അച്ഛനില്ലാത്ത കുടുംബങ്ങൾ നമ്മുടെ കാലത്തിന്റെ പ്രത്യേകത
അച്ഛനില്ലാത്ത കുടുംബങ്ങൾ നമ്മുടെ കാലത്തിന്റെ പ്രത്യേകത
നമ്മുടെ നാളിലെ ഏറ്റവും ഗുരുതരമായ സാമൂഹിക പ്രശ്നം ഏതാണെന്നു ചോദിച്ചാൽ നിങ്ങൾ എന്ത് ഉത്തരം പറയും? ഐക്യനാടുകളിൽ നടത്തിയ ഒരു സർവേയിൽ പങ്കെടുത്തവരിൽ ഏകദേശം 80 ശതമാനവും പറഞ്ഞത് അത് “വീട്ടിൽ അച്ഛൻ എന്നൊരാൾ ഇല്ലാതെ വരുന്നതാണ്” എന്നാണ്. ഐക്യനാടുകളിലെ 2 കോടി 70 ലക്ഷത്തിലേറെ കുട്ടികളും സ്വന്തം അച്ഛന്മാരുടെ കൂടെയല്ല പാർക്കുന്നതെന്നും ഇത്തരം കുട്ടികളുടെ എണ്ണം അനുദിനം കുതിച്ചുയരുകയാണെന്നും പ്രസ്തുത സർവേ ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയുടെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഐക്യനാടുകളിൽ ജനിക്കുന്ന വെള്ളക്കാരായ കുട്ടികളുടെ ഏതാണ്ട് 50 ശതമാനത്തിന് “ബാല്യത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ അച്ഛന്റെ സ്നേഹത്തണലില്ലാതെ കഴിച്ചുകൂട്ടേണ്ടി വരുന്നു. കറുത്തവർഗക്കാരായ കുട്ടികളുടെ കാര്യത്തിൽ ഇത് 80 ശതമാനത്തോളം വരും.” 1980 മുതൽക്കേ സ്ഥിതി ഇതാണ്. അതുകൊണ്ട്, “അച്ഛനില്ലാത്ത കുടുംബങ്ങളുടെ കാര്യത്തിൽ ലോകത്തിലെ ഒന്നാം സ്ഥാനക്കാരൻ” എന്ന് യുഎസ്എ ടുഡേ, ഐക്യനാടുകളെ വിശേഷിപ്പിച്ചിരിക്കുന്നു.
എന്നിരുന്നാലും, ദി അറ്റ്ലാന്റിക് മന്ത്ലി എന്ന മാസികയിലെ ഒരു ലേഖനം ഇപ്രകാരം പറയുന്നു: “തകർന്നുടയുന്ന കുടുംബങ്ങളുടെ എണ്ണത്തിലുള്ള വർധനവ് അമേരിക്കൻ സമൂഹത്തിന്റെ മാത്രം പ്രശ്നമല്ല. അത് ജപ്പാൻ ഉൾപ്പെടെ, എല്ലാ വികസിത രാജ്യങ്ങളുടെയും തന്നെ പ്രശ്നമാണ്.” പല വികസ്വര രാജ്യങ്ങളിലും ഇതു സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ എടുക്കുക ബുദ്ധിമുട്ടാണെങ്കിലും സമാനമായ ഒരു പ്രതിസന്ധി അവിടങ്ങളിലും ഉള്ളതായി കാണുന്നു. വേൾഡ് വാച്ച് മാസിക പറയുന്നതനുസരിച്ച്, “വർധിച്ചു വരുന്ന സാമ്പത്തിക സമ്മർദങ്ങളുടെ പൽച്ചക്രങ്ങൾക്കിടയിൽപ്പെട്ടു ഞെരിയുമ്പോൾ, [ദരിദ്ര രാജ്യങ്ങളിലെ] പുരുഷന്മാർ പലപ്പോഴും ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചുപോകുന്നു.” ഒരു കരീബിയൻ രാജ്യത്തു നടത്തിയ സർവേ, എട്ടു വയസ്സുകാരായ കുട്ടികളുള്ള അച്ഛന്മാരിൽ 22 ശതമാനം മാത്രമേ തങ്ങളുടെ കുട്ടികളോടൊപ്പം കഴിഞ്ഞിരുന്നുള്ളൂ എന്നു കണ്ടെത്തി.
ബൈബിൾ കാലങ്ങളിലും അച്ഛനില്ലാത്ത കുട്ടികൾ സാധാരണമായിരുന്നു. (ആവർത്തനപുസ്തകം 27:19; സങ്കീർത്തനം 94:6; NW) അന്ന് അച്ഛന്മാരെ കുടുംബത്തിൽ നിന്നു പറിച്ചുമാറ്റിയിരുന്ന മുഖ്യ വില്ലൻ മരണമായിരുന്നു. എന്നാൽ, “ഇന്നാകട്ടെ അത്തരമൊരു സ്ഥിതിവിശേഷം സംജാതമാകുന്നതിനു പിന്നിലെ മുഖ്യ കാരണക്കാർ അച്ഛന്മാർ തന്നെയാണ്, കുടുംബത്തെ മനഃപൂർവം ഉപേക്ഷിച്ചു കടന്നുകളയുന്ന അച്ഛന്മാർ” എന്ന് ലേഖകനായ ഡേവിഡ് ബ്ലാങ്കെൻഹോൺ പറയുന്നു. നാം കാണാൻ പോകുന്നതുപോലെ, അച്ഛനില്ലാത്ത കുട്ടികളുടെ എണ്ണത്തിലുള്ള വർധനവ് പല ആളുകളും ഇന്ന് “വാത്സല്യമില്ലാത്ത”വർ ആണെന്നുള്ളതിന്റെ തെളിവാണ്. ബൈബിൾ പറയുന്നതനുസരിച്ച് ആളുകളുടെ ഈ സ്വഭാവവിശേഷം, നാം “അന്ത്യകാലത്തു” ആണ് ജീവിക്കുന്നത് എന്നതിന്റെ ഒരു തെളിവാണ്.—2 തിമൊഥെയൊസ് 3:1-3.
അച്ഛനെന്ന കഥാപാത്രം തങ്ങളുടെ ജീവിതത്തിൽ നിന്നു രംഗമൊഴിയുമ്പോൾ അതു കുരുന്നു മനസ്സുകൾക്ക് ഏൽപ്പിക്കുന്ന ആഘാതം കുറച്ചൊന്നുമല്ല. അതോടെ, വേദനയും മാനസിക തകർച്ചയും മാത്രം ഇതിവൃത്തമായ, കണ്ണീരിൽ കുതിർന്ന ഒരു തുടർക്കഥ ചുരുൾനിവരുകയായി. ഈ ലേഖന പരമ്പരയിൽ നാം അതേക്കുറിച്ചു ചർച്ചചെയ്യുന്നതായിരിക്കും. വായനക്കാരേ, നിങ്ങളെ നിരാശപ്പെടുത്താനല്ല, മറിച്ച് ഈ വിനാശകരമായ പ്രവണതയ്ക്കു തടയിടാൻ സഹായകമായ വിവരങ്ങൾ കുടുംബങ്ങൾക്ക് പ്രദാനം ചെയ്യാനാണത്.