്ദേഹം കൂട്ടി​ച്ചേർത്തു.

എന്നാൽ, പരിണാ​മ​സി​ദ്ധാ​ന്തത്തെ ശക്തമായി അനുകൂ​ലി​ക്കു​ന്ന​വർക്ക്‌ ഒരു രൂപര​ച​യി​താ​വി​നെ സംബന്ധിച്ച തെളി​വു​കൾ പ്രശ്‌നം സൃഷ്ടി​ക്കു​ന്നു. എന്തു​കൊ​ണ്ടെ​ന്നാൽ ജീവജാ​ല​ങ്ങ​ളിൽ, പ്രത്യേ​കി​ച്ചും അവയിലെ കോശ​ങ്ങൾക്കു​ള്ളി​ലും തന്മാത്രാ തലത്തി​ലും ദൃശ്യ​മാ​കുന്ന അതിസ​ങ്കീർണ​മായ രൂപരചന പരിണാ​മ​ത്തി​ലൂ​ടെ ഉളവാ​കു​മാ​യി​രു​ന്നില്ല. ബീഹി പറയുന്നു: “ജീവജാ​ല​ങ്ങ​ളി​ലെ അത്ഭുത​ക​ര​മായ പ്രവർത്തന സംവി​ധാ​ന​ങ്ങളെ സംബന്ധിച്ച ഡാർവി​ന്റെ വിശദീ​ക​രണം എന്നും തെളി​യി​ക്ക​പ്പെ​ടാത്ത ഒരു സിദ്ധാ​ന്ത​മാ​യി തന്നെ തുടരും എന്നു കരുതു​ന്ന​തിന്‌ ശക്തമായ കാരണ​മുണ്ട്‌.”

ഡാർവി​ന്റെ നാളു​ക​ളിൽ ജീവജാ​ല​ങ്ങ​ളു​ടെ അടിസ്ഥാന ഘടകമായ ജീവ​കോ​ശ​ത്തി​ന്റെ സങ്കീർണ​തയെ കുറിച്ച്‌ ഒട്ടും തന്നെ മനസ്സി​ലാ​ക്കി​യി​രു​ന്നില്ല. താരത​മ്യേന അറിവു കുറഞ്ഞ ആ നാളു​ക​ളിൽ കുരു​ത്ത​താ​യി​രു​ന്നു പരിണാമ സിദ്ധാന്തം. എന്നാൽ അജ്ഞതയു​ടെ അത്തര​മൊ​രു കാലഘ​ട്ട​ത്തിൽ അല്ല ശാസ്‌ത്രം ഇന്ന്‌. ഉത്‌കൃ​ഷ്ട​വും തികവു​റ്റ​തു​മായ രൂപര​ച​നകൾ കൊണ്ടു നിറഞ്ഞ അങ്ങേയറ്റം സങ്കീർണ​മായ ഒരു സംവി​ധാ​ന​മാണ്‌ കോശ​മെ​ന്നും അതുമാ​യുള്ള താരത​മ്യ​ത്തിൽ നമ്മുടെ അത്യാ​ധു​നി​ക​വും അതിസ​ങ്കീർണ​വു​മായ ഉപകര​ണ​ങ്ങ​ളു​ടെ​യും മെഷീ​നു​ക​ളു​ടെ​യും പോലും ആന്തരിക പ്രവർത്ത​നങ്ങൾ വളരെ നിസ്സാ​ര​മാ​ണെ​ന്നും തന്മാത്രാ ജീവശാ​സ്‌ത്ര​വും ബയോ​മി​മെ​റ്റി​ക്‌സും സംശയ​ലേ​ശ​മെ​ന്യേ തെളി​യി​ച്ചി​രി​ക്കു​ന്നു.

പ്രകൃ​തി​യി​ലെ​ങ്ങും ദൃശ്യ​മാ​കുന്ന അത്ഭുത​ക​ര​മായ രൂപരചന “ജീവ​ലോ​കം ബുദ്ധി​ശ​ക്തി​യുള്ള ഒരു രൂപര​ച​യി​താ​വി​ന്റെ കരവേ​ല​യാണ്‌” എന്ന യുക്തി​സ​ഹ​മായ നിഗമ​ന​ത്തിൽ നമ്മെ കൊ​ണ്ടെ​ത്തി​ക്കു​ന്ന​താ​യി ബീഹി പറയുന്നു. അങ്ങനെ​യെ​ങ്കിൽ ഈ രൂപര​ച​യി​താ​വിന്‌ മനുഷ്യ​നെ സംബന്ധിച്ച്‌ ഒരു ഉദ്ദേശ്യ​മു​ണ്ടെന്നു കരുതു​ന്നത്‌ ന്യായ​യു​ക്ത​മല്ലേ? എന്താണ്‌ ആ ഉദ്ദേശ്യം? നമ്മുടെ രൂപര​ച​യി​താ​വി​നെ കുറിച്ച്‌ കൂടുതൽ കാര്യങ്ങൾ നമുക്കു പഠിക്കാൻ കഴിയു​മോ? പിൻവ​രുന്ന ലേഖനങ്ങൾ ഈ സുപ്ര​ധാന ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും.

[അടിക്കു​റി​പ്പു​കൾ]

a കൃത്യമായി പറഞ്ഞാൽ, കോമ്പ​സി​റ്റി​ലെ ഗ്ലാസ്‌ നാരു​ക​ളാണ്‌ ഫൈബർ ഗ്ലാസ്‌. എന്നിരു​ന്നാ​ലും, സാധാ​ര​ണ​ഗ​തി​യിൽ പ്ലാസ്റ്റി​ക്കും ഗ്ലാസ്‌ നാരു​ക​ളും കൂടി​ച്ചേർന്ന കോമ്പ​സി​റ്റി​നെ പരാമർശി​ക്കാൻ ഈ പദം ഉപയോ​ഗി​ച്ചു വരുന്നു.

b കൊളാജനു പകരം സെല്ലു​ലോ​സാണ്‌ സസ്യങ്ങ​ളി​ലെ കോമ്പ​സി​റ്റു​ക​ളു​ടെ അടിസ്ഥാന ഘടകം. സെല്ലു​ലോസ്‌, ഒരു നിർമാണ വസ്‌തു​വെന്ന നിലയിൽ തടിക്ക്‌, അഭില​ഷ​ണീ​യ​മായ പല ഗുണങ്ങ​ളും പ്രദാനം ചെയ്യുന്നു. “ഏറ്റവു​മ​ധി​കം വലിവു​റ​പ്പുള്ള (tensile) പദാർഥം” എന്ന്‌ സെല്ലു​ലോസ്‌ വിശേ​ഷി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

[5-ാം പേജിലെ ചതുരം]

വംശനാശത്തിനിരയായ ഈച്ച, സൗരോർജ പാനലു​കൾ മെച്ച​പ്പെ​ടു​ത്താൻ സഹായി​ക്കു​ന്നു

ഒരു കാഴ്‌ച​ബം​ഗ്ലാ​വു സന്ദർശിച്ച ശാസ്‌ത്രജ്ഞൻ പയനിൻ പശയിൽ പരിര​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന, വംശനാ​ശ​ത്തി​നി​ര​യായ ഒരു ഈച്ചയു​ടെ ചിത്രങ്ങൾ കാണാ​നി​ട​യാ​യി എന്ന്‌ ന്യൂ സയന്റിസ്റ്റ്‌ മാസി​ക​യിൽ വന്ന ഒരു റിപ്പോർട്ടു പറയുന്നു. ആ ഈച്ചയു​ടെ കണ്ണുക​ളിൽ പൊങ്ങി​നിൽക്കുന്ന, സമാന്ത​ര​മായ നിരവധി വരകൾ ഉള്ളതായി അദ്ദേഹം ശ്രദ്ധിച്ചു. ഇവ കൂടുതൽ പ്രകാശം ആഗിരണം ചെയ്യാൻ തക്കവണ്ണം ഈച്ചയു​ടെ നേത്ര​ങ്ങളെ സഹായി​ച്ചി​രി​ക്കാം എന്ന്‌ അദ്ദേഹം ഊഹിച്ചു, പ്രത്യേ​കി​ച്ചും പ്രകാശം വളരെ ചെരിഞ്ഞ കോണിൽ പതിക്കു​മ്പോൾ. അദ്ദേഹ​വും മറ്റു ഗവേഷ​ക​രും പരീക്ഷ​ണങ്ങൾ നടത്തു​ക​യും തങ്ങളുടെ ഊഹം ശരിയാ​ണെന്നു സ്ഥിരീ​ക​രി​ക്കു​ക​യും ചെയ്‌തു.

താമസിയാതെ തന്നെ, ശാസ്‌ത്രജ്ഞർ സൗരോർജ പാനലി​ന്റെ സ്‌ഫടിക മൂടി​യിൽ ഇതേ മാതൃ​ക​യിൽ, പൊങ്ങി​നിൽക്കുന്ന വരകൾ ഉണ്ടാക്കാൻ പരിപാ​ടി​യി​ട്ടു. ഇത്‌ സൗരോർജ പാനലു​കൾ ഉത്‌പാ​ദി​പ്പി​ക്കുന്ന ഊർജ​ത്തി​ന്റെ അളവു വർധി​പ്പി​ക്കു​മെന്ന്‌ അവർ പ്രതീ​ക്ഷി​ക്കു​ന്നു. സൂര്യന്റെ സ്ഥാനം മാറു​ന്ന​ത​നു​സ​രിച്ച്‌ സൗരോർജ പാനലി​നെ അതിന്‌ അഭിമു​ഖ​മാ​യി നിറു​ത്താൻ ഇപ്പോൾ ഉപയോ​ഗി​ക്കുന്ന ചെല​വേ​റിയ ട്രാക്കിംഗ്‌ സംവി​ധാ​ന​ത്തി​ന്റെ ആവശ്യം അങ്ങനെ ഇല്ലാതാ​യേ​ക്കാം. മെച്ചപ്പെട്ട സൗരോർജ പാനലു​കൾ, ഫോസിൽ ഇന്ധനങ്ങ​ളു​ടെ ഉപയോ​ഗം കുറ​ച്ചേ​ക്കാം. ഇത്‌ മലിനീ​ക​ര​ണ​വും കുറയ്‌ക്കും. തീർച്ച​യാ​യും, നല്ലൊരു ലക്ഷ്യം തന്നെയാ​ണത്‌. പ്രകൃതി അത്ഭുത​ക​ര​മായ രൂപര​ച​ന​ക​ളു​ടെ ഒരു നിത്യ​ഭ​ണ്ഡാ​രം തന്നെ ആണെന്നു മനസ്സി​ലാ​ക്കാൻ ഇതു​പോ​ലുള്ള കണ്ടുപി​ടി​ത്തങ്ങൾ നമ്മെ തീർച്ച​യാ​യും സഹായി​ക്കു​ന്നു. നമുക്കു കണ്ടെത്താ​നും നോക്കി മനസ്സി​ലാ​ക്കാ​നും പകർത്താ​നു​മാ​യി അതിന്റെ കവാടങ്ങൾ മലർക്കെ തുറന്നി​ട്ടു തന്നിരി​ക്കു​ന്നു.

[6-ാം പേജിലെ ചതുരം]

ബഹുമതി അർഹി​ക്കു​ന്ന​വന്‌ അതു കൊടു​ക്കു​ക

വർഷം 1957. സ്വിസ്സ്‌ എൻജി​നീ​യ​റാ​യി​രുന്ന ഷൊർഷ്‌ ഡെ മെസ്‌ട്രാൽ തന്റെ വസ്‌ത്ര​ങ്ങ​ളിൽ ഉടക്കി പിടി​ച്ചി​രി​ക്കുന്ന കൊച്ചു കായ്‌ക​ളിൽ നിറയെ ചെറിയ ചെറിയ കൊളു​ത്തു​കൾ ഉള്ളതായി ശ്രദ്ധി​ക്കാ​നി​ട​യാ​യി. അദ്ദേഹം ഈ കായ്‌ക​ളെ​യും അവയിലെ കൊളു​ത്തു​ക​ളെ​യും കുറിച്ച്‌ പഠനം നടത്തി. പെട്ടെന്നു തന്നെ അദ്ദേഹ​ത്തി​ന്റെ ഉള്ളിലെ സർഗാ​ത്മകത ഉണർന്നു. പിന്നീ​ടുള്ള എട്ടു വർഷം അദ്ദേഹം, ആ കായ്‌ക​ളോ​ടു സമാന​ത​യുള്ള ഒന്ന്‌ കൃത്രി​മ​മാ​യി ഉണ്ടാക്കി​യെ​ടു​ക്കാ​നുള്ള ബദ്ധപ്പാ​ടി​ലാ​യി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ കണ്ടുപി​ടി​ത്തം വളരെ പെട്ടെന്ന്‌ ലോക​ശ്രദ്ധ പിടി​ച്ചു​പറ്റി. വെൽക്രോ എന്നാണ്‌ അത്‌ അറിയ​പ്പെ​ടു​ന്നത്‌. കൊളുത്ത്‌, ബട്ടൻസ്‌, സിപ്‌ എന്നിവ​യ്‌ക്കു പകരം ബാഗും മറ്റും അടയ്‌ക്കാൻ ഉപയോ​ഗി​ക്കുന്ന ആ സാധനം ഇന്ന്‌ ഏവർക്കും സുപരി​ചി​ത​മാണ്‌.

വെൽക്രോ ആരും രൂപകൽപ്പന ചെയ്‌തതല്ല, പിന്നെ​യോ ഒരു ഫാക്ടറി​യിൽ തുടർച്ച​യാ​യി നടന്ന ആയിര​ക്ക​ണ​ക്കിന്‌ യാദൃ​ച്ഛിക സംഭവ​ങ്ങ​ളു​ടെ ഫലമായി തനിയെ ഉണ്ടായ​താ​ണെ​ന്നുള്ള വാർത്ത ലോക​മൊ​ട്ടാ​കെ പ്രചരി​ച്ചി​രു​ന്നെ​ങ്കിൽ ഡെ മെസ്‌ട്രാ​ലിന്‌ എന്തു തോന്നു​മാ​യി​രു​ന്നു എന്ന്‌ ഒന്നു സങ്കൽപ്പി​ച്ചു നോക്കൂ. അർഹി​ക്കു​ന്ന​വർക്ക്‌ ബഹുമതി കൊടു​ക്കു​ക​തന്നെ വേണം. അതാണു നീതി. മനുഷ്യ​രായ കണ്ടുപി​ടി​ത്ത​ക്കാർക്ക്‌ പേറ്റന്റു​കൾ ലഭിക്കാ​റു​ള്ളത്‌ അക്കാര​ണ​ത്താൽ തന്നെയാണ്‌. അതേ, മിക്ക​പ്പോ​ഴും പ്രകൃ​തി​യിൽ കാണുന്ന അത്ഭുത​ക​ര​മായ രൂപര​ച​ന​ക​ളു​ടെ അപൂർണ​ങ്ങ​ളായ അനുക​ര​ണങ്ങൾ ആയിരു​ന്നി​ട്ടു​കൂ​ടി, തങ്ങളുടെ സൃഷ്ടി​കൾക്കുള്ള ബഹുമ​തി​യും സാമ്പത്തിക പ്രതി​ഫ​ല​ങ്ങ​ളും പ്രശം​സ​യു​മൊ​ക്കെ ലഭിക്കാൻ മനുഷ്യർക്ക്‌ അർഹത​യു​ണ്ടെ​ന്നാണ്‌ ഇതു സൂചി​പ്പി​ക്കു​ന്നത്‌. അങ്ങനെ​യെ​ങ്കിൽ നമ്മുടെ ജ്ഞാനി​യായ സ്രഷ്ടാ​വിന്‌ അവന്റെ തികവുറ്റ ‘ഒറിജി​നൽ’ സൃഷ്ടി​കൾക്കുള്ള ബഹുമതി തീർച്ച​യാ​യും ലഭി​ക്കേ​ണ്ട​തല്ലേ?

[5-ാം പേജിലെ ചിത്രം]

അസ്ഥികൾ ഉരുക്കി​നെ​ക്കാൾ ബലമേ​റി​യ​വ​യാണ്‌

[കടപ്പാട്‌]

Anatomie du gladiateur combattant...., Paris, 1812, Jean-Galbert Salvage

[7-ാം പേജിലെ ചിത്രം]

തിമിംഗിലത്തിന്റെ ബ്ലബർ അതിനെ വെള്ളത്തിൽ പൊങ്ങി​ക്കി​ട​ക്കാൻ സഹായി​ക്കു​ന്നു, കൂടാതെ ഒന്നാന്തര മൊരു ‘കമ്പിളി’യായും ‘ഭക്ഷ്യ​ശേഖര’മായും അത്‌ ഉതകുന്നു

[കടപ്പാട്‌]

© Dave B. Fleetham/Visuals Unlimited

[7-ാം പേജിലെ ചിത്രം]

അസ്‌ത്രവും കുന്തവും എന്തിന്‌ വെടി​യുണ്ട പോലും ഏൽക്കാത്ത ഒന്നാന്ത​ര​മൊ​രൂ പടച്ചട്ട​യാണ്‌ മുതല​യ്‌ക്കും ചീങ്കണ്ണി​ക്കും ഉള്ളത്‌

[7-ാം പേജിലെ ചിത്രം]

എട്ടുകാലിയുടെ പട്ടുനൂൽ ഉരുക്കി​നെ​ക്കാൾ അഞ്ചു മടങ്ങ്‌ കരു​ത്തേ​റി​യതാ ണെങ്കി​ലും അങ്ങേയറ്റം ഇലാസ്‌തി​ക​ത​യു​ള്ള​താണ്‌

[8-ാം പേജിലെ ചിത്രം]

മരംകൊത്തിയുടെ തലച്ചോറ്‌,

ഷോക്ക്‌ അബ്‌സോർബർ ആയി വർത്തി​ക്കുന്ന വളരെ കട്ടികൂ​ടിയ അസ്ഥിയാൽ സംരക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു

[8-ാം പേജിലെ ചിത്രം]

ഓന്ത്‌ ചുറ്റു​പാ​ടി​ന​നു​സ​രിച്ച്‌ അതിന്റെ നിറം മാറ്റുന്നു

[8-ാം പേജിലെ ചിത്രം]

പ്ലവനക്ഷമത നിയ​ന്ത്രി​ക്കാൻ സഹായി​ക്കുന്ന പ്രത്യേക അറകൾ നോട്ടി​ല​സി​നുണ്ട്‌

[9-ാം പേജിലെ ചിത്രം]

മാണിക്യകണ്‌ഠൻ മൂളി​പ്പ​ക്ഷിക്ക്‌ മൂന്നു ഗ്രാമിൽ കുറഞ്ഞ ഇന്ധനവു​മാ​യി 1,000 കിലോ​മീ​റ്റർ ദൂരം സഞ്ചരി​ക്കാൻ കഴിയും

[9-ാം പേജിലെ ചിത്രം]

കൂന്തൽ ജെറ്റ്‌ പ്രേഷണം ഉപയോ​ഗ​പ്പെ​ടു​ത്തു​ന്നു

[9-ാം പേജിലെ ചിത്രം]

ഉജ്ജ്വലമെങ്കിലും തണുത്ത വെളിച്ചം തെളി​ക്കാൻ ചില രാസ അത്ഭുതങ്ങൾ മിന്നാ​മി​നു​ങ്ങു​കളെ സഹായി​ക്കു​ന്നു

[കടപ്പാട്‌]

© Jeff J. Daly/Visuals Unlimited