പ്രതിസന്ധിയിലും പ്രസന്നത കൈവിടാതെ
പ്രതിസന്ധിയിലും പ്രസന്നത കൈവിടാതെ
കൊൺസ്റ്റൻട്യീൻ മറൊസോഫ് പറഞ്ഞ പ്രകാരം
1936 ജൂലൈ 20-ാം തീയതിയാണു ഞാൻ ജനിച്ചത്. പിറന്നു വീഴുമ്പോൾ എനിക്ക് അര കിലോഗ്രാം പോലും തൂക്കം ഉണ്ടായിരുന്നില്ല. എന്റെ ശരീരത്തിൽ തലയോടും നട്ടെല്ലും മാത്രമേ അസ്ഥികളായി വളർച്ച പ്രാപിച്ചിരുന്നുള്ളൂ. ബാക്കിയെല്ലാം തരുണാസ്ഥികളായിരുന്നു, അതായത്, പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ ചെവിയിൽ കാണുന്നതു പോലുള്ള ബലംകുറഞ്ഞ അസ്ഥികൾ. നേരിയ തോതിലുള്ള ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും വല്ലപ്പോഴുമുള്ള അനക്കങ്ങളും മാത്രമായിരുന്നു എനിക്കു ജീവൻ ഉണ്ടെന്നുള്ളതിന്റെ തെളിവുകൾ.
ഒമ്പത് മക്കളുള്ള ഒരു കുടുംബത്തിലെ ഏഴാമത്തെ കുട്ടിയായിരുന്നു ഞാൻ. റഷ്യയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഉൾയാനെഫ്സ്ക് ഒബ്ലാസ്റ്റിലുള്ള സെറാ ഗ്രാമത്തിലാണു ഞങ്ങൾ താമസിച്ചിരുന്നത്. മൂന്ന് ആഴ്ച പ്രായമായപ്പോൾ മാമ്മോദീസാ മുക്കാനായി മാതാപിതാക്കൾ എന്നെ പള്ളിയിൽ കൊണ്ടുപോയി. പുരോഹിതൻ തിടുക്കത്തിൽ കുറച്ചു വെള്ളം എന്റെ മേൽ തളിച്ചിട്ട് എത്രയും പെട്ടെന്ന് എന്നെ അവിടെനിന്നു കൊണ്ടുപോകാൻ അവരോട് ആവശ്യപ്പെട്ടു. കാരണം, ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞാൻ മരിക്കുമെന്ന് അദ്ദേഹം കരുതി.
1937 ജനുവരിയിൽ മാതാപിതാക്കൾ എന്നെ റഷ്യൻ റിപ്പബ്ലിക്കായ ടാടർസ്റ്റാന്റെ തലസ്ഥാനമായ കാസൻ നഗരത്തിലെ ചില വൈദ്യശാസ്ത്ര വിദഗ്ധരുടെ അടുക്കൽ കൊണ്ടുപോയി. ഈ സമയമായപ്പോഴേക്കും “മമ്മാ”, “പപ്പാ”, “ബബൂഷ്കാ” (മുത്തശ്ശി) എന്നിങ്ങനെ ചില വാക്കുകളൊക്കെ ഞാൻ പറയാൻ തുടങ്ങിയിരുന്നു. അതുപോലെ എന്റെ സഹോദരങ്ങളുടെ പേരുകളും എനിക്ക് അറിയാമായിരുന്നു. പരിശോധനയ്ക്കു ശേഷം, എനിക്ക് ഒരു വർഷത്തെ ആയുസ്സേ ഉള്ളൂ എന്ന് ഡോക്ടർമാർ വിധിയെഴുതി. അതുകൊണ്ട് എന്നെ മരിക്കാൻ അനുവദിച്ചിട്ട് വൈദ്യശാസ്ത്ര വിദ്യാർഥികൾക്കുള്ള ഒരു പഠനവസ്തു എന്ന നിലയിൽ ഒരു ഗ്ലാസ് ഫ്ളാസ്കിൽ സൂക്ഷിക്കാൻ അവർ നിർദേശിച്ചു. എന്നാൽ അതു സാധ്യമല്ല എന്നു പറയാൻ എന്റെ പ്രിയപ്പെട്ട മാതാപിതാക്കൾക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അതിനു ഞാൻ അവരോട് എത്ര നന്ദിയുള്ളവനാണെന്നോ!
ദുരിതപൂർണമായ ബാല്യകാലം
ഓർമവെച്ച നാൾ മുതൽ വേദന തിന്നാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നിട്ടില്ല. എന്നാൽ കൊച്ചു കുട്ടിയായിരുന്നപ്പോൾ പോലും ക്രിയാത്മകമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരിക്കാൻ ഞാൻ ശ്രമിച്ചിരുന്നു, കൂടെക്കൂടെ ചിരിക്കാനും ജീവിതം ആസ്വദിക്കാനും ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഈ കാഴ്ചപ്പാട് ഞാൻ ഇന്നേവരെ നിലനിറുത്തിയിരിക്കുന്നു. ക്രമേണ എന്റെ അസ്ഥികൾ കൂടുതൽ ബലമുള്ളവ ആയിത്തീർന്നു. എഴുന്നേറ്റിരിക്കാനും കുറച്ചു നേരമൊക്കെ മുട്ടിന്മേൽ ഇഴയാനും കഴിയും എന്ന സ്ഥിതിയായി. വളർച്ച മുരടിച്ച്, ഗുരുതരമായ വൈകല്യം ബാധിച്ച അവസ്ഥയിൽ ആയിരുന്നെങ്കിലും ഞാൻ പഠിക്കാൻ സമർഥനായിരുന്നു. അഞ്ചു വയസ്സായപ്പോഴേക്കും ഞാൻ എഴുതാനും വായിക്കാനുമൊക്കെ പഠിച്ചു.
1941 മേയിൽ അമ്മ എന്നെ വീണ്ടും പള്ളിയിൽ കൊണ്ടുപോയി. അവിടെ ധാരാളം ഭക്തജനങ്ങൾ ഉണ്ടായിരുന്നു. അവരെല്ലാം മുട്ടുകുത്തി നിന്നു പ്രാർഥിക്കുകയായിരുന്നു. ഒരു സേവക വന്നിട്ട് അമ്മ അങ്ങനെ ചെയ്യാത്തതിന്റെ കാരണം ആരാഞ്ഞു. രോഗിയായ എന്നെ കാണിച്ചു കൊടുത്തപ്പോൾ ആ സ്ത്രീ നേരെ പുരോഹിതന്റെ അടുക്കൽ ചെന്ന് എന്തോ പറഞ്ഞു. തിരിച്ചു വന്നിട്ട് അവർ ഞങ്ങളെ വാതിലിനടുത്തേക്കു കൊണ്ടുപോയി. എന്നെ വെളിയിലിരുത്തിയിട്ട് അകത്തേക്കു വരാൻ അവർ അമ്മയോടു പറഞ്ഞു. എന്റെ മാതാപിതാക്കൾ ചെയ്ത പാപങ്ങൾ നിമിത്തം “അശുദ്ധനായവൻ” എന്നെ
അവർക്കു നൽകിയതാണത്രെ. നിറകണ്ണുകളോടെ അമ്മ വീട്ടിലേക്കു മടങ്ങി. ഈ സംഭവം കുറെ കാലത്തേക്ക് എന്റെ മനസ്സിൽ തങ്ങിനിന്നു. ഞാൻ ചിന്തിച്ചു, ‘ആരാണ് ഈ “അശുദ്ധനായവൻ”?’1948-ൽ എനിക്കു പന്ത്രണ്ട് വയസ്സുള്ളപ്പോൾ അമ്മ എന്നെ വീട്ടിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള ചൂവാഷ് റിപ്പബ്ലിക്കിലെ മെറെങ്കീ ഗ്രാമത്തിലേക്കു കൊണ്ടുപോയി. രോഗങ്ങൾ സുഖപ്പെടുത്താൻ കഴിവുള്ള ചില നീരുറവകൾ അവിടെ ഉള്ളതായി പറയപ്പെട്ടിരുന്നു. ആ വെള്ളത്തിന് എന്റെയും രോഗം മാറ്റാൻ കഴിഞ്ഞേക്കുമെന്ന് അമ്മ പ്രത്യാശിച്ചു. സൗഖ്യമാകുന്നതിനു ചില നിബന്ധനകളൊക്കെ പാലിക്കേണ്ടതുണ്ടെന്നു പുരോഹിതന്മാർ പറഞ്ഞു. അവയിൽ, മൂന്നു ദിവസം ഭക്ഷണം കഴിക്കാതിരിക്കുന്നതും പള്ളിയിൽ പോയി കുർബാന കൈക്കൊള്ളുന്നതും ഉൾപ്പെട്ടിരുന്നു. പള്ളിയിൽ വലിയ വിശ്വാസം ഒന്നും ഇല്ലായിരുന്നെങ്കിലും അതെല്ലാം ചെയ്യാമെന്നു ഞാൻ സമ്മതിച്ചു. എന്നെ സംബന്ധിച്ചിടത്തോളം നീണ്ട, ദുർഘടമായ ഒരു യാത്രയായിരുന്നു അത്. എങ്കിലും പ്രകൃതി ഭംഗിയെല്ലാം ആസ്വദിച്ചുകൊണ്ടു സമയം തള്ളിനീക്കാൻ ഞാൻ ശ്രമിച്ചു.
പള്ളിയിൽ നല്ല തിരക്കായിരുന്നു. അമ്മ എന്നെയും എടുത്തുകൊണ്ടു ജനക്കൂട്ടത്തിനിടയിലൂടെ നീങ്ങവെ ഒരു അമ്മച്ചി എന്റെ നേരെ ഒരു മിഠായി നീട്ടി. ഞാനതു വാങ്ങി കീശയിലിട്ടു. കുർബാന കൈക്കൊള്ളാനുള്ള എന്റെ ഊഴം വന്നപ്പോൾ ആ അമ്മച്ചി വിളിച്ചു പറഞ്ഞു: “അച്ചോ, അവന് കുർബാന കൊടുക്കരുത്! ഇപ്പം അവൻ ഒരു മിഠായി അകത്താക്കിയതേയുള്ളൂ!” മിഠായി എന്റെ പോക്കറ്റിലാണെന്നു ഞാൻ പറഞ്ഞു. എന്നാൽ പുരോഹിതൻ ആക്രോശിച്ചു: “ധിക്കാരി! കള്ളം പറയുന്നോ, അവനെ പിടിച്ചു പള്ളിയിൽ നിന്നു പുറത്താക്ക്!” എന്നിരുന്നാലും, അടുത്ത ദിവസം മറ്റൊരു പുരോഹിതൻ എനിക്കു കുർബാന നൽകുകയും “അത്ഭുത” ജലം എന്റെ മേൽ ഒഴിക്കുകയും ചെയ്തു. എന്നാൽ അത്ഭുതമൊന്നും നടന്നില്ല. എന്റെ ആരോഗ്യപ്രശ്നങ്ങളെല്ലാം പഴയപടിതന്നെ നിലനിന്നു.
ബൗദ്ധിക നേട്ടങ്ങൾ
ഗുരുതരമായ ശാരീരിക വൈകല്യങ്ങൾ ഉണ്ടായിരുന്നെങ്കിലും കൗമാരപ്രായത്തിൽ ഞാൻ വിദ്യാഭ്യാസ, ധൈഷണിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. 1956-ൽ ഞാൻ കൊംസൊമൊളിൽ (യുവ കമ്മ്യൂണിസ്റ്റ് സഖ്യം) ഒരു അംഗമായി. കുറച്ചു കഴിഞ്ഞപ്പോൾ ചില യുവാക്കളെ ഞാൻ കൊംസൊമൊൾ ചരിത്രം പഠിപ്പിക്കാൻ തുടങ്ങി. ഒരു വികലാംഗ സദനത്തിലെ ആഭ്യന്തര, സാംസ്കാരിക സമിതി അംഗമായിരുന്നു ഞാൻ. കൂടാതെ അവിടത്തെ റേഡിയോ ഡയറക്ടറും അനൗൺസറുമായി ഞാൻ സേവനമനുഷ്ഠിച്ചു.
അതിനു പുറമേ അന്ധർക്കു വേണ്ടിയുള്ള ഒരു മൊബൈൽ കാസെറ്റ് ലൈബ്രറിയുടെ സൂക്ഷിപ്പുകാരൻ എന്ന നിലയിലും ഞാൻ പ്രവർത്തിച്ചു. അതുപോലെ മദ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള ന്യായാധിപ കമ്മീഷനിലേക്ക് എന്നെ തിരഞ്ഞെടുക്കുകയുണ്ടായി. കൂടാതെ ഒരു അമച്ച്വർ ആർട്ടിസ്റ്റ് ക്ലബ്ബിലും ഞാൻ അംഗമായിരുന്നു. അവിടെ ഞാൻ പാടുകയും വ്യത്യസ്ത സംഗീതോപകരണങ്ങൾ വായിക്കുകയും ചെയ്തിരുന്നു.
വികലാംഗ സദനത്തിൽ
1957-ൽ എനിക്ക് 21 വയസ്സായപ്പോൾ ആരോഗ്യപ്രശ്നങ്ങൾ നിമിത്തം ഒരു വികലാംഗ സദനത്തിൽ കഴിയാതെ നിവൃത്തിയില്ലെന്നായി. എന്നാൽ അവിടെയും അടിയറവു പറയാൻ ഞാൻ തയ്യാറല്ലായിരുന്നു. 1963 ഒക്ടോബറിൽ ഞാൻ മോസ്കോയിലെ പ്രോസ്തെറ്റിക് സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി. അവിടെ എന്റെ കാലുകൾ നേരെയാക്കുന്നതിന് ഞാൻ 18 ശസ്ത്രക്രിയകൾക്കു വിധേയനായി.
എന്റെ കാലുകൾ നിവർത്തുക എന്നതായിരുന്നു അവർ ആദ്യം ചെയ്തത്. എന്നിട്ട് എട്ടു ദിവസം കഴിഞ്ഞ് ശസ്ത്രക്രിയ നടത്തി. അതിനെ തുടർന്ന് കാലുകൾക്കു പ്ലാസ്റ്ററിട്ടു, അടുത്ത ശസ്ത്രക്രിയ വരെ എല്ലുകളുടെ സ്ഥാനം തെറ്റാതിരിക്കാൻ വേണ്ടിയായിരുന്നു അത്. ഞാൻ അനുഭവിക്കുന്ന വേദന കണ്ട് നേഴ്സ് കരയുമായിരുന്നു.
അടുത്ത നാലു മാസത്തിനുള്ളിൽ ക്രച്ചസ്സ് ഉപയോഗിച്ചു ഞാൻ നടന്നു തുടങ്ങി. അവയുടെ സഹായത്താൽ എഴുന്നേറ്റു നിൽക്കുമ്പോൾ എനിക്കു മൂന്നര അടിയോളം പൊക്കം ഉണ്ട്. എന്റെ തൂക്കമാകട്ടെ 25 കിലോഗ്രാമിലും അൽപ്പം കൂടുതലേ ഉള്ളൂ. ക്രച്ചസ്സ് ഉപയോഗിച്ചു നന്നായി നടക്കാൻ പഠിച്ചതിനു ശേഷം 1964-ൽ ഞാൻ വികലാംഗ സദനത്തിലേക്കു മടങ്ങി. എന്നാൽ സങ്കടകരമെന്നു പറയട്ടെ, എന്റെ ശോഷിച്ച കാലുകൾക്കു ശരീരഭാരം താങ്ങാനുള്ള ശേഷി ഉണ്ടായിരുന്നില്ല. അധികം താമസിയാതെ എന്റെ അവസ്ഥ വീണ്ടും പഴയപടിയായി. എങ്ങോട്ടെങ്കിലും പോകണമെങ്കിൽ ഒന്നുകിൽ ചക്രക്കസേരയെ അഭയം പ്രാപിക്കണമായിരുന്നു, അല്ലെങ്കിൽ മുട്ടിന്മേൽ ഇഴയുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ. ഇന്നും എന്റെ മുഖ്യ ആശ്രയം ചക്രക്കസേര തന്നെ.
നേരത്തേ വിവരിച്ച സംഭവത്തിനു ശേഷം പിന്നെയൊരിക്കലും ഞാൻ പള്ളിയുടെ പടി കണ്ടിട്ടില്ല. ‘അശുദ്ധനായവനിൽ’ നിന്നാണ് ഞാൻ ജനിച്ചത് എന്ന പ്രസ്താവന എന്റെ മനസ്സിനെ നോവിച്ചുകൊണ്ടിരുന്നു. ഞാൻ എന്റെ പപ്പയെയും മമ്മയെയും അതിയായി സ്നേഹിച്ചിരുന്നു. അവരോ ദൈവമോ ആണ് എന്റെ അവസ്ഥയ്ക്ക് ഉത്തരവാദികളെന്ന ആശയം എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും പ്രസന്നത കൈവിടാതിരിക്കാൻ ഞാൻ ശ്രമിച്ചു. മറ്റുള്ളവർക്കു നന്മ ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ എല്ലാറ്റിലും ഉപരി എനിക്കും അങ്ങനെയൊക്കെ ചെയ്യാൻ കഴിയുമെന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്തുകയായിരുന്നു എന്റെ ആവശ്യം.
പരസഹായം കൂടാതെയുള്ള ജീവിതം
1970-ൽ ലിഡിയയെ ഞാൻ എന്റെ ജീവിത സഖിയാക്കി. കുട്ടിക്കാലത്തു തന്നെ അവളുടെ ശരീരം ഭാഗികമായി തളർന്നു പോയിരുന്നു. ഞങ്ങൾ ഒരു കൊച്ചു വീടു വാങ്ങി. 15 വർഷം ഞങ്ങൾ അവിടെ താമസിച്ചു. ആ സമയത്തു ഞങ്ങളിരുവരും ജോലി ചെയ്തിരുന്നു. വാച്ചും
റേഡിയോയും ഒക്കെ നന്നാക്കാൻ ഞാൻ പഠിച്ചു.എനിക്കു രണ്ടു നായ്ക്കൾ ഉണ്ടായിരുന്നു—വുൾക്കാനും പാമയും. അതിൽ പാമയ്ക്കു പ്രത്യേക പരിശീലനം നൽകിയിരുന്നു. വിലപ്പെട്ട പല സഹായങ്ങളും അവൾ എനിക്കു ചെയ്തു തന്നിരുന്നു. സാധനങ്ങൾ വഹിച്ചുകൊണ്ടു പോകുന്നതിനു വേണ്ടി അവൾക്കു തുകൽ കൊണ്ടുള്ള ഒരു പ്രത്യേക കോട്ട് ഞാനും ഒരു നായപരിശീലകനും കൂടി ഉണ്ടാക്കി കൊടുത്തു. കടയിൽ ചെല്ലുമ്പോൾ സാധനങ്ങൾ എടുത്തു തന്നിരുന്നത് അവളാണ്. അവൾക്കാകെ ഇഷ്ടമില്ലാഞ്ഞ ഒരു കാര്യം പണമടയ്ക്കാൻ ക്യൂവിൽ നിൽക്കുന്നതായിരുന്നു. എന്റെ പേഴ്സ് അവൾ കടിച്ചു പിടിക്കുമായിരുന്നു. അതുപോലെ സാധനങ്ങൾ വാങ്ങുന്ന സഞ്ചി അവളുടെ ബെൽറ്റിലുള്ള ഒരു ചെറിയ കൊളുത്തിലായിരുന്നു തൂക്കിയിട്ടിരുന്നത്. പാമ അനേകം വർഷം എന്റെ വിശ്വസ്ത സഹചാരിയായിരുന്നു.
1973-ൽ അമ്മയ്ക്കു തീരെ സുഖമില്ലാതായി. ഞാൻ എപ്പോഴും വീട്ടിൽത്തന്നെ ഉണ്ടായിരുന്നതിനാൽ അമ്മയെ ഞങ്ങളുടെ അടുത്തേക്കു കൊണ്ടുപോരാൻ ഞാനും ഭാര്യയും തീരുമാനിച്ചു. ആ സമയം ആയപ്പോഴേക്കും അച്ഛനെയും എന്റെ അഞ്ചു ചേട്ടന്മാരെയും എനിക്കു മരണത്തിൽ നഷ്ടമായിരുന്നു. ബാക്കിയുള്ള മൂന്നു പേർ റഷ്യയുടെ വ്യത്യസ്ത ഭാഗങ്ങളിലായാണു താമസിച്ചിരുന്നത്. ഞങ്ങളോടൊപ്പം താമസിച്ചിരുന്ന സമയത്ത് എന്നാലാകുന്നത് അമ്മയ്ക്കു ചെയ്തു കൊടുക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിരുന്നു. 85-ാമത്തെ വയസ്സിൽ അമ്മ മരിച്ചു.
എന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു വണ്ടി രൂപപ്പെടുത്തിയെടുക്കാൻ 1978-ൽ ഞാൻ തീരുമാനിച്ചു. പല വണ്ടികളിൽ പരീക്ഷണങ്ങൾ നടത്തിയ ശേഷം ഒടുവിൽ ഒരെണ്ണം ഞാൻ ശരിയാക്കിയെടുത്തു. ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നപക്ഷം വണ്ടി രജിസ്റ്റർ ചെയ്യാൻ സംസ്ഥാന വാഹന പരിശോധകസമിതി അനുമതി നൽകി. ഞാനതിന് ഒസാ (കടന്നൽ) എന്നു പേരിട്ടു. അതിൽ ഘടിപ്പിക്കുന്നതിനു വേണ്ടി ഒരു ചെറിയ ട്രെയിലർ കൂടി ഞങ്ങൾ ഉണ്ടാക്കി. അതിൽ 300 കിലോഗ്രാം വരെ ഭാരം കയറ്റാമായിരുന്നു. യാത്ര ചെയ്യുമ്പോൾ സാധനങ്ങൾ കൂടെ കൊണ്ടുപോകുന്നതും അതു സാധ്യമാക്കിത്തീർത്തു. ഈ മോട്ടോർ വാഹനം 1985 വരെ ഞങ്ങൾ ഉപയോഗിച്ചു.
ഈ സമയം ആയപ്പോഴേക്കും എന്റെ ഇടത്തെ കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടിരുന്നു, വലത്തെ കണ്ണിന്റെ കാഴ്ച കുറഞ്ഞുവരികയും ആയിരുന്നു. പിന്നെ ലിഡിയയ്ക്ക് ഹൃദയ സംബന്ധമായ തകരാറുകളും ഉണ്ടായി. ഇതെല്ലാം കാരണം 1985 മേയിൽ ഡിമിറ്റ്രോഫ്ഗ്രാറ്റ് നഗരത്തിലെ ഒരു വികലാംഗ സദനത്തിലേക്കു ഞങ്ങൾ താമസം മാറ്റി.
എന്റെ ജീവിതം ഇപ്പോൾ ഇത്ര സന്തുഷ്ടമായിരിക്കുന്നതിന്റെ കാരണം
1990-ലെ വേനൽക്കാലത്ത് യഹോവയുടെ സാക്ഷികൾ ഞങ്ങൾ താമസിച്ചിരുന്ന വികലാംഗ സദനം സന്ദർശിച്ചു. അവർ പഠിപ്പിച്ച കാര്യങ്ങളിൽ എനിക്കു വളരെ താത്പര്യം തോന്നി. ജന്മനാ കുരുടനായിരുന്ന ഒരു വ്യക്തിയെ കുറിച്ചുള്ള വിവരണം യോഹന്നാന്റെ സുവിശേഷത്തിൽ നിന്ന് അവർ എനിക്കു കാണിച്ചു തന്നു. അവനെ കുറിച്ച് യേശു പറഞ്ഞു: “അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടില്ല.” (യോഹന്നാൻ 9:1-3) പാപവും രോഗവും നമ്മുടെ പൂർവികനായ ആദാമിൽ നിന്നു നാം അവകാശപ്പെടുത്തിയതാണെന്ന് അവർ വിശദീകരിച്ചു.—റോമർ 5:12.
തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ രാജ്യഭരണത്തിൻ കീഴിൽ ഭൂമിയിൽ പറുദീസ പുനഃസ്ഥാപിക്കപ്പെടുമ്പോൾ അവിടെ ജീവിക്കാൻ യോഗ്യത നേടുന്ന ഏവരെയും ദൈവം പൂർണമായും സുഖപ്പെടുത്തും എന്ന വസ്തുതയാണ് എന്നെ ഏറ്റവും സ്പർശിച്ചത്. (സങ്കീർത്തനം 37:11, 29; ലൂക്കൊസ് 23:43; വെളിപ്പാടു 21:3-5) സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഞാൻ എന്നോടു തന്നെ ഇങ്ങനെ പറഞ്ഞു: “ഞാൻ സത്യം കണ്ടെത്തിയിരിക്കുന്നു, അതേ സത്യം, സത്യം തന്നെ!” ഒരു വർഷം യഹോവയുടെ സാക്ഷികളോടൊപ്പം ഞാൻ ബൈബിൾ പഠിച്ചു. അതിനുശേഷം, 1991-ൽ യഹോവയാം ദൈവത്തിനുള്ള എന്റെ സമർപ്പണം ഞാൻ ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി.
യഹോവയെ സേവിക്കാനും അവന്റെ അത്ഭുതകരമായ ഉദ്ദേശ്യങ്ങളെ കുറിച്ചു പ്രസംഗിക്കാനുമുള്ള ശക്തമായ ആഗ്രഹം മനസ്സിൽ വളർന്നുവന്നെങ്കിലും വളരെയേറെ
തടസ്സങ്ങൾ എനിക്ക് അഭിമുഖീകരിക്കേണ്ടതായി വന്നു. മുമ്പൊക്കെ കാര്യമായി യാത്ര ചെയ്യേണ്ട ആവശ്യമൊന്നും എനിക്ക് ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ എന്റെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന് ഞാൻ വെളിയിൽ പോകേണ്ടിയിരിക്കുന്നു. എന്നാൽ എന്റെ ആദ്യത്തെ പ്രസംഗ പ്രദേശം ഞാൻ താമസിച്ചിരുന്ന വികലാംഗ സദനം തന്നെയായിരുന്നു. അവിടെ 300 വ്യക്തികൾ ഉണ്ടായിരുന്നു. ആഭ്യന്തര കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ എന്നെ നിയമിക്കാൻ ഞാൻ അധികാരികളോട് അഭ്യർഥിച്ചു. കാരണം, അവിടെയായാൽ വളരെയധികം ആളുകളുമായി എനിക്കു സമ്പർക്കത്തിൽ വരാൻ സാധിക്കുമായിരുന്നു.എന്നും രാവിലെ ഞാൻ ഓഫീസിൽ പോകുകയും എന്റെ ജോലിയെല്ലാം ഭംഗിയായി നിർവഹിക്കുകയും ചെയ്യുന്നു. ഈ ജോലിക്കിടയിൽ പുതിയ അനേകം സുഹൃത്തുക്കളെ നേടാനും എനിക്കു കഴിഞ്ഞിട്ടുണ്ട്. അവരുമായെല്ലാം രസകരമായ ബൈബിൾ ചർച്ചകൾ നടത്താൻ എനിക്കു സാധിച്ചിരിക്കുന്നു. അവരിൽ അനേകരും ബൈബിൾ പഠനസഹായികൾ സ്വീകരിച്ചിട്ടുണ്ട്. ബൈബിളിൽ നിന്നും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിൽ നിന്നും വായിച്ചു കേൾക്കുന്നത് എന്റെ സന്ദർശകർക്ക് ഇപ്പോൾ പുത്തരിയല്ല. മിക്കപ്പോഴും ഉച്ചയ്ക്കത്തെ ഇടവേളയ്ക്ക് ഞങ്ങളുടെ മുറി സൂചികുത്താൻ ഇടമില്ലാത്തവണ്ണം ആളുകളെക്കൊണ്ടു നിറഞ്ഞിരിക്കും.
യഹോവയുടെ സാക്ഷികളുടെ സഭയിലെ എന്റെ ക്രിസ്തീയ സഹോദരീസഹോദരന്മാർ പ്രസംഗ വേലയിൽ എന്നെ വളരെയധികം സഹായിച്ചിരിക്കുന്നു. അവർ എന്നോടും ഭാര്യയോടുമൊപ്പം സമയം ചെലവഴിക്കുന്നു, എനിക്കു ബൈബിൾ സാഹിത്യങ്ങൾ എത്തിച്ചു തരുന്നു. കൂടാതെ, രാജ്യഹാളിൽ യോഗങ്ങൾക്കു പോകാനും അവരെന്നെ സഹായിക്കുന്നു. എന്നെ കൂടെ കൊണ്ടുപോകാൻ വേണ്ടിത്തന്നെ ഒരു സഹോദരൻ സൈഡ്കാർ ഉള്ള ഒരു മോട്ടോർസൈക്കിൾ വാങ്ങി. ശൈത്യകാല മാസങ്ങളിലാകട്ടെ കാറുള്ള സഹോദരങ്ങൾ എന്നെ സന്തോഷത്തോടെ അവരോടൊപ്പം കൊണ്ടുപോകുന്നു.
ഈ സ്നേഹപുരസ്സരമായ കരുതലുകളുടെ ഫലമായി എനിക്ക് യഹോവയുടെ സാക്ഷികളുടെ സമ്മേളനങ്ങളിൽ സംബന്ധിക്കാൻ കഴിഞ്ഞിരിക്കുന്നു. ഇതിനോടകം അത്തരം ഒരു ഡസനിലേറെ വിദ്യാഭ്യാസ സെമിനാറുകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. 1993 ജൂലൈയിൽ മോസ്കോയിൽ വെച്ചു നടത്തിയ അന്താരാഷ്ട്ര കൺവെൻഷനാണ് ഞാൻ ആദ്യമായി കൂടിയത്. 30 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉണ്ടായിരുന്ന ആ കൺവെൻഷന്റെ അത്യുച്ച ഹാജർ 23,743 ആയിരുന്നു. അതിൽ സംബന്ധിക്കുന്നതിനായി എനിക്ക് 1,000 കിലോമീറ്ററോളം യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. അതിനുശേഷം ഇതേവരെ ഞാൻ ഒരൊറ്റ കൺവെൻഷൻ പോലും മുടക്കിയിട്ടില്ല.
വികലാംഗ സദനത്തിലെ ഭാരവാഹികൾ എന്നോടു നല്ല ആദരവോടെ പെരുമാറുന്നു. അതിനു ഞാൻ അവരോടു നന്ദിയുള്ളവനാണ്. എന്റെ മത വിശ്വാസങ്ങളോടു യോജിക്കുന്നില്ലെങ്കിലും ഭാര്യ ലിഡിയ കഴിഞ്ഞ 30 വർഷമായി എനിക്കു താങ്ങും തണലുമായിരുന്നിട്ടുണ്ട്. എന്നാൽ എല്ലാറ്റിലും ഉപരി യഹോവ തന്റെ ബലിഷ്ഠമായ കരങ്ങളാൽ എന്നെ താങ്ങുകയും അത്ഭുതകരമായ അനുഗ്രഹങ്ങൾ കോരിച്ചൊരിയുകയും ചെയ്തിരിക്കുന്നു. 1997 സെപ്റ്റംബർ 1-ന് എന്നെ ഒരു പയനിയറായി—യഹോവയുടെ സാക്ഷികളുടെ മുഴുസമയ ശുശ്രൂഷകർ അങ്ങനെയാണ് അറിയപ്പെടുന്നത്—നിയമിച്ചു.
എന്റെ ഹൃദയമിടിപ്പു നിലയ്ക്കുകയും ജീവിതത്തിനു തിരശ്ശീല വീഴുകയും ചെയ്യുമായിരുന്ന എത്രയെത്ര സന്ദർഭങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോൾ അങ്ങനെയൊന്നും സംഭവിക്കാതെ ജീവന്റെ ഉറവായ യഹോവയാം ദൈവത്തെ അറിയാനും സ്നേഹിക്കാനുമുള്ള അവസരം ലഭിച്ചതിൽ ഞാൻ എത്രയോ സന്തുഷ്ടനാണ്! അവസാന ശ്വാസം വരെയും യഹോവയെ സേവിക്കുന്നതിൽ എന്റെ ലോകവ്യാപക ആത്മീയ സഹോദരീസഹോദരന്മാരോടൊപ്പം തുടരണം എന്നതാണ് എന്റെ ആഗ്രഹം.
[20-ാം പേജിലെ ചിത്രം]
ഭാര്യ ലിഡിയയുമൊത്ത്
[21-ാം പേജിലെ ചിത്രം]
വികലാംഗ സദനത്തിൽ ഒരു വ്യക്തിയെ പഠിപ്പിക്കുന്നു