ബ്രാറ്റിസ്ലാവ—ഒരു കൊച്ചു കടവ് തലസ്ഥാന നഗരിയായി വളരുന്നു
ബ്രാറ്റിസ്ലാവ—ഒരു കൊച്ചു കടവ് തലസ്ഥാന നഗരിയായി വളരുന്നു
സ്ലൊവാക്യയിലെ ഉണരുക! ലേഖകൻ
സമയത്തിന്റെ തേരിലേറി പിന്നോട്ടു സഞ്ചരിക്കാൻ നിങ്ങൾക്കാകുമെന്നു വിചാരിക്കുക. 1741 എന്ന വർഷത്തിലാണ് നിങ്ങളിപ്പോൾ. ചുറ്റും ആവേശക്കടലിരമ്പുകയാണ്. അന്തരീക്ഷത്തിൽ കാഹളനാദത്തിന്റെ മുഴക്കം. ഒരു ഘോഷയാത്ര കടന്നുപോകുന്ന വീഥിയുടെ എത്രയും അടുത്ത് എത്തിപ്പെടാനുള്ള തിക്കും തിരക്കുമാണെങ്ങും. ഉള്ളതിലേക്കും നല്ല വസ്ത്രങ്ങളണിഞ്ഞ കർഷകരും ഏറ്റവും പുതിയ ഫാഷൻ വസ്ത്രങ്ങൾ ധരിച്ച, ഉദ്ധതഭാവമുള്ള ഇടത്തരക്കാരും അക്കൂട്ടത്തിലുണ്ട്. നടക്കുന്നതെല്ലാം കാണാനും ഒപ്പം തങ്ങളുടെ പ്രൗഢി എല്ലാവരെയുമൊന്നു കാണിക്കാനും പ്രഭുകുടുംബത്തിൽപ്പെട്ടവരും എത്തിയിട്ടുണ്ട്. ഒരു യുവതിയുടെ ചിത്രം ആലേഖനം ചെയ്ത വെള്ളിനാണയങ്ങളും സ്വർണനാണയങ്ങളും രാജകിങ്കരന്മാർ വിതരണം ചെയ്യുമ്പോൾ ജനം ആവേശം കൊണ്ട് ആർത്തുവിളിക്കുകയാണ്. ഈ ബഹളത്തിന്റെയും ഉത്സാഹത്തിമിർപ്പിന്റെയുമൊക്കെ കാരണം? ഹംഗറിയുടെ രാജ്ഞി സ്ഥാനം അലങ്കരിക്കുന്നതിന് ഓസ്ട്രിയയുടെ ആർച്ച്ഡച്ചസ്, മരിയ തെരേസ, നഗരത്തിലേക്ക് എഴുന്നള്ളുകയാണ്.
ഇനി തിരികെ വർത്തമാനകാലത്തിലേക്ക്. ഈ സുപ്രധാന കിരീടധാരണച്ചടങ്ങു നടന്ന സ്ഥലം സന്ദർശിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, നിങ്ങൾ എവിടെ ചെല്ലണം? എന്തായാലും, മരിയ തെരേസയുടെ കൊട്ടാരം സ്ഥിതിചെയ്യുന്ന വിയന്നയിലല്ല. ഇന്നത്തെ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലുമല്ല. അതിന്, വിയന്നയ്ക്ക് 56 കിലോമീറ്റർ കിഴക്കായി, ഡാന്യൂബ് നദിയുടെ ഇരുകരകളിലുമായി പരന്നുകിടക്കുന്ന ബ്രാറ്റിസ്ലാവ എന്ന നഗരം സന്ദർശിക്കേണ്ടി വരും.
പ്രകൃതിയുടെ എല്ലാ സുന്ദര ഭാവങ്ങളും ഒത്തുചേരുന്ന സ്ലൊവാക്യയുടെ തലസ്ഥാനമാണ് ഇന്നത്തെ ബ്രാറ്റിസ്ലാവ. ഏകദേശം 5 ലക്ഷം വരും അവിടത്തെ ജനസംഖ്യ. അയൽരാജ്യങ്ങളുടെ തലസ്ഥാന നഗരികളായ ബുഡാപെസ്റ്റ്, വിയന്ന, പ്രാഗ് എന്നിവയുടേതു പോലുള്ള ഒരു നീണ്ട ചരിത്രമൊന്നും ബ്രാറ്റിസ്ലാവയ്ക്ക് അവകാശപ്പെടാനില്ല. എങ്കിലും രണ്ടു നൂറ്റാണ്ടിലധികം ഹംഗറിയുടെ തലസ്ഥാനമായിരുന്നു ആ നഗരം. അത്തരമൊരു പദവിയുടേതായ എല്ലാ മഹത്ത്വങ്ങളും അതു ശരിക്കും ആസ്വദിക്കുകയും ചെയ്തു. ഹംഗറി ഭരിച്ച 11 രാജാക്കന്മാരുടെ കിരീടധാരണത്തിനു വേദിയാകാൻ ബ്രാറ്റിസ്ലാവയ്ക്കു കഴിഞ്ഞിരിക്കുന്നു. എന്നാൽ, ഈ നഗരത്തെ ഇത്ര സവിശേഷതയുള്ളത് ആക്കിത്തീർത്തത് എന്താണ്?
ഒരു പുരാതന അധിവാസസ്ഥലം
യൂറോപ്പിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയായ ഡാന്യൂബിന്റെ
കരയിൽ, സൗകര്യപ്രദമായ ഒരു സ്ഥാനത്താണ് ബ്രാറ്റിസ്ലാവ സ്ഥിതിചെയ്യുന്നത്. പണ്ടൊക്കെ, അവിടെയെത്തുമ്പോൾ ഡാന്യൂബിന്റെ ഒഴുക്ക് കുറഞ്ഞിരുന്നു, ആഴവും. ഇത് ഒരു പ്രകൃതിദത്ത കടവിന് രൂപം നൽകി. തീരങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ പാലങ്ങൾ ഉണ്ടാകുന്നതിനൊക്കെ വളരെ മുമ്പുതന്നെ, മൃഗങ്ങളും കാളവണ്ടികളുമൊക്കെയായി ആളുകൾ അതിലെ അക്കരെ കടക്കുക പതിവായിരുന്നു. അങ്ങനെ, വളരെ പണ്ടു കാലം മുതലേ ഇന്നത്തെ ബ്രാറ്റിസ്ലാവയ്ക്കു ചുറ്റുമുള്ള പ്രദേശം തിരക്കുപിടിച്ച ഒരു കടവായി തീർന്നിരുന്നു. പൊ.യു.മു. 1500-ൽ തന്നെ യൂറോപ്പിന്റെ വടക്കും തെക്കും അറ്റങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന, ആംബർ റൂട്ട്സ് എന്ന സുപ്രധാന വാണിജ്യമാർഗ ശൃംഖലയിലെ പാതകളിൽ ഒരെണ്ണം ഈ നഗരത്തിലൂടെ കടന്നുപോയിരുന്നു. കാലാന്തരത്തിൽ, തൊട്ടടുത്ത് ഒരു കുന്നിലുള്ള—ഇപ്പോൾ ബ്രാറ്റിസ്ലാവ കാസിൽ എന്നറിയപ്പെടുന്ന ഹർമ്യം സ്ഥിതിചെയ്യുന്ന ഇടം—ഒരു കോട്ട, ആ കടവിലൂടെയുള്ള ഗതാഗതത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.കാലചക്രത്തെ പിന്നോട്ടു തിരിക്കാനാകുമെങ്കിൽ, ആ കടവിൽ വെച്ച് നിങ്ങൾ ആരെയൊക്കെയാകും കണ്ടുമുട്ടുക? പൊ.യു.മു. നാലാം നൂറ്റാണ്ടിനോട് അടുത്താണ് നിങ്ങൾ അവിടെ എത്തുന്നതെങ്കിൽ, നിങ്ങളെ സ്വാഗതം ചെയ്യുക കെൽറ്റ് ജനതയായിരിക്കും. ആ സമയമായപ്പോഴേക്കും, അവർ ആ പ്രദേശം തങ്ങളുടെ സാംസ്കാരിക കേന്ദ്രമാക്കിത്തീർത്തിരുന്നു. കളിമൺപാത്രങ്ങളും നാണയങ്ങളും നിർമിച്ചിരുന്ന പ്രാദേശിക കെൽറ്റ് സമുദായത്തിന്റെ അക്രോപൊലിസായിരുന്നു ആ കുന്ന്.
എന്നാൽ, പൊതുയുഗത്തിന്റെ ആരംഭത്തിലായിരുന്നു നിങ്ങളുടെ സന്ദർശനമെങ്കിലോ? ലത്തീൻ കുറച്ചൊക്കെ അറിയാമായിരുന്നെങ്കിൽ, അവിടത്തുകാരുമായി സംസാരിക്കാൻ നിങ്ങൾക്കു കഴിയുമായിരുന്നു. കാരണം, റോമാക്കാർ തങ്ങളുടെ സാമ്രാജ്യത്തിന്റെ വടക്കൻ അതിർത്തികൾ അപ്പോഴേക്കും ഡാന്യൂബ് വരെ വ്യാപിപ്പിച്ചു കഴിഞ്ഞിരുന്നു. എന്നാൽ അതേസമയം, പടിഞ്ഞാറു നിന്നു വരുന്ന ജർമാനിക് ജനതയെയും നിങ്ങൾ അവിടെ കണ്ടുമുട്ടിയേനെ.
ഇനി, മധ്യകാലഘട്ടത്തിൽ—ഉദാഹരണത്തിന്, എട്ടാം നൂറ്റാണ്ടിൽ—ആയിരുന്നു ബ്രാറ്റിസ്ലാവ സന്ദർശിക്കാൻ നിങ്ങൾ പദ്ധതിയിട്ടിരുന്നതെങ്കിൽ, നിങ്ങൾ ചെന്നുകയറുന്നത് വംശങ്ങളുടെ ഒരു സംഗമസ്ഥാനത്തായിരുന്നേനെ. ആ സമയമായപ്പോഴേക്കും വൻ കുടിയേറ്റം (Great Migration) എന്നു വിളിക്കപ്പെടുന്നതു സംഭവിച്ചു കഴിഞ്ഞിരുന്നു. കിഴക്കു നിന്നുള്ള സ്ലാവ് ജനത ബ്രാറ്റിസ്ലാവയിൽ കുടിപാർപ്പു തുടങ്ങിയിരുന്നു. തെക്കായി താമസമുറപ്പിച്ചു കഴിഞ്ഞിരുന്ന ഹംഗറിക്കാരിൽ കുറെപ്പേർ ബ്രാറ്റിസ്ലാവിയയിലേക്കും നുഴഞ്ഞുകയറി. പക്ഷേ എന്തുകൊണ്ടോ, സ്ലാവ് ജനതയ്ക്കായിരുന്നു അവിടെ കൂടുതൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞത്. പത്താം നൂറ്റാണ്ടിൽ നിർമിച്ച, അവിടത്തെ ആദ്യത്തെ ഹർമ്യത്തിന്റെ (castle) സ്ലാവിക് പേര് ഇതിനുള്ള തെളിവാണ്. ബ്രെസാലൗസ്പൂർട്ട്സ് അഥവാ “ബ്രാസ്ലാവ് കാസിൽ” എന്നായിരുന്നു അതിന്റെ പേര്. ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ ബഹുമാനാർഥം നൽകിയ പേരാണ് അതെന്നു കരുതപ്പെടുന്നു. ബ്രാറ്റിസ്ലാവ എന്ന സ്ലൊവാക് പേര് ഉരുത്തിരിഞ്ഞത് ഇതിൽ നിന്നാണ്.
മധ്യകാലഘട്ട നഗരം
കാലക്രമത്തിൽ, ഇന്ന് സ്ലൊവാക്യ എന്നറിയപ്പെടുന്ന രാജ്യം ഹംഗറിയുടെ ഭാഗമായി തീർന്നു. പൊ.യു. 1211-ൽ രേഖപ്പെടുത്തപ്പെട്ട ഒരു ചരിത്ര വിവരണം, ബ്രാറ്റിസ്ലാവ കാസിലിനെ ഹംഗറിയിലെ ഏറ്റവും ശക്തമായ ഹർമ്യമായി വിശേഷിപ്പിക്കുന്നു. മുപ്പതു വർഷങ്ങൾക്കു ശേഷം, ടാട്ടർ ആക്രമണകാരികളിൽ നിന്നുള്ള ഒരു ആക്രമണത്തെ ചെറുത്തുനിൽക്കാൻ ഈ ഹർമ്യത്തിനു സാധിച്ചപ്പോൾ ആ വിലയിരുത്തൽ തികച്ചും ശരിയാണെന്നു തെളിഞ്ഞു. ആ വിജയം, ഹർമ്യത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ കുടിപാർപ്പുകാർ പെരുകുന്നതിന് ഇടയാക്കി. 1291-ൽ, ഹംഗറിയുടെ രാജാവായിരുന്ന ഓൺഡ്രേ മൂന്നാമൻ പട്ടണത്തെ ഒരു മുൻസിപ്പാലിറ്റിയായി ഉയർത്തി. അതോടെ, അവിടത്തെ ജനങ്ങൾക്ക് മേയറെ തിരഞ്ഞെടുക്കാനും ഡാന്യൂബ് നദിയിലൂടെ ചരക്കു കൊണ്ടുപോകാനും “കരയിലും വെള്ളത്തിലും” സ്വതന്ത്രമായി കച്ചവടം നടത്താനുമുള്ള അവകാശം ലഭിക്കുകയും ചെയ്തു. വെയിൽ സമൃദ്ധമായി ലഭിച്ചിരുന്ന അവിടത്തെ കുന്നിൻചെരുവുകളിൽ മുന്തിരി തഴച്ചുവളർന്നിരുന്നു. അതുകൊണ്ടുതന്നെ, വീട്ടിൽ ഉണ്ടാക്കിയിരുന്ന വീഞ്ഞ് മറ്റുള്ളവർക്കു വിൽക്കാനുള്ള അവകാശം അവിടത്തെ ജനങ്ങൾ സന്തോഷപൂർവം സ്വാഗതം ചെയ്തു.
പിന്നീട്, ഹംഗറിയുടെ രാജാക്കന്മാർ നഗരത്തിനു കൂടുതലായ പദവികൾ നൽകി. ഇത് നഗരവികസനം ത്വരിതപ്പെടുത്തി. 1526-ലാണ് ബ്രാറ്റിസ്ലാവ ഹംഗറിയുടെ തലസ്ഥാന പദവി
അലങ്കരിക്കാൻ തുടങ്ങിയത്. 1784 വരെ അത് ആ പദവിയിൽ തുടർന്നു. ഈ കാലയളവിൽ, ബ്രാറ്റിസ്ലാവ കൂടുതൽ വംശീയ വൈവിധ്യമുള്ളതായി തീർന്നു. ജനസംഖ്യയുടെ അധികപങ്കും സ്ലാവു ജനതയും ഹംഗറിക്കാരും ആയിരുന്ന ആ പ്രദേശത്തിന്റെ വംശീയ വൈവിധ്യത്തെ വീണ്ടും സമ്പന്നമാക്കിക്കൊണ്ട് അവിടേക്ക് ജർമൻകാരും യഹൂദന്മാരും വന്നെത്തി. 17-ാം നൂറ്റാണ്ടിൽ, തുർക്കി സാമ്രാജ്യം വടക്കോട്ടും പടിഞ്ഞാറോട്ടും വ്യാപിച്ചപ്പോൾ അനേകം ക്രോയേഷ്യക്കാർ അഭയം തേടിയത് ബ്രാറ്റിസ്ലാവയിലാണ്. അതുപോലെ, അങ്ങ് പടിഞ്ഞാറ് യൂറോപ്പിൽ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിൽ നടന്ന മുപ്പതു വർഷത്തെ യുദ്ധത്തിനിടയിൽ പലായനം ചെയ്ത അനേകം ചെക്കുകാർ അഭയം തേടിയതും ബ്രാറ്റിസ്ലാവയിൽ തന്നെയായിരുന്നു.ബ്രാറ്റിസ്ലാവ 20-ാം നൂറ്റാണ്ടിൽ
20-ാം നൂറ്റാണ്ടിന്റെ ആരംഭമായപ്പോഴേക്കും, ബ്രാറ്റിസ്ലാവ ഒരു ബഹുരാഷ്ട്ര, ബഹുസംസ്കാര നഗരമായി മാറിക്കഴിഞ്ഞിരുന്നു. അന്ന്, ജർമനിലോ ഹംഗേറിയനിലോ ആവശ്യപ്പെട്ടാൽ കടകളിൽനിന്നു സാധനങ്ങൾ ലഭിക്കുമായിരുന്നു എന്നു തീർച്ച. എന്നാൽ ചെക്കുകാർക്കും റൊമാനികൾക്കും (ജിപ്സികൾ) സമൂഹത്തിൽ ഒരു പ്രബല സ്ഥാനം ഉണ്ടായിരുന്നു, അതുപോലെ തന്നെ യഹൂദന്മാർക്കും. ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പ്, സ്ലൊവാക്യക്കാർ അവിടത്തെ ജനസംഖ്യയുടെ ഏതാണ്ട് 15 ശതമാനം മാത്രമേ വരുമായിരുന്നുള്ളൂ. എന്നാൽ 1921 ആയപ്പോഴേക്കും നഗരവാസികളിൽ ഭൂരിപക്ഷവും സ്ലൊവാക്യക്കാരായിരുന്നു.
അധികം താമസിയാതെ, യൂറോപ്പിൽ ആകമാനം രണ്ടാം ലോകമഹായുദ്ധത്തിന്റെ കരിനിഴൽ പരന്നു. അതോടെ, ബ്രാറ്റിസ്ലാവയുടെ ചരിത്രത്തിലെ ദുഃഖപൂർണമായ ഒരു അധ്യായവും ആരംഭിക്കുകയായി. ആ നഗരത്തിന്റെ വംശീയ
ഐക്യത്തെ തന്നെ അതു തകിടംമറിച്ചു. നഗരം വിട്ടുപോകാൻ ആദ്യം നിർബന്ധിതരായതു ചെക്കോസ്ലോവാക്യക്കാരായിരുന്നു. പിന്നീട്, റൊമാനികളും യഹൂദന്മാരും നാടുകടത്തപ്പെട്ടു. ഇവരിൽ ആയിരക്കണക്കിനു പേർ പിന്നീട് തടങ്കൽപ്പാളയങ്ങളിൽ വെച്ചു മരണമടയുകയുണ്ടായി. രണ്ടാം ലോകമഹായുദ്ധാനന്തരം, അവിടെയുണ്ടായിരുന്ന ജർമൻ സംസാരിക്കുന്ന ആളുകളിൽ ഭൂരിഭാഗത്തെയും നാടുകടത്തി. എങ്കിലും കാലക്രമത്തിൽ, ഈ വംശീയകൂട്ടങ്ങളിൽപ്പെട്ടവർ തങ്ങളുടെ ജന്മനാട്ടിൽ തിരിച്ചെത്തി. അവരുടെ സാന്നിധ്യം ഇന്നും ബ്രാറ്റിസ്ലാവയുടെ വൈവിധ്യത്തിനു മാറ്റുകൂട്ടുന്നു.ഇന്ന് ബ്രാറ്റിസ്ലാവയിലേക്ക് ഒരു സന്ദർശനം
ആധുനിക ബ്രാറ്റിസ്ലാവയിലൂടെ കുറച്ചുദൂരം നടക്കാൻ പോരുന്നോ? നാം ആദ്യമായി ചെല്ലുന്നത്, മനോഹരമായി പുതുക്കിപ്പണിത ബ്രാറ്റിസ്ലാവ കാസിലിലേക്കാണ്. അതിന്റെ ഉദ്യാനത്തിൽ നിന്നുനോക്കിയാൽ, ഡാന്യൂബ് നദിയുടെ ഇരുകരകളിലുമായി വ്യാപിച്ചു കിടക്കുന്ന നഗരം കാണാം.
കുന്നിന്റെ അടിവാരത്ത്, അതായത് ഹർമ്യം സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ തൊട്ടുതാഴെയാണ് ചരിത്രമുറങ്ങുന്ന ‘പഴയ നഗരം’. അതിന്റെ കൗതുകം നിറഞ്ഞ, ഇടുങ്ങിയ തെരുവീഥികളിലൂടെ നടക്കുമ്പോൾ, നൂറ്റാണ്ടുകൾക്കു മുമ്പുള്ള ഏതോ ഒരു കാലത്തു ചെന്നെത്തിയ പ്രതീതിയാണു നമ്മിൽ ഉളവാകുക. വാസ്തുകലാ ചാതുര്യം തുളുമ്പുന്ന അവിടത്തെ കൊട്ടാരക്കെട്ടുകളും മാളികകളും കൗതുകമൂറുന്ന കണ്ണുകളോടെ നാം നോക്കിക്കാണുന്നു. ഇഷ്ടമാണെങ്കിൽ നമുക്ക്, ചരിത്ര പ്രസിദ്ധമായ കോഫിഹൗസുകളിൽ ഏതിലെങ്കിലും ഒന്നിൽ കയറി ഒരു കപ്പു ചായയോ കാപ്പിയോ കുടിക്കാം. ഒപ്പം, വാൽനട്ടും കസ്കസും നിറച്ച ബ്രാറ്റിസ്ലാവയിലെ പേരുകേട്ട ചില പലഹാരങ്ങളും.
‘പഴയ നഗര’ത്തിന്റെ സമീപത്തുകൂടി ഒഴുകുന്ന ഡാന്യൂബിന്റെ ഇരുകരകളിലൂടെയും വെറുതെയൊന്നു നടക്കാൻ വർഷം മുഴുവൻ സന്ദർശകരെത്താറുണ്ട്. അവിടെ, ആധുനിക ബ്രാറ്റിസ്ലാവയുടെ മുഖമുദ്രകളിൽ ഒന്നായ, ആരുടെയും ശ്രദ്ധ പിടിച്ചെടുക്കുന്ന ഒരു നിർമിതിയുണ്ട്—‘പുതിയ പാലം’. പാലത്തിന്മേൽ ചെരിഞ്ഞു നിൽക്കുന്ന ഒരു ഗോപുരവും അതിന്റെ മുകൾ ഭാഗത്തായി ഒരു റെസ്റ്ററന്റുമുണ്ട്. റെസ്റ്ററന്റ് കണ്ടാൽ, നദിയുടെ മറുകരയിലുള്ള പെട്രസാൽക്ക ഹൗസിങ്ങ് കോളനിയുടെ മുകളിൽ അതു തങ്ങിനിൽക്കുകയാണോ എന്നു തോന്നിപ്പോകും.
ബ്രാറ്റിസ്ലാവയിൽ ധാരാളം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായി നിങ്ങൾക്കു തോന്നുന്നുവെങ്കിൽ, അതു വളരെ ശരിയാണ്. ഈ അടുത്ത കാലത്ത് ‘പഴയ നഗര’ത്തിന്റെ കുറെ ഭാഗങ്ങൾ പുതുക്കിപ്പണിയുകയുണ്ടായി. കൂടാതെ, 1990-കളിൽ ഒട്ടേറെ സ്റ്റീൽ, സ്ഫടിക നിർമിതികൾ പണിതുയർത്തിയിട്ടുണ്ട്. ഇപ്പോഴും നിർമാണത്തിലിരിക്കുന്ന അത്തരം അനവധി എണ്ണവുമുണ്ട്. ഈ ഓഫീസുകളും ബിസിനസ്സ് കേന്ദ്രങ്ങളും ബാങ്കുകളുമെല്ലാമാണ് നഗരത്തിന് അതിന്റെ ആധുനിക മുഖച്ഛായ നൽകുന്നത്.
ബ്രാറ്റിസ്ലാവ സന്ദർശനത്തിന്റെ ഓർമയ്ക്കായി എന്തെങ്കിലും വാങ്ങിക്കൊണ്ടു പോകാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടാകുന്നതു സ്വാഭാവികം. അതുകൊണ്ട്, നമുക്ക് ലേസുകൊണ്ട് നിർമിച്ച മേശവിരിയോ ദേശീയ വസ്ത്രങ്ങൾ അണിയിച്ചിരിക്കുന്ന പാവകളോ പോലുള്ള കരകൗശലവസ്തുക്കൾ വിൽക്കുന്ന ഒരു കടയിൽ കയറാം. അല്ലെങ്കിൽ, ബ്രാറ്റിസ്ലാവക്കാർ നൂറ്റാണ്ടുകളായി സാധനങ്ങൾ വാങ്ങുന്ന, തുറസ്സായ സ്ഥലത്തു സ്ഥിതിചെയ്യുന്ന മെയ്ൻ സ്ക്വയർ മാർക്കറ്റ് നമുക്ക് സന്ദർശിക്കാവുന്നതാണ്. ഒരുപക്ഷേ, ഈ നഗരത്തിൽ സ്ഥിതിചെയ്യുന്ന വാച്ച് ടവർ സൊസൈറ്റിയുടെ മനോഹരമായ ബ്രാഞ്ച് ഓഫീസ് സന്ദർശിക്കാനും നിങ്ങൾക്കു താത്പര്യമുണ്ടായിരുന്നേക്കാം.
ഒരുപക്ഷേ, ഒരിക്കൽ നിങ്ങൾ ബ്രാറ്റിസ്ലാവ സന്ദർശിക്കില്ലെന്ന് ആരു കണ്ടു? അങ്ങനെയെങ്കിൽ, ഒരു പുരാതന നദിക്കടവിൽ നിന്ന് ആധുനിക തലസ്ഥാന നഗരിയിലേക്കുള്ള വളർച്ചയുടെ പടവുകൾ താണ്ടിയ ഈ നഗരം നിങ്ങൾക്ക് ഇഷ്ടപ്പെടും എന്നു തീർച്ച.
[15-ാം പേജിലെ ചിത്രം]
മരിയ തെരേസ
[കടപ്പാട്]
North Wind Picture Archives
[16, 17 പേജുകളിലെ ചിത്രം]
സ്ലൊവാക്ക് ദേശീയ തിയേറ്റർ
[17-ാം പേജിലെ ചിത്രം]
‘പഴയ നഗര’ത്തിലെ ഒരു തെരുവ്
[18-ാം പേജിലെ ചിത്രം]
‘പുതിയ പാല’വും ചെരിഞ്ഞു നിൽക്കുന്ന ഗോപുരവും
[18-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസും രാജ്യഹാളും