വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സുരക്ഷിതമായ ഷേവിങ്‌

സുരക്ഷിതമായ ഷേവിങ്‌

സുരക്ഷി​ത​മായ ഷേവിങ്‌

ഓസ്‌ട്രേലിയയിലെ ഉണരുക! ലേഖകൻ

ദിവസ​വും ഷേവി​ങ്ങി​നാ​യി അഞ്ചു മിനിട്ട്‌ ചെലവ​ഴി​ക്കുന്ന ഒരു പുരുഷൻ 50 വർഷം കഴിയു​മ്പോൾ ഏതാണ്ട്‌ 63 ദിവസങ്ങൾ ഷേവി​ങ്ങി​നു മാത്ര​മാ​യി ചെലവ​ഴി​ച്ചി​രി​ക്കും! ദിവസ​വും ചെയ്യേണ്ടി വരുന്ന ഈ ചടങ്ങിനെ പുരു​ഷ​ന്മാർ എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌?

അടുത്ത കാലത്ത്‌ നടത്തിയ ഒരു അനൗ​ദ്യോ​ഗിക സർവേ​യിൽ ഷേവി​ങ്ങി​നെ കുറിച്ച്‌ പിൻവ​രുന്ന പ്രകാരം ചിലർ അഭി​പ്രാ​യ​പ്പെ​ടു​ക​യു​ണ്ടാ​യി: “എനിക്കത്‌ ഇഷ്ടമില്ല.” “ഇത്രയും ദേഷ്യ​മു​ള്ളൊ​രു കാര്യം.” “ജീവി​ത​ത്തി​ലെ സാഹസി​ക​ത​ക​ളി​ലൊന്ന്‌.” “ഒഴിവാ​ക്കാൻ പറ്റു​മ്പോ​ഴെ​ല്ലാം ഒഴിവാ​ക്കേണ്ട ഒന്ന്‌.” മുഖം വടിക്കു​ന്നതു സംബന്ധിച്ച്‌ ചില പുരു​ഷ​ന്മാർക്ക്‌ ഇത്തരം വീക്ഷണ​ങ്ങ​ളാണ്‌ ഉള്ളതെ​ങ്കിൽ പിന്നെ എന്തു​കൊ​ണ്ടാണ്‌ അവർ അതു ചെയ്യു​ന്നത്‌? ഉത്തരത്തി​നാ​യി ഷേവി​ങ്ങി​ന്റെ ചരിത്രം സംബന്ധിച്ച്‌ നമുക്ക്‌ അൽപ്പം വിശദ​മാ​യൊ​ന്നു പഠിക്കാം.

കക്കാ​ത്തോട്‌ മുതൽ ഉപയോ​ഗ​ശേഷം കളയുന്ന റെയ്‌സർ വരെ

കക്കായു​ടെ പുറ​ന്തോട്‌ ഉപയോ​ഗിച്ച്‌ ഷേവു ചെയ്യുന്ന കാര്യം നിങ്ങൾക്കു സങ്കൽപ്പി​ക്കാൻ കഴിയു​മോ? അല്ലെങ്കിൽ ഒരു സ്രാവി​ന്റെ പല്ല്‌ ഉപയോ​ഗിച്ച്‌? അതുമ​ല്ലെ​ങ്കിൽ ഒരു കൽക്കത്തി ഉപയോ​ഗിച്ച്‌? ഷേവു ചെയ്യു​ന്ന​തി​നുള്ള ഉപകര​ണങ്ങൾ തിര​ഞ്ഞെ​ടു​ക്കു​ന്ന​തിൽ മനുഷ്യർ അസാമാ​ന്യ പാടവം കാണി​ച്ചി​രി​ക്കു​ന്നു! പുരാതന ഈജി​പ്‌തി​ലെ ആളുകൾ ഷേവി​ങ്ങി​നു ചെമ്പു​കൊ​ണ്ടുള്ള കത്തി ഉപയോ​ഗി​ച്ചി​രു​ന്നു. കാഴ്‌ച​യ്‌ക്ക്‌ ഒരു കൈ​ക്കോ​ടാ​ലി​യു​ടെ വായ്‌ത്തല പോലെ ആയിരു​ന്നു അത്‌. 18-ഉം 19-ഉം നൂറ്റാ​ണ്ടു​ക​ളിൽ, ‘കഴുത്ത​റപ്പൻ കത്തി’ എന്ന്‌ അറിയ​പ്പെ​ടാൻ ഇടയായ കത്തി നിർമി​ക്ക​പ്പെട്ടു. അതിന്റെ ജന്മനാട്‌ ഇംഗ്ലണ്ടി​ലെ ഷെഫീൽഡാ​യി​രു​ന്നു. മിക്ക​പ്പോ​ഴും ചിത്ര​പ്പ​ണി​ക​ളോ​ടെ നിർമി​ച്ചി​രുന്ന ഇതിന്റെ, സ്റ്റീൽ നിർമി​ത​മായ മൂർച്ച​യുള്ള ഭാഗം പിടി​ക്ക​ക​ത്തേക്കു സുരക്ഷി​ത​മാ​യി മടക്കി​വെ​ക്കാ​വു​ന്ന​താ​യി​രു​ന്നു. ഇവ വളരെ ശ്രദ്ധ​യോ​ടെ വേണമാ​യി​രു​ന്നു ഉപയോ​ഗി​ക്കാൻ. അവ ഉപയോ​ഗി​ക്കാൻ പഠിക്കു​മ്പോൾ മുഖം മുറി​യു​ക​യോ തൊലി ചീന്തി​പ്പോ​കു​ക​യോ ഒക്കെ ചെയ്യു​മാ​യി​രു​ന്നു. മരുങ്ങി​ല്ലാ​ത്ത​വരെ സംബന്ധി​ച്ചി​ട​ത്തോ​ളം തുടക്കം അൽപ്പം അസുഖ​ക​രം​തന്നെ ആയിരു​ന്നി​രി​ക്കണം. എങ്കിലും 20-ാം നൂറ്റാണ്ട്‌ ഇതിൽനി​ന്നെ​ല്ലാം ആശ്വാസം പ്രദാനം ചെയ്‌തി​രി​ക്കു​ന്നു.

1901-ൽ ഐക്യ​നാ​ടു​ക​ളി​ലുള്ള കിങ്‌ ക്യാംപ്‌ ഗില്ലറ്റ്‌ എന്നൊരു വ്യക്തി, ഉപയോ​ഗ​ശേഷം കളയാ​വുന്ന ബ്ലെയ്‌ഡോ​ടു കൂടിയ ഒരു റെയ്‌സ​റി​ന്റെ നിർമാ​ണാ​വ​കാ​ശം നേടി. അദ്ദേഹ​ത്തി​ന്റെ മനസ്സി​ലു​ദിച്ച ഈ ആശയം ലോക​ത്തിൽ വലിയ ഒരു പരിവർത്ത​ന​ത്തി​നു നാന്ദി കുറിച്ചു. അതു പിന്നീട്‌ വെള്ളി​കൊ​ണ്ടു​ള്ള​തോ സ്വർണം പൂശി​യ​തോ ആയ പിടികൾ ഉള്ളതും വ്യത്യസ്‌ത ഡി​സൈ​നു​ക​ളിൽ ഉള്ളതു​മായ റെയ്‌സ​റു​ക​ളു​ടെ നിർമാ​ണ​ത്തി​നു വഴി​തെ​ളി​ച്ചു. ഉപയോഗ ശേഷം മൊത്തം റെയ്‌സർതന്നെ കളയാ​വുന്ന തരത്തി​ലു​ള്ള​തും റ്റ്വിൻ അല്ലെങ്കിൽ ട്രിപ്പിൾ ബ്ലെയ്‌ഡു​ക​ളോ​ടു കൂടിയ (രണ്ടോ, മൂന്നോ ബെയ്‌ഡു​കൾ ഘടിപ്പിച്ച) റെയ്‌സ​റു​ക​ളും തലയറ്റം വളയു​ന്ന​തും തിരി​യു​ന്ന​തും ആയ റെയ്‌സ​റു​ക​ളും അടുത്ത കാലത്തെ പുരോ​ഗ​തി​ക​ളിൽ ഉൾപ്പെ​ടു​ന്നു.

വൈദ്യു​ത റെയ്‌സ​റു​ക​ളു​ടെ കാര്യ​വും മറക്കാ​തി​രി​ക്കാം. അത്‌ ആദ്യമാ​യി വിപണി​യി​ലി​റ​ങ്ങി​യത്‌ 1931-ലാണ്‌. അതിന്റെ ഗുണ​മേ​ന്മ​യും ജനപ്രീ​തി​യും ക്രമേണ വർധിച്ചു. എന്നാലും തൊലി​യോ​ടു വളരെ ചേർത്തു ഷേവു ചെയ്യാൻ ആഗ്രഹി​ക്കുന്ന അനേകർ നല്ല മൂർച്ച​യുള്ള ഒരു ബ്ലെയ്‌ഡാ​ണു കൂടുതൽ ഇഷ്ടപ്പെ​ടു​ന്നത്‌.

ദീക്ഷ ഫാഷനാ​യി​രു​ന്ന​തും അല്ലായി​രു​ന്ന​തു​മായ കാലഘ​ട്ട​ങ്ങൾ

മനുഷ്യ​വർഗ​ത്തി​ന്റെ ആദിമ കാലം മുതൽ തന്നെ ആളുകൾ ദീക്ഷ വെച്ചി​രു​ന്ന​തും ദീക്ഷ​യെ​ടു​ത്തി​രു​ന്ന​തു​മായ കാലഘ​ട്ടങ്ങൾ കാണാൻ കഴിയും. പുരാതന ഈജി​പ്‌തു​കാർ “ശരീര​രോ​മം വൃത്തി​യാ​യി ക്ഷൗരം ചെയ്‌തി​രു​ന്നു, അവർ അതിൽ അഭിമാ​നം കൊള്ളു​ക​യും ചെയ്‌തി​രു​ന്നു. തോലു​റ​യിൽ സൂക്ഷി​ച്ചി​രുന്ന നല്ല മൂർച്ച​യുള്ള കത്തിയാണ്‌ അവർ അതിന്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌” എന്ന്‌ പുരാതന ഈജി​പ്‌തി​ലെ ദൈനം​ദിന ജീവിതം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. എബ്രായ തടവു​കാ​ര​നാ​യി​രുന്ന യോ​സേഫ്‌ ഫറവോ​ന്റെ മുമ്പാകെ ഹാജരാ​കു​ന്ന​തി​നു മുമ്പ്‌ ക്ഷൗരം ചെയ്‌തത്‌ ഈ പതിവു നിമി​ത്ത​മാ​കാം.—ഉല്‌പത്തി 41:14.

അസ്സീറി​യ​ക്കാ​രു​ടെ ഇടയിൽ ധാരാളം ദീക്ഷക്കാ​രു​ണ്ടാ​യി​രു​ന്നു. തങ്ങളുടെ ദീക്ഷ പിന്നി​യി​ടു​ന്ന​തി​ലും ചുരു​ട്ടു​ന്ന​തി​ലും കോതി​യൊ​തു​ക്കു​ന്ന​തി​ലു​മൊ​ക്കെ അവർ വളരെ​യ​ധി​കം ശ്രദ്ധയും സൂക്ഷ്‌മ​ത​യും പുലർത്തി​യി​രു​ന്നു എന്നു മാത്രമല്ല, അതിൽ അഭിമാ​നം കൊള്ളു​ക​യും ചെയ്‌തി​രു​ന്നു.

പുരാതന ഇസ്രാ​യേല്യ പുരു​ഷ​ന്മാർ ദീക്ഷ അധികം നീട്ടി വളർത്തി​യി​രു​ന്നില്ല. അവർ കത്തി ഉപയോ​ഗിച്ച്‌ അതു ഭംഗി​യാ​യി വെട്ടി​നി​റു​ത്തി​യി​രു​ന്നു. അങ്ങനെ​യാ​ണെ​ങ്കിൽ, ദൈവ​നി​യമം ഇസ്രാ​യേല്യ പുരു​ഷ​ന്മാ​രോട്‌ “ചെന്നി​ഭാ​ഗത്തെ മുടി വെട്ടരുത്‌, ദീക്ഷയു​ടെ അഗ്രം വികൃ​ത​മാ​ക്കു​ക​യു​മ​രുത്‌” എന്നു കൽപ്പി​ച്ച​തി​ന്റെ അർഥം എന്തായി​രു​ന്നു? ഒരുവന്റെ ദീക്ഷയോ തലമു​ടി​യോ വെട്ടു​ന്ന​തിന്‌ എതി​രെ​യുള്ള ഒരു കൽപ്പന​യാ​യി​രു​ന്നില്ല അത്‌. മറിച്ച്‌, ദീക്ഷ വളർത്തു​ന്നതു സംബന്ധിച്ച്‌ അയൽക്കാ​രായ പുറജാ​തി​ക​ളു​ടെ അധമമായ മതാചാ​രങ്ങൾ ഇസ്രാ​യേല്യ പുരു​ഷ​ന്മാർ അനുക​രി​ക്കു​ന്ന​തി​നെ ആയിരു​ന്നു അതു നിരു​ത്സാ​ഹ​പ്പെ​ടു​ത്തി​യത്‌. aലേവ്യ​പു​സ്‌തകം 19:27, NW; യിരെ​മ്യാ​വു 9:25, 26; 25:23; 49:32.

പുരാതന ഗ്രീക്കു സമൂഹ​ത്തിൽ, കുലീന വർഗം ഒഴികെ എല്ലാവ​രും​തന്നെ ദീക്ഷ വെച്ചി​രു​ന്നു. കുലീന വർഗത്തിൽ പെട്ടവർ മിക്ക​പ്പോ​ഴും ക്ലീൻ-ഷേവ്‌ ചെയ്‌തു നടന്നി​രു​ന്നു. റോമിൽ, ഷേവു ചെയ്യുന്ന രീതി പൊ.യു.മു. രണ്ടാം നൂറ്റാ​ണ്ടിൽ തുടങ്ങി​യ​താ​യി കരുത​പ്പെ​ടു​ന്നു. പിന്നീട്‌ നൂറ്റാ​ണ്ടു​ക​ളോ​ളം അവിടെ ദിവസ​വും ഷേവു ചെയ്യുന്ന ആ രീതി നിലനി​ന്നി​രു​ന്നു.

റോമാ സാമ്രാ​ജ്യ​ത്തി​ന്റെ പതന​ത്തോ​ടെ, ദീക്ഷ വെക്കുന്ന രീതി വീണ്ടും കടന്നു​വന്നു. അതാകട്ടെ, ഷേവു ചെയ്യുന്ന രീതി വീണ്ടും ഫാഷനാ​യി​ത്തീർന്ന 17-ാം നൂറ്റാ​ണ്ടി​ന്റെ രണ്ടാം പാദം വരെ, ഏകദേശം 1000 വർഷ​ത്തോ​ളം, തുടരു​ക​യും ചെയ്‌തു. 18-ാം നൂറ്റാ​ണ്ടി​ലു​ട​നീ​ളം ക്ലീൻ-ഷേവു ചെയ്യുന്ന രീതി​യാ​യി​രു​ന്നു നിലനി​ന്നത്‌. എന്നാൽ പിന്നീട്‌ 19-ാം നൂറ്റാ​ണ്ടി​ന്റെ പകുതി മുതൽ അവസാനം വരെയുള്ള കാലഘ​ട്ട​ത്തിൽ കാര്യങ്ങൾ വീണ്ടും പഴയപ​ടി​യാ​കാൻ തുടങ്ങി. അതു​കൊ​ണ്ടാണ്‌ വാച്ച്‌ടവർ സൊ​സൈ​റ്റി​യു​ടെ ആദ്യത്തെ പ്രസി​ഡ​ന്റായ സി. റ്റി. റസ്സലി​ന്റെ​യും സഹ പ്രവർത്ത​ക​നായ ഡബ്ലിയു. ഇ. വാൻ ആംബർഗി​ന്റെ​യും ഫോ​ട്ടോ​ക​ളിൽ അവർ നന്നായി വെട്ടി​യൊ​തു​ക്കിയ ദീക്ഷ വെച്ചവ​രാ​യി കാണ​പ്പെ​ടു​ന്നത്‌. ആ കാലത്ത്‌ അതു വളരെ മാന്യ​വും ആദരണീ​യ​വു​മാ​യി​രു​ന്നു. 20-ാം നൂറ്റാ​ണ്ടി​ന്റെ തുടക്ക​ത്തിൽ, ഷേവു ചെയ്യുന്ന രീതി വീണ്ടും ജനപ്രീ​തി ആർജി​ക്കു​ക​യും മിക്ക രാജ്യ​ങ്ങ​ളി​ലും അത്‌ ഇന്നുവരെ ഫാഷനാ​യി തുടരു​ക​യും ചെയ്‌തി​രി​ക്കു​ന്നു.

കണ്ണാടി​ക്കു മുമ്പിൽനി​ന്നു​കൊണ്ട്‌ ഷേവിങ്‌ എന്ന പതിവ്‌ ചടങ്ങു നടത്തുന്ന ദശലക്ഷ​ങ്ങ​ളിൽ ഒരാളാ​ണോ നിങ്ങൾ? ആണെങ്കിൽ, ഒട്ടും വേദന കൂടാതെ, മുഖം മുറി​യാ​തെ, ഏറ്റവും നന്നായി ഷേവു ചെയ്യാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു എന്നതിൽ സംശയ​മില്ല. അതിനാ​യി “ബ്ലെയ്‌ഡ്‌ ഉപയോ​ഗി​ച്ചുള്ള ഷേവിങ്‌—ഏതാനും നിർദേ​ശങ്ങൾ” എന്ന ഭാഗത്തു കൊടു​ത്തി​രി​ക്കുന്ന സഹായ​ക​മായ വിവരങ്ങൾ പരി​ശോ​ധി​ച്ചു നോക്കാൻ നിങ്ങൾ ഇഷ്ടപ്പെ​ട്ടേ​ക്കാം. അവയിൽ ചില വിവരങ്ങൾ നിങ്ങൾ ഇപ്പോൾതന്നെ പിൻപ​റ്റു​ന്നു​ണ്ടാ​കാം. സംഗതി എന്തുതന്നെ ആയാലും നിങ്ങളു​ടെ ഷേവിങ്‌, അതു സുരക്ഷി​ത​വും ആസ്വാ​ദ്യ​വു​മാ​യി​രി​ക്കട്ടെ!

[അടിക്കു​റിപ്പ്‌]

a വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രിച്ച തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) പുസ്‌ത​ക​ത്തി​ന്റെ 1-ാം വാല്യ​ത്തി​ലെ 266, 1021 പേജുകൾ കാണുക.

[23-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

ബ്ലെയ്‌ഡ്‌ ഉപയോ​ഗി​ച്ചുള്ള ഷേവിങ്‌—ഏതാനും നിർദേ​ശ​ങ്ങൾ

പുരുഷന്മാരുടെ രോമം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ബ്ലെയ്‌ഡ്‌ ഉപയോ​ഗിച്ച്‌ ഏറ്റവും ഫലപ്ര​ദ​മാ​യി ഷേവ്‌ ചെയ്യാ​നുള്ള താഴെ കാണുന്ന നിർദേ​ശങ്ങൾ തരുന്നു. b

1. ഷേവു ചെയ്യേണ്ട ഭാഗം മൃദു​വാ​ക്കൽ: മുഖത്തെ രോമം ഏറ്റവും നന്നായി മൃദു​വാ​കു​ന്ന​തി​നുള്ള ഏക മാർഗം ധാരാളം ചൂടു​വെള്ളം ഉപയോ​ഗി​ക്കുക എന്നതാണ്‌. സാധ്യ​മെ​ങ്കിൽ, കുളി​ച്ച​തി​നു ശേഷം ഷേവു ചെയ്യുക. ഇങ്ങനെ ചെയ്‌താൽ രോമം നന്നായി മൃദു​വാ​കാൻ കൂടുതൽ സമയം ലഭിക്കും.

2. ഷേവു ചെയ്യുന്ന ഭാഗത്ത്‌ സോപ്പ്‌, ക്രീം എന്നിവ ഉപയോ​ഗി​ക്കൽ: വ്യത്യസ്‌ത തരത്തി​ലുള്ള സോപ്പു​ക​ളും ക്രീമു​ക​ളും ജെല്ലു​ക​ളു​മെ​ല്ലാം മുഖ്യ​മാ​യും മൂന്നു സംഗതി​കൾ നിറ​വേ​റ്റു​ന്നു. (1) ഷേവു ചെയ്യേണ്ട ഭാഗം ഈർപ്പ​മു​ള്ള​താ​ക്കി നിറു​ത്തു​ന്നു, (2) രോമം എഴുന്നു നിൽക്കാൻ സഹായി​ക്കു​ന്നു, (3) തൊലി വഴുവ​ഴു​പ്പു​ള്ള​താ​ക്കി തീർത്തു​കൊണ്ട്‌ റെയ്‌സർ അനായാ​സം തെന്നി നീങ്ങാൻ സഹായി​ക്കു​ന്നു. നിങ്ങൾക്ക്‌ ഏറ്റവും അനു​യോ​ജ്യ​മായ ഉത്‌പന്നം വാങ്ങുക. നിങ്ങൾ ഹെയർ കണ്ടീഷനർ പരീക്ഷി​ച്ചു നോക്കി​യി​ട്ടു​ണ്ടോ? അതും രോമം മൃദു​വാ​യി​ത്തീ​രാൻ സഹായി​ക്കു​ന്ന​താണ്‌.

3. മൂർച്ച​യുള്ള റെയ്‌സർ ശരിയായ രീതി​യിൽ ഉപയോ​ഗി​ക്കൽ: മൂർച്ച കുറഞ്ഞ റെയ്‌സ​റിന്‌ നിങ്ങളു​ടെ തൊലി​ക്കു ഹാനി വരുത്താൻ കഴിയും. രോമം വളരുന്ന ദിശയിൽ വടിക്കുക. എതിർ ദിശയിൽ വടിച്ചാൽ വളരെ ചേർത്തു ഷേവു ചെയ്യാൻ കഴിയു​മെ​ങ്കി​ലും, രോമം മുറി​യു​ന്നത്‌ തൊലി​യു​ടെ അടിഭാ​ഗത്തു വെച്ചാ​യി​രി​ക്കും. തത്‌ഫ​ല​മാ​യി, രോമം സുഷി​ര​ത്തി​ലൂ​ടെ വളരു​ന്ന​തി​നു പകരം അടുത്തുള്ള കലകളി​ലേക്ക്‌ തുളഞ്ഞു കയറി​യേ​ക്കാം. ചില ഉറവി​ടങ്ങൾ പറയു​ന്നത്‌ അനുസ​രിച്ച്‌, അശ്രദ്ധ​മായ പതിവു ഷേവിങ്‌—പുരു​ഷ​ന്മാ​രു​ടെ​യും സ്‌ത്രീ​ക​ളു​ടെ​യും കാര്യ​ത്തിൽ ഒരു​പോ​ലെ—വൈറസ്‌ രോഗ​ങ്ങ​ളി​ലേക്കു നയിക്കു​ക​യും അതിന്റെ ഫലമായി വടുക്കൾ ഉണ്ടാകു​ക​യും ചെയ്‌തേ​ക്കാം.

4. ഷേവി​ങ്ങി​നു ശേഷം ഉപയോ​ഗി​ക്കുന്ന ചർമസം​രക്ഷണ ലേപനം: ഓരോ തവണ ഷേവു ചെയ്യു​മ്പോ​ഴും നിങ്ങളു​ടെ മുഖത്തു​നിന്ന്‌ ഒരു നേരിയ ചർമപാ​ളി നീക്ക​പ്പെ​ടു​ന്ന​തി​നാൽ നിങ്ങളു​ടെ മുഖചർമം വളരെ ദുർബ​ല​മാ​യി തീരുന്നു. അതു​കൊണ്ട്‌ ശുദ്ധജലം ഉപയോ​ഗി​ച്ചു മുഖം കഴുകി വെടി​പ്പാ​ക്കു​ന്നത്‌ പ്രധാ​ന​മാണ്‌. ആദ്യം ചെറു ചൂടു​വെ​ള്ള​ത്തി​ലും തുടർന്ന്‌ സുഷി​രങ്ങൾ അടയു​ന്ന​തി​നും ഈർപ്പം നിലനി​റു​ത്തു​ന്ന​തി​നും തണുത്ത വെള്ളത്തി​ലും മുഖം കഴുകുക. ചർമസം​ര​ക്ഷ​ണ​ത്തി​നും അൽപ്പം കുളിർമ നിലനി​റു​ത്തു​ന്ന​തി​നു​മാ​യി ഷേവ്‌ ചെയ്‌ത​തി​നു ശേഷം ഉപയോ​ഗി​ക്കുന്ന ലേപനങ്ങൾ ഏതെങ്കി​ലും നിങ്ങൾക്കു പുരട്ടാ​വു​ന്ന​താണ്‌.

[അടിക്കു​റിപ്പ്‌]

b ഈ ലേഖനം പുരു​ഷ​ന്മാ​രു​ടെ ഷേവി​ങ്ങി​നെ കുറി​ച്ചു​ള്ള​താണ്‌. പല രാജ്യ​ങ്ങ​ളി​ലും സ്‌ത്രീ​ക​ളും തങ്ങളുടെ ശരീര​ത്തി​ന്റെ ചില ഭാഗങ്ങൾ ഷേവു ചെയ്യാ​റുണ്ട്‌. ഇവിടെ കൊടു​ത്തി​രി​ക്കുന്ന ചില നിർദേ​ശങ്ങൾ സഹായ​ക​മാ​ണെന്ന്‌ അവരും കണ്ടെത്തി​യേ​ക്കാം.

[24-ാം പേജിലെ ചതുരം/ചിത്രം]

മുഖരോമം എന്തു​കൊ​ണ്ടു നിർമി​തം?

മുഖരോമം നിർമി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ കെരാ​റ്റിൻകൊ​ണ്ടും അതി​നോ​ടു സമാന​മായ മാംസ്യ​ങ്ങൾകൊ​ണ്ടു​മാണ്‌. മനുഷ്യ​രു​ടെ​യും മൃഗങ്ങ​ളു​ടെ​യും ശരീര​ത്തിൽ ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടുന്ന നാരു​ക​ളുള്ള, സൾഫർ അടങ്ങിയ മാംസ്യ​ത്തെ​യാണ്‌ കെരാ​റ്റിൻ എന്നു വിളി​ക്കു​ന്നത്‌. രോമം, നഖം, തൂവൽ, കുളമ്പ്‌, കൊമ്പ്‌ എന്നിവ​യി​ലെ മുഖ്യ ഘടകമാണ്‌ കെരാ​റ്റിൻ. മനുഷ്യ ശരീര​ത്തി​ലുള്ള രോമ​ങ്ങ​ളിൽ ഏറ്റവും കടുപ്പ​മു​ള്ള​തും എളുപ്പം പൊട്ടി​പ്പോ​കാ​ത്ത​തും മുഖ​രോ​മ​ങ്ങ​ളാണ്‌. ഒരു മുഖ​രോ​മം മുറി​ക്കു​ന്ന​തിന്‌ അതേ കട്ടിയുള്ള ഒരു ചെമ്പു​കമ്പി മുറി​ക്കു​ന്ന​ത്ര​യും ബുദ്ധി​മു​ട്ടുണ്ട്‌. ഒരു സാധാരണ മനുഷ്യ​ന്റെ മുഖത്ത്‌ ശരാശരി 25,000-ത്തോളം രോമങ്ങൾ ഉണ്ടായി​രി​ക്കും. അത്‌ ഓരോ 24 മണിക്കൂ​റി​ലും ഏതാണ്ട്‌ അര മില്ലി​മീ​റ്റർ എന്ന കണക്കിൽ വളർന്നു കൊണ്ടി​രി​ക്കു​ന്നു.

[കടപ്പാട്‌]

പുരുഷന്മാർ: A Pictorial Archive from Nineteenth-Century Sources/Dover Publications, Inc.

[24-ാം പേജിലെ ചിത്രങ്ങൾ]

ദീക്ഷ ഒരു ഫാഷനാ​യി​രു​ന്ന​തും അല്ലായി​രു​ന്ന​തു​മായ കാലഘ​ട്ട​ങ്ങൾ

ഈജിപ്‌തുകാരൻ

അസ്സീറിയക്കാരൻ

റോമാക്കാരൻ

[കടപ്പാട്‌]

Museo Egizio di Torino

Photographs taken by courtesy of the British Museum