ക്വൈ ട്സ് ഒന്നു പരീക്ഷിച്ചുനോക്കൂ!
ക്വൈ ട്സ് ഒന്നു പരീക്ഷിച്ചുനോക്കൂ!
തായ്വാനിലെ ഉണരുക! ലേഖകൻ
ആകുഞ്ഞുമുഖത്തെ സന്തോഷം കണ്ടാൽത്തന്നെ അറിയാം, അവൾ എത്ര ആസ്വദിച്ചാണ് ആഹാരം കഴിക്കുന്നത് എന്ന്. അവളുടെ ഇടത്തെ കൈയിൽ ഒരു കോപ്പയുണ്ട്. ചോറും പച്ചക്കറികളും മീനുംകൊണ്ട് അതു വക്കുവരെ നിറച്ചിരിക്കുന്നു. വലത്തെ കൈയിൽ കട്ടികുറഞ്ഞ, ഒരു ജോഡി മുളങ്കോലുകളും അവൾ പിടിച്ചിട്ടുണ്ട്. തന്റെ കുഞ്ഞുവിരലുകൾ കൊണ്ട് അവ വിദഗ്ധമായി ചലിപ്പിച്ച് തനിക്കിഷ്ടപ്പെട്ട കഷണങ്ങൾ തന്നെ തിരഞ്ഞെടുത്ത് അതൊട്ടും മുഖത്തു പറ്റിക്കാതെ കഴിക്കുകയാണ് അവൾ. ഇടയ്ക്കിടയ്ക്ക് അവൾ കോപ്പ ചുണ്ടോടു ചേർത്തുപിടിക്കുന്നുണ്ട്. എന്നിട്ട്, കോലുകൾ വേഗത്തിൽ ചലിപ്പിച്ച് ചോറ് ഒട്ടും നിലത്തു വീഴ്ത്താതെ വായിലേക്കിടുന്നു. ഇതെല്ലാം കണ്ടാൽ തോന്നും, അത് ഉപയോഗിച്ച് ആഹാരം കഴിക്കുന്നത് വളരെ എളുപ്പവും സ്വാഭാവികവും സൗകര്യപ്രദവുമാണെന്ന്.
ആ കൊച്ചുപെൺകുട്ടിയുടെ കൈയിലിരിക്കുന്നത് എന്താണെന്നറിയാമോ? അവയാണു പ്രസിദ്ധമായ ചോപ്പ്സ്റ്റിക്കുകൾ അഥവാ ദന്ത-ദാരു നിർമിതമായ കോലുകൾ. ചൈനീസ് ഭാഷയിൽ അവയെ ക്വൈ ട്സ് എന്നാണു പറയുക. അതിന്റെ അർഥം “വേഗമുള്ളവ” എന്നും. എന്താണെങ്കിലും, തെക്കുകിഴക്കൻ ഏഷ്യയിൽ അവയില്ലാത്ത വീടുകൾ കാണില്ലെന്നുതന്നെ പറയാം. ഒരുപക്ഷേ, ഒരു ചൈനീസ് റെസ്റ്ററന്റിൽ നിന്നു ഭക്ഷണം കഴിച്ച സമയത്ത് നിങ്ങളും അവയൊന്നു പരീക്ഷിച്ചു നോക്കിയിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ, ചോപ്പ്സ്റ്റിക്കുകൾ എന്ന ആശയം ഉടലെടുത്തത് എവിടെയാണെന്നു നിങ്ങൾക്കറിയാമോ? അവ ഏറ്റവും ആദ്യം ഉപയോഗിച്ചത് എവിടെയെന്നും എങ്ങനെയെന്നും ഉള്ളതിനെ കുറിച്ചോ? അവ എങ്ങനെ ശരിയായ വിധത്തിൽ ഉപയോഗിക്കാമെന്ന് അറിയാൻ നിങ്ങൾക്കു താത്പര്യമുണ്ടോ?
“വേഗമുള്ളവ”
ഏകദേശം 20 മുതൽ 25 വരെ സെന്റിമീറ്റർ നീളം വരുന്ന വണ്ണംകുറഞ്ഞ കോലുകളാണു ചോപ്പ്സ്റ്റിക്കുകൾ. മിക്കപ്പോഴും അവയ്ക്ക് പകുതിഭാഗം മുതൽ മേൽപ്പോട്ടേക്കു ചതുരാകൃതിയാണുള്ളത്. അതുകൊണ്ട്, അവ പിടിക്കാൻ എളുപ്പമാണ് എന്നു മാത്രമല്ല മേശപ്പുറത്തു വെച്ചാൽ ഉരുണ്ടുപോകുകയുമില്ല. പകുതിക്കു താഴേക്കുള്ള ഭാഗം മിക്കപ്പോഴും ഉരുണ്ടതായിരിക്കും. ചൈനീസ് ചോപ്പ്സ്റ്റിക്കുകളെ അപേക്ഷിച്ച് ജാപ്പനീസ് ചോപ്പ്സ്റ്റിക്കുകൾ പൊതുവെ നീളം കുറഞ്ഞവയാണ്. തന്നെയുമല്ല, ജാപ്പനീസ് ചോപ്പ്സ്റ്റിക്കുകൾക്ക് കുറേക്കൂടെ കൂർത്ത അഗ്രമാണ് ഉള്ളത്.
ഇന്ന് ചോപ്പ്സ്റ്റിക്കുകൾ വൻതോതിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഒറ്റത്തവണത്തെ ഉപയോഗത്തിനു ശേഷം ഉപേക്ഷിക്കാവുന്ന തരം ചോപ്പ്സ്റ്റിക്കുകൾ പായ്ക്കു ചെയ്ത രൂപത്തിൽ ഇന്നു പല റെസ്റ്ററന്റുകളിലും ലഭ്യമാണ്. അവയുടെ മുകളറ്റം വേർപെടുത്തിയിട്ടില്ലായിരിക്കും. ഉപയോഗിക്കുന്ന ആളാണ് അവ വേർപെടുത്തിയെടുക്കേണ്ടത്. ഒറ്റത്തവണത്തെ ഉപയോഗത്തിനു വേണ്ടി ആയതിനാൽ, അത്തരം ചോപ്പ്സ്റ്റിക്കുകൾ ഏതെങ്കിലും സാധാരണ തടികൊണ്ടോ മുളകൊണ്ടോ ഉണ്ടാക്കിയവ ആയിരിക്കും. വീടുകളിലും വലിയ ഹോട്ടലുകളിലുമൊക്കെ, കാണാൻ നല്ല ഭംഗിയുള്ള ചോപ്പ്സ്റ്റിക്കുകളാണ് പൊതുവെ ഉപയോഗിക്കുന്നത്. പോളീഷ് ചെയ്ത മുള, വാർണീഷ് ചെയ്ത തടി, പ്ലാസ്റ്റിക്, സ്റ്റെയിൻലെസ് സ്റ്റീൽ എന്തിന്, ചിലപ്പോൾ വെള്ളി, ആനക്കൊമ്പ് എന്നിവ ഉപയോഗിച്ചു പോലും ചോപ്പ്സ്റ്റിക്കുകൾ ഉണ്ടാക്കാറുണ്ട്. മോടികൂട്ടുന്നതിന് ചിലവയിൽ കവിത ആലേഖനം ചെയ്യുകയോ ചിത്രങ്ങൾ വരയ്ക്കുകയോ ചെയ്യാറുണ്ട്.
ചോപ്പ്സ്റ്റിക്കുകൾ ഉപയോഗിക്കേണ്ട വിധം
കഷ്ടിച്ച് രണ്ടുവയസ്സു മാത്രമുള്ള ഒരു കുട്ടി സാധാരണയിലും കൂടുതൽ വലിപ്പമുണ്ടെന്ന് തോന്നിക്കുന്ന ചോപ്പ്സ്റ്റിക്കുകൾ ഉപയോഗിച്ച് ആഹാരം കഴിക്കുന്ന കാഴ്ച ചൈനയും ജപ്പാനും പോലുള്ള പൗരസ്ത്യ നാടുകൾ സന്ദർശിക്കാനെത്തുന്ന പലരിലും കൗതുകം ഉണർത്താറുണ്ട്. നിമിഷനേരം കൊണ്ട് അവൻ പാത്രത്തിലുള്ളതെല്ലാം ചോപ്പ്സ്റ്റിക്കുകൾ ഉപയോഗിച്ച് അകത്താക്കുന്നു. അതു കണ്ടാൽ തോന്നും അവ ഉപയോഗിക്കാൻ ഒരു പ്രയാസവുമില്ല എന്ന്.
എന്താ, ചോപ്പ്സ്റ്റിക്കുകൾ ഒന്ന് ഉപയോഗിച്ചു നോക്കുന്നോ? ആദ്യമൊക്കെ, നിങ്ങൾക്കവ ഇഷ്ടാനുസരണം ചലിപ്പിക്കാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ, അൽപ്പം പരിശീലനം കൊണ്ട് ഇതു സാധിക്കാവുന്നതേയുള്ളൂ. മാത്രമല്ല, പിന്നെ അവ നിങ്ങളുടെ കൈയുടെ ഒരു ഭാഗംപോലെതന്നെ ആയിത്തീരുകയും ചെയ്യും.
ചോപ്പ്സ്റ്റിക്കുകൾ രണ്ടും ഒരു കൈയിൽത്തന്നെ—സാധാരണഗതിയിൽ വലത്തു കൈയിൽ—ആണു പിടിക്കേണ്ടത്. (15-ാം പേജിലെ ചിത്രങ്ങൾ കാണുക.) ആദ്യം,
നിങ്ങളുടെ കൈ കുമ്പിൾ പോലെയാക്കുക. തള്ളവിരൽ ബാക്കിയുള്ള വിരലുകളിൽ നിന്ന് അകത്തിയാണു പിടിക്കേണ്ടത്. ഒരു ചോപ്പ്സ്റ്റിക്ക് മോതിരവിരലിന്റെ തുമ്പത്തും ചൂണ്ടുവിരലിന്റെ താഴ്ഭാഗത്തും തൊടുന്നരീതിയിൽ തള്ളവിരലിന്റെ ഇടയിൽ വെക്കുക. രണ്ടാമത്തെ ചോപ്പ്സ്റ്റിക്ക് ആദ്യത്തേതിനോടു സമാന്തരമായി വരത്തക്കവിധം തള്ളവിരലും ചൂണ്ടുവിരലും നടുവിരലും ഉപയോഗിച്ച് അതു പിടിക്കുക, ഒരു പെൻസിൽ പിടിക്കുന്നതു പോലെ തന്നെ. മേശപ്പുറത്ത് മെല്ലെയൊന്നു തട്ടി ചോപ്പ്സ്റ്റിക്കുകളുടെ അറ്റം ഒരേ നിരപ്പിലാക്കുക. ഇനി, താഴത്തെ ചോപ്പ്സ്റ്റിക്ക് അനക്കാതെ പിടിച്ചിട്ട്, ചൂണ്ടുവിരലും നടുവിരലും ഒരുമിച്ച് താഴേക്കും മുകളിലേക്കും ചലിപ്പിച്ചുകൊണ്ട് മുകളിലത്തെ ചോപ്പ്സ്റ്റിക്ക് മാത്രം അനക്കുക. ചോപ്പ്സ്റ്റിക്കുകളുടെ അറ്റം രണ്ടും അനായാസം അടുപ്പിച്ചു കൊണ്ടുവരാൻ കഴിയുന്നതു വരെ പരിശീലിക്കുക. ഒരു ചൈനീസ് ഭക്ഷണത്തിലെ സ്വാദൂറുന്ന വിഭവങ്ങളിൽ ഏതും എടുത്തു കഴിക്കാൻ നിങ്ങൾ ഇപ്പോൾ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. ഒരു മണി ചോറ് മുതൽ ഒരു കാടമുട്ട വരെ! ചൈനീസ് ഭക്ഷണവും ചോപ്പ്സ്റ്റിക്കുകളും ശരിക്കും യോജിച്ചുപോകും. കാരണമെന്തെന്നോ? സാധാരണഗതിയിൽ, വായിൽക്കൊള്ളാവുന്നത്ര വലിപ്പമുള്ള കഷണങ്ങളായിട്ടാണ് അവർ ആഹാരസാധനങ്ങൾ മുറിക്കുക.എന്നാൽ കോഴിയെയോ താറാവിനെയോ ഒക്കെ മുഴുവനോടെ പൊരിച്ച് നിങ്ങളുടെ മുന്നിൽ കൊണ്ടുവന്നു വെക്കുകയാണെങ്കിലോ? സാധാരണഗതിയിൽ, വായിൽക്കൊള്ളാവുന്നത്ര വലിപ്പത്തിൽ കഷണങ്ങൾ അനായാസം വിടുവിച്ചെടുക്കാൻ പാകത്തിനുള്ള വേവ് ഇറച്ചിക്കുണ്ടായിരിക്കും. മീൻ കഴിക്കാൻ ഏറ്റവും പറ്റിയതാണ് ചോപ്പ്സ്റ്റിക്കുകൾ. മിക്കപ്പോഴും ഒരു മുഴു മീനായിരിക്കും പാത്രത്തിലെത്തുക എന്നതുതന്നെ കാരണം. കത്തിയും മുള്ളും ഉപയോഗിച്ചു മീനിന്റെ മുള്ളു മാറ്റുന്നതിനെക്കാൾ എത്ര എളുപ്പമാണെന്നോ ചോപ്പ്സ്റ്റിക്കുകൾ ഉപയോഗിച്ച് അങ്ങനെ ചെയ്യാൻ.
ഇനി, ചോറു കഴിക്കുമ്പോഴാണെങ്കിലോ? വീട്ടിലോ മറ്റോ ആണെങ്കിൽ ഇടതുകൈ കൊണ്ട് കോപ്പ ചുണ്ടോട് അടുപ്പിച്ചുപിടിച്ച്, ചോപ്പ്സ്റ്റിക്കുകൾകൊണ്ട് ചോറ് കോരിക്കോരി വായിലേക്കിടാവുന്നതാണ്. ഔപചാരിക വേളകളിൽ പക്ഷേ, കൈയിലിരിക്കുന്ന കോപ്പയിൽ നിന്ന് ചോപ്പ്സ്റ്റിക്കുകൾകൊണ്ട് ചോറ് അൽപ്പാൽപ്പമായി എടുത്തു കഴിക്കുന്നതാണ് മര്യാദ.
ചൈനീസ് ഭക്ഷണത്തിലെ ഒഴിച്ചുകൂടാനാകാത്ത ഇനമായ സൂപ്പ് കഴിക്കുമ്പോഴോ? സാധാരണഗതിയിൽ, സൂപ്പ് എടുക്കുന്നതിന് ഒരു പോർസെലേൻ തവി വെച്ചിട്ടുണ്ടായിരിക്കും. എന്നാൽ സൂപ്പിൽ പച്ചക്കറി, ഇറച്ചി, മീൻ എന്നിവയുടെ കഷണങ്ങളോ നൂഡിൽസോ ഒക്കെ ഉണ്ടെങ്കിൽ വലതുകൈയിൽ പിടിച്ചിരിക്കുന്ന ചോപ്പ്സ്റ്റിക്കുകൾ ഉപയോഗിച്ച് അവ എടുക്കുക. അതു വായിലേക്കു കൊണ്ടുപോകുമ്പോൾ സൂപ്പു ദേഹത്തു വീഴാതിരിക്കുന്നതിന് ഇടതു കൈകൊണ്ടു തവിയും പിടിക്കുക.
പെരുമാറ്റമര്യാദകളും ചോപ്പ്സ്റ്റിക്കുകളും
ഒരു ചൈനീസ് വീട്ടിൽ ഭക്ഷണത്തിനായി നിങ്ങളെ ക്ഷണിക്കുകയാണെങ്കിൽ, അവരുടെ ഊണുമേശയിലെ പെരുമാറ്റരീതികൾ അഥവാ മര്യാദകൾ അറിഞ്ഞിരിക്കുന്നതു നല്ലതാണ്. ആദ്യംതന്നെ അവർ വിഭവങ്ങളെല്ലാം കൊണ്ടുവന്ന് മേശയുടെ മധ്യഭാഗത്തു നിരത്തിവെക്കും. തുടർന്ന്, ആതിഥേയനോ ഗൃഹനാഥനോ തന്റെ ചോപ്പ്സ്റ്റിക്കുകൾ കൈയിലെടുത്തിട്ട് ആഹാരം കഴിച്ചുതുടങ്ങാൻ എല്ലാവരെയും നോക്കി ആംഗ്യം കാട്ടും. അപ്പോഴായിരിക്കും അതിഥികൾ
തങ്ങളുടെ ചോപ്പ്സ്റ്റിക്കുകൾ കൈയിലെടുത്ത് ആഹാരം കഴിച്ചു തുടങ്ങുന്നത്.പാശ്ചാത്യ രീതിയിലുള്ള ചില ഭക്ഷണവേളകളിൽ നിന്നു വ്യത്യസ്തമായി, ഇവിടെ മേശയ്ക്കു ചുറ്റും ഇരിക്കുന്നവർക്കു വിഭവങ്ങൾ കൈമാറുന്ന രീതിയില്ല. അതിനുപകരം, നിരത്തിവെച്ചിരിക്കുന്നിടത്തു നിന്നുതന്നെ എല്ലാവരും എടുത്തുകഴിക്കുകയാണു ചെയ്യാറ്. കുടുംബ ഭക്ഷണവേളകളിൽ, ഓരോരുത്തരും സ്വന്തം ചോപ്പ്സ്റ്റിക്കുകൾ ഉപയോഗിച്ച് എല്ലാവർക്കുംകൂടെ എടുക്കാൻ പൊതുവായി വെച്ചിരിക്കുന്ന പാത്രങ്ങളിൽ നിന്നു കഷണങ്ങൾ എടുത്തു നേരെ വായിലേക്കിടുകയാണു പതിവ്. എന്നാൽ, ഭക്ഷണം ചവയ്ക്കുമ്പോൾ ശബ്ദമുണ്ടാക്കുന്നതോ ചോപ്പ്സ്റ്റിക്കുകളുടെ അറ്റം നക്കുന്നതോ പാത്രത്തിൽ നിങ്ങൾക്കിഷ്ടപ്പെട്ട കഷണം തിരയുന്നതോ ഒക്കെ മോശമായ പെരുമാറ്റരീതികളായിട്ടാണ് കണക്കാക്കപ്പെടുന്നത്. ചോപ്പ്സ്റ്റിക്കുകളുടെ അറ്റം കടിക്കരുതെന്നു പൗരസ്ത്യ ദേശങ്ങളിലെ അമ്മമാർ കുഞ്ഞുങ്ങളെ പഠിപ്പിക്കാറുണ്ട്. അത് ശുചിത്വ സംബന്ധമായ കാരണങ്ങളാൽ മാത്രമല്ല, ചോപ്പ്സ്റ്റിക്കുകളുടെ ഭംഗി നഷ്ടപ്പെടും എന്നതിനാലും ആണ്.
അതിഥികളോടുള്ള പരിഗണന നിമിത്തം ചിലപ്പോഴെല്ലാം വിളമ്പാനുള്ള തവികളോ കൂടുതൽ ചോപ്പ്സ്റ്റിക്കുകളോ നൽകാറുണ്ട്. മേശയുടെ നടുവിൽ വെച്ചിരിക്കുന്ന പാത്രങ്ങളിൽ നിന്ന് മറ്റൊരു പാത്രത്തിലേക്കോ നിങ്ങളുടെ കോപ്പയിലേക്കോ കഷണങ്ങൾ എടുക്കുന്നതിനു വേണ്ടിയാണ് അവ ഉപയോഗിക്കുന്നത്. എന്നാലും, ഒരു നല്ല കഷണം എടുത്തു നിങ്ങളുടെ പാത്രത്തിലേക്കിടാൻ ആതിഥേയൻ തന്റെ സ്വന്തം ചോപ്പ്സ്റ്റിക്കുകൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ പരിഭവിക്കേണ്ടതില്ല. ഒന്നുമല്ലെങ്കിലും, തന്റെ ബഹുമാന്യനായ അതിഥിക്ക് ഏറ്റവും നല്ലതു കിട്ടിയെന്ന് ഉറപ്പാക്കേണ്ടത് അദ്ദേഹത്തിന്റെ കടമയാണല്ലോ!
കത്തിയുടെയും മുള്ളിന്റെയും കാര്യത്തിലെന്നപോലെതന്നെ, ചോപ്പ്സ്റ്റിക്കുകൾ മറ്റുള്ളവരുടെ നേർക്കു ചൂണ്ടുന്നതും അവ കൈയിൽ വെച്ചുകൊണ്ട് മറ്റെന്തെങ്കിലും എടുക്കുന്നതും മോശമായിട്ടാണു കണക്കാക്കുന്നത്. അതുകൊണ്ട്, നാപ്കിനോ ചായക്കപ്പോ, വിളമ്പാൻ ഉപയോഗിക്കുന്ന തവിയോ ഒക്കെ എടുക്കേണ്ടതുണ്ടെങ്കിൽ, ആദ്യം ചോപ്പ്സ്റ്റിക്കുകൾ താഴെ വെക്കുക. ഇതിനുവേണ്ടി മിക്കപ്പോഴും ആകർഷകമായ ചെറിയ ചോപ്പ്സ്റ്റിക്ക് സ്റ്റാൻഡുകൾ വെച്ചിട്ടുണ്ടാകും.
കഴിച്ചുകഴിയുമ്പോൾ ചോപ്പ്സ്റ്റിക്കുകൾ അലക്ഷ്യമായി ഇട്ടിട്ടുപോകാതെ അവ രണ്ടും വൃത്തിയായി ചേർത്തുവെക്കുക. എന്നിട്ട്, മറ്റുള്ളവർ കഴിച്ചുതീരുന്നതു വരെ കാത്തിരിക്കുക. എല്ലാവരും കഴിച്ചുകഴിയുന്നതിനു മുമ്പ് എഴുന്നേറ്റു പോകുന്നത് ഒരു നല്ല രീതിയല്ല. ആതിഥേയനോ ഗൃഹനാഥനോ എഴുന്നേറ്റു കഴിഞ്ഞിട്ട് മറ്റുള്ളവരോടും ‘പോകാം’ എന്നു പറയുമ്പോഴാണ് ഭക്ഷണവേള അവസാനിക്കുന്നത്.
ചോപ്പ്സ്റ്റിക്കുകൾ ഉപയോഗിക്കേണ്ട വിധം മനസ്സിലായ സ്ഥിതിക്ക്, ഇനി ചെയ്യേണ്ടത് ഇത്രമാത്രം. കുറച്ചു ചോപ്പ്സ്റ്റിക്കുകൾ സംഘടിപ്പിച്ച് അവ ഉപയോഗിക്കുന്ന വിധം പരിശീലിച്ചു നോക്കുക. അടുത്ത തവണ ആരെങ്കിലും നിങ്ങളെ ഒരു ചൈനീസ് റെസ്റ്ററന്റിലേക്കോ ചൈനീസ് ഭക്ഷണം കഴിക്കുന്നതിന് അവരുടെ വീട്ടിലേക്കോ ക്ഷണിക്കുന്നെങ്കിൽ, ക്വൈ ട്സ് എന്തുകൊണ്ടൊന്നു പരീക്ഷിച്ചു നോക്കിക്കൂടാ? ചിലപ്പോൾ അത് ആഹാരംതന്നെ കൂടുതൽ രുചികരമാക്കിയേക്കാം!
[14-ാം പേജിലെ ചതുരം/ചിത്രം]
അൽപ്പം ചോപ്പ്സ്റ്റിക്ക് പുരാണം
ചോപ്പ്സ്റ്റിക്കുകൾ ആദ്യമൊക്കെ ആഹാരം കഴിക്കുന്നതിനു വേണ്ടിയല്ല, പാചകം ചെയ്യുന്നതിനു വേണ്ടിയാണ് ഉപയോഗിച്ചിരുന്നത് എന്നാണ് ചില ചൈനീസ് പണ്ഡിതന്മാരുടെ അഭിപ്രായം. ചെറുകഷണങ്ങളാക്കി ഇലയിൽ പൊതിഞ്ഞുവെക്കുന്ന വേവിക്കാത്ത ആഹാരസാധനങ്ങളിലേക്ക് ചൂടാക്കിയ ചെറിയ ഉരുളൻ കല്ലുകൾ എടുത്തുവെക്കുന്നതിന് ഈ കോലുകൾ ഉപയോഗിച്ചിരുന്നു. അങ്ങനെ ഒട്ടും പൊള്ളലേൽക്കാതെതന്നെ പാചകക്കാരന് ആഹാരം പാചകം ചെയ്യാൻ കഴിയുമായിരുന്നു! എന്നാൽ പിന്നീടുള്ള നാളുകളിൽ, പാചകം ചെയ്യുന്ന കലത്തിൽ നിന്ന് കഷണങ്ങൾ എടുക്കുന്നതിനായിരുന്നു ചോപ്പ്സ്റ്റിക്കുകൾ ഉപയോഗിച്ചിരുന്നത്.
സാധ്യതയനുസരിച്ച്, മുളയോ a പെട്ടെന്നു നശിച്ചുപോകുന്ന തരം തടിയോ ഉപയോഗിച്ചാണ് ആദ്യകാലത്തു ചോപ്പ്സ്റ്റിക്കുകൾ ഉണ്ടാക്കിയിരുന്നത്. അവ ഏറ്റവുമാദ്യം ഉപയോഗിച്ചിരുന്നത് എപ്പോഴായിരുന്നു എന്നു തറപ്പിച്ചു പറയാനാകാത്തതിന്റെ ഒരു കാരണവും അതുതന്നെയാണ്. ചൈനയിൽ ചോപ്പ്സ്റ്റിക്കുകളുടെ ഉപയോഗത്തിന് ഷാങ് രാജവംശത്തിന്റെ കാലത്തോളം (പൊ.യു.മു. ഏകദേശം 16 മുതൽ 11 വരെ നൂറ്റാണ്ടുകൾ) പഴക്കമുണ്ടെന്നാണ് ചിലരുടെ വിശ്വാസം. കൺഫ്യൂഷ്യസ് ജീവിച്ചിരുന്ന കാലഘട്ടത്തിന് (പൊ.യു.മു. 551 മുതൽ 479 വരെ) ശേഷം അധികംതാമസിയാതെ എഴുതപ്പെട്ട ഒരു ചരിത്രവിവരണത്തിൽ സൂപ്പിൽ നിന്ന് ആഹാരം ‘പെറുക്കിയെടുക്കുന്നതിനെ’ കുറിച്ചു പറയുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള ചോപ്പ്സ്റ്റിക്കുകൾ അന്ന് ഉപയോഗത്തിൽ ഉണ്ടായിരുന്നിരിക്കാം എന്നാണ് അതു സൂചിപ്പിക്കുന്നത്.
ഹാൻ രാജവംശം ഭരണം ആരംഭിച്ച കാലഘട്ടത്തിൽ (പൊ.യു.മു. 206 മുതൽ പൊ.യു. 220 വരെ) ചോപ്പ്സ്റ്റിക്കുകൾ ഉപയോഗിച്ച് ആഹാരം കഴിക്കുന്നത് സർവസാധാരണമായി തീർന്നിരുന്നു. ആ കാലഘട്ടത്തിലേതെന്നു നിർണയിക്കപ്പെട്ട, ഹ്വാൻ പ്രവിശ്യയിലെ ചാങ്ഷായിലുള്ള ഒരു ശവകുടീരത്തിൽ നിന്ന് വാർണീഷ് അടിച്ച ഒരു സെറ്റ് പാത്രങ്ങൾ കുഴിച്ചെടുക്കുകയുണ്ടായി. ആഹാരം കഴിക്കുന്നതിന് ഉപയോഗിച്ചിരുന്ന ആ പാത്രങ്ങളുടെ കൂട്ടത്തിൽ ചോപ്പ്സ്റ്റിക്കുകളും ഉണ്ടായിരുന്നു.
ജപ്പാൻകാരും കൊറിയക്കാരും വിയറ്റ്നാംകാരും മറ്റു പൗരസ്ത്യദേശക്കാരും ചോപ്പ്സ്റ്റിക്കുകൾ ഉപയോഗിക്കുന്നുണ്ട്. ചൈനീസ് സംസ്കാരത്തിന്റെ സ്വാധീനമാണ് അതിന്റെ പ്രധാന കാരണം.
[അടിക്കുറിപ്പ്]
a പുരാതന ചൈനീസ് ഭാഷയിൽ, ക്വൈ ട്സ് (വേഗമുള്ളവ) എന്ന വാക്കിനെ കുറിക്കാൻ മുളയുടെ ആകൃതിയിലുള്ള രണ്ടു ചിത്രലിപികൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ആദ്യകാലത്തെ ചോപ്പ്സ്റ്റിക്കുകൾ ഉണ്ടാക്കാൻ ഉപയോഗിച്ച വസ്തു ഏതായിരുന്നു എന്ന് ഇതു സൂചിപ്പിക്കുന്നു.
[15-ാം പേജിലെ ചിത്രങ്ങൾ]
പരിശീലിക്കൂ, നിങ്ങൾക്കും അവ വഴങ്ങും