വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അച്ഛന്മാർ—അവർ രംഗം വിടുന്നതിന്റെ കാരണം

അച്ഛന്മാർ—അവർ രംഗം വിടുന്നതിന്റെ കാരണം

അച്ഛന്മാർഅവർ രംഗം വിടു​ന്ന​തി​ന്റെ കാരണം

“ഡാഡി​യും മമ്മിയും തല്ലുകൂ​ടു​ന്ന​തോ വഴക്കി​ടു​ന്ന​തോ ഒന്നും ഞാൻ കണ്ടിട്ടില്ല. പെട്ടെന്ന്‌ ഒരു ദിവസം ഡാഡിയെ കാണാ​താ​യി! അതു മാത്രമേ എനിക്ക​റി​യാ​വൂ. ഡാഡി എവി​ടെ​യാ​ണെന്ന്‌ ഇന്നും എനിക്ക​റി​യില്ല. എനിക്കു ഡാഡി​യോട്‌ യാതൊ​രു അടുപ്പ​വും തോന്നു​ന്നില്ല.”—ബ്രൂസ്‌.

“എന്റെ സ്‌കൂ​ളിൽ, അച്ഛനി​ല്ലാ​ത്ത​താ​യി, താമസി​ക്കാൻ ഒരു വീടി​ല്ലാ​ത്ത​താ​യി ഞാൻ മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. . . . ‘ആൾക്കൂ​ട്ട​ത്തിൽ തനിയെ’ എന്നതു പോലുള്ള ഒരു അനുഭ​വ​മാ​യി​രു​ന്നു എപ്പോ​ഴും എനിക്ക്‌. എന്റെ സമപ്രാ​യ​ക്കാ​രിൽ നിന്നും ഞാൻ വളരെ വ്യത്യ​സ്‌ത​യാ​ണെന്ന്‌ എനിക്ക്‌ എപ്പോ​ഴും തോന്നി​യി​രു​ന്നു.”—പട്രീഷ്യ.

അച്ഛനി​ല്ലാത്ത കുടും​ബങ്ങൾ എന്ന പ്രതി​സ​ന്ധി​യു​ടെ വേരു തേടി​യുള്ള യാത്ര വ്യവസായ വിപ്ലവ കാലത്താ​ണു നമ്മെ കൊ​ണ്ടെ​ത്തി​ക്കുക. ഫാക്ടറി​ക​ളിൽ ജോലി ചെയ്യു​ന്ന​തി​നാ​യി പുരു​ഷ​ന്മാർ വീടു​വി​ട്ടു പോയ​തോ​ടെ കുടും​ബ​ത്തിൽ അച്ഛന്റെ സ്വാധീ​നം കുറഞ്ഞു വന്നു, കുട്ടി​കളെ വളർത്തൽ കൂടു​ത​ലും അമ്മയുടെ ജോലി​യാ​യി. a എങ്കിലും, മിക്ക അച്ഛന്മാ​രു​ടെ​യും കാര്യ​ത്തിൽ കുടും​ബ​വു​മാ​യുള്ള ബന്ധം മുറിഞ്ഞു പോയി​രു​ന്നില്ല. എന്നാൽ, 1960-കളുടെ മധ്യത്തിൽ ഐക്യ​നാ​ടു​ക​ളിൽ വിവാ​ഹ​മോ​ചന നിരക്കി​ന്റെ ഗ്രാഫ്‌ കുത്തനെ ഉയരാൻ തുടങ്ങി. വിവാ​ഹ​മോ​ച​ന​ത്തിന്‌ എതി​രെ​യുള്ള മതപര​വും സാമ്പത്തി​ക​വും സാമൂ​ഹി​ക​വു​മായ വേലി​ക്കെ​ട്ടു​കൾ പൊളി​ഞ്ഞു വീഴാൻ തുടങ്ങി. വിവാ​ഹ​മോ​ചനം കുട്ടി​കൾക്ക്‌ ഒരു പ്രകാ​ര​ത്തി​ലും ദോഷം ചെയ്യി​ല്ലെന്നു മാത്രമല്ല, അത്‌ അവർക്ക്‌ ഗുണം ചെയ്‌തേ​ക്കാ​മെന്നു പോലും ഉറപ്പിച്ചു പറഞ്ഞ ‘വിദഗ്‌ധ​രു​ടെ’ ഉപദേശം ചെവി​ക്കൊണ്ട ഒട്ടനവധി ദമ്പതികൾ വിവാ​ഹ​മോ​ച​ന​ത്തി​ന്റെ പാത തേടു​ക​യു​ണ്ടാ​യി. ഫ്രാങ്ക്‌ എഫ്‌. ഫർസ്റ്റെൻബെർഗ്‌ ജൂനി​യ​റും ആൻഡ്രൂ ജെ. ചെർളി​നും കൂടി രചിച്ച ഭിന്നിച്ച കുടും​ബങ്ങൾ—മാതാ​പി​താ​ക്കൾ വഴിപി​രി​യു​മ്പോൾ കുട്ടി​കൾക്കു സംഭവി​ക്കു​ന്നത്‌ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇപ്രകാ​രം പറയുന്നു: “[1960-നു ശേഷം] ഫ്രാൻസ്‌, ബെൽജി​യം, സ്വിറ്റ്‌സർലൻഡ്‌ എന്നിവി​ട​ങ്ങ​ളിൽ [വിവാ​ഹ​മോ​ചന] നിരക്ക്‌ ഇരട്ടി​യാ​യ​പ്പോൾ ഇംഗ്ലണ്ടി​ലും കാനഡ​യി​ലും നെതർലൻഡ്‌സി​ലും അതു മൂന്നി​ര​ട്ടി​യാ​യി വർധിച്ചു.”

വിവാ​ഹ​മോ​ചന ശേഷം കുട്ടികൾ സാധാ​ര​ണ​ഗ​തി​യിൽ അമ്മമാ​രോ​ടൊ​പ്പ​മാ​ണു കഴിയു​ന്ന​തെ​ങ്കി​ലും വഴിപി​രി​യുന്ന മിക്ക അച്ഛന്മാർക്കും കുഞ്ഞു​ങ്ങ​ളു​മാ​യുള്ള ബന്ധം തുടർന്നും നിലനിർത്താൻ ആഗ്രഹം ഉണ്ട്‌. ഇതിനു പറ്റിയ മാർഗം കുട്ടി​ക​ളു​ടെ സംരക്ഷ​ണ​ച്ചു​മതല മാതാ​പി​താ​ക്കൾ ഇരുവ​രും കൂടി പങ്കു​വെ​ക്കു​ന്ന​താ​ണെന്ന്‌ പലർക്കും തോന്നു​ന്നു. എന്നിരു​ന്നാ​ലും, വിവാ​ഹ​മോ​ചി​ത​രായ മിക്ക അച്ഛന്മാ​രും തങ്ങളുടെ മക്കളു​മാ​യി വളരെ കുറച്ചു സമ്പർക്കമേ പുലർത്തു​ന്നു​ള്ളൂ എന്നതാണു വാസ്‌തവം. ഒരു സർവേ ചൂണ്ടി​ക്കാ​ട്ടു​ന്നത്‌ അനുസ​രിച്ച്‌ വിവാ​ഹ​മോ​ചി​ത​നായ അച്ഛനെ എല്ലാ ആഴ്‌ച​യി​ലും കാണാൻ കഴിയു​ന്നത്‌ ആറു കുട്ടി​ക​ളിൽ ഒരാൾക്കു മാത്ര​മാണ്‌. അവരിൽ പകുതി​യോ​ളം കുട്ടി​ക​ളും തങ്ങളുടെ അച്ഛനെ ഒരു​നോ​ക്കു കണ്ടിട്ട്‌ വർഷം ഒന്നു കഴിഞ്ഞി​രു​ന്നു!

സംരക്ഷ​ണ​ച്ചു​മതല പങ്കു​വെക്കൽ—ലക്ഷ്യം സാധി​ക്കാ​തെ വരുന്നു

കുട്ടി​ക​ളു​ടെ സംരക്ഷ​ണ​ച്ചു​മതല പങ്കു​വെ​ക്കു​ന്ന​തിന്‌ വിവാ​ഹ​മോ​ചി​ത​രായ ദമ്പതി​ക​ളു​ടെ ഭാഗത്തു പരസ്‌പര വിശ്വാ​സ​വും നല്ല സഹകര​ണ​വും ആവശ്യ​മാണ്‌. വഴിപി​രിഞ്ഞ ദമ്പതി​ക​ളു​ടെ ഇടയി​ലാ​ണെ​ങ്കിൽ മിക്ക​പ്പോ​ഴും ഈ ഗുണങ്ങൾക്ക്‌ കടുത്ത ദാരി​ദ്ര്യ​മാ​ണു താനും. ഗവേഷ​ക​രായ ഫർസ്റ്റെൻബെർഗും ചെർളി​നും അതിനെ കുറിച്ച്‌ ഇപ്രകാ​രം പറയുന്നു: “അച്ഛന്മാർ കുട്ടി​കളെ കാണാൻ ചെല്ലാ​ത്ത​തി​ന്റെ ഒരു മുഖ്യ കാരണം തങ്ങളുടെ മുൻ ഭാര്യ​മാ​രു​മാ​യുള്ള യാതൊ​രു ഇടപാ​ടി​നും അവർക്കു താത്‌പ​ര്യ​മില്ല എന്നതാണ്‌. പല സ്‌ത്രീ​കൾക്കും തങ്ങളുടെ മുൻ ഭർത്താ​ക്ക​ന്മാ​രെ സംബന്ധി​ച്ചും ഇതേ മനോ​ഭാ​വം തന്നെയാണ്‌ ഉള്ളത്‌.”

വിവാ​ഹ​മോ​ചി​ത​രെ​ങ്കി​ലും കുട്ടി​കളെ പതിവാ​യി ചെന്നു കാണുന്ന പല അച്ഛന്മാ​രു​മുണ്ട്‌ എന്നതു സത്യം തന്നെ. എന്നാൽ, കുട്ടി​ക​ളു​ടെ ദൈനം​ദിന കാര്യ​ങ്ങ​ളിൽ തങ്ങൾ മേലാൽ ഉൾപ്പെ​ടു​ന്നി​ല്ലാ​ത്ത​തി​നാൽ, അവരോ​ടൊ​പ്പം ആയിരി​ക്കു​മ്പോൾ അച്ഛന്റെ കുപ്പാ​യ​മ​ണി​യാൻ ചിലർക്കെ​ങ്കി​ലും ബുദ്ധി​മു​ട്ടു തോന്നു​ന്നു. പലരും വെറും കളിക്കൂ​ട്ടു​കാ​രന്റെ റോളാ​യി​രി​ക്കും സ്വീക​രി​ക്കു​ന്നത്‌. ഉള്ള സമയം മുഴു​വ​നും തന്നെ അവർ വിനോ​ദ​ത്തി​നോ ഷോപ്പി​ങ്ങി​നോ വേണ്ടി ചെലവ​ഴി​ക്കു​ന്നു. 14 വയസ്സു​കാ​ര​നായ ആരി തന്റെ അച്ഛന്റെ വാരാന്ത സന്ദർശ​ന​ങ്ങളെ കുറിച്ച്‌ ഇങ്ങനെ പറയുന്നു: “ഞങ്ങളുടെ പരിപാ​ടി​കൾക്കു പ്ലാനും പട്ടിക​യു​മൊ​ന്നും ഇല്ല. ‘അഞ്ചരയ്‌ക്ക്‌ വീട്ടിൽ വരണം’ എന്നതു പോലുള്ള നിബന്ധ​ന​ക​ളും ഇല്ല. ഒന്നിനും ഒരു വിലക്കില്ല. എന്തിനും ഏതിനും സ്വാത​ന്ത്ര്യം. പിന്നെ, എപ്പോ​ഴും സമ്മാന​ങ്ങ​ളു​മാ​യി​ട്ടാണ്‌ അച്ഛന്റെ വരവ്‌.”—മാതാ​പി​താ​ക്കൾ വിവാ​ഹ​മോ​ചനം നേടു​മ്പോൾ തോന്നു​ന്നത്‌ (ഇംഗ്ലീഷ്‌), ജിൽ ക്രെ​മെ​ന്റ്‌സ്‌.

സ്‌നേ​ഹ​വാ​നാ​യ ഒരു അച്ഛന്‌ “മക്കൾക്കു നല്ല ദാനങ്ങളെ [“സമ്മാന​ങ്ങളെ,” NW] കൊടു​പ്പാൻ അറി”യാം. (മത്തായി 7:11) പക്ഷേ, സമ്മാനങ്ങൾ ഒരിക്ക​ലും മാർഗ​നിർദേ​ശ​ത്തി​നും ശിക്ഷണ​ത്തി​നും പകരമാ​വി​ല്ല​ല്ലോ! (സദൃശ​വാ​ക്യ​ങ്ങൾ 3:12; 13:1, NW) അച്ഛൻ കുട്ടിക്ക്‌ ഒരു കളിക്കൂ​ട്ടു​കാ​ര​നോ സന്ദർശ​ക​നോ മാത്ര​മാ​യി മാറു​മ്പോൾ അവർ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴാൻ വളരെ സാധ്യ​ത​യുണ്ട്‌. ഒരു പഠനം ഈ നിഗമ​ന​ത്തി​ലെത്തി: “വിവാ​ഹ​മോ​ച​ന​ത്തി​ന്റെ ഫലമായി അച്ഛനും കുട്ടി​യും തമ്മിലുള്ള ബന്ധം എന്നേക്കു​മാ​യി അറ്റു​പോ​യേ​ക്കാം.”—വിവാഹ-കുടുംബ ജേർണൽ (ഇംഗ്ലീഷ്‌), മേയ്‌ 1994.

കുട്ടി​ക​ളോ​ടൊ​ത്തുള്ള ജീവി​ത​ത്തിൽ നിന്ന്‌ പിഴു​തു​മാ​റ്റ​പ്പെ​ട്ട​തി​ലുള്ള നൊമ്പ​ര​വും അരിശ​വും നിമിത്തം അല്ലെങ്കിൽ കേവലം ഒരു നിർവി​കാര മനോ​ഭാ​വം നിമിത്തം ചില പുരു​ഷ​ന്മാർ സാമ്പത്തിക സഹായം പോലും നൽകാൻ തയ്യാറാകാതെ b കുടും​ബത്തെ പാടേ ഉപേക്ഷി​ക്കു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 5:8) “ഞാൻ ഇഷ്ടപ്പെ​ടുന്ന ഒരു ഗുണം പോലും എന്റെ അച്ഛനി​ലില്ല,” വിതു​മ്പുന്ന ഹൃദയ​ത്തോ​ടെ ഒരു കൗമാ​ര​ക്കാ​രൻ പറയുന്നു. “അദ്ദേഹ​ത്തിന്‌, ഞങ്ങൾ ജീവി​ച്ചി​രി​പ്പു​ണ്ടെന്ന ചിന്ത പോലു​മില്ല. ഒരു ചെറിയ കാര്യ​ത്തിൽ പോലും ഞങ്ങളെ ഒരു കൈ സഹായി​ക്കാൻ അദ്ദേഹം തയ്യാറല്ല. ഇതൊക്കെ കാണു​മ്പോൾ കടിച്ചു​കീ​റാ​നുള്ള ദേഷ്യ​മാണ്‌ എനിക്കു തോന്നാറ്‌.”

അവിവാ​ഹി​ത​രായ മാതാ​പി​താ​ക്കൾ

അവിഹിത ബന്ധത്തി​ലൂ​ടെ ജനിക്കുന്ന കുഞ്ഞു​ങ്ങ​ളു​ടെ എണ്ണത്തി​ലുള്ള ഭീമമായ വർധന​വാണ്‌ അച്ഛനി​ല്ലാത്ത കുട്ടി​ക​ളു​ടെ എണ്ണം ഏറ്റവും പെരു​കാൻ ഇടയാ​ക്കി​യി​രി​ക്കു​ന്നത്‌. “[ഐക്യ​നാ​ടു​ക​ളിൽ] ഇപ്പോൾ ജനിക്കുന്ന കുഞ്ഞു​ങ്ങ​ളു​ടെ ഏതാണ്ട്‌ മൂന്നി​ലൊ​ന്നും വിവാ​ഹ​ബ​ന്ധ​ത്തി​നു പുറത്താ​ണു ജനിക്കു​ന്നത്‌” എന്ന്‌ ഫാദർലെസ്‌ അമേരിക്ക എന്ന പുസ്‌തകം പറയുന്നു. 15-നും 19-നും ഇടയ്‌ക്കു പ്രായ​മു​ള്ള​വർക്ക്‌ ഓരോ വർഷവും 5,00,000-ത്തോളം കുഞ്ഞുങ്ങൾ ജനിക്കു​ന്നുണ്ട്‌. ഈ കുഞ്ഞു​ങ്ങ​ളിൽ 78 ശതമാ​ന​ത്തി​നും ജന്മം നൽകു​ന്നത്‌ അവിവാ​ഹി​ത​രായ കൗമാ​ര​പ്രാ​യ​ക്കാ​രാണ്‌. എന്നാൽ, കൗമാര ഗർഭധാ​രണം ഐക്യ​നാ​ടു​ക​ളി​ലെ മാത്ര​മൊ​രു പ്രശ്‌നമല്ല. പിന്നെ​യോ അത്‌ ഒരു ആഗോള പ്രശ്‌ന​മാണ്‌. ഗർഭനി​രോ​ധന മാർഗ​ങ്ങളെ കുറിച്ചു പഠിപ്പി​ക്കു​ക​യും ലൈം​ഗിക വർജനത്തെ കുറിച്ചു പ്രസം​ഗി​ക്കു​ക​യു​മൊ​ക്കെ ചെയ്‌തി​ട്ടും ലൈം​ഗി​കത സംബന്ധിച്ച കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ നിലപാ​ടി​നു യാതൊ​രു മാറ്റവു​മില്ല.

കൗമാ​ര​ക്കാ​രാ​യ അച്ഛന്മാർ (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽ ബ്രൈ​യാൻ ഇ. റോബിൻസൺ ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “ലൈം​ഗി​ക​ത​യും വിവാ​ഹ​ത്തി​നു മുമ്പുള്ള ഗർഭധാ​ര​ണ​വും സംബന്ധിച്ച സമൂഹ​ത്തി​ന്റെ മനോ​ഭാ​വ​ങ്ങൾക്കു കൂടുതൽ അയവു വന്നിരി​ക്കു​ന്ന​തി​നാൽ, അവിഹിത ഗർഭധാ​രണം 1960-കളിലെ അത്രതന്നെ അപമാ​ന​വും നാണ​ക്കേ​ടും ഇപ്പോൾ വരുത്തി​വെ​ക്കു​ന്നില്ല. . . . കൂടാതെ, പരസ്യങ്ങൾ, സംഗീതം, ചലച്ചി​ത്രങ്ങൾ, ടെലി​വി​ഷൻ എന്നിവ​യൊ​ക്കെ ഇന്നത്തെ യുവജ​ന​ങ്ങ​ളു​ടെ മനസ്സിൽ ലൈം​ഗി​ക​തയെ കുറി​ച്ചുള്ള ആശയങ്ങൾ സദാ കുത്തി​വെ​ക്കു​ന്നു. ലൈം​ഗി​കത പ്രേമാ​ത്മ​ക​വും ആവേശ​മു​ണർത്തു​ന്ന​തും ഇക്കിളി​പ്പെ​ടു​ത്തു​ന്ന​തും ആണെന്ന്‌ അമേരി​ക്കൻ മാധ്യ​മങ്ങൾ കൗമാ​ര​പ്രാ​യ​ക്കാ​രോ​ടു പറയുന്നു. എന്നാൽ യാതൊ​രു വീണ്ടു​വി​ചാ​ര​വു​മി​ല്ലാ​തെ, തോന്നു​ന്നതു പോലെ ലൈം​ഗി​ക​ത​യിൽ ഏർപ്പെ​ടു​ന്നതു തീക്കളി​യാ​ണെന്ന്‌ അവ ഒരിക്ക​ലും വെളി​പ്പെ​ടു​ത്തു​ന്നില്ല. അതേ, പച്ചയായ ജീവി​ത​സ​ത്യ​ങ്ങൾ ഒരിക്ക​ലും ചിത്രീ​ക​രി​ക്ക​പ്പെ​ടു​ന്നില്ല.”

പല യുവജ​ന​ങ്ങ​ളും അവിഹിത ലൈം​ഗി​ക​ത​യു​ടെ ഭീകര​മു​ഖത്തെ കുറിച്ചു പാടേ അജ്ഞരാണ്‌. ഗ്രന്ഥകാ​ര​നായ റോബിൻസൺ കേൾക്കാ​നി​ട​യായ ചില അഭി​പ്രാ​യങ്ങൾ ശ്രദ്ധിക്കൂ: “‘[ഗർഭി​ണി​യാ​കുന്ന] തരക്കാ​രി​യാ​ണെന്ന്‌ എനിക്ക്‌ അവളെ കണ്ടപ്പോൾ തോന്നി​യില്ല’; ‘ഞങ്ങൾ ആഴ്‌ച​യിൽ ഒരു തവണ മാത്രമേ ലൈം​ഗി​ക​മാ​യി ബന്ധപ്പെ​ട്ടി​രു​ന്നു​ള്ളൂ’; ‘ആദ്യത്തെ തവണ ബന്ധപ്പെ​ടു​മ്പോൾ തന്നെ ഒരുവൾ ഗർഭിണി ആയേക്കു​മെന്ന്‌ ഞാൻ കരുതി​യ​തേ​യില്ല.’” എങ്കിലും, ലൈം​ഗി​ക​ബന്ധം ഗർഭധാ​ര​ണ​ത്തി​ലേക്കു നയിക്കും എന്ന്‌ ചില യുവാ​ക്കൾക്കു വളരെ നന്നായി അറിയാം. അവിവാ​ഹി​ത​രായ കൊച്ചു പിതാ​ക്ക​ന്മാർ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇപ്രകാ​രം പറയുന്നു: “[ഉൾനഗര പ്രദേ​ശ​ങ്ങ​ളി​ലുള്ള] പല ആൺകു​ട്ടി​ക​ളും സമൂഹ​ത്തി​ലെ തങ്ങളുടെ സ്റ്റാറ്റസി​ന്റെ ഒരു സുപ്ര​ധാന പ്രതീ​ക​മാ​യാണ്‌ ലൈം​ഗി​ക​തയെ കാണു​ന്നത്‌. ലൈം​ഗിക വിജയ​ങ്ങളെ വലിയ എന്തോ ഒരു നേട്ടമാ​യാണ്‌ അവർ കണക്കാ​ക്കു​ന്നത്‌. പല പെൺകു​ട്ടി​ക​ളെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം ആൺകു​ട്ടി​ക​ളു​ടെ ശ്രദ്ധ പിടി​ച്ചു​പ​റ്റാ​നുള്ള ഒരു ഉപാധി​യാ​ണു ലൈം​ഗി​കത.” ഉൾനഗര പ്രദേ​ശ​ങ്ങ​ളി​ലെ ചിലയി​ട​ങ്ങ​ളിൽ ഇതുവരെ അച്ഛനാ​യി​ട്ടി​ല്ലാത്ത ആൺകു​ട്ടി​കളെ കൂട്ടു​കാ​രെ​ല്ലാം അതു പറഞ്ഞു പരിഹ​സി​ക്കുക പോലും ചെയ്യാ​റു​ണ്ട​ത്രേ!

കാലി​ഫോർണി​യ​യി​ലെ സ്‌കൂൾപ്രാ​യ​ക്കാ​രായ അമ്മമാരെ കുറിച്ച്‌ 1993-ൽ നടത്തിയ ഒരു പഠനത്തി​ന്റെ ഫലങ്ങൾ പരിചി​ന്തി​ക്കു​മ്പോൾ സ്ഥിതി​ഗ​തി​കൾ കൂടുതൽ വഷളാ​ണെന്നു കാണാൻ കഴിയും. ആ പെൺകു​ട്ടി​ക​ളിൽ മൂന്നിൽ രണ്ടു പേരും ഗർഭി​ണി​ക​ളാ​യത്‌ കൗമാ​ര​ക്കാ​രായ കാമു​ക​ന്മാ​രാൽ അല്ലായി​രു​ന്നു, പിന്നെ​യോ 20 വയസ്സി​ലേറെ പ്രായ​മുള്ള പുരു​ഷ​ന്മാ​രാൽ ആയിരു​ന്നു! വാസ്‌ത​വ​ത്തിൽ കൗമാ​ര​പ്രാ​യ​ക്കാ​രായ പല അവിവാ​ഹിത അമ്മമാ​രും ലൈം​ഗിക ചൂഷണ​ത്തി​ന്റെ ഇരകളാണ്‌ എന്നു ചില പഠനങ്ങൾ സൂചി​പ്പി​ക്കു​ന്നു. വിപു​ല​വ്യാ​പ​ക​മായ ഇത്തരം ചൂഷണം, ആധുനിക മനുഷ്യ സമൂഹം എത്ര രോഗാ​തു​ര​വും അധഃപ​തി​ച്ച​തു​മായ ഒരു അവസ്ഥയിൽ എത്തി​ച്ചേർന്നി​രി​ക്കു​ന്നു എന്നു വ്യക്തമാ​ക്കു​ന്നു.—2 തിമൊ​ഥെ​യൊസ്‌ 3:13, 14.

കൗമാ​ര​ക്കാ​രായ അച്ഛന്മാർ രംഗം വിടു​ന്ന​തി​ന്റെ കാരണം

ഒരു കുഞ്ഞിനെ വളർത്തി​ക്കൊ​ണ്ടു വരുന്ന​തി​ന്റെ ദീർഘ​കാല ചുമതല ഏറ്റെടു​ക്കുന്ന കൗമാ​ര​ക്കാ​രായ അച്ഛന്മാർ നന്നേ ചുരു​ക്ക​മാണ്‌. കാമുകി ഗർഭി​ണി​യാ​യെന്ന്‌ അറിഞ്ഞ​പ്പോ​ഴത്തെ തന്റെ പ്രതി​ക​ര​ണത്തെ കുറിച്ച്‌ ഒരു ആൺകുട്ടി പറഞ്ഞത്‌ ഇതാണ്‌: “‘ഇനിയി​പ്പോൾ എവി​ടെ​യെ​ങ്കി​ലു​മൊ​ക്കെ വെച്ചു വീണ്ടും കാണാം’ എന്ന്‌ അവളോ​ടു പറഞ്ഞിട്ട്‌ ഞാൻ സ്ഥലം വിട്ടു.” എന്നിരു​ന്നാ​ലും, “കൗമാ​ര​ക്കാ​രായ മിക്ക അച്ഛന്മാ​രും തങ്ങളുടെ കുഞ്ഞു​ങ്ങ​ളു​മാ​യി വളരെ അടുത്ത ഒരു ബന്ധം പുലർത്താ​നുള്ള അതിയായ ആഗ്രഹം പ്രകടി​പ്പി​ക്കു​ന്നു” എന്ന്‌ കുടും​ബ​ജീ​വിത പ്രബോ​ധ​ക​നി​ലെ (ഇംഗ്ലീഷ്‌) ഒരു ലേഖനം ചൂണ്ടി​ക്കാ​ട്ടു​ന്നു. അവിവാ​ഹി​ത​രായ യുവ ഡാഡി​മാ​രെ കുറി​ച്ചുള്ള ഒരു പഠനം കാണി​ക്കു​ന്നത്‌, അവരിൽ 70 ശതമാ​ന​വും തങ്ങളുടെ കുഞ്ഞിനെ ആഴ്‌ച തോറും ചെന്നു കാണാ​റുണ്ട്‌ എന്നാണ്‌. “എങ്കിലും, കുഞ്ഞുങ്ങൾ വളരു​ന്ന​ത​നു​സ​രിച്ച്‌ [ഈ ഡാഡി​മാ​രു​ടെ] സന്ദർശനം കുറഞ്ഞു​വ​രു​ന്നു” എന്ന്‌ ആ ലേഖനം മുന്നറി​യി​പ്പു നൽകുന്നു.

അതിന്റെ കാരണം 17 വയസ്സു​കാ​ര​നായ ഒരു അച്ഛന്റെ വാക്കു​ക​ളിൽ പ്രതി​ഫ​ലി​ക്കു​ന്നു: “ഇത്‌ ഇത്രയും ബുദ്ധി​മു​ട്ടുള്ള സംഗതി​യാ​ണെന്ന്‌ അറിഞ്ഞി​രു​ന്നെ​ങ്കിൽ ഇതു സംഭവി​ക്കാൻ ഞാൻ ഒരിക്ക​ലും ഇടയാ​ക്കി​ല്ലാ​യി​രു​ന്നു.” മിക്ക​പ്പോ​ഴും, പിതൃ​ത്വ​ത്തി​ന്റെ വെല്ലു​വി​ളി​കൾ ഏറ്റെടു​ക്കാ​നുള്ള വൈകാ​രിക പക്വത​യോ അനുഭ​വ​പ​രി​ച​യ​മോ കൗമാരം പടിയി​റ​ങ്ങാത്ത ഇക്കൂട്ടർക്കില്ല. മാത്രമല്ല, പലർക്കും ഒരു ഉപജീവന മാർഗം കണ്ടെത്താ​നുള്ള വിദ്യാ​ഭ്യാ​സ​മോ തൊഴിൽ വൈദ​ഗ്‌ധ്യ​മോ ഇല്ലതാ​നും. പരാജയം സമ്മാനി​ക്കുന്ന നാണ​ക്കേടു സഹിക്ക​വ​യ്യാ​തെ പല യുവാ​ക്ക​ളും തങ്ങളുടെ കുഞ്ഞു​ങ്ങളെ ഉപേക്ഷി​ച്ചു കടന്നു​ക​ള​യു​ന്നു. “ഞാൻ വല്ലാത്ത ഗതി​കേ​ടി​ലാണ്‌,” കൗമാ​ര​ക്കാ​ര​നായ ഒരു പിതാവ്‌ സമ്മതി​ക്കു​ന്നു. മറ്റൊ​രാൾ ഇങ്ങനെ വിലപി​ക്കു​ന്നു: “എനിക്ക്‌ എന്റെ കാര്യം തന്നെ നോക്കാൻ പറ്റുന്നില്ല; അപ്പോൾ പിന്നെ [എന്റെ മകനെ] കൂടി നോ​ക്കേണ്ടി വന്നാലത്തെ ഗതി​യെ​ന്താ​കും?”

പച്ച മുന്തി​രി​ങ്ങ

ബൈബിൾ കാലങ്ങ​ളിൽ യഹൂദ​ന്മാ​രു​ടെ ഇടയിൽ ഒരു ചൊല്ലു​ണ്ടാ​യി​രു​ന്നു: “അപ്പന്മാർ പച്ചമു​ന്തി​രി​ങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു.” (യെഹെ​സ്‌കേൽ 18:2) അങ്ങനെ ആയിരി​ക്കേ​ണ്ട​തി​ല്ലെന്ന്‌, അതായത്‌ കഴിഞ്ഞ​കാല തെറ്റുകൾ ആവർത്തി​ക്ക​പ്പെ​ടേ​ണ്ട​തി​ല്ലെന്ന്‌ ദൈവം യഹൂദ​ന്മാ​രോ​ടു പറഞ്ഞു. (യെഹെ​സ്‌കേൽ 18:3) എന്നാൽ, ഇന്ന്‌ ലക്ഷക്കണ​ക്കി​നു കുട്ടികൾ തങ്ങളുടെ അപ്പന്മാർ തിന്ന “പച്ചമു​ന്തി​രിങ്ങ”യുടെ പുളിപ്പ്‌ രുചി​ക്കു​ന്ന​താ​യി കാണുന്നു. അതേ, അവർ തങ്ങളുടെ അപ്പന്മാ​രു​ടെ പക്വത​യി​ല്ലാ​യ്‌മ​യ്‌ക്കും ഉത്തരവാ​ദി​ത്വ​മി​ല്ലാ​യ്‌മ​യ്‌ക്കും ദാമ്പത്യ പരാജ​യ​ങ്ങൾക്കും ഉള്ള ശിക്ഷ ഏറ്റുവാ​ങ്ങു​ന്നു. അച്ഛന്റെ തണലി​ല്ലാ​തെ വളരുന്ന കുഞ്ഞു​ങ്ങ​ളു​ടെ ജീവി​ത​ത്തിൽ ശാരീ​രി​ക​വും വൈകാ​രി​ക​വു​മായ ഒരുപാട്‌ അപകട​സാ​ധ്യ​തകൾ പതിയി​രി​ക്കു​ന്ന​താ​യി അനവധി ഗവേഷ​ണങ്ങൾ തെളി​യി​ക്കു​ന്നു. (7-ാം പേജിലെ ചതുരം കാണുക.) എന്നാൽ ഏറ്റവും ഖേദക​ര​മായ സംഗതി, അച്ഛനി​ല്ലാത്ത കുടും​ബ​ങ്ങ​ളു​ടെ ചരിത്രം പലപ്പോ​ഴും പിൻത​ല​മു​റ​ക​ളി​ലും ആവർത്തി​ക്ക​പ്പെ​ടു​ന്നു എന്നതും അങ്ങനെ വേദന​യും കഷ്ടപ്പാ​ടും ഒരു തുടർക്ക​ഥ​യാ​യി മാറുന്നു എന്നതു​മാണ്‌.

അത്തരം കുടും​ബ​ങ്ങൾക്കാ​യി നീക്കി​വെ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ പരാജ​യ​ത്തി​ന്റെ കയ്‌പു​നീർ മാത്ര​മാ​ണോ? ഒരിക്ക​ലും അല്ല. അച്ഛനില്ലാ കുടും​ബ​ങ്ങ​ളു​ടെ തുടർക്ക​ഥ​യ്‌ക്ക്‌ ഒരു അവസാനം കാണാൻ കഴിയും എന്നതാണ്‌ സന്തോഷ വാർത്ത. ഇതെങ്ങനെ ചെയ്യാൻ കഴിയും എന്ന്‌ അടുത്ത ലേഖനം ചർച്ച​ചെ​യ്യും.

[അടിക്കു​റി​പ്പു​കൾ]

a രസകരമെന്നു പറയട്ടെ, വ്യവസാ​യ​വ​ത്‌ക​ര​ണ​ത്തി​നു മുമ്പ്‌, ഐക്യ​നാ​ടു​ക​ളിൽ, കുട്ടി​കളെ വളർത്തു​ന്നതു സംബന്ധിച്ച നിർദേ​ശങ്ങൾ അടങ്ങിയ ഗ്രന്ഥങ്ങൾ പൊതു​വെ അമ്മമാർക്കു പകരം അച്ഛന്മാരെ സംബോ​ധന ചെയ്‌തു​കൊ​ണ്ടു​ള്ളവ ആയിരു​ന്നു.

b “[വിവാ​ഹ​മോ​ചി​ത​രായ മാതാ​പി​താ​ക്ക​ളു​ടെ കുട്ടി​കൾക്ക്‌] സാമ്പത്തിക പിന്തുണ ലഭിക്കാൻ അവകാ​ശ​മു​ണ്ടെ​ങ്കി​ലും അവരിൽ ഏതാണ്ട്‌ 40 ശതമാ​ന​വും അതിനുള്ള [കോടതി ഉത്തരവ്‌] ഇല്ലാത്ത​വ​രാണ്‌. ഇനി അതിനുള്ള കോടതി ഉത്തരവ്‌ ലഭിച്ച കുട്ടി​ക​ളിൽത്തന്നെ, നാലി​ലൊ​ന്നു പേർക്ക്‌ യാതൊ​രു സാമ്പത്തിക സഹായ​വും ലഭിക്കു​ന്നു​മില്ല. വാസ്‌ത​വ​ത്തിൽ, അർഹി​ക്കുന്ന മുഴുവൻ സാമ്പത്തിക സഹായ​വും ലഭിക്കു​ന്നവർ മൂന്നി​ലൊ​ന്നു പോലു​മില്ല” എന്ന്‌ ഐക്യ​നാ​ടു​ക​ളി​ലെ ഗവേഷ​ക​രായ സേറാ മക്ലാന​ഹാ​നും ഗാരി സാൻഡ​ഫ​റും അഭി​പ്രാ​യ​പ്പെ​ടു​ന്നു.

[7-ാം പേജിലെ ചതുരം/ചിത്രം]

അച്ഛന്റെ തണലി​ല്ലാ​തെ വളരു​ന്ന​തി​ന്റെ അപകടങ്ങൾ

അച്ഛനില്ലാതെ വളരുന്ന കുട്ടി​ക​ളു​ടെ ജീവി​ത​ത്തിൽ വലിയ അപകട​സാ​ധ്യ​തകൾ പതിയി​രി​ക്കു​ന്നു. ചുവടെ കൊടു​ത്തി​രി​ക്കുന്ന വിവരങ്ങൾ ചിലരിൽ നൊമ്പ​ര​ത്തി​ന്റെ അലകൾ ഉയർത്തി​യേ​ക്കാം. എങ്കിലും അപകട​സാ​ധ്യ​ത​കളെ കുറിച്ച്‌ അറിഞ്ഞാ​ലല്ലേ അപകടങ്ങൾ സംഭവി​ക്കു​ന്നതു തടയാ​നോ കുറഞ്ഞ​പക്ഷം അവയുടെ ഭവിഷ്യ​ത്തു​കൾ ലഘൂക​രി​ക്കാ​നോ കഴിയു​ക​യു​ള്ളൂ. ഇവിടെ കൊടു​ത്തി​രി​ക്കുന്ന സ്ഥിതി​വി​വ​ര​ക്ക​ണ​ക്കു​കൾ പൊതു​വാ​യു​ള്ള​താണ്‌. എല്ലാവ​രു​ടെ​യും കാര്യ​ത്തിൽ അതു സത്യമാ​യി​ക്കൊ​ള്ളണം എന്നില്ല. അച്ഛനി​ല്ലാ​തെ​യാ​ണു വളരു​ന്ന​തെ​ങ്കി​ലും ഇപ്പറഞ്ഞ പ്രശ്‌ന​ങ്ങ​ളൊ​ന്നും അനുഭ​വി​ക്കാത്ത പല കുട്ടി​ക​ളു​മുണ്ട്‌. അവസാന ലേഖന​ത്തിൽ നാം കാണാൻ പോകു​ന്ന​തു​പോ​ലെ, ബൈബിൾ തത്ത്വങ്ങൾ ബാധക​മാ​ക്കു​ക​യും അമ്മ വേണ്ട വിധത്തിൽ പ്രവർത്തി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ, പ്രശ്‌നങ്ങൾ ഉണ്ടാകുന്ന പക്ഷം അവ ലഘൂക​രി​ക്കാൻ സാധി​ക്കും. നമുക്കി​പ്പോൾ അച്ഛനി​ല്ലാത്ത ഒരു കുട്ടി അഭിമു​ഖീ​ക​രി​ക്കാൻ ഇടയുള്ള ചില അപകട​ങ്ങളെ കുറിച്ചു പരിചി​ന്തി​ക്കാം.

ലൈം​ഗിക ദ്രോ​ഹ​ത്തിന്‌ ഇരയാ​കാ​നുള്ള വർധിച്ച സാധ്യത

കുടുംബത്തിൽ അച്ഛന്റെ തുണയി​ല്ലാ​തെ വളരുന്ന കുട്ടി ലൈം​ഗിക ദ്രോ​ഹ​ത്തിന്‌ ഇരയാ​കാ​നുള്ള സാധ്യത കൂടു​ത​ലാ​ണെന്ന്‌ ഗവേഷ​ണങ്ങൾ വ്യക്തമാ​യി സൂചി​പ്പി​ക്കു​ന്നു. 52,000 ശിശു​ദ്രോഹ കേസു​ക​ളിൽ “72 ശതമാ​ന​ത്തി​ലും ഇരകളാ​യത്‌, അച്ഛനമ്മ​മാ​രിൽ ആരെങ്കി​ലും ഒരാളോ അല്ലെങ്കിൽ ഇരുവ​രു​മോ ഇല്ലാത്ത കുട്ടി​ക​ളാ​യി​രു​ന്നു” എന്ന്‌ ഒരു പഠനം വെളി​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. ഫാദർലെസ്‌ അമേരിക്ക എന്ന പുസ്‌തകം ഇങ്ങനെ തറപ്പിച്ചു പറയുന്നു: “നമ്മുടെ സമൂഹ​ത്തിൽ കുട്ടി​ക​ളോ​ടുള്ള ലൈം​ഗിക ദ്രോഹം വർധിച്ചു വരാനുള്ള മുഖ്യ കാരണം സ്വന്തം അച്ഛന്മാ​രു​ടെ സാന്നി​ധ്യം കുറഞ്ഞു വരുന്ന​തും രണ്ടാന​ച്ഛ​ന്മാ​രെ​യും കമിതാ​ക്ക​ളെ​യും പോലെ രക്തബന്ധ​മി​ല്ലാ​ത്ത​വ​രോ ക്ഷണിക​മാ​യി ജീവി​ത​ത്തി​ലേക്കു കടന്നു​വ​രു​ന്ന​വ​രോ ആയ പുരു​ഷ​ന്മാ​രു​ടെ സാന്നി​ധ്യം ഏറിവ​രു​ന്ന​തു​മാണ്‌.”

ചെറു​പ്പ​ത്തിൽത്തന്നെ ലൈം​ഗിക ബന്ധങ്ങളിൽ ഏർപ്പെ​ടാ​നുള്ള വർധിച്ച സാധ്യത

അച്ഛനമ്മമാരിൽ ഒരാൾ മാത്ര​മുള്ള കുടും​ബ​ങ്ങ​ളിൽ കുട്ടി​ക​ളു​ടെ മേലുള്ള മേൽനോ​ട്ടം കുറവാ​യി​രി​ക്കാൻ ഇടയു​ള്ള​തി​നാൽ പലപ്പോ​ഴും യുവജ​ന​ങ്ങൾക്ക്‌ അധാർമിക പെരു​മാ​റ്റ​ത്തിൽ ഉൾപ്പെ​ടാൻ കൂടുതൽ അവസരങ്ങൾ ലഭിക്കു​ന്നു. അച്ഛനും അമ്മയും ചേർന്നു നൽകുന്ന പരിശീ​ലനം ലഭിക്കു​ന്നില്ല എന്നതും ഇതിന്‌ ഒരു കാരണ​മാ​കാം. “അച്ഛനി​ല്ലാ​തെ വളരുന്ന പെൺകു​ട്ടി​ക​ളു​ടെ ഇടയിൽ കൗമാ​ര​ഗർഭ​ധാ​രണ സാധ്യത മറ്റുള്ള​വരെ അപേക്ഷിച്ച്‌ രണ്ടര ഇരട്ടി​യാണ്‌” എന്ന്‌ ‘യു.എസ്‌. ഡിപ്പാർട്ട്‌മെന്റ്‌ ഓഫ്‌ ഹെൽത്ത്‌ ആൻഡ്‌ ഹ്യൂമൻ സർവീ​സസ്‌’ പറയുന്നു.

പട്ടിണി

അവിവാഹിത മാതൃ​ത്വ​ത്തി​ന്റെ സാധാരണ കണ്ടുവ​രുന്ന ഒരു ദുരന്ത മുഖമാണ്‌ പട്ടിണി എന്ന്‌ ദക്ഷിണാ​ഫ്രി​ക്ക​യി​ലെ കറുത്ത​വർഗ​ക്കാ​രായ കൗമാ​ര​പ്രാ​യ​ക്കാ​രി​ക​ളിൽ നടത്തിയ ഒരു പഠനം വെളി​പ്പെ​ടു​ത്തി. “50 ശതമാ​ന​ത്തോ​ളം പെൺകു​ട്ടി​ക​ളും പിന്നീട്‌ സ്‌കൂ​ളി​ന്റെ പടി കാണു​ന്ന​തേ​യില്ല” എന്ന്‌ ആ പഠനകർത്താ​ക്കൾ പറയുന്നു. പല അവിവാ​ഹിത അമ്മമാ​രും ഒടുവിൽ വേശ്യാ​വൃ​ത്തി​യു​ടെ​യും മയക്കു​മ​രു​ന്നു വ്യാപാ​ര​ത്തി​ന്റെ​യും പാത തേടു​ക​യാ​ണു പതിവ്‌. പാശ്ചാത്യ നാടു​ക​ളി​ലെ സ്ഥിതി​യും അത്ര മെച്ച​മൊ​ന്നു​മല്ല. ഐക്യ​നാ​ടു​ക​ളിൽ, “[1995-ൽ] അച്ഛനും അമ്മയും ഉള്ള കുടും​ബ​ങ്ങ​ളി​ലെ കുട്ടി​ക​ളിൽ 10 ശതമാനം മാത്രം പട്ടിണി​യി​ലാ​യി​രു​ന്ന​പ്പോൾ അമ്മ മാത്ര​മുള്ള കുടും​ബ​ങ്ങ​ളി​ലെ 50 ശതമാ​ന​മാണ്‌ പട്ടിണി​യിൽ കഴിച്ചു​കൂ​ട്ടി​യത്‌.”—അമേരി​ക്ക​യി​ലെ കുട്ടികൾ: ക്ഷേമത്തി​ന്റെ മുഖ്യ ദേശീയ സൂചകർ 1997 (ഇംഗ്ലീഷ്‌).

അവഗണന

ഒറ്റയാൾ രക്ഷാകർതൃ​ത്വം വഹിക്കുന്ന അമ്മമാർക്ക്‌ നൂറു കൂട്ടം ചുമത​ലകൾ തോളി​ലേ​റ്റേ​ണ്ട​താ​യി വരുന്നു. അപ്പോൾ കുട്ടി​ക​ളോ​ടൊ​പ്പം വേണ്ടത്ര സമയം ചെലവ​ഴി​ക്കാൻ അവരിൽ പലർക്കും സാധി​ക്കാ​റില്ല. വിവാ​ഹ​മോ​ചി​ത​യായ ഒരു സ്‌ത്രീ ഇപ്രകാ​രം പറയുന്നു: “ഞാൻ പകൽ ജോലി​ക്കു പോകു​മാ​യി​രു​ന്നു, വൈകു​ന്നേരം പഠിക്കാ​നും. ഈ പരക്കം പാച്ചി​ലി​നൊ​ടു​വിൽ തളർന്ന്‌ അവശയാ​യി വീട്ടി​ലെ​ത്തുന്ന ഞാൻ കുട്ടി​ക​ളു​ടെ കാര്യം പാടേ അവഗണി​ച്ചി​രു​ന്നു.”

മുറി​പ്പെ​ടുന്ന വികാ​ര​ങ്ങൾ

മാതാപിതാക്കളുടെ വിവാ​ഹ​മോ​ച​ന​ത്തി​നു ശേഷം കുട്ടികൾ പെട്ടെന്നു തന്നെ പുതിയ സാഹച​ര്യ​ത്തോട്‌ ഇണങ്ങി​ച്ചേ​രു​ന്നു​വെ​ന്നാണ്‌ ചില വിദഗ്‌ധ​രു​ടെ അവകാ​ശ​വാ​ദം. എന്നാൽ അതിനു നേരെ വിപരീ​ത​മാണ്‌, ഡോ. ജൂഡിത്ത്‌ വാലെർ​സ്റ്റൈ​നി​നെ പോലുള്ള ഗവേഷ​ക​രു​ടെ അഭി​പ്രാ​യം. വിവാ​ഹ​മോ​ചനം കുരുന്നു മനസ്സു​ക​ളിൽ മായാത്ത മുറി​പ്പാ​ടു​കൾ സൃഷ്ടി​ക്കു​ന്നു​വെന്ന്‌ അവർ കണ്ടെത്തി​യി​രി​ക്കു​ന്നു. “മാതാ​പി​താ​ക്കൾ വിവാ​ഹ​മോ​ചി​ത​രാ​യിട്ട്‌ പത്തു വർഷം കഴിഞ്ഞ, പത്തൊ​മ്പ​തി​നും ഇരുപ​ത്തൊ​മ്പ​തി​നും ഇടയ്‌ക്കു പ്രായ​മുള്ള യുവതീ​യു​വാ​ക്ക​ന്മാ​രിൽ മൂന്നി​ലൊ​ന്നി​നും പുരോ​ഗ​തി​യു​ടെ പടവുകൾ കയറണ​മെന്ന ആഗ്രഹം ഇല്ലെന്നു​തന്നെ പറയാം. അവരുടെ ജീവിത നൗക ലക്ഷ്യമി​ല്ലാ​തെ ഒഴുകി നീങ്ങു​ക​യാണ്‌. . . . ആകെപ്പാ​ടെ ഒരു നിസ്സഹാ​യ​ഭാ​വ​മാണ്‌ അവർക്ക്‌.” (ഡോ. ജൂഡിത്ത്‌ വാലെർ​സ്റ്റൈ​നും സാൻഡ്ര ബ്ലേക്‌സ്ലി​യും എഴുതിയ സെക്കൻഡ്‌ ചാൻസ​സിൽ നിന്ന്‌.) വിവാ​ഹ​മോ​ചി​ത​രായ മാതാ​പി​താ​ക്ക​ളു​ടെ കുട്ടി​ക​ളിൽ പൊതു​വെ ആത്മാഭി​മാ​ന​ക്കു​റവ്‌, വിഷാദം, കുറ്റവാ​സന എന്നിവ കണ്ടുവ​രു​ന്നു. കൂടാതെ ഇക്കൂട്ട​രിൽ പലർക്കും മൂക്കിൻ തുമ്പത്താണ്‌ അരിശം.

മാതാപിതാക്കളിൽ ഒരാൾ മാത്ര​മുള്ള കുടും​ബം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇപ്രകാ​രം പറയുന്നു: “കുടും​ബ​ത്തിൽ, അനുക​രി​ക്കാ​നും മാതൃ​ക​യാ​ക്കാ​നും പറ്റിയ ഒരു പുരു​ഷന്റെ സാന്നി​ധ്യ​മി​ല്ലാ​തെ വളർന്നു​വ​രുന്ന ആൺകു​ട്ടി​കൾ പുരു​ഷ​ത്വ​ത്തെ സംബന്ധിച്ച്‌ വ്യക്തമായ ധാരണ​യി​ല്ലാ​ത്ത​വ​രും ആത്മാഭി​മാ​ന​ക്കു​റവ്‌ ഉള്ളവരും ആണ്‌. പിന്നീട്‌, തങ്ങളുടെ ജീവി​ത​ത്തിൽ ഉറ്റ ബന്ധങ്ങൾ സ്ഥാപി​ച്ചെ​ടു​ക്കു​ന്ന​തി​ലും അവർക്കു ബുദ്ധി​മുട്ട്‌ അനുഭ​വ​പ്പെ​ടു​ന്നു. ഒരു മാതൃകാ പുരു​ഷന്റെ സാന്നി​ധ്യ​മി​ല്ലാ​തെ വളർന്നു​വ​രുന്ന പെൺകു​ട്ടി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം കൗമാ​ര​ത്തി​ലോ അതിനു ശേഷമോ ആയിരി​ക്കും പ്രശ്‌നങ്ങൾ തലപൊ​ക്കുക. മുതിർന്നു കഴിയു​മ്പോൾ വിജയ​പ്ര​ദ​മായ സ്‌ത്രീ-പുരുഷ ബന്ധങ്ങൾ സ്ഥാപി​ച്ചെ​ടു​ക്കു​ന്ന​തി​ലെ ബുദ്ധി​മുട്ട്‌ ഇക്കൂട്ട​രു​ടെ പ്രശ്‌ന​ങ്ങ​ളിൽ പെടുന്നു.”