വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാനംമുട്ടെ ഒരു ഗോവണി

മാനംമുട്ടെ ഒരു ഗോവണി

മാനം​മു​ട്ടെ ഒരു ഗോവണി

ഫിലിപ്പീൻസിലെ ഉണരുക! ലേഖകൻ

അതിന്റെ ഭാഗങ്ങൾ നീള​ത്തോ​ടു നീളം വെച്ചാൽ ചൈന​യി​ലെ വന്മതി​ലി​ന്റെ പത്തിരട്ടി വരുമ​ത്രേ. ചിലരു​ടെ അഭി​പ്രാ​യ​പ്ര​കാ​രം, ആ നീളം 20,000 കിലോ​മീ​റ്റർ, അതായത്‌, ഭൂമി​യു​ടെ ചുറ്റള​വി​ന്റെ പകുതി​യോ​ളം വരും. ലോക​ത്തി​ലെ എട്ടാമത്തെ അത്ഭുതം എന്ന്‌ അതിനെ വിളി​ക്കു​ന്ന​വ​രു​മുണ്ട്‌. എന്നിരു​ന്നാ​ലും, ഫിലി​പ്പീൻസി​ലെ ഈ ഗംഭീര ദൃശ്യത്തെ കുറിച്ചു പലരും കേട്ടിട്ടു പോലു​മില്ല. എന്താണത്‌? മാനം​മു​ട്ടെ​യുള്ള ഈ ഗോവണി കൊർഡി​ലെറാ സെൻട്രാൽ പ്രദേ​ശത്തെ നെൽപ്പാ​ട​ങ്ങ​ളാണ്‌. ലൂസോൺ മലനി​ര​ക​ളി​ലെ മനോ​ഹ​ര​മായ ഈ തട്ടുനി​ലങ്ങൾ (തട്ടുക​ളാ​യി തിരിച്ച പാടങ്ങൾ) മനുഷ്യ​ന്റെ രൂപകൽപ്പ​നാ​പാ​ട​വ​ത്തി​ന്റെ വിസ്‌മ​യ​ക​ര​മായ ഒരു ഉദാഹ​ര​ണ​മാണ്‌.

ഇവിടത്തെ നിലങ്ങൾ ഇങ്ങനെ തട്ടുക​ളാ​യി തിരിച്ച്‌ ഉണ്ടാക്കി​യി​രി​ക്കു​ന്നത്‌ എന്തിനാണ്‌? കൊർഡി​ലെറാ പ്രദേ​ശത്തെ പർവതങ്ങൾ സാധാരണ ഗതിയിൽ കൃഷി ചെയ്യാൻ പറ്റാത്ത വിധം ചെങ്കു​ത്തായ ചെരി​വു​കൾ ഉള്ളവയാണ്‌. എന്നാൽ പ്രാചീന കാലത്തെ കൃഷി​ക്കാർ അവിടെ കൃഷി ചെയ്യു​ന്ന​തി​നെ ഒരു വെല്ലു​വി​ളി​യാ​യി എടുത്തു. 1,200 മീറ്ററോ അതിൽ കൂടു​ത​ലോ ഉയരത്തി​ലാ​യി, ഹരിതാ​ഭ​മായ ഈ കുന്നിൻചെ​രി​വു​ക​ളിൽ ആയിര​ക്ക​ണ​ക്കി​നു തട്ടുനി​ലങ്ങൾ അവർ വെട്ടി​യു​ണ്ടാ​ക്കി. ചില ഭാഗങ്ങ​ളിൽ ഒന്നിനു മുകളിൽ മറ്റൊ​ന്നാ​യി ഇത്തരത്തി​ലുള്ള 25-ഓ 30-ഓ ചില​പ്പോൾ അതിൽ കൂടു​ത​ലോ തട്ടുകൾ ഉണ്ടാക്കി​യി​രി​ക്കു​ന്ന​തി​നാൽ ഒറ്റ നോട്ട​ത്തിൽ ആകാശ​ത്തേ​ക്കുള്ള ഒരു ഗോവ​ണി​യാ​ണോ എന്നു തോന്നി​പ്പോ​കും. വെള്ളം കെട്ടി​നി​റു​ത്തി കൃഷി ചെയ്യുന്ന ഈ പാടങ്ങ​ളു​ടെ അരികു​ക​ളിൽ വരമ്പുകൾ തീർത്ത്‌ അവ കല്ലുകൾകൊണ്ട്‌ ഉറപ്പി​ക്കു​ന്നു. ഇവി​ടെ​യുള്ള മിക്ക പാടങ്ങ​ളി​ലും നെല്ലാണ്‌ കൃഷി ചെയ്യു​ന്നത്‌. പർവത​ച്ചെ​രി​വി​ന്റെ പ്രത്യേ​കത അനുസ​രി​ച്ചാണ്‌ ഈ പാടങ്ങ​ളു​ടെ ആകൃതി​യും, ചിലത്‌ ഉള്ളി​ലേക്കു വളഞ്ഞി​ട്ടാണ്‌, മറ്റു ചിലത്‌ പുറ​ത്തേക്കു തള്ളിയും.

നിലം തട്ടുക​ളാ​യി തിരിച്ചു കൃഷി ചെയ്യുന്ന രീതി ഫിലി​പ്പീൻസിൽ മാത്രമല്ല ഉള്ളത്‌. മറ്റു പല രാജ്യ​ങ്ങ​ളി​ലും, പ്രത്യേ​കിച്ച്‌ ദക്ഷിണ പൂർവേ​ഷ്യ​യി​ലും തെക്കേ അമേരി​ക്ക​യി​ലും ആഫ്രി​ക്ക​യു​ടെ ചില ഭാഗങ്ങ​ളി​ലും, ഈ രീതി കാണാം. എന്നാൽ ഫിലി​പ്പീൻസി​ലെ ഈ നെൽപ്പാ​ടങ്ങൾ പല വിധങ്ങ​ളി​ലും പ്രത്യേ​കത ഉള്ളവയാണ്‌. അന്താരാ​ഷ്‌ട്ര നെല്ലു​ഗ​വേഷണ കേന്ദ്ര​ത്തി​ലെ മാരി​യോ മോവി​ലോൺ ഉണരുക!യോട്‌ ഇങ്ങനെ പറഞ്ഞു: “ഫിലി​പ്പീൻസി​ലെ തട്ടുനി​ലങ്ങൾ മറ്റു രാജ്യ​ങ്ങ​ളിൽ ഉള്ളവ​യെ​ക്കാൾ വളരെ വലുതാണ്‌. കൊർഡി​ലെറാ പർവത​പ്ര​ദേ​ശത്ത്‌ മിക്കയി​ട​ത്തും ഇത്തരം തട്ടുനി​ലങ്ങൾ കാണാം.” ഇഫുഗാ​വു പ്രവി​ശ്യ​യി​ലാണ്‌ ഇവ ഏറെയും ഉള്ളത്‌. ഈ വയലു​ക​ളു​ടെ എണ്ണം ആരിലും മതിപ്പു​ള​വാ​ക്കും. പർവത​ച്ചെ​രി​വു​ക​ളിൽ വെട്ടി​യു​ണ്ടാ​ക്കി​യി​രി​ക്കുന്ന അവ പർവത​ങ്ങ​ളു​ടെ സ്വാഭാ​വിക ഭംഗിക്കു മാറ്റു കൂട്ടുന്നു.

ഒരു ലോകാ​ത്ഭു​ത​മോ?

ലോക​ത്തി​ലെ എട്ടാമത്തെ അത്ഭുതം എന്ന്‌ അതിനെ വിളി​ക്കു​ന്നത്‌ അതിശ​യോ​ക്തി ആയിരി​ക്കു​മോ? നമുക്കു വസ്‌തു​തകൾ പരി​ശോ​ധി​ക്കാം: ഒരുപക്ഷേ ഈ തട്ടുനി​ലങ്ങൾ മനുഷ്യ ചരി​ത്ര​ത്തി​ലെ ഏറ്റവും വലിയ കാർഷിക സംരംഭം ആയിരി​ക്കാം. ഇഫുഗാ​വു​വി​ലെ തട്ടുനി​ല​ങ്ങളെ ‘ലോക പൈതൃക പട്ടിക​യിൽ’ ഉൾപ്പെ​ടു​ത്താൻ ഐക്യ​രാ​ഷ്‌ട്ര വിദ്യാ​ഭ്യാ​സ ശാസ്‌ത്രീയ സാംസ്‌കാ​രിക സംഘടന 1995 ഡിസം​ബ​റിൽ തീരു​മാ​നി​ച്ചു. അതിന്റെ ഫലമായി, ഈ തട്ടുനി​ല​ങ്ങൾക്കു ചരി​ത്ര​പ​ര​വും സാംസ്‌കാ​രി​ക​വു​മാ​യി വലിയ പ്രാധാ​ന്യ​മുള്ള താജ്‌മഹൽ, ഇക്വ​ഡോ​റി​ലെ ഗാലപ്പ​ഗസ്‌ ദ്വീപു​കൾ, ചൈന​യി​ലെ വന്മതിൽ, കംബോ​ഡി​യ​യി​ലെ അംഗോർ വാത്ത്‌ എന്നിവ​യ്‌ക്കു തുല്യ​മായ സ്ഥാനം ലഭിക്കു​ന്നു. എന്നാൽ ഈജി​പ്‌തി​ലെ പിരമി​ഡു​കൾ പോലുള്ള പ്രാചീന നിർമി​തി​ക​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി ഈ തട്ടുനി​ലങ്ങൾ ഉണ്ടാക്കി​യി​രി​ക്കു​ന്നത്‌ അടിമ​കളെ ഉപയോ​ഗി​ച്ചല്ല. മറിച്ച്‌, ഒരു സമൂഹ​ത്തി​ന്റെ കൂട്ടായ യത്‌ന​ത്തി​ന്റെ ഫലമാണ്‌ അത്‌. മാത്രമല്ല, അത്‌ ഉപേക്ഷി​ക്ക​പ്പെട്ടു കിടക്കുന്ന ഒരു അവസ്ഥയി​ലു​മല്ല, ഇഫുഗാ​വു നിവാ​സി​കൾ ഇപ്പോ​ഴും അവിടം കൃഷി​ക്കാ​യി നന്നായി ഉപയോ​ഗി​ക്കു​ന്നു.

ഈ തട്ടുനി​ലങ്ങൾ സന്ദർശി​ക്കു​ക​യാ​ണെ​ങ്കിൽ, അവയുടെ മനോ​ഹാ​രിത നിങ്ങൾക്കു വ്യക്തി​പ​ര​മാ​യി അനുഭ​വി​ച്ച​റി​യാൻ കഴിയും. ഏതാനും ചതുരശ്ര മീറ്റർ മുതൽ 10,000 ചതുരശ്ര മീറ്റർ വരെ വിസ്‌താ​ര​മുള്ള ഈ തട്ടുനി​ല​ങ്ങ​ളിൽ ആളുകൾ പണി​യെ​ടു​ക്കു​ന്നതു നിങ്ങൾക്കു കാണാം. നാടൻപാ​ട്ടി​ന്റെ ശീലുകൾ പാടി​ക്കൊണ്ട്‌ ചിലർ വെള്ളം കിനി​ഞ്ഞി​റ​ങ്ങാ​നാ​യി വടി​കൊണ്ട്‌ വയലിലെ ചേറിൽ കുത്തുന്നു. വേറെ ചിലർ ഞാറു നടുന്നു. മറ്റു ചിലരാ​കട്ടെ വിളഞ്ഞ നെല്ലു കൊയ്യു​ക​യാണ്‌. നെൽച്ചെ​ടി​കൾ വളരുന്ന സമയത്ത്‌ ഇവിടം സന്ദർശി​ച്ചാൽ, ഈ തട്ടുനി​ലങ്ങൾ പച്ചയുടെ നിറ​ഭേ​ദ​ങ്ങൾകൊണ്ട്‌ മനോ​ഹ​ര​മാ​യി​രി​ക്കു​ന്നതു കാണാം.

ചെളി​യിൽ വളരുന്ന തരം നെൽച്ചെ​ടി​കൾക്കു ധാരാളം വെള്ളം ആവശ്യ​മാണ്‌. അതിനാൽ വിപു​ല​മായ ജലസേചന സംവി​ധാ​നങ്ങൾ ഇവി​ടെ​യുണ്ട്‌. മലഞ്ചെ​രു​വി​ലെ അരുവി​ക​ളിൽനി​ന്നുള്ള വെള്ളം സങ്കീർണ​മായ കനാൽ ശൃംഖ​ലകൾ വഴിയും മുളം​ത​ണ്ടു​കൾ വഴിയും ഓരോ തട്ടുനി​ല​ത്തി​ലേ​ക്കും ഒഴുക്കി​വി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. ഈ തട്ടുനി​ലങ്ങൾ ജീവനറ്റ ഒരു സ്‌മാ​ര​കമല്ല, ജീവി​ക്കുന്ന ഒരു അത്ഭുത​മാണ്‌!

അവ ഉണ്ടാക്കി​യത്‌ ആർ?

ആയിര​ക്ക​ണ​ക്കി​നു വരുന്ന, തട്ടുക​ളാ​യി തിരിച്ച ഈ നിലങ്ങൾ അത്ര പെട്ടെ​ന്നൊ​ന്നും, ഒരുപക്ഷേ ഏതാനും വർഷങ്ങൾകൊ​ണ്ടു പോലും, പണിയുക സാധ്യമല്ല എന്നു വ്യക്തമാണ്‌. ആധുനിക ഉപകര​ണ​ങ്ങ​ളോ യന്ത്രങ്ങ​ളോ ഇല്ലാ​തെ​യാണ്‌ അവ പണിതി​രി​ക്കു​ന്നത്‌ എന്ന്‌ ഓർക്കണം. അതു​കൊണ്ട്‌ നൂറു​ക​ണ​ക്കി​നു വർഷങ്ങൾക്കു മുമ്പു​തന്നെ ഈ തട്ടുനി​ല​ങ്ങ​ളു​ടെ നിർമാ​ണം തുടങ്ങി​യി​രി​ക്കും എന്നു വിശ്വ​സി​ക്ക​പ്പെ​ടു​ന്നു.

ഇവയുടെ നിർമാ​ണം ഏകദേശം 2,000 വർഷം മുമ്പ്‌ ആരംഭി​ച്ച​താ​ണെന്നു പോലും ചില പുരാ​വ​സ്‌തു​ശാ​സ്‌ത്രജ്ഞർ വിശ്വ​സി​ക്കു​ന്നു. വടക്കൻ ഇന്തോ-ചൈന​യിൽ നിന്നും ഇന്തൊ​നീ​ഷ്യ​യിൽ നിന്നും ലൂസോ​ണി​ലേക്കു കുടി​യേ​റി​പ്പാർത്ത​വ​രാണ്‌ ഇവ നിർമി​ക്കു​ക​യും തട്ടുനി​ല​ങ്ങ​ളിൽ വെള്ളം കെട്ടി​നിർത്തി അതിൽ കൃഷി ചെയ്യുന്ന സമ്പ്രദാ​യം അവിടെ എത്തിക്കു​ക​യും ചെയ്‌ത​തെന്ന്‌ നരവം​ശ​ശാ​സ്‌ത്രജ്ഞർ സൂചി​പ്പി​ക്കു​ന്നു. ആദ്യം അവർ കുറെ തട്ടുനി​ലങ്ങൾ ഉണ്ടാക്കി. കാലാ​ന്ത​ര​ത്തിൽ, പുതിയ തട്ടുനി​ലങ്ങൾ അവയോ​ടു ചേർക്ക​പ്പെട്ടു.

അവി​ടേ​ക്കുള്ള സന്ദർശനം

നമുക്ക്‌ ഈ തട്ടുനി​ല​ങ്ങ​ളി​ലേക്ക്‌ ഒരു സാങ്കൽപ്പിക യാത്ര നടത്താം. ആദ്യം നമ്മൾ മനില​യിൽനിന്ന്‌ എയർക്ക​ണ്ടീ​ഷൻ ചെയ്‌ത ഒരു ബസിൽ ഇഫുഗാ​വു​വി​ലെ ബാനാവെ എന്ന പട്ടണത്തി​ലേക്കു പോകു​ന്നു. ഒമ്പതു മണിക്കൂർ നേരത്തെ യാത്ര​യ്‌ക്കു ശേഷം നാം ഇപ്പോൾ പട്ടണത്തിൽ എത്തിയി​രി​ക്കു​ക​യാണ്‌. ഇവി​ടെ​നിന്ന്‌ ലക്ഷ്യസ്ഥാ​ന​ത്തെ​ത്താൻ പല മാർഗ​ങ്ങ​ളുണ്ട്‌. വേണ​മെ​ങ്കിൽ നടന്നു​പോ​കാം, അല്ലെങ്കിൽ ട്രൈ​സി​ക്കി​ളിൽ പോകാം, അതുമ​ല്ലെ​ങ്കിൽ സന്ദർശ​കരെ കൊണ്ടു​പോ​കുന്ന ജീപ്‌നി​യിൽ പോകാം. താത്‌പ​ര്യ​വും നല്ല ആരോ​ഗ്യ​വും ഉണ്ടെങ്കിൽ, പർവത​പ്ര​ദേ​ശ​ത്തേ​ക്കുള്ള ഇടവഴി​ക​ളിൽ ഒന്നിലൂ​ടെ നമുക്കു കയറി​പ്പോ​കാം. അങ്ങനെ​യാ​കു​മ്പോൾ, തട്ടുനി​ല​ങ്ങ​ളു​ടെ അതിമ​നോ​ജ്ഞ​മായ ചില ദൃശ്യ​ങ്ങ​ളും ഈ മനുഷ്യ​നിർമിത വിസ്‌മ​യ​ത്തി​ന്റെ വിശാ​ല​ത​യും നമുക്ക്‌ അടുത്തു കാണാൻ കഴിയും.

ബറ്റാഡ്‌ എന്ന ഗ്രാമ​ത്തി​ലേ​ക്കുള്ള യാത്ര ഒരു ജീപ്‌നി​യിൽ ആകാം. 12 കിലോ​മീ​റ്റർ അകലെ​യുള്ള അവിടെ എത്താൻ പരുക്കൻ മലമ്പാ​ത​ക​ളി​ലൂ​ടെ ഒരു മണിക്കൂർ ജീപ്‌നി​യിൽ യാത്ര ചെയ്യണം. പിന്നീ​ടുള്ള യാത്ര നടന്നാണ്‌. പർവത​ച്ചെ​രു​വി​ലെ സസ്യപ്പ​ടർപ്പു​കൾക്കി​ട​യി​ലൂ​ടെ നടന്ന്‌ നാം ഒടുവിൽ ഉയരം കൂടിയ രണ്ടു പർവത​ങ്ങൾക്കു നടുവി​ലുള്ള ഒരു സ്ഥാനത്ത്‌ എത്തുന്നു. (ഇവിടെ എത്താൻ പക്ഷേ ഒരു കുറു​ക്കു​വ​ഴി​യുണ്ട്‌, കുത്തനെ ഉള്ള കയറ്റമാ​യ​തി​നാൽ മലകയറ്റം ശീലി​ച്ചി​രി​ക്കു​ന്ന​വർക്കു മാത്രമേ അതു ശുപാർശ ചെയ്യു​ന്നു​ള്ളൂ.) ആ മലമു​ക​ളിൽനി​ന്നു ചെറി​യൊ​രു ഇടവഴി​യി​ലൂ​ടെ താഴേ​ക്കി​റങ്ങി നമ്മൾ ബറ്റാഡിൽ എത്തുന്നു.

പർവത​പ്ര​ദേ​ശ​ത്തെ ശുദ്ധവാ​യു ശ്വസി​ച്ചു​കൊണ്ട്‌ ഏതാനും മണിക്കൂർ നടന്നാൽ നമ്മുടെ ലക്ഷ്യസ്ഥാ​നത്ത്‌ എത്താം. ഇവി​ടെ​യാണ്‌ തട്ടുനി​ലങ്ങൾ നമ്മുടെ കണ്ണുകൾക്കു വിരു​ന്നൊ​രു​ക്കു​ന്നത്‌. ബറ്റാഡ്‌ ഉള്ളി​ലേക്കു തള്ളിനിൽക്കുന്ന ഒരു പർവത​ച്ചെ​രു​വിൽ ആയതി​നാൽ, ഇവിടത്തെ തട്ടുനി​ലങ്ങൾ അർധവൃ​ത്താ​കൃ​തി​യിൽ ഉള്ളി​ലേക്കു വളഞ്ഞി​രി​ക്കു​ന്നു. അവിടെ ഒന്നിനു മുകളിൽ ഒന്നായി സ്ഥിതി ചെയ്യുന്ന ഈ തട്ടുനി​ലങ്ങൾ കണ്ടാൽ ആകാശ​ത്തേ​ക്കുള്ള ഒരു ഗോവ​ണി​യാ​ണെന്നു തോന്നും. ബറ്റാഡ്‌ എന്ന ആ ഗ്രാമ​ത്തോട്‌ അടുക്കു​മ്പോൾ, പഴയ രീതി​യിൽ പണിക​ഴി​പ്പിച്ച ഇഫുഗാ​വു വീടുകൾ കാണാം. ഗ്രാമ​ത്തിൽ അങ്ങിങ്ങാ​യി കാണുന്ന അവ പുല്ലു മൂടിയ കൂറ്റൻ കൂണുകൾ പോലെ തോന്നി​ക്കും.

ആളുകൾ സൗഹൃദ മനസ്‌ക​രാണ്‌. പാടത്ത്‌ പണി​യെ​ടു​ക്കു​ന്നവർ നാം കടന്നു​പോ​കു​മ്പോൾ അഭിവാ​ദ്യം ചെയ്യുന്നു. തട്ടുനി​ല​ങ്ങ​ളു​ടെ ഉയർത്തി​ക്കെ​ട്ടിയ കൽത്തി​ട്ട​യു​ടെ വക്കിലൂ​ടെ അവിട​ത്തു​കാർ അനായാ​സം നടന്നു​നീ​ങ്ങു​ന്നതു കണ്ടാൽ അതിശയം തോന്നും. അവർ അതിലൂ​ടെ​യാണ്‌ ഒരിട​ത്തു​നി​ന്നു മറ്റൊ​രി​ട​ത്തേക്കു പോകു​ന്നത്‌. ചിലർ, യഥാസ്ഥാ​ന​ങ്ങ​ളിൽ സ്ഥാപി​ച്ചി​രി​ക്കുന്ന കുത്തു​ക​ല്ലി​ലൂ​ടെ ഒരു മലയാ​ടി​ന്റെ ചാതു​ര്യ​ത്തോ​ടെ ഒരു തട്ടിൽനിന്ന്‌ അടുത്ത തട്ടി​ലേക്കു കയറി​പ്പോ​കു​ന്നു. അടുത്തു നിരീ​ക്ഷി​ച്ചാൽ അവർ നഗ്നപാ​ദ​രാ​ണെന്നു കാണാം, അവർക്കു ചുറ്റും പർവത​ത്തി​ലെ മനോ​ഹ​ര​മായ വയലു​ക​ളും. അതേ, പ്രകൃ​തി​യും മനുഷ്യ​നും കൈ​കോർത്തു നിൽക്കുന്ന ഒരു അസാധാ​രണ ദൃശ്യം!

ഇവിടത്തെ പ്രത്യേ​ക​തകൾ ആകർഷ​ക​മാ​യി തോന്നു​ന്നു​ണ്ടോ? എങ്കിൽ, നിങ്ങൾ ഫിലി​പ്പീൻസ്‌ സന്ദർശി​ക്കു​ന്ന​പക്ഷം മാനം​മു​ട്ടെ നിൽക്കുന്ന ഈ ഗോവണി കാണാ​നുള്ള അവസരം പാഴാ​ക്ക​രുത്‌. ആർക്കും അത്ര പെട്ടെ​ന്നൊ​ന്നും മറക്കാ​നാ​കാത്ത ഒരു അത്ഭുത​മാണ്‌ അത്‌.

[18-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

തട്ടുനിലങ്ങളെ സംരക്ഷി​ക്കൽ

ഇപ്പോൾ നിലവി​ലുള്ള തട്ടുനി​ലങ്ങൾ വളരെ മനോ​ഹ​ര​ങ്ങ​ളാ​ണെ​ങ്കി​ലും, അവയുടെ നിലനിൽപ്പ്‌ അപകട​ത്തി​ലാണ്‌. പർവത നിവാ​സി​ക​ളു​ടെ പുതിയ തലമു​റ​യ്‌ക്ക്‌ നെൽക്കൃ​ഷി ചെയ്യാൻ മടിയാണ്‌. അവർ മറ്റു പല മേഖല​ക​ളി​ലു​മാ​ണു തൊഴിൽ തേടു​ന്നത്‌. അതിന്റെ ഫലമായി ഈ നിലങ്ങ​ളി​ലെ പണിക്ക്‌ തൊഴിൽപ​രി​ചയം ഉള്ളവരെ കിട്ടാൻ ബുദ്ധി​മു​ട്ടാ​യി തീർന്നേ​ക്കും.

അന്താരാ​ഷ്‌ട്ര നെല്ലു​ഗ​വേഷണ കേന്ദ്ര​ത്തോ​ടു ബന്ധപ്പെട്ടു പ്രവർത്തി​ക്കുന്ന ഇഫുഗാ​വു നിവാ​സി​യായ ആറോറാ ആമായാ​വു മറ്റൊരു അപകടത്തെ കുറിച്ച്‌ ഉണരുക!യോടു പറഞ്ഞു: “ഈ തട്ടുനി​ല​ങ്ങ​ളിൽ എപ്പോ​ഴും വെള്ളം ഉണ്ടായി​രി​ക്കണം, എന്നാൽ വനനശീ​ക​ര​ണ​ത്തി​ന്റെ ഫലമായി ഇപ്പോൾ ഇവിടെ ജലക്ഷാമം അനുഭ​വ​പ്പെട്ടു തുടങ്ങി​യി​രി​ക്കു​ന്നു.” ഇവിടത്തെ ജലശേ​ഖരം തീർന്നാൽ തട്ടുനി​ലങ്ങൾ വരണ്ടു​പോ​കും.

പ്രകൃതി വിപത്തു​ക​ളു​ടെ ഫലമാ​യും ഇടയ്‌ക്കി​ടെ പ്രശ്‌നങ്ങൾ ഉണ്ടാകാ​റുണ്ട്‌. 1990-ൽ ഉണ്ടായ ഭൂകമ്പ​ത്തിൽ മണ്ണിടിഞ്ഞ്‌ ഈ തട്ടുനി​ല​ങ്ങ​ളു​ടെ പല ഭാഗങ്ങ​ളും തകർന്നു​പോ​യി.

തട്ടുനിലങ്ങൾ നശിക്കു​ന്നതു തടയാ​നാ​യി നടപടി​കൾ സ്വീക​രി​ച്ചു​വ​രി​ക​യാണ്‌. ‘ഇഫുഗാ​വു തട്ടുനില കമ്മീഷൻ’ രൂപീ​ക​രി​ക്കു​ന്ന​തി​നുള്ള സർക്കാർ ഉത്തരവ്‌ ഉണ്ടായത്‌ 1996-ലാണ്‌. എന്താണ്‌ അതിന്റെ ഉദ്ദേശ്യം? ഇവിടത്തെ തട്ടുനി​ല​ങ്ങ​ളും ജലശേ​ഖ​ര​വും ഈ പ്രദേ​ശ​ത്തി​ന്റെ സംസ്‌കാ​ര​വും പരിര​ക്ഷി​ക്കു​ക​യും നശിച്ചു​പോയ പ്രദേ​ശങ്ങൾ പുനരു​ദ്ധ​രി​ക്കു​ക​യും ചെയ്യുക എന്നതാണ്‌.

ഐക്യരാഷ്‌ട്ര വിദ്യാ​ഭ്യാ​സ ശാസ്‌ത്രീയ സാംസ്‌കാ​രിക സംഘടന (യുനെ​സ്‌കോ) ഈ തട്ടുനി​ല​ങ്ങളെ ലോക പൈതൃക പട്ടിക​യിൽ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാൽ അതു പരിര​ക്ഷി​ക്കാ​നുള്ള കൂടു​ത​ലായ ഒരു ബാധ്യത ഫിലി​പ്പീൻസ്‌ ഗവൺമെ​ന്റി​ന്റെ മേൽ വന്നിരി​ക്കു​ക​യാണ്‌. മനില​യി​ലുള്ള യുനെ​സ്‌കോ ഓഫീ​സി​ലെ ഡെപ്യൂ​ട്ടി എക്‌സി​ക്യൂ​ട്ടീവ്‌ ഡയറക്‌ട​റായ ജിൻ റ്റ്വാ​സോൺ പറയുന്ന പ്രകാരം, “ഈ തട്ടുനി​ല​ങ്ങ​ളു​ടെ സംരക്ഷ​ണ​ത്തി​നും പരിപാ​ല​ന​ത്തി​നു​മാ​യി യുനെ​സ്‌കോ സാങ്കേ​തി​ക​വും സാമ്പത്തി​ക​വു​മായ സഹായ​വും നൽകി​യേ​ക്കാം.”

[16-ാം പേജിലെ മാപ്പ്‌]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

കൊർഡിലെറാ സെൻട്രാൽ

[17-ാം പേജിലെ ചിത്രം]