ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
റഷ്യയിൽ ജെസ്യൂട്ടുകൾക്ക് രജിസ്ട്രേഷൻ നിഷേധിക്കപ്പെടുന്നു
ഒരു സ്വതന്ത്ര മത സംഘടന എന്ന നിലയിൽ രജിസ്റ്റർ ചെയ്യപ്പെടുന്നതിനു വേണ്ടി സൊസൈറ്റി ഓഫ് ജീസസ് സമർപ്പിച്ച അപേക്ഷ, റഷ്യയിലെ നീതിന്യായ മന്ത്രാലയം തള്ളിക്കളഞ്ഞതായി നാഷണൽ കാത്തലിക് റിപ്പോർട്ടർ റിപ്പോർട്ടു ചെയ്യുന്നു. ജെസ്യൂട്ടുകൾ എന്ന പേരിൽ സാധാരണ അറിയപ്പെടുന്ന സൊസൈറ്റി ഓഫ് ജീസസ് സ്ഥാപിതമായത് 1540-ലാണ്. നിയമപരമായ അംഗീകാരം ലഭിക്കുന്നതിന് റഷ്യയിൽ മത സംഘടനകൾ വീണ്ടും രജിസ്റ്റർ ചെയ്യണമെന്ന് അവിടത്തെ പുതിയ മതനിയമം അനുശാസിക്കുന്നു. ഇതുപ്രകാരം, അവിടത്തെ മിക്ക മത സംഘടനകളും വീണ്ടും രജിസ്റ്റർ ചെയ്യപ്പെടേണ്ടതുണ്ട്. രജിസ്ട്രേഷൻ നിഷേധിക്കപ്പെടുന്ന കൂട്ടങ്ങൾക്ക് മതസാഹിത്യങ്ങൾ അച്ചടിക്കാനോ വിതരണം ചെയ്യാനോ അനുവാദമില്ല. മാത്രമല്ല, അവർക്കു മതപ്രവർത്തനങ്ങൾക്കായി വിദേശ പൗരന്മാരെ ക്ഷണിക്കാനോ അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കാനോ സാധിക്കില്ല. 1999 ഏപ്രിൽ 29-ന്, രാജ്യത്ത് അംഗീകരിക്കപ്പെടുന്ന ഒരു മതമെന്ന നിലയിൽ യഹോവയുടെ സാക്ഷികൾ വീണ്ടും രജിസ്റ്റർ ചെയ്യപ്പെടുകയുണ്ടായി.
ജപ്പാനിൽ ആത്മഹത്യാനിരക്ക് കുതിച്ചുയരുന്നു
ജപ്പാനിൽ ഏറ്റവുമധികം ആത്മഹത്യകൾ നടന്നത് 1998-ലാണ് എന്നു ദ ഡെയ്ലി യോമിയൂരി റിപ്പോർട്ടു ചെയ്യുന്നു. 32,863 ആളുകളാണ് ആ വർഷം തങ്ങളുടെ ജീവിതം അവസാനിപ്പിച്ചത് എന്നു ജപ്പാന്റെ ദേശീയ പോലീസ് ഏജൻസി പറയുന്നു. ഇത് ആ രാജ്യത്ത് റോഡ് അപകടങ്ങളിൽ കൊല്ലപ്പെട്ടവരുടെ മൂന്നിരട്ടിയിലധികം വരും. ആത്മഹത്യാനിരക്കിലെ ഈ വർധനവിന്റെ കാരണം തൊഴിലില്ലായ്മ സൃഷ്ടിച്ച സാമ്പത്തിക പരാധീനതകളാണ്. തൊഴിലില്ലായ്മയ്ക്ക് ഇടയാക്കിയതോ, ഈ അടുത്ത കാലത്ത് രാഷ്ട്രം നേരിട്ട സാമ്പത്തിക തകർച്ചയും. ജപ്പാനിലെ മരണങ്ങളിൽ ആറാമത്തെ പ്രമുഖ കാരണമാണ് ആത്മഹത്യ.
വായു മലിനീകരണം മാരകമായ അളവിൽ
“യൂറോപ്പിൽ ഏറ്റവും കൂടുതൽ വായു മലിനീകരണത്തിന് ഇടയാക്കുന്നത് വാഹന ഗതാഗതമാണ്. മാത്രമല്ല, ചില രാജ്യങ്ങളിൽ വായു മലിനീകരണം മൂലം മരിക്കുന്നവരുടെ എണ്ണം [റോഡ്] അപകടങ്ങളിൽ കൊല്ലപ്പെടുന്നവരുടേതിനെക്കാൾ കൂടുതലാണ്,” എന്ന് റോയിറ്റേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. വായു മലിനീകരണം നിമിത്തമുള്ള ശ്വാസകോശ സംബന്ധമോ ഹൃദയ സംബന്ധമോ ആയ രോഗങ്ങൾ, ഓസ്ട്രിയ, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ഓരോ വർഷവും 21,000 പേരുടെ അകാലമരണത്തിന് ഇടയാക്കുന്നതായി ലോകാരോഗ്യ സംഘടന നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു. മറ്റൊരു റിപ്പോർട്ടു പറയുന്നത്, ഇന്ത്യയിലെ 36 നഗരങ്ങളിലായി, ഓരോ ദിവസവും 110 പേർ വായു മലിനീകരണം മൂലം മരണമടയുന്നതായി കണക്കാക്കപ്പെടുന്നു എന്നാണ്.
വേഗത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ ഡേറ്റാ
വിവരങ്ങൾ കടലാസിൽ സൂക്ഷിക്കുന്നതിനെക്കാൾ നല്ലത് ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുന്നതാണെന്നു കമ്പ്യൂട്ടർ വിദഗ്ധർ വർഷങ്ങളായി കരുതിപ്പോന്നിരുന്നു. എന്നാൽ ഇപ്പോൾ, ലൈബ്രേറിയന്മാർക്കും റിക്കാർഡ് സൂക്ഷിപ്പുകാർക്കുമെല്ലാം പറയാനുള്ളതു മറ്റൊന്നാണ്. “സ്റ്റോറേജ് സിസ്റ്റങ്ങൾ പഴഞ്ചനാകുന്നതോ അവയ്ക്കു കേടുപാടുകൾ സംഭവിക്കുന്നതോ മൂലം ശാസ്ത്രീയവും ചരിത്രപരവുമായ പ്രധാനപ്പെട്ട വളരെയേറെ വിവരങ്ങളാണ് നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്നത്” എന്നു ന്യൂസ്വീക്ക് മാഗസിൻ പറയുന്നു. ചൂട്, ഈർപ്പം, ഓക്സീകരണം, അന്തരീക്ഷത്തിലെ ഏതെങ്കിലും കാന്തികമണ്ഡലത്തിന്റെ സാന്നിധ്യം എന്നിവയെല്ലാം ഡിസ്ക് ഡ്രൈവ് പോലുള്ള ഡിജിറ്റൽ സ്റ്റോറേജ് സിസ്റ്റങ്ങളെ ബാധിക്കും. മാത്രമല്ല, ശരിയായ രീതിയിലല്ല സൂക്ഷിച്ചുവെച്ചിരിക്കുന്നതെങ്കിൽ, ഡിജിറ്റൽ വിവരങ്ങൾ അടങ്ങിയ മാഗ്നറ്റിക് ടേപ്പിനു വെറും പത്തു വർഷത്തെ ആയുസ്സേ കാണൂ എന്നും ആ മാഗസിൻ പറയുന്നു. വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവർ നേരിടുന്ന മറ്റൊരു വെല്ലുവിളി, സാങ്കേതികരംഗത്ത് അനുദിനമെന്നോണം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളാണ്. ഡേറ്റാ സൂക്ഷിക്കുന്ന പുതിയ പുതിയ ഹാർഡ്വെയറുകൾ രംഗത്തു വരുന്നതുകൊണ്ട്, നോക്കിനിൽക്കേയാണ് സ്റ്റോറേജ് സിസ്റ്റങ്ങൾ പഴഞ്ചനായിപ്പോകുന്നത്. കൗൺസിൽ ഓൺ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ റിസോഴ്സസിലെ അബി സ്മിത്ത് ഇങ്ങനെ പറയുന്നു: “വിവരങ്ങളെല്ലാം സൂക്ഷിച്ചുവെക്കാൻ പേഴ്സണൽ കമ്പ്യൂട്ടറുകളുടെയും ടേപ്പ് പ്ലേയറുകളുടെയും ഒരു മ്യൂസിയംതന്നെ നിങ്ങൾക്കു സ്വന്തമായിട്ടുണ്ടായിരിക്കണം.”
ഇന്ത്യയിലെ ജനസംഖ്യ നൂറുകോടി കവിഞ്ഞിരിക്കുന്നു
1999 ആഗസ്റ്റിൽ ഇന്ത്യയിലെ ജനസംഖ്യ നൂറുകോടി കവിഞ്ഞതായി ഐക്യരാഷ്ട്ര ജനസംഖ്യാ വകുപ്പ് പറയുന്നു. ഇന്ത്യയിൽ ഇന്നുള്ള ജനസംഖ്യയുടെ വെറും മൂന്നിലൊന്നു മാത്രമാണ് 50 വർഷം മുമ്പ് ഉണ്ടായിരുന്നത്. പ്രതിവർഷം 1.6 ശതമാനം എന്ന ഇപ്പോഴത്തെ നിരക്കിൽ ജനസംഖ്യ വർധിക്കുകയാണെങ്കിൽ, ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാഷ്ട്രം എന്ന ചൈനയുടെ സ്ഥാനം നാലു പതിറ്റാണ്ടുകൾക്കുള്ളിൽ ഇന്ത്യ കൈയടക്കിയിരിക്കും. “ഇപ്പോൾത്തന്നെ, ലോകജനസംഖ്യയുടെ മൂന്നിലൊന്നിൽ കൂടുതൽ വരും ഇന്ത്യാക്കാരും ചൈനാക്കാരും ചേർന്നാൽ” എന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. അര നൂറ്റാണ്ടിലും കുറഞ്ഞ കാലംകൊണ്ട്, ഇന്ത്യക്കാരുടെ ആയുർദൈർഘ്യം 39-ൽ നിന്ന് 63 ആയി കൂടിയിരിക്കുന്നു.
യു.എസ്.-ലെ വിവാഹ നിരക്ക് താഴുന്നു
ഐക്യനാടുകളിലെ ഇപ്പോഴത്തെ വിവാഹ നിരക്ക്, രാജ്യത്തിന്റെ ചരിത്രത്തിൽ വെച്ച് ഏറ്റവും കുറഞ്ഞതാണെന്ന് ററ്റ്ഗാഴ്സ് സർവകലാശാലയുടെ ദേശീയ വിവാഹ പദ്ധതി നടത്തിയ ഒരു പഠനം കണ്ടെത്തിയതായി ദ വാഷിങ്ടൺ പോസ്റ്റിന്റെ വെബ് സൈറ്റ് പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു തൊട്ടുപിന്നാലെയുള്ള സമയങ്ങളിൽ, അവിടത്തെ കുട്ടികളിൽ 80 ശതമാനവും വളർന്നുവന്നത് മാതാപിതാക്കൾ ഇരുവരും ഉള്ള കുടുംബങ്ങളിലാണ്. എന്നാൽ, ഇന്ന് അത് 60 ശതമാനമായി കുറഞ്ഞിരിക്കുന്നു. “വിവാഹം കഴിക്കാതെ കുട്ടികളുണ്ടാകുന്നത് ഒരു ‘അഭികാമ്യമായ ജീവിതരീതി’ ആണെന്ന് അഭിപ്രായമുള്ള കൗമാരപ്രായക്കാരികളുടെ എണ്ണം, കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കുള്ളിൽ 33 ശതമാനത്തിൽ നിന്ന് 53 ശതമാനമായി വർധിച്ചിരിക്കുന്നു” എന്ന് അതേ റിപ്പോർട്ടു പറയുന്നു. “വിവാഹക്രമീകരണം ഗുരുതരമായ
പ്രതിസന്ധിയെ നേരിടുന്നു!” എന്ന് ആ റിപ്പോർട്ട് പറഞ്ഞതിൽ ഒട്ടും അതിശയിക്കാനില്ല.ആഫ്രിക്കയിൽ വിദ്യാഭ്യാസ സംബന്ധമായ പ്രശ്നങ്ങൾ
സഹാറയുടെ തെക്കുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ സ്കൂൾ പ്രായത്തിലുള്ള 40 ദശലക്ഷം കുട്ടികൾ സ്കൂളിൽ പോകുന്നില്ല എന്ന് ഓൾ ആഫ്രിക്കൻ ന്യൂസ് ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. അവിടങ്ങളിലുള്ള സ്കൂളുകൾ ഒട്ടേറെ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു. ഉദാഹരണത്തിന്, സാമ്പത്തിക പ്രശ്നങ്ങൾ നിമിത്തം, പല സ്കൂളുകളിലും വെള്ളം ലഭ്യമാക്കാൻ സാധിക്കുന്നില്ല. കക്കൂസ് സൗകര്യങ്ങൾ വളരെ കുറവാണ്, ചിലപ്പോൾ ഇല്ലതാനും. പാഠപുസ്തകങ്ങൾ കിട്ടാനില്ല. അധ്യാപകരാണെങ്കിൽ, പേരിന് മാത്രം പരിശീലനം ലഭിച്ചവരും. ഈ സാമ്പത്തിക ദുരിതങ്ങൾക്കു പുറമേയാണ്, കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ ഇടയിലെ വർധിച്ചുവരുന്ന ഗർഭധാരണം. കുട്ടികൾ സ്കൂൾ പഠനം അവസാനിപ്പിക്കുന്നതിന്റെ ഒരു പ്രമുഖ കാരണമാണ് ഇത്. സ്കൂൾ ഹാജരിനെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന മറ്റൊരു സംഗതിയാണ് എയ്ഡ്സ്. “വളരെ നേരത്തെ ലൈംഗികവേഴ്ചകളിൽ ഏർപ്പെടുന്നത് കൗമാരപ്രായക്കാരുടെ ഇടയിൽ എയ്ഡ്സ് പടർന്നുപിടിക്കാൻ ഇടയാക്കിയിരിക്കുന്നു” എന്ന് ആഫ്രിക്ക ന്യൂസ് പറയുന്നു. ഇനി എയ്ഡ്സ് ഇല്ലാത്ത ചില പെൺകുട്ടികൾക്കാണെങ്കിൽ, ആ രോഗമുള്ള ബന്ധുക്കളെ പരിചരിക്കുന്നതിന് സ്കൂൾ പഠനം നിറുത്തേണ്ടി വരുന്നു. ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്രീയ സാംസ്കാരിക സംഘടനയിലെ ഒരു പ്രാഥമിക വിദ്യാഭ്യാസ വിദഗ്ധനായ ഡോ. എഡ്വാർഡ് ഫിസ്ക ഇങ്ങനെ പറയുന്നു: “സ്കൂൾ വിദ്യാഭ്യാസം നടക്കാത്ത ഈ സാഹചര്യത്തിൽ, സഹാറയുടെ തെക്കുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ മിക്കവയുടെയും ഭാവി തുലാസ്സിൽ തൂങ്ങുകയാണ്.”
മമ്മിയിൽ കണ്ടെത്തിയ കൃത്രിമ വിരൽ
“ഒരു മമ്മിയിൽ കണ്ടെത്തിയ കൃത്രിമ വിരൽ, 2,500 വർഷം മുമ്പ് ആ വ്യക്തി ജീവനോടിരുന്നപ്പോൾ ഉള്ളതായിരുന്നുവെന്നു കരുതപ്പെടു”ന്നതായി ലണ്ടനിലെ ദ സൺഡേ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. തുണിയും വജ്രപ്പശയും പ്ലാസ്റ്റർ ഓഫ് പാരീസും ഉപയോഗിച്ചാണ് ഈ കൃത്രിമ വിരൽ നിർമിച്ചിരിക്കുന്നത്. “മനോഹരമായി രൂപകൽപ്പന ചെയ്ത് വിദഗ്ധമായി നിർമിച്ച, നല്ല ഉറപ്പുള്ള ഒരു സങ്കീർണ നിർമിതി” എന്നാണ് ഡോ. നിക്കോളസ് റീവ്സ് ഇതിനെ വർണിച്ചത്. “ഈ കൃത്രിമ വിരൽ പ്രത്യേകം പറഞ്ഞുണ്ടാക്കിച്ചതാണെന്ന കാര്യം വ്യക്തമാണ്” എന്നും അദ്ദേഹം പറയുകയുണ്ടായി. കൃത്രിമ വിരലിന് നഖം ഉണ്ടായിരുന്നു. മാംസത്തിന്റെ അതേ നിറംതന്നെ നൽകുന്ന ഒരുതരം ചായം അതിൽ പൂശിയിരുന്നു. കൃത്രിമ വിരൽ പാദത്തോടു ബന്ധിപ്പിക്കുന്നതിനു വേണ്ടി എട്ടു ദ്വാരങ്ങൾ ഉണ്ടാക്കിയിരുന്നു. ചെരിപ്പിട്ടു കഴിയുമ്പോൾ, ആ ദ്വാരങ്ങളെല്ലാം “Y” ആകൃതിയിലുള്ള ചെരിപ്പു വള്ളിയുടെ അടിയിൽ വരത്തക്കവിധം വളരെ വിദഗ്ധമായിട്ടായിരുന്നു അവ തുളച്ചിരുന്നത്.
വേദനാസംഹാരികൾ വരുത്തുന്ന തലവേദന!
തലവേദനയ്ക്ക് ആഴ്ചയിൽ മൂന്നോ അതിലധികമോ തവണ മരുന്നു കഴിക്കുന്നവർക്ക് ഒരുപക്ഷേ, എംഎംഎച്ച് അഥവാ മരുന്നുകൾ ദുരുപയോഗം ചെയ്യുന്നതു മൂലം ഉണ്ടാകുന്ന തലവേദന ആയിരുന്നേക്കാം ഉള്ളത്. 50 പേരിൽ ഒരാൾക്കു വീതം ഉള്ളതായി കരുതപ്പെടുന്ന ഇത്തരം തലവേദന, ആസ്പിരിനോ ഡോക്ടർമാർ സാധാരണ കുറിച്ചുകൊടുക്കാറുള്ള മറ്റു വേദനാസംഹാരികളോ മൂലം ഉണ്ടാകുന്നതാണ്. വേദനാസംഹാരി ഉളവാക്കുന്ന മരവിപ്പ് കെട്ടടങ്ങുമ്പോൾ വീണ്ടും തലവേദന ഉണ്ടാകാം. ഇത് വേദനാസംഹാരി കാരണമുണ്ടാകുന്ന തലവേദനയാണെങ്കിലും രോഗി പക്ഷേ, അതു സാധാരണ വരാറുള്ള തലവേദന ആണെന്നോ കൊടിഞ്ഞി ആണെന്നോ തെറ്റിദ്ധരിച്ചേക്കാം. അങ്ങനെ, തലവേദന മാറ്റാൻ അയാൾ വീണ്ടും വേദനാസംഹാരികൾ കഴിക്കുന്നു. അതോടെ പഴയ കഥ വീണ്ടും ആവർത്തിക്കുകയായി. “എപ്പോഴും തലവേദനയാണെന്നു വളരെ നാളുകളായി പരാതിപ്പെടുന്നവർക്ക് എംഎംഎച്ച് ഉണ്ടെന്നുതന്നെ കരുതാൻ കഴിയും” എന്നു ലണ്ടനിലെ ഇംപീരിയൽ കോളെജിലെ ഡോ. ടിം സ്റ്റൈനർ പറയുന്നു. മരുന്നു കഴിച്ചാലും തലവേദനയുണ്ടാകുന്ന ഈ സ്ഥിതിവിശേഷത്തെ കുറിച്ചു നേരത്തെതന്നെ അറിവുള്ളതാണെങ്കിലും, അതിന്റെ കാരണത്തെ കുറിച്ചു മിക്ക കുടുംബഡോക്ടർമാർക്കും അറിയില്ല. അതുകൊണ്ട്, അവർ കൂടുതൽ വീര്യമുള്ള വേദനാസംഹാരികൾ കുറിച്ചുകൊടുക്കുകയാണു പതിവ്. ശരിക്കും ചെയ്യേണ്ടത് വേദനാസംഹാരികളുടെ ഉപയോഗം നിറുത്തുകയാണ് എന്ന് അവരുണ്ടോ അറിയുന്നു! ലണ്ടനിലെ ദ സൺഡേ ടെലഗ്രാഫ് ആണ് ഇതു റിപ്പോർട്ടു ചെയ്തത്.
നാക്ക് വൃത്തിയായി സൂക്ഷിക്കൽ
വായ്നാറ്റത്തിനിടയാക്കുന്ന സൾഫർ വാതകങ്ങൾ പുറപ്പെടുവിക്കുന്നതു നാക്കിൽ ഒളിച്ചിരിക്കുന്ന ബാക്ടീരിയയാണ് എന്ന് പ്രിൻസ് ജോർജ് സിറ്റിസൺ എന്ന ദിനപത്രത്തിൽ വന്ന ഒരു റിപ്പോർട്ടു പറയുന്നു. “ഓക്സിജൻ ഇല്ലാത്ത, വരണ്ട ഒരു ചുറ്റുപാടിലാണ് ബാക്ടീരിയയ്ക്കു പെരുകാൻ കഴിയുക. അതുകൊണ്ടാണ് അവ, ശ്വാസകോശത്തിലേക്കു വായു കടന്നുപോകുന്ന വഴിയിൽ നിന്നു മാറി നാക്കിലെ അതിസൂക്ഷ്മമായ ദ്വാരങ്ങളിൽ താമസമുറപ്പിക്കുന്നത്” എന്ന് ആ റിപ്പോർട്ടു പറയുന്നു. പല്ലു തേയ്ക്കുന്നതും മറ്റും നല്ലതു തന്നെയാണ്. എന്നാൽ അങ്ങനെ ചെയ്യുന്നതുകൊണ്ട്, ബാക്ടീരിയയുടെ വെറും 25 ശതമാനം മാത്രമേ നശിക്കുകയുള്ളൂ. അതുകൊണ്ട്, “വായ്നാറ്റം അകറ്റാൻ ചെയ്യേണ്ട ഏറ്റവും പ്രധാന സംഗതി” നാക്കുവടിക്കുകയാണ് എന്നു ദന്തഡോക്ടറായ അല്ലൻ ഗ്രോവ് പറയുന്നു. യൂറോപ്പിൽ പണ്ടുമുതലേ ഉണ്ടായിരുന്ന ഒരു രീതിയാണ് ഇത്. “നാക്കു നല്ല വൃത്തിയായി സൂക്ഷിക്കാൻ ഒരു ബ്രഷിനെക്കാൾ ഏറെ നല്ലത്” പ്ലാസ്റ്റിക് ടങ്ക്ലീനറാണ് എന്ന് സിറ്റിസൺ പറയുന്നു.
പ്രപഞ്ചത്തിലേക്കു തുറക്കുന്ന ഒരു പുതിയ ജാലകം
1999 ജൂണിൽ, ഹവായിയിലെ മാവുനക്കേയിൽ സ്ഥാപിച്ച ജെമിനി നോർത്ത് എന്ന ദൂരദർശിനി ആദ്യമായി പ്രപഞ്ചത്തിലേക്കു മിഴിതുറന്നു. അതിന്റെ 8.1 മീറ്റർ വ്യാസമുള്ള ദർപ്പണം, ശൂന്യാകാശത്തിൽ അതിവിദൂരത്തായി സ്ഥിതി ചെയ്യുന്ന വസ്തുക്കളെ പോലും കാണാൻ ജ്യോതിശ്ശാസ്ത്രജ്ഞരെ സഹായിക്കുമെന്ന് ലണ്ടനിലെ ഇൻഡിപെൻഡൻറ് പത്രം റിപ്പോർട്ടു ചെയ്യുന്നു. ജെമിനി നോർത്ത് ദൂരദർശിനിയും ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള ഹബിൾ ദൂരദർശിനിയും വളരെ വളരെ വർഷം മുമ്പ് ഈ പ്രപഞ്ചത്തിൽ നടന്നിട്ടുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ, അതുവഴി, “കഴിഞ്ഞുപോയ കാലങ്ങളിലേക്കൊന്ന് എത്തിനോക്കാൻ” ജ്യോതിശ്ശാസ്ത്രജ്ഞരെ സഹായിക്കും. ബഹിരാകാശത്തു സ്ഥാപിച്ചിരിക്കുന്നു എന്നതാണ് ഹബിൾ ദൂരദർശിനിയുടെ കാര്യത്തിലുള്ള മെച്ചം. ജെമിനി നോർത്ത് ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള ദൂരദർശിനി ആയതിനാൽ, അന്തരീക്ഷാവസ്ഥകളിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ മൂലം പ്രതിബിംബങ്ങൾ ചിലപ്പോഴൊക്കെ വ്യക്തമാകാതെ പോകുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളിലെല്ലാം, ഹബിൾ ദൂരദർശിനിയുടെ അത്രയുംതന്നെ വ്യക്തമായ പ്രതിബിംബങ്ങൾ ലഭിക്കുന്നതിന് അത് കമ്പ്യൂട്ടറിനെ ആശ്രയിക്കുന്നു.