വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്റെ സുഹൃത്ത്‌ എന്തിനാണ്‌ എന്നെ വേദനിപ്പിച്ചത്‌?

എന്റെ സുഹൃത്ത്‌ എന്തിനാണ്‌ എന്നെ വേദനിപ്പിച്ചത്‌?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

എന്റെ സുഹൃത്ത്‌ എന്തിനാണ്‌ എന്നെ വേദനി​പ്പി​ച്ചത്‌?

“എനിക്കു കുറച്ചു കൂട്ടു​കാ​രു​ണ്ടാ​യി​രു​ന്നു . . . പിന്നീട്‌ അവർ വേറൊ​രു പെൺകു​ട്ടി​യു​മാ​യി വലിയ ചങ്ങാത്ത​ത്തി​ലാ​യി. ഞാൻ അടു​ത്തേക്ക്‌ എങ്ങാനും ചെന്നാൽ മതി, ഉടനെ അവർ വർത്തമാ​നം നിറു​ത്തും. . . . അവരെന്നെ എല്ലാ കാര്യ​ത്തിൽ നിന്നും ഒഴിവാ​ക്കാ​നും തുടങ്ങി. എന്നെ അത്‌ എത്രമാ​ത്രം വേദനി​പ്പി​ച്ചു​വെ​ന്നോ!”—കാരെൻ. a

ഉറ്റ സുഹൃ​ത്തു​ക്കൾക്കി​ട​യിൽ പോലും അതു സംഭവി​ക്കാ​വു​ന്ന​താണ്‌. ശരീരം രണ്ടും ആത്മാവ്‌ ഒന്നും എന്ന കണക്കെ ജീവി​ച്ചി​രു​ന്നവർ, ഒരു സുപ്ര​ഭാ​ത​ത്തിൽ പരസ്‌പരം കണ്ട ഭാവം പോലും നടിക്കു​ന്നില്ല. “വിശ്വ​സി​ക്കാ​വുന്ന, ആശ്രയി​ക്കാ​വുന്ന ഒരാൾ, ഏതു പ്രശ്‌ന​വു​മാ​യും നമുക്ക്‌ ഓടി​ച്ചെ​ല്ലാ​വുന്ന ആൾ. അങ്ങനെ​യാ​യി​രി​ക്കണം സുഹൃത്ത്‌,” 17-കാരി​യായ നോറ പറയുന്നു. എന്നാൽ, ചില​പ്പോൾ നിങ്ങളു​ടെ ആത്മസു​ഹൃത്ത്‌ ഒരു ആജന്മ ശത്രു​വി​നെ പോലെ പെരു​മാ​റാൻ തുടങ്ങി​യേ​ക്കാം.

സുഹൃ​ദ്‌ബ​ന്ധ​ത്തിന്‌ ഉലച്ചിൽത​ട്ടുന്ന വിധങ്ങൾ

പ്രാണ​നു​തു​ല്യം സ്‌നേ​ഹി​ച്ചി​രു​ന്നവർ ഒരുനാൾ പരസ്‌പരം കടിച്ചു​കീ​റു​ന്നവർ ആയിത്തീ​രു​ന്നത്‌ എങ്ങനെ​യാണ്‌? സാന്ദ്ര​യു​ടെ കാര്യ​ത്തിൽ സംഭവി​ച്ചത്‌ ഇതാണ്‌. കൂട്ടു​കാ​രി​യായ മേഗൻ ഒരിക്കൽ സാന്ദ്ര​യു​ടെ അടുത്തു​നിന്ന്‌ അവൾക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ഒരു റ്റോപ്പ്‌ വാങ്ങി​ക്കൊ​ണ്ടു പോയി. സാന്ദ്ര പറയുന്നു: “അവൾ എനിക്ക്‌ അത്‌ മടക്കി​ത്ത​ന്ന​പ്പോൾ അതിൽ മുഴുവൻ അഴുക്കാ​യി​രു​ന്നു. മാത്രമല്ല, കൈയിൽ ചെറി​യൊ​രു കീറലും ഉണ്ടായി​രു​ന്നു. എന്നോട്‌ അവൾ അതേക്കു​റിച്ച്‌ ഒരക്ഷരം പോലും മിണ്ടി​യില്ല. എനിക്ക്‌ അതൊ​ന്നും മനസ്സി​ലാ​വി​ല്ലെന്ന്‌ അവൾ കരുതി​ക്കാ​ണും.” മേഗന്റെ ഈ അവഗണന നിറഞ്ഞ പെരു​മാ​റ്റ​ത്തെ​ക്കു​റിച്ച്‌ സാന്ദ്ര​യ്‌ക്ക്‌ എന്തു തോന്നി? “അവളോട്‌ എനിക്കു തോന്നിയ ദേഷ്യം! എന്റെ സാധന​ങ്ങൾക്കും . . . എന്റെ വികാ​ര​ങ്ങൾക്കു​മൊ​ക്കെ അവൾ പുല്ലു​വില പോലും കൽപ്പി​ക്കു​ന്നില്ല എന്നെനി​ക്കു തോന്നി,” അവൾ പറയുന്നു.

ഉറ്റ സുഹൃ​ത്തു​ക്ക​ളിൽ ഒരാൾ നിങ്ങളെ കൊച്ചാ​ക്കുന്ന വിധത്തിൽ എന്തെങ്കി​ലും പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്യു​ന്ന​തും വേദന​യ്‌ക്കു കാരണ​മാ​യേ​ക്കാം. സിൻഡി​ക്കു സംഭവി​ച്ചത്‌ അതാണ്‌. സഹപാ​ഠി​ക​ളു​മാ​യി സംസാ​രി​ക്കു​ന്ന​തി​നി​ട​യ്‌ക്ക്‌, റിപ്പോർട്ട്‌ തയ്യാറാ​ക്കേണ്ട പുസ്‌തകം താൻ ഇതു വരെ വായി​ച്ചി​ല്ലെന്ന കാര്യം അവൾ പറഞ്ഞു. പെട്ടെന്ന്‌ അവളുടെ കൂട്ടു​കാ​രി കേറ്റ്‌ അവളെ വഴക്കു​പ​റ​യാൻ തുടങ്ങി. സിൻഡി പറയുന്നു: “അത്രയും കൂട്ടു​കാ​രു​ടെ മുന്നിൽ വെച്ച്‌ അവളെന്നെ നാണം​കെ​ടു​ത്തി. എനിക്ക്‌ അവളെ കടിച്ചു​കീ​റാ​നുള്ള ദേഷ്യ​മാണ്‌ തോന്നി​യത്‌. പിന്നീ​ടൊ​രി​ക്ക​ലും ഞങ്ങൾക്കു പഴയ​പോ​ലെ കൂട്ടാ​കാൻ കഴിഞ്ഞി​ട്ടില്ല.”

നിങ്ങളു​ടെ സുഹൃ​ത്തി​നു പുതി​യൊ​രു സുഹൃ​ദ്‌വ​ലയം ഉണ്ടാകു​ന്ന​താ​യി​രി​ക്കാം ചില​പ്പോൾ അകൽച്ച​യ്‌ക്കു കാരണ​മാ​കു​ന്നത്‌. “എനിക്ക്‌ ഒരു അടുത്ത കൂട്ടു​കാ​രി ഉണ്ടായി​രു​ന്നു. പുതിയ കൂട്ടു​കെട്ട്‌ ഒക്കെ ആയപ്പോൾ പിന്നെ അവൾക്ക്‌ എന്നെ വേണ്ടെ​ന്നാ​യി,” 13-വയസ്സു​കാ​രി​യായ ബാനി പറയുന്നു. ഇനി അതല്ലെ​ങ്കിൽ, നിങ്ങളു​മാ​യി സൗഹൃദം സ്ഥാപി​ച്ച​തി​ന്റെ പിന്നിൽ മറ്റെ​ന്തൊ​ക്കെ​യോ ലക്ഷ്യങ്ങൾ ഉണ്ടായി​രു​ന്നു​വെ​ന്നുള്ള തിരി​ച്ച​റി​വാ​യി​രി​ക്കാം അകൽച്ച​യ്‌ക്ക്‌ ഇടയാ​ക്കു​ന്നത്‌. “ഞാനും ബോബി​യും എന്തൊരു കൂട്ടാ​യി​രു​ന്നെ​ന്നോ!” 13 വയസ്സുള്ള ജോ പറയുന്നു. “എന്നോ​ടുള്ള ഇഷ്ടം​കൊ​ണ്ടാണ്‌ അവൻ എന്നെ കൂട്ടു​പി​ടി​ച്ചത്‌ എന്നായി​രു​ന്നു ഞാൻ വിചാ​രി​ച്ചത്‌. എന്നാൽ, എന്റെ ഡാഡി പരസ്യ​രം​ഗത്തു ജോലി ചെയ്യു​ന്ന​തു​കൊണ്ട്‌, കളികൾക്കും കൺസേർട്ടു​കൾക്കും ഒക്കെ നല്ല സീറ്റ്‌ തരപ്പെ​ടു​ത്താൻ പറ്റുമാ​യി​രു​ന്ന​തു​കൊ​ണ്ടു മാത്ര​മാണ്‌ അവൻ എന്നോടു കൂട്ടു​കൂ​ടി​യത്‌ എന്ന്‌ എനിക്കു മനസ്സി​ലാ​യി.” ജോയ്‌ക്ക്‌ ഇപ്പോൾ എന്താണു തോന്നു​ന്നത്‌? “ഇനി ഞാൻ ബോബി​യെ വിശ്വ​സി​ക്കുന്ന പ്രശ്‌ന​മേ​യില്ല,” അവൻ പറയുന്നു.

ആരോ​ടും പറയരുത്‌ എന്ന്‌ പ്രത്യേ​കം പറഞ്ഞി​രുന്ന ഒരു കാര്യം സുഹൃത്ത്‌ മറ്റുള്ള​വ​രോട്‌ കൊട്ടി​ഘോ​ഷി​ക്കു​ന്നെ​ങ്കി​ലോ? അലിസ​ണി​നു സംഭവി​ച്ചത്‌ അതായി​രു​ന്നു. തന്റെ സഹപ്ര​വർത്ത​കയെ കുറി​ച്ചു​ള്ളൊ​രു രഹസ്യം അവൾ തന്റെ കൂട്ടു​കാ​രി​യാ​യി​രുന്ന സാറ​യോ​ടു പറഞ്ഞു. അതിന്റെ പിറ്റേ ദിവസം, അതേ സഹപ്ര​വർത്ത​ക​യു​ടെ മുന്നിൽവെച്ച്‌ സാറ ആ കാര്യത്തെ കുറിച്ചു പരാമർശി​ച്ചു. “അവൾ അത്‌ ഇങ്ങനെ വിളി​ച്ചു​കൂ​വു​മെന്നു ഞാൻ സ്വപ്‌ന​ത്തിൽ പോലും കരുതി​യില്ല! ദേഷ്യം കൊണ്ട്‌ ഞാൻ അടിമു​ടി വിറച്ചു​പോ​യി” എന്ന്‌ അലിസൺ പറയുന്നു. 16-കാരി​യായ റേച്ചലി​നും സമാന​മായ ഒരു അനുഭ​വ​മു​ണ്ടാ​യി. അവളും കൂട്ടു​കാ​രി​യും തമ്മിൽ സ്വകാ​ര്യ​മാ​യി സംസാ​രിച്ച ചില കാര്യങ്ങൾ കൂട്ടു​കാ​രി പരസ്യ​മാ​ക്കി. “എനിക്കു തോന്നിയ നാണ​ക്കേടു പറഞ്ഞറി​യി​ക്കാൻ വയ്യ. ഒപ്പം, അവൾ എന്നെ പറ്റിക്കു​ക​യാ​യി​രു​ന്ന​ല്ലോ എന്ന്‌ ഓർക്കു​മ്പോ​ഴുള്ള സങ്കടവും,” റേച്ചൽ പറയുന്നു. “ഇനി അവളെ എനിക്ക്‌ ഈ ജീവി​ത​ത്തിൽ വിശ്വ​സി​ക്കാൻ പറ്റു​മോ​യെന്നു ഞാൻ ചിന്തി​ച്ചു​പോ​യി.”

സുഹൃദ്‌ ബന്ധത്തിന്‌ വൈകാ​രിക പിന്തു​ണ​യു​ടെ ഒരു ഉറവാ​യി​രി​ക്കാൻ കഴിയും, പ്രത്യേ​കി​ച്ചും സുഹൃ​ത്തു​ക്കൾ പരസ്‌പരം ആശ്രയി​ക്കു​ക​യും കരുതു​ക​യും ബഹുമാ​നി​ക്കു​ക​യും ചെയ്യു​മ്പോൾ. എന്നാൽ ആത്മസു​ഹൃ​ത്തു​ക്കൾ തമ്മിലുള്ള ബന്ധത്തി​നു​പോ​ലും ചില​പ്പോൾ ഉലച്ചിൽ തട്ടി​യേ​ക്കാം. ബൈബിൾ ഈ സത്യസ​ന്ധ​മായ നിരീ​ക്ഷണം നടത്തുന്നു: “പരസ്‌പരം പിച്ചി​ച്ചീ​ന്താൻ ചായ്‌വു കാട്ടുന്ന സുഹൃ​ത്തു​ക്ക​ളുണ്ട്‌.” (സദൃശ​വാ​ക്യ​ങ്ങൾ 18:24, NW) കാരണം എന്തുമാ​യി​ക്കൊ​ള്ളട്ടെ, നിങ്ങളു​ടെ സുഹൃത്ത്‌ നിങ്ങളെ ചതിക്കു​ക​യാ​യി​രു​ന്നു എന്ന തോന്നൽ നിങ്ങളെ ആകെ തകർത്തു​ക​ള​ഞ്ഞേ​ക്കാം. ഇത്‌ എന്തു​കൊ​ണ്ടാ​ണു സംഭവി​ക്കു​ന്നത്‌?

സുഹൃ​ദ്‌ബ​ന്ധ​ങ്ങൾക്ക്‌ ഉലച്ചിൽ തട്ടുന്ന​തി​ന്റെ കാരണം

മനുഷ്യ​ബ​ന്ധ​ങ്ങ​ളിൽ പ്രശ്‌നങ്ങൾ പൊന്തി​വ​ന്നി​ല്ലെ​ങ്കി​ലേ അതിശ​യ​മു​ള്ളൂ. ചെറു​പ്പ​ക്കാർക്കി​ട​യി​ലാ​യാ​ലും മുതിർന്ന​വർക്കി​ട​യി​ലാ​യാ​ലും ഇതു സത്യമാണ്‌. ക്രിസ്‌തീയ ശിഷ്യ​നാ​യി​രുന്ന യാക്കോബ്‌ എഴുതി​യ​തു​പോ​ലെ തന്നെയാണ്‌ കാര്യങ്ങൾ. “നാം എല്ലാവ​രും പലതി​ലും തെററി​പ്പോ​കു​ന്നു; ഒരുത്തൻ വാക്കിൽ തെററാ​തി​രു​ന്നാൽ അവൻ ശരീരത്തെ മുഴു​വ​നും കടിഞ്ഞാ​ണി​ട്ടു നടത്തു​വാൻ ശക്തനായി സൽഗു​ണ​പൂർത്തി​യുള്ള പുരുഷൻ ആകുന്നു.” (യാക്കോബ്‌ 3:2; 1 യോഹ​ന്നാൻ 1:8) പിഴവു​കൾ സംഭവി​ക്കാ​ത്ത​വ​രാ​യി ആരുമി​ല്ലാ​ത്ത​തി​നാൽ, നിങ്ങളു​ടെ സുഹൃത്ത്‌ എന്നെങ്കി​ലും നിങ്ങളെ വേദനി​പ്പി​ക്കുന്ന തരത്തിൽ എന്തെങ്കി​ലും പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്യു​മെന്നു പ്രതീ​ക്ഷി​ക്കാ​വു​ന്ന​താണ്‌. തിരിച്ച്‌ നിങ്ങൾ ആ വ്യക്തിയെ വേദനി​പ്പിച്ച സന്ദർഭ​ങ്ങ​ളും നിങ്ങൾക്ക്‌ ഓർത്തെ​ടു​ക്കാൻ കഴി​ഞ്ഞേ​ക്കാം. (സഭാ​പ്ര​സം​ഗി 7:22) “നമു​ക്കെ​ല്ലാം കുറവു​ക​ളുണ്ട്‌. ഒരിക്കൽ അല്ലെങ്കിൽ മറ്റൊ​രി​ക്കൽ നാമെ​ല്ലാം പരസ്‌പരം മുറി​പ്പെ​ടു​ത്തുക തന്നെ ചെയ്യും” എന്ന്‌ 20-കാരി​യായ ലിസ പറയുന്നു.

മാനു​ഷി​ക അപൂർണ​ത​യ്‌ക്കു പുറമേ, മറ്റു ചില ഘടകങ്ങ​ളും ഉണ്ട്‌. വളർന്നു പക്വത പ്രാപി​ക്കു​ന്ന​തി​ന​നു​സ​രിച്ച്‌ നിങ്ങളു​ടെ​യും അതു​പോ​ലെ​തന്നെ നിങ്ങളു​ടെ സുഹൃ​ത്തു​ക്ക​ളു​ടെ​യും അഭിരു​ചി​കൾക്കു മാറ്റം വരാൻ സാധ്യ​ത​യുണ്ട്‌. അങ്ങനെ, മിക്കവാ​റും ഒരേ ഇഷ്ടാനി​ഷ്ടങ്ങൾ ഉണ്ടായി​രുന്ന രണ്ടുപേർ തങ്ങൾ പതി​യെ​പ്പ​തി​യെ അകലു​ക​യാ​ണെന്നു തിരി​ച്ച​റി​ഞ്ഞേ​ക്കാം. തന്റെ ഏറ്റവും അടുത്ത കൂട്ടു​കാ​രി​യെ കുറിച്ച്‌ ഒരു കൗമാ​ര​ക്കാ​രി സങ്കട​ത്തോ​ടെ ഇങ്ങനെ പറഞ്ഞു: “ഞങ്ങളി​പ്പോൾ പരസ്‌പരം കൂടെ​ക്കൂ​ടെ ഫോൺ ചെയ്യാ​റില്ല. ഇനി ചെയ്‌താൽ തന്നെ, ഒരു കാര്യ​ത്തി​ലും എനിക്ക്‌ അവളോ​ടു യോജി​ക്കാ​നും കഴിയാ​റില്ല.”

വ്യത്യ​സ്‌ത താത്‌പ​ര്യ​ങ്ങ​ളും അഭിരു​ചി​ക​ളും വെച്ചു​പു​ലർത്തു​ന്ന​തു​കൊ​ണ്ടു കുഴപ്പ​മൊ​ന്നു​മില്ല. പക്ഷേ, ചിലർ തങ്ങളുടെ സുഹൃ​ത്തു​ക്കളെ വേദനി​പ്പി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? പലപ്പോ​ഴും അതിനുള്ള ഒരു കാരണം അസൂയ​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളു​ടെ കഴിവു​ക​ളും നേട്ടങ്ങ​ളും നിമിത്തം സുഹൃ​ത്തി​നു നിങ്ങ​ളോട്‌ ഉള്ളിൽ അമർഷം തോന്നു​ന്നു​ണ്ടാ​വാം. (ഉല്‌പത്തി 37:4-ഉം 1 ശമൂവേൽ 18:7-9-ഉം താരത​മ്യം ചെയ്യുക.) ബൈബിൾ പറയു​ന്നതു പോലെ “അസൂയ അസ്ഥികൾക്കു ദ്രവത്വ” മാണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 14:30) അത്‌ ഈർഷ്യ​യും മത്സരവും ഇളക്കി​വി​ടും. കാരണ​മെ​ന്താ​യാ​ലും, ഒരു സുഹൃത്തു നിങ്ങളെ വേദനി​പ്പി​ക്കു​ന്നു​വെ​ങ്കിൽ എന്തു ചെയ്യാൻ കഴിയും?

പ്രശ്‌നം പരിഹ​രി​ക്കു​ന്നു

“ആ വ്യക്തിയെ നിരീ​ക്ഷി​ക്കു​ക​യാണ്‌ ഞാൻ ആദ്യം ചെയ്യുക. എന്നിട്ട്‌, അവനോ അവളോ അതു മനഃപൂർവം ചെയ്‌ത​താ​ണോ എന്നു മനസ്സി​ലാ​ക്കാൻ ശ്രമി​ക്കും,” റേച്ചൽ പറയുന്നു. സുഹൃത്ത്‌ ഏതെങ്കി​ലും വാക്കി​നാ​ലോ പ്രവൃ​ത്തി​യാ​ലോ നിങ്ങളെ നാണം​കെ​ടു​ത്തി​യ​താ​യി തോന്നു​ന്നെ​ങ്കിൽ, വെറും നൈമി​ഷിക വികാ​ര​ത്തി​ന്റെ പുറത്തു പ്രതി​ക​രി​ക്ക​രുത്‌. പകരം, ക്ഷമ പ്രകട​മാ​ക്കുക. സംഭവി​ച്ച​തി​നെ​ക്കു​റി​ച്ചു വിശദ​മാ​യി ആലോ​ചി​ക്കുക. (സദൃശ​വാ​ക്യ​ങ്ങൾ 14:29) ‘മുണ്ടൻ വടിക്ക്‌ തണ്ടൻ വടി’യെന്ന മട്ടിലുള്ള പെരു​മാ​റ്റം, നിങ്ങളു​ടെ നാണ​ക്കേട്‌ ഇല്ലാതാ​ക്കു​മോ അതോ അതിന്റെ ആക്കംകൂ​ട്ടു​മോ? കാര്യങ്ങൾ പരിചി​ന്തി​ച്ച​തി​നു ശേഷം, നിങ്ങൾ സങ്കീർത്തനം 4:4-ലെ ബുദ്ധി​യു​പ​ദേശം പിൻപ​റ്റാൻ തീരു​മാ​നി​ച്ചേ​ക്കാം: “നടുങ്ങു​വിൻ; പാപം ചെയ്യാ​തി​രി​പ്പിൻ; നിങ്ങളു​ടെ കിടക്ക​മേൽ ഹൃദയ​ത്തിൽ ധ്യാനി​ച്ചു മൌന​മാ​യി​രി​പ്പിൻ.” അതുകൂ​ടാ​തെ, “സ്‌നേഹം പാപത്തി​ന്റെ ബഹുത്വ​ത്തെ മറെക്ക”ട്ടെ എന്നും നിങ്ങൾ തീരു​മാ​നി​ച്ചേ​ക്കാം.—1 പത്രൊസ്‌ 4:8.

എന്നാൽ, നിങ്ങളെ മുറി​പ്പെ​ടു​ത്തിയ ആ പെരു​മാ​റ്റം എത്ര ശ്രമി​ച്ചി​ട്ടും മറക്കാ​നാ​വു​ന്നില്ല എന്നാണു തോന്നു​ന്ന​തെ​ങ്കി​ലോ? അങ്ങനെ​യെ​ങ്കിൽ, ആ വ്യക്തി​യെ​ത്തന്നെ സമീപി​ക്കു​ന്ന​താ​കും ഏറ്റവും നല്ലത്‌. “നിങ്ങൾ ഇരുവ​രും തനിച്ചി​രുന്ന്‌ നടന്നതി​നെ​ക്കു​റി​ച്ചു സംസാ​രി​ക്കുക,” 13-കാരനായ ഫ്രാങ്ക്‌ പറയുന്നു. “അങ്ങനെ ചെയ്യു​ന്നി​ല്ലെ​ങ്കിൽ, ഉള്ളി​ലെ​പ്പോ​ഴും നീരസം നീറി​ക്കൊ​ണ്ടി​രി​ക്കും.” 16-കാരി​യായ സൂസനും അങ്ങനെ​ത​ന്നെ​യാണ്‌ അനുഭ​വ​പ്പെ​ട്ടത്‌. “ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം ഇതാണ്‌. നിങ്ങൾ അവരെ വിശ്വ​സി​ച്ചി​രു​ന്നു എന്നും എന്നാൽ അവർ നിങ്ങളെ നിരാ​ശ​പ്പെ​ടു​ത്തി​യെ​ന്നും അവരോ​ടു പറയുക,” അവൾ പറയുന്നു. ജാക്വ​ലി​നും ഇക്കാര്യം വ്യക്തി​പ​ര​മാ​യി കൈകാ​ര്യം ചെയ്യാ​നാണ്‌ ഇഷ്ടം. അവൾ പറയുന്നു: “പരസ്‌പരം തുറന്നു സംസാ​രി​ക്കാ​നാ​ണു ഞാൻ ശ്രമി​ക്കാറ്‌. അങ്ങനെ​യാ​കു​മ്പോൾ, സാധാ​ര​ണ​ഗ​തി​യിൽ മറ്റേ വ്യക്തി സംഭവി​ച്ച​തി​നെ​ക്കു​റി​ച്ചു നിങ്ങ​ളോ​ടു തുറന്നു​പ​റ​യും. വളരെ​പ്പെ​ട്ടെന്നു നിങ്ങൾക്കു രമ്യത​യി​ലാ​കാ​നും കഴിയും.”

സുഹൃ​ത്തി​നോ​ടു വല്ലാതെ ദേഷ്യം പിടി​ച്ചി​രി​ക്കുന്ന സമയത്ത്‌ അവനെ അല്ലെങ്കിൽ അവളെ സമീപി​ക്കാ​തി​രി​ക്കാൻ തീർച്ച​യാ​യും ശ്രദ്ധി​ക്കേ​ണ്ട​തുണ്ട്‌. ബൈബിൾ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ക്രോ​ധ​മു​ള്ളവൻ കലഹം ഉണ്ടാക്കു​ന്നു; ദീർഘ​ക്ഷ​മ​യു​ള്ള​വ​നോ കലഹം ശമിപ്പി​ക്കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 15:18) അതു​കൊണ്ട്‌, പ്രശ്‌നം പരിഹ​രി​ക്കാൻ ശ്രമി​ക്കു​ന്ന​തി​നു മുമ്പ്‌ നിങ്ങളു​ടെ മനസ്സ്‌ തണുക്കു​ന്ന​തു​വരെ കാത്തി​രി​ക്കുക. “ആദ്യ​മൊ​ക്കെ നിങ്ങൾക്കു പറഞ്ഞറി​യി​ക്കാ​നാ​കാ​ത്തത്ര ദേഷ്യം തോന്നും,” ലിസ സമ്മതി​ക്കു​ന്നു. “എന്നാൽ മനസ്സു ശാന്തമാ​ക്കാൻ ശ്രമിച്ചേ മതിയാ​കൂ. ആ വ്യക്തി​യോ​ടുള്ള ദേഷ്യ​ത്തി​ന്റെ കാഠി​ന്യം കുറയു​ന്ന​തു​വരെ കാത്തി​രി​ക്കുക. അതിനു​ശേഷം, പോയി അയാ​ളോ​ടു ശാന്തമാ​യി കാര്യങ്ങൾ ചർച്ച​ചെ​യ്യാ​വു​ന്ന​താണ്‌.”

“ശാന്തമാ​യി” ചർച്ച​ചെ​യ്യുക എന്നതാണു പ്രധാനം. വാക്കുകൾ കൊണ്ടു സുഹൃ​ത്തി​നെ കണക്കറ്റു പ്രഹരി​ക്കു​കയല്ല നിങ്ങളു​ടെ ലക്ഷ്യം എന്നോർക്കണം. മറിച്ച്‌, കാര്യങ്ങൾ സമാധാ​ന​പ​ര​മാ​യി പരിഹ​രി​ക്കുക എന്നതാണ്‌. സാധി​ക്കു​മെ​ങ്കിൽ സുഹൃ​ദ്‌ബന്ധം പഴയപടി ആക്കിത്തീർക്കുക എന്നതും. (സങ്കീർത്തനം 34:14) അതു​കൊണ്ട്‌, സംസാ​ര​ത്തിൽ ആത്മാർഥത ഉണ്ടായി​രി​ക്കണം. ലിസ പറയുന്നു: “നിങ്ങൾക്കി​ങ്ങനെ പറയാ​വു​ന്ന​താണ്‌, ‘ഞാൻ നിന്റെ സുഹൃ​ത്താണ്‌, നീ എന്റെയും. നമുക്കി​ട​യിൽ വാസ്‌ത​വ​ത്തിൽ എന്താണു സംഭവി​ച്ചത്‌?’ ആ വ്യക്തി അങ്ങനെ പെരു​മാ​റി​യ​തി​ന്റെ പിന്നിലെ കാരണം നിങ്ങൾ അറി​യേ​ണ്ട​തുണ്ട്‌. അതു മനസ്സി​ലാ​ക്കി​യാൽ പിന്നെ, പ്രശ്‌നം പരിഹ​രി​ക്കാൻ അത്ര ബുദ്ധി​മു​ട്ടു​ണ്ടാ​കില്ല.”

നിങ്ങളെ വേദനി​പ്പിച്ച വ്യക്തി​യോ​ടു പകരം​വീ​ട്ടാൻ ശ്രമി​ക്കു​ന്നതു തികച്ചും തെറ്റാ​യി​രി​ക്കും, അയാ​ളെ​ക്കു​റിച്ച്‌ അപവാദം പറഞ്ഞു​പ​ര​ത്തി​ക്കൊ​ണ്ടും അങ്ങനെ മറ്റുള്ള​വരെ നിങ്ങളു​ടെ പക്ഷത്താ​ക്കാൻ ശ്രമി​ച്ചു​കൊ​ണ്ടും മറ്റും. ക്രിസ്‌തീയ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ റോമർക്ക്‌ ഇങ്ങനെ എഴുതി: ‘ആർക്കും തിന്മെക്കു പകരം തിന്മ ചെയ്യരുത്‌.’ (റോമർ 12:17) അതേ, നിങ്ങളു​ടെ വേദന എത്ര ആഴത്തി​ലു​ള്ള​താ​യി​രു​ന്നാ​ലും തിരി​ച്ച​ടി​ക്കു​ന്നതു കാര്യങ്ങൾ വഷളാ​ക്കുക മാത്രമേ ചെയ്യൂ. “പ്രതി​കാ​രം ചെയ്യു​ന്നത്‌ ഒന്നിനും ഒരു പോം​വ​ഴി​യല്ല,” നോറ പറയുന്നു. “കാരണം, പിന്നീ​ടൊ​രി​ക്ക​ലും പഴയതു​പോ​ലെ കൂട്ടു​കാ​രാ​യി​രി​ക്കാൻ നിങ്ങൾക്കു കഴിയില്ല.” എന്നാൽ, സുഹൃ​ദ്‌ബ​ന്ധ​ത്തിൽ സംഭവിച്ച പാളി​ച്ചകൾ പരിഹ​രി​ക്കു​ന്ന​തി​നു നിങ്ങളാൽ ആകുന്നതു ചെയ്യു​ന്നെ​ങ്കിൽ അത്‌ “നിങ്ങൾക്കു നിങ്ങ​ളെ​ക്കു​റി​ച്ചു​തന്നെ മതിപ്പു തോന്നാൻ ഇടയാ​ക്കും” എന്നും അവൾ പറയുന്നു.

എന്നാൽ രമ്യത​യി​ലെ​ത്താ​നുള്ള നിങ്ങളു​ടെ ശ്രമങ്ങ​ളോ​ടു സുഹൃത്തു പ്രതി​ക​രി​ക്കു​ന്നി​ല്ലെ​ങ്കിൽ പിന്നെന്തു ചെയ്യും? അത്തര​മൊ​രു സാഹച​ര്യ​ത്തിൽ, എല്ലാ സുഹൃ​ദ്‌ബ​ന്ധ​ങ്ങ​ളും ഒരു​പോ​ലെ ആയിരി​ക്കി​ല്ലെന്ന്‌ ഓർക്കുക. “എല്ലാ സുഹൃ​ത്തു​ക്ക​ളും ഉറ്റസു​ഹൃ​ത്തു​ക്ക​ളാ​യി​രി​ക്കില്ല. ബന്ധങ്ങൾ തന്നെ പലതര​ത്തിൽ ഉണ്ടായി​രി​ക്കും എന്നു മനസ്സിൽ പിടി​ക്കുക,” കുടുംബ ഉപദേ​ശ​ക​യായ ജൂഡിത്ത്‌ മക്‌ക്ലീസ്‌ പറയുന്നു. അപ്പോ​ഴും, സമാധാ​നം പുനഃ​സ്ഥാ​പി​ക്കാൻ നിങ്ങളാ​ലാ​വു​ന്നതു നിങ്ങൾ ചെയ്‌തി​ട്ടുണ്ട്‌ എന്ന്‌ ആശ്വസി​ക്കാൻ കഴിയും. അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ഇങ്ങനെ എഴുതി: “കഴിയു​മെ​ങ്കിൽ നിങ്ങളാൽ ആവോളം സകലമ​നു​ഷ്യ​രോ​ടും സമാധാ​ന​മാ​യി​രി​പ്പിൻ.”—റോമർ 12:18. (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.)

ഉറ്റ സുഹൃ​ത്തു​ക്കൾക്കി​ട​യിൽ പോലും പ്രശ്‌ന​ങ്ങ​ളു​ടെ അലകൾ ആഞ്ഞടി​ച്ചേ​ക്കാം. എന്നാൽ, മറ്റേ വ്യക്തി​യെ​ക്കു​റി​ച്ചുള്ള ധാരണ​യ്‌ക്കും നിങ്ങളു​ടെ ആത്മാഭി​മാ​ന​ത്തി​നും തെല്ലും കോട്ടം​ത​ട്ടാ​തെ ആ അലകൾ മുറിച്ചു മുന്നോ​ട്ടു നീങ്ങാൻ കഴിയു​മെ​ങ്കിൽ, പക്വത​യുള്ള ഒരു വ്യക്തി​യാ​യി നിങ്ങൾ വളരു​ക​യാ​ണെ​ന്നാണ്‌ അതി​ന്റെ​യർഥം. “പരസ്‌പരം പിച്ചി​ച്ചീ​ന്താൻ ചായ്‌വു കാട്ടുന്ന” ചിലർ ഉണ്ടായി​രു​ന്നേ​ക്കാ​മെ​ങ്കി​ലും “സഹോ​ദ​ര​നെ​ക്കാ​ളും അടുത്തു പറ്റിനിൽക്കുന്ന സ്‌നേ​ഹി​ത​നു​മുണ്ട്‌” എന്ന്‌ ബൈബിൾ ഉറപ്പു​നൽകു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 18:24, NW.

[അടിക്കു​റിപ്പ്‌]

a ചില പേരുകൾ മാറ്റി​യി​ട്ടുണ്ട്‌.

[15-ാം പേജിലെ ചിത്രങ്ങൾ]

സംഭവിച്ചതിനെക്കുറിച്ചു സംസാ​രി​ച്ചു​കൊണ്ട്‌ സൗഹൃദം പുനഃ​സ്ഥാ​പി​ക്കാൻ നിങ്ങൾക്കു കഴി​ഞ്ഞേ​ക്കും