വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

റഷ്യക്കാർ ആരാധനാസ്വാതന്ത്ര്യത്തെ നിധിപോലെ കരുതുന്നു

റഷ്യക്കാർ ആരാധനാസ്വാതന്ത്ര്യത്തെ നിധിപോലെ കരുതുന്നു

റഷ്യക്കാർ ആരാധ​നാ​സ്വാ​ത​ന്ത്ര്യ​ത്തെ നിധി​പോ​ലെ കരുതു​ന്നു

1991-ൽ സോവി​യറ്റ്‌ യൂണിയൻ ഒരു രാജ്യ​മെന്ന നിലയിൽ ഇല്ലാതാ​യതു മുതൽ അവിടെ ജീവി​ക്കു​ന്ന​വർക്കു കൂടു​ത​ലായ ആരാധ​നാ​സ്വാ​ത​ന്ത്ര്യം ആസ്വദി​ക്കാൻ കഴിഞ്ഞി​രി​ക്കു​ന്നു. അവിടെ നിന്നു മറ്റു രാജ്യ​ങ്ങ​ളി​ലേക്കു കുടി​യേ​റി​പാർത്ത​വ​രും ആ സ്വാത​ന്ത്ര്യ​ത്തെ അമൂല്യ​മാ​യി കരുതു​ന്നു.

മുൻ സോവി​യറ്റ്‌ യൂണി​യ​നി​ലെ അനേക​രെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം ആരാധ​ന​യ്‌ക്കു പരസ്യ​മാ​യി കൂടി​വ​രു​ന്ന​തി​നുള്ള സ്വാത​ന്ത്ര്യം വിലതീ​രാത്ത ഒരു സംഗതി​യാണ്‌. കാരണം, പതിറ്റാ​ണ്ടു​ക​ളോ​ളം അത്‌ അവർക്കു നിഷേ​ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

1917-ലെ ബോൾഷേ​വിക്‌ വിപ്ലവ​ത്തി​നു ശേഷം, റഷ്യയിൽ ബൈബിൾ വായി​ക്കു​ന്നത്‌ അപകട​ക​ര​മായ ഒരു സംഗതി​യാ​യി​ത്തീർന്നു. തടവു​ശിക്ഷ ഭയന്ന്‌ അതു ചെയ്യാൻ അധിക​മാ​രും ധൈര്യ​പ്പെ​ട്ടില്ല. എന്നാൽ, ഇതിന്‌ തികച്ചും ഒരു അപവാ​ദ​മാ​യി​രു​ന്നു യഹോ​വ​യു​ടെ സാക്ഷികൾ. 1956, ഏപ്രിൽ 16 ലക്കം ന്യൂസ്‌വീക്ക്‌ മാഗസിൻ—ഏതാണ്ടു 44 വർഷം മുമ്പുള്ള ലക്കം—കിഴക്കൻ ജർമനി​യിൽ നിന്നുള്ള ഒരു ചെറു​പ്പ​ക്കാ​രൻ ഇപ്രകാ​രം പറഞ്ഞതാ​യി പ്രസ്‌താ​വി​ക്കു​ക​യു​ണ്ടാ​യി: “യഹോ​വ​യു​ടെ സാക്ഷികൾ ഒഴികെ മറ്റാരും ബൈബിൾ വായി​ക്കു​ന്നില്ല.” ബൈബിൾ പഠന യോഗങ്ങൾ നടത്തി​യ​തി​ന്റെ​യും ബൈബിൾ സന്ദേശം പ്രസം​ഗി​ച്ച​തി​ന്റെ​യും പേരിൽ യഹോ​വ​യു​ടെ സാക്ഷി​കൾക്കു ജയിലി​ലും തൊഴിൽപ്പാ​ള​യ​ങ്ങ​ളി​ലും കഴി​യേ​ണ്ടി​വന്നു. പക്ഷേ, എന്തെല്ലാം സഹി​ക്കേണ്ടി വന്നിട്ടും അവർ തങ്ങളുടെ ബൈബി​ള​ധി​ഷ്‌ഠിത പ്രത്യാ​ശയെ തള്ളിപ്പ​റ​യാൻ കൂട്ടാ​ക്കി​യില്ല. ചുവടെ ചേർത്തി​രി​ക്കുന്ന ചതുരം അതാണു തെളി​യി​ക്കു​ന്നത്‌.

1991-ൽ, സോവി​യറ്റ്‌ യൂണി​യ​നിൽ നിന്ന്‌ റിപ്പബ്ലി​ക്കു​കൾ വേർപെ​ട്ടു​പോ​കാൻ തുടങ്ങിയ സമയത്ത്‌ അവിടെ ഉണ്ടായി​രുന്ന യഹോ​വ​യു​ടെ സാക്ഷികൾ ബൈബിൾ പ്രബോ​ധ​നത്തെ വിശേ​ഷ​വ​ത്‌ക​രി​ക്കുന്ന ഏഴു കൺ​വെൻ​ഷ​നു​കൾ നടത്തു​ക​യു​ണ്ടാ​യി. മൊത്തം 74,252 പേർ അവയിൽ സംബന്ധി​ച്ചു. വെറും രണ്ടു വർഷത്തി​നു ശേഷം 1993-ൽ, 15 മുൻ സോവി​യറ്റ്‌ റിപ്പബ്ലി​ക്കു​ക​ളിൽ 4 എണ്ണത്തിൽ വെച്ചു നടത്തിയ അത്തരം എട്ടു കൺ​വെൻ​ഷ​നു​ക​ളിൽ ഹാജരാ​യത്‌ 1,12,326 പേരാ​യി​രു​ന്നു. a അവരിൽ നിരവധി പേരും സോവി​യറ്റ്‌ ജയിലു​ക​ളി​ലും തൊഴിൽപ്പാ​ള​യ​ങ്ങ​ളി​ലും ഒട്ടനവധി വർഷങ്ങൾ ചെലവ​ഴി​ച്ചി​ട്ടു​ള്ള​വ​രാ​യി​രു​ന്നു. തടസ്സങ്ങ​ളേ​തു​മി​ല്ലാ​തെ ദൈവത്തെ ആരാധി​ക്കാ​നുള്ള സ്വാത​ന്ത്ര്യം ലഭിച്ച​തിൽ ഈ വിശ്വസ്‌ത ക്രിസ്‌ത്യാ​നി​കൾ എത്രയ​ധി​കം നന്ദിയു​ള്ള​വ​രാ​യി​രു​ന്നെ​ന്നോ!

1993 മുതൽ ഓരോ വർഷവും തങ്ങളുടെ മാതൃ​രാ​ജ്യ​ത്തു​തന്നെ സ്വത​ന്ത്ര​മാ​യി ക്രിസ്‌തീയ കൂടി​വ​ര​വു​കൾ നടത്താൻ മുൻ സോവി​യറ്റ്‌ റിപ്പബ്ലിക്ക്‌ നിവാ​സി​കൾക്കു സാധി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, കഴിഞ്ഞ വർഷം മുൻ സോവി​യറ്റ്‌ റിപ്പബ്ലി​ക്കു​ക​ളിൽ 80-ലധികം ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​കൾ നടത്ത​പ്പെട്ടു. യഹോ​വ​യു​ടെ സാക്ഷി​ക​ളും അവരുടെ സുഹൃ​ത്തു​ക്ക​ളും പങ്കെടുത്ത “ദൈവ​ത്തി​ന്റെ പ്രാവ​ച​നിക വചനം” എന്ന പേരി​ലുള്ള ഈ കൺ​വെൻ​ഷ​നു​ക​ളി​ലെ മൊത്തം ഹാജർ 2,82,333 ആയിരു​ന്നു. കൂടാതെ, 13,452 പേർ സ്‌നാ​പ​ന​മേൽക്കു​ക​യും ചെയ്‌തു.

ലോക​ത്തി​ന്റെ മറ്റു ഭാഗങ്ങ​ളി​ലും റഷ്യൻ ഭാഷയി​ലുള്ള കൺ​വെൻ​ഷ​നു​കൾ നടത്ത​പ്പെ​ടു​ക​യു​ണ്ടാ​യി എന്ന്‌ അറിയു​ന്നതു നിങ്ങളെ അതിശ​യി​പ്പി​ച്ചേ​ക്കാം. മുൻ സോവി​യറ്റ്‌ യൂണി​യ​നിൽ വെച്ചല്ലാ​തെ നടത്തിയ അത്തരം നാലു കൂടി​വ​ര​വു​ക​ളിൽ മൊത്തം 6,336 പേരാണു സംബന്ധി​ച്ചത്‌! ഏതെല്ലാം സ്ഥലങ്ങളി​ലാ​യി​രു​ന്നു അവ നടത്ത​പ്പെ​ട്ടത്‌? റഷ്യൻ ഭാഷ സംസാ​രി​ക്കുന്ന ഇത്രയ​ധി​കം പേർക്ക്‌ ബൈബി​ളിൽ അതീവ താത്‌പ​ര്യം ഉള്ളത്‌ എന്തു​കൊ​ണ്ടാണ്‌? ആദ്യം നമുക്കു രണ്ടാമത്തെ ചോദ്യം ഹ്രസ്വ​മാ​യി പരിചി​ന്തി​ക്കാം.

അവർ ആത്മീയ ആവശ്യം തിരി​ച്ച​റി​യു​ന്നു

തികച്ചും സമ്പന്നമാ​യൊ​രു മത ചരി​ത്ര​മാ​ണു റഷ്യക്കു​ള്ളത്‌. നൂറ്റാ​ണ്ടു​കൾ പഴക്കമുള്ള അവിടത്തെ അത്യലം​കൃ​ത​ങ്ങ​ളായ കത്തീ​ഡ്ര​ലു​കൾ, ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ പുകഴ്‌പെറ്റ കത്തീ​ഡ്ര​ലു​ക​ളിൽ പെടുന്നു. പക്ഷേ, റോമൻ കത്തോ​ലി​ക്കാ സഭയെ പോലെ തന്നെ റഷ്യൻ ഓർത്ത​ഡോ​ക്‌സ്‌ സഭയും ബൈബിൾ കാര്യങ്ങൾ സംബന്ധിച്ച്‌ ആളുകളെ അജ്ഞതയിൽ വിടു​ക​യാ​ണു ചെയ്‌തത്‌.

“റഷ്യൻ ഓർത്ത​ഡോ​ക്‌സ്‌ സഭ ഒരുകാ​ല​ത്തും ബൈബി​ളി​നു പ്രാധാ​ന്യം നൽകി​യി​ട്ടില്ല” എന്ന്‌ അടുത്ത​യി​ടെ പുറത്തി​റ​ങ്ങിയ റഷ്യൻ ട്രാജഡി—ദ ബർഡൻ ഓഫ്‌ ഹിസ്റ്ററി എന്ന പുസ്‌തകം പറയുന്നു. അതിന്റെ ഫലമോ? “ബൈബി​ളി​നെ​ക്കു​റി​ച്ചുള്ള അജ്ഞത നിമിത്തം ഓർത്ത​ഡോ​ക്‌സ്‌ സഭക്കാ​രിൽ അനേക​രും അന്ധവി​ശ്വാ​സ​ത്തി​നും ഗൂഢവി​ദ്യ​ക്കും മാന്ത്രി​ക​വി​ദ്യ​ക്കു​മൊ​ക്കെ അടിമ​പ്പെ​ടാൻ അ​ക്രൈ​സ്‌ത​വ​രെ​ക്കാൾ കൂടുതൽ സാധ്യ​ത​യു​ള്ള​വ​രാ​യി​ത്തീർന്നി​രി​ക്കു​ന്നു” എന്ന്‌ റഷ്യൻ മത പണ്ഡിത​നായ സിർഗ്യേ ഇവാ​ന്യെൻകാ പറയുന്നു.

പ്രസിദ്ധ റഷ്യൻ എഴുത്തു​കാ​ര​നാ​യി​രുന്ന ടോൾസ്റ്റോ​യി​യും സമാന​മായ ഒരു നിരീ​ക്ഷണം നടത്തു​ക​യു​ണ്ടാ​യി. അദ്ദേഹം ഇങ്ങനെ എഴുതി: “തന്ത്രപ​ര​മാ​യി മെന​ഞ്ഞെ​ടു​ത്ത​തും ദോഷ​ത്തിൽ കലാശി​ക്കു​ന്ന​തു​മായ വെറും വഞ്ചനയാണ്‌ [റഷ്യൻ ഓർത്ത​ഡോ​ക്‌സ്‌] സഭയുടെ പഠിപ്പി​ക്ക​ലു​കൾ എന്നും അതിന്റെ പ്രവർത്ത​നങ്ങൾ ആഭിചാ​ര​ത്തി​ലും കടുത്ത അന്ധവി​ശ്വാ​സ​ങ്ങ​ളി​ലും വേരൂ​ന്നി​യ​വ​യാണ്‌ എന്നും എനിക്കു ബോധ്യ​മാ​യി. ക്രിസ്‌തീയ പഠിപ്പി​ക്ക​ലു​കൾക്കു കടകവി​രു​ദ്ധ​മായ കാര്യ​ങ്ങ​ളാ​ണിവ.”

സോവി​യറ്റ്‌ കമ്മ്യൂ​ണി​സ​ത്തി​ന്റെ പിറവി​ക്കു തികച്ചും അനു​യോ​ജ്യ​മായ ഒരു സാഹച​ര്യ​മാ​യി​രു​ന്നു അത്‌. നിരീ​ശ്വ​ര​വാ​ദ​പ​ര​മായ ആശയങ്ങ​ളും “മതം മനുഷ്യ​നെ മയക്കുന്ന കറുപ്പാണ്‌” എന്ന പ്രശസ്‌ത​മായ മുദ്രാ​വാ​ക്യ​വു​മാ​യാണ്‌ അതു രംഗ​പ്ര​വേശം ചെയ്‌തത്‌. എന്നാൽ, കമ്മ്യൂ​ണി​സം​തന്നെ ഒരു തരം മതമായി മാറാൻ അധികം താമസ​മൊ​ന്നും ഉണ്ടായില്ല. ചുവപ്പ്‌ മതം എന്ന്‌ പൊതു​വെ അറിയ​പ്പെ​ട്ടി​രുന്ന അതിനു പക്ഷേ അധികം ആയുസ്സ്‌ ഉണ്ടായി​രു​ന്നില്ല. 1991-ൽ സോവി​യറ്റ്‌ രാഷ്‌ട്രം ശിഥി​ല​മാ​യ​പ്പോൾ, ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ ആകെ ആശയക്കു​ഴ​പ്പ​ത്തി​ലാ​യി. ഇനി എന്തിൽ പ്രതീക്ഷ അർപ്പി​ക്കണം എന്നറി​യാ​തെ അവർ കുഴങ്ങി. യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ നിന്നുള്ള പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ ഫലമായി ആയിര​ക്ക​ണ​ക്കി​നു റഷ്യക്കാർ ബൈബി​ളി​ലേക്കു ശ്രദ്ധ തിരിച്ചു.

മികച്ച ഒരു വിദ്യാ​ഭ്യാ​സ സമ്പ്രദാ​യം ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌, ലോക​ത്തി​ലെ​തന്നെ ഏറ്റവും സാക്ഷര​രായ ആളുക​ളു​ടെ കൂട്ടത്തിൽ സ്ഥാനം പിടി​ക്കാൻ റഷ്യക്കാർക്കു കഴിഞ്ഞി​ട്ടുണ്ട്‌. അങ്ങനെ, അവരിൽ അനവധി പേർ ബൈബിൾ വായി​ക്കാൻ മാത്രമല്ല അതിന്റെ പഠിപ്പി​ക്ക​ലു​കളെ സ്‌നേ​ഹി​ക്കാ​നും ഇടയാ​യി​ത്തീർന്നു. ഈ കാലയ​ള​വിൽ, പ്രത്യേ​കി​ച്ചും 1990-കളിൽ, മുൻ സോവി​യറ്റ്‌ യൂണി​യ​നിൽ നിന്ന്‌ ലക്ഷക്കണ​ക്കിന്‌ ആളുകൾ ഐക്യ​നാ​ടു​കൾ, ഗ്രീസ്‌, ജർമനി എന്നീ രാജ്യ​ങ്ങ​ളി​ലേക്കു കുടി​യേ​റു​ക​യു​ണ്ടാ​യി. ഫലമെ​ന്താ​യി​രു​ന്നു?

ജർമനി​യിൽ സ്വത​ന്ത്ര​മാ​യി ആരാധി​ക്കു​ന്നു

18-ഉം 19-ഉം നൂറ്റാ​ണ്ടു​ക​ളിൽ, ജർമനി​യിൽ നിന്ന്‌ അനേകം ആളുകൾ റഷ്യയി​ലേക്കു താമസം മാറ്റി​യി​രു​ന്നു. അക്കൂട്ട​ത്തിൽ ഏറ്റവും പ്രശസ്‌ത സോഫി എന്ന പെൺകു​ട്ടി​യാ​യി​രു​ന്നു. റഷ്യയി​ലേക്കു താമസം മാറ്റു​മ്പോൾ വെറും 15 വയസ്സു​ണ്ടാ​യി​രുന്ന അവൾ, 1762-ൽ തന്റെ ഭർത്താ​വി​ന്റെ കാല​ശേഷം റഷ്യയി​ലെ ഭരണാ​ധി​കാ​രി​ണി​യാ​യി സ്ഥാന​മേറ്റു. പിൽക്കാ​ലത്ത്‌ കാത്‌റിൻ ദ ഗ്രേറ്റ്‌ എന്ന പേരിൽ അറിയ​പ്പെട്ട അവർ, തന്റെ സുദീർഘ​മായ ഭരണകാ​ലത്ത്‌ ജർമനി​യി​ലെ കർഷകരെ റഷ്യയിൽ വന്നു താമസി​ക്കാൻ ക്ഷണിക്കു​ക​യു​ണ്ടാ​യി. പിന്നീട്‌, രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌ ജർമനി സോവി​യറ്റ്‌ യൂണി​യനെ ആക്രമി​ച്ച​പ്പോൾ, ജർമൻ വംശജ​രിൽ മിക്കവ​രും സൈബീ​രി​യ​യി​ലേ​ക്കും ഉസ്‌ബ​ക്കി​സ്ഥാൻ, കസഖ്‌സ്ഥാൻ, കിർഗി​സ്ഥാൻ പോലുള്ള സോവി​യറ്റ്‌ റിപ്പബ്ലി​ക്കു​ക​ളി​ലേ​ക്കും നാടു​ക​ട​ത്ത​പ്പെട്ടു. സമീപ കാലങ്ങ​ളി​ലാ​ണെ​ങ്കിൽ, റഷ്യൻ ഭാഷ സംസാ​രി​ക്കുന്ന അനവധി ജർമൻകാ​രും അതു​പോ​ലെ മുൻ സോവി​യറ്റ്‌ യൂണി​യ​നിൽ നിന്നു​തന്നെ ഉള്ളവരും മെച്ചപ്പെട്ട സാമ്പത്തിക ചുറ്റു​പാ​ടു​കൾ തേടി ജർമനി​യി​ലേക്കു താമസം മാറ്റി​യി​രി​ക്കു​ന്നു.

1992 ഡിസം​ബ​റിൽ, റഷ്യൻ ഭാഷയി​ലുള്ള ജർമനി​യി​ലെ ആദ്യത്തെ സഭ ബെർലി​നിൽ സ്ഥാപി​ത​മാ​യി. എന്നാൽ ഇക്കഴിഞ്ഞ വർഷം ആയപ്പോ​ഴേ​ക്കും 52 സഭകളും 43 ചെറിയ കൂട്ടങ്ങ​ളും ഉൾപ്പെ​ടുന്ന റഷ്യൻ ഭാഷയി​ലുള്ള മൂന്നു സർക്കി​ട്ടു​കൾതന്നെ ജർമനി​യിൽ രൂപം​കൊ​ണ്ടു കഴിഞ്ഞി​രു​ന്നു. കൊ​ളോ​ണിൽ വെച്ച്‌ ജൂലൈ 30 മുതൽ ആഗസ്റ്റ്‌ 1 വരെ നടത്തിയ റഷ്യൻ ഭാഷയി​ലുള്ള “ദൈവ​ത്തി​ന്റെ പ്രാവ​ച​നിക വചനം” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നി​ലെ അത്യുച്ച ഹാജർ 4,920 ആയിരു​ന്നു. 164 പേരാണ്‌ യഹോ​വ​യ്‌ക്കു തങ്ങളുടെ ജീവിതം സമർപ്പി​ച്ച​തി​ന്റെ പ്രതീ​ക​മാ​യി സ്‌നാ​പ​ന​മേ​റ്റത്‌. ആ വർഷം​തന്നെ, ഏപ്രിൽ 1-ാം തീയതി ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​രകം ആചരി​ക്കു​ന്ന​തിന്‌ ജർമനി​യി​ലെ റഷ്യൻ ഭാഷയി​ലുള്ള സഭകളിൽ കൂടി​വ​ന്നത്‌ 6,175 പേരാ​യി​രു​ന്നു.

റഷ്യക്കാർ ഐക്യ​നാ​ടു​ക​ളിൽ

മുൻ സോവി​യറ്റ്‌ യൂണി​യ​നിൽ നിന്ന്‌ റഷ്യൻ ഭാഷ സംസാ​രി​ക്കുന്ന ആളുക​ളു​ടെ ഒരു കുത്തൊ​ഴുക്ക്‌ ഐക്യ​നാ​ടു​ക​ളി​ലേ​ക്കും ഉണ്ടായി​ട്ടുണ്ട്‌. ദ ന്യൂ​യോർക്ക്‌ ടൈംസ്‌ ഇപ്രകാ​രം റിപ്പോർട്ടു ചെയ്യു​ക​യു​ണ്ടാ​യി: “ബ്രുക്ലി​നി​ലേക്ക്‌ 1991-നും 1996-നും ഇടയ്‌ക്ക്‌ കുടി​യേ​റി​പ്പാർത്ത​വ​രിൽ ഏറ്റവും കൂടുതൽ റഷ്യക്കാ​രാ​യി​രു​ന്നു. ആ കാലയ​ള​വിൽ, മുൻ സോവി​യറ്റ്‌ യൂണി​യ​നിൽ നിന്നുള്ള 3,39,000-ത്തിലധി​കം ആളുകൾക്ക്‌ ഐക്യ​നാ​ടു​ക​ളിൽ താമസി​ക്കു​ന്ന​തിന്‌ ഇമി​ഗ്രേഷൻ ആൻഡ്‌ നാച്യു​റ​ലൈ​സേഷൻ സർവീസ്‌ അനുമതി നൽകു​ക​യു​ണ്ടാ​യി.”

മുൻ സോവി​യറ്റ്‌ യൂണി​യ​നിൽ നിന്ന്‌ ഏതാണ്ട്‌ 4,00,000 യഹൂദ​ന്മാർ അതിനു മുമ്പത്തെ പതിറ്റാ​ണ്ടിൽ ന്യൂ​യോർക്കു നഗരത്തി​ലേ​ക്കും പരിസര പ്രദേ​ശ​ങ്ങ​ളി​ലേ​ക്കും കുടി​യേ​റി​യി​ട്ടു​ണ്ടെന്ന്‌ 1999 ജനുവ​രി​യി​ലെ ടൈംസ്‌ റിപ്പോർട്ടു​ചെ​യ്‌തു. സമീപ വർഷങ്ങ​ളിൽ, ഐക്യ​നാ​ടു​ക​ളു​ടെ ഇതരഭാ​ഗ​ങ്ങ​ളി​ലും ആയിര​ക്ക​ണ​ക്കിന്‌ റഷ്യക്കാർ താമസ​മാ​ക്കി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, 35,000 റഷ്യക്കാ​രാണ്‌ വടക്കൻ കാലി​ഫോർണി​യ​യി​ലേക്കു പുതു​താ​യി കുടി​യേ​റി​പ്പാർത്തത്‌. അങ്ങനെ ഇപ്പോൾ, മുൻ സോവി​യറ്റ്‌ യൂണി​യ​നിൽ നിന്നുള്ള കുടി​യേ​റ്റ​ക്കാ​രു​ടെ എണ്ണത്തിന്റെ കാര്യ​ത്തിൽ ന്യൂ​യോർക്കും ലോസാ​ഞ്ച​ല​സും കഴിഞ്ഞാൽ അടുത്ത സ്ഥാനം വടക്കൻ കാലി​ഫോർണി​യ​യ്‌ക്കാണ്‌. റഷ്യൻ ഭാഷ സംസാ​രി​ക്കുന്ന ഇവരും ബൈബിൾ പഠിക്കു​ന്ന​തി​നുള്ള ക്ഷണത്തോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ച്ചി​ട്ടുണ്ട്‌. ഇവരിൽ നൂറു​ക​ണ​ക്കി​നു​പേർ ഇപ്പോൾ സത്യ​ദൈ​വ​മായ യഹോ​വ​യു​ടെ ആരാധകർ ആയിത്തീർന്നി​രി​ക്കു​ന്നു.

1994 ഏപ്രിൽ 1-ാം തീയതി ഐക്യ​നാ​ടു​ക​ളി​ലുള്ള ന്യൂ​യോർക്കി​ലെ ബ്രുക്ലി​നിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സമീപ​കാല റഷ്യൻ-ഭാഷാ സഭകളിൽ ആദ്യ​ത്തേത്‌ സ്ഥാപി​ത​മാ​യി. കാല​ക്ര​മ​ത്തിൽ, പെൻസിൽവേ​നിയ, കാലി​ഫോർണിയ, വാഷി​ങ്‌ടൺ എന്നിവി​ട​ങ്ങ​ളി​ലും റഷ്യൻ സഭകൾ സ്ഥാപി​ക്ക​പ്പെട്ടു. രാജ്യ​ത്തി​ന്റെ ഇതര ഭാഗങ്ങ​ളിൽ അധ്യയന കൂട്ടങ്ങ​ളും രൂപം​കൊ​ണ്ടു.

ഐക്യ​നാ​ടു​ക​ളിൽ ആദ്യമാ​യി

കഴിഞ്ഞ ആഗസ്റ്റ്‌ മാസം 20 മുതൽ 22 വരെയുള്ള തീയതി​ക​ളിൽ ന്യൂ​യോർക്കു നഗരത്തിൽ നടന്ന റഷ്യൻ ഭാഷയി​ലുള്ള ആദ്യത്തെ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽ, ഐക്യ​നാ​ടു​ക​ളിൽ നിന്നും കാനഡ​യിൽ നിന്നും ഉള്ള 670 പേരുടെ ഒരു അത്യുച്ച ഹാജർ ഉണ്ടായി​രു​ന്നു. എല്ലാ പ്രസം​ഗ​ങ്ങ​ളും റഷ്യൻ ഭാഷയിൽ തന്നെയാ​യി​രു​ന്നു. ഏശാവി​നെ​യും യാക്കോ​ബി​നെ​യും കുറി​ച്ചുള്ള ബൈബിൾ വിവര​ണത്തെ അടിസ്ഥാ​ന​പ്പെ​ടു​ത്തി, പുരാതന വേഷവി​ധാ​ന​ങ്ങ​ളോ​ടു കൂടിയ ഒരു നാടകം കാലി​ഫോർണി​യ​യി​ലെ ലോസാ​ഞ്ച​ല​സി​ലുള്ള റഷ്യൻ സഭയിലെ സഹോ​ദ​രങ്ങൾ അവതരി​പ്പി​ക്കു​ക​യു​ണ്ടാ​യി. കൺ​വെൻ​ഷന്റെ മുഖ്യ സവി​ശേ​ഷ​ത​ക​ളിൽ ഒന്നായി​രു​ന്നു അത്‌.

14 പേരുടെ സ്‌നാ​പനം ആയിരു​ന്നു കൺ​വെൻ​ഷന്റെ മറ്റൊരു സവി​ശേഷത. അവരുടെ എല്ലാവ​രു​ടെ​യും ഫോട്ടോ ഇതിന്റെ കൂടെ കൊടു​ത്തി​ട്ടുണ്ട്‌. ന്യൂ​യോർക്കി​ലെ കൺ​വെൻ​ഷ​നിൽ സ്‌നാ​പ​ന​മേൽക്കു​ന്ന​തിന്‌ അവരിൽ ചിലർ ഏകദേശം 4,000 കിലോ​മീ​റ്റർ അകലെ​യുള്ള ഓറി​ഗ​ണി​ലെ പോർട്ട്‌ലൻഡിൽ നിന്നും കാലി​ഫോർണി​യ​യി​ലെ ലോസാ​ഞ്ച​ലസ്‌, സാൻഫ്രാൻസി​സ്‌കോ എന്നിവി​ട​ങ്ങ​ളിൽ നിന്നു​മൊ​ക്കെ​യാണ്‌ എത്തിയത്‌. സ്‌നാ​പ​ന​മേറ്റ 14 പേരും മുൻ സോവി​യറ്റ്‌ റിപ്പബ്ലി​ക്കു​ക​ളായ അർമേ​നിയ, അസ്‌ർ​ബൈ​ജാൻ, ബ്യാല​റൂസ്‌, മൊൾഡോവ, യൂ​ക്രെ​യിൻ, റഷ്യ എന്നിവി​ട​ങ്ങ​ളി​ലാ​യി​രു​ന്നു മുമ്പ്‌ താമസി​ച്ചി​രു​ന്നത്‌. ദൈവിക പരിജ്ഞാ​ന​ത്തെ​യും ആരാധനാ സ്വാത​ന്ത്ര്യ​ത്തെ​യും അവർ എത്രമാ​ത്രം വിലമ​തി​ക്കു​ന്നു​വെന്ന്‌ അവരുടെ അനുഭ​വങ്ങൾ തെളി​യി​ക്കു​ന്നു.

സ്വെറ്റ്‌ലാ​ന (മുൻനി​ര​യിൽ ഇടത്തു നിന്നു മൂന്നാ​മത്‌) വളർന്നതു മോസ്‌കോ​യി​ലാ​യി​രു​ന്നു. 17-ാമത്തെ വയസ്സിൽത്തന്നെ ആ പെൺകു​ട്ടി തന്നെക്കാൾ വളരെ പ്രായം ഉണ്ടായി​രുന്ന ഒരു പ്രശസ്‌ത ഗായകന്റെ ഭാര്യ​യാ​യി​ത്തീർന്നു. കൈക്കു​ഞ്ഞാ​യി​രുന്ന മകനെ​യും കൊണ്ട്‌ 1989-ൽ അവരി​രു​വ​രും ഐക്യ​നാ​ടു​ക​ളിൽ എത്തി. സ്വെറ്റ്‌ലാ​ന​യു​ടെ ഭർത്താവ്‌ ഒട്ടുമി​ക്ക​പ്പോ​ഴും യാത്ര​യി​ലാ​യി​രു​ന്നു. അഞ്ചു വർഷത്തി​നു ശേഷം അവർ വിവാ​ഹ​ബന്ധം വേർപെ​ടു​ത്തി.

സാക്ഷി​യാ​യി​രു​ന്ന ഒരു സഹപ്ര​വർത്ത​ക​യു​മാ​യി സ്വെറ്റ്‌ലാന സഹവസി​ക്കാൻ തുടങ്ങി​യ​പ്പോൾ, അവരുടെ “ജീവി​ത​ത്തി​ന്റെ നിയ​ന്ത്രണം ഏറ്റെടു​ക്കു​ക​യും പണം മുഴുവൻ തട്ടി​യെ​ടു​ക്കു​ക​യും ചെയ്യാൻ പോകുന്ന ഒരു വിഭാ​ഗ​വു​മാ​യി​ട്ടാണ്‌ [അവർ] സഹവസി​ക്കു​ന്നത്‌” എന്നു സുഹൃ​ത്തു​ക്കൾ മുന്നറി​യി​പ്പു നൽകി. എന്നാൽ ബൈബി​ളി​ന്റെ പഠിപ്പി​ക്ക​ലു​കളെ കുറിച്ച്‌ അറിയാൻ അവർ അതിയാ​യി ആഗ്രഹി​ച്ചു. ബൈബി​ളിൽ നിന്നു ദൈവ​നാ​മം കാണിച്ചു തന്നപ്പോൾ തനിക്ക്‌ എന്തു തോന്നി എന്നതി​നെ​ക്കു​റിച്ച്‌ അവർ പറയുന്നു: “സാക്ഷികൾ മാത്ര​മാണ്‌ അതു പരസ്യ​പ്പെ​ടു​ത്തു​ന്നത്‌ എന്നതിൽ എനിക്കു വളരെ മതിപ്പു​തോ​ന്നി.”

യുവാ​വാ​യ ആന്ദ്രേ (പിൻനി​ര​യിൽ ഇടത്തു നിന്നു മൂന്നാ​മത്‌) സൈബീ​രി​യ​യിൽ നിന്ന്‌ ഇന്നത്തെ സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗി​ലേക്കു താമസം മാറ്റി​യത്‌ കായി​ക​രം​ഗത്ത്‌ ഉന്നതപ​രി​ശീ​ലനം നേടു​ന്ന​തി​നു വേണ്ടി​യാ​യി​രു​ന്നു. അതിനു​ശേഷം താമസി​യാ​തെ, സോവി​യറ്റ്‌ യൂണിയൻ പല റിപ്പബ്ലി​ക്കു​ക​ളാ​യി പിരിഞ്ഞു. 1993-ൽ, 22-ാമത്തെ വയസ്സിൽ ആന്ദ്രേ ഐക്യ​നാ​ടു​ക​ളി​ലേക്കു കുടി​യേറി. അദ്ദേഹം പറയുന്നു: “അവിടെ വെച്ച്‌ ഞാൻ ദൈവ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കാൻ തുടങ്ങി. അങ്ങനെ​യാണ്‌ റഷ്യൻ ഓർത്ത​ഡോ​ക്‌സ്‌ പള്ളിയിൽ ഞാൻ പോകാൻ തുടങ്ങി​യത്‌. ഒരിക്കൽ റഷ്യൻ ഈസ്റ്റർ ആഘോ​ഷ​ങ്ങ​ളു​ടെ സമയത്ത്‌, ദൈവ​ത്തോട്‌ അടുക്കു​ന്ന​തി​നു വേണ്ടി രാത്രി മുഴു​വ​നും ഞാൻ പള്ളിയിൽ കഴിച്ചു​കൂ​ട്ടി.”

ഏതാണ്ട്‌ ഈ സമയത്താണ്‌ സ്വെറ്റ്‌ലാന ആന്ദ്രേയെ കണ്ടുമു​ട്ടി​യത്‌. ബൈബിൾ പഠനത്തി​ലൂ​ടെ താൻ മനസ്സി​ലാ​ക്കിയ കാര്യങ്ങൾ അവർ അദ്ദേഹ​ത്തോ​ടു പറഞ്ഞു. അവരു​ടെ​യൊ​പ്പം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു യോഗ​ത്തി​നു ചെല്ലാ​മെന്ന്‌ അദ്ദേഹം സമ്മതിച്ചു. പിന്നീട്‌ അദ്ദേഹം ഒരു ബൈബിൾ അധ്യയ​ന​വും സ്വീക​രി​ച്ചു. 1999 ജനുവ​രി​യിൽ ആന്ദ്രേ​യും സ്വെറ്റ്‌ലാ​ന​യും വിവാ​ഹി​ത​രാ​യി. കൺ​വെൻ​ഷ​നിൽ വെച്ച്‌ സ്‌നാ​പ​ന​മേറ്റ ശേഷം, ഇരുവ​രു​ടെ​യും സന്തോഷം സ്‌ഫു​രി​ക്കുന്ന മുഖം ഒന്നു കാണേ​ണ്ട​താ​യി​രു​ന്നു.

പാവ്യിൽ (പിൻനി​ര​യിൽ ഇടത്തു​നി​ന്നു നാലാ​മത്‌) കസഖ്‌സ്ഥാ​നി​ലെ കാരാ​ഗാൻഡി​ക്കു സമീപ​മാണ്‌ ജനിച്ചത്‌. പിന്നീട്‌, കലാപ​ഭൂ​മി​യായ ചെച്‌നി​യ​യ്‌ക്കും ഡാജി​സ്ഥാ​നും സമീപ​മുള്ള വൻനഗ​ര​മായ നാൽച്ചി​ക്കി​ലേക്കു താമസം മാറ്റിയ പാവ്യിൽ, അവി​ടെ​വെച്ച്‌ 1996 ആഗസ്റ്റിൽ യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ടുമു​ട്ടി. എന്നാൽ പിറ്റേ മാസം അയാൾ സാൻഫ്രാൻസി​സ്‌കോ​യി​ലേക്കു മാറി​ത്താ​മ​സി​ച്ചു. പാവ്യിൽ മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ക്കു​മാ​യി​രു​ന്നു. അവിഹിത ബന്ധത്തി​ലൂ​ടെ അയാൾക്ക്‌ അപ്പോ​ഴേ​ക്കും ഒരു പെൺകു​ഞ്ഞും ജനിച്ചി​രു​ന്നു. കുഞ്ഞ്‌ അമ്മയോ​ടൊ​പ്പം റഷ്യയിൽ ആയിരു​ന്നു.

ഐക്യ​നാ​ടു​ക​ളിൽ എത്തി​ച്ചേർന്ന​തി​നു തൊട്ടു​പി​ന്നാ​ലെ, പാവ്യിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി ബന്ധപ്പെ​ടു​ക​യും ഒരു ബൈബിൾ അധ്യയനം സ്വീക​രി​ക്കു​ക​യും ചെയ്‌തു. തന്റെ ജീവിതം ക്രമ​പ്പെ​ടു​ത്തി​യ​തി​നു ശേഷം, പുതു​താ​യി കണ്ടെത്തിയ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ അയാൾ തന്റെ കുഞ്ഞിന്റെ അമ്മയ്‌ക്ക്‌ എഴുതി. അവർ ഇപ്പോൾ സാക്ഷി​ക​ളോ​ടൊ​ത്തു ബൈബിൾ പഠിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. മാത്രമല്ല, ഐക്യ​നാ​ടു​ക​ളി​ലേക്കു വരാനും അവർക്കു പരിപാ​ടി​യുണ്ട്‌. പാവ്യി​ലി​നെ വിവാഹം ചെയ്‌ത്‌, കുഞ്ഞി​നോ​ടൊ​പ്പം കാലി​ഫോർണി​യ​യിൽ യഹോ​വ​യു​ടെ സേവന​ത്തിൽ തുടരാ​നാണ്‌ അവർ ഉദ്ദേശി​ക്കു​ന്നത്‌.

ഗ്യോർഗൈ (പിൻനി​ര​യിൽ ഇടത്തു​നി​ന്നു രണ്ടാമത്‌) ജനിച്ച​തും വളർന്ന​തും മോസ്‌കോ​യി​ലാണ്‌. 1996-ൽ അദ്ദേഹം ഐക്യ​നാ​ടു​ക​ളി​ലേക്കു താമസം മാറ്റി. അതിന്റെ പിറ്റേ വർഷം അദ്ദേഹം അസ്‌ർ​ബൈ​ജാ​നിൽ നിന്നുള്ള ഫ്‌ളോ​റയെ വിവാഹം ചെയ്‌തു. റഷ്യൻ ഓർത്ത​ഡോ​ക്‌സ്‌ സഭയി​ലാ​യി​രു​ന്നു ഗ്യോർഗൈ പൊയ്‌ക്കൊ​ണ്ടി​രു​ന്നത്‌. എന്നാൽ വീക്ഷാ​ഗോ​പു​രം മാസി​ക​യു​ടെ ഒരു പ്രതി വായി​ച്ച​തി​നു ശേഷം, ത്രി​ത്വോ​പ​ദേശം സംബന്ധിച്ച്‌ അദ്ദേഹ​ത്തി​നു സംശയങ്ങൾ ഉണ്ടായി. വാച്ച്‌ ടവർ സൊ​സൈ​റ്റിക്ക്‌ കത്തയച്ച അദ്ദേഹ​ത്തിന്‌ മറുപ​ടി​യോ​ടൊ​പ്പം നിങ്ങൾ ത്രിത്വ​ത്തിൽ വിശ്വ​സി​ക്ക​ണ​മോ? എന്ന ലഘുപ​ത്രി​ക​യും ലഭിച്ചു. 1998-ൽ അദ്ദേഹ​വും ഫ്‌ളോ​റ​യും ബൈബിൾ പഠിക്കാൻ തുടങ്ങി. സ്‌നാ​പ​ന​മേൽക്കാൻ ഉള്ള തയ്യാ​റെ​ടു​പ്പി​ലാണ്‌ ഫ്‌ളോറ ഇപ്പോൾ.

ന്യൂ​യോർക്ക്‌ കൺ​വെൻ​ഷന്റെ മറ്റൊരു സവി​ശേ​ഷ​ത​യാ​യി​രു​ന്നു മോസ്‌കോ കൺ​വെൻ​ഷന്‌—ഒരേ വാരാ​ന്ത്യ​ത്തിൽ തന്നെയാ​യി​രു​ന്നു ഇവ രണ്ടും നടന്നത്‌—ഹാജരാ​യി​രുന്ന 15,108 പേരിൽ നിന്നു ലഭിച്ച ആശംസകൾ. മോസ്‌കോ​യിൽ നടന്ന കൺ​വെൻ​ഷ​നിൽ 600 പേർ സ്‌നാ​പ​ന​മേറ്റ കാര്യം അറിഞ്ഞ​പ്പോൾ ന്യൂ​യോർക്ക്‌ കൺ​വെൻ​ഷൻ പ്രതി​നി​ധി​കൾ എത്ര പുളകി​ത​രാ​യെ​ന്നോ! കൺ​വെൻ​ഷൻ തീയതി​കൾ അടുത്തു​വ​രവെ, മോസ്‌കോ​യിൽ കൺ​വെൻ​ഷൻ നടത്തു​ന്ന​തിന്‌ എതിർപ്പു​ണ്ടാ​യേ​ക്കും എന്ന മട്ടിലുള്ള പത്രവാർത്ത​ക​ളും ടെലി​വി​ഷൻ റിപ്പോർട്ടു​ക​ളും ഐക്യ​നാ​ടു​ക​ളി​ലും മറ്റിട​ങ്ങ​ളി​ലു​മെ​ല്ലാം പ്രത്യ​ക്ഷ​പ്പെട്ടു തുടങ്ങി​യി​രു​ന്ന​തി​നാൽ അവരുടെ ഈ സന്തോ​ഷ​ത്തിന്‌ ശരിക്കും അടിസ്ഥാ​ന​മു​ണ്ടാ​യി​രു​ന്നു.

മോസ്‌കോ വിശേ​ഷ​ങ്ങൾ

മോസ്‌കോ നഗരത്തി​ന്റെ ഏകദേശം കേന്ദ്ര​ഭാ​ഗ​ത്താ​യി, ഒരു വലിയ റഷ്യൻ ഓർത്ത​ഡോ​ക്‌സ്‌ പള്ളിക്കു സമീപം സ്ഥിതി​ചെ​യ്യുന്ന ഒളിമ്പിക്‌ സ്റ്റേഡിയം വാടക​യ്‌ക്കെ​ടു​ക്കു​ന്ന​തിന്‌ യഹോ​വ​യു​ടെ സാക്ഷികൾ 1999 ജൂലൈ 21-ാം തീയതി കരാർ ഒപ്പു​വെച്ചു. എന്നാൽ കൺ​വെൻ​ഷൻ തുടങ്ങു​ന്ന​തിന്‌ ഒരാഴ്‌ച മാത്രം ബാക്കി​യി​രി​ക്കെ, എതിർപ്പ്‌ ഉണ്ടാകു​മെന്ന കാര്യം വ്യക്തമാ​യി. സ്റ്റേഡി​യ​ത്തി​നുള്ള വാടക കൊടു​ത്തു കഴിഞ്ഞി​രു​ന്നെ​ങ്കി​ലും, ആഗസ്റ്റ്‌ 18-ാം തീയതി ബുധനാഴ്‌ച ആയിട്ടും അത്‌ ഉപയോ​ഗി​ക്കു​ന്ന​തി​നുള്ള അനുമതി ലഭിച്ചി​രു​ന്നില്ല. റഷ്യയിൽ നിയമാം​ഗീ​കാ​ര​മുള്ള ഒരു സംഘട​ന​യാണ്‌ തങ്ങളു​ടേ​തെന്ന കാര്യം യഹോ​വ​യു​ടെ സാക്ഷികൾ അധികൃ​തർക്ക്‌ ആവർത്തി​ച്ചു വ്യക്തമാ​ക്കി​ക്കൊ​ടു​ക്കു​ക​യു​ണ്ടാ​യി. അതു സംബന്ധിച്ച വിശദാം​ശങ്ങൾ 28-ാം പേജിലെ ചതുര​ത്തിൽ കാണാ​വു​ന്ന​താണ്‌.

വെള്ളി​യാ​ഴ്‌ച രാവിലെ ഏകദേശം 15,000 പേർ കൂടി​വ​രു​മെന്നു പ്രതീ​ക്ഷി​ച്ചി​രു​ന്ന​തി​നാൽ, കൺ​വെൻ​ഷൻ ഭാരവാ​ഹി​കൾക്ക്‌ അതേക്കു​റിച്ച്‌ ആശങ്ക തോന്നാ​തി​രു​ന്നില്ല. മോസ്‌കോ​യിൽ നിന്ന്‌ അനേകം കിലോ​മീ​റ്റ​റു​കൾ അകലെ​യുള്ള നഗരങ്ങ​ളി​ലും പട്ടണങ്ങ​ളി​ലും നിന്നു വരുന്ന​വ​രാ​യി​രു​ന്നു ചിലർ. ഒടുവിൽ, ഏതാനും മണിക്കൂ​റു​കൾ നീണ്ട ചർച്ചയ്‌ക്കു ശേഷം ആഗസ്റ്റ്‌ 19-ാം തീയതി വ്യാഴാഴ്‌ച രാത്രി ഏതാണ്ട്‌ 8 മണി​യോ​ട​ടുത്ത്‌ കൺ​വെൻ​ഷനു വേണ്ട ഏർപ്പാ​ടു​ക​ളു​മാ​യി മുന്നോ​ട്ടു പോകാ​മെന്ന്‌ സ്റ്റേഡിയം അധികൃ​തർ സന്തോ​ഷ​പൂർവം സാക്ഷി​ക​ളു​ടെ പ്രതി​നി​ധി​കളെ അറിയി​ച്ചു. കൺ​വെൻ​ഷൻ നടത്തു​ന്ന​തി​നോ​ടു തങ്ങൾക്ക്‌ എതിർപ്പില്ല എന്ന്‌ നഗര ഭരണനിർവാ​ഹകർ അറിയി​ച്ച​തി​നെ തുടർന്നാ​യി​രു​ന്നു അത്‌.

പിറ്റേന്ന്‌ ആയിര​ങ്ങ​ളാണ്‌ സ്റ്റേഡി​യ​ത്തി​ലേക്ക്‌ ഒഴുകി​യെ​ത്തി​യത്‌. അവർക്കാ​യി സ്റ്റേഡിയം ഒരുക്കു​ന്ന​തിന്‌ സാക്ഷി​ക​ളായ സ്വമേ​ധയാ പ്രവർത്തകർ ആ രാത്രി മുഴുവൻ പണി​യെ​ടു​ത്തി​രു​ന്നു. കൺ​വെൻ​ഷൻ നടത്തു​ന്ന​തി​നോ​ടുള്ള ബന്ധത്തിൽ ഉണ്ടായി​രുന്ന എതിർപ്പി​നെ​ക്കു​റിച്ച്‌ നേര​ത്തേ​തന്നെ പത്ര​പ്ര​വർത്ത​കരെ അറിയി​ച്ചി​രു​ന്നു. അതു​കൊണ്ട്‌ കൺ​വെൻ​ഷന്റെ ആദ്യദി​വസം രാവിലെ പത്ര​പ്ര​തി​നി​ധി​ക​ളും എത്തിയി​രു​ന്നു. അവരിൽ ഒരാൾ ഇങ്ങനെ പറഞ്ഞു: “അഭിന​ന്ദ​നങ്ങൾ! കൺ​വെൻ​ഷൻ ഒരു തടസ്സവു​മി​ല്ലാ​തെ നടത്താൻ കഴിയും എന്നറി​ഞ്ഞ​തിൽ ഞങ്ങൾക്കു സന്തോ​ഷ​മുണ്ട്‌.”

അച്ചടക്ക​ത്തോ​ടു കൂടിയ പെരു​മാ​റ്റം

കൺ​വെൻ​ഷന്റെ സുഗമ​മായ നടത്തി​പ്പിന്‌ സുരക്ഷാ​ന​ട​പ​ടി​കൾ സ്വീക​രി​ക്കു​ന്ന​താ​വും നല്ലത്‌ എന്ന്‌ സ്റ്റേഡിയം അധികൃ​തർക്കു തോന്നി. അതു​കൊണ്ട്‌, വിമാ​ന​ത്താ​വ​ള​ങ്ങ​ളിൽ യാത്ര​ക്കാ​രെ പരി​ശോ​ധി​ക്കാൻ ഉപയോ​ഗി​ക്കു​ന്നതു പോലുള്ള മെറ്റൽ ഡിറ്റക്ട​റു​ക​ളു​മാ​യി എല്ലാ പ്രവേശന കവാട​ങ്ങ​ളി​ലും അവർ സെക്യൂ​രി​റ്റി​ക്കാ​രെ നിറു​ത്തു​ക​യു​ണ്ടാ​യി. കൂടാതെ സ്റ്റേഡി​യ​ത്തി​നു​ള്ളിൽ എല്ലായി​ട​ത്തും പോലീസ്‌ കാവലും ഏർപ്പെ​ടു​ത്തി. ഇടയ്‌ക്ക്‌ വലിയ ഒരു ഭീഷണി ഉണ്ടാ​യെ​ങ്കി​ലും കൺ​വെൻ​ഷൻ ഭംഗി​യാ​യി​ത്തന്നെ നടന്നു.

സ്റ്റേഡി​യ​ത്തി​ന​കത്ത്‌ ഒരു ബോംബ്‌ വെച്ചി​ട്ടു​ണ്ടെന്ന്‌ ശനിയാഴ്‌ച ഉച്ചതി​രിഞ്ഞ്‌ ആരോ ഫോൺ ചെയ്‌തു പറഞ്ഞു. അവസാ​ന​ത്തേ​തി​നു തൊട്ടു​മു​മ്പത്തെ പ്രസംഗം ഏതാണ്ടു തീരാ​റാ​യ​പ്പോ​ഴാ​യി​രു​ന്നു അത്‌. അതു​കൊണ്ട്‌, സ്റ്റേഡിയം അധികൃ​ത​രു​ടെ അഭ്യർഥ​ന​പ്ര​കാ​രം എല്ലാവ​രും ഉടനെ​തന്നെ സ്റ്റേഡിയം വിട്ടു​പോ​ക​ണ​മെന്ന്‌ ഒരു ചെറിയ അറിയിപ്പ്‌ നടത്തി. വളരെ അച്ചടക്ക​ത്തോ​ടു കൂടി എല്ലാവ​രും അത്‌ അനുസ​രി​ച്ച​പ്പോൾ, സ്റ്റേഡിയം അധികൃ​ത​രും പോലീ​സു​കാ​രും അമ്പരന്നു പോയി. ഇങ്ങനെ​യൊന്ന്‌ ജീവി​ത​ത്തിൽ ഒരിക്ക​ലും അവർ കണ്ടിട്ടു​ണ്ടാ​യി​രു​ന്നില്ല! അതു റിഹേ​ഴ്‌സ്‌ ചെയ്‌തി​രു​ന്നോ എന്നു​പോ​ലും അവർ ചോദി​ക്കു​ക​യു​ണ്ടാ​യി.

സ്റ്റേഡി​യ​ത്തിൽ നിന്നു ബോം​ബൊ​ന്നും കിട്ടി​യില്ല. പിറ്റേ ദിവസത്തെ പരിപാ​ടി​യിൽ ശനിയാഴ്‌ച അവതരി​പ്പി​ക്കാ​തി​രുന്ന ഭാഗം​കൂ​ടി ഉൾപ്പെ​ടു​ത്തി. കൺ​വെൻ​ഷൻ മൊത്ത​ത്തിൽ സ്റ്റേഡിയം അധികൃ​ത​രിൽ വലിയ മതിപ്പു​ള​വാ​ക്കി.

ഗ്രീസി​ലും മറ്റു സ്ഥലങ്ങളി​ലും

ആഗസ്റ്റ്‌ അവസാ​ന​ത്തെ​യും സെപ്‌റ്റം​ബർ ആദ്യ​ത്തെ​യും വാരാ​ന്ത്യ​ങ്ങ​ളിൽ റഷ്യൻ ഭാഷയി​ലുള്ള ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​കൾ ഗ്രീസി​ലും നടത്ത​പ്പെട്ടു. ആദ്യം ഏഥൻസി​ലും പിന്നീട്‌ തെസ്സ​ലൊ​നീ​ക്ക​യി​ലും. മൊത്തം 746 പേർ ഹാജരാ​യി. 34 പേർ സ്‌നാ​പ​ന​മേൽക്കു​ക​യും ചെയ്‌തു. റഷ്യൻ ഭാഷയി​ലുള്ള 8 സഭകൾക്കു പുറമേ മുൻ സോവി​യറ്റ്‌ യൂണി​യന്റെ തെക്കൻ റിപ്പബ്ലി​ക്കു​ക​ളിൽ നിന്നുള്ള കുടി​യേ​റ്റ​ക്കാർ ഉൾപ്പെ​ടുന്ന 17 ചെറിയ കൂട്ടങ്ങ​ളും ഗ്രീസി​ലുണ്ട്‌. റഷ്യൻ ഭാഷയിൽ മാത്രമല്ല, ഈ കുടി​യേ​റ്റ​ക്കാർ സംസാ​രി​ക്കുന്ന മറ്റു ഭാഷക​ളി​ലും യോഗങ്ങൾ നടത്ത​പ്പെ​ടു​ന്നുണ്ട്‌.

ഏഥൻസിൽ വെച്ച്‌ സ്‌നാ​പ​ന​മേ​റ്റ​വ​രിൽ ഒരാൾ വിക്ടർ ആയിരു​ന്നു. മുമ്പ്‌ ഒരു നിരീ​ശ്വ​ര​വാ​ദി​യാ​യി​രുന്ന അദ്ദേഹം, 1998 ആഗസ്റ്റിൽ ഏഥൻസിൽ വെച്ചു​ന​ട​ത്തിയ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നിൽ സംബന്ധി​ക്കു​ക​യു​ണ്ടാ​യി. അവി​ടെ​വെ​ച്ചാണ്‌ അദ്ദേഹ​ത്തി​ന്റെ ഭാര്യ സ്‌നാ​പ​ന​മേ​റ്റത്‌. കൺ​വെൻ​ഷൻ പ്രതി​നി​ധി​ക​ളു​ടെ പരസ്‌പര സ്‌നേഹം കണ്ട്‌ അത്യന്തം മതിപ്പു തോന്നി​യാണ്‌ താൻ ബൈബിൾ പഠിക്കാൻ തീരു​മാ​നി​ച്ച​തെന്ന്‌ അദ്ദേഹം പറഞ്ഞു.

നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്ന പുസ്‌തകം വായി​ച്ച​തി​നു ശേഷം ഇഗർ എന്ന വ്യക്തി തന്റെ വിഗ്ര​ഹ​ങ്ങ​ളെ​ല്ലാം എറിഞ്ഞു​ക​ളഞ്ഞു. അദ്ദേഹം ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി തന്നെത്തന്നെ പരിച​യ​പ്പെ​ടു​ത്താൻ പോലും തുടങ്ങി. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഏഥൻസി​ലെ ബ്രാഞ്ച്‌ ഓഫീ​സി​ലേക്ക്‌ എഴുതി​യ​തി​ന്റെ ഫലമായി 1998 നവംബ​റിൽ സാക്ഷികൾ അദ്ദേഹത്തെ സന്ദർശി​ച്ചു. അതിനു​ശേഷം പെട്ടെ​ന്നു​തന്നെ അദ്ദേഹം ഒരു സഭാ​യോ​ഗ​ത്തി​നു ഹാജരാ​യി. അന്നുമു​തൽ ഇന്നുവരെ ഒരൊറ്റ സഭാ​യോ​ഗം പോലും അദ്ദേഹം മുടക്കി​യി​ട്ടില്ല. സ്‌നാ​പ​ന​മേറ്റ ഒരു വ്യക്തി​യെന്ന നിലയിൽ അദ്ദേഹ​ത്തി​ന്റെ ഇപ്പോ​ഴത്തെ ലക്ഷ്യം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു മുഴു​സമയ ശുശ്രൂ​ഷകൻ ആയിത്തീ​രുക എന്നതാണ്‌.

ഇതുകൂ​ടാ​തെ മറ്റു പല രാജ്യ​ങ്ങ​ളി​ലേ​ക്കും റഷ്യൻ ഭാഷ സംസാ​രി​ക്കുന്ന ആളുകൾ കുടി​യേ​റി​പ്പാർത്തി​ട്ടുണ്ട്‌. ബൈബിൾ പഠിക്കു​ന്ന​തി​നും ദൈവാ​രാ​ധ​ന​യ്‌ക്കാ​യി പരസ്യ​മാ​യി കൂടി​വ​രു​ന്ന​തി​നും ഉള്ള സ്വാത​ന്ത്ര്യം അവരിൽ അനേക​രും അങ്ങേയറ്റം വിലമ​തി​ക്കു​ന്നു. അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം അത്‌ അമൂല്യ​മായ ഒരു പദവി​യാണ്‌!

[അടിക്കു​റിപ്പ്‌]

a അർമേനിയ, അസ്‌ർ​ബൈ​ജാൻ, ഉസ്‌ബ​ക്കി​സ്ഥാൻ, എസ്‌തോ​ണിയ, കസഖ്‌സ്ഥാൻ, കിർഗി​സ്ഥാൻ, ജോർജിയ, തജികി​സ്ഥാൻ, തുർക്ക്‌മെ​നി​സ്ഥാൻ, ബ്യാല​റൂസ്‌, മൊൾഡോവ, യൂ​ക്രെ​യിൻ, ലാത്വിയ, ലിത്വാ​നിയ, റഷ്യ എന്നിവ​യാണ്‌ ഈ 15 റിപ്പബ്ലി​ക്കു​കൾ. ഇപ്പോൾ ഇവ സ്വതന്ത്ര രാജ്യ​ങ്ങ​ളാണ്‌.

[22-ാം പേജിലെ ചതുരം]

ബൈബിളിനെ സ്‌നേ​ഹി​ക്കുന്ന റഷ്യക്കാർ

ആദരണീയ മതപണ്ഡി​ത​നായ പ്രൊ​ഫസർ സിർഗ്യേ ഇവാ​ന്യെൻകാ യഹോ​വ​യു​ടെ സാക്ഷി​കളെ വിശേ​ഷി​പ്പി​ച്ചത്‌, ബൈബിൾ പഠനത്തി​നാ​യി യഥാർഥ​ത്തിൽ അർപ്പി​ത​രായ ജനം എന്നാണ്‌. അടുത്ത കാലത്തി​റ​ങ്ങിയ, റഷ്യൻ ഭാഷയി​ലുള്ള ഓ ല്യൂഡ്യാക്‌, നിക്കോ​ഗ്‌ഡാ ന്യേ രാസ്സ്‌റ്റാ​യൂ​ഷ്‌ചി​ക്‌സ്യ എസ്‌ ബിബ്ലിയെ (എപ്പോ​ഴും സ്വന്തം ബൈബിൾ കൂടെ കൊണ്ടു​ന​ട​ക്കു​ന്നവർ) എന്ന അദ്ദേഹ​ത്തി​ന്റെ പുസ്‌ത​ക​ത്തിൽ സോവി​യറ്റ്‌ യൂണി​യ​നി​ലെ സാക്ഷി​ക​ളു​ടെ ആദ്യകാല ചരി​ത്ര​ത്തെ​ക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: “തങ്ങളുടെ മതപര​മായ വിശ്വാ​സങ്ങൾ തള്ളിപ്പ​റ​യാൻ കൂട്ടാ​ക്കാ​ഞ്ഞതു നിമിത്തം ജയിലിൽ കഴി​യേണ്ടി വന്ന സന്ദർഭ​ങ്ങ​ളി​ലും ബൈബിൾ ഉപയോ​ഗ​പ്പെ​ടു​ത്തു​ന്ന​തിന്‌ യഹോ​വ​യു​ടെ സാക്ഷികൾ മാർഗങ്ങൾ കണ്ടെത്തി.” അതിന്‌ ഒരു ഉദാഹ​ര​ണ​വും അദ്ദേഹം നൽകു​ക​യു​ണ്ടാ​യി.

“തടവു​കാർക്ക്‌ ബൈബിൾ കൈവശം വെക്കാ​നുള്ള അനുവാ​ദം ഉണ്ടായി​രു​ന്നില്ല. തിരച്ചി​ലി​നി​ട​യിൽ കിട്ടുന്ന ബൈബി​ളു​കൾ കണ്ടു​കെ​ട്ടു​മാ​യി​രു​ന്നു. ഇലക്‌ട്രീ​ഷ്യൻ ആയിരുന്ന ഒരു യഹോ​വ​യു​ടെ സാക്ഷിയെ വടക്കൻ തൊഴിൽപ്പാ​ള​യ​ങ്ങ​ളിൽ ഒന്നിൽ ആക്കിയി​രു​ന്നു. ഉയർന്ന വോൾട്ടേജ്‌ ഉള്ള ഒരു ട്രാൻസ്‌ഫോർമർ യൂണി​റ്റിൽ ആയിരു​ന്നു അദ്ദേഹം ബൈബിൾ സൂക്ഷി​ച്ചി​രു​ന്നത്‌. ബൈബി​ളി​ലെ ഓരോ പുസ്‌ത​ക​വും ഒരു ചരടിൽ കെട്ടിയ ശേഷം ഒരു പ്രത്യേക വയറു​മാ​യി അതു ബന്ധിപ്പി​ച്ചി​രു​ന്നു. ഷോ​ക്കേൽക്കാ​തെ അത്‌—ഉദാഹ​ര​ണ​ത്തിന്‌, മത്തായി​യു​ടെ സുവി​ശേഷം—എടുക്കു​ന്ന​തിന്‌ ഏതു ചരടി​ലാ​ണു വലി​ക്കേ​ണ്ടത്‌ എന്ന്‌ അദ്ദേഹ​ത്തി​നു മാത്രമേ അറിയാ​മാ​യി​രു​ന്നു​ള്ളൂ. ഗാർഡു​കൾ അവി​ടെ​യെ​ല്ലാം അരിച്ചു​പെ​റു​ക്കി നോക്കി​യി​ട്ടും ഒരു പ്രയോ​ജ​ന​വും ഉണ്ടായില്ല. ഈ അപൂർവ ബൈബിൾ അങ്ങനെ ഒരിക്ക​ലും കണ്ടുപി​ടി​ക്ക​പ്പെ​ട്ടില്ല.”

[28-ാം പേജിലെ ചതുരം]

റഷ്യയിൽ യഹോ​വ​യു​ടെ സാക്ഷികൾ വീണ്ടും രജിസ്റ്റർ ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു

റഷ്യയിൽ യഹോ​വ​യു​ടെ സാക്ഷികൾ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു സജീവ​മാ​യി ഘോഷി​ക്കാൻ തുടങ്ങി​യിട്ട്‌ ഒരു നൂറ്റാ​ണ്ടി​ല​ധി​ക​മാ​യി. എന്നിരു​ന്നാ​ലും, ഗവൺമെന്റ്‌ ഏർപ്പെ​ടു​ത്തി​യി​രുന്ന ചില നിയ​ന്ത്ര​ണങ്ങൾ നിമിത്തം, നിയമാം​ഗീ​കാ​രം കിട്ടാൻ അവർക്ക്‌ 1991 മാർച്ച്‌ 27 വരെ കാത്തി​രി​ക്കേണ്ടി വന്നു. യുഎസ്‌എ​സ്‌ആ​റി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മതസം​ഘ​ടനാ ഭരണ നിർവഹണ കേന്ദ്രം എന്ന പേരി​ലാ​യി​രു​ന്നു ആ സമയത്ത്‌ അവർ രജിസ്റ്റർ ചെയ്യ​പ്പെ​ട്ടത്‌.

1997 സെപ്‌റ്റം​ബർ 26-ൽ “മനസ്സാ​ക്ഷി​ക്കും മതപര​മായ കൂട്ടാ​യ്‌മ​യ്‌ക്കുള്ള സ്വാത​ന്ത്ര്യം” എന്ന പേരിൽ ഒരു നിയമം പ്രാബ​ല്യ​ത്തിൽ വന്നു. ഈ പുതിയ നിയമം ലോക​മെ​മ്പാ​ടും വളരെ വാർത്താ​പ്രാ​ധാ​ന്യം നേടു​ക​യു​ണ്ടാ​യി. എന്തു​കൊണ്ട്‌? കാരണം, റഷ്യയി​ലെ ന്യൂനപക്ഷ മതവി​ഭാ​ഗ​ങ്ങ​ളു​ടെ മതപര​മായ പ്രവർത്ത​ന​ങ്ങളെ നിയ​ന്ത്രി​ക്കു​ന്ന​തി​നുള്ള ഒരു നിയമം ആയിട്ടാണ്‌ പലരും അതിനെ വീക്ഷി​ച്ചത്‌.

അങ്ങനെ, വളരെ പാടു​പെട്ട്‌ 1991-ൽ നേടി​യെ​ടുത്ത രജിസ്‌

റ്റ്രേഷൻ ഉണ്ടായി​രു​ന്നി​ട്ടും, യഹോ​വ​യു​ടെ സാക്ഷി​ക​ളും അതു​പോ​ലെ മറ്റെല്ലാ മതസം​ഘ​ട​ന​ക​ളും ഈ പുതിയ നിയമ​പ്ര​കാ​രം വീണ്ടും രജിസ്റ്റർ ചെയ്യണം എന്ന അവസ്ഥയാ​യി​ത്തീർന്നു. അതു വളരെ​യ​ധി​കം സംശയ​ങ്ങൾക്ക്‌ ഇടയാക്കി. യഹോ​വ​യു​ടെ സാക്ഷി​കളെ അടിച്ച​മർത്തുക എന്ന പഴയ നയം വീണ്ടും റഷ്യൻ അധികൃ​തർ സ്വീക​രി​ക്കു​ക​യാ​ണോ? അതോ, റഷ്യൻ ഫെഡ​റേ​ഷന്റെ ഭരണഘടന ഉറപ്പു നൽകുന്ന മതസഹി​ഷ്‌ണു​ത​യും ആരാധ​നാ​സ്വാ​ത​ന്ത്ര്യ​വും അവർ ഉയർത്തി​പ്പി​ടി​ക്കു​മോ?

ഒടുവിൽ ആ കാത്തി​രി​പ്പി​നു ഫലമു​ണ്ടാ​യി. 1999 ഏപ്രിൽ 29-ാം തീയതി റഷ്യൻ നീതി​ന്യാ​യ മന്ത്രാ​ലയം “റഷ്യയി​ലെ യഹോ​വ​യു​ടെ സാക്ഷി​കൾക്കുള്ള ഭരണ നിർവഹണ കേന്ദ്ര”ത്തിന്‌ രജിസ്‌

റ്റ്രേഷൻ അനുവ​ദി​ച്ചു​കൊണ്ട്‌ വീണ്ടും നിയമാം​ഗീ​കാ​രം നൽകി​യ​പ്പോൾ അവിടത്തെ സാക്ഷി​ക​ളു​ടെ സന്തോ​ഷ​ത്തിന്‌ അതിരി​ല്ലാ​യി​രു​ന്നു!

[23-ാം പേജിലെ ചിത്രം]

ഐക്യനാടുകളിൽ നടന്ന റഷ്യൻ ഭാഷയി​ലുള്ള ആദ്യത്തെ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ

[24-ാം പേജിലെ ചിത്രം]

ലോസാഞ്ചലസിലെ റഷ്യൻ സഭ ന്യൂ​യോർക്കിൽ അവതരി​പ്പിച്ച ബൈബിൾ നാടകം

[25-ാം പേജിലെ ചിത്രം]

ന്യൂയോർക്കിൽ സ്‌നാ​പ​ന​മേറ്റ ഈ 14 പേർ ആറു മുൻ സോവി​യറ്റ്‌ റിപ്പബ്ലി​ക്കു​ക​ളിൽ നിന്നു​ള്ള​വ​രാണ്‌

[26, 27 പേജു​ക​ളി​ലെ ചിത്രം]

15,000-ത്തിലധി​കം പേർ മോസ്‌കോ​യി​ലെ ഒളിമ്പിക്‌ സ്റ്റേഡി​യ​ത്തിൽ കൂടി​വ​ന്നു