ഷോവാക്കിം ബരാൻഡ് നൽകിയ “അമൂല്യ സമ്മാനം”
ഷോവാക്കിം ബരാൻഡ് നൽകിയ “അമൂല്യ സമ്മാനം”
ചെക്ക് റിപ്പബ്ലിക്കിലെ ഉണരുക! ലേഖകൻ
“ചെക്ക് രാഷ്ട്രത്തിനു നൽകപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ബഹുമതി, ഒരു അമൂല്യ സമ്മാനം!” 19-ാം നൂറ്റാണ്ടിലെ പ്രസിദ്ധ പുരാജീവിശാസ്ത്രജ്ഞനായിരുന്ന ഷോവാക്കിം ബരാൻഡിൽ നിന്ന് ചെക്ക് ദേശീയ മ്യൂസിയത്തിനു ലഭിച്ച സ്വത്തിനെ ഒരു പത്രപ്രവർത്തകൻ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. വളരെ പ്രധാനപ്പെട്ട ഫോസിലുകളടങ്ങിയ 1,200-ലധികം തടിപ്പെട്ടികൾ ആയിരുന്നു ചെക്ക് ജനതയ്ക്കു ബരാൻഡ് നൽകിയ “അമൂല്യ സമ്മാനം.” പതിറ്റാണ്ടുകളിലെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് അദ്ദേഹം അവ ശേഖരിക്കുകയും പഠനവിധേയമാക്കുകയും തരംതിരിക്കുകയും ചെയ്തത്. പഴയ കുറെ ഫോസിലുകളുടെ ശേഖരം കണ്ടാൽ നിങ്ങൾ സന്തോഷംകൊണ്ടു തുള്ളിച്ചാടുകയൊന്നുമില്ലായിരിക്കാം. എന്നാൽ, പുരാജീവിശാസ്ത്രജ്ഞർക്ക് ബരാൻഡിന്റെ ഈ സമ്മാനം ഒരു നിധിയെക്കാൾ ഏറെ വിലപ്പെട്ടതാണ്!
ഫോസിൽ അവശിഷ്ടങ്ങൾ ഉപയോഗിച്ച് പ്രാചീനകാലങ്ങളിലെ ജീവജാലങ്ങളെ കുറിച്ചു പഠനം നടത്തുന്ന ശാസ്ത്രജ്ഞരാണ് പുരാജീവിശാസ്ത്രജ്ഞർ. താരതമ്യേന അടുത്തകാലത്തു മാത്രമാണ് പുരാജീവിശാസ്ത്രം ഒരു ശാസ്ത്രശാഖയായി വളർന്നത്. മധ്യകാലഘട്ടങ്ങളിൽ, “പ്രകൃതിയുടെ വികൃതികൾ”, വ്യാളികളുടെ അവശിഷ്ടങ്ങൾ എന്നൊക്കെ പറഞ്ഞ് ആളുകൾ ഫോസിലുകൾ വളരെ നിസ്സാരമായി തള്ളിക്കളഞ്ഞിരുന്നു. എന്നാൽ, 18-ാം നൂറ്റാണ്ട് ആയതോടെ കഥ മാറി. സമൂഹത്തിന്റെ ഉയർന്ന തട്ടുകളിലുള്ളവർ ഫോസിലുകൾ ശേഖരിക്കുന്നതിൽ താത്പര്യം കാണിക്കാൻ തുടങ്ങി. കൂടാതെ, ഒട്ടനവധി രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ അവയെക്കുറിച്ചു പഠനം നടത്താൻ തയ്യാറായി മുന്നോട്ടു വരികയും ചെയ്തു. അവരിൽ ഒരാളായിരുന്നു ഷോവാക്കിം ബരാൻഡ്. ബരാൻഡിനെ കുറിച്ച് ലഭ്യമായ വിവരങ്ങൾ എന്തൊക്കെയാണ്? പുരാജീവിശാസ്ത്രത്തിന് അദ്ദേഹം നൽകിയ സംഭാവന എന്തായിരുന്നു? ചാൾസ് ഡാർവിന്റെ സമകാലീനനായിരുന്ന ബരാൻഡിന് പരിണാമസിദ്ധാന്തത്തെ കുറിച്ച് എന്തു കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത്?
ബരാൻഡ് തൊഴിൽരംഗം മാറുന്നു
ദക്ഷിണ ഫ്രാൻസിലെ ഒരു കൊച്ചു പട്ടണമായ സോഗിൽ, 1799-ലാണ് ഷോവാക്കിം ബരാൻഡ് ജനിച്ചത്. പാരീസിൽ
വെച്ച് അദ്ദേഹം എൻജിനീയറിങ് പഠിച്ചു. റോഡുകളുടെയും പാലങ്ങളുടെയും നിർമാണം എന്ന വിഭാഗത്തിലായിരുന്നു അദ്ദേഹം പ്രത്യേക പ്രാവീണ്യം നേടിയത്. എൻജിനീയറിങ്ങിനൊപ്പം, അദ്ദേഹം പ്രകൃതി ശാസ്ത്രവും പഠിക്കുകയുണ്ടായി. ആ മേഖലയിലും അദ്ദേഹത്തിനു ശോഭിക്കാൻ കഴിയുമെന്ന് അധികം താമസിയാതെ തന്നെ വ്യക്തമായിത്തീർന്നു. ബിരുദാനന്തരം ബരാൻഡ് ഒരു എൻജിനീയറായി ജോലി തുടങ്ങി. എന്നാൽ, അദ്ദേഹത്തിന്റെ കഴിവുകൾ ഫ്രഞ്ച് രാജകുടുംബത്തിന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ, അവർ അദ്ദേഹത്തെ ചാൾസ് പത്താമൻ രാജാവിന്റെ പേരക്കിടാവിന്റെ ഗുരുനാഥനായി നിയമിച്ചു. അദ്ദേഹം പഠിപ്പിക്കേണ്ടിയിരുന്നതാകട്ടെ, പ്രകൃതി ശാസ്ത്രവും. 1830-ൽ ഫ്രാൻസിൽ നടന്ന ഒരു വിപ്ലവത്തെ തുടർന്ന് രാജകുടുംബാംഗങ്ങൾ നാടുകടത്തപ്പെട്ടു. കാലക്രമത്തിൽ അവർ ബൊഹീമിയയിലേക്കു പോയി. ബരാൻഡും അവിടെ അവരോടൊപ്പം ചേർന്നു. ബൊഹീമിയയുടെ തലസ്ഥാനമായ പ്രാഗിൽ വെച്ചാണ് ബരാൻഡ് വീണ്ടും എൻജിനീയറിങ്ങിലേക്കു തിരിഞ്ഞത്.കുതിരകൾ വലിക്കുന്ന തരം തീവണ്ടിക്കുള്ള പാത നിർമിക്കുന്നതിനു വേണ്ടി പ്രാഗിനു ചുറ്റുമുള്ള പ്രദേശത്ത് നിർദേശിക്കപ്പെട്ട സ്ഥലം സർവേ ചെയ്യാൻ റോഡുകളുടെയും പാലങ്ങളുടെയും നിർമാണത്തിൽ വൈദഗ്ധ്യം നേടിയ ഒരു വ്യക്തിയെന്ന നിലയിൽ ബരാൻഡിനെ ചുമതലപ്പെടുത്തി. ജോലിയിൽ ഏർപ്പെട്ടിരിക്കെ ആ പ്രദേശത്തു ധാരാളം ഫോസിലുകൾ ഉള്ള കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. അടുത്തു പരിശോധിച്ചപ്പോൾ, ബൊഹീമിയയിലെ ഫോസിൽപാളികളും ബ്രിട്ടനിലെ ഫോസിൽപാളികളും തമ്മിലുള്ള സമാനതകൾ കണ്ട് അദ്ദേഹം അതിശയിച്ചുപോയി. അദ്ദേഹത്തിലെ പ്രകൃതി ശാസ്ത്രജ്ഞൻ വീണ്ടുമുണർന്നു. എൻജിനീയറിങ് രംഗം എന്നെന്നേക്കുമായി ഉപേക്ഷിച്ച അദ്ദേഹം പിന്നത്തെ 44 വർഷം പുരാജീവിശാസ്ത്രവും ഭൂവിജ്ഞാനീയവും പഠിക്കുന്നതിനായി ഉഴിഞ്ഞുവെച്ചു.
ഫോസിലുകൾ ധാരാളമായി ഉണ്ടായിരുന്ന മധ്യ ബൊഹീമിയയുടെ ഉൾപ്രദേശമായിരുന്നു ബരാൻഡിന്റെ ക്ലാസ്സ്മുറി. വൈവിധ്യവും അപൂർവഭംഗിയും മുറ്റിനിന്ന കണ്ടുപിടിത്തങ്ങളാൽ ധന്യമായിരുന്നു അദ്ദേഹത്തിന്റെ ഓരോ ദിനങ്ങളും. 1846 ആയപ്പോഴേക്കും, തന്റെ ഗവേഷണത്തിന്റെ പ്രാരംഭ ഫലങ്ങൾ പ്രസിദ്ധീകരിക്കാനുള്ള നിലയിലായിക്കഴിഞ്ഞിരുന്നു അദ്ദേഹം. അതിൽ അദ്ദേഹം പുതിയ ട്രൈലോബൈറ്റ് സ്പീഷീസുകളെ—ഇവ ഒരിക്കൽ കടലിന്റെ അടിത്തട്ടിൽ കഴിഞ്ഞിരുന്ന ജീവികളാണ്—കുറിച്ച് വിശദീകരിക്കുകയും അവയെ തരംതിരിക്കുകയും ചെയ്തു.
ബരാൻഡ് തന്റെ ഫോസിൽ ശേഖരണവും അവയെക്കുറിച്ചുള്ള പഠനവും തുടർന്നു. 1852-ൽ അദ്ദേഹം, സിലൂരിയൻ സിസ്റ്റം ഓഫ് സെൻട്രൽ ബൊഹീമിയ എന്ന ഏകവിഷയക പ്രബന്ധത്തിന്റെ അഥവാ മോണോഗ്രാഫിന്റെ ഒന്നാം വാല്യം പ്രസിദ്ധീകരിക്കുകയുണ്ടായി. a ട്രൈലോബൈറ്റുകളെ കുറിച്ചുള്ള വിശദാംശങ്ങൾ ആയിരുന്നു അതിൽ. തുടർന്ന്, കവചജീവികൾ, കോൻഡ്രിക്ഥിസ്, സിഫാലോപോഡുകൾ, ലാമെല്ലിബ്രാൻക്സുകൾ എന്നിവയെയും ഫോസിലുകളായി മാറിയ മറ്റു ജന്തുക്കളെയും കുറിച്ചുള്ള വാല്യങ്ങളും അദ്ദേഹം പുറത്തിറക്കി. 3,500-ലധികം സ്പീഷീസുകളെ കുറിച്ചു വിശദമായി പ്രതിപാദിക്കുന്ന 22 വാല്യങ്ങളാണ് അദ്ദേഹം തന്റെ ജീവിതകാലത്തു പ്രസിദ്ധീകരിച്ചത്. അത് പുരാജീവിശാസ്ത്രത്തിന്റെ ചരിത്രത്തിൽ തയ്യാറാക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ മോണോഗ്രാഫുകളിൽ ഒന്നാണ്.
കൃത്യതയും ചിട്ടയും
ബരാൻഡിന്റെ രീതികൾ മറ്റു ഗവേഷകരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കി. പ്രകൃതി ശാസ്ത്രജ്ഞനായിരിക്കെ, ഒരു എഞ്ചിനീയറുടെ കൃത്യത പുലർത്താനും അദ്ദേഹം ശ്രദ്ധിച്ചു. ഒരു രൂപരചയിതാവ് എന്ന നിലയിൽ, കണക്കുകൂട്ടലുകളിലോ താൻ വരച്ച ചിത്രങ്ങളിലോ
അൽപ്പമെങ്കിലും പിഴവുപറ്റുന്നത് അദ്ദേഹത്തിന് ആലോചിക്കാൻ കൂടി കഴിയുമായിരുന്നില്ല. ഒരു പുരാജീവിശാസ്ത്രജ്ഞനെന്ന നിലയിൽ, താൻ വരച്ച ചിത്രങ്ങളുടെ സൂക്ഷ്മ വിശദാംശങ്ങളിൽ പോലും അങ്ങേയറ്റം കൃത്യത പുലർത്താൻ രാപകൽ വിശ്രമമെന്തന്നറിയാതെ അദ്ദേഹം കഠിനമായി യത്നിച്ചു. മോണോഗ്രാഫിൽ ഉൾപ്പെടുത്തിയിരുന്ന ചിത്രങ്ങൾ എല്ലാം ഒരു വിദഗ്ധ കലാകാരൻ വരച്ചതായിരുന്നെങ്കിലും, അതിൽ തൃപ്തിയാകാതെ പല ചിത്രങ്ങളിലും അദ്ദേഹം തന്റേതായ മിനുക്കുപണികൾ നടത്തി.ചിത്രങ്ങളുടെ കാര്യത്തിൽ മാത്രമായിരുന്നില്ല കൃത്യത വേണമെന്നു ബരാൻഡ് നിഷ്കർഷിച്ചത്. ആ മോണോഗ്രാഫിന്റെ വാല്യങ്ങൾ ഓരോന്നും ടൈപ്പ്സെറ്റ് ചെയ്തു കിട്ടുമ്പോൾ, അദ്ദേഹംതന്നെ അതു മുഴുവനും പരിശോധിക്കുമായിരുന്നു. ഏതെങ്കിലും ഭാഗം തൃപ്തികരമല്ലെന്നു തോന്നിയാൽ, അത്രയും ഭാഗം വീണ്ടും ടൈപ്പ്സെറ്റ് ചെയ്യുന്നതിന് അദ്ദേഹം മടക്കി അയയ്ക്കുമായിരുന്നു. തന്റെ ഓരോ രചനയും പരമാവധി കൃത്യതയുള്ളതാക്കി തീർക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിൽ അദ്ദേഹം അസൂയാവഹമായ വിജയം കൈവരിക്കുകയും ചെയ്തു. ഏകദേശം 150 വർഷത്തിനു ശേഷം ഇന്നും, ഗവേഷകർ സിലൂരിയൻ സിസ്റ്റം ഒരു പരാമർശ ഗ്രന്ഥമായി ഉപയോഗിക്കുന്നു.
പരിണാമത്തെ കുറിച്ചെന്ത്?
1859-ൽ ചാൾസ് ഡാർവിന്റെ വർഗോത്പത്തി പുറത്തിറങ്ങിയപ്പോൾ, ഒട്ടേറെ ശാസ്ത്രജ്ഞർ പരിണാമസിദ്ധാന്തത്തിന്റെ കൊടിക്കീഴിൽ അണിനിരന്നു. എന്നാൽ, ബരാൻഡ് അക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. തുടക്കം മുതലേ അദ്ദേഹം അതു തള്ളിക്കളയുകയാണുണ്ടായത്. ഫോസിലുകളുടെ പഠനത്തിൽ നിന്ന് പരിണാമസിദ്ധാന്തം ശരിയാണെന്നു തെളിയിക്കുന്ന യാതൊന്നും അദ്ദേഹത്തിനു ലഭിച്ചില്ല എന്നതു തന്നെ കാരണം. തന്റെ ഗവേഷണ ലക്ഷ്യം ‘യാഥാർഥ്യം കണ്ടുപിടിക്കലാണെന്നും അല്ലാതെ ക്ഷണികമായ സിദ്ധാന്തങ്ങൾക്കു രൂപംകൊടുക്കലല്ലെന്നും’ ബരാൻഡ് പറഞ്ഞു. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) സിലൂരിയൻ സിസ്റ്റത്തിന്റെ ഓരോ വാല്യത്തിന്റെയും ശീർഷകപ്പേജിൽ, ബരാൻഡ് ഈ ആദർശവാക്യം രേഖപ്പെടുത്തുകയുണ്ടായി: “സെ സ്കാ ഷേ വൂ” (ഇതാണ് ഞാൻ കണ്ടത്).
പല ജന്തുക്കളുടെയും ശരീരങ്ങൾ വികാസത്തിന്റെ വ്യത്യസ്ത ദശകളിൽ ആണെന്ന കാര്യം ബരാൻഡ് ശ്രദ്ധിക്കുക തന്നെ ചെയ്തു. എന്നിരുന്നാലും, അവയെല്ലാം ഒരേ വർഗത്തിൽപ്പെട്ട, എന്നാൽ വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളിൽ ആയിരുന്നവ ആണെന്ന് അദ്ദേഹം ശരിയായിത്തന്നെ നിഗമനം ചെയ്തു. ഒരു വർഗത്തിൽപ്പെട്ടവ മറ്റൊരു വർഗമായി പരിണമിക്കുന്നതിന്റെ യാതൊരു തെളിവും അദ്ദേഹം കണ്ടില്ല. ബരാൻഡിന്റെ ആദർശങ്ങളെ സംക്ഷേപിച്ചുകൊണ്ട് എ പെട്രിഫൈഡ് വേൾഡ് എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “ബരാൻഡിന്റെ രചനകൾ മുഴുവൻ . . . വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ളവയാണ്. അവയുടെ ഏറ്റവും മികച്ച സവിശേഷതയും അതാണ്. ഗവേഷണത്തിന്റെ ആ പ്രാരംഭഘട്ടത്തിൽ ഊഹാപോഹങ്ങൾക്കും സങ്കൽപ്പങ്ങൾക്കും ഉറച്ച അടിത്തറയില്ലാത്തതരം സിദ്ധാന്തങ്ങൾക്കുമൊന്നും സ്ഥാനമുണ്ടായിരുന്നില്ല.”
ഒരു സാധാരണക്കാരൻ നൽകിയ “അമൂല്യ സമ്മാനം”
ബരാൻഡ് നേടിയ വൻവിജയം അദ്ദേഹത്തെ ഒട്ടും അഹങ്കാരിയാക്കിയില്ല. മാത്രമല്ല, ഒരു തരത്തിലുള്ള വഞ്ചനയ്ക്കും അദ്ദേഹം കൂട്ടുനിന്നുമില്ല. യൂറോപ്പിലെ ബുദ്ധിജീവികളുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹത്തിന് പല ഭാഷകൾ കൈകാര്യം ചെയ്യാൻ സാധിക്കുമായിരുന്നു. ഇതൊക്കെയായിരുന്നിട്ടും, തികച്ചും ഒരു സാധാരണക്കാരനെ പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. സാധാരണ ജനങ്ങളോട് അടുത്ത് ഇടപഴകുന്നതിന് അദ്ദേഹം ചെക്ക് ഭാഷ പഠിച്ചു. ഇതുവഴി കല്ലുമടകളിലെ പണിക്കാരോടു സംസാരിക്കാനും അങ്ങനെ അവരുടെ സഹായത്താൽ തന്റെ ശേഖരത്തിലേക്കു പുതിയ ഫോസിലുകൾ കൂട്ടിച്ചേർക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
ബരാൻഡ് ഒരു മതഭക്തൻ കൂടിയായിരുന്നു. പ്രകൃതിയിൽ താൻ കണ്ടെത്തിയ സംഗതികൾ ദൈവത്തിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം ഊട്ടിയുറപ്പിച്ചു. “ആദ്യ സൃഷ്ടികളുടെ സ്മാരകമുദ്രകൾ” എന്നാണ് ഫോസിലുകളെ അദ്ദേഹം വിളിച്ചത്. ഗവേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിനു തനിക്കു പ്രചോദനം പകർന്നുതന്ന വികാരങ്ങളെ കുറിച്ചും അവതാരികയിൽ അദ്ദേഹം എഴുതുകയുണ്ടായി: “സ്രഷ്ടാവിന്റെ കരവേലകളുടെ ഒരംശം കണ്ടെത്തുകയോ അതിനെക്കുറിച്ച് ആഴമായി ചിന്തിക്കുകയോ ചെയ്യുന്ന ഒരുവന്റെ ഉള്ളിൽ നിറയുകയും അവനെ വശീകരിക്കുകയും ചെയ്യുന്ന അത്ഭുതാദരവിന്റെയും സംതൃപ്തിയുടെയും തിരിച്ചറിവിന്റേതുമായ വികാരങ്ങൾ ആണത്.”
അത്യന്തം അമൂല്യമായ ശാസ്ത്ര വിവരങ്ങൾ ലോകത്തിനു സമ്മാനിച്ച് 1883-ൽ ഷോവാക്കിം ബരാൻഡ് അന്തരിച്ചു. തന്റെ ജോലിയിൽ അദ്ദേഹം കാട്ടിയ കണിശ മനോഭാവം ഇന്ന് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ വളരെയേറെ വിലമതിക്കുന്നു. അദ്ദേഹത്തിന്റെ ഗവേഷണങ്ങൾക്ക് അടിസ്ഥാനം യാഥാർഥ്യങ്ങളും വസ്തുതകളും ആയിരുന്നതിനാൽ, ശ്രദ്ധാപൂർവം രേഖപ്പെടുത്തിവെച്ചിട്ടുള്ള ആ കണ്ടുപിടിത്തങ്ങൾ ഇന്നും ഗവേഷകർക്കു വഴികാട്ടിയായി ഉതകുന്നു. ശാസ്ത്രീയമായ കാഴ്ചപ്പാടിൽ നിന്നു നോക്കിയാൽ, ബരാൻഡിന്റെ സ്വത്തിനെ ഒരു “അമൂല്യ സമ്മാനം” എന്നു വിശേഷിപ്പിക്കുന്നത് ഒട്ടും അതിശയോക്തിയല്ല.
[അടിക്കുറിപ്പ്]
a നമ്മുടെ ഗ്രഹത്തിന്റെ അതിപ്രാചീന കാലഘട്ടങ്ങളിലൊന്നായി കരുതപ്പെടുന്നതിനെ കുറിക്കുന്നതിനാണ് “സിലൂരിയൻ” എന്ന ഭൂവിജ്ഞാനീയ പദം ഉപയോഗിക്കുന്നത്.
[12, 13 പേജുകളിലെ ചിത്രങ്ങൾ]
ബരാൻഡിന്റെ ട്രൈലോബൈറ്റ് ചിത്രങ്ങൾ, 1852
[കടപ്പാട്]
രേഖാചിത്രങ്ങൾ: S laskavým svolením Národní knihovny v Praze
[12-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ഛായാചിത്രം: Z knihy Vývoj české přírodovědy, 1931