സമ്പന്നർക്കും ദരിദ്രർക്കും ഇടയിലുള്ള വിടവ് വർധിക്കുന്നു
സമ്പന്നർക്കും ദരിദ്രർക്കും ഇടയിലുള്ള വിടവ് വർധിക്കുന്നു
“ആഗോള ദാരിദ്ര്യം കുറയ്ക്കുന്നതിൽ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകൊണ്ട് കൈവരിച്ച പുരോഗതി, അഞ്ചു നൂറ്റാണ്ടുകൊണ്ട് കൈവരിച്ച പുരോഗതിയെക്കാൾ കൂടുതലാണ്” എന്ന് ‘ഐക്യരാഷ്ട്ര വികസന പരിപാടി’യുടെ പ്രസിദ്ധീകരണമായ യുഎൻഡിപി ടുഡേ പ്രസ്താവിക്കുന്നു. “1960-ന് ശേഷം, വികസ്വര രാഷ്ട്രങ്ങളിൽ ശിശുമരണ നിരക്ക് പകുതിയായും വികലപോഷണ നിരക്ക് മൂന്നിലൊന്നായും കുറയുകയുണ്ടായി. വിദ്യാഭ്യാസ നിരക്ക് നാലിലൊന്നായി വർധിക്കുകയും ചെയ്തു.” ഇത്രയൊക്കെ പുരോഗതി ഉണ്ടായിട്ടും, ദാരിദ്ര്യം ഇന്നും “സർവത്ര വ്യാപകമാണ്” എന്ന് പ്രസ്തുത പ്രസിദ്ധീകരണം പറയുന്നു.
ജനസമൂഹങ്ങൾക്ക് ഉള്ളിലും അവ തമ്മിലുമുള്ള അസമത്വം വർധിക്കുന്നു എന്നതാണ് ദാരിദ്ര്യത്തെക്കാൾ വലിയ ഒരു പ്രശ്നം. “ലോകത്തിൽ ഇന്നുള്ള വികലപോഷിതരുടെയും പട്ടിണിപ്പാവങ്ങളുടെയും എണ്ണം മുൻവർഷത്തെക്കാൾ കൂടുതലാണ്,” ‘ഐക്യരാഷ്ട്ര ലോക ഭക്ഷ്യസഹായ പദ്ധതി’യുടെ എക്സിക്യൂട്ടിവ് ഡയറക്ടറായ കാതറിൻ ബെർട്ടിനി പറയുന്നു. വാസ്തവത്തിൽ, വികസ്വര രാജ്യങ്ങളിലുള്ള 84 കോടിയോളം ആളുകൾ മുഴുപ്പട്ടിണിയിലാണ്. 100 കോടിയിലധികം പേർക്ക് കുടിക്കുന്നതിന് ശുദ്ധജലം ലഭ്യമല്ല. 150 കോടിയോളം ആളുകൾ വളരെ തുച്ഛമായ വരുമാനം കൊണ്ടാണു ദൈനംദിന ജീവിതം തള്ളിനീക്കുന്നത്. “ലോകം വികസിത രാഷ്ട്രങ്ങളും വികസ്വര രാഷ്ട്രങ്ങളും എന്നല്ല, പിന്നെയോ അങ്ങേയറ്റം വികസിതമായ രാഷ്ട്രങ്ങളും ഒരിക്കലും വികസിതമാകുകയില്ലാത്ത രാഷ്ട്രങ്ങളും എന്നായി തിരിയുന്ന ഒരു ഘട്ടത്തിൽ എത്തുന്നതിന്റെ അപകടാവസ്ഥയിലാണു നാമിപ്പോൾ” എന്ന് ഐക്യരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണറായ മേരി റോബിൻസൺ മുന്നറിയിപ്പു നൽകുന്നു.
സമ്പന്നർക്കും ദരിദ്രർക്കും ഇടയിലുള്ള വിടവു കുറയ്ക്കാൻ 600 കോടി ആളുകളുള്ള ഇന്നത്തെ മാനവസമൂഹത്തിന് എന്തു ചെലവു വരും? നാം വിചാരിക്കുന്നതിനെക്കാൾ കുറച്ചു മതി. ഐക്യരാഷ്ട്ര സംഘടന കണക്കാക്കുന്ന പ്രകാരം, ഓരോ വർഷവും ലോകമെങ്ങുമുള്ള ആളുകൾക്ക് ശുചിത്വസൗകര്യങ്ങളും ശുദ്ധജലവും ലഭ്യമാക്കുന്നതിന് 900 കോടി ഡോളറും (ആളൊന്നിന് 1.50 ഡോളർ) പ്രാഥമിക ആരോഗ്യത്തിനും പോഷണത്തിനും വേണ്ടി 1,300 കോടി ഡോളറും (ആളൊന്നിന് ഏകദേശം 2.00 ഡോളർ) കൂടി ചെലവഴിച്ചാൽ മതിയാകും. അവ വലിയ തുകകൾ ആണെങ്കിലും, മറ്റ് ആവശ്യങ്ങൾക്കായി ലോകം ചെലവാക്കുന്ന തുകകളോടുള്ള താരതമ്യത്തിൽ വളരെ ചെറുതാണ്. ഉദാഹരണത്തിന്, അടുത്തകാലത്ത് ഒറ്റ വർഷംകൊണ്ട്, ലോകം പരസ്യങ്ങൾക്കായി 43,500 കോടി ഡോളറും (ആളൊന്നിന് 70 ഡോളറിലധികം) സൈനിക ആവശ്യങ്ങൾക്കായി 78,000 കോടി ഡോളറും (ആളൊന്നിന് 130 ഡോളർ) ചെലവഴിക്കുകയുണ്ടായി. വ്യക്തമായും, ലോകത്തിലെ ധനികർക്കും ദരിദ്രർക്കും ഇടയിലുള്ള വിടവ് കുറയാത്തതിന്റെ കാരണം മതിയായ ഫണ്ടിന്റെ അഭാവമല്ല, മറിച്ച് ശരിയായ മുൻഗണനകളുടെ അഭാവമാണ്.