വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതത്തെ വീണ്ടും സ്‌നേഹിച്ചുതുടങ്ങുമ്പോൾ

ജീവിതത്തെ വീണ്ടും സ്‌നേഹിച്ചുതുടങ്ങുമ്പോൾ

ജീവി​തത്തെ വീണ്ടും സ്‌നേ​ഹി​ച്ചു​തു​ട​ങ്ങു​മ്പോൾ

വിഷാ​ദ​രോ​ഗ​വും മറ്റു ചില ആരോഗ്യ പ്രശ്‌ന​ങ്ങ​ളും മേരിയെ വേട്ടയാ​ടി​യി​രു​ന്നു എന്നതു സത്യം​തന്നെ. എന്നാൽ, അവർ കുടും​ബാം​ഗ​ങ്ങ​ളാൽ അവഗണി​ക്ക​പ്പെ​ട്ടി​രു​ന്നില്ല. മദ്യത്തി​ന്റെ​യോ മയക്കു​മ​രു​ന്നി​ന്റെ​യോ അടിമ​യു​മാ​യി​രു​ന്നില്ല അവർ. സ്വന്തം ജീവന്റെ മേൽ കൈ​വെ​ക്കാൻ ഒരാളെ പ്രേരി​പ്പി​ക്കു​ന്ന​തിന്‌ അങ്ങനെ ഒരുപാ​ടു കാരണ​ങ്ങ​ളൊ​ന്നും വേണ​മെ​ന്നി​ല്ലെ​ന്നാണ്‌ മേരി​യു​ടെ അനുഭവം സൂചി​പ്പി​ക്കു​ന്നത്‌.

മേരി മരിച്ചു​പോ​കു​കയേ ഉള്ളൂ എന്നു തന്നെയാണ്‌ എല്ലാവ​രും ആദ്യം കരുതി​യത്‌. അവർ രക്ഷപ്പെ​ടാൻ സാധ്യ​ത​യി​ല്ലെ​ന്നും അഥവാ രക്ഷപ്പെ​ട്ടാൽ തന്നെ അവർക്ക്‌ സ്ഥായി​യായ മസ്‌തിഷ്‌ക തകരാറ്‌ സംഭവി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്നും ഡോക്ട​റും വിധി​യെ​ഴു​തി. ജീവന്റെ നേരിയ തുടി​പ്പു​ക​ളു​മാ​യി ആശുപ​ത്രി​യി​ലെ തീവ്ര പരിചരണ വിഭാ​ഗ​ത്തിൽ അവർ ദിവസ​ങ്ങ​ളോ​ളം അബോ​ധാ​വ​സ്ഥ​യിൽ കിടന്നു. ഭർത്താ​വായ ജോൺ അടുത്തു നിന്നു മാറാതെ അവർക്കു കാവലി​രു​ന്നു. പുകയുന്ന അഗ്നിപർവതം പോ​ലെ​യാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ മനസ്സ്‌.

സാലി എന്നു പേരുള്ള ഒരു അയൽക്കാ​രി മേരിയെ എന്നും ചെന്നു കാണു​മാ​യി​രു​ന്നു. അവർ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി​രു​ന്നു. സാലി ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “ആശ വെടി​യ​രു​തെന്നു ഞാൻ മേരി​യു​ടെ വീട്ടു​കാ​രോ​ടു പറഞ്ഞു. ഒരു പ്രമേഹ രോഗി​യായ എന്റെ അമ്മ ഏതാനും വർഷം മുമ്പ്‌ ആഴ്‌ച​ക​ളോ​ളം അബോ​ധാ​വ​സ്ഥ​യിൽ കിടന്നി​രു​ന്നു. അമ്മ ഒരിക്ക​ലും രക്ഷപ്പെ​ടി​ല്ലെ​ന്നാ​യി​രു​ന്നു ഡോക്ടർമാർ ഞങ്ങളോ​ടു പറഞ്ഞത്‌. പക്ഷേ അമ്മ രക്ഷപ്പെട്ടു. അമ്മയുടെ കാര്യ​ത്തിൽ ചെയ്യാ​റു​ണ്ടാ​യി​രു​ന്നതു പോ​ലെ​തന്നെ, ഞാൻ മേരി​യു​ടെ കയ്യിൽ പിടിച്ച്‌ അവരോ​ടു സംസാ​രി​ക്കു​മാ​യി​രു​ന്നു. അപ്പോൾ അവർ നേരിയ തോതിൽ പ്രതി​ക​രി​ക്കു​ന്ന​താ​യി എനിക്കു തോന്നി​യി​രു​ന്നു.” മൂന്നാ​മത്തെ ദിവസം ആയപ്പോ​ഴേ​ക്കും മേരി കുറെ​ക്കൂ​ടെ നന്നായി പ്രതി​ക​രി​ക്കാൻ തുടങ്ങി. സംസാ​രി​ക്കാൻ ആകില്ലാ​യി​രു​ന്നെ​ങ്കി​ലും അവർക്ക്‌ ആളെ തിരി​ച്ച​റി​യാൻ കഴിയു​ന്ന​താ​യി തോന്നി.

‘അത്‌ എനിക്കു തടയാ​നാ​കു​മാ​യി​രു​ന്നോ?’

“ജോൺ കുറ്റ​ബോ​ധം​കൊ​ണ്ടു നീറു​ക​യാ​യി​രു​ന്നു, തന്റെ കുറ്റം കൊണ്ടു തന്നെയാണ്‌ അത്‌ സംഭവി​ച്ച​തെന്ന്‌ അദ്ദേഹം ഉറച്ചു വിശ്വ​സി​ച്ചു,” സാലി പറയുന്നു. പ്രിയ​പ്പെട്ട ഒരാൾ ആത്മഹത്യ ചെയ്യു​മ്പോ​ഴോ ആത്മഹത്യ​ക്കു ശ്രമി​ക്കു​മ്പോ​ഴോ പല ആളുകൾക്കും തോന്നുന്ന വികാരം ആണത്‌. “വിഷാ​ദ​രോ​ഗ​ത്തിന്‌ ചികി​ത്സ​യി​ലാ​യി​രുന്ന ആളാണു മേരി എന്ന കാര്യം ഞാൻ അദ്ദേഹത്തെ ഓർമി​പ്പി​ച്ചു. അവർ ഒരു രോഗി​യാ​യി​രു​ന്നു, വിഷാ​ദ​ത്തി​ന്റെ പിടി​യിൽനി​ന്നു മോചി​ത​യാ​കാൻ അവർക്ക്‌ ഒന്നും ചെയ്യാ​നാ​കു​മാ​യി​രു​ന്നില്ല. ശാരീ​രിക രോഗ​ത്തിൽനി​ന്നു രക്ഷപ്പെ​ടാൻ ജോണി​നു സാധി​ക്കാ​ത്തതു പോ​ലെ​തന്നെ.”

പ്രിയ​പ്പെ​ട്ട​വർ മരണത്തിൽ അഭയം തേടു​മ്പോൾ ജീവി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ ഉള്ളിൽ പലപ്പോ​ഴും ഒരു ചോദ്യം കനലായി എരിഞ്ഞു​കൊ​ണ്ടി​രി​ക്കും. അതു സംഭവി​ക്കു​ന്നത്‌ എനിക്ക്‌ എങ്ങനെ തടയാ​നാ​കു​മാ​യി​രു​ന്നു? തങ്ങൾ മരണത്തെ സ്‌നേ​ഹി​ച്ചു തുടങ്ങി​യി​രി​ക്കു​ന്നു എന്നു സൂചി​പ്പി​ക്കുന്ന എന്തെങ്കി​ലും വാക്കോ പ്രവൃ​ത്തി​യോ പ്രിയ​പ്പെ​ട്ട​വ​രു​ടെ ഭാഗത്തു നിന്ന്‌ ഉണ്ടാകു​ന്നു​ണ്ടോ എന്നു ശ്രദ്ധി​ക്കു​ന്ന​തും ആത്മഹത്യ​യി​ലേക്ക്‌ അവരെ നയി​ച്ചേ​ക്കാ​വുന്ന പ്രശ്‌നങ്ങൾ സംബന്ധി​ച്ചു ജാഗ്ര​ത​യു​ള്ളവർ ആയിരി​ക്കു​ന്ന​തും സഹായ​ക​മാ​യി​രു​ന്നേ​ക്കാം. ഇനി, ഒരു വ്യക്തി സ്വന്തം ജീവ​നൊ​ടു​ക്കു​ന്ന​തി​നെ തടയാൻ നിങ്ങൾക്കു കഴിഞ്ഞി​ല്ലെ​ങ്കി​ലും അതിനു നിങ്ങൾ ഒരിക്ക​ലും ഉത്തരവാ​ദി​യാ​കു​ന്നി​ല്ലെന്ന്‌ ഓർമി​ക്കുക. (ഗലാത്യർ 6:5) കുടും​ബാം​ഗങ്ങൾ കുറ്റ​ബോ​ധ​ത്താൽ വെന്തു​രു​കട്ടെ എന്നു വിചാ​രി​ച്ചു തന്നെയാണ്‌ ഒരു വ്യക്തി ആത്മഹത്യക്ക്‌ മുതി​രു​ന്ന​തെ​ങ്കിൽ ഇത്‌ ഓർത്തി​രി​ക്കു​ന്നത്‌ വിശേ​ഷി​ച്ചും പ്രധാ​ന​മാണ്‌. ഡോ. ഹെൻഡിൻ പറയു​ന്നതു ശ്രദ്ധിക്കൂ: “മറ്റുള്ള​വ​രു​ടെ വികാ​ര​ങ്ങളെ സ്വാധീ​നി​ക്കാ​നോ നിയ​ന്ത്രി​ക്കാ​നോ ആഗ്രഹി​ക്കുന്ന ആളുക​ളാണ്‌ പലപ്പോ​ഴും അത്തരം കടും​കൈ പ്രവർത്തി​ക്കു​ന്നത്‌ എന്ന സംഗതി മനസ്സിൽ പിടി​ക്കേ​ണ്ട​തുണ്ട്‌. കാര്യങ്ങൾ തങ്ങളുടെ ആഗ്രഹം​പോ​ലെ നടക്കു​ന്നു​ണ്ടോ എന്നു കാണാൻ തങ്ങൾ ഉണ്ടായി​രി​ക്കി​ല്ലെ​ങ്കി​ലും അവർ അതു ചെയ്യുന്നു.”

ഡോ. ഹെൻഡിൻ തുടരു​ന്നു: “ആത്മഹത്യാ പ്രവണ​ത​യുള്ള വൃദ്ധർക്ക്‌ പലപ്പോ​ഴും, മുതിർന്ന മക്കളെ​യോ കൂടപ്പി​റ​പ്പു​ക​ളെ​യോ ഇണയെ​യോ നിയ​ന്ത്രി​ക്കാ​നും സ്വാധീ​നി​ക്കാ​നും ഒക്കെ ഉള്ളൊരു ആഗ്രഹം ഉണ്ടായി​രി​ക്കും, അല്ലെങ്കിൽ തങ്ങളെ നോക്കു​ന്നതു പോരാ എന്നു മറ്റുള്ള​വർക്കു മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്ക​ണ​മെന്ന ചിന്ത അവർക്ക്‌ ഉണ്ടായി​രി​ക്കും. രോഗി​യെ തൃപ്‌തി​പ്പെ​ടു​ത്തുക പലപ്പോ​ഴും അസാധ്യ​മാണ്‌. രോഗി​യാ​ണെ​ങ്കിൽ തന്റെ ആഗ്രഹ​ങ്ങ​ളു​ടെ കാര്യ​ത്തിൽ പലപ്പോ​ഴും വിട്ടു​വീഴ്‌ച ചെയ്യാൻ തയ്യാറാ​കു​ക​യു​മില്ല. അയാൾ ആദ്യം ആത്മഹത്യക്ക്‌ ഒരു​മ്പെ​ട്ട​പ്പോ​ഴ​ത്തെ​ക്കാൾ കുറെ​ക്കൂ​ടി കടന്ന​കൈ​യാ​യി​രി​ക്കും രണ്ടാമതു ചെയ്യുക.”

ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ ആയിരി​ക്കുന്ന കുടും​ബാം​ഗ​ങ്ങൾക്ക്‌ സമ്മർദം തങ്ങളെ വല്ലാതെ വരിഞ്ഞു​മു​റു​ക്കു​ന്നതു പോലെ അനുഭ​വ​പ്പെ​ട്ടേ​ക്കാം. എന്നാൽ യഹോ​വ​യാം ദൈവം മരിച്ച​വരെ ജീവനി​ലേക്കു തിരികെ കൊണ്ടു​വ​രും എന്ന സംഗതി ഒരിക്ക​ലും വിസ്‌മ​രി​ക്കാ​തി​രി​ക്കുക. വിഷാ​ദ​മോ, മാനസിക രോഗ​മോ, നൈരാ​ശ്യ​മോ നിമിത്തം മരണത്തിൽ അഭയം തേടിയ നമ്മുടെ പ്രിയ​പ്പെ​ട്ട​വ​രെ​യും യഹോവ ഇക്കൂട്ട​ത്തിൽ ഉയിർപ്പി​ക്കാൻ നല്ല സാധ്യ​ത​യുണ്ട്‌.—1990 സെപ്‌റ്റം​ബർ 8 ലക്കം ഉണരുക!യുടെ 22-3 പേജു​ക​ളിൽ വന്ന “ബൈബി​ളി​ന്റെ വീക്ഷണം: ആത്മഹത്യ—പുനരു​ത്ഥാ​ന​മു​ണ്ടോ?” എന്ന ലേഖനം കാണുക.

ആത്മഹത്യ​യെ നീതീ​ക​രി​ക്കാ​നാ​കില്ല എന്നതു ശരിതന്നെ. എങ്കിലും അത്തര​മൊ​രു കടും​കൈ പ്രവർത്തി​ക്കു​ന്ന​തി​ലേക്ക്‌ ഒരാളെ നയി​ച്ചേ​ക്കാ​വുന്ന ബലഹീ​ന​ത​ക​ളെ​യും ദൗർബ​ല്യ​ങ്ങ​ളെ​യും കുറിച്ച്‌ പൂർണ​മാ​യി മനസ്സി​ലാ​ക്കു​ന്ന​വ​നാണ്‌ യഹോ​വ​യാം ദൈവം. നമ്മുടെ പ്രിയ​പ്പെ​ട്ട​വ​രു​ടെ ഭാവി പ്രത്യാശ അങ്ങനെ​യൊ​രു ദൈവ​ത്തി​ന്റെ കൈയി​ലാ​ണെന്ന അറിവ്‌ നമ്മുടെ ഉള്ളിൽ സാന്ത്വ​ന​ത്തി​ന്റെ കുളിർമഴ ചൊരി​യു​ന്നി​ല്ലേ? ബൈബിൾ യഹോ​വയെ കുറിച്ച്‌ ഇപ്രകാ​രം പറയുന്നു: “ആകാശം ഭൂമി​ക്കു​മീ​തെ ഉയർന്നി​രി​ക്കു​ന്നതു പോലെ അവന്റെ ദയ അവന്റെ ഭക്തന്മാ​രോ​ടു വലുതാ​യി​രി​ക്കു​ന്നു. ഉദയം അസ്‌ത​മ​യ​ത്തോ​ടു അകന്നി​രി​ക്കു​ന്നതു പോലെ അവൻ നമ്മുടെ ലംഘന​ങ്ങളെ നമ്മോടു അകററി​യി​രി​ക്കു​ന്നു. അപ്പന്നു മക്കളോ​ടു കരുണ തോന്നു​ന്നതു പോലെ യഹോ​വെക്കു തന്റെ ഭക്തന്മാ​രോ​ടു കരുണ തോന്നു​ന്നു. അവൻ നമ്മുടെ പ്രകൃതി അറിയു​ന്നു​വ​ല്ലോ; നാം പൊടി എന്നു അവൻ ഓർക്കു​ന്നു.”—സങ്കീർത്തനം 103:11-14.

സന്തോ​ഷ​പ​ര്യ​വ​സാ​യി​യായ ഒരു അനുഭ​വ​കഥ

രണ്ടു ദിവസ​ത്തേക്ക്‌ മേരി​യു​ടെ ജീവൻ അങ്ങോ​ട്ടോ ഇങ്ങോ​ട്ടോ എന്ന നിലയിൽ ആയിരു​ന്നു. എങ്കിലും അവർ മരണത്തി​ന്റെ വായിൽനി​ന്നു രക്ഷപ്പെട്ടു. താളം​തെ​റ്റിയ അവരുടെ മനസ്സിന്റെ അവസ്ഥയും മെച്ച​പ്പെട്ടു വന്നു. ജോൺ മേരിയെ തിരിച്ചു വീട്ടി​ലേക്കു കൊണ്ടു​പോ​യി. മരുന്നു​ക​ളെ​ല്ലാം അദ്ദേഹം ഭദ്രമാ​യി പൂട്ടി​വെച്ചു. മേരി ഇപ്പോൾ മാനസി​കാ​രോ​ഗ്യ പ്രവർത്ത​കരെ ക്രമമാ​യി ചെന്നു കാണു​ന്നുണ്ട്‌. മരണത്തി​ന്റെ കൊക്ക​യി​ലേക്കു സ്വയം വലി​ച്ചെ​റി​യാൻ തന്നെ പ്രേരി​പ്പിച്ച ആ ദുഷ്‌​പ്രേ​ര​ണയെ കുറിച്ചു വിവരി​ക്കാ​നോ ഓർക്കാ​നോ പോലും തനിക്ക്‌ ആവുന്നി​ല്ലെ​ന്നാണ്‌ മേരി ഇപ്പോൾ പറയു​ന്നത്‌.

ജോൺ-മേരി ദമ്പതി​ക​ളു​ടെ അയൽക്കാ​രി​യായ സാലി ഇപ്പോൾ അവരെ ആഴ്‌ച​തോ​റും ബൈബിൾ പഠിപ്പി​ക്കു​ന്നുണ്ട്‌. നമുക്ക്‌, വിശേ​ഷി​ച്ചും പ്രായ​മാ​യ​വർക്ക്‌, പരിഹ​രി​ക്കാ​നാ​വാ​ത്ത​തെന്നു തോന്നുന്ന എല്ലാ പ്രശ്‌ന​ങ്ങ​ളും ദൈവം വളരെ പെട്ടെ​ന്നു​തന്നെ പരിഹ​രി​ക്കു​മെന്ന്‌ അവർ ബൈബി​ളിൽനി​ന്നു മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. “ബൈബിൾ വെറുതെ പഠിച്ച​തു​കൊണ്ട്‌ ആയില്ല. ഈ വാഗ്‌ദാ​നങ്ങൾ നിവൃ​ത്തി​യേ​റാൻ പോകു​ന്നവ തന്നെയാ​ണെന്ന്‌ തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നു നിങ്ങൾ സ്വയം ഉറപ്പു വരു​ത്തേ​ണ്ട​തുണ്ട്‌. പിന്നെ, പഠിക്കു​ന്ന​തെ​ല്ലാം ജീവി​ത​ത്തിൽ ബാധക​മാ​ക്കണം. ജോണും മേരി​യും ഇപ്പോൾ ഭാവിയെ യഥാർഥ പ്രത്യാ​ശ​യോ​ടെ നോക്കി​ക്കാ​ണാൻ പഠിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌,” സാലി വിശദീ​ക​രി​ക്കു​ന്നു.

നിങ്ങളു​ടെ ഭാവി ഇരുള​ട​ഞ്ഞ​താ​യി കാണ​പ്പെ​ടു​ന്നെ​ങ്കിൽ, യഥാർഥ പ്രത്യാശ സ്വായ​ത്ത​മാ​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി ബന്ധപ്പെ​ടുക. ദൈവ​ത്തി​നു പരിഹ​രി​ക്കാൻ കഴിയാ​ത്ത​താ​യി യാതൊ​രു പ്രശ്‌ന​വും ഇല്ലെന്നും സമീപ ഭാവി​യിൽ അവൻ എല്ലാ പ്രശ്‌ന​ങ്ങ​ളും പരിഹ​രി​ക്കു​മെ​ന്നും ജോണി​നും മേരി​ക്കും തെളി​യി​ച്ചു കൊടു​ത്തതു പോലെ നിങ്ങൾക്കും തെളി​യി​ച്ചു തരാൻ അവർക്കു കഴിയും. കാര്യങ്ങൾ ഇപ്പോൾ എത്ര മോശ​മാ​യി കാണ​പ്പെ​ട്ടാ​ലും എല്ലാറ്റി​നും ഒരു പരിഹാ​ര​മു​ണ്ടാ​കാൻ പോകു​ക​യാണ്‌. ഭാവിയെ സംബന്ധിച്ച ഉറപ്പുള്ള പ്രത്യാശ, ജീവി​ത​വു​മാ​യി വീണ്ടും പ്രണയ​ത്തി​ലാ​കാൻ അനേകരെ സഹായി​ച്ചി​രി​ക്കു​ന്നു. ആ പ്രത്യാ​ശയെ കുറിച്ചു നമുക്ക്‌ അടുത്ത​താ​യി പരിചി​ന്തി​ക്കാം.

[6-ാം പേജിലെ ചതുരം]

ആത്മഹത്യ—പ്രേര​ക​ഘ​ട​ക​ങ്ങ​ളും മുന്നറി​യി​പ്പിൻ സൂചന​ക​ളും

“ചെറു​പ്പ​ക്കാ​രെ ആത്മഹത്യ​ക്കു പ്രേരി​പ്പി​ക്കുന്ന ഘടകങ്ങ​ളിൽ നിന്നു വ്യത്യ​സ്‌ത​മാണ്‌ പ്രായ​മാ​യ​വരെ അതിനു പ്രേരി​പ്പി​ക്കുന്ന ഘടകങ്ങൾ” എന്ന്‌ ദ ജേർണൽ ഓഫ്‌ ദി അമേരി​ക്കൻ മെഡിക്കൽ അസ്സോ​സി​യേഷൻ പറയുന്നു. പ്രസ്‌തുത ഘടകങ്ങ​ളിൽ ‘മദ്യ ദുരു​പ​യോ​ഗ​ത്തി​ന്റെ​യും വിഷാ​ദ​ത്തി​ന്റെ​യും ഉയർന്ന നിരക്ക്‌, സാമൂ​ഹി​ക​മായ ഒറ്റപ്പെടൽ’ എന്നിവ ഉൾപ്പെ​ടു​ന്നു. ‘കൂടാതെ ശാരീ​രിക രോഗ​ങ്ങ​ളും വൈകാ​രിക തകരാ​റു​ക​ളും പ്രായം​ചെ​ന്ന​വ​രു​ടെ ഇടയിൽ കൂടു​ത​ലാണ്‌. ചെറു​പ്പ​ക്കാ​രെ അപേക്ഷിച്ച്‌ ആത്മഹത്യക്ക്‌ അങ്ങേയറ്റം മാരക​മായ മാർഗങ്ങൾ അവലം​ബി​ക്കു​ന്ന​തും അവരാണ്‌.’ സ്റ്റീവൻ ഫ്‌ളാൻഡെ​ഴ്‌സ്‌ എഴുതിയ ആത്മഹത്യ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പട്ടിക​പ്പെ​ടു​ത്തുന്ന പിൻവ​രുന്ന പ്രേര​ക​ഘ​ട​കങ്ങൾ ഓരോ​ന്നും നമ്മുടെ ശ്രദ്ധ അർഹി​ക്കു​ന്ന​വ​യാണ്‌.

സ്ഥായിയായ വിഷാദം:

“സ്വയം ജീവ​നൊ​ടു​ക്കു​ന്ന​വ​രിൽ 50 ശതമാ​ന​ത്തി​ല​ധി​കം പേരും കടുത്ത വിഷാ​ദ​ത്തിന്‌ അടിമ​ക​ളാണ്‌ എന്ന്‌ ഗവേഷകർ റിപ്പോർട്ടു ചെയ്യുന്നു.”

നൈരാശ്യം:

ഇനി, വിഷാ​ദ​രോ​ഗ​ത്തി​ന്റെ ലക്ഷണങ്ങൾ പ്രകടി​പ്പി​ക്കാ​ത്ത​വ​രാ​ണെ​ങ്കിൽ പോലും ഭാവിയെ സംബന്ധി​ച്ചു യാതൊ​രു പ്രത്യാ​ശ​യു​മി​ല്ലാ​ത്ത​വ​രാ​ണെ​ങ്കിൽ അവർ ആത്മഹത്യ ചെയ്യാൻ കൂടുതൽ സാധ്യ​ത​യു​ണ്ടെന്നു ചില പഠനങ്ങൾ കാണി​ക്കു​ന്നു.

മദ്യാസക്തിയും മയക്കു​മ​രു​ന്നു ദുരു​പ​യോ​ഗ​വും:

“[മദ്യാ​സ​ക്ത​രിൽ] 7 ശതമാ​ന​ത്തി​നും 21 ശതമാ​ന​ത്തി​നും ഇടയ്‌ക്ക്‌ ആളുകൾ ആത്മഹത്യ ചെയ്യു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു. എന്നാൽ മദ്യാ​സ​ക്ത​ര​ല്ലാ​ത്ത​വ​രു​ടെ ഇടയിൽ ഈ നിരക്ക്‌ 1 ശതമാ​ന​ത്തിൽ കുറവാണ്‌.”

കുടുംബ സ്വാധീ​നം:

“കുടും​ബ​ത്തിൽ ഒരാൾ ആത്മഹത്യ ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ ശേഷി​ക്കുന്ന കുടും​ബാം​ഗങ്ങൾ ആത്മഹത്യ ചെയ്യാൻ കൂടുതൽ സാധ്യ​ത​യു​ണ്ടെന്നു പഠനങ്ങൾ കാണി​ക്കു​ന്നു.”

രോഗം:

“ശാരീ​രിക ആരോ​ഗ്യം ക്ഷയിച്ചു ക്ഷയിച്ച്‌, ഒടുവിൽ നേഴ്‌സിങ്‌ ഹോമി​ലോ മറ്റോ കഴി​യേണ്ടി വരുമെന്ന ഭീതി പ്രായ​മായ ചിലരെ സ്വയം ജീവ​നൊ​ടു​ക്കാൻ പ്രേരി​പ്പി​ക്കു​ന്നു.”

നഷ്ടങ്ങൾ:

“പ്രകട​മായ നഷ്ടങ്ങളും അല്ലാത്ത​വ​യും ഇക്കൂട്ട​ത്തിൽ പെടുന്നു. ഒരു ഇണയു​ടെ​യോ സുഹൃ​ത്തി​ന്റെ​യോ വേർപാ​ടോ ജോലി നഷ്ടമോ ആരോ​ഗ്യ​ക്കു​റ​വോ ഒക്കെ ആദ്യത്തെ ഗണത്തിൽ പെടുന്ന സംഗതി​ക​ളാണ്‌. ആത്മാഭി​മാ​നം, മാന്യത, സുരക്ഷി​തത്വ ബോധം എന്നിവ നഷ്ടമാ​കു​ന്നത്‌ രണ്ടാമത്തെ ഗണത്തി​ലും.”

ഫ്‌ളാൻഡെഴ്‌സിന്റെ പുസ്‌തകം ആത്മഹത്യ​യു​ടെ പ്രേര​ക​ഘ​ട​കങ്ങൾ മാത്രമല്ല അതിന്റെ മുന്നി​റി​യി​പ്പിൻ സൂചന​ക​ളും പട്ടിക​പ്പെ​ടു​ത്തു​ന്നു. പിൻവ​രുന്ന സൂചന​ക​ളൊ​ന്നും ഒരിക്ക​ലും നിസ്സാ​ര​മാ​യി എടുക്കാൻ പാടില്ല.

മുമ്പ്‌ ആത്മഹത്യാ ശ്രമം നടത്തി​യത്‌:

“ഒരാൾ ആത്മഹത്യ ചെയ്യാൻ സാധ്യത ഉണ്ടെന്നു​ള്ള​തി​ന്റെ പ്രധാ​ന​പ്പെട്ട സൂചന​യാ​ണിത്‌.”

ആത്മഹത്യയെ കുറി​ച്ചുള്ള സംസാരം:

“‘അധിക നാൾ ഞാൻ അവർക്കൊ​രു ഭാരമാ​കില്ല’ ‘ഞാനി​ല്ലാ​ത്ത​താണ്‌ അവർക്കു നല്ലത്‌’ തുടങ്ങിയ പ്രസ്‌താ​വ​നകൾ ആത്മഹത്യ ചെയ്യു​മെ​ന്നു​ള്ള​തി​ന്റെ സൂചന​ക​ളാണ്‌.”

അവസാന ഒരുക്കങ്ങൾ:

“വിൽപ്പ​ത്രം എഴുതി വെക്കു​ന്ന​തും പൊന്നു​പോ​ലെ സൂക്ഷി​ച്ചി​രുന്ന സാധനങ്ങൾ മറ്റുള്ള​വർക്ക്‌ എടുത്തു കൊടു​ക്കു​ന്ന​തും ഓമന​മൃ​ഗ​ങ്ങളെ നോക്കാ​നുള്ള ഏർപ്പാ​ടു​കൾ ചെയ്യു​ന്ന​തും ഇതിൽ ഉൾപ്പെ​ടു​ന്നു.”

വ്യക്തിത്വത്തിലോ പെരു​മാ​റ്റ​ത്തി​ലോ ഉണ്ടാകുന്ന മാറ്റങ്ങൾ:

ഇതോ​ടൊ​പ്പം “‘എന്നെ​ക്കൊണ്ട്‌ ഒന്നിനും കൊള്ളില്ല’, ‘ഇനി ജീവി​ച്ചി​രു​ന്നിട്ട്‌ കാര്യ​മില്ല’ എന്നീ മട്ടിലുള്ള സംസാരം കൂടി” ഉണ്ടെങ്കിൽ അത്‌ “ഒരാൾ മരണം തേടി പുറ​പ്പെ​ടാൻ മാത്രം ഗുരു​ത​ര​മായ വിഷാ​ദ​ത്തി​ന്റെ പിടി​യിൽ കുരു​ങ്ങി​യി​രി​ക്കു​ന്നു എന്നതിന്റെ സൂചന” ആയിരു​ന്നേ​ക്കാം.

[7-ാം പേജിലെ ചിത്രം]

ഇണ ആത്മഹത്യ ചെയ്യു​മ്പോൾ ആ സാഹച​ര്യ​വു​മാ​യി പൊരു​ത്ത​പ്പെ​ടാൻ ജീവി​ച്ചി​രി​ക്കുന്ന ഭർത്താ​വിന്‌ അല്ലെങ്കിൽ ഭാര്യ​യ്‌ക്ക്‌ പലപ്പോ​ഴും സഹായം ആവശ്യ​മാണ്‌