വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

സമ്മർദ​ച്ചു​ഴി​യിൽ

“ജോലി​യും വീട്ടു​കാ​ര്യ​ങ്ങ​ളും സമനി​ല​യിൽ കൊണ്ടു​പോ​കാ​നുള്ള ശ്രമം സമ്മർദ​ത്തിന്‌—ചില​പ്പോൾ വളരെ വലിയ അളവിൽ പോലും—ഇടയാ​ക്കു​ന്ന​താ​യി 50 ശതമാ​ന​ത്തോ​ളം കാനഡ​ക്കാ​രും പരാതി​പ്പെ​ടു​ന്നു” എന്ന്‌ വാൻകൂ​വർ സൺ വർത്തമാ​ന​പ​ത്രം റിപ്പോർട്ടു ചെയ്യുന്നു. “കഴിഞ്ഞ പതിറ്റാ​ണ്ടി​ലേ​തി​ന്റെ രണ്ടിര​ട്ടി​യാണ്‌ അത്‌.” എന്താണ്‌ ഈ വർധന​വി​നു കാരണം? ആ രാജ്യത്ത്‌, ജോലി​ക്കു പോകു​ന്ന​തോ​ടൊ​പ്പം കുടും​ബാം​ഗ​ങ്ങ​ളു​ടെ പരിപാ​ലന ചുമതല കൂടെ വഹി​ക്കേണ്ടി വരുന്ന​വ​രു​ടെ എണ്ണം വർധി​ച്ചി​രി​ക്കു​ന്ന​താ​യി കാനഡ കോൺഫ​റൻസ്‌ ബോർഡ്‌ നടത്തിയ ഒരു സർവേ വെളി​പ്പെ​ടു​ത്തു​ന്നു. പലർക്കും വൈകി​യാ​ണു കുട്ടി​ക​ളു​ണ്ടാ​കു​ന്നത്‌. അവർ മിക്ക​പ്പോ​ഴും “ഒരേ സമയം കുട്ടി​ക​ളെ​യും മാതാ​പി​താ​ക്ക​ളെ​യും പരിപാ​ലി​ക്കുക” എന്ന വെല്ലു​വി​ളി നേരി​ടു​ന്നു. സർവേ​യിൽ പങ്കെടു​ത്ത​വ​രിൽ 84 ശതമാനം പേരും തങ്ങളുടെ ജോലി​യിൽ സംതൃ​പ്‌ത​രാ​ണെന്നു പറഞ്ഞെ​ങ്കി​ലും, വീട്ടു​കാ​ര്യ​ങ്ങ​ളും ജോലി​യും സമനി​ല​യിൽ കൊണ്ടു​പോ​കാൻ കഴിയാ​തെ വരു​മ്പോൾ “മിക്കവ​രും ആദ്യം ചെയ്യു​ന്നത്‌ ഉറക്കം ഉൾപ്പെടെ, വ്യക്തി​പ​ര​മായ ആവശ്യ​ങ്ങൾക്കു വേണ്ടി നീക്കി​വെ​ച്ചി​രി​ക്കുന്ന സമയം വെട്ടി​ച്ചു​രു​ക്കു​ക​യാണ്‌” എന്നു റിപ്പോർട്ട്‌ പ്രസ്‌താ​വി​ക്കു​ന്നു. “ഫലം സമ്മർദ​മാണ്‌, അത്‌ ആരോ​ഗ്യ​ത്തെ പ്രതി​കൂ​ല​മാ​യി ബാധി​ക്കു​ന്നു,” കോൺഫ​റൻസ്‌ ബോർഡ്‌ പറയുന്നു.

അധികാ​രത്തെ ആദരി​ക്കാൻ പഠിപ്പി​ക്കൽ

“തങ്ങളുടെ അധികാ​രം പ്രയോ​ഗി​ക്കാൻ പരാജ​യ​പ്പെ​ടുന്ന ഇന്നത്തെ മാതാ​പി​താ​ക്കൾ, യഥാർഥ​ത്തിൽ കുട്ടി​ക​ളു​ടെ ആത്മാഭി​മാ​ന​ത്തി​നു തുരങ്കം വെക്കു​ക​യാ​യി​രി​ക്കാം ചെയ്യു​ന്നത്‌” എന്ന്‌ ദ ടൊറ​ന്റോ സ്റ്റാറിൽ വന്ന ഒരു റിപ്പോർട്ടു പറയുന്നു. “തങ്ങൾക്കാ​യി വെച്ചി​രി​ക്കുന്ന പരിധി​കളെ കുറി​ച്ചുള്ള അറിവ്‌ കുട്ടി​ക​ളു​ടെ ജീവി​ത​ത്തിന്‌ അടുക്കും ചിട്ടയും സുരക്ഷി​ത​ത്വ​ബോ​ധ​വും പ്രദാനം ചെയ്യുന്നു. ഇതാകട്ടെ അവരുടെ ആത്മാഭി​മാ​നം വർധി​ക്കു​ന്ന​തിന്‌ ഇടയാ​ക്കും” എന്ന്‌ പെരു​മാ​റ്റ​മ​ര്യാ​ദ വിദഗ്‌ധ​നായ റോണാൾഡ്‌ മോറിഷ്‌ പറയുന്നു. “കടിഞ്ഞാ​ണി​ല്ലാ​തെ അഴിച്ചു വിട്ടി​രി​ക്കുന്ന, ഉത്തരവാ​ദി​ത്വ​ബോ​ധ​മി​ല്ലാ​തെ ജീവി​ക്കുന്ന കുട്ടികൾ വളർന്നു​വ​രു​മ്പോൾ, അവർക്കു സുരക്ഷി​ത​ത്വ​ബോ​ധ​വും ആത്മവി​ശ്വാ​സ​വും കുറവാ​യി​രി​ക്കും.” അദ്ദേഹം ഇപ്രകാ​രം കൂട്ടി​ച്ചേർക്കു​ന്നു: “തങ്ങൾ എപ്പോൾ ഉറങ്ങണം എന്നു സ്വയം നിശ്ചയി​ക്കുന്ന 6 വയസ്സു​കാ​രെ എനിക്ക​റി​യാം. കുരു​ത്ത​ക്കേടു കാണി​ക്കുന്ന 3 വയസ്സു​കാ​രെ അതിൽ നിന്നു പിന്തി​രി​പ്പി​ക്കു​ന്ന​തിന്‌, അതു തങ്ങളെ എങ്ങനെ ബാധി​ക്കും എന്നു പറഞ്ഞു​കൊ​ടു​ക്കുന്ന അമ്മമാ​രെ​യും ഞാൻ കണ്ടിട്ടുണ്ട്‌.” അച്ഛനമ്മ​മാർ വെക്കുന്ന നിയമ​ങ്ങൾക്കു കീഴ്‌പെ​ടാൻ കുട്ടികൾ പഠി​ക്കേ​ണ്ട​തു​ണ്ടെന്ന്‌ മോറിഷ്‌ പറയുന്നു. വളർന്നു​വ​രു​ന്നത്‌ അനുസ​രിച്ച്‌ അവർ സ്വാഭാ​വി​ക​മാ​യും സഹകരണം ഇല്ലാത്ത​വ​രാ​യി തീരും എന്ന ധാരണ തെറ്റാ​ണെ​ന്നും അദ്ദേഹം ചൂണ്ടി​ക്കാ​ട്ടി. “ഓരോ വർഷവും കുട്ടി​ക​ളു​ടെ വിദ്യാ​ഭ്യാ​സ​പ​ര​മായ ജ്ഞാനം വർധിച്ചു വരാൻ നാമെ​ല്ലാം പ്രതീ​ക്ഷി​ക്കു​ന്നു. പിന്നെ എന്തു​കൊ​ണ്ടാണ്‌ ഓരോ വർഷവും കടന്നു പോകു​മ്പോൾ അവരുടെ പെരു​മാ​റ്റം മെച്ച​പ്പെ​ട​ണ​മെന്നു നാം പ്രതീ​ക്ഷി​ക്കാ​ത്തത്‌?” അദ്ദേഹം ചോദി​ക്കു​ന്നു. “ഒരു കൊച്ചു കുട്ടി​യെ​ക്കൊണ്ട്‌ കളിപ്പാ​ട്ടം അതിന്റെ സ്ഥാനത്തു വെപ്പി​ക്കാൻ ആവശ്യ​മാ​യത്‌ നിങ്ങൾ ചെയ്യു​ന്നി​ല്ലെ​ങ്കിൽ കൗമാ​ര​പ്രാ​യ​മാ​കു​മ്പോൾ, ഇന്ന സമയത്ത്‌ വീട്ടിൽ എത്തണം എന്നതു​പോ​ലുള്ള മാതാ​പി​താ​ക്ക​ളു​ടെ നിബന്ധ​ന​ക​ളും അവൻ പാലി​ക്കാൻ പോകു​ന്നില്ല.”

വളർത്തു മൃഗങ്ങളെ ഊട്ടാൻ കാസെ​റ്റു​കൾ

വളർത്തു മൃഗങ്ങ​ളു​ടെ കുഞ്ഞു​ങ്ങളെ തീറ്റ തിന്നാൻ പ്രേരി​പ്പി​ക്കു​ന്ന​തി​നു കാസെ​റ്റു​കൾക്കു കഴിയു​മെന്ന്‌ കാനഡ​യി​ലെ ശാസ്‌ത്രജ്ഞർ കണ്ടെത്തി​യി​രി​ക്കു​ന്ന​താ​യി ന്യൂ സയന്റിസ്റ്റ്‌ റിപ്പോർട്ടു ചെയ്യുന്നു. പ്രിൻസ്‌ എഡ്വർഡ്‌ ഐലൻഡ്‌ സർവക​ലാ​ശാ​ല​യി​ലെ ലൂയിസ്‌ ബേറ്റ്‌ പറയുന്നു, “തീറ്റ കണ്ടെത്തു​മ്പോൾ തള്ളക്കോ​ഴി ഉണ്ടാക്കുന്ന ശബ്ദം ഞങ്ങൾ റെക്കോർഡു ചെയ്‌തു.” റെക്കോർഡു ചെയ്‌ത ഈ ശബ്ദം ആഹാര​ത്തി​ന​ടു​ത്താ​യി സ്ഥാപിച്ച ഉച്ചഭാ​ഷി​ണി​ക​ളി​ലൂ​ടെ കേൾപ്പി​ച്ച​പ്പോൾ തള്ളയുടെ അഭാവ​ത്തി​ലും കോഴി​ക്കു​ഞ്ഞു​ങ്ങൾ തീറ്റ കൊത്തി​ത്തി​ന്നു. എന്നാൽ ശബ്ദം മാറി​പ്പോ​യാൽ അത്‌ ഉദ്ദേശിച്ച ഫലം നൽകില്ല. ബേറ്റ്‌ പറയുന്നു: “മുട്ട വിരിഞ്ഞു കോഴി​ക്കു​ഞ്ഞു​ങ്ങൾ പുറത്തു വന്നു കഴിയു​മ്പോൾ തള്ളക്കോ​ഴി ഉണ്ടാക്കുന്ന ശബ്ദം കേൾപ്പി​ച്ച​പ്പോൾ കുഞ്ഞുങ്ങൾ തീറ്റ നിറുത്തി അനങ്ങാ​തി​രി​ക്കു​ക​യാ​ണു ചെയ്‌തത്‌. എന്നാൽ ഈ ശബ്ദവും തീറ്റ കണ്ടെത്തു​മ്പോ​ഴുള്ള കോഴി​യ​മ്മ​യു​ടെ വിളി​യും തമ്മിൽ യാതൊ​രു വ്യത്യാ​സ​വും കാണാൻ എനിക്ക്‌ കഴിഞ്ഞില്ല.” മൃഗങ്ങ​ളു​ടെ വളർച്ച ത്വരി​ത​പ്പെ​ടു​ത്തുക എന്നതാണ്‌ ശാസ്‌ത്ര​ജ്ഞ​രു​ടെ ലക്ഷ്യം. കോഴി​ക്കു​ഞ്ഞു​ങ്ങ​ളിൽ ഈ പരീക്ഷണം നടത്തി​നോ​ക്കി​യ​പ്പോൾ ആദ്യത്തെ മൂന്ന്‌ ആഴ്‌ച​യി​ലെ അവയുടെ വളർച്ച സാധാരണ ഉള്ളതി​നെ​ക്കാൾ 20 ശതമാനം വേഗത്തി​ലാ​യി​രു​ന്നു. ടർക്കി​ക്കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളി​ലും പന്നിക്കു​ഞ്ഞു​ങ്ങ​ളി​ലും നടത്തിയ സമാന പരീക്ഷ​ണ​ങ്ങ​ളും വിജയ​ക​ര​മാ​യി​രു​ന്നു.

അപകടം വിതയ്‌ക്കുന്ന കുറി​പ്പ​ടി​കൾ

“ജർമനി​യിൽ കഴിഞ്ഞ വർഷം വാഹനാ​പ​ക​ട​ങ്ങ​ളിൽപ്പെട്ടു മരിച്ച​തി​നെ​ക്കാൾ കൂടുതൽ ആളുകൾ മരുന്നു തെറ്റി കഴിച്ചതു നിമിത്തം മരിക്കു​ക​യു​ണ്ടാ​യി,” എന്ന്‌ ഷ്‌റ്റു​റ്റ്‌ഗാർറ്റ നാച്ച്‌റി​ച്ച്‌റ്റൻ എന്ന വർത്തമാ​ന​പ​ത്രം റിപ്പോർട്ടു ചെയ്‌തു. തെറ്റായി കുറിച്ചു കൊടുത്ത മരുന്നു​കൾ കഴിച്ച്‌ 1998-ൽ 25,000-ത്തോളം ആളുകൾ മരി​ച്ചെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു. വാഹനാ​പ​ക​ടങ്ങൾ നിമിത്തം ആ കാലയ​ള​വിൽ മരണമ​ട​ഞ്ഞ​വ​രു​ടെ എണ്ണത്തിന്റെ മൂന്നി​ര​ട്ടി​യാ​ണിത്‌. മരുന്നു​കൾ നിമി​ത്ത​മുള്ള മരണങ്ങ​ളിൽ സ്വയം ചികി​ത്സ​യ്‌ക്കു രണ്ടാം സ്ഥാനം മാത്ര​മേ​യു​ള്ളൂ എന്നു പറയ​പ്പെ​ടു​ന്നു. മരുന്നു​ക​ളെ​യും അവയുടെ ഫലങ്ങ​ളെ​യും കുറി​ച്ചുള്ള ഡോക്ടർമാ​രു​ടെ അജ്ഞതയും പരിശീ​ല​ന​ത്തി​ന്റെ അഭാവ​വു​മാണ്‌ മുഖ്യ പ്രശ്‌ന​മെന്നു തോന്നു​ന്നു. “ലഭ്യമായ ഗവേഷണ, പരിശീ​ലന സൗകര്യ​ങ്ങൾ പൂർണ​മാ​യി പ്രയോ​ജ​ന​പ്പെ​ടു​ത്ത​പ്പെ​ട്ടി​രു​ന്നെ​ങ്കിൽ ജർമനി​യിൽ ഓരോ വർഷവും 2,50,000 പേർക്ക്‌ മരുന്നി​ന്റെ പാർശ്വ​ഫ​ല​ങ്ങ​ളെന്ന നിലയിൽ ഗുരു​ത​ര​മായ ആരോഗ്യ പ്രശ്‌നങ്ങൾ നേരി​ടേണ്ടി വരില്ലാ​യി​രു​ന്നു എന്നും 10,000 പേർക്ക്‌ മരണത്തിൽനിന്ന്‌ ഒഴിവാ​കാ​നാ​കു​മാ​യി​രു​ന്നു എന്നും” ഒരു കണക്കു കാണി​ക്കു​ന്നു എന്ന്‌ ഔഷധ​ഗുണ ശാസ്‌ത്ര​ജ്ഞ​നായ ഇങ്‌ഗൊൾഫ്‌ കസ്‌ക്കൊർബീ പറഞ്ഞതാ​യി റിപ്പോർട്ട്‌ പ്രസ്‌താ​വി​ക്കു​ന്നു.

സമാന​മാ​യി, 70 വയസ്സിനു മുകളി​ലു​ള്ള​വർക്ക്‌ കുറി​ച്ചു​കൊ​ടു​ക്ക​പ്പെട്ട 1,50,000 കുറി​പ്പ​ടി​ക​ളിൽ ഏതാണ്ട്‌ 10,700 എണ്ണത്തി​ലെ​യും മരുന്നു​കൾ ഒന്നുകിൽ തെറ്റോ അല്ലെങ്കിൽ ഫലപ്ര​ദ​മ​ല്ലാ​ത്ത​തോ ആയിരു​ന്നു എന്ന്‌ അടുത്ത​യി​ടെ ഫ്രാൻസിൽ നടന്ന ഒരു പഠനം വെളി​പ്പെ​ടു​ത്തി​യ​താ​യി സ്യാൻസ്‌ ഏ അവ്‌നീർ എന്ന ഫ്രഞ്ച്‌ മാസിക റിപ്പോർട്ടു ചെയ്‌തു. ഏതാണ്ട്‌ 50-ൽ ഒരെണ്ണം വീതം, കുറിച്ചു കൊടുത്ത മറ്റു മരുന്നു​ക​ളോ​ടൊ​പ്പം കഴിക്കു​ന്ന​തി​നാ​ലോ മറ്റു കാരണ​ങ്ങ​ളാ​ലോ അപകട​ക​ര​മാ​യി​രു​ന്നു. ഫ്രാൻസിൽ, പ്രായ​മായ ആളുകൾ ഓരോ വർഷവും മരുന്നു​ക​ളു​ടെ ഹാനി​ക​ര​മായ പാർശ്വ​ഫ​ലങ്ങൾ നിമിത്തം മാത്രം ഏകദേശം പത്തുലക്ഷം ദിവസം ആശുപ​ത്രി​യിൽ കഴി​യേണ്ടി വരുന്നുണ്ട്‌.